Crime

മേപ്പാടിയിൽ കാട്ടു പന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ നാലരവയസുകാരന് ദാരുണാന്ത്യം. ഓടത്തോട് സ്വദേശികളായ സുധീർ-സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ നെടുങ്കരണയിൽ വെച്ചാണ് അപകടം നടന്നത്.

സുബൈറയും മകനും കടച്ചിക്കുന്നിലെ സ്വന്തം വീട്ടിൽ നിന്നും ഭർതൃ വീട്ടിലേക്ക് ഓട്ടോയിൽ വരുന്നതിനിടയിലാണ് അപകടം നടന്നത്. ഓട്ടോ നെടുങ്കരണയിൽ എത്തിയപ്പോൾ സമീപത്തെ തേയില തോട്ടത്തിൽ നിന്നും കാട്ടുപന്നി ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് യാമിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ അമ്മ സുബൈറയ്ക്കും സഹോദരൻ മുഹമ്മദ് ആമീനും പരിക്കേറ്റു . ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

 

പ്രണയത്തിൽ നിന്നും പിന്മാറിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മധുപാക്കം സ്വദേശി ഗണേഷ് (26) ആണ് അറസ്റ്റിലായത്. വില്ലുപുരം സ്വദേശിനിയും നഴ്‌സിംഗ് വിദ്യാർത്ഥിനിയുമായ ധരണി (23) ആണ് കൊല്ലപ്പെട്ടത്. വീടിന്റെ പുറത്ത് നിൽക്കുകയായിരുന്ന പെൺകുട്ടിയെ ഗണേഷ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ അഞ്ച് വർഷത്തോളമായി ധരണിയും,ഗണേഷും പ്രണയത്തിലായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ധരണി ഗണേഷുമായുള്ള പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു. തുടർന്ന് പ്രകോപിതനായ ഗണേഷ് ധരണിയെ ഭീഷണിപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ധരണിയുടെ വീട്ടിലെത്തിയ ഗണേഷ് കഴുത്തിൽ കത്തികൊണ്ട് വെട്ടുകയായിരുന്നു.

മാരകമായി മുറിവേറ്റ ധരണിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ധരണിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയില്ല. വീട്ടുകാരുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഗണേഷ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കോഴിക്കോട് കോടഞ്ചേരി സ്വദേശിയെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. ചമ്പുക്കടവിലെ അബ്ദുൽ സലീം-സുഹറ ദമ്പതികളുടെ മകൻ ഫവാസ് (23) ആണ് മരിച്ചത്. ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിന് പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

രാത്രി വൈകിയിട്ടും താമസ സ്ഥലത്ത് തിരിച്ചെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഫവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചുംബനപ്പേടിയില്‍ പുറത്തിറങ്ങാന്‍ കഴിയാതെ യുവതികളും പെണ്‍കുട്ടികളും. ബീഹാറിലാണ് സംഭവം. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ ഒളിച്ചിരുന്ന അജ്ഞാതന്‍ കയറിപ്പിടിച്ച് ചുണ്ടുകളില്‍ ചുംബിച്ച ശേഷം കടന്നുകളയുന്ന സംഭവം ദിനംപ്രതി ഉയരുകയാണ്.

നിരവധി പേരാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഇനിയും അജ്ഞാതനെ പിടികൂടാനായിട്ടില്ല. ബീഹാറിലെ ജാമുയി ജില്ലയിലെ സദര്‍ ഹോസ്പിറ്റലിന് സമീപത്ത് വച്ച് അടുത്തിടെ ഒരു ആരോഗ്യ പ്രവര്‍ത്തകയെ അജ്ഞാതന്‍ ബലമായി ചുംബിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.

മാര്‍ച്ച് 10 നാണ് സംഭവം. എന്നാല്‍ ഇതുവരെയും പ്രതിയെ പിടികൂടാനായില്ല. ആശുപത്രിയുടെ മതില്‍ ചാടിക്കടന്നെത്തുന്ന അജ്ഞാതന്‍ ആരോഗ്യ പ്രവര്‍ത്തകയെ ബലമായി ചുംബിക്കുന്നതും, യുവതി നിലവിളിക്കുമ്പോള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതുമാണ് വീഡിയോയിലുള്ളത്.

തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല.

 

ബന്ധു വിഷം നൽകി അപായപ്പെടുത്താൻ ശ്രമിച്ചതിനെ കുറിച്ച് നടൻ പൊന്നമ്പലം. ഭക്ഷണത്തിലും മറ്റും സ്ലോ പൊയിസൺ നൽകി അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് നടൻ പറയുന്നത്. ഈ അടുത്തിടെയാണ് പൊന്നമ്പലം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രീയക്ക് വിധേയനായത്. മദ്യപിച്ച് വൃക്ക തകരാറിലാ‍യതല്ലെന്നും വിഷം ബാധിച്ചതാണെന്നും നടൻ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘മദ്യപിച്ച് തന്റെ വൃക്ക തകരാറിലായതാണെന്നാണ് പലരും വിചാരിച്ചത്. എന്നാൽ അങ്ങനെയല്ല. എന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. അതിൽ മൂന്നാമത്തെ ഭാര്യയുടെ മകൻ മനേജറായി എന്നോടൊപ്പം ഉണ്ടായിരുന്നു. ഒരു ദിവസം ബിയറിൽ എന്തോ വിഷം കലർത്തി നൽകി. ഇയാളാണ് ഇതിന് പിന്നിലെന്ന് ആദ്യം അറിയില്ലായിരുന്നു. പിന്നീട് ഇതെ സ്ലോ പൊയിസൺ രസത്തിൽ കലർത്തി തന്നു. ഇത് എന്റെ ആരോഗ്യത്തെ ബാധിച്ചു.

എന്നാൽ ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു. ഒപ്പം ജോലി ചെയ്തവരോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് അറിയുന്നത്. ഞാൻ നന്നായി ജീവിക്കുന്നുവെന്നതിന്റെ അസൂയ കൊണ്ട് കൂടിയാണ് ഇതെല്ലാം ചെയ്തത്. ഞാൻ ചെറുപ്പം മുതൽ പണം സമ്പാദിക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല’ പൊന്നമ്പലം പറഞ്ഞു.

അടുത്തിടെ വൃക്കകളുടെ പ്രവർത്തനം നിലച്ച് പൊന്നമ്പലത്തെ അത്യാഹിത നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.മരണത്തിൽ നിന്നും ബന്ധുവും സംവിധായകനുമായ ജഗന്നാനാഥൻ വൃക്ക ദാനം ചെയ്തതോടെയാണ് ഇദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഫെബ്രുവരി പത്തിനായിരുന്നു പൊന്നമ്പലത്തിൻറെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. ഇപ്പോൾ ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിലായ ഇദ്ദേഹം സുഖപ്പെട്ട് വരുകയാണ്.

നൂറോളം ക്രിസ്ത്യാനികളെ കത്തുന്ന കല്‍ക്കരിയിലൂടെ നടത്തിച്ച് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് സംഭവം. തീവ്രഹിന്ദുത്വ സംഘടനകളായ ആര്‍എസ്എസ്, വിഎച്ച്പി എന്നിവയുടെ നേതൃത്വത്തില്‍ ഘര്‍ വാപ്സി എന്നപേരില്‍ സംസ്ഥാന വ്യാപകമായി നിരവധി മതപരിവര്‍ത്തന ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്.

ബാര്‍ഹെത് ബ്ലോക്കിലെ സിന്ദ്രി ഗ്രാമത്തില്‍ ജീല്‍പൂജയ്ക്കിടെയാണ് പുരുഷന്മാരും സ്ത്രീകളും എരിയുന്ന കനലിലൂടെ നടന്നത്. മാര്‍ച്ച് ആദ്യവാരം ഘര്‍ വാപ്സി എന്ന പേരില്‍ നടത്തിയ ചടങ്ങില്‍ 60 സ്ത്രീകളടക്കം 100 പേരെ കനലിലൂടെ നഗ്‌നപാദരായി നടത്തിച്ച് മതംമാറ്റി. 70ഓളം ക്രിസ്ത്യന്‍ കുടുംബങ്ങളാണ് ഇവിടെ ഹിന്ദുമതം സ്വീകരിച്ചത്. കൂടാതെ ഇത്തരം ചടങ്ങുകളില്‍ നൂറുകണക്കിന് ആദിവാസികളെയും ക്രിസ്തുമതത്തില്‍ നിന്ന് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്നുണ്ട്.

ഗിരി വനവാസി കല്യാണ്‍ പരിഷത്ത് എന്ന സംഘടനയാണ് സാഹിബ്ഗഞ്ച് ജില്ലയില്‍ നടന്ന ക്യാമ്പിന്റെ സംഘാടകര്‍. സ്വയം ശുദ്ധീകരിക്കാനും സനാതന ധര്‍മം സ്വീകരിക്കാനുമാണ് കല്‍ക്കരി കത്തിച്ച് അതിലൂടെ നടന്നതെന്ന് ഗിരി വനവാസി കല്യാണ്‍ പരിഷത്ത് ജില്ലാ പ്രസിഡന്റ് ശീതള്‍ ബാബ പറഞ്ഞു.

അതേസമയം, വിഎച്ച്പിക്ക് ഇതുമായി ബന്ധമില്ലെന്ന് ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സംഘപരിവാര്‍ അനുബന്ധ സംഘടനകള്‍ ധാരാളം ഘര്‍ വാപ്‌സി ക്യാമ്പ് നടത്താറുണ്ടെങ്കിലും അതിന്റെ സ്വഭാവം ഇങ്ങനെയല്ല എന്നാണ് ബന്‍സാല്‍ പ്രതികരിച്ചത്.

യുവാവിന്റെ മരണം മദ്യത്തിൽ വെള്ളത്തിന് പകരം വിനാഗിരി ഒഴിച്ച് നൽകിയത് മൂലമാണെന്ന് പരാതി. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി കരീം (42) മരിച്ച സംഭവത്തിലാണ് പരാതി ഉയരുന്നത്. അനധികൃതമായി മദ്യവിൽപ്പന നടത്തുന്ന കടയിൽ നിന്നും മദ്യം കഴിച്ച കരീം കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.

മദ്യത്തിൽ വെള്ളത്തിന് പകരം വിനാഗിരി ഒഴിച്ച് നല്കിയതിനാലാണ് കരീം മരിച്ചതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. മദ്യം കഴിച്ച കരീമിനെ രക്തം ശർദ്ധിച്ച നിലയിൽ ബാറിന് സമീപം വീണ് കിടക്കുന്നത് കണ്ടെത്തുകയും നാട്ടുകാരിൽ ചിലർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം കരീമിന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നതായും പറയുന്നു. ബാറിന് സമീപത്തുള്ള ഉപ്പിലിട്ട സാധനങ്ങൾ വിൽക്കുന്ന കടയിൽ അനധികൃതമായി മദ്യവില്പനയുള്ളതായി നാട്ടുകാർ പറയുന്നു. ബാറിലെ വിലയ്ക്കാണ് ഇവിടെ മദ്യം വിറ്റിരുന്നത്. കടയിലെ ആവശ്യത്തിനായി സൂക്ഷിച്ച വിനാഗിരിയാണ് വെള്ളത്തിന് പകരം നല്കിയതെന്നുമാണ് ആരോപണം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

ഭർത്താവിനൊപ്പം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ ടിടിഇ യെ സസ്‌പെൻഡ് ചെയ്തു. ബീഹാർ സ്വദേശിയായ മുന്ന കുമാറിനെയാണ് ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. അമൃത്‌സറിൽ നിന്നും കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന അകാൽ തക്ത് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ദേഹത്താണ് ഇയാൾ മൂത്രമൊഴിച്ചത്.

യാത്രക്കാർ ബഹളംവെച്ചതിനെ പിന്നാലെ റയിൽവേ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായാഴ്ചയാണ് സംഭവം നടന്നത്. അമൃത്‌സർ സ്വദേശിനിയായ യുവതി ഭർത്താവിനൊപ്പം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടയിൽ മദ്യപിച്ചെത്തിയ ടിടിഇ യുവതിയുടെ ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നു.

തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ വൈകുന്നേരമാണ് നടുവിൽ സ്വദേശിനിയായ കെ ഷാഹിദ (46) ന് നേരെ ആസിഡ് ആക്രമണമുണ്ടായത്. ഷാഹിദയുടെ രണ്ടാം ഭർത്താവ് ആയ ചപ്പാരപ്പടവ് സ്വദേശി അഷ്‌കർ (52) ആണ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാഹിദ കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആക്രമണത്തിന് പിന്നാലെ പ്രതി അഷ്കറിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

തളിപ്പറമ്പ് മാർക്കറ്റ് റോഡിന് സമീപത്ത് വെച്ചാണ് ഷാഹിദയ്ക്ക് നേരെ അഷ്‌കർ ആസിഡ് ആക്രമണം നടത്തിയത്. കോടതിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷാഹിദയെ വഴിയിൽ കത്ത് നിന്ന് അഷ്‌കർ ആക്രമിക്കുകയായിരുന്നു. ഷാഹിദയോട് സംസാരിക്കുകയും തർക്കിക്കുകയും ചെയ്തതിന് പിന്നാലെ കൈയ്യിൽ കരുതിയിരുന്ന ആസിഡ് ഷാഹിദയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തിൽ ഷാഹിദയുടെ തലമുടിയും വസ്ത്രങ്ങളും കരിഞ്ഞ് പോയിരുന്നു. ഷാഹിദയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അഷ്കറിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

അതേസമയം ഷാഹിദയുടെ രണ്ടാമത്തെ ഭർത്താവാണ് അഷ്‌കർ. ഏഴു മാസം മുൻപ് ഷാഹിദ മതാചാര പ്രകാരം അഷ്കറിനെ വിവാഹം ചെയ്തിരുന്നതായും ഏഴ് മാസത്തോളം കൂടെ താമസിച്ചിരുന്നതായും അഷ്‌കർ പറയുന്നു. ഏഴ് മാസം കൂടെ കഴിഞ്ഞതിന് ശേഷം തന്നെ ഒഴിവാക്കി ഷാഹിദ ആദ്യ ഭർത്താവിന്റെ കൂടെ പോയി താമസിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നും അഷ്‌കർ പറയുന്നു.

പ്രായപൂര്‍ത്തിയാവാത്ത മലയാളി വിദ്യാര്‍ത്ഥിനിയെ അപമാനിച്ച മലയാളിയായ കോളജ് പ്രിന്‍സിപ്പല്‍ ചെന്നൈയില്‍ അറസ്റ്റില്‍. വൈഎംസിഎ കോളേജ് പ്രിന്‍സിപ്പല്‍ ആയ കോതമംഗലം സ്വദേശി ജോര്‍ജ് അബ്രഹാമാണ് പിടിയിലായത്.

ലൈംഗിക പീഡന പരാതിയില്‍ ജോര്‍ജ് മുമ്പും പിടിയിലായിട്ടുണ്ട്. ജാമ്യത്തില്‍ ഇറങ്ങി ജോലിയില്‍ തിരികെ പ്രവേശിച്ചതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ്. കോളജിലെ ജിം ട്രെയിനിങ്ങിനിടയില്‍ 18 വയസ്സ് തികയാത്ത ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയെ ഇയാള്‍ കടന്നുപിടിച്ചു എന്നാണ് ആരോപണം.

ഇതിന് പിന്നാലെ പെണ്‍കുട്ടി പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്തപ്പോള്‍ പുറത്ത് പറയരുതെന്ന് ഭീഷണിയും ഉണ്ടായി. തുടര്‍ന്ന് കോളേജ് മാനേജ്‌മെന്റിന് പെണ്‍കുട്ടി നല്‍കിയ പരാതി സയ്താപേട്ട് പോലീസിനു കൈമാറി. ഇതോടെയാണ് ഇന്നലെ അറസ്റ്റിലായത്.

മുമ്പ് പി ജി വിദ്യാര്‍ഥിനിക്ക് അശ്ലീല മെസ്സേജുകള്‍ അയച്ചതിനും, ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയതിനും അദ്യാപകനെതിരെ കേസ് എടുത്തിരുന്നു. വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ജോര്‍ജ് എബ്രഹാം വീണ്ടും ജോലിയില്‍ പ്രവേശിച്ചു. രണ്ടാഴ്ചയ്ക്കുശേഷം സമാനമായി കേസില്‍ വീണ്ടും അറസ്റ്റ്. അധ്യാപകനെ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് പഞ്ഞിക്കിട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.

RECENT POSTS
Copyright © . All rights reserved