Crime

ആര്യനാട് ചെറുമഞ്ചലിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് വെയിറ്റിങ് ഷെഡിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊക്കോട്ടല ചെറുമഞ്ചൽ ചിത്തിരയിൽ സി സോമൻ നായർ (65) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. നെടുമങ്ങാട് ഭാഗത്തേക്ക് വന്ന കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വെയിറ്റിങ് ഷെഡ് പൂർണമായും തകർന്നു.

ബസ് വളവ് തിരിഞ്ഞു വരുന്നതിനിടെയാണ് അപകടമുണ്ടായത്.ബസ് വളവ് തിരിയുന്നതിനിടെ ബസിന്ടെ മധ്യഭാഗം വെയ്റ്റിംഗ് ഷെഡ്ഡിൽ തട്ടുകയും വളരെ ജീർണ അവസ്ഥയിൽ ഇരുന്ന വെയിറ്റിംഗ് ഷെഡ് തകർന്നുവീഴുകയുമായിരുന്നു..അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് ആണ് പരിക്കേറ്റത്. അതിൽ ഒരാളാണ് മരണപ്പെട്ട സോമൻ നായർ. വിദ്യ (13), ഗൗരി (18), വൈശാഖ് (14), വൃന്ദ (15), മിഥുൻ (13) എന്നിവരാണ് പരിക്കേറ്റ വിദ്യാർത്ഥികൾ.പത്തോളം കുട്ടികൾ ഓടിരക്ഷപ്പെട്ടു.വെയിറ്റിംഗ് ഷെഡ്ഡിൽ ഉണ്ടായിരുന്ന ഒരു വിദ്യാർഥിയെയും സോമൻ നായരും വെയ്റ്റിംഗ് ഷെഡിന് അകത്ത് അകപ്പെട്ടു.

നാട്ടുകാരുടെ ശ്രമഫലമായ ഇരുവരെയും പുറത്തെടുത്തത്. ഷെഡിന് ഉള്ളിൽ ടിവി കയയോസ്ക് ഉണ്ടായിരുന്നതിനാൽ ഒരു ഭാഗം അതിൻറെ മുകളിൽ തട്ടി നിന്നു. ഗുരുതരമായി പരിക്കേറ്റ സോമൻ നായരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കുട്ടികളെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ സ്കൂളിലേക്ക് പോകാൻ ബസ് കാത്തുനിന്ന് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

തിരുവനന്തപുരം ചിറയന്‍കീഴില്‍ നവവരന് ഭാര്യാസഹോദരന്റെ ക്രൂരമര്‍ദനം. ആനത്തലവട്ടം സ്വദേശി മിഥുന്‍ കൃഷ്ണനാണ് മര്‍ദനമേറ്റത്. വ്യത്യസ്ത മത വിഭാഗങ്ങളില്‍ വിവാഹം കഴിച്ചതിന്റെ പേരിലാണ് മര്‍ദ്ദനം. മിഥുനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

പെണ്‍കുട്ടിയുടെ സഹോദരനാണ് മിഥുനെ ക്രൂരമായി മര്‍ദിച്ചത്. മിഥുന്‍ കൃഷ്ണന്‍ ഹിന്ദു മതത്തിലും വിവാഹം ചെയ്ത ദീപ്തി ക്രിസ്ത്യന്‍ മതത്തിലുമായിരുന്നു. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹം ചെയ്തത്. 29-ാം തിയതിയായിരുന്നു ഇവരുടെ വിവാഹം.

വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. ദീപ്തിയുടെ വീട്ടില്‍ വിവാഹത്തോട് എതിര്‍പ്പുണ്ടായിരുന്നു. കുടുംബവുമായുള്ള പ്രശ്നങ്ങള്‍ സംസാരിക്കാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മിഥുനെ ദീപ്തിയുടെ സഹോദരന്‍ വിളിച്ചുകൊണ്ട് പോകുന്നത്. തുടര്‍ന്ന് മിഥുനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ദീപ്തിയുടെ സഹോദരനൊപ്പം മറ്റ് മൂന്ന് പേര്‍ കൂടി ഉണ്ടായിരുന്നു.

ആദ്യം കൈകൊണ്ടും, പിന്നീട് വടി ഉപയോഗിച്ചും ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മര്‍ദനത്തില്‍ മിഥുന്റെ തലയ്ക്കും, നട്ടെല്ലിനും കാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ചിറയിന്‍കീഴ് പോലീസ് കേസെടുത്തു.

ആലപ്പുഴ കുട്ടനാട്ടില്‍ ഗുഡ്‌സ് ഓട്ടോ വെള്ളക്കെട്ടില്‍ വീണ് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. വെളിയനാട് സ്വദേശി ബിനു, ചങ്ങനാശ്ശേരി സ്വദേശി രതീഷ് എന്നിവരാണ് മരിച്ചത്.

ശക്തമായ മഴ കാരണം അപകടം നടന്ന വിവരം ആരും അറിഞ്ഞിരുന്നില്ല. പടിഞ്ഞാറേ കൂര്‍ക്കാങ്കേരി പാടത്തെ വെള്ളക്കെട്ടിനടിയില്‍ വാഹനത്തിന്റെ ഇന്‍ഡിക്കേറ്റര്‍ മിന്നുന്നത് കണ്ട് നടത്തിയ തിരച്ചിലിലാണ് രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടത്.

മരിച്ച രണ്ട് പേരും മത്സ്യ വില്‍പ്പനക്കാരാണ്. ഇന്നലെ രാത്രി 8.30 ഓടെ മത്സ്യവില്‍പ്പന കഴിഞ്ഞ് വെളിയനാട് ചന്തയില്‍ നിന്ന് ബിനുവിന്റെ വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം. എന്നാല്‍ ഓട്ടോ വെള്ളക്കെട്ടില്‍ വീണ വിവരം ആരും അറിഞ്ഞിരുന്നില്ല. ഇന്‍ഡിക്കേറ്റര്‍ മിന്നുന്നത് കണ്ട പ്രദേശവാസികള്‍ വെള്ളക്കെട്ടില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാർഥിനിയെ കൂട്ടമായി പീഡിപ്പിച്ചതായി പരാതി. ആലപ്പുഴ എടത്വ മുട്ടാറിൽ ഇന്നലെയാണ് കേസിനാസ്പദമായ സംഭവം.

തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് കോവിഡ് അടച്ചുപൂട്ടലുകൾക്ക് ശേഷം സ്കൂളുകൾ തുറന്നത്. ഉച്ച വരെ മാത്രമായിരുന്നു ക്ലാസുണ്ടായിരുന്നത്. വീട്ടിലേക്ക് പോകും വഴി പിടിച്ചുകൊണ്ടുപോയി മുട്ടാറിലുള്ള ശ്മശാനത്തിൽ വെച്ച് അഞ്ചുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്.

ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ് ഉൾപ്പെടെയുള്ളവർ രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി. ഉടൻ തന്നെ പെൺകുട്ടിയുടെ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു

ആലപ്പുഴ: സ്കൂള്‍ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങിയ വിദ്യാർഥിനിയെ സംഘം ചേർന്നു പീഡിപ്പിച്ചെന്ന് പരാതി. എടത്വ മുട്ടാറിലാണ് 15 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. സ്കൂളിൽനിന്നു തിങ്കളാഴ്ച ഉച്ചയ്ക്കു വീട്ടിലേക്കു പോകുന്ന വഴിയിൽവച്ച് ഏതാനുംപേർ പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്നു വിദ്യാർഥിനി പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് ഉൾപ്പെടെയുള്ളവർ രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി.

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയായ ഐശ്വര്യ റായിയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. അതിനാല്‍ തന്നെ നടിയെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും വലിയ തോതില്‍ ചര്‍ച്ചയായി മാറാറുണ്ട്. അങ്ങനെയിരിക്കെ ഐശ്വര്യ റായ് ആത്മഹത്യ ചെയ്തുവെന്ന് വാര്‍ത്ത വരുന്ന കാര്യം ആലോചിച്ചു നോക്കു. ലോകമെമ്പാടുമുള്ള ആരാധകരെയാകെ പിടിച്ചുലച്ചതായിരുന്നു ആ വ്യാജവാര്‍ത്ത. സംഭവം നടക്കുന്നത് 2016 ലാണ്.

ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഐശ്വര്യ റായ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു ആ വാര്‍ത്ത. പാക് മാധ്യമമായിരുന്നു ആരാധകരെ ഞെട്ടിച്ചു കളഞ്ഞ ആ വ്യാജവാര്‍ത്തയുടെ പിന്നില്‍. യേ ദില്‍ ഹേ മുഷ്ഖില്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ നിന്നുമുള്ള ഐശ്വര്യയുടേയും രണ്‍ബീറിന്റേയും ചിത്രവും വാര്‍ത്തയോടൊപ്പം നല്‍കിയിരുന്നു.

ഐശ്വര്യയെ ചികിത്സിച്ച ഡോക്ടറുടേതെന്ന തരത്തില്‍ ഒരു വ്യാജ പ്രതികരണവും വാര്‍ത്തയുടെ ഭാഗമായിരുന്നു. എന്നെ മരിക്കാന്‍ വിടൂ, ഇതുപോലെ പരിതാപകരമായൊരു ജീവിതം ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നത് ആണെന്ന് ഐശ്വര്യ തന്നോട് പറഞ്ഞുവെന്ന് ഡോക്ടര്‍ പറഞ്ഞതായായിരുന്നു റിപ്പോര്‍ട്ട്.

വാര്‍ത്ത പുറത്ത് വരുമ്പോള്‍ പക്ഷെ ഇതൊന്നും അറിയാതെ തന്റെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനൊപ്പം മനീഷ് മത്ഹോത്രയുടെ പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്നു ഐശ്വര്യ. പുലര്‍ച്ചെ രണ്ട് മണിവരെ ഐശ്വര്യയും ബച്ചനും അവിടെയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട് പറയുന്നത്.

നടന്‍ നാഗ ശൗര്യയുടെ ഫാംഹൗസില്‍ ചൂതാട്ടം. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഫാംഹൗസില്‍ തെലങ്കാന പോലീസ് നടത്തിയ റെയ്ഡിലാണ് താരത്തിന്റെ ഫാംഹൗസില്‍ ചൂതാട്ടം കണ്ടെത്തിയത്. ഇതോടൊപ്പം ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയിലെ 20 സെലിബ്രിറ്റികളെ അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് നിരവധി മൊബൈല്‍ ഫോണുകളും 24 ലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫാംഹൗസില്‍ റെയ്ഡ് നടത്തിയത്. ഹൈദരാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഫാം ഹൗസ് കാസിനോയാക്കി മാറ്റിയതായി വിവരം ലഭിച്ചിരുന്നു. ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും വമ്പന്മാര്‍ ഇവിടം സ്ഥിരം സന്ദര്‍ശിക്കുകയും ചൂതാട്ടം നടത്തുകയും ചെയ്യാറുണ്ട്. ഇതില്‍ ഉന്നത രാഷ്ട്രീയക്കാരും വ്യവസായികളുമുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, പോലീസ് റെയ്ഡ് ചെയ്ത ഫാംഹൗസ് പ്രശസ്ത ടോളിവുഡ് നടന്‍ നാഗ ശൗര്യയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, സംഭവത്തെക്കുറിച്ച് നടന്‍ പ്രതികരിച്ചിട്ടില്ല.

ജപ്പാനിൽ ജോക്കർ വേഷം ധരിച്ചെത്തിയ യുവാവ് ട്രെയിനുള്ളിൽ നടത്തിയ അതിക്രമത്തിൽ പത്തോളം പേർക്ക് പരിക്ക്. ഒരാളെ കുത്തി പരിക്കേൽപ്പിച്ച ശേഷം, യുവാവ് പ്രത്യേക തരം ദ്രാവകം ഒഴിച്ചശേഷം തീകൊളുത്തുകയും ചെയ്തു. നിരവധി പേർക്ക് പൊള്ളലേറ്റതായാണ് വിവരം. 24കാരനായ യുവാവ് നടത്തിയ അതിക്രമത്തിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ടും യാത്രക്കാർക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് വെച്ച് തന്നെ അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 60 വയസ് പ്രായമുള്ള ഒരാൾ കുത്തേറ്റ് അവശനിലയിലായിരുന്നു, അതേസമയം അക്രമി ട്രെയിനിന് ചുറ്റും ദ്രാവകം വിതറി തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ട്വിറ്ററിൽ അപ്‌ലോഡ് ചെയ്‌ത ഒരു വീഡിയോയിൽ ഒരു ബോഗിയിൽ നിന്ന് ആളുകൾ ഓടിപ്പോകുന്നത് കാണാം, സെക്കന്റുകൾക്ക് ശേഷം, ഒരു ചെറിയ സ്‌ഫോടനത്തെ തുടർന്ന് തീപിടുത്തം ഉണ്ടായി. ബോഗിയിലെ വിൻഡായോലൂടെയും മറ്റും ആളുകൾ പുറത്തേക്ക് ചാടുന്നതും വീഡിയോയിൽ കാണാം.

“ഇതൊരു തമാശ ആണെന്ന് ഞാൻ കരുതി,” ഒരു സാക്ഷി ജപ്പാനിലെ യോമിയുരി പത്രത്തോട് പറഞ്ഞു, മറ്റ് യാത്രക്കാർ പരിഭ്രാന്തരായി താൻ ഇരുന്ന ട്രെയിൻ ബോഗിയിലേക്ക് ഓടി കയറുന്നുണ്ടായിരുന്നു. “അപ്പോൾ, ഒരു മനുഷ്യൻ ഒരു നീണ്ട കത്തി പതുക്കെ വീശി ഈ വഴി നടക്കുന്നത് ഞാൻ കണ്ടു.” കത്തിയിൽ ചോരയുണ്ടെന്ന് അയാൾ പറഞ്ഞു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനായ ഷിൻജുകുവിലേക്കുള്ള കെയോ എക്സ്പ്രസ് ലൈനിൽ പ്രാദേശിക സമയം രാത്രി 8 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ജപ്പാനിൽ ലോവർ ഹൗസ് തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കുന്നതിനാൽ കെയോ ലൈനിലെ ഭാഗിക സേവനം ഞായറാഴ്ച വൈകി നിർത്തിവച്ചു. ട്രെയിൻ നിർത്തിയ സ്റ്റേഷന് പുറത്ത് നിരവധി അഗ്നിശമന സേനാംഗങ്ങളും പോലീസും എമർജൻസി വാഹനങ്ങളും കാത്തുനിൽക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജോക്കർ വേഷത്തിൽ യുവാവ് അക്രമം നടത്തിയതിന് പിന്നാലെ ആണിതെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കണ്ണൂര്‍ നാലുവയലില്‍ പനി ബാധിച്ച പെണ്‍കുട്ടി മരിച്ചു. ഹിദായത്ത് വീട്ടിലെ പതിനൊന്നുകാരിയായ ഫാത്തിമ (11)യാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്ക്ക് കലശലായ പനി ഉണ്ടായിരുന്നു.

എന്നാല്‍ അസുഖത്തിന് ശരിയായ രീതിയിലുള്ള ചികിത്സ വീട്ടുകാര്‍ നല്‍കിയിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോട് കൂടിയാണ് ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു എന്ന് ആശുപത്രി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

ശാസ്ത്രീയമായ വൈദ്യ സഹായം നല്‍കാന്‍ താല്‍പ്പര്യമില്ലാത്ത കുടുംബമാണ് ഫാത്തിമയുടേത് എന്ന് പ്രദേശവാസികള്‍ പറയുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സ നല്‍കേണ്ടതില്ല, പകരം മതപരമായ ചികിത്സകള്‍ നല്‍കിയാല്‍ മതി എന്ന് വിശ്വസിക്കുന്ന കുടുംബക്കാരാണ് ഫാത്തിമയുടേത്. അങ്ങനെയാണ് മരണം സംഭവിച്ചത് എന്ന ആരോപണമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

മതിയായ ചികിത്സ നല്‍കാതെ മതപരമായ ചികിത്സയാണ് നല്‍കിയത് എന്ന് പരിസരവാസികളും പറയുന്നു. ഫാത്തിമയുടെ കുടുംബത്തില്‍ നേരത്തെയും ഇത്തരത്തില്‍ ഒരു ബന്ധു ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു

തെന്നിന്ത്യൻ നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ മലയാളം സിനിമാ-സീരിയൽ താരം പ്രിയങ്കയെ കോടതി വെറുതെവിട്ടു.

തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രേഷ്മ ശശിധരനാണ് പ്രിയങ്കയെ വെറുതെവിട്ട് ഉത്തരവിറക്കിയത്. 2004-ലായിരുന്നു ഏറെ വിവാദമായ കേസിനാസ്പദമായ സംഭവം.

പ്രിയങ്ക കാവേരിയെ ഭീഷണിപ്പെടുത്തിയും ആൾമാറാട്ടം നടത്തിയും പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. തിരുവല്ല പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

വാരികയിൽ വാർത്ത വരാതിരിക്കാൻ പണം

2004ലാണ് കേസിനാസ്പദമായ സംഭവം നട‌ന്നത്. ഒരു വാരികയിൽ വാർത്ത വരാതിരിക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ട് കാവേരിയുടെ അമ്മയെ പ്രിയങ്ക ഫോണിൽ വിളിച്ചു. തുടർന്ന് വാരികയുടെ എഡിറ്ററോട് കാവേരിയുടെ അമ്മ അന്വേഷിച്ചപ്പോൾ ഭീഷണിയിൽ കാര്യമില്ലെന്ന് മനസിലായി. തുടർന്ന് കാവേരിയുടെ അമ്മ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ നിർദേശപ്രകാരം മൂന്ന് ലക്ഷം രൂപ നൽകാമെന്നും അഡ്വാൻസായി ഒരു ലക്ഷം രൂപ എത്തിക്കാമെന്നും കാവേരിയുടെ അമ്മ പ്രിയങ്കയെ അറിയിച്ചു. പറഞ്ഞുറപ്പിച്ചതനുസരിച്ച് പണം വാങ്ങാൻ ആലപ്പുഴയിലെ ഒരു ഹോട്ടലിന് മുന്നിലെത്തിയ പ്രിയങ്ക പണം കൈപ്പറ്റി. ഉടൻതന്നെ ഹോട്ടൽപരിസരത്ത് മഫ്തിയിൽ ഉണ്ടായിരുന്ന പൊലീസ് പ്രിയങ്കയെ അറസ്റ്റ് ചെയ്തു.

തെളിവുകൾ ഇല്ല

ഭീഷണിപ്പെടുത്തിയും ആൾമാറാട്ടം നടത്തിയും പ്രിയങ്ക കാവേരിയിൽനിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. തിരുവല്ല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 384, 419, 420 എന്നീ വകുപ്പുകൾ പ്രകാരം നിലവിലുണ്ടായിരുന്ന കേസിൽ പ്രിയങ്കയെ നിരുപാധികം വെറുതെ വിട്ടുകൊണ്ടാണ് കോടതി ഉത്തരവായത്. മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടതുകൊണ്ടാണ് കേസിൽ പ്രിയങ്കയെ വെറുതെവിട്ടത്.

RECENT POSTS
Copyright © . All rights reserved