കോളേജിൽ ക്രൂരമായി ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത കേസിൽ 11 മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. മംഗളൂരു ഉള്ളാൾ പോലീസാണ് ജൂനിയർ വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് അതേ കോളേജിലെ തന്നെ സീനിയർ വിദ്യാർത്ഥികളെ അറസ്റ്റുചെയ്തത്
രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് റാഗിങ് കേസിൽ മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾ അറസ്റ്റിലാവുന്നത്. മംഗളൂരു ദർളക്കട്ടെ കണച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്‌സിങിലെ ഫിസിയോതെറാപ്പി വിദ്യാർത്ഥികളായ വടകര പാലയാട് പടിഞ്ഞാറെക്കരയിലെ മുഹമ്മദ് ഷമ്മാസ് (19), കോട്ടയം അയർക്കുന്നത്തെ റോബിൻ ബിജു (20), വൈക്കം എടയാറിലെ ആൽവിൻ ജോയ് (19), മഞ്ചേരി പയ്യനാട്ടെ ജാബിൻ മഹ്‌റൂഫ് (21), കോട്ടയം ഗാന്ധിനഗറിലെ ജെറോൺ സിറിൽ (19), പത്തനംതിട്ട മങ്കാരത്തെ മുഹമ്മദ് സുറാജ് (19), കാസർകോട് കടുമേനിയിലെ ജാഫിൻ റോയിച്ചൻ (19), വടകര ചിമ്മത്തൂരിലെ ആസിൻ ബാബു (19), മലപ്പുറം തിരൂരങ്ങാടി മമ്പറത്തെ അബ്ദുൾ ബാസിത് (19), കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയയിലെ അബ്ദുൾ അനസ് മുഹമ്മദ് (21), ഏറ്റുമാനൂർ കനകരിയിലെ കെ.എസ്. അക്ഷയ് (19) എന്നിവരാണ് അറസ്റ്റിലായത്.
കോളേജിലെ ജൂനിയറായ അഞ്ച് മലയാളി വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. 11 അംഗ മലയാളി വിദ്യാർത്ഥി സംഘം റാഗ് ചെയ്‌തെന്നാണ് പോലീസ് കണ്ടെത്തൽ. മുടി മുറിച്ചുമാറ്റുക, താടി വടിപ്പിക്കുക, തീപ്പെട്ടിക്കമ്പുകൊണ്ട് മുറി അളപ്പിക്കുക എന്നിവ ചെയ്യിപ്പിച്ചതായി റാഗിങ്ങിനിരയായ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നു. ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിലുണ്ട്.
റാഗിങ്ങിനിരയായ അഞ്ച് വിദ്യാർഥികളും ചേർന്ന് കഴിഞ്ഞദിവസം കോളേജ് മാനേജ്‌മെന്റിന് പരാതി നൽകുകയായിരുന്നു. മാനേജ്‌മെന്റാണ് പോലീസിനെ വിവരമറിയിച്ചത്. 18 പേരടങ്ങിയ സംഘമാണ് റാഗിങ്ങിന് നേതൃത്വം നൽകിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പരാതിയിൽ പറഞ്ഞ 11 പേർക്കെതിരെയാണ് കേസെടുത്തതെന്ന് സിറ്റി പോലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു.
റാഗിങ്ങിനിരയായാൽ വിദ്യാർത്ഥികൾക്ക് അക്കാര്യം കോളേജ് അധികൃതരെ അറിയിക്കാം. അല്ലെങ്കിൽ ഓഫീസിൽ നേരിട്ടുവന്ന് പറയാമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.
ഹൈദരാബാദിനടുത്ത് ഫാര്‍മസി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം. മേഡ്ചാൽ മൽജാഗിരി ജില്ലയിലാണ് 19 കാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ പീഡനലക്ഷ്യവും ഉണ്ടായിരുന്നതായി സംശയിക്കുന്നു. കൃത്യസമയത്ത് പൊലീസ് എത്തിയതിനാല്‍ പ്രതികള്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായി.
ഹൈദരാബാദിനോട് ചേർന്നുള്ള മേഡ് ചാൽ മാൽജാഗിരി ജില്ലയിലാണ് തട്ടിക്കൊണ്ടുപോകല്‍ അരങ്ങേറിയത്. കോളജില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ 19കാരി വൈകീട്ട് ആറു മണിയോടെ ഓട്ടോയില്‍ കയറി. ഒരു സ്ത്രീയും കുട്ടിയും ഒാട്ടോയിലുണ്ടായിരുന്നു. അടുത്ത സ്ഥലത്ത് ഇവര്‍ ഇറങ്ങിയതോടെ ആക്രമി സംഘത്തിലെ രണ്ടുപേര്‍ ഒാട്ടോയില്‍ കയറി. കുറച്ച് മാറി ഒാട്ടോ നിര്‍ത്തി പെണ്‍കുട്ടിയെ മറ്റൊരു വാഹനത്തിലേക്ക് വലിച്ചുകയറ്റി. വാഹനത്തില്‍വച്ച് പെണ്‍കുട്ടി വീട്ടിലേക്ക് മൊബൈലില്‍ വിളിച്ചതാണ് തുണയായത്.
വീട്ടുകാര്‍ നല്‍കിയ വിവരവും, പെണ്‍കുട്ടിയുടെ മൊബൈല്‍ സിഗ്നലും പിന്തുടര്‍ന്നെത്തിയ പൊലീസ് ഒടുവില്‍ വാഹനം കണ്ടെത്തി. അപ്പോള്‍ തൊട്ടടുത്ത കുറ്റിക്കാട്ടില്‍ ആക്രമിസംഘം പെണ്‍കുട്ടിയെ എത്തിച്ച് ആക്രമണം തുടങ്ങിയിരുന്നു. പൊലീസിനെ കണ്ട സംഘം മരക്കഷ്ണം കൊണ്ട് പെണ്‍കുട്ടിയുടെ തലയില്‍ അടിച്ചുവീഴ്ത്തിയശേഷം ഒാടി രക്ഷപ്പെട്ടു. കാലുകള്‍ക്കും തലയിലും ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനി ചികില്‍സയിലാണ്. പൊലീസ് നടത്തിയ തിരച്ചിലില്‍ രണ്ടു പ്രതികള്‍ പിടിയിലായി.
അശ്ലീല വീഡിയോ ചിത്രീകരിച്ച് വെബ്‌സൈറ്റില്‍ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ നടി ഗെഹന വസിഷ്ടിന്റെ നിര്‍മ്മാണ കമ്പനിക്കായി പ്രവര്‍ത്തിച്ചിരുന്ന മോഡല്‍ കോ-ഓര്‍ഡിനേറ്ററായ ഉമേഷ് കാമത്ത് അറസ്റ്റില്‍.
മുംബൈ പോലീസ് ആണ് ഉമേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.ഗെഹനയുടെ ജിവി പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനി ചിത്രീകരിക്കുന്ന അശ്ലീല വീഡിയോ വി ട്രാന്‍സ്ഫര്‍ വഴി വിദേശത്തേക്ക് അയച്ചു കൊടുത്തിരുന്നത് ഇയാളാണെന്ന് അന്വേഷണസംഘം അറിയിക്കുന്നു. ഹോട്ട് ഷോട്ട് എന്ന ആപ്പിലാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്ത് വന്നിരുന്നത്.
രണ്ടു വര്‍ഷമായി ഗെഹന വസിഷ്ടിനൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് ഉമേഷ് കാമത്ത്. ഇയാള്‍ വിദേശത്തെ സ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുത്ത 15 അശ്ലീലചിത്രങ്ങളുടെ വിശദാംശങ്ങളും പോലീസ് കണ്ടെത്തി. അര മണിക്കൂര്‍ വീതമുള്ളതാണ് വീഡിയോകള്‍.
ഒരു ചിത്രത്തിന്റെ കൈമാറ്റത്തിന് ഗെഹന വസിഷ്ടിന് 3 ലക്ഷം രൂപയോളം ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അഭിനേതാക്കളായ പെണ്‍കുട്ടികള്‍ക്ക് പരമാവധി 20,000 രൂപയാണു നല്‍കിയിരുന്നതെന്നും പോലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
നിലമ്പൂരിനടുത്ത് മമ്പാട് കുട്ടികളെ ദിവസങ്ങളായി പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ പുറത്തെത്തുന്നത് രക്ഷിതാക്കളുടെ ക്രൂരമായ പീഡനം. മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ ആറും നാലും വയസ്സുള്ള കുട്ടികൾക്ക് ഭക്ഷണമോ വെള്ളമോ നൽകാറില്ലെന്നും ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്നും പോലീസ് കണ്ടെത്തി. കുട്ടികളെ നിലവിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിശോധനയിൽ കുട്ടികൾക്ക് പോഷകാഹാരക്കുറവുള്ളതായി കണ്ടെത്തി. ഇരുവരെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
രക്ഷിതാക്കളുടെ പീഡനത്തെ തുടർന്ന് ഭക്ഷണം ലഭിക്കാതെ അവശനിലയിലായ കുട്ടികളെ എഴുന്നേറ്റ് നിൽക്കാൻ പോലുമാകാത്തനിലയിലാണ് ആശുപത്രിയിലെത്തിച്ചത്. നാല് വയസ്സുള്ള കുട്ടിയുടെ കണ്ണുകൾ വീർത്ത് തുറക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇരുവരുടെയും ശരീരത്തിൽ മർദനമേറ്റ പാടുകളുമുണ്ട്. കുട്ടികളുടെ അമ്മ നേരത്തെ മരിച്ചതായാണ് വിവരം. ഇവരോടൊപ്പമുണ്ടായിരുന്നത് രണ്ടാനമ്മയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ദമ്പതിമാരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
രണ്ടാനമ്മ ഉപദ്രവിച്ചിരുന്നതായി നാല് വയസ്സുള്ള കുട്ടി പോലീസിന് മൊഴി നൽകിയിട്ടുുണ്ട്. ബുധനാഴ്ച വൈകിട്ടോടെയാണ് മമ്പാട് ടൗണിലെ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിന്നും മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ട കുട്ടികളെ പോലീസും നാട്ടുകാരും ചേർന്ന് മോചിപ്പിച്ചത്.
തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാർ മൂന്ന് മാസമായി മമ്പാട് ടൗണിലെ കെട്ടിടത്തിലാണ് താമസം. കുട്ടികളെ മുറിയിൽ പൂട്ടിയിട്ടാണ് ഇവർ ജോലിക്ക് പോയിരുന്നത്. കുട്ടികൾക്ക് കുടിവെള്ളം പോലും ഇവർ നൽകിയിരുന്നില്ല. മുറിയുടെ ജനൽ തുറന്നു വെക്കുന്ന അവസരങ്ങളിൽ സമീപത്ത് താമസിക്കുന്ന ബംഗാൾ സ്വദേശികൾ കുട്ടികൾക്ക് ഭക്ഷണം നൽകാറുണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞദിവസങ്ങളിൽ ജനലുകൾ അടച്ചിട്ടാണ് കുട്ടികളെ മുറിയിൽ പൂട്ടിയിട്ട് ദമ്പതിമാർ ജോലിക്ക് പോയത്. ഇതോടെ ബംഗാൾ സ്വദേശികൾ നാട്ടുകാരെ വിവരമറിയിക്കുകയും പോലീസ് അടക്കം ഇടപെട്ട് കുട്ടികളെ മോചിപ്പിക്കുകയുമായിരുന്നു.
പണം തട്ടിപ്പ് കേസില്‍ കാന്തല്ലൂര്‍ സ്വാമി എന്ന സുനില്‍ പരമേശ്വരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നേകാല്‍ കോടി രൂപ പ്രവാസിയില്‍ നിന്നും വാങ്ങി ചതിച്ച കേസിലാണ് അറസ്റ്റ്. ഭൂമി കൈയ്യേറിയതിനു കോഴിക്കോട് സ്വദേശിനി നല്കിയ മറ്റൊരു കേസും സ്വാമിക്കെതിരേ ഉണ്ട്.
സിനിമ നിര്‍മ്മിക്കാം എന്ന് പറഞ്ഞ് തിര കഥകള്‍ എഴുതുക കൂടി ചെയ്യുന്ന കാന്തല്ലൂര്‍ സ്വാമി പ്രവാസിയും വര്‍ക്കല സ്വദേശിയുമായ
സംഭവത്തില്‍ അശോകന്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. കാന്തല്ലൂര്‍ സ്വാമിയേ അറസ്റ്റ് ചെയ്യാന്‍ വര്‍ക്കല ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്. മാധ്യമ പ്രവര്‍ത്തകനായ എസ്.വി പ്രദീപിന്റെ മരണത്തോടെയായിരുന്നു സുനില്‍ പരമേശ്വരന്‍ രംഗത്ത് വന്നത്.
ആദ്യ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സുനില്‍ പരമേശ്വരനെ അരസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ രണ്ടാം ഭാര്യയായുമായാണ് സുനില്‍ പരമേശ്വരന്‍ കഴിയുന്നത്. ഭൂമി കൈയ്യേറിയതിനു കോഴിക്കോട് സ്വദേശിനി നല്കിയ മറ്റൊരു കേസും സ്വാമിക്കെതിരേ ഉണ്ട്. കാന്തല്ലൂര്‍ സ്വാമിയുടെ അറസ്റ്റ് അദ്ദേഹത്തിന്റെ അനുയായികളേ പോലും ഞെട്ടിച്ചിരിക്കുകയാണ്.
അശോകന്‍ എന്ന ആളില്‍ നിന്നും പണം തട്ടുകയായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ വണ്ടി ചെക്ക് കൊടുക്കുകയും ചെയ്തു.
കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍. വൈക്കം ഗവണ്‍മെന്റ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ സര്‍ജന്‍ തിരുവനന്തപുരം സ്വദേശിയായ ഡോ. ശ്രീരാഗ് എസ്.ആറിനെയാണ് രോഗിയില്‍ നിന്നും 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്.
തലായാഴം സ്വദേശിനിയുടെ കൈയ്യില്‍ നിന്നാണ് ഓപ്പറേഷനുവേണ്ടി ഡോക്ടര്‍ ശ്രീരാഗ് കൈക്കൂലി വാങ്ങിയത്. ഇവരുടെ ഭര്‍ത്താവിന് വയറുവേദനയെ തുടര്‍ന്ന് ഡോ. ശ്രീരാഗിനെ കൊണ്ട് പരിശോധിപ്പിച്ചിരുന്നു. തുടര്‍ന്ന് വൈക്കം താലൂക്ക് ആശുപത്രിയില്‍ അപ്പെന്‍ഡിക്സ് ശസ്ത്രക്രിയ നിശ്ചയിച്ചു.
എന്നാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും ഓപ്പറേഷന്‍ നടത്തിയില്ല. ഇതേ തുടര്‍ന്നു, ഡോ. ശ്രീരാഗിനെ സമീപിച്ചു. ഡിസംബര്‍ 23 ന് വൈക്കം കെഎസ്ആര്‍ടിസി ഭാഗത്ത് ഇദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിലെത്തിയാണ് കണ്ടത്.
ഇതോടെ രോഗിയുടെ ബന്ധുവിനോട് ഇദ്ദേഹം അയ്യായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. ഇതോടെ ഇവരുടെ കൈവശമുണ്ടായിരുന്ന 2500 രൂപ പരാതിക്കാരി ഡോക്ടര്‍ക്കു കൈമാറി. തുടര്‍ന്നു ഡിസംബര്‍ 24 ന് തന്നെ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തി.
തുടര്‍ന്ന് വയറുവേദനയ്ക്ക് ശമനം ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഡോ. ശ്രീരാഗിനെ സമീപ്പിച്ചപ്പോള്‍ ഒരു ഓപ്പറേഷന്‍ കൂടി ചെയ്യണമെന്നും ഇതിനായി 2,500 രൂപ കൂടി ആവശ്യപ്പെടുകായിയായിരുന്നു. ഇതേ തുടര്‍ന്ന് തലയാഴം സ്വദേശിനി വിജിലന്‍സ് ഡിവൈഎസ്പി വി ജി രവീന്ദ്രനാഥിന് പരാതി നല്‍കി.
തുടര്‍ന്ന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, കിഴക്കന്‍ മേഖല കോട്ടയം പോലീസ് സൂപ്രണ്ട് വിജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് ഡിവൈഎസ്പി. വി ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍മാരായ റിജോ പി. ജോസഫ്, രാജേഷ് കെ.എന്‍., സജു എസ്. ദാസ്, എന്നിവരുള്‍പ്പെട്ട വിജിലന്‍സ് സംഘമാണ് ഡോ. ശ്രീരാഗിനെ പിടികൂടിയത്.
വിജിലന്‍സ് ഓഫീസില്‍ നിന്ന് നല്‍കിയ ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടി കവറിലാക്കിയ 2,500 രൂപ പരാതിക്കാരിയില്‍ നിന്നും തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ വൈക്കം കെഎസ്ആര്‍ടിസി ഭാഗത്തുള്ള സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയില്‍ വച്ച് ഡോ. ശ്രീരാഗ് എസ്ആര്‍ കൈപ്പറ്റി. ഈ തുക ഇയാളുടെ മേശ വലിപ്പില്‍ നിന്ന് കണ്ടെടുത്തു. പണം കണ്ടെടുത്തതിനു പിന്നാലെ വിജിലന്‍സ് സംഘം പ്രതിയെ പിടികൂടി.
ഗർഭിണിയായ മാതാവ് ആറുവയസുകാരൻ മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തീവ്രമത ഗ്രൂപ്പുകളിലേക്ക് എന്ന് സൂചന. കടുത്ത വിശ്വാസിയായിരുന്ന പ്രതിയായ ഷാഹിദയുടെ പശ്ചാത്തലം പോലീസ് അന്വേഷിക്കുകയാണ്. കുഞ്ഞിന്റെ കഴുത്തറുക്കുന്നതിന് മുമ്പ് മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന് ഷാഹിദ പറഞ്ഞ മൊഴി കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.
തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, അമ്മയ്ക്ക് മാനസിക വിഭ്രാന്തിയെന്ന അയൽവാസികളുടെ വാദം പോലീസ് തള്ളിക്കളഞ്ഞു.
ആറുവർഷം പുതുപ്പള്ളിത്തെരുവിലെ മദ്രസുത്തുൽ ഹുദാ ഇസ്ലാമിക് സെന്ററിലെ അധ്യാപികയായിരുന്നു ഷാഹിദ. ലോക്ക്ഡൗൺ കാലത്ത് അധ്യാപനം നിർത്തിവെച്ച ഇവർ മതപരമായ സമൂഹമാധ്യമ കൂട്ടായ്മകളിൽ സജീവമായിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തീവ്ര മതവിശ്വാസ ഗ്രൂപ്പുകളുടെ സ്വാധീനത്തിൽ ഷാഹിദ വഴിപ്പെട്ടു എന്നാണ് പോലീസ് സംശയിക്കുന്നത്. ഇത് സാധൂകരിക്കുന്ന ഗ്രന്ഥങ്ങളും മൊഴിയും പോലീസിന് ലഭിച്ചു. ഷാഹിദയുടെ ഫോണിൽ നിന്ന് അനുബന്ധ വിവരങ്ങൾ ശേഖരിക്കാനുളള ശ്രമങ്ങൾ പോലീസ് തുടങ്ങി.
ഷാഹിദ കൃത്യമായി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്ന് പോലീസ ്ഇതിനോടകം തന്നെ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് ഷാഹിദ ആവശ്യപ്പെട്ടപ്രകാരം പുതിയ കത്തിവാങ്ങി നൽകിയിരുന്നെന്ന് ഭർത്താവ് സുലൈമാൻ പോലീസിന് മൊഴിനൽകിയിട്ടുണ്ട്. സംഭവത്തിന്റെ തലേദിവസം ഷാഹിദ അയൽവീട്ടിൽ നിന്നാണ് പോലീസിന്റെ നമ്പർ വാങ്ങിയത്. പുലർച്ചെ ആറുമണിയോടെ കുഞ്ഞിനെ കൊലപ്പെടുത്തിയ ഷാഹിദ പോലീസിനെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.
പാലക്കാട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നത് ബോധപൂര്‍വമെന്ന് ഉറപ്പിച്ച് പൊലീസ്. ഇത് വ്യക്തമാക്കുന്ന എഫ്ഐആറിന്‍റെ പകര്‍പ്പ് പ്രമുഖ മാധ്യമം പുറത്തുവിട്ടു. കൃത്യം നടത്തിയ ശേഷം അമ്മ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് ജില്ലാ പൊലിസ് മേധാവി പറഞ്ഞു. പാലക്കാട് പൂളക്കാട് സ്വദേശി ഷാഹിദയാണ് മകൻ ആമിലിനെ ദാരുണമായി കൊലപ്പെടുത്തിയത്. പുലർച്ചെ നാലിനാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.
പുതുപ്പള്ളിത്തെരുവ് പൂളക്കാട് താമസിക്കുന്ന സുലൈമാന്റെ ഭാര്യ ഷാഹിദ മകൻ ആദിലിനെ കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ആൺ മക്കളിൽ ഏറ്റവും ഇളയവനായിരുന്നു ആറുവയസ്സുകാരൻ ആദിൽ. ഉറങ്ങിക്കിടന്ന കുട്ടിയുടെ കാലുകൾ കൂട്ടികെട്ടിയശേഷം വീട്ടിലെ ശുചിമുറിയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു. കാൽകൂട്ടി കെട്ടിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നതും. കൊലപാതകം നടത്തിയ ശേഷം അമ്മ ഷാഹിദ തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചത്.
ഇന്നലെ അടുത്തുള്ള വീട്ടിൽ നിന്ന് ജനമൈത്രി പൊലിസിന്‍റെ നമ്പർ വാങ്ങിയിരുന്നു. ദൈവത്തിനു വേണ്ടി മകനെ ബലി നൽകിയെന്നാണ് പൊലിസിനോട് അമ്മ പറഞ്ഞത്. കൊലപാതകം നടന്നത് ഭർത്താവോ മറ്റു മക്കളോ അറിഞ്ഞിരുന്നില്ല. ഇവർ മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. ഷാഹിദ ഇപ്പോൾ ഗർഭിണിയാണ്. ഏറെക്കാലം മദ്രസാ അധ്യാപികയായി ഷാഹിദ ജോലി ചെയ്തിട്ടുണ്ട്. ഭർത്താവ് സുലൈമാൻ ടാക്സി ഡ്രൈവറാണ്.
തമിഴ്‌നടൻ ശ്രീവാസ്തവ് ചന്ദ്രശേഖർ (30) സ്വവസതിയിൽ മരിച്ച നിലയിൽ. ചെന്നൈയിലെ വസതിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് നടനെ കണ്ടെത്തിയത്. നടന്റേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്.
ധനുഷിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്ത എന്നൈ നോക്കി പായും തോട്ടൈ എന്ന ചിത്രത്തിലൂടയൊണ് ശ്രീവാസ്തവ് പ്രശസ്തനായത്.
വലിമൈ തരായോ എന്ന വെബ്‌സീരീസിലും അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് താരത്തിന്റെ മരണവാർത്ത പുറത്തെത്തിയിരിക്കുന്നത്.
ചെന്നൈയിൽ നിന്നും തട്ടിക്കൊണ്ടുപോയ നാവികനെ മോചിപ്പിക്കാനായി ആവശ്യപ്പെട്ട പണം ലഭിക്കാത്തതിനെ തുടർന്ന് മുംബൈയിലെത്തിച്ച് ക്രൂരമായി കൊലപ്പെടുത്തി സംഘം. മഹാരാഷ്ട്രയിലെ പാൽഗറിൽ വെച്ചാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ട തുക ലഭിക്കില്ലെന്ന് വ്യക്തമായതോടെ തട്ടിക്കൊണ്ടുപോയ നാവികനെ അജ്ഞാത സംഘം തീകൊളുത്തി കൊന്നത്. സൂരജ് കുമാർ ദുബെയാണ് (26) കൊല്ലപ്പെട്ടത്. പൊള്ളലേറ്റ നിലയിൽ ഇയാളെ കണ്ടെത്തുമ്പോൾ ജീവനുണ്ടായിരുന്നു. പിന്നീട് മുംബൈയിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് 90 ശതമാനം പൊള്ളലേറ്റനിലയിൽ സൂരജിനെ പ്രദേശവാസികൾ കണ്ടെത്തിയത്. കോയമ്പത്തൂരിലെ ഐഎൻഎസ് അഗ്രാണി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനത്തിലുണ്ടായിരുന്ന സൂരജ് നിലവിൽ അവധിയിലായിരുന്നു.
സ്വദേശമായ റാഞ്ചിയിൽ നിന്നും ജനുവരി 30ന് ചെന്നൈ വിമാനത്തിൽ ഇറങ്ങിയ സൂരജിനെ ഒരു സംഘം ആളുകൾ കാറിൽ തട്ടിക്കൊണ്ടു പോയെന്നാണ് പോലീസ് പറയുന്നത്. മൊബൈൽ ഫോൺ തട്ടിയെടുത്ത സംഘം സൂരജിനെ വിട്ടുനൽകാൻ 10 ലക്ഷം രൂപ കുടുംബത്തോട് ആവശ്യപ്പെട്ടു. മൂന്ന് ദിവസം ചെന്നൈയിൽ തടവിൽ പാർപ്പിച്ച സൂരജിനെ പിന്നീട് പാൽഗറിലെ വനപ്രദേശമായ ഗോൽവാഡിൽ എത്തിക്കുകയായിരുന്നു.
പിന്നീട് പണം ലഭിക്കാത്തതിനെ തുടർന്ന് മണ്ണെണ്ണ ഒഴിച്ചാണ് ഇയാളെ കത്തിച്ചത്. സൂരജിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഗ്രാമീണരാണ് പോലീസിനെ വിവരമറിയിച്ചത്. സമീപത്തെ അശ്വിനി നാവിക ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പാൽഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.