വാടാനപ്പള്ളിയിൽ അടഞ്ഞുകിടന്ന വീട്ടിൽ അമൽ കൃഷ്ണയുടെ മൃതദേഹം കിടന്നതിനു സമീപം കണ്ടെത്തിയ ബ്ലൂടൂത്ത് ഹെഡ്ഫോൺ ദുരൂഹത സൃഷ്ടിക്കുന്നു. അമലിനു ബ്ലൂടൂത്ത് ഹെഡ്ഫോൺ ഉണ്ടായിരുന്നില്ലെന്നു ബന്ധുക്കൾ തറപ്പിച്ചു പറയുന്നു. വീട്ടിൽ നിന്നു പോയശേഷം ഹെഡ്ഫോൺ വാങ്ങിയിരിക്കാം എന്ന സാധ്യതയും ബന്ധുക്കൾ തള്ളി.
കാണാതായ ദിവസം അമലിന്റെ കൈവശം ഒരു രൂപ പോലും ഉണ്ടായിരുന്നില്ല എന്നും വീട്ടുകാർ പറയുന്നു. അതേസമയം, അമലിന്റെ മരണത്തിൽ വീട്ടുകാർക്കു സംശയമോ പരാതിയോ ഉണ്ടെങ്കിൽ ഊർജിതമായി അന്വേഷിക്കുമെന്നു റൂറൽ പൊലീസ് മേധാവി ജി. പൂങ്കുഴലി അറിയിച്ചു. 6 മാസം മുൻപ് അമ്മയ്ക്കൊപ്പം വാടാനപ്പള്ളിയിലെ ബാങ്കിലേക്കു പോയപ്പോൾ കാണാതായ പതിനേഴുകാരൻ അമൽ കൃഷ്ണയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്.
തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപം പ്രവാസിയുടെ 15 വർഷമായി അടഞ്ഞുകിടക്കുന്ന വീട്ടിലായിരുന്നു മൃതദേഹം. കഴുത്തിൽ കയർ കുരുങ്ങിയ നിലയിലായിരുന്നു. അമലിനെ കാണാതാകുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ, കൈവശമുണ്ടായിരുന്ന ഫോൺ, സിം കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ മൃതദേഹത്തിൽ നിന്നു കണ്ടെടുത്തു.
എന്നാൽ, അമലിന്റേതല്ലാത്ത ഏക വസ്തുവായി മൃതദേഹത്തിന് സമീപത്തു കണ്ടെത്തിയത് ഒരു ബ്ലൂടൂത്ത് ഹെഡ്ഫോൺ ആണ്. മൃതദേഹത്തിൽ നിന്ന് അൽപം ദൂരെയായാണ് ഇതു കിടന്നിരുന്നത്. ഇത് എവിടെ നിന്നു വന്നു, അമലിന്റെ ഫോണുമായി ബന്ധിപ്പിച്ചിട്ടുണ്ടോ, മറ്റാരുടെയെങ്കിലും കയ്യിൽ നിന്നു വീണുപോയതാണോ എന്നീ വിവരങ്ങളിൽ പൊലീസ് തുടരന്വേഷണം നടത്തും.
അമൽ കൃഷ്ണയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം കുന്നംകുളം റോയൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. പ്രവാസിയായ അച്ഛൻ സനോജ് മസ്കത്തിൽ നിന്നു തിരിച്ചെത്തിയ ശേഷം ഇന്നു സംസ്കാരം നടത്തിയേക്കും. അമലിന്റേത് ആത്മഹത്യ തന്നെ എന്നതാണു പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും തുടരന്വേഷണത്തിനു തടസ്സമുണ്ടാകില്ല.
‘എന്റെ മകനെ കൊലയ്ക്കു കൊടുത്തവർ ആരാണെന്ന് എനിക്കറിയണം, അവരെ എനിക്കു കിട്ടണം..’ നെഞ്ചുനീറി കരഞ്ഞുകൊണ്ട് അമൽ കൃഷ്ണയുടെ അമ്മ ശിൽപ പറയുന്നു. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ശിൽപയുടെയും കുടുംബാംഗങ്ങളുടെയും നിലപാട്. ‘എന്റെ മകന്റെ ശരീരം തിരിച്ചറിയാൻ ഞാൻ പോയിരുന്നു. അവിടെയൊരു ബ്ലൂടൂത്ത് ഹെഡ്ഫോൺ കിടപ്പുണ്ടായിരുന്നു.
അതെവിടെ നിന്നു വന്നുവെന്ന് എനിക്കറിയണം. ആരാ എന്റെ മോനെ അവിടെ കൊണ്ടിട്ടതെന്ന് എനിക്കറിയണം. അവൻ അങ്ങനെ ചെയ്യുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. അവനെ ആരോ അവിടെ കൊണ്ടാക്കിയതാണ്. സത്യം അറിയാൻ വേണ്ടി ഏതറ്റം വരെ പോകാനും തയാറാണ്…’ ശിൽപ പറഞ്ഞു.
തളിക്കുളത്ത് 15 വർഷമായി അടഞ്ഞുകിടക്കുന്ന വീട്ടിൽ അമൽ എങ്ങനെ എത്തിയെന്നത് അന്വേഷിക്കുമെന്നു റൂറൽ പൊലീസ് മേധാവി ജി. പൂങ്കുഴലി. മുൻപ് എപ്പോഴെങ്കിലും അമൽ ആ വീട്ടിൽ വന്നിട്ടുണ്ടോ എന്നതു പരിശോധിക്കും. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ തുടരുന്നുണ്ട്.
അമലിനെക്കൂടാതെ മറ്റാരെങ്കിലും ആ വീട്ടിലെത്തിയിരുന്നോ എന്ന കാര്യത്തിലും അന്വേഷണമുണ്ടാകും. അമലിന്റെ മൃതദേഹം കിടന്നിരുന്ന മുറിയിൽ നിന്നു ബ്ലൂടൂത്ത് ഹെഡ്ഫോൺ ലഭിച്ചതായി റൂറൽ പൊലീസ് മേധാവി സ്ഥിരീകരിച്ചു. ഇത് ആരുടേതെന്നു കണ്ടെത്താനുള്ള പരിശോധനകൾ നടത്തുമെന്നും പൊലീസ് മേധാവി പറഞ്ഞു.
അമൽ കൃഷ്ണയുടെ ബാങ്ക് അക്കൗണ്ട് വഴി നടന്ന ഇടപാടുകളിൽ അന്വേഷണം നടക്കുന്നതായി എസ്ഐ വിവേക് നാരായണൻ അറിയിച്ചു. അക്കൗണ്ടിൽ നിന്നു പണം നഷ്ടപ്പെട്ടതിൽ അമലിന് മനോവിഷമം ഉണ്ടായിരുന്നതായി വീട്ടുകാർ തന്നെ പൊലീസിനെ അറിയിച്ചിരുന്നു. അമലിന്റെ മൃതദേഹം കണ്ടെടുത്ത മുറിയിൽ ‘മോം സോറി, ഐ മിസ് യൂ’ തുടങ്ങിയ വാചകങ്ങളും അമലിന്റെ പേരും വിലാസവും ഫോൺ നമ്പറുമെല്ലാം രേഖപ്പെടുത്തിയിരുന്നു.
അമൽ കൃഷ്ണയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിലേക്കാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നു സൂചന. കഴുത്തിൽ കയർ കുരുങ്ങിയതിന്റേതല്ലാതെ മറ്റു മുറിവുകളൊന്നും ശരീരത്തിൽ കണ്ടെത്തിയിട്ടില്ല. മൃതദേഹത്തിന്റെ കാലപ്പഴക്കം മൂലം പ്രാണികളുടെ ആക്രമണമേറ്റതിന്റെ പാടുകൾ മാത്രമേ ശരീരത്തിലുള്ളൂ എന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.
തളിക്കുളത്ത് അമൽ കൃഷ്ണയുടെ മൃതദേഹം കണ്ടെടുത്ത വീടിന്റെ മുൻവാതിൽ മാത്രമാണ് അടഞ്ഞുകിടന്നിരുന്നതെന്നു കണ്ടെത്തി. പിൻവാതിൽ തുറന്നു കിടക്കുന്ന നിലയിലായിരുന്നു. ഇതുവഴി മറ്റാരെങ്കിലും ഉള്ളിൽ കയറിയിട്ടുണ്ടോ എന്നതു തുടരന്വേഷണത്തിലേ വ്യക്തമാകൂ. അമൽ മരിച്ചതിനു ശേഷം പിൻവാതിൽ വഴി ആരെങ്കിലും ഉള്ളിൽ കടന്നിട്ടുണ്ടെങ്കിൽ കണ്ടുപിടിക്കാൻ ശാസ്ത്രീയ പരിശോധനകൾ വേണ്ടിവരും.
കൊച്ചിയിൽ യുവാവ് ഫയൽ ചെയ്ത വിവാഹമോചന കേസിൽ കുട്ടിയുടെ ഡിഎൻഎ പരിശോധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി. ഭാര്യ വഞ്ചിച്ചു കുട്ടിയുടെ പിതാവ് താൻ അല്ലെന്നും അത് തെളിയിക്കാനായി ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നൽകണമെന്നുമുള്ള ഭർത്താവിന്റെ ആവശ്യമാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ച് അനുവദിച്ചത്.
ഭാര്യ വിശ്വാസവഞ്ചന കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് വിവാഹ മോചനം തേടിയത്. ഭാര്യയുടെ സഹോദരിയുടെ ഭർത്താവാണ് കുട്ടിയുടെ അച്ഛനെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. കുട്ടി കേസിൽ കക്ഷിയായിരുന്നില്ല. പക്ഷേ, കുട്ടിയുടെ അച്ഛൻ താനല്ലെന്ന ഹർജിക്കാരന്റെ ആരോപണം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നൽകിയത്.
കുടുംബ കോടതി ഡിഎൻഎ പരിശോധനയ്ക്ക് അനുമതി നൽകാത്തതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരന്റെ വിവാഹം 2006 മേയ് ഏഴിനായിരുന്നു. 2007 മാർച്ച് ഒൻപതിനാണ് യുവതി കുട്ടിക്ക് ജന്മം നൽകുന്നത്. വിവാഹ സമയത്ത് ഹർജിക്കാരൻ പട്ടാളത്തിലായിരുന്നു.
വിവാഹം കഴിഞ്ഞ് 22ാം ദിവസം ജോലിസ്ഥലത്തേക്ക് പോയി. ഇതിനിടയിൽ ഭാര്യ സഹകരിക്കാത്തതിനാൽ ഒരു തവണ പോലും ശാരീരിക ബന്ധം ഉണ്ടായില്ലെന്നും ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചിരുന്നു. വന്ധ്യതയുള്ളതിനാൽ തനിക്ക് കുട്ടിയുണ്ടാകില്ലെന്ന ഡോക്ടറുടെ റിപ്പോർട്ടും ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കി. കുട്ടിക്ക് ഹർജിക്കാരൻ ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിൽ ഡിഎൻഎ പരിശോധനയ്ക്കായി ഹാജരാകണമെന്ന് കുടുംബക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ഹാജരായിരുന്നില്ലെന്നതും കോടതി കണക്കിലെടുത്തു.
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ ഡിഎൻഎ പരിശോധന നടത്താനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
കൊല്ലത്തെ വിസ്മയയുടെ മരണം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തിലാണ് വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിസ്മമയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെതിരെ പോലീസ് കേസെടുത്തിരുന്നു.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ സഹോദരനെ വധിക്കുമെന്ന് വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഭീഷണിക്കത്ത് വിസ്മയയുടെ കുടുംബം പൊലീസിന് കൈമാറി. പത്തനംതിട്ടയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കേസില്‍ നിന്ന് പിന്മാറിയാല്‍ ആവശ്യപ്പെടുന്ന പണം നല്‍കാമെന്ന് കത്തില്‍ പറയുന്നു. കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെ സഹോദരന്‍ വിജിത്തിന് ഉണ്ടാകുമെന്നാണ് കത്തിലെ ഭീഷണി. ചടയമംഗലം പൊലീസ് തുടര്‍ നടപടികള്‍ക്കായി കത്ത് കോടതിയില്‍ സമര്‍പ്പിച്ചു.
ത്രിവിക്രമന്‍ നായരുടെ മൊഴിയും രേഖപ്പെടുത്തി. കേസിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു തൊട്ടു പിന്നാലെയാണ് ഭീഷണി കത്ത് എത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് 507 പേജുള്ള കുറ്റപത്രം പൊലീസ് ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ എന്നാണ് പൊലീസ് കുറ്റപത്രം.
ഏഴുവയസ്സുള്ള മകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയശേഷം അമ്മ തൂങ്ങിമരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡില്‍ വണ്ടാനം പള്ളിവെളിവീട്ടില്‍ മുജീബിന്റെ ഭാര്യ റഹ്മത്താ (39)ണ് ജീവനൊടുക്കിയത്. മകന്‍ മുഫാസിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. ഹോട്ടല്‍ തൊഴിലാളിയായ ഭര്‍ത്താവുവീട്ടിലില്ലാതിരുന്ന സമയത്താണ് റഹ്മത്ത് ഇളയമകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിനല്‍കുകയായിരുന്നു. ഇതുകണ്ട മൂത്തമകള്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ മുജീബ് പെണ്‍മക്കള്‍ക്കൊപ്പം കുട്ടിയെ പുന്നപ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പിന്നീട്, മെഡിക്കല്‍ കോളേജിലേയ്ക്ക് എത്തിച്ചു. ആശുപത്രിയില്‍ വെച്ചാണു മാതാവും വിഷംകഴിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. മുജീബ് ഉടന്‍തന്നെ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തി. അടച്ചിട്ട വാതില്‍ തുറന്ന് അകത്തുചെന്നപ്പോള്‍ കിടപ്പുമുറിയില്‍ റഹ്മത്ത് തൂങ്ങിയനിലയിലായിരുന്നു. പരിസരവാസികളുമായി ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റഹ്മത്ത് ആത്മഹത്യാപ്രവണതയുള്ളയാളാണെന്ന് പോലീസ് പറയുന്നു. എട്ടുകൊല്ലമായി മാനസിക വിഭ്രാന്തിക്കു ജില്ലാ ആശുപത്രിയിലെ ചികിത്സയിലാണ് റഹ്മത്ത്. രണ്ടാഴ്ച മുന്‍പ് ഇവര്‍ വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും മൂത്തമകള്‍ കണ്ടു കെട്ടഴിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. കുട്ടിയുടെ സ്ഥിതി ഗുരുതരമല്ല. മറ്റുമക്കള്‍: മുഹ്‌സിന, മുബീന.
ഹൈദരാബാദ്: തെലങ്കാനയിൽ ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടി വെടിവെച്ചു കൊലപ്പെടുത്തുമെന്ന് മന്ത്രി.പീഡനക്കേസിലെ പ്രതിയെ തീർച്ചയായും പിടിച്ചിരിക്കും. അറസ്റ്റിന് ശേഷം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തും. തെലങ്കാന തൊഴിൽ മന്ത്രാലയ വകുപ്പ് മന്ത്രി മല്ല റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളെ സന്ദർശിക്കുമെന്നും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി മല്ല റെഡ്ഡി കൂട്ടിച്ചേർത്തു.
സമാന ആവശ്യവുമായി കോൺഗ്രസ് നേതാവ് രേവനാഥ് റെഡ്ഡിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിവാദപരാമർശം. അതേസമയം കുറ്റാരോപിതനായ വ്യക്തിയെ ഭുവനഗിരി ജില്ലയിലെ യാദ്രിയിൽ നിന്ന് അറസ്റ്റ് ചെയ്തതായാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. സെപ്റ്റംബർ 9നാണ് സൈദാബാദിൽ കേസിനാസ്പദമായ സംഭവം നടന്നത്. 27 വയസുകാരനായ പ്രതി അയൽവാസിയായ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.വൈകുന്നേരം 5 മണി മുതൽ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ തിരച്ചിലിലാണ് അടുത്തുള്ള വീട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പരിശോധനയിൽ പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ബെംഗളൂരു: രഹസ്യബന്ധം ചോദ്യംചെയ്ത ഭര്‍ത്താവിനെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന ഭാര്യയും ആണ്‍സുഹൃത്തും അറസ്റ്റില്‍. തുമകൂരു ബദ്ദിഹള്ളി സ്വദേശി അന്നപൂര്‍ണ (36), ഇവരുടെ സുഹൃത്ത് രാമകൃഷ്ണ (35) എന്നിവരാണ് അറസ്റ്റിലായത്. അന്നപൂര്‍ണയുടെ ഭര്‍ത്താവും ബെംഗളൂരു നെലമംഗലയിലെ സ്വകാര്യകമ്പനി ജീവനക്കാരനുമായ നാരായണപ്പ(52)യാണ് കൊല്ലപ്പെട്ടത്. രഹസ്യബന്ധം ചോദ്യംചെയ്തതിനെത്തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ജയനഗര പോലീസ് പറഞ്ഞു.
ബെംഗളൂരുവില്‍നിന്ന് വീട്ടിലെത്തിയ നാരായണപ്പ, രഹസ്യബന്ധത്തെച്ചൊല്ലി ഭാര്യയുമായി വഴക്കിട്ടിരുന്നു. വഴക്ക് മൂര്‍ച്ഛിച്ചതോടെ വീട്ടില്‍ കരുതിയിരുന്ന പെട്രോള്‍ അന്നപൂര്‍ണ, നാരായണപ്പയുടെ ശരീരത്തിലൊഴിച്ച് തീകൊളുത്തി. ഈ സമയം രാമകൃഷ്ണയും വീട്ടിലുണ്ടായിരുന്നു. ശരീരത്തില്‍ തീപടര്‍ന്ന നാരായണപ്പ സമീപത്തെ അഴുക്കുചാലിലേക്ക് ചാടി. തീയണഞ്ഞശേഷം അഴുക്കുചാലില്‍നിന്ന് കയറാന്‍ ശ്രമിച്ച നാരായണപ്പയെ രാമകൃഷ്ണയും അന്നപൂര്‍ണയും ചേര്‍ന്ന് വീണ്ടും കല്ലുകൊണ്ടടിച്ചുവീഴ്ത്തുകയായിരുന്നു.
നിലവിളികേട്ട് സമീപവാസികളെത്തി നാരായണപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ ഇവരുടെ മൂന്നുമക്കളും വീട്ടിലുണ്ടായിരുന്നു. അന്നപൂര്‍ണയും നാരായണപ്പയും രഹസ്യബന്ധത്തെച്ചൊല്ലി സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പോലീസിന് മൊഴിനല്‍കി. തുമകൂരു മാര്‍ക്കറ്റിലെ ജീവനക്കാരിയാണ് അന്നപൂര്‍ണ.
ആറു മാസം മുമ്പ് കാണാതായതാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അമലിനെ ആള്‍താമസമില്ലാത്ത വീടിനകത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ നാടുവിട്ടെന്നായിരുന്നു രക്ഷിതാക്കളുടെ സംശയം. ഇതിനിടെയാണ്, മരണവാര്‍ത്ത എത്തിയത്.
തൃശൂര്‍ പാവറട്ടിയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു അമല്‍ കൃഷ്ണ. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ച മിടുക്കന്‍. ചേറ്റുവ എം.ഇ.എസ് സെന്ററിന് സമീപം ചാണാശ്ശേരി സനോജ്-ശിൽപ്പ ദമ്പതികളുടെ മകൻ. മാർച്ച് പതിനെട്ടിന് രാവിലെ പതിനൊന്നരയോടെ വാടാനപ്പള്ളിയിലെ സ്വകാര്യ ബാങ്കിൽ മകന്റെ എ.റ്റി.എം.കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ‘അമ്മ പോയിരുന്നു. മകനെ പുറത്തുനിർത്തി ബാങ്കിൽ കയറിയ ‘അമ്മ തിരികെയെത്തിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. സ്‌കോളർഷിപ്പ് തുകയായ പന്ത്രണ്ടായിരത്തി അഞ്ഞൂറു രൂപ അമലിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നു. ഇതിൽ പതിനായിരം രൂപയോളം പേടിഎം മുഖേന മറ്റ് അക്കൗണ്ടുകളിലേക്ക് പോയതായും കണ്ടെത്തിയിരുന്നു.
ഓൺലൈൻ ഗെയിം കളിക്കാൻ ഈ തുക ഉപയോഗിച്ചതായാണ് സംശയം. അമല്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ഥനയോടെ കഴിയുകയായിരുന്നു കുടുംബം. തളിക്കുളത്തെ ദേശീയപാതയോരത്ത് ആള്‍താമസമില്ലാത്ത വീടിനകത്തായിരുന്നു മൃതദേഹം. ഈ വീട് വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അമലിന്റെ പേരിലുള്ള എ.ടി.എം. കാര്‍ഡ് കണ്ടെത്തി. കാശ് പിൻവലിച്ചതിന്റെ രേഖകളും ഉണ്ടായിരുന്നു. മുകളിലേക്കുള്ള ഗോവണി പടിയിൽ അമലിന്റെ പേരും ഫോൺ നമ്പറും എഴുതി വച്ചിരുന്നു. മൃതദേഹം അമലിന്റേതാണെന്ന് ഉറപ്പിക്കാന്‍ സാംപിളുകള്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി അയച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസമാണ് വീട്ടില്‍നിന്ന് കാണാതായ യുവതിയെ പാറക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോത്തന്‍കോട് പാറവിളാകം സൂര്യഭവനില്‍ സൂരജ് സുനിലിന്റെ ഭാര്യ മിഥുന(22)യെയാണ് ചിറ്റിക്കര പാളക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെയിലൂര്‍ കന്നുകാലിവനം സ്വദേശിനിയാണ്. മിഥുനയുടെ ഭര്‍ത്താവ് സൂരജ് ഒരാഴ്ച മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണി മുതലാണ് മിഥുനയാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാറക്കുളത്തില്‍ മൃതദേഹം കണ്ടത്. ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം.
സെപ്റ്റംബര്‍ അഞ്ചാം തീയതി മുട്ടത്തറ ദേശീയപാതയില്‍വെച്ചാണ് മിഥുനയുടെ ഭര്‍ത്താവ് സൂരജ് കാറിടിച്ച് മരിച്ചത്. നഴ്‌സിങ് വിദ്യാര്‍ഥിനിയായ മിഥുനയെ തിരുവല്ലത്തെ കോളേജില്‍ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഏഴ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
സൂരജിന്റെ മരണത്തിന് പിന്നാലെ മിഥുനയുടെ മരണവും നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ആലപ്പുഴ പൂച്ചാക്കലിൽ ഏഴംഗ സംഘം യുവാവിനെ കൊലപ്പെടുത്തി. തൈക്കാട്ടുശേരി സ്വദേശി വിപിൻ ലാൽ ആണ് മരിച്ചത്. പ്രതികളിൽ ഒരാളായ സുജിതിനെ പൊലീസ് അറസ്റ്റ്ചെയ്തു. പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് എത്തിയത്.
സന്ദേശം അയച്ചതിനെച്ചൊല്ലി നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിഞ്ഞദിവസവും ഇതിന്റെ പേരില്‍ തര്‍ക്കങ്ങളുണ്ടായി. തുടര്‍ന്ന് ഏഴംഗസംഘം വിപിന്‍ലാലിനെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുപ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കണ്ണൂർ തൂവ്വക്കുന്ന് സ്വദേശി കുനിയിൽ അബ്ദുൽ റഹ്‌മാൻ (40) ദോഹയിൽ നിര്യതനായി. കഴിഞ്ഞ വെള്ളിയാഴ്ച താമസസ്ഥലത്തെ കുളിമുറിയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അബ്ദുൽ റഹ്‌മാൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഹമദ് ആശുപത്രിയിൽ വെൻറിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച മരിച്ചത്.
ദോഹയിൽ അബുഹമൂർ ഖബർസ്ഥാൻപള്ളിയിൽ മയ്യത്ത് നമസ്കാരം കഴിഞ്ഞ ശേഷം, നടപടികൾ പൂർത്തിയാക്കി രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ തൂവക്കുന്ന് കല്ലുമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
അസ്മീർ ട്രേഡിങ് കമ്പനിയുടെ പാർട്ണറായ അബ്ദുൽ റഹ്‌മാൻ ഖത്തറിൽ ബിസിനസ് നടത്തിവരികയായിരുന്നു. പരേതരായ കുനിയിൽ അമ്മദ്ഹാജി – ആയിശ ദമ്പതികളുടെ മകനാണ്. പിതാവ് അമ്മദ് ഹാജി ആറ് മാസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
ഭാര്യ: സഫ്രജ. മൂന്നു മക്കളുണ്ട്. സഹോദരങ്ങൾ: സൈനബ, അഷറഫ്, ആസ്യ, അസ്മ.