Crime

തെന്നിന്ത്യൻ നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ മലയാളം സിനിമാ-സീരിയൽ താരം പ്രിയങ്കയെ കോടതി വെറുതെവിട്ടു.

തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രേഷ്മ ശശിധരനാണ് പ്രിയങ്കയെ വെറുതെവിട്ട് ഉത്തരവിറക്കിയത്. 2004-ലായിരുന്നു ഏറെ വിവാദമായ കേസിനാസ്പദമായ സംഭവം.

പ്രിയങ്ക കാവേരിയെ ഭീഷണിപ്പെടുത്തിയും ആൾമാറാട്ടം നടത്തിയും പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. തിരുവല്ല പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

വാരികയിൽ വാർത്ത വരാതിരിക്കാൻ പണം

2004ലാണ് കേസിനാസ്പദമായ സംഭവം നട‌ന്നത്. ഒരു വാരികയിൽ വാർത്ത വരാതിരിക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ട് കാവേരിയുടെ അമ്മയെ പ്രിയങ്ക ഫോണിൽ വിളിച്ചു. തുടർന്ന് വാരികയുടെ എഡിറ്ററോട് കാവേരിയുടെ അമ്മ അന്വേഷിച്ചപ്പോൾ ഭീഷണിയിൽ കാര്യമില്ലെന്ന് മനസിലായി. തുടർന്ന് കാവേരിയുടെ അമ്മ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ നിർദേശപ്രകാരം മൂന്ന് ലക്ഷം രൂപ നൽകാമെന്നും അഡ്വാൻസായി ഒരു ലക്ഷം രൂപ എത്തിക്കാമെന്നും കാവേരിയുടെ അമ്മ പ്രിയങ്കയെ അറിയിച്ചു. പറഞ്ഞുറപ്പിച്ചതനുസരിച്ച് പണം വാങ്ങാൻ ആലപ്പുഴയിലെ ഒരു ഹോട്ടലിന് മുന്നിലെത്തിയ പ്രിയങ്ക പണം കൈപ്പറ്റി. ഉടൻതന്നെ ഹോട്ടൽപരിസരത്ത് മഫ്തിയിൽ ഉണ്ടായിരുന്ന പൊലീസ് പ്രിയങ്കയെ അറസ്റ്റ് ചെയ്തു.

തെളിവുകൾ ഇല്ല

ഭീഷണിപ്പെടുത്തിയും ആൾമാറാട്ടം നടത്തിയും പ്രിയങ്ക കാവേരിയിൽനിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. തിരുവല്ല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 384, 419, 420 എന്നീ വകുപ്പുകൾ പ്രകാരം നിലവിലുണ്ടായിരുന്ന കേസിൽ പ്രിയങ്കയെ നിരുപാധികം വെറുതെ വിട്ടുകൊണ്ടാണ് കോടതി ഉത്തരവായത്. മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടതുകൊണ്ടാണ് കേസിൽ പ്രിയങ്കയെ വെറുതെവിട്ടത്.

പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ട യുവാവും വീട്ടമ്മയും അറസ്റ്റിൽ. കൊല്ലം   ജില്ലയിലെ പൂയപ്പള്ളി പൊലീസ്  സ്റ്റേഷൻ പരിധിയിലെ ചെറിയവെളിനെല്ലൂരിലാണ് സംഭവം. ചെറിയ വെളിനല്ലൂര്‍ മേലേ കൊച്ചു പുത്തന്‍വീട്ടില്‍ ജിതിന്‍ (33), അയല്‍വാസിയും വീട്ടമ്മയുമായ സുധീന (36) എന്നിവരാണ് അറസ്റ്റിലായത്. വിവാഹിതനും ഒരു ആണ്‍കുട്ടിയുടെ അച്ഛനുമാണ് ജിതിന്‍. പതിമൂന്നും ഒമ്ബതും വയസുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് സുധീന. അടുത്തടുത്ത വീടുകളിൽ താമസിച്ചിരുന്ന ഇരുവരും തമ്മിൽ ഏറെ കാലമായി അടുപ്പത്തിലായിരുന്നു. ഇതേചൊല്ലി ഇരുവരുടെയും വീടുകളിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അതിനിടെ ഇരുവരും ഒരുമിച്ച് നാടുവിട്ടത്.

ഇതേത്തുടർന്ന് സുധീനയുടെ ഭർത്താവ് പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിനിടെ സുധീനയെയും ജിതിനെയും കൊല്ലം റെയിൽവേസ്റ്റേഷനിൽനിന്ന് ശനിയാഴ്ച പിടികൂടുകയായിരുന്നു. ഇരുവർക്കുമെതിരെ ബാലനീതി വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും, 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

സുഹൃത്തായ ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് കോട്ടയം പൈക സ്വദേശിയായ അഖിലിനെ കൊലപ്പെടുത്താൻ സുഹൃത്ത് വിശാഖ് ക്വട്ടേഷൻ നൽകിയത്. കേസിൽ വിശാഖും (26) ക്വട്ടേഷൻ ഏറ്റെടുത്ത കാഞ്ഞിരപ്പള്ളി സ്വദേശി വിഷ്ണുവും (27) അറസ്റ്റിലായി. ഓട്ടോ കത്തിക്കുന്നതിനിടെ വിഷ്ണുവിനും പൊള്ളലേറ്റിട്ടുണ്ട്.

അഖിലിനെ കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ അഖിലിന്റെ ഓട്ടോറിക്ഷ പ്രതി വിഷ്ണു തീയിട്ട് നശിപ്പിച്ചിരുന്നു. വിശാഖും അഖിലും പാലാ സ്വദേശിനിയായ പെൺകുട്ടിയെ പ്രണയിച്ചതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്. ഇരുവരും സുഹൃത്തുക്കളായിരുന്ന കാലത്ത് സ്ത്രീവിഷയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒരുമിച്ച് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഇരുവരും പിണങ്ങിപ്പിരിഞ്ഞപ്പോൾ അഖിൽ പഴയകാര്യങ്ങൾ പുറത്തുപറയുമെന്ന് വിശാഖ് ഭയപ്പെട്ടു.

അഖിലും വിശാഖും ഐടിഐയിൽ പഠിക്കുന്ന കാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് വിശാഖ് കെഎസ്ഇബിയിലെ കരാർ തൊഴിലാളിയായി ജോലി തുടങ്ങി. ഓട്ടോഡ്രൈവറായ അഖിലിന്റെ ഓട്ടോ വിശാഖ് നിരന്തരം ഓട്ടത്തിന് വിളിക്കുകയും ചെയ്തിരുന്നു. ഈ വകയിൽ അഖിലിന് പണം നൽകാനുമുണ്ട്.

ഇരുവരും പാലാ സ്വദേശിനിയായ പെൺകുട്ടിയെ ഇഷ്ടപ്പെട്ടിരുന്നു. പിന്നീട് ഈ പ്രണയത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കവുമുണ്ടായി. പ്രണയത്തിന് പെൺകുട്ടിയുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിക്കുകയും അഖിലിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. മർദ്ദനത്തെ തുടർന്ന് വിശാഖിനെതിരെ അഖിലും വീട്ടുകാരും പോലീസിൽ പരാതി നൽകി. തുടർന്ന് വിശാഖ് കാഞ്ഞിരപ്പള്ളി സ്വദേശിയായ വിഷ്ണുവിന് അഖിലിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകുകയായിരുന്നു. ആസിഡ്, കോപ്പർ സൾഫേറ്റ്, എലിവിഷം എന്നിവ വാങ്ങി. വെള്ളിയാഴ്ച പൈകയിലെത്തിയ വിഷ്ണു അഖിലിന്റെ ഓട്ടോറിക്ഷ ഓട്ടംവിളിച്ച് പൂവരണിയിലെ ആശുപത്രിയിലെത്തി.

ഭാര്യ അഡ്മിറ്റാണെന്നും വൈകീട്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞു. വൈകീട്ട് ഏഴ് മണിയോടെ വിഷ്ണു അഖിലിനെ വിളിച്ച് പൂവരണിയിലെ ആശുപത്രിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. അഖിലെത്തിയപ്പോൾ ഭാര്യ ഗുരുതരാവസ്ഥയിലായതിനാൽ ആംബുലൻസിൽ കൊണ്ടുപോയെന്നും പിന്നാലെ പോകാമെന്നും പറഞ്ഞ് അഖിലിനെയുംകൂട്ടി രാത്രിയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി.

വഴിയിൽ വെച്ച് ഓട്ടോ നിർത്തിച്ച് കഴുത്ത് സ്റ്റിയറിങ്ങിലേക്ക് കുത്തിപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അഖിൽ കുതറിയോടി ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. പോലീസെത്തുമ്പോൾ ഓട്ടോ കത്തുന്നതാണ് കാണുന്നത്. അഖിൽ രക്ഷപ്പെട്ട വിവരം അറിയിച്ചപ്പോൾ വിശാഖിന്റെ നിർദേശപ്രകാരം ഓട്ടോയുടെ പെട്രോൾ ടാങ്കിന്റെ പൂട്ട് പൊളിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് വിഷ്ണുവിന്റെ മൊഴി.

പിന്നീട്, സംഭവശേഷം ഒന്നുമറിയാത്ത രീതിയിൽ വഴിയിലൂടെ നടന്നുപോയ വിഷ്ണുവിനെ പോലീസ് പിടികൂടുകയായിരുന്നു. 8000 രൂപ കൊലപാതകത്തിന് മുൻകൂറായി വാങ്ങി. ഒരു കോടി രൂപ നൽകാമെന്നാണ് വിശാഖ് പറഞ്ഞതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്‍റെ (Sathyan Kadiyangad) മകള്‍ അഹല്യ കൃഷ്ണ വാഹനാപകടത്തില്‍ (accident) മരിച്ചു. കോഴിക്കോട് കൂത്താളിയില്‍ വെച്ച് അഹല്യ സഞ്ചരിച്ച സ്കൂട്ടറില്‍ ലോറിയിടിച്ചാണ് അപകടം. ഇന്ദിര ഗാന്ധി അനുസ്മരണത്തിന്‍റെ ഒരുക്കങ്ങള്‍ കോഴിക്കോട് ഡിസിസിയില്‍ നടത്തുന്നതിനിടെയാണ് സത്യന്‍ കടിയങ്ങാട് മകളുടെ വേര്‍പാട് അറിയുന്നത്.

രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. പേരാമ്പ്ര -കുറ്റിയാടി റോഡില്‍ അഹല്യ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറില്‍ ലോറിയിടിച്ചായിരുന്നു അപകടം. അഹല്യ പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റിയാടി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതേ ദിശയിലെത്തിയ ലോറി എതിരെ വന്ന വാഹനത്തിനായി അരികിലൊതുക്കിയപ്പോള്‍ അഹല്യയുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൂത്താളി രണ്ടേ രണ്ട് എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. സ്ഥിരം അപകട മേഖലയാണിതെന്ന് നാട്ടുകാര്‍ പറയുന്നു.

കെപിസിസി സെക്രട്ടറിയായ സത്യന്‍ കടിയങ്ങാട് ഈ സമയം കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസിലായിരുന്നു. ഇന്ദിരാ ഗാന്ധി അനുസ്മരണ പരിപാടിയുടെ ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് മകളുടെ വിയോഗ വിവിരം അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. പതിനഞ്ചുകാരിയായ അഹല്യ കൃഷ്ണ പേരാമ്പ്ര സെന്‍റ് ഫ്രാന്‍സിസ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

തിരുവനന്തപുരത്ത് സംഘടിപ്പിച്ച ക്യാമ്പസ് ഫ്രണ്ട് മാര്‍ച്ചിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുഖംമൂടി ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്നതായുള്ള പ്രതീകാത്മക പ്രതിഷേധത്തിനെതിരെയാണ് കേസ്. വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ലഖ്‌നൗ സ്വദേശികളാണ് പരാതി നല്‍കിയത്.

സൈബര്‍ പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. സാമൂദായിക സ്പര്‍ദയുണ്ടാക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് പരാതിക്കാര്‍ ഉയര്‍ത്തിയത്. കേസിലെ പ്രതികളുടെ പേര് വ്യക്തമല്ല.

സംഭവം നടന്നത് കേരളത്തിലായതിനാല്‍ യുപി പൊലീസിന് നേരിട്ട് കേസെടുക്കാനാവില്ല. അതിനാലാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് സാമുദായിക സ്പര്‍ധയ്ക്ക് ശ്രമിച്ചെന്ന പേരില്‍ സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണം തുടങ്ങിയെന്നാണ് ലഖ്‌നൗ സൈബര്‍ പൊലീസ് വ്യക്തമാക്കുന്നത്.

രണ്ടാം ക്ലാസ്സുകാരനെ കെട്ടിടത്തിന്‍റെ മുകളിലെ നിലയില്‍ നിന്നും തലകീഴായി തൂക്കിപ്പിടിച്ച അധ്യാപകന്‍ അറസ്റ്റില്‍. ഇതിന്‍റെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. യുപിയിലെ മിര്‍സാപൂരിലെ സദ്ഭാവന ശിക്ഷൺ സൻസ്ഥാൻ ജൂനിയർ ഹൈസ്കൂളിലാണ് സംഭവം. പാനിപൂരി കഴിക്കാന്‍ കുട്ടി സ്കൂളിന് പരിസരത്തെ കടയില്‍ പോയതിനാണ് കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്കിടുമെന്ന് പറഞ്ഞ് രണ്ടാം ക്ലാസ്സുകാരനായ സോനു യാദവിനെ സ്കൂളിലെ പ്രധാനധ്യാപകനായ മനോജ് വിശ്വകര്‍മ്മ ഭീഷണിപ്പെടുത്തിയത്.

ഉച്ചയ്ക്ക് ഇന്‍റര്‍വല്‍ സമയം പുറത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ നോക്കി നില്‍ക്കെ പ്രകോപിതനായ അധ്യാപകന്‍ സോനുവിനെ മുകളിലത്തെ നിലയിലേക്ക് വലിച്ചിഴച്ചതിന് ശേഷം കാലില്‍ പിടിച്ച് താഴേക്ക് തൂക്കിപ്പിടിക്കുകയായിരുന്നു. സോനുവിന്‍റെ നിലവിളിയും കരച്ചിലും കേട്ട് കുട്ടികള്‍ ഓടി കൂടിയതിനെ തുടര്‍ന്നാണ് കുട്ടിയെ വരാന്തയിലേക്ക് പിടിച്ച് കയറ്റിയത്. സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലക്ഷ്‌കറാണ് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസറോട് ഉടൻ സംഭവസ്ഥലത്തെത്തി അന്വേഷിക്കാനും അധ്യാപകനെതിരെ പരാതി നൽകാനും ഉത്തരവിട്ടത്.

സോനു മറ്റ് കുട്ടികള്‍ക്കൊപ്പം പാനിപൂരി കഴിക്കാന്‍ പോയതിനാണ് അധ്യാപകന്‍ അങ്ങനെ ചെയ്തതെന്ന് സോനുവിന്‍റെ പിതാവ് രഞ്‍ജിത് യാദവ് പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമാണ് അധ്യാപകന്‍ അറസ്റ്റിലായത്. എന്നാല്‍ സോനു വികൃതിയാണെന്നും മറ്റ് കുട്ടികളെയും അധ്യാപകരെയും കടിക്കാറുണ്ടായിരുന്നും അതിനാല്‍ കുട്ടിയെ പേടിപ്പിക്കുന്നതിന് വേണ്ടിയാണ് തലകീഴായി തൂക്കിപ്പിടിച്ചതെന്നും മനോജ് പറഞ്ഞു. സോനുവിന്‍റെ പിതാവ് കുട്ടിയെ തിരുത്താന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും മനോജ് പറഞ്ഞു.

ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ബോളിവുഡ് താരം ഷാറുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന് പുറത്തിറങ്ങാനായില്ല. ആര്യൻ ശനിയാഴ്ച ജയിൽ മോചിതനായേക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിടുതല്‍ ഉത്തരവു ജയിലിലെത്തിക്കാന്‍ വൈകിയതാണു കാരണം. ഒരുലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവച്ചതിനു പിന്നാലെയാണ് ആര്യനെയും കൂട്ടുപ്രതികളെയും മോചിപ്പിക്കാന്‍ വിചാരണക്കോടതി ഉത്തരവിറക്കിയത്.

ജാമ്യവ്യവസ്ഥകള്‍ അടങ്ങിയ ഉത്തരവ് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണു പുറത്തുവന്നത്. ഉടന്‍തന്നെ ഉത്തരവുമായി ആര്യന്‍റെ അഭിഭാഷകര്‍ വിചാരണക്കോടതിയെ സമീപിച്ചു. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവച്ചു. വിചാരണക്കോടതിയില്‍ എത്തി ജാമ്യബോണ്ടില്‍ ഒപ്പുവച്ചതു നടിയും ഷാറുഖ് ഖാന്‍റെ ഉറ്റസുഹൃത്തുമായ ജൂഹി ചൗളയാണ്. എന്നാല്‍ മോചന ഉത്തരവ് അഞ്ചരയ്ക്ക് മുന്‍പ് ആര്‍തര്‍ റോഡ് ജയിലിലെത്തിക്കാനായില്ല. ഇതോടെ ഉടൻ ജയില്‍മോചിതനാകാമെന്ന ആര്യന്‍റെ മോഹം നടന്നില്ല.

ആര്യനെ സ്വീകരിക്കാനായി ഷാറുഖ് നേരിട്ടു ജയിലിലെത്തിയിരുന്നു. ജയിലിനു പുറത്തും, വസതിയായ മന്നത്തിന് മുന്നിലും നൂറുകണക്കിന് ആരാധകരും തടിച്ചുകൂടി. ആര്യനും മറ്റു പ്രതികളും എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫിസില്‍ എത്തി ഒപ്പുവയ്ക്കണം. സാക്ഷികളെ സ്വാധീനിക്കാനോ, തെളിവുകള്‍ നശിപ്പിക്കാനോ ശ്രമിക്കരുത്. അനുമതിയില്ലാതെ വിദേശയാത്ര പാടില്ല. മുംബൈ നഗരം വിടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണം. പ്രതികള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെടരുത്. വിചാരണ തടസ്സപ്പെടുത്താന്‍ ശ്രമിക്കരുത് തുടങ്ങിയവയാണു ജാമ്യവ്യവസ്ഥകള്‍.

സിനിമാനടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി ചിത്രങ്ങൾ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശി വിമൽ വിജയാണ് ആലുവ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മാസം അഞ്ചിനായിരുന്നു സംഭവം.

ദിലീപിനെ കാണാനെത്തിയതാണെന്ന് അവകാശപ്പെട്ട ഇയാൾ ഗേറ്റ് ചാടി കടന്ന് പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു. വീട്ടുകാരെ അസഭ്യം പറയാൻ തുടങ്ങിയ വിമൽ, ആളുകൾ കൂടിയതോടെ ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇയാൾ വന്നതും തിരിച്ച് പോയതും അങ്കമാലിയിൽ നിന്ന് വിളിച്ച ഓട്ടോറിക്ഷയിരുന്നു. ഈ ഓട്ടോ റിക്ഷ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ചില സിനിമകളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ടെന്നാണ് സൂചന.

ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണങ്ങളെ ന്യായീകരിക്കുകയും ഇസ്ലാമിക തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ തലസ്ഥാനമായ പാരിസിന് സമീപത്തുള്ള മാന്‍സി അലോണസിലെ മുസ്ലിം പള്ളി ഫ്രഞ്ച് ഭരണ കൂടം അടച്ചു പൂട്ടി.

രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലീം ആരാധനാലയ ഭാരവാഹികളും മുഖ്യ പുരോഹിതരും (ഇമാം) അനുവാദം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.’സായുധ ജിഹാദ്’ പ്രോത്സാഹിപ്പിച്ചതിന്റെ വ്യക്തമായ തെളിവുകളും രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.

പള്ളി നടത്തിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.സമീപം പ്രവര്‍ത്തിച്ചിരുന്ന മദ്രസ്സയും അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രാന്‍സില്‍ അധികാരമേറ്റതിനുശേഷം 13 മുസ്ലീം മതസ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.ഈ വര്‍ഷാവസാനത്തോടെ പത്തോളം പള്ളികളും മദ്രസ്സകളും അടച്ചുപൂട്ടാനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു.

ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ ട്വിറ്ററിലൂടെയാണ് ആരാധനാലയം അടപ്പിച്ച കാര്യം വെളിപ്പെടുത്തിയത്. ഫ്രാന്‍സ്, പാശ്ചാത്യര്‍, ക്രിസ്ത്യാനികള്‍, ജൂതന്മാര്‍ എന്നിവരോട് വിദ്വേഷം വളര്‍ത്തിയെന്നതാണ് മുസ്ലീം പള്ളിക്കും മദ്രസയ്ക്കുമെതിരായ കുറ്റങ്ങളെന്ന് ജെറാള്‍ഡ് അറിയിച്ചു. പള്ളിയില്‍ സംഘടിപ്പിക്കുന്ന മതപ്രഭാഷണങ്ങളില്‍ രാജ്യത്തോട് വിദ്വേഷം വളര്‍ത്തുകയും ഫ്രാന്‍സില്‍ ‘ഷരി അത്ത് ‘ നിയമ വ്യവസ്ഥിതി സ്ഥാപിക്കാന്‍ മദ്രസ്സയില്‍ പ്രോത്സാഹനം നല്‍കുകയും ചെയ്‌തെന്നും ആഭ്യന്തര മന്ത്രിയുടെ ട്വിറ്ററില്‍ പറയുന്നു.

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അറസ്റ്റിലായി നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് ജാമ്യം ലഭിച്ചത്. എട്ട് മാസം നീണ്ടുനിന്ന് വാദംകേള്‍ക്കലിന് ഒടുവിലാണ് ജാമ്യം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി. എന്‍ സി ബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ബിനീഷിന് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ വാദം ഉന്നയിച്ചത്. എന്‍ സി ബി പ്രതി ചേര്‍ക്കാത്തതുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റിന്റെ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു കൃഷ്ണകുമാറിന്റെ വാദം.

കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നായിരുന്നു കോടതിയില്‍ തുടക്കം മുതലേ ബിനീഷിന്റെ നിലപാട്. ഡ്രൈവര്‍ അനിക്കുട്ടനും അരുണുമായി ഇടപാടുകളില്ലെന്നും ബിനീഷ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ബിനീഷിന് ലഹരി ഇടപാടില്‍ പങ്കുണ്ടെന്നാണ് ഹൈക്കോടതിയില്‍ ഇ ഡി വാദിച്ചത്. ബിനീഷിന്റെ അക്കൗണ്ടിലെത്തിയത് ലഹരി ഇടപാടിലെ ലാഭമാണെന്നായിരുന്നു ഇ ഡിയുടെ വാദം.

Copyright © . All rights reserved