Health

ഡെറാഡൂണ്‍: അര്‍ബുദ ബാധയുണ്ടെന്ന് തെറ്റിധരിച്ച് യുവതിയുടെ സ്തനം നീക്കം ചെയ്ത ആശുപത്രി അധികൃതര്‍ 18 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി. 2003ല്‍ ആഹൂജാസ് പത്തോളജി സെന്ററിലാണ് ചികിത്സാ പിഴവ് റിപ്പോര്‍ട്ട് ചെയ്തത്. സ്തനത്തിലുണ്ടായ വേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ യുവതിക്ക് അര്‍ബുദമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

ഇടത് സ്തനം ഉടന്‍ നീക്കം ചെയ്യണമെന്ന് യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തുടര്‍ന്ന് സ്തനം നീക്കം ചെയ്തുകൊണ്ടുള്ള ശസ്ത്രക്രിയയും നടന്നു. എന്നാല്‍ ഇതിനു ശേഷമാണ് യുവതിക്ക് അര്‍ബുദം ഉണ്ടായിരുന്നില്ലെന്ന് മനസ്സിലാവുന്നത്. ഗുരുതരമായ ചികിത്സാ പിഴവിനെതിരെ യുവതിയും കുടുംബവും കോടതിയെ സമീപിക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കോടതി വിധിയുണ്ടായിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം യുവതിയും കുടുംബവും അനുഭവിച്ച ശാരീരിക മാനസിക സംഘര്‍ഷങ്ങളും കണിക്കിലെടുത്താണ് 18 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിയുണ്ടായിരിക്കുന്നത്.

ലണ്ടന്‍: മൂന്ന് വര്‍ഷത്തോളം സഹിച്ച കടുത്ത നടുവേദനയില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ മുക്തി നേടിയ അനുഭവം വിവരിച്ച് 60കാരന്‍. ചാള്‍സ് സ്ലേറ്റര്‍ എന്നയാളാണ് ആത്മഹത്യയേക്കുറിച്ചു പോലും ചിന്തിച്ച ഘട്ടത്തില്‍ ശസ്ത്രക്രിയ രക്ഷിച്ച അനുഭവം പങ്കുവെക്കുന്നത്. ഇന്ത്യന്‍ വംശജനായ ഡോ.ദേബ് പാല്‍ നടത്തിയ ശസ്ത്രക്രിയയാണ് വിഷമഘട്ടത്തില്‍ നിന്ന് സ്ലേറ്ററിന് മുക്തി നല്‍കിയത്. ശസ്ത്രക്രിയകളും സ്റ്റിറോയ്ഡ് ഇന്‍ജെക്ഷനുകളും മോര്‍ഫീനും കൗണ്‍സലിംഗും കോഗ്നിറ്റീവ് തെറാപ്പിയുമൊക്കെ പൂര്‍ത്തിയാക്കിയിട്ടും ഡോക്ടര്‍മാര്‍ക്ക് സ്ലേറ്ററിന്റെ വേദനയ്ക്ക് ആശ്വാസം നല്‍കാന്‍ ആദ്യം കഴിഞ്ഞിരുന്നില്ല.

2014 ഓഗസ്റ്റില്‍ കിച്ചന്‍ എക്‌സ്‌റ്റെന്‍ഷന്‍ നിര്‍മിക്കുന്നതിനായി സിമന്റ് മിശ്രിതം ഉണ്ടാക്കിയപ്പോളാണ് ഇദ്ദേഹത്തിന് നടുവിന് പരിക്കേറ്റത്. 30 പൗണ്ട് വാടകയുണ്ടായിരുന്ന സിമന്റ് മിക്‌സര്‍ ഒഴിവാക്കാനുള്ള തീരുമാനം സ്ലേറ്ററിന് നല്‍കിയത് കടുത്ത നടുവേദനയും. മോര്‍ഫീന്‍ കുത്തിവെയ്പുകള്‍ പാതിമയങ്ങിയ അവസ്ഥയിലാണ് തന്നെ നടത്തിയത്. തന്റെ ഭാര്യക്ക് ഒരു ഭര്‍ത്താവിന് പകരം ഒരു രോഗിയെയാണ് കിട്ടിയതെന്നും സ്ലേറ്റര്‍ പറയുന്നു. തലയണകളുടെ കൂനയില്‍ ചാരിയിരുന്നാണ് താന്‍ രാത്രികള്‍ കഴിച്ചു കൂട്ടിയത്. പകലുകളില്‍ മിക്കവാറും കിടപ്പ് തന്നെയായിരുന്നു.

സ്പയര്‍ ലീഡ്‌സ് ഹോസ്പിറ്റലിലെ ന്യൂറോസര്‍ജനായ ദോബ് പാലിനെ കാണുന്നത് വരെ ഇതേ അവസ്ഥയിലായിരുന്നു താന്‍ തുടര്‍ന്നത്. ആന്‍ജിയോഗ്രാം പോലെയുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം 2016 ഡിസംബറില്‍ ശസ്ത്രക്രിയ ചെയ്യാമെന്ന് ഡോ.പാല്‍ അറിയിച്ചു. നട്ടെല്ലിന്റെ കശേരുക്കളില്‍ ഒന്ന് തെന്നിമാറിയതായിരുന്നു ഇദ്ദേഹത്തിന്റെ നടുവേദനയ്ക്ക് കാരണം. എസ്ട്രീം ലാറ്ററല്‍ ഇന്റര്‍ബോഡി ഫ്യൂഷന്‍ എന്ന ശസ്ത്രക്രിയാ രീതിയാണ് ഡോ.പാല്‍ ഉപയോഗിച്ചത്. യുകെയില്‍ വളരെ കുറച്ച് സര്‍ജന്‍മാര്‍ മാത്രമാണ് ഇത് ചെയ്യാറുള്ളത്.

വെറും മൂന്ന് സെന്റീമീറ്റര്‍ മാത്രമുള്ള മുറിവാണ് ഓപ്പറേഷനായി വേണ്ടി വന്നത്. ഇതിലൂടെ തെന്നിമാറിയ കശേരുവിന്റെ ഡിസ്‌കുകള്‍ എടുത്തു മാറ്റി, പകരം ബോണ്‍ ഗ്രാഫ്റ്റ് നിറച്ച പ്ലാസ്റ്റിക് ചട്ടക്കൂട് സ്ഥാപിച്ചു. ഒരു മണിക്കൂറിനുള്ളില്‍ കഴിയുന്ന ശസ്ത്രക്രിയക്ക് ശേഷം മിക്ക രോഗികള്‍ക്കും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി വിടാലവുന്നതാണ്. കഴിഞ്ഞ മേയിലാണ് സ്ലേറ്ററിന്റെ നട്ടെല്ലില്‍ ആദ്യ ശസ്ത്രക്രിയ നടത്തിയത്. രണ്ടാഴ്ചയ്ക്കു ശേഷം സ്‌ക്രൂകളും റോഡുകളും ഘടിപ്പിക്കുന്നതിനായി വീണ്ടും ആശുപത്രിയിലെത്തി. ഒരു മാസത്തിനുള്ളില്‍ വേദന പൂര്‍ണ്ണമായി മാറുകയും തനിക്ക് സ്വതന്ത്രമായി നടക്കാന്‍ കഴിയുകയും ചെയ്തതായി സ്ലേറ്റര്‍ പറഞ്ഞു.

ഗണ്യമായ വര്‍ധിച്ചുകൊണ്ടിരിക്കുന്ന വായു മലിനീകരണം യുകെയിലെ ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കി എംപിമാര്‍. വര്‍ധിച്ചു വരുന്ന വായു മലിനീകരണം ഏതാണ്ട് 40,000ത്തോളം അകാല മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കൂടാതെ മലനീകരണം രാജ്യത്തിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും എംപിമാര്‍ പറയുന്നു. ഏകദേശം 20 മില്ല്യണ്‍ പൗണ്ടാണ് രാജ്യത്തിന് മലിനീകരണത്തിലൂടെ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കായി ചെലവഴിക്കേണ്ടി വരുന്നതെന്നും അവര്‍ പറയുന്നു. വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ ഫലം കാണുന്നില്ലെന്നും മന്ത്രിമാര്‍ യഥാര്‍ഥ നേതൃത്വ ഗുണം കാണിക്കുന്നതില്‍ പരാജയപ്പെടുകയാണെന്നും നാല് പാര്‍ലമെന്ററി കമ്മറ്റി ഉള്‍പ്പെട്ട ജോയിന്റ് റിപ്പോര്‍ട്ട് ആരോപിക്കുന്നു. മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് വായു മലിനീകരണം ഉണ്ടാക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയാതിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് 40 എംപിമാര്‍ ഉള്‍പ്പെടുന്ന സംഘം വ്യക്തമാക്കുന്നു.

പതിനായിരങ്ങള്‍ക്ക് അകാല മരണം സമ്മാനിക്കുകയും സര്‍ക്കാര്‍ ഖജനാവിന് ബില്ല്യണ്‍ കണക്കിന് നഷ്ടങ്ങളുണ്ടാക്കുകയും ചെയ്യുന്ന മലനീകരണം അതീവ ഗൗരവത്തില്‍ പരിഹരിക്കേണ്ട വിഷയമാണ്. വായു മലിനീകരണം രാജ്യത്ത് ആരോഗ്യ അടിയന്താരവസ്ഥ സൃഷ്ടിച്ചിരിക്കുകയാമെന്നും എംപിമാര്‍ പറയുന്നു. വിഷ മുക്തമായ അന്തരീക്ഷത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുവാന്‍ തുടര്‍ന്നു വരുന്ന സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ലെന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഈ ഗുരുതര പ്രശ്‌നത്തെ നേരിടുന്ന സര്‍ക്കാര്‍ പോളിസികള്‍ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും എംപിമാര്‍ പറയുന്നു. ഇത് സംബന്ധിച്ച ജോയിന്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് തെരെഞ്ഞടുക്കപ്പെട്ട നാല് പാര്‍ലമെന്ററി കമ്മറ്റിയുടെ ഗ്രൂപ്പാണ്. എന്‍വിറോണ്‍മെന്റ് ഫുഡ് ആന്റ് റൂറല്‍ അഫേഴ്‌സ്, എന്‍വിറോണ്‍മെന്റ് ഓഡിറ്റ്, ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ കൂടാതെ ട്രാന്‍സ്‌പോര്‍ട്ട് എന്നീ കമ്മറ്റികളാണ് പുതിയ ജോയിന്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

പ്രശ്‌നങ്ങള്‍ എത്രയും പെട്ടന്ന് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് വാഹന നിര്‍മ്മാതാക്കള്‍ക്കും കൈമാറിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കാനും പെട്രോള്‍ ഡീസല്‍ കാറുകളില്‍ അത്തരം സംവിധാനങ്ങള്‍ കൊണ്ടുവരാനും കമ്മറ്റി നിര്‍ദേശിക്കുന്നു. 2030ഓടെ പെട്രോള്‍ ഡീസല്‍ കാറുകള്‍ നിരോധിക്കാനുള്ള ശ്രമത്തിലാണ് പാരീസ്. 2024ഓടെ ഡീസല്‍ കാറുകള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് നിര്‍ത്തലാക്കാന്‍ റോം തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യുകെയില്‍ 5.6 ശതമാനം കാറുകള്‍ മാത്രമാണ് നിലവില്‍ അന്തരീക്ഷ മലനീകരണം കുറയ്ക്കാന്‍ പാകത്തിനുള്ള ഇന്ധനം ഉപയോഗിക്കുന്നവയുള്ളു. വിവാദമായ പെട്രോള്‍ ഡീസല്‍ കാറുകളുടെയും വാനുകളുടെയും വില്‍പ്പന 2040തിന് മുന്‍പ് യുകെയില്‍ നിരോധിക്കുമെന്നും മറ്റേതു യൂറോപ്യന്‍ രാജ്യങ്ങളെക്കാളും ഒരുപടി മുന്നിലാണ് മലനീകരണ നിയന്ത്രണത്തില്‍ യുകെയെന്ന് സര്‍ക്കാര്‍ വക്താവ് വിശദീകരിച്ചു.

11 വയസുകാരിയുടെ കണ്ണില്‍ നിന്ന് തുടര്‍ച്ചയായി ഉറുമ്പുകള്‍ പുറത്തേക്ക് വരുന്നു. ഇതിന്റെ കാരണം കണ്ടുപിടിക്കാനാകാതെ കുഴയുകയാണ് ഡോക്ടര്‍മാര്‍. ബെല്‍ത്തങ്ങാടി സ്വദേശി അശ്വിനിയുടെ കണ്ണില്‍ നിന്നാണ് നിരന്തരം ഉറുമ്പുകള്‍ വരുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഉറക്കം എഴുന്നേറ്റപ്പോള്‍ മുതല്‍ കണ്ണിന് കടുത്ത വേദന അനുഭവപ്പെട്ടിരുന്നു.

മാതാപിതാക്കളോട് കാര്യം പറഞ്ഞപ്പോഴാണ് കണ്ണിനുള്ളില്‍ ഉറുമ്പ് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. എന്നാല്‍ ഉറക്കത്തിനുള്ളില്‍ കണ്ണിനുള്ളില്‍ പോയതാകാമെന്ന് കരുതി ഇവര്‍ അത് എടുത്തുകളയുകയും ചെയ്തു. എന്നാല്‍ പിന്നീടും കണ്ണു വേദനിക്കാന്‍ തുടങ്ങിയതോടെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകുകയായിരുന്നു. നിലവില്‍ 60 ഓളം ഉറുമ്പുകളാണ് കുട്ടിയുടെ കണ്ണില്‍ നിന്നു പുറത്തു വന്നത്.

കണ്ണില്‍ ഒഴിക്കാന്‍ മരുന്നു നല്‍കിയിട്ടും മാറ്റമുണ്ടായില്ല. ഉറുമ്പ് പുറത്ത് വരുമ്പോള്‍ കണ്ണിനു സഹിക്കാന്‍ പറ്റാത്ത നീറ്റല്‍ ഉണ്ടാകുമെന്ന് കുട്ടി പറയുന്നു. ഒരു ദിവസം അഞ്ചും ആറും ഉറുമ്പുകളാണ് കണ്ണിനുള്ളില്‍ നിന്ന് പുറത്തേക്ക് വരുന്നത്. എന്നാല്‍ ഇത് എന്തു കൊണ്ടു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ഡോക്ടര്‍മാര്‍ക്ക് ഒരു ധാരണയും ഇല്ല. ചെവിയിലൂടെയാകണം ഉറുമ്പ് അകത്തു പ്രവേശിക്കുന്നത് എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

ലോകത്തിലെ ഏറ്റവും മികച്ച ക്ഷീരകര്‍ഷകരുള്ള രാജ്യങ്ങളില്‍ ഒന്നാണ് നെതര്‍ലന്‍ഡ്. ചെറിയ രാജ്യമായിരുന്നിട്ടു കൂടി പാലിന്റെയും പാലുത്പന്നങ്ങളുടെയും കയറ്റുമതിയില്‍ ലോകത്ത് അഞ്ചാം സ്ഥാനമാണ് നെതര്‍ലന്‍ഡിനുള്ളത്. അതേ രാജ്യം തന്നെയാണ് ചാണകം കാരണം പ്രതിസന്ധിയിലായിരിക്കുന്നത്.

18 ലക്ഷം പശുക്കളാണ് നെതര്‍ലാന്‍ഡിലുള്ളത്. ഇന്ധനമായോ മറ്റേതെങ്കിലും രീതിയിലോ ചാണകം വീണ്ടും ഉപയോഗിക്കാന്‍ രാജ്യം ശ്രമിക്കാത്തതാണ് പ്രശ്‌നമായിരിക്കുന്നത്.

ഫാമുകളില്‍ ചാണകം കുമിഞ്ഞു കൂടിയിരിക്കുകയാണ്. ഇതോടെ മറ്റൊരു മാര്‍ഗവുമില്ലാതെ ചാണം അനധികൃതമായി പുറന്തള്ളുകയാണ് കര്‍ഷകര്‍ ചെയ്യുന്നത്. എന്നാല്‍ ഇതോടെ ഫോസ്ഫറസ് മൂലം ഭൂഗര്‍ഭ ജലമലിനീകരണം വ്യാപകമാവുകയും അമോണിയ വര്‍ധിച്ചതിലൂടെ വായുമലിനീകരണം ഉയരുകയും ചെയ്യുകയാണ്. ഫോസ്ഫറസിന്റെയും അമോണിയയുടെയും നിയന്ത്രണത്തിനായി യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം രാജ്യത്ത് ലംഘിക്കപ്പെട്ടു കഴിഞ്ഞു.

പ്രശ്‌നം ഗുരുതരമാകുമെന്ന് ഉറപ്പായതോടെ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ചില നിര്‍ദ്ദേശങ്ങള്‍ നെതര്‍ലന്‍ഡിന് മുന്നില്‍ വച്ചിരിക്കുകയാണ്. രാജ്യത്തെ പശുക്കളുടെ എണ്ണത്തില്‍ 10 വര്‍ഷത്തിനുള്ളില്‍ 40 ശതമാനം കുറവു വരുത്തണമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാന നിര്‍ദ്ദേശം. ഈ സമയം കൊണ്ടു തന്നെ പശുക്കളുടെ ചാണകം സംസ്‌കരിച്ച് വിവിധ രീതിയില്‍ പുനരുപയോഗം ചെയ്യാന്‍ രാജ്യം തയ്യാറാകണമെന്നും വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് പറയുന്നു.

ഈ പഴത്തില്‍ ലിസെറ്ററിയ എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണ് ഈ റിപ്പോര്‍ട്ട്. പഴം കഴിച്ച മൂന്നുപേര്‍ ബാക്ടീരിയ ബാധയെ തുടര്‍ന്നു മരണപ്പെടുകയുണ്ടായി. 12 പേരില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്നും അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നടപടി. ഇത്തരം പഴങ്ങള്‍ പൊതുജനങ്ങള്‍ ഭക്ഷിക്കരുത് എന്നും മുന്നറിയിപ്പുണ്ട്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഷമാം പഴത്തിന് (റോക്ക് മെലണ്‍, സ്വീറ്റ് മെലണ്‍) യു എ ഇ യില്‍ വിലക്ക്. ഇവ യു എ ഇ വിപണിയില്‍ നിന്നും പിന്‍വലിക്കാനും നീക്കം ചെയ്യാനും യു എ ഇ കാലാവസ്ഥ വ്യതിയാന പാരിസ്ഥിതിക വകുപ്പാണ് ഉത്തരവിട്ടത്.

 

സ്വന്തം ലേഖകന്‍: 

ഇസ്ലാമബാദ് : കാന്‍സറിനു കാരണമാകുന്നു എന്ന കാരണത്താല്‍ ഹോട്ടലുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന അജിനോമോട്ടോയ്ക്ക് പാകിസ്ഥാന്‍ നിരോധനമേര്‍പ്പെടുത്തി . പാക്കിസ്ഥാന്‍ സുപ്രീംകോടതിതിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.. അജിനോമോട്ടോ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും അതിനാല്‍ രാജ്യത്ത് ഇവയുടെ വില്‍പന, ഇറക്കുമതി, കയറ്റുമതി എന്നിവ നിരോധിക്കുന്നുവെന്നും കോടതി ഉത്തരവിട്ടു.

പാക്കിസ്ഥാനില്‍ ചൈനീസ് ഉപ്പ് എന്ന പേരിലും അറിയപ്പെടുന്ന അജിനോമോട്ടോ (മോണോസോഡിയം ഗ്ലൂട്ടാമേറ്റ്) ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പ്രത്യേകിച്ച്‌ മാംസം പാചകം ചെയ്യുമ്പോള്‍ രുചിയും മണവും കൂട്ടുന്നതിനായ് ഉപയോഗിക്കുന്നതാണ്. ഇവ ആരോഗ്യത്തിന് അപകടമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ചൈനയില്‍ നിന്നാണ് അജിനോമോട്ടോ മറ്റ് രാജ്യങ്ങളില്‍ വിപണിയില്‍ എത്തുന്നത്.

പാക്ക് ചീഫ് ജസ്റ്റിസ് മിയാന്‍ സഖീബ് നിസാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് അജിനോമോട്ടോ ഉപ്പ് ഉപയോഗത്തിനെതിരെയുള്ള കേസിന്റെ വാദം കേട്ടത്. പ്രശ്നം പരിഹരിക്കാന്‍ പാക്ക് പ്രധാനമന്ത്രി ഷാഹിദ് ഖഖന്‍ അബ്ബാസിയോട് കാബിനറ്റില്‍ ഈ വിഷയം ചര്‍ച്ച നടത്താന്‍ ജസ്റ്റിസ് നിസാര്‍ അറിയിച്ചു.

കിഴക്കന്‍ പഞ്ചാബ്, വടക്ക് പടിഞ്ഞാറന്‍ ഖൈബര്‍ പക്തൂണ്‍ഖ്വ, തെക്കന്‍ സിന്ധ് എന്നി മൂന്ന് പ്രവിശ്യകളില്‍ നേരത്തെ അജീനൊമൊട്ടോയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നടത്തിയ പഠനങ്ങളുടെയും , പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ജനുവരിയില്‍ പഞ്ചാബ് ഫുഡ് അതോറിറ്റി ‘ചൈനീസ് ഉപ്പ്’ നിരോധിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

അജിനോമോട്ടോയുടെ വില്‍പന , ഇറക്കുമതി, കയറ്റുമതി എന്നിവ നിരോധനം അനുസരിക്കാതെ നടത്തിയാല്‍ കര്‍ശനമായ നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു.

സാധാരണ നിലയിലുള്ള ടൈപ്പ്-1, ടൈപ്പ്-2 മാത്രമല്ല പ്രമേഹ രോഗം അഞ്ച് തരമുണ്ടെന്ന് വെളിപ്പെടുത്തലുമായി പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. നിലവിലുള്ള രണ്ട് തരമല്ലാതെ കൗമാരത്തില്‍ അഞ്ച് തരം പ്രമേഹ രോഗം നിങ്ങളെ പിടികൂടാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. പ്രമേഹ രോഗത്തിലെ പുതിയ കാറ്റഗറികള്‍ മനസ്സിലാക്കുന്ന ഡോക്ടര്‍മാര്‍ക്ക് മികച്ച ചികിത്സ നടത്തുന്നതിനും സഹായിക്കുമെന്നും ഇത് ചികിത്സാ രീതിയെ തന്നെ മാറ്റാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ജീവനു തന്നെ ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള രോഗമാണ് പ്രമേഹം. ഇതിന് ഫലപ്രദമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ വലിയ അപകടങ്ങള്‍ ഉണ്ടായേക്കാം. ഫലപ്രദമായി ചികിത്സാ രീതിയെ കണ്ടെത്തുന്നതിന് പുതിയ കാറ്റഗറികള്‍ തിരിച്ചറിയുന്നത് സഹായകമാവും. ഇത് ചികിത്സയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതുമാണ്.

സാധാരണഗതിയില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുള്ള രണ്ട് തരം പ്രമേഹ രോഗങ്ങളാണ് ഉള്ളത് ഇതില്‍ ടൈപ്പ്-1 അപകടകാരിയാണ്. ബാല്യത്തില്‍ തന്നെ ടൈപ്പ്-1 കണ്ടെത്തിയേക്കാം. ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കുന്ന ഇന്‍സുലിന്‍ ഉത്പാദനം നിലയ്ക്കുന്നതാണ് ടൈപ്പ്-1. ഇത്തരം രോഗികകള്‍ക്ക് ഇന്‍സുലിന്‍ നേരിട്ട് കുത്തിവെക്കുകയാണ് ചെയ്യാറ്. രണ്ടാമത്തെ കാറ്റഗറിയായ ടൈപ്പ്-2 അത്ര അപകടകാരിയല്ല. പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്ന ഇന്‍സുലിന്‍ ചെറിയ തോതില്‍ ശരീരം ഉത്പാദിപ്പിക്കുമെങ്കിലും മൊത്തം ആവശ്യത്തിന് ഇവ തികയാതെ വരുന്ന അവസ്ഥയാണിത്. ടൈപ്പ്-1ലും ഗ്ലൂക്കോസിന്റെ അളവ് ശരീരത്തില്‍ കുത്തനെ കൂടാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. സാധാരണഗതിയില്‍ ടൈപ്പ്-1 രോഗികള്‍ക്ക് ഭക്ഷണത്തിലെ ക്രമീകരണവും മരുന്നുകളുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറ്.

18 മുതല്‍ 97 വയസ്സുവരെയുള്ള പുതിയതായി രോഗം കണ്ടെത്തിയിട്ടുള്ള ആളുകളിലാണ് പഠനം നടത്തിയിരിക്കുന്നത്. ഇന്‍സുലിന്‍ ഉത്പാദനത്തിലെ അളവിന്റെ വ്യത്യാസം കണക്കിലെടുത്ത് കാറ്റഗറി മാറുമെന്ന് പഠനം പറയുന്നു. നമ്മുടെ കാഴ്ച്ച ശക്തി നശിക്കാനും കിഡ്‌നി തകരാറിലേക്ക് നയിക്കാനും അതുപോലെ സ്‌ട്രോക്ക് വരാനുമുള്ള സാധ്യതകള്‍ പ്രമേഹ രോഗികളില്‍ കൂടുതലാണ്. ലോകത്ത് ഏകദേശം 420 മില്ല്യണ്‍ ആളുകള്‍ പ്രമേഹ രോഗത്താല്‍ ബുദ്ധിമുട്ടുന്നവരാണ്. ഇന്റര്‍ നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്റെ കണക്കുകള്‍ പ്രകാരം 2045 ഓടെ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. വരും കാലഘട്ടത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം 629 മില്ല്യണിലേക്ക് ഉയരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ടൈപ്പ്-2 അപകടമേറിയതാണ്. പ്രമേഹത്തിലെ പതിറ്റാണ്ടുകളായി മാറ്റപ്പെടാതെ കിടക്കുന്ന കാറ്റഗറിയാണ് പുതിയ പഠനത്തിന്റെ വെളിച്ചത്തില്‍ വ്യത്യാസം വന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക്

എൻഎച്ച്എസ് പ്രിസ്ക്രിപ്ഷൻ ചാർജ് വർദ്ധിപ്പിക്കാൻ ഗവൺമെന്റ് തീരുമാനിച്ചു. ഇനി മുതൽ ഓരോ പ്രിസ്ക്രിപ്ഷനും £8.80 നല്കണം. കൂടിയ നിരക്ക് നിലവിൽ വരുന്നത് ഏപ്രിൽ മുതലായിരിക്കും. 2.3 ശതമാനം വർദ്ധനയാണ് ഗവൺമെൻറ് വരുത്തിയിരിക്കുന്നത്. നിലവിൽ £8.60 ആണ് നിരക്ക്. ഇംഗ്ലണ്ടിൽ മാത്രമേ പ്രിസ്ക്രിപ്ഷന് ചാർജ് ഈടാക്കുന്നുള്ളു. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ പ്രിസ്ക്രിപ്ഷൻ സൗജന്യമാണ്. മുൻകൂട്ടി മൂന്നു മാസത്തെ ചാർജായ 29.10 പൗണ്ട് അടയ്ക്കുന്നവർക്ക് നിരക്ക് വർദ്ധനയില്ല. വാർഷിക പ്രിസ്ക്രിപ്ഷൻ ചാർജായ 104 പൗണ്ട് നിരക്കിലും വർദ്ധന വരുത്തിയിട്ടില്ല.

നിരവധി പ്രിസ്ക്രിപ്ഷനുകൾ സ്ഥിരമായി ആവശ്യം വരുന്നവരെ ബാധിക്കാത്ത രീതിയിലാണ് വർദ്ധന നടപ്പാക്കുന്നതെന്ന് ഗവൺമെന്റ് പറഞ്ഞു. കുട്ടികൾക്കും 60 വയസിനു മുകളിൽ പ്രായമുള്ളവർക്കും പ്രത്യേക മെഡിക്കൽ കണ്ടീഷൻ ഉള്ളവർക്കും നിലവിൽ ലഭിക്കുന്ന സൗജന്യ പ്രിസ്ക്രിപ്ഷൻ ഇനിയും തുടരും. എന്നാൽ ദീർഘകാല ചികിത്സകൾക്ക് വിധേയരാകുന്നവർക്ക് നിരക്ക് വർദ്ധന സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്ന് ചാർജ് വർദ്ധനയ്ക്കെതിരെ കാമ്പയിൻ നടത്തുന്നവർ പറയുന്നു.

രോഗങ്ങൾ മൂലം ഫുൾ ടൈം ജോലി ചെയ്യാൻ കഴിയാത്തവർക്ക് ചെറിയ വർദ്ധന പോലും താങ്ങാനാവില്ല. ചാർജുകൾ ഇളവു ചെയ്തു കൊടുക്കുന്നതിനു പകരം കുറഞ്ഞ വരുമാനമുള്ളവരുടെ മേൽ അവശ്യ സർവീസുകൾക്ക് കൂടുതൽ നിരക്ക് ഈടാക്കുന്നത് ശരിയായ നടപടിയല്ല എന്ന് കാമ്പയിനേഴ്സ് പറഞ്ഞു.

ആധുനിക ചികിത്സ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴി തുറന്ന് ബ്രെയിന്‍ മെഷീന്‍. ഓട്ടിസം ബാധിച്ചവര്‍ക്ക് പരിശീലനം നല്‍കുന്നതിനടക്കം ബ്രെയിന്‍ മെഷീന്‍ ഉപയോഗിക്കാം. ഹൃദയാഘാതം നേരത്തെ അറിയാനുള്ള നാനോ ബയോ സെന്‍സര്‍ എന്ന ഉപകരണത്തിനും സാധ്യതകളേറുകയാണ്.

അമേരിക്കയിലെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാനോടെക്നോളജിയാണ് ബ്രെയിന്‍ മെഷീനും നാനോ ബയോ സെന്‍സറും വികസിപ്പിച്ചെടുത്തത്. നെറ്റിയോട് ചേര്‍ത്തുവെക്കുന്ന ബ്രയിന്‍ മെഷീന്‍ ഇ.ഇ.ജി തരംഗങ്ങളെ വേര്‍തിരിച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി റോബോര്‍ട്ടിലേക്കെത്തിക്കും. ചിന്തകള്‍ക്കനുസരിച്ചും, കണ്ണിന്‍റെ ചലനങ്ങള്‍ക്കനുസരിച്ചും റോബോര്‍ട്ട് പ്രവര്‍ത്തിക്കും.

തുണിയില്‍ ഘടിപ്പിക്കാവുന്ന നാനോ ബയോ സെന്‍സര്‍ ഹൃദയാഘാതമടക്കമുള്ള അപകടങ്ങളെ കുറിച്ചടക്കം മുന്നറിയിപ്പ് നല്‍കും. സാങ്കേതികവിദ്യ ഇന്ത്യയില്‍ സജീവമാക്കാന്‍ ചെന്നൈയിലെ വിനായക മിഷന്‍ റിസര്‍ച്ച് ഫൗണ്ടേഷനുമായി ജി.ഐ.എന്‍.ടി ധാരണപത്രം ഒപ്പുവച്ചു.

RECENT POSTS
Copyright © . All rights reserved