Association

ജെഗി ജോസഫ്

വടംവലിയും ഓണസദ്യയും പൂക്കളവും മാത്രമല്ല ജിഎംഎയുടെ ഓണത്തിന് വേദി നിറഞ്ഞത് കേരളീയ കലാരൂപങ്ങളെ കൊണ്ടാണ്. പുതു തലമുറകളെ മാത്രമല്ല ഏവരേയും പ്രചോദിപ്പിക്കുന്ന മലയാള തനിമയുള്ള കലാരൂപങ്ങള്‍ വേദിയില്‍ നിറഞ്ഞാടി. പുത്തന്‍ അനുഭവമായിരുന്നു ഏവര്‍ക്കും ഈ ഓണക്കാഴ്ചകള്‍.

അനുഗ്രഹീത കലാകാരി ബിന്ദു സോമന്‍ തെയ്യവേഷത്തില്‍ വേദിയെ ധന്യമാക്കി. പലര്‍ക്കും ഇതു പുതുമയുള്ള അനുഭവം കൂടിയായിരുന്നു. പരശുരാമനും മഹാബലിയും മാത്രമല്ല നൃത്ത രൂപങ്ങളായ ഭരതനാട്യ വേഷത്തിലും മോഹിനിയാട്ട വേഷത്തിലും നാടന്‍ പാട്ടുകാരായും തിരുവാതിര കളി, മാര്‍ഗംകളി ,ഒപ്പന എന്നിങ്ങനെ വിവിധ രൂപത്തിലും കലാകാരികള്‍ വേദിയിലെത്തി. ഒപ്പം തുഴക്കാരും കൂടിയായതോടെ കൊച്ചുകേരളത്തിന്റെ വലിയ അവതരണമായി ജിഎംഎയുടെ ഓണാഘോഷ വേദി മാറി….രാവിലെ വാശിയേറിയ വടംവലി മത്സരം നടന്നു. ജിഎംഎ ചെല്‍റ്റന്‍ഹാം യൂണിറ്റ് വടംവലിയില്‍ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം സിന്റര്‍ ഫോര്‍ഡ് യൂണിറ്റും മൂന്നാം സമ്മാനം ജിഎംഎ ഗ്ലോസ്റ്റര്‍ യൂണിറ്റും നേടി. അതിന് ശേഷമായിരുന്നു രുചികരമായ സദ്യ ഏവരും ആസ്വദിച്ചത്.
പിന്നീട് വേദിയില്‍ ഓണ പരിപാടികള്‍ നടന്നു. പുലികളിയും താലപൊലിയുടെ അകമ്പടിയോടെയുമായിരുന്നു മാവേലിയെ വേദിയിലേക്ക് വരവേറ്റത്.

ജിഎംഎ സെക്രട്ടറി ബിസ്‌പോള്‍ മണവാളന്‍ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. ജിഎംഎ പ്രസിഡന്റ് അനില്‍ തോമസ് ഏവര്‍ക്കും ഓണാശംകള്‍ നേര്‍ന്ന ശേഷം ഓണഓര്‍മ്മകള്‍ പങ്കുവച്ചു. പിന്നീട് മാവേലി ഏവര്‍ക്കും ആശംസകള്‍ അറിയിച്ചു.മാവേലിയും അസോസിയേഷന്‍ അംഗങ്ങളും ചേര്‍ന്ന് നിലവിളക്കു കൊളുത്തി പരിപാടി ഉത്ഘാടനം ചെയ്തു. പരിപാടിയില്‍ എത്തിച്ചേര്‍ന്ന ഏവര്‍ക്കും ട്രഷറര്‍ അരുണ്‍കുമാര്‍ പിള്ള നന്ദി അറിയിച്ചു.

മുത്തുകുടയും തെയ്യവും ഉള്‍പ്പെട്ട കണ്ണിനെ വിസ്മയിക്കുന്ന കാഴ്ചയായിരുന്നു വേദിയില്‍.നാല്‍പ്പത്തിയഞ്ചിലേറെ കലാകാരന്മാര്‍ വേദിയില്‍ അണിനിരന്ന ആദ്യ പരിപാടി തന്നെയായിരുന്നു ഓണം പരിപാടിയിലെ ഏറ്റവും ശ്രദ്ധേയമായത്.

ഓണപ്പാട്ടുകളും നൃത്തവും ഫ്യൂഷന്‍ ഡാന്‍സും ഇടക്ക പെര്‍ഫോമന്‍സും ഒക്കെയായി ഒരുപിടി മികവാര്‍ന്ന പരിപാടികള്‍ വേദിയില്‍ അണിനിരന്നു. എല്ലാ പരിപാടികള്‍ക്കും ശേഷം ഡിജെയും വേദിയെ പിടിച്ചുകുലുക്കി. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ്ങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു.

ജിഎംഎയുടെ ഓണാഘോഷങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ മലയാളത്തിന്റെ, കേരളനാടിന്റെ തനത് ആഘോഷമായി മാറുകയാണ് ചെയ്തത്. അന്യദേശത്തും തനതായ രീതിയില്‍, ഒത്തുചേര്‍ന്ന് നാടിന്റെ ആഘോഷം ഏത് വിധത്തില്‍ നടത്താമെന്ന ഉത്തമ മാതൃകയാണ് ജിഎംഎ പകര്‍ന്നുനല്‍കുന്നത്. മനസ്സുകളില്‍ നാടിന്റെ സ്മരണകളും, ഐശ്വര്യവും നിറച്ച് മടങ്ങുമ്പോള്‍ ഇനിയൊരു കാത്തിരിപ്പാണ്, അടുത്ത ഓണക്കാലം വരെയുള്ള കാത്തിരിപ്പ്!

യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനവും ശിവഗിരി മഠത്തിന്റെ പോക്ഷക സംഘടനയായ ഗുരു ധർമ്മ പ്രചരണ സഭയുടെ യൂണിറ്റ് കൂടിയായ സേവനം യുകെ യുടെ ഓക്സ്‌ഫോർഡ് യൂണിറ്റ് സെപ്റ്റംബർ 16ന് ഓക്സ്ഫോർഡ് സാൻലെക്ക്‌ വില്ലേജ് ഹാളിൽ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഓണാഘോഷവും നടത്തുകയുണ്ടായി.

ചടങ്ങിൽ സേവനം യു കെ കുടുംബ യൂണിറ്റ് കോർഡിനേറ്റർ ശ്രീ ഗണേഷ് ശിവന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സേവനം യുകെ യുടെ ചെയർമാൻ ശ്രീ ബൈജു പാലക്കൽ, സേവനം യു കെ ജോയിൻ കൺവീനർ ശ്രീ സതീഷ് കുട്ടപ്പൻ, സേവനം യുകെ ട്രഷറർ ശ്രീ അനിൽകുമാർ രാഘവൻ, തുടങ്ങിയവർ സേവനം യുകെയുടെയും ശിവഗിരി ആശ്രമം യുകെയുടെയും പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.

2023-2025 കാലയളവിലേക്കുള്ള സേവനം യുകെ ഓക്സ്ഫോർഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ ഐകകണ്ഠേന തെരഞ്ഞെടുത്തു. പ്രസിഡന്റായി പ്രമോദ് കുമരകം സെക്രട്ടറിയായി ലിജു ഗംഗാദരൻ ട്രഷററായി രാജീവ്‌ ദാസൻ വനിതാ പ്രധിനിധിയായി സുമ സുനിൽ എന്നിവർ ഗുരുദേവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു സേവനം യുകെ യുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെ യുടെ പദ്ധതികൾക്ക് പിന്തുണനൽകുവാനും യുണിറ്റ് തീരുമാനമെടുത്തു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ഉള്ള അംഗങ്ങള്‍ പങ്കെടുത്ത് ഓണാഘോഷം ഗംഭീരമാക്കി. അത്തപ്പൂക്കളവും, ഓണക്കളികളും കലാപരിപാടികളും ഓണസദ്യയും ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി.

ജോർജ്‌ മാത്യു

കാലപ്രവാഹത്തിൽ കൈമോശം വരാതെ മലയാളി എന്നും നിധി പോലെ സൂക്ഷിക്കുന്ന ഓണമെന്ന ഒരുമയുടെ ആഘോഷം പ്രൗഢഗംഭീരമാക്കി എർഡിങ്ങ്ടൺ മലയാളി അസോസിയേഷൻ .കുട്ടികളുടെ വിവിധ കല കായിക പരിപാടികളോടെ ഓണാഘോഷത്തിന് തുടക്കമായി. സട്ടൻകോൾഡ്‌ഫീൽഡ് സെന്റ് ചാഡ്‌സ് ഹാളിൽ നടന്ന പരിപാടിയിൽ ജനപങ്കാളിത്തം വളരെ കൂടുതലായിരുന്നു .

പൊതുസമ്മേളനത്തിൽ ഇ എം എ പ്രസിഡന്റ് മോനി ഷിജോ അധ്യക്ഷത വഹിച്ചു.തുടർന്ന് അസോസിയേഷൻ ഭാരവാഹികൾ നിലവിളക്കിൽ തിരി തെളിയിച്ചു യോഗം ഔപചാരികമായി ഉത്ഘാടനം ചെയ്തു.സെക്രെട്ടറി അനിത സേവ്യർ പ്രവർത്തനറിപ്പോർട്ടും,ട്രെഷർ ജെയ്സൺ തോമസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് ജോർജ്‌ മാത്യു സ്വാഗതവും,ജോയിന്റ് സെക്രട്ടറി ഡിജോ ജോൺ നന്ദിയും പറഞ്ഞു.ജി സി എസ് ഇ, എ ലെവൽ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും,യുക്മ കായിക മത്സര വിജയികൾക്കും,ഡോക്ടർ ബിരുദം നേടിയ അലൻ ഷാജികുട്ടിയെയും ,കുട്ടികൾക്ക് കല പരിപാടികൾക്ക് പരിശീലനം നൽകിയ ആൻകിത സെബാസ്റ്റ്യനും സമ്മാനങ്ങൾ വിതരണം ചെയ്തു. ഇ എം എ മുൻ പ്രസിഡന്റ്മാരെ പൊന്നാട അണിയിച്ചു ആദരിച്ചു.വിവിധ ഏരിയകളെ പ്രതിധാനം ചെയ്ത് നടന്ന പൂക്കളമത്സരവും,നാടൻപാട്ട് മത്സരവും കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

ആരവമുയർത്തിയ നിറഞ്ഞ സദസ്സിൽ അവതരിച്ച മഹാബലി തിരുമേനി ഏവരെയും ആകർഷിച്ചു.ആവേശതുടിപ്പായി നടന്ന വടം വലി മത്സരത്തിൽ മുതിർന്നവരും,കുട്ടികളും ഒരുപോലെ പങ്കെടുത്തു.ഫോക്കസ് ഫിനിഷുർ,ഡെയിലി ഡിലൈറ്റ് ,ഗൾഫ് മോട്ടോർസ്, മലബാർ ഫുഡ്സ്, ഫൈൻ കെയർ എന്നിവർ ആഘോഷ പരിപാടിയുടെ സ്പോൺസേഴ്സ് ആയിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ക്രമീകരിച്ചിരുന്നു. ജോയിന്റ് ട്രെഷറർ ജെൻസ് ജോർജ്‌, കൾച്ചറൽ കോഓർഡിനേറ്റർ കാർത്തിക ശ്രീനിവാസ് , ഏരിയ കോഓർഡിനേറ്റർമാരായ കുഞ്ഞുമോൻ ജോർജ്‌, മേരി ജോയി , അശോകൻ മണ്ണിൽ എന്നിവർ ഓണഘോഷത്തിനു നേതൃത്വം നൽകി .

കേരളാ കൾച്ചറൽ അസോസിയേഷൻ റെഡിച്ച് ആഭിമുഖ്യത്തിൽ ( 09/09/2023 ശനിയാഴ്ച ) വൂഡ്റഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ ഈ വർഷത്തെ ഓണാഘോഷം 2023 നടത്തപ്പെട്ടു.റെഡിച്ചിൽ മലയാളികളായിട്ടുള്ള തദ്ദേശീയരും യുകെയുടെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളുമായ നിരവധി മലയാളികൾ ആഘോഷപരിപാടിയിൽ സന്നിഹിതരായി.

രാവിലെ പത്തു മണിക് തുടങ്ങിയ ചടങ്ങില്‍ റെഡിച്ച് മേയർ ശ്രീ സൽമാൻ അക്‌ബർ , റെഡിച്ച് കൗൺസിലർമാർ ആയ ശ്രീ ജോ ബേക്കർ , ശ്രീ ബിൽ ഹാർട്നെറ് , യുക്മാ ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പ്രസിഡന്റ് ശ്രീ ജോർജ് തോമസ് മുഖ്യാതിഥികൾ ആയിരുന്നു . സെക്രട്ടറി മാത്യു വർഗീസ് സ്വഗതം പറഞ്ഞു. അധ്യക്ഷൻ ആയി കെ.സി.എ അസോസിയേഷൻ പ്രസിഡന്റ് ജോയ് ദേവശ് ശേയ് സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഐക്യത്തിന്റെയും സ്ഫുരിക്കുന്ന ദീപ്തമയ ചിന്തകൾ എന്നും മനസിലും പ്രവർത്തിയിലും ഉണ്ടാകട്ടെയെന്നും എല്ലാവർക്കും ഓണത്തിന്റെ ആശംസകൾ നേർന്നുകൊണ്ടും ഏവരെയും ഓണാഘോഷപരിപാടിയിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് മഹാബലി തമ്പുരാനെ ചെണ്ടമേളത്തിന്റെയും പുലികളുയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു.മാവേലിയായി ബിനു ജോസഫ് വേഷമിട്ടു. അതിനുശേഷം ഈവർഷത്തെ സ്പോർട്സ് എവറോളിങ് ട്രോഫികൾ,ഓണംമാസം കാലയളവിലെ എല്ലാവിധ കായിക സാംസ്‌കാരിക മത്സരങ്ങൾകുള്ള ട്രോഫികൾ , സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി. കൂടാതെ കഴിഞ്ഞ വർഷ GCSE,A ലെവൽ ഉയർന്ന മാർക്കുകൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി പ്രോൽസാഹിപ്പിച്ചു.

അതിനെ തുടർന്ന് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത 20 ഓളം സംഘനൃത്തങ്ങളും തിരുവതിര, നാടകം തുടങ്ങിയ സാംസ്കാരികതയെ വിളിച്ചോതുന്ന തനത് നൃത്ത ശില്പങ്ങളും സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് നയിച്ച നിരവധി ഗായകരും പരിപാടികളെ ഉന്നത നിലവാരം പുലർത്തുന്നതാക്കിമാറ്റി.

പ്രോഗ്രാമിന്റെ അവതാരകർ ആയി ജയ് തോമസ് , ഒലിവിയ , അഞ്ജനാ , നീനുമോൾ , സിജി , സരിതാ എന്നിവർ മികവുറ്റ അവതരണ ശൈലി കാഴ്ചവച്ചു. കെ.സി.എ ഒരുക്കിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലൂടെ നിരവധി പേർ സമ്മാനാർഹരായി. വിഭവ സമൃദമായ ഓണ സദ്യക്ക് ശേഷവും കലാപരിപാടികള്‍ തുടര്‍ന്നു, വൈകുന്നേരം ഏഴ് മണിക്ക് ഓണാഘോഷത്തിന് തിരശീല വീണു.

പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് ശ്രീ ജയ് തോമസ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

കേരളീയ സമൂഹത്തിന്റെ യുകെയിലേക്കുള്ള കുത്തൊഴുക്കിൽ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലേക്കും മലയാളികൾ എത്തിക്കൊണ്ടിരിക്കുന്നു. ബെർമിംഗ്‌ഹാമിലെ ഡെഡ്‌ലിയിൽ റസ്സൽസ്ഹാൾ ഹോസ്പിറ്റൽ കേന്ദ്രീകരിച്ചു നൂറോളം കുടുംബങ്ങൾ എത്തിച്ചേർന്നു കഴിഞ്ഞു . വെറും പത്തിൽ പരം ഫാമിലി ഉണ്ടായിരുന്ന ഇടത്താണ് ഇത്രയും കുടുംബങ്ങൾ എത്തിച്ചേർന്നത്. സെപ്തംബർ മാസം 17 ന് 280 ഓളം അംഗങ്ങൾ ഒത്ത് ചേർന്ന് ഓണം ആഘോഷിച്ചു.

മലയാളികൾ എവിടെ ചെന്നാലും ഒത്ത് കൂടുക എന്നുള്ളത് അവരുടെ ജീവിത ശൈലിയാണ്. അന്നു നടന്ന ജനറൽ മീറ്റിംങ്ങിൽ യുക്മയുടെ മിഡ് ലാന്റ് റീജിനൽ പ്രസിഡൻറ് ജോർജ്ജ് തോമസ് സന്നിഹിതനായിരുന്നു. അദ്ദഹത്തിന്റെ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ മലയാളികളുടെ ഇടയിൽ പരക്കെ അറിയപ്പെടുന്ന കലാകാരനായ ജോൺ മുളയങ്കലിനെ പ്രസിഡൻറായി തിരഞ്ഞെടുത്തു. അദ്ദേഹത്തിൻെറ നേതൃത്വത്തിൽ വിപുലമായ ഒരു കമ്മറ്റി രൂപീകൃതമായി ,പല സംഘടനകളിലും പ്രർത്തിച്ചു പരിചയമുളള ആനന്ദ് ജോണിനെ സെക്രട്ടറിയായും തിരഞ്ഞെടുക്കുകയുണ്ടായി .

കേരളത്തിൽ ഗവ. സർവ്വീസിൽ ജോലി ഉണ്ടായിരുന്ന സന്ദീപ് ദീപക്കാണ് ട്രഷറർ ആയി ചുമതലയേറ്റത്. സ്ത്രീകൾ സംഘടനയിലെ ഒഴിച്ചു കൂടാനാവാത്ത വിഭാഗമാണ് എന്ന് തെളിയിച്ചു കൊണ്ട് മേരി ജോസഫ് വൈസ് പ്രസിഡന്റും ആര്യാ പീറ്റർ ജോയിന്റ് സെക്രട്ടറിയുമായും നിയമിതരായപ്പോൾ ഹർഷൽ വിശ്വം ജോയിൻ ട്രഷററുമായി ചുമതലയേററു.

കമ്മറ്റിയംഗങ്ങളായി ജോൺ വഴുതനപ്പള്ളി . സതീഷ് സജീശൻ ,.ബ്രീസ് ആൻ വിൽസൻ , റോബി ജോസഫ് എന്നിവരേയും തിരഞ്ഞെടുത്തു. ഡോ . റേറാണിയും അജോ ജോസും ഓഡിറ്ററന്മാരായി നിയമിതരായി. മലയാളി അസോസിയേഷൻ ഓഫ് ഡെഡ്‌ലി MAD എന്ന പേരും സ്വീകരിച്ചു. ഓണലോഷത്തിന് ഒഴിച്ചു കൂടാനാവാത്ത വടംവലിയും പത്തുപേർ പങ്കെടുത്ത തിരുവാതിരയും ഓണഘോഷത്തിന് മിഴിവേകി. കുട്ടികളുടെയും കായിക മത്സരങ്ങൾ വിവിധ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി . പ്രൗഡിയോടെ കടന്നെത്തിയ മാവേലി ജനങ്ങൾക്ക് ഒരു ദൃശ്യ വിരുന്നായിരുന്നു. ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന ഓണാഘോഷം നാട്ടിൽ നിന്നും . നോർത്ത് ഇൻഡ്യയിൽ നിന്നും : ഗൾഫ് നാടുകളിൽ നിന്നും പുതിയതായി ഇംഗ്ലണ്ടിൽ എത്തിച്ചേർന്ന ഏവർക്കും മനസിൽ സന്തോഷത്തിന്റെ തിരച്ചാർത്ത് പകർന്നു.

ഷിബു മാത്യൂ , ന്യൂസ് ഡെസ്ക് മലയാളം യുകെ.
യുകെ മലയാളികളുടെ ഓണാഘോഷത്തിൽ ഏറ്റവും ജനശ്രദ്ധ നേടിയത് യൂറോപ്പിൻ്റെ സൗന്ദര്യമായ യോർക്ഷയറിലെ കീത്തിലിയിലെത്തിയ നവാഗത മലയാളി സംഘടനയായ പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ അവതരിപ്പിച്ച മെഗാ തിരുവാതിരയാണ്. മലയാളികളുടെ ഓണാഘോഷങ്ങളിൽ തിരുവാതിരയ്ക്കുള്ള സ്ഥാനം പറഞ്ഞറിയ്ക്കാൻ പറ്റാത്തതാണ്. പ്രത്യേകിച്ചും പ്രവാസ ലോകത്ത് മലയാളികളുടെ ഓണാഘോഷത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും തിരുവാതിര തന്നെ.

കോവിടിൻ്റെ പരിമിതികളിൽ നിന്ന് പുറത്ത് വന്നതിന് ശേഷമുള്ള യുകെ മലയാളികളുടെ ആദ്യ ഓണാഘോഷങ്ങളായിരുന്നു സെപ്റ്റംബറിലെ വാരാന്ത്യങ്ങളിൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലുമുള്ള മലയാളി കൂട്ടായ്മകളിൽ നടന്നത്. യുകെയിൽ ചെറുതും വലുതുമായി ആയിരത്തിലധികം മലയാളി അസ്സോസിയേഷനുകളും മലയാളി കൂട്ടായ്മകളുമുള്ളതായി അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. എല്ലാ കൂട്ടായ്മകളുടെ ആഘോഷങ്ങളുടെ പ്രധാന ഇനവും തിരുവാതിര തന്നെയായിരുന്നു.

ഈ വർഷത്തെ ഓണക്കാല തിരുവാതിരകളിൽ ഏറ്റവും ജനശ്രദ്ധയാകർച്ചിച്ചത് യോർക്ഷയറിലെ കീത്തിലിയിൽ അടുത്തിടെ രൂപം കൊണ്ട പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ അവതരിപ്പിച്ച മെഗാ തിരുവാതിരയാണ്. പത്ത് പേരിൽ താഴെ പങ്കെടുക്കുന്ന തിരുവാതിരകളിയാണ് സാധാരണ പലയിടങ്ങളിലും കണ്ടുവരാറുള്ളത്. ജോലിയും കുടുംബത്തിലെ മറ്റുള്ള തിരക്കുകളുമായിട്ടുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുമുള്ളതുകൊണ്ട് ഒരുമിച്ച് കൂടാൻ സാധിക്കാത്ത പശ്ചാത്തലത്തിലാണ് പലപ്പോഴും തിരുവാതിരയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത്.
എന്നാൽ അതിൽ നിന്നൊക്കെ വിഭിന്നമായിട്ടാണ് ‘പ്രതീക്ഷ’യുടെ മെഗാ തിരുവാതിര നടന്നത്.

മുപ്പത്തിയാറോളം മലയാളി മങ്കമാരാണ് പ്രതീക്ഷയുടെ മെഗാ തിരുവാതിരയിൽ പങ്കെടുത്തത്.
ഒരു അസ്സോസിയേഷനിൽ നിന്ന് ഇത്രയധികം ആളുകൾ പങ്കെടുക്കുക എന്നതുതന്നെ അതിശയത്തിന് വകയേകുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള മെഗാ തിരുവാതിര സെറ്റംബർ ഒമ്പതാം തീയതി ശനിയാഴ്ച്ച കീത്തിലി വിക്ടോറിയ ഹാളിൽ അരങ്ങേറി. കാണികളെ ഒന്നടംങ്കം ഹരം പിടിപ്പിക്കുന്ന അവതരണമായിരുന്നു അസ്സോസിയേഷനിലെ പെൺപടകൾ കാഴ്ച്ചവെച്ചത്. ശ്രുതിയും താളവും തെറ്റാതെ ഒരേ നൃത്തച്ചുവടുകളിൽ തിരുവാതിര കളത്തിൽ മലയാളി മങ്കമാർ നിറഞ്ഞാടിയ ധന്യ മുഹൂർത്തം അക്ഷരാർത്ഥത്തിൽ കാണികളുടെ ഹൃദയം കവരുന്നതായിരുന്നു. പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുമ്പോൾ ചുവടുകൾ പിഴയ്ക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ അങ്ങനെ ഒരു ചെറു പിഴവു പോലും ഈ മെഗാ തിരുവാതിരയിൽ സംഭവിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഓണാഘോഷത്തിന് ആഴ്ച്ചകൾക്ക് മുമ്പ് തന്നെ പ്രതീക്ഷയുടെ പെൺപടകൾ മെഗാ തിരുവാതിരയുടെ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. കീത്തിലിയിൽ നിന്ന് പതിനെട്ടും, സ്റ്റീസ്റ്റണിൽ നിന്ന് പത്തും പാർക്ക് വുഡിൽ നിന്നുള്ള എട്ടു പേരുമടങ്ങുന്ന ഗ്രൂപ്പുകൾ ചേർന്ന് മുപ്പത്താറോളം പേരാണ് മെഗാ തിരുവാതിരയിൽ പങ്ക് ചേർന്നത്. ജോയ്സി ലിബിൻ, നീരജ് അക്കു എന്നിവർ ട്രെയിനേഴ്സും സോജി ദിപു, ജിൻ്റു ജോമിഷ്, ജോമോൾ ജ്യോതി എന്നിവർ കോർഡിനേറ്റേഴ്സായി കീത്തിലി ഗ്രൂപ്പിനെ നയിച്ചു. രാഖി ഷിൻസ്, ലിഞ്ചു ടോണി എന്നിവർ സ്റ്റീറ്റൺ ഗ്രൂപ്പിനേയും, മിന്നു സൽജിത്, സരിത ശ്രീജേഷ്, ജിഫ്ന ബിനു രാജ് എന്നിവർ പാർക്കു വുഡ് ഗ്രൂപ്പിനേയും നയിച്ചു.

ചെതും വലുതും ഗ്രൂപ്പുകളിലായി പാർക്കുകളിലും, ജോലി സ്ഥലത്തും, വീടുകളിലും മറ്റുമായി രാത്രി പകൽ വ്യത്യാസമില്ലാതെയായിരുന്നു മെഗാ തിരുവാതിരയുടെ പരിശീലനം നടന്നത്. ജീവിതത്തിൽ ഇതുവരെയും ഒരു നൃത്തച്ചുവടുപോലും വെയ്ക്കാത്ത പലരും പരിശീലനത്തിൻ്റെ അവസാന ഭാഗത്തെത്തിയപ്പോൾ അടുക്കും ചിട്ടയോടും ചിലങ്കയണിഞ്ഞവരോടൊപ്പമെത്തി എന്നതും ശ്രദ്ധേയമാണ്. നൈറ്റും ലോഗ് ഡേ ഷിഫ്റ്റ് ജോലിയുമൊക്കെ കഴിഞ്ഞാണ് പലരും പരിശീലനത്തിനെത്തിയിരുന്നത്. ഓപ്പസിറ്റ് ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവരെ കൂട്ടിയിണക്കുക എന്നതായിരുന്നു മെഗാ തിരുവാതിരയുടെ പരിശീലന കാലത്ത് പരിശീലകർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് പരിശീലകരിലൊരാളായ ജോയ്സി ലിബിൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

പ്രദേശികരടക്കം മലയാളികൾ സായാഹ്നം ചിലവഴിക്കുന്ന ക്ലിഫ്കാസിൽ ഗ്രൗണ്ടായിരുന്നു മൂന്ന് ഗ്രൂപ്പുകൾ ഒരുമിച്ച് ചേർന്നുള്ള പരിശീലനത്തിൻ്റെ പ്രധാനയിടം. കുട്ടികളോടൊപ്പം ഉല്ലാസത്തിനെത്തിയ പാക്കിസ്ഥാനികളടക്കമുള്ള പ്രാദേശികർക്ക് മലയാളികളുടെ തിരുവാതിര പരിശീലനം വേറിട്ടൊരു കാഴ്ച്ചയായിരുന്നു. വ്യത്യസ്ത നിറങ്ങളോടെയുള്ള ട്രസ്സിട്ടുകൊണ്ടുള്ള പരിശീലനത്തിൻ്റെ ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാനും ചിലർ മറന്നില്ല.

ലോകത്തിൻ്റെ ഏത് മൂലയിൽ ചെന്നാലും ഗ്രഹാതുരത്വമുളവാക്കുന്ന മലയാളി സംസ്ക്കാരം മലയാളികൾ കാത്ത് സൂക്ഷിക്കും എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് സെപ്റ്റംബർ ഒമ്പതാം തീയതി കീത്തിലി വിക്ടോറിയ ഹാളിൽ അരങ്ങേറിയത്.

പ്രതീക്ഷ കൾച്ചറൽ മലയാളി അസ്സോസിയേഷനെ നയിക്കുവർ ഇവരാണ്.
പ്രസിഡൻ്റ് ലിനേഷ് N C, ജോമോൾ ജ്യോതി വൈസ് പ്രസിഡൻ്റ്, ശ്രീജേഷ് സലിംകുമാർ സെക്രട്ടറി, രാഹി ഷിൻസ് ജോയിൻ്റ് സെക്രട്ടറി, സൽജിത് കെ സത്യവൃതൻ ട്രഷറർ.

കമ്മറ്റിയംഗങ്ങൾ.
രഞ്ജിത്ത് മാത്യു, ജയ്സൺ ജോർജ് , സെബാസ്റ്റ്യൻ വി കെ, റോഷൻ പി ജി, ജിൻ്റു ജോമിഷ്, മിത ജീവൻ, ദീപു സാം, ടോണി മൈക്കിൾ, റെനിൽ & കൃഷ്ണ അഭിറാം എന്നിവരാണ്.

ഫോട്ടോഗ്രാഫി രംഗത്ത് പ്രഗത്ഭരായ ഏയർ വാലി സ്റ്റുഡിയോ, കീത്തിലി പകർത്തിയ മെഗാ തിരുവാതിരയുടെ പൂർണ്ണരൂപം കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

 

 

 

അപ്പച്ചൻ കണ്ണഞ്ചിറ

ഇപ്സ്വിച്ച്: ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ കൾച്ചറൽ അസോസിയേഷനും, കേരളാ കമ്യൂണിറ്റി സപ്ലിമെന്ററി സ്കൂളും (KCA & KCSS) സംയുക്തമായി ഇപ്സ്വിച്ചിൽ സംഘടിപ്പിച്ച ഓണാഘോഷം പ്രൗഢ ഗംഭീരമായി.

സെന്റ് ആൽബൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ഓണാഷോഷത്തിൽ പൂക്കളവും, പുലിക്കളിയും, ഓണപ്പാട്ടുകളും, സ്കിറ്റുകളും, തിരുവാതിരയും വർണ്ണ വിസ്മയം തീർക്കുകയായിരുന്നു.

താരനിബിഡമായ സ്റ്റേജ് ഷോയും, കുട്ടികളുടെ സിനിമാറ്റിക്, ബ്രേക്ക് ഡാൻസുകളും ചേർന്ന കലാപരിപാടികൾ ഏറെ ആകർഷകമായി. തൂശനിലയിൽ വിളമ്പിയ 24 ഇനം വിഭവങ്ങൾ അടങ്ങിയ ഓണസദ്യ ആഘോഷത്തിലെ ഏറ്റവും ഹൈലൈറ്റായി.

വാദ്യമേളങ്ങളുടേയും താലപ്പൊലിയുടേയും പുലികളിയുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ എഴുന്നള്ളിയെത്തിയ മാവേലിയും, കേരളീയ വേഷം ധരിച്ചെത്തിയ നൂറ് കണക്കിന് മലയാളികൾ അണിനിരന്ന ഘോഷയാത്രയും ഇപ്സ്വിച്ച് മലയാളികൾക്ക് വേറിട്ട അനുഭവമായി. മലയാളി മങ്കമാരുടെ തിരുവാതിരയും 34 കുട്ടികൾ ചേർന്നൊരുക്കിയ ‘പൊന്നോണ നൃത്ത’വും ആഘോഷത്തിന് മാറ്റേകി.

കലാഭവൻ ജോഷിയുടെ നേതൃത്വത്തിൽ മിനി സ്ക്രീൻ താരങ്ങളും സിനി ആർട്ടിസ്റ്റുകളും മലയാള പിന്നണി ഗായകരും അരങ്ങുവാണ മെഗാ സ്റ്റേജ് ഷോ ഇപ്സ്വിച്ച് മലയാളികൾക്ക് അവിസ്മരണീയമായ ഓണാഘോഷമാണ് സമ്മാനിച്ചത്.

കെസിഎയുടെ രക്ഷാധികാരി ഡോ. അനൂപ് മാത്യു ഓണ സന്ദേശം നൽകുകയും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കെ സി എ യുടെ കായിക ദിനത്തിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളായ ക്രൈസ്റ്റ് ചർച്ച് വാരിയേഴ്സിനും, വടംവലിയിൽ ജേതാക്കളായ റെഡ് ഡ്രാഗൺസ് ഇപ്സ്വിച്ചിനും ഉള്ള ട്രോഫികളും തദവസരത്തിൽ സമ്മാനിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കള, പായസ പാചക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

പ്രൗഢ ഗംഭീരമായ കെസിഎ ഓണാഘോഷത്തിന് പ്രസിഡന്റ് ജോബി ജേക്കബ്, സെക്രട്ടറി ജുനോ ജോൺ, കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

സുജു ജോസഫ്

സാലിസ്ബറി: കേരളത്തിലെ പരമ്പരാഗതമായ ഓണസദ്യകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഗൃഹാതുരതയുണർത്തിയ തനി നാടൻ രുചി കൂട്ടുകളിൽ എസ് എം എ അംഗങ്ങൾ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും പുരുഷന്മാരുടെയും സ്ത്രീകളുടെയും വാശിയേറിയ വടംവലി മത്സരവും കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപരിപാടികളും ഒത്തുചേർന്നപ്പോൾ സാലിസ്ബറി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം പ്രൗഢോജ്വലമായി.

എസ് എം എയുടെ ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി കൂടുതൽ ആളുകൾ താല്പര്യമറിയിച്ചതുകൊണ്ട് ഇക്കുറിയും സാലിസ്ബറി ടിന്റൻ വില്ലേജ് ഹാളിലാണ് ഇത്തവണത്തെ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചത്. പൂക്കളമി ട്ടതിന് ശേഷം രാവിലെ 11 മണിയോടെ കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന വിനോദ-കായിക മത്സരങ്ങളും പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേകമായി സംഘടിപ്പിച്ച വടംവലി മത്സരവും ഏവർക്കും ആവേശം പകർന്നു. തുടർന്നു നടന്ന പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ തനി നാടൻ ഓണസദ്യ എല്ലാവരിലും ഗ്രഹാതുരതയുണർത്തി. എസ് എം എ രക്ഷാധികാരി ജോസ് കെ ആന്റണിയുടെയും സജീഷ് കുഞ്ചറിയയുടെയും മറ്റ് അസോസിയേഷൻ അംഗങ്ങളുടെയും നേതൃത്വത്തിലാണ് നാടൻ രുചിക്കൂട്ടുകളുടെ കലവറ തീർത്ത ഓണസദ്യ ഒരുക്കിയത്.

സ്വാദിഷ്ടമായ ഓണസദ്യയ്ക്ക് ശേഷം കുട്ടികൾ രണ്ടു വശങ്ങളിലായി അണിനിരന്ന് അസോസിയേഷൻ ഭാരവാഹികളുടെയും വിശിഷ്ടാതിഥികളുടെയും പുലിക്കളി കലാകാരന്മാരുടെയും അകമ്പടിയോടെ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ആർപ്പുവിളികളോടെയാണ് മാവേലി തമ്പുരാനെ വേദിയിലേക്ക് ആനയിച്ചത്.

എസ്എംഎ പ്രസിഡന്റ് ജോബിൻ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ലോകകേരള സഭാംഗവും യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും കേരള സർക്കാരിന്റെ മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റുമായ സി എ ജോസഫ് എസ് എം എയുടെ ഇത്തവണത്തെ ഓണാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. എസ് എം എ രക്ഷാധികാരി ജോസ് കെ ആന്റണി, യുക്മ സൗത്ത് വെസ്റ്റ് റീജണൽ പ്രസിഡണ്ടും എസ്എംഎ സെക്രട്ടറിയുമായ സുജു ജോസഫ്, എന്നിവർ ആശംസകൾ നേർന്നു. എസ്എംഎ രക്ഷാധികാരി ജോസ് കെ ആൻറണി, പ്രസിഡന്റ് ജോബിൻ ജോൺ, സെക്രട്ടറി സുജു ജോസഫ്, ട്രഷറർ ജെയ്‌വിൻ ജോർജ് എന്നിവർ ചേർന്ന് മുഖ്യാതിഥിയായി എത്തിയ സി എ ജോസഫിനെ പൊന്നാട അണിയിച്ച് എസ്എംഎയുടെ സ്നേഹാദരവും നൽകി. യൂണിവേഴ്‌സിറ്റി, എ ലെവൽ, ജിസിഎസ്ഇ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയവരെയും യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ വിജയികളായവരെയും ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്റർ മേഴ്‌സി സജീഷ് സ്വാഗതവും ട്രഷറർ ജെയ്‌വിൻ ജോർജ് കൃതജ്ഞതയും അർപ്പിച്ചു.

ഓണാഘോഷങ്ങളുടെ ഭാഗമായി എസ്എംഎയുടെ കലാപ്രതിഭകളായ വനിതകൾ ചേർന്ന് അവതരിപ്പിച്ച തിരുവാതിര വേറിട്ട മികവുപുലർത്തി. കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച പുതുമയാർന്ന നൃത്തങ്ങളും ഗാനാലാപനങ്ങളും വൈവിധ്യമാർന്ന കലാപരിപാടികളും കാണികളുടെ മുഴുവൻ പ്രശംസയും ഏറ്റുവാങ്ങി. മുഴുവൻ പരിപാടികളുടെയും അവതാരകരായി എത്തിയ മേഴ്സി സജീഷ്, നിധി ജയ്‌വിൻ, സിൽവി ജോസ്, ആൻ മേരി സന്ദീപ് എന്നിവർ തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. രാത്രി എട്ടുമണിയോടെ പരിപാടികൾക്ക് പരിസമാപ്തിയായി. എസ് എം എ യുടെ ഓണാഘോഷ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

ഉണ്ണികൃഷ്ണൻ ബാലൻ

ബെൽഫാസ്റ്റ്:സമീക്ഷ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി നോർത്തേൺ ഐർലൻഡ് തലസ്ഥാനമായ ബെൽഫാസ്റ്റ് നഗരത്തിന്റെ തെക്കൻ മേഖലയിൽ പുതിയ യൂണിറ്റ് രുപീകരിച്ചു. യൂണിറ്റിന്റെ ഉദ്ഘടാനം ദേശീയ സെക്രട്ടറി ശ്രീ.ദിനേശ് വെള്ളാപ്പള്ളി നിർവ്വഹിച്ചു. പുരോഗമന ആശയങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സമീക്ഷ എന്ന കലാ സാംസ്കാരിക സംഘനയുടെ നാൾവഴികൾ വിശദീകരിച്ചു. നോർത്തേൺ ഐർലണ്ടിലെ മലയാളി സമൂഹത്തിന്റെ സാമൂഹികവും, സാസംകാരികവും, തൊഴിൽപരവും, വംശീയവുമായ വിഷയങ്ങളിൽ സമത്വം ഉറപ്പ് വരുത്താൻ ഉള്ള പ്രവർത്തനങ്ങളിൽ ഓരോ സമീക്ഷ അംഗങ്ങൾക്കും ഉത്തരവാദിത്തമുണ്ട് എന്ന് ദിനേശ് വെള്ളാപ്പള്ളിൽ അഭിപ്രായപ്പെട്ടു.

നോർത്തേൺ ഐർലൻഡ് ഏരിയാ കോർഡിനേറ്റർ ബൈജു നാരായണൻ സംഘടനാ കാര്യങ്ങൾ വിശദീരിച്ചു. ക്യുഎൻസ് യൂണിവേഴ്സിറ്റി, സിറ്റി ഹോസ്പിറ്റൽ തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങൾ അടങ്ങുന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന കമ്മിറ്റി എന്ന നിലയിൽ സമീക്ഷ ബെൽഫാസ്റ്റ് സൗത്ത് ഘടകം കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടത് ഉണ്ട് എന്ന് ശ്രീ. ബൈജു നാരായണൻ അഭിപ്രായപ്പെട്ടു.

തുടർന്ന് നടന്ന ചർച്ചയിൽ ബെൽഫാസ്റ്റിൽ ഏറ്റവും കൂടുതൽ മൾട്ടികൾച്ചറൽ ജീവിത ശൈലി ഉള്ള പ്രദേശമാണ് നഗരത്തിന്റെ തെക്കൻ പ്രദേശം. അത് കൊണ്ട് തന്നെ ഇതര സമൂഹങ്ങളുമായി പൊതു വിഷയങ്ങളിൽ സഹകരണം ഉറപ്പ് വരുത്തണം എന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.

ബെൽഫാസ്റ്റ് സൗത്ത് സോൺ കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറിയായി ശ്രീ:മഹേഷ് കുമാർ, പ്രസിഡന്റായി ശ്രീ.ജയൻ മലയിൽ എന്നിവരെ തിരിഞ്ഞെടുത്തു. ട്രഷറർ-ശ്രീ അഭിലാഷ് , ജോയിന്റ് സെക്രട്ടറി ശ്രീ കെവിൻ കോശി,വൈസ് പ്രസിഡന്റ് -ശ്രീ റജി സാമുവൽ എന്നിവരാണ് മറ്റ് ഭാരവാഹികൾ.

ഷാനോ
യുകെയിൽ പ്രസിദ്ധമായ യോർക്ഷയറിലെ കീത്തിലിയിലിൽ പുതുതായി എത്തിയ മലയാളി സമൂഹം രൂപം കൊടുത്ത ‘പ്രതീക്ഷ’ മലയാളി കൾച്ചറൽ അസ്സോസിയേഷൻ്റെ പ്രഥമ ഓണാഘോഷം അതിഗംഭീരമായി നടന്നു. ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് കീത്തിലി വിക്ടോറിയ ഹാളിൽ
പ്രതീക്ഷയുടെ പ്രസിഡൻ്റ്    ലിനേഷ് N C, ജോമോൾ ജ്യോതി വൈസ് പ്രസിഡൻ്റ്, ശ്രീജേഷ് സലിംകുമാർ സെക്രട്ടറി, രാഹി ഷിൻസ് ജോയിൻ്റ് സെക്രട്ടറി, സൽജിത് കെ സത്യവൃതൻ ട്രഷറർ എന്നിവരുടെയും കമ്മറ്റിയംഗങ്ങളായ രഞ്ജിത്ത് മാത്യു, ജയ്സൺ ജോർജ് , സെബാസ്റ്റ്യൻ വി കെ, റോഷൻ പി ജി, ജിൻ്റു ജോമിഷ്, മിത ജീവൻ, ദീപു സാം, ടോണി മൈക്കിൾ, റെനിൽ & കൃഷ്ണ അഭിറാം തുടങ്ങിയവരുടെ നിറസാന്നിധ്യത്തിൽ
മലയാളിയും ഏയർഡെൽ NHS ഹോസ്പ്പിറ്റലിൻ്റെ നെഴ്സിംഗ് ഡെപ്യൂട്ടി ഡയറക്ടറുമായ സാജൻ സത്യൻ പ്രതീക്ഷയുടെ ഓണാഘോഷം നിലവിളക്ക് കൊളുത്തി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് സാജൻ സത്യൻ പ്രതീക്ഷയിലെ കുടുംബാംഗങ്ങൾക്കായി ഓണസന്ദേശം നൽകി. നാടുവിട്ടാലും മലയാളികൾ മലയാളത്തിൻ്റെ ആഘോഷങ്ങൾ മറക്കാറില്ല. ലോകത്തിൻ്റെ ഏത് ഭാഗത്ത് അവർ എത്തിയാലും അവരത് മലയാള തനിമയിൽ തന്നെ ആഘോഷിക്കും.


മലയാളികളുടെ ആഘോഷങ്ങൾക്ക് ഒത്തൊരുമയുടെ സ്വരമുണ്ട്. മലയാളികളുടെ ആഘോഷം മലയാളികൾ ആയിരിക്കുന്ന പ്രാദേശിക സമൂഹത്തിന് ഒത്തൊരുമയുടെ മാതൃകയാകണം എന്ന് സാജൻ സത്യൻ തൻ്റെ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.

തുടർന്ന് പ്രതീക്ഷയുടെ കലാകാരികൾ അവതരിപ്പിച്ച മെഗാ തിരുവാതിര നടന്നു. നാൽപ്പതിൽപ്പരം പേർ പങ്കുചേർന്ന മെഗാ തിരുവാതിര പ്രതീക്ഷയുടെ ഓണാഘോഷത്തിൽ ശ്രദ്ധേയമായി. മെഗാ തിരുവാതിരയ്ക്ക് ശേഷം ഓണക്കാലത്ത് കേരളത്തിൽ മലയാളികൾ കളിക്കുന്ന പുലികളിയും അരങ്ങേറി. തുടർന്ന് ഓണസദ്യ ആരംഭിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയിൽ ഇരുനൂറ്റി എഴുപത് ഇലകളിൽ സദ്യ വിളമ്പി.

വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം കലാപരിപാടികൾ തുടർന്നു. സ്റ്റേജ് നിറഞ്ഞാടിയ നൃത്തനൃത്യങ്ങൾ.. ആലാപനശൈലിയിൽ കഴിവ് തെളിയ്ച്ച പ്രതീക്ഷയുടെ കലാകാരന്മാർ മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനങ്ങൾ പാടി.
തുടർന്ന് പ്രതീക്ഷയുടെ ഓണാഘോഷ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനം നടന്നു.

വടംവലി മത്സരമായിരുന്നു പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ്റെ ഓണാഘോഷങ്ങളിൽ പ്രധാനം.
സ്ത്രീകളും പുരുഷന്മാരുമായി തിരിഞ്ഞ് എട്ട് ടീമുകളാണ് മത്സരത്തിനെത്തിയത്.
കാണികൾ ഏറ്റവും കൂടുതൽ ആസ്വദിച്ചത് വടംവലി മത്സരമായിരുന്നു.
രണ്ടായി തിരിഞ്ഞ് നടത്തിയ മത്സരത്തിൽ ഇരുവിഭാഗത്തിൽ നിന്നും ഓരോരുത്തർ വിജയിച്ചു.
കൂടാതെ ഓണാഘോഷത്തിന്റെ ഭാഗമായി നാലു ദിവസങ്ങളിലായി ഫുട്ബോൾ , ക്രിക്കറ്റ് , ബാഡ്മിന്റൺ എന്നീ മത്സരങ്ങൾ നടത്തുകയും വിജയിച്ച ടീമുകൾക്കുള്ള സമ്മാനദാനവും തദവസരത്തിൽ നടത്തുകയുണ്ടായി.
രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികൾ വൈകിട്ട് ഏഴ് മണിയോടെ അവസാനിച്ചു.

 

Copyright © . All rights reserved