പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും പത്തനംതിട്ട ജില്ലാ മുൻ സെക്രട്ടറിയുമായ കെ.പി. ഉദയഭാനുവിനെതിരെ കേസെടുത്തു. കേരള പോലീസ് ആക്ടിലെയും ഭാരതീയ ന്യായ സംഹിതയിലെയും വകുപ്പുകൾ പ്രകാരമാണ് കേസ്. കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സി.പി.എം. പ്രവർത്തകരുടെ വീടുകളിൽ കയറുന്നവരെ പാർട്ടി നോക്കിവെച്ചിട്ടുണ്ടെന്നും അവരുടെ വീട്ടിലും അമ്മമാരും പെങ്ങന്മാരുമുണ്ടെന്ന് ഓർക്കണമെന്നുമായിരുന്നു ഉദയഭാനുവിന്റെ പ്രസംഗമെന്നാണ് ആരോപണം. അർജുൻ ആയങ്കിയെ തിരഞ്ഞ് മല്ലപ്പള്ളി കാട്ടാമലയിലെ ചില വീടുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ പ്രതിഷേധിച്ച് സി.പി.എം. ഏരിയ കമ്മിറ്റി കീഴ്വായ്പൂര്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടെയായിരുന്നു വിവാദ പ്രസംഗം.
സി.പി.എം. ഭരിച്ച പത്തുവർഷത്തിനിടെ ഒരു കോൺഗ്രസുകാരന്റെയും വീട്ടിൽ പോലീസ് കയറിയിട്ടില്ലെന്നും ആരെയും കള്ളക്കേസിൽ പ്രതിയാക്കിയിട്ടില്ലെന്നും ഉദയഭാനു പ്രസംഗത്തിൽ പറഞ്ഞു. ഭരണം ലഭിച്ചതുകൊണ്ട് എന്തും ചെയ്യാമെന്ന് കോൺഗ്രസുകാർ കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.











Leave a Reply