Kerala

കൊച്ചി: കൊതുക് നിവാരണ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി കൊച്ചിയിലെ ജനങ്ങളെ പകര്‍ച്ചവ്യാധികളില്‍ നിന്നും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 14 ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 6 മണി വരെയും കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ ആം ആദ്മികള്‍ കൊതുക് വല കെട്ടി ധര്‍ണ്ണ നടത്തുന്നു. ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊച്ചി, ഇന്ന് കൊതുക് ശല്യം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന കേരളത്തിലെ ഒരേയൊരു പ്രദേശമാണ്. ഇക്കാരണത്താല്‍ നിസ്സഹായരായ ജനങ്ങള്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ ഒട്ടനവധിയാണ്.

അസഹ്യമായ വേനല്‍ ചൂട് അനുഭവപ്പെടുന്ന ഈ സമയത്തു കൊതുക് ശല്യം അധികരിച്ചപ്പോള്‍ സുഖനിദ്ര ലഭിക്കാതെ, പകല്‍ കാര്യക്ഷമമായ് ജോലി ചെയ്യുന്നതിനോ, യാത്ര ചെയ്യുന്നതിനോ മറ്റു കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനോ ആവാതെ ജനങ്ങള്‍ കഠിന ദുരിതമനുഭവിക്കുകയാണ്. കൊതുക് പരത്തുന്ന സാംക്രമിക രോഗങ്ങള്‍ ജനങ്ങളെ മരണത്തിലേക്ക് വരെ നയിക്കുന്നു. അശാസ്ത്രീയമായ കാനനിര്‍മാണവും കാനയുടെ കാര്യക്ഷമമായ ശുചീകരണമില്ലായ്മയും കാനകളില്‍ കൃത്യമായി മരുന്ന് തളിക്കാതെ മുക്കിലും മൂലയിലും വരെ മാലിന്യങ്ങള്‍ കുന്ന് കൂടി ജീവിതം ദുസ്സഹമാക്കി നാടാകെ വൃത്തിഹീനമായിരിക്കുന്നു.

പല പദ്ധതികള്‍ വഴി ഒട്ടേറെ പണം ആവശ്യത്തിനും അനാവശ്യത്തിനും ചെലവഴിച്ചിട്ടും കൊതുക് നിര്‍മാര്‍ജനം സാധ്യമാകാത്തത് ഉദ്യോഗസ്ഥരുടെ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്ന് ആം ആദ്മി പാര്‍ട്ടി പറയുന്നു. ബന്ധപെട്ട അധികാരികള്‍ സത്വര നടപടികള്‍ കൈകൊള്ളാത്തതും മേല്‍നോട്ടംകാര്യക്ഷമമായി നിര്‍വഹിക്കാത്തതും താല്പര്യക്കുറവും ജനങ്ങളെ കഷ്ടപെടുത്തുകയാണ്. മാലിന്യ നിര്‍മാജനത്തിനായി കോടികള്‍ ചെലവഴിച്ചു വാങ്ങിയ ഷാസികള്‍ വെയിലും മഴയും ഏറ്റു നശിച്ചു പോകുന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഈ വിഷയത്തില്‍ നടപടികളൊന്നും സ്വീകരിക്കാത്ത് കൊച്ചി കോര്‍പ്പറേഷനില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണ പക്ഷവും പ്രതിപക്ഷവും ജനങ്ങളോട് ചെയ്യുന്ന വഞ്ചന എടുത്തു കാട്ടുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വനങ്ങളിലെ ട്രെക്കിംഗിന് നിരോധനം. കുരങ്ങിണി മലയിലെ കാട്ടുതീ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വന്യജീവി സങ്കേതങ്ങളിലെ ട്രെക്കിംഗിനാണ് താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.

ഇതിനൊപ്പം വനമേഖലകളിലെ വിനോദ സഞ്ചാരത്തിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. തേനിയില്‍ നിന്ന് കുരങ്ങിണിമല വഴി ട്രെക്കിംഗിനെത്തിയവര്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെയാണ് കാട്ടില്‍ പ്രവേശിച്ചത്. സംസ്ഥാനത്ത് പല ഭാഗങ്ങളിലും കാട്ടുതീ പടര്‍ന്നു പിടിക്കുന്നതും തീരുമാനത്തിന് കാരണമായിട്ടുണ്ട്.

സംസ്ഥാനത്ത് വനമേഖലകളില്‍ വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നതിന് നിയന്ത്രണം വേണമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും പാക്കേജ് ഓപ്പറേറ്റര്‍മാര്‍ക്കും ടൂറിസം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേനല്‍ കടുത്തതോടെ കാട്ടുതീ പടരാനുള്ള സാധ്യത, മൃഗങ്ങള്‍ ജലാശയങ്ങള്‍ തേടി പുറത്തേക്കു വരാനുള്ള സാധ്യത തുടങ്ങിയവയും പരിഗണിച്ചാണ് ട്രെക്കിംഗിന് നിരോധനം ഏര്‍പ്പെടുത്തിയത്.

കൊച്ചി: അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തില്‍ സീറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കിക്കൊണ്ടാണ് കേസെടുത്തിരിക്കുന്നത്. വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയവയ്ക്കാണ് കേസ്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഫാ.ജോഷി പുതുവ രണ്ടാം പ്രതിയും ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍ സജു വര്‍ഗീസ് എന്നിവര്‍ മൂന്നും നാലും പ്രതികളുമാകും.

കോടതിയുത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാര്‍ ആലഞ്ചേരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഭൂമിയിടപാട് വിവാദത്തില്‍ പേലീസിന് കേസെടുക്കാമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഇതിനെതിരെയാണ് മാര്‍ ആലഞ്ചേരി ഹര്‍ജി വനല്‍കിയിരിക്കുന്നത്.

നേരത്തേ കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് കോടതി ഉന്നയിച്ചത്. കര്‍ദിനാള്‍ രാജാവല്ലെന്നും രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് വിധേയനാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിധി പുറത്ത് വന്ന് മൂന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസെടുക്കാത്തതിനെത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പരാതിക്കാര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

കൊച്ചി: നടി ആക്രമണത്തിനിരയായ കേസില്‍ വിചാരണ നടപടികള്‍ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. കേസില്‍ പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നടിയെ ആക്രമിച്ചപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഈ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ വിചാരണ നീട്ടിവെക്കണമെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ വിചാരണ വൈകിപ്പക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ബുധനാഴ്ച മുതല്‍ വിചാരണ ആരംഭിക്കുമെന്നാണ് കരുതുന്നത്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക.

പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച പല തെളിവുകളും ലഭിക്കാനുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു. ദൃശ്യങ്ങളും തെളിവുകളും ലഭിക്കേണ്ടത് തന്റെ അവകാശമാണെന്നും അവ നല്‍കാതെ വിചാരണ ആരംഭിക്കരുതെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. ഹര്‍ജി മാര്‍ച്ച് 21ന് വീണ്ടും പരിഗണിക്കാനായി മാറ്റി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപി തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ശക്തമായ രാഷ്ട്രീയ തിരിച്ചടി നല്‍കാന്‍ തയ്യാറെടുത്ത് ബിഡിജെഎസ്. ചെങ്ങന്നൂരില്‍ ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ശതമാനത്തില്‍ കുറവുണ്ടാകുമെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ഇതോടെ ഉപതെരെഞ്ഞടുപ്പില്‍ ബിഡിജെഎസ് ബിജെപിയുടെ കാലുവാരുമെന്ന് ഉറപ്പായിട്ടുണ്ട്. ബിജെപിയുടെ നിലപാടാണ് മുന്നണിയെ ശിഥിലമാക്കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ മാത്രമാണ് ബിജെപി കേന്ദ്ര നേതൃത്വത്തോട് ബിഡിജെഎസ് ആവശ്യപ്പെട്ടത്. രാജ്യസഭാ സീറ്റ് ആവശ്യപ്പെടാത്തതിനാല്‍ നിരാശയില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യസഭാ സീറ്റിനായുള്ള ബിഡിജെഎസിന്റെ അവകാശവാദം ബിജെപി നേതൃത്വം നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് കേരളത്തിലെ മുതിര്‍ന്ന നേതാവ് വി.മുരളീധരനെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരനെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്.

18 പേരടങ്ങുന്ന രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പേര് വിവരങ്ങള്‍ ബിജെപി ഇതിനോടകം പുറത്തുവിട്ട് കഴിഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിക്ക് സീറ്റ് നല്‍കിയാല്‍ സംസ്ഥാന ഘടകത്തില്‍ നിന്നും കടുത്ത എതിര്‍പ്പുകളുണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണ് രാജ്യസഭാ സീറ്റിലേക്ക് വി മുരളിധരനെ കേന്ദ്രം പരിഗണിക്കുന്നത്. അതേസമയം വാഗ്ദാനം ചെയ്ത പദവികള്‍ തന്നില്ലെങ്കില്‍ മുന്നണി വിടുമെന്ന് ബിഡിജെഎസ് നിലപാടറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം പതിനാലിന് നടക്കുന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് ബിഡിജെഎസ് വ്യക്തമാക്കി.

കൊച്ചി: നടി ആക്രമിച്ച കേസിന്റെ വിചാരണ നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവിശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ ഇപ്പോള്‍ തുടരുന്ന കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപിന്റെ അപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും.

കേസില്‍ അടുത്ത ബുധനാഴ്ച്ച വിചാരണ ആരംഭിക്കാനിരിക്കെയാണ് പുതിയ ഹര്‍ജിയുമായി ദിലീപ് രംഗത്തു വന്നിരിക്കുന്നത്. നേരത്തെ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവും ദൃശ്യങ്ങളുടെ എഴുതി തയ്യാറാക്കിയ വിവരങ്ങളും തനിക്ക് പരിശോധിക്കാന്‍ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജി നടന്‍ സമര്‍പ്പിച്ചിരുന്നു. ഇരു ഹര്‍ജികളും ഒരേ സമയത്ത് തന്നെ പരിഗണിക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

ബുധനാഴ്ച്ച വിചാരണ നടപടികള്‍ ആരംഭിക്കുന്ന സമയത്ത് മുഴുവന്‍ പ്രതികളും ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. അതീവ പ്രാധ്യാന്യമര്‍ഹിക്കാത്ത ചില സിസിടിവി ദൃശ്യങ്ങളും രേഖകളും കോടതി ഉത്തരവിനെ തുടര്‍ന്ന് നേരത്തെ പോലീസ് ദിലീപിന് കൈമാറിയിരുന്നു. എന്നാല്‍ നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്ന നിലാപാടിലാണ് അന്വേഷണ സംഘം.

തൃശൂര്‍: ആന പ്രേമികളുടെ പ്രിയങ്കരനായ തിരുവമ്പാടി ശിവസുന്ദര്‍ ചെരിഞ്ഞു. കഴിഞ്ഞ രണ്ടര മാസത്തോളം നീണ്ടു നിന്ന ചികിത്സ ഫലിക്കാതെ വന്നതോടെയാണ് ശിവസുന്ദര്‍ ചെരിഞ്ഞത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വര്‍ഷങ്ങളായി തൃശ്യൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നത് ശിവസുന്ദറാണ്.

ആന പ്രേമികളുടെ ഹരമായിരുന്ന തിരുവമ്പാടി ശിവസുന്ദറിനെ 2003ലാണ് വ്യവസായിയായ ടി. എ. സുന്ദര്‍മേനോന്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ നടയിരുന്നത്. ഏതാണ്ട് 15 വര്‍ഷത്തോളം തിരുവമ്പാടി വിഭാഗത്തിന് തലയെടുപ്പ് ശിവസുന്ദറായിരുന്നു. നിരവധി പേരാണ് അവസാനമായി ആനയെ കാണാന്‍ എത്തികൊണ്ടിരിക്കുന്നത്.

ആനകളുടെ നേതൃത്വത്തില്‍ ശിവസുന്ദറിന് ആദരാഞ്ജലികളര്‍പ്പിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയോടെ കോടനാട് നിര്‍വഹിക്കും.

മലയാറ്റൂര്‍ കുരിശുമുടി പള്ളി വികാരി ഫാ.സേവ്യര്‍ തേലക്കാട്ടിന്റെ കൊലപാതകത്തില്‍ ഗുരുതര ആരോപണവുമായി അഡ്വ.എ ജയശങ്കര്‍. മുന്‍ കപ്യാരായിരുന്ന ജോണി പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ കൊല നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍ ജോണിയെ കരുവാക്കിയതാണെന്ന ആരോപണമാണ് ജയശങ്കര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ഗുരുതര ആരോപങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കപ്യാരുടെ കുത്തേറ്റു മരിച്ച മലയാറ്റൂര്‍ പളളി വികാരി ഫാ സേവ്യര്‍ തേലക്കാടിനെ കുറിച്ചാണ് ഈ കുറിപ്പ്.

വളരെ സത്യസന്ധനും നിര്‍ഭയനുമായിരുന്നു, ഫാ തേലക്കാട്. അതുകൊണ്ട് തന്നെയാണ് കാലംചെയ്ത കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, അദ്ദേഹത്തെ കുഴപ്പം പിടിച്ച മലയാറ്റൂര്‍ പളളിയിലേക്ക് അയച്ചത്.
കോടിക്കണക്കിന് രൂപ വന്നു മറിയുന്നയിടമാണ് മലയാറ്റൂര്‍ പളളി. വരുമാനം വീതിക്കുന്നതു സംബന്ധിച്ച് ഇടവകയും അതിരൂപതയും തമ്മില്‍ തര്‍ക്കവും വക്കാണവും നിലനിന്നിരുന്നു. തേലക്കാട്ടച്ചന്‍ വികാരിയായി വന്നതോടെ വരുമാനം കുറഞ്ഞുപോയ ഒരു വിഭാഗം, പ്രതികാര നിര്‍വഹണത്തിനു കപ്യാരെ കരുവാക്കിയതാണോ?

അനിയന്ത്രിതമായ പാറപൊട്ടിക്കല്‍ മലയാറ്റൂര്‍ മലയുടെ നിലനില്പു തന്നെ അപകടത്തിലാക്കിയിരിക്കുന്നു.മലയാറ്റൂര്‍ ഇല്ലിത്തോട് മേഖലയില്‍ ജാതി, മത, പാര്‍ട്ടി ഭേദമന്യേ ജനങ്ങളെ സംഘടിപ്പിച്ചു പാറമട മാഫിയക്കെതിരെ സമരം നയിച്ച ആളായിരുന്നു ഫാ. തേലക്കാട്. അദ്ദേഹത്തിന്റെ ദാരുണ മരണത്തിനു പിന്നില്‍ പാറമട ലോബിയുടെ കറുത്ത കൈകള്‍ ഉണ്ടോ എന്നതും അന്വേഷിക്കപ്പെടണം.
ഏതു നിലയ്ക്കും, അന്വേഷണം കപ്യാര്‍ ജോണിയില്‍ ആരംഭിച്ചു ജോണിയില്‍ തന്നെ അവസാനിക്കേണ്ടതല്ല.

കാതുളളവര്‍ കേള്‍ക്കട്ടെ.

തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ ജനകീയ ഭക്ഷണശാലയില്‍ നിന്ന് കഞ്ഞി കുടിച്ചതിനു ശേഷം വര്‍ഗീയത പറഞ്ഞ് പോസ്റ്റിട്ട ഹിന്ദു ഹൈല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിന് മറുപടിയുമായി സ്നേഹജാലകം പ്രവര്‍ത്തകന്‍ ജയന്‍ തോമസ്. പ്രതീഷിന് കഞ്ഞി വിളമ്പിയത് ഞാനാണെന്നും താനേതായാലും നിങ്ങള്‍ പറയുന്ന ഹിന്ദുവല്ലെന്നും ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് പ്രതീഷ് സിപിഎമ്മിന്റെ ജനകീയ ഭക്ഷണ ശാലയിലെത്തി കഞ്ഞി കുടിച്ചത്. ശേഷം ‘നെറ്റിയില്‍ ചന്ദനക്കുറി തൊട്ട ഒരു ഹിന്ദു സഖാവ് പ്രത്യേക ഇരിപ്പിടം ഒരുക്കി തന്നെന്നും ഭക്ഷണശാലയിലെ മറ്റു ഹിന്ദു സഖാക്കളെയും പരിചയപ്പെട്ടെന്നും പ്രതീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. വര്‍ഗീയത പടര്‍ത്തുന്ന പ്രതീഷിനെപ്പോലുള്ളവര്‍ നാടിനെ കൊല്ലുന്ന വിഷവിത്തുകളാണെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശനം രേഖപ്പെടുത്തി. ‘പ്രിയ ചങ്ങാതി ജനകീയ ഭക്ഷണശാലയില്‍ അങ്ങു വന്നപ്പോള്‍ അങ്ങയ്ക്ക് കഞ്ഞി വിളമ്പി തന്നത് ഞാനാണ്. ഞാന്‍ ഏതായാലും നിങ്ങള്‍ പറയുന്ന ഹിന്ദുവല്ല. നിറഞ്ഞ സഹിഷ്ണുതയോടെ ആര്യസംസ്‌കൃതിയെയടക്കം ഇവിടേയ്ക്ക് കടന്നു വന്ന എല്ലാ ബഹുസ്വരതകളെയും സംഗീതമായി ആസ്വദിക്കുന്ന ആ പ്രക്തന നന്മയുടെ വിളിപ്പേരായാണെങ്കില്‍ അങ്ങനെ വിളിക്കപ്പെടുന്നതിലും വിരോധമില്ലെന്ന് ജയന്‍ പ്രതീഷിന് മറുപടി എഴുതി.

ജയന്റെ മറുപടി ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്. ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ അങ്ങയുടെ ജാതിയേതാണെന്ന് ഞങ്ങള്‍ ആരാഞ്ഞിരുന്നില്ലെന്നും വിശപ്പ് പോലുള്ള അടിസ്ഥാന വികാരത്തിന്റെ മുന്നിലെങ്കിലും ഇത്തരം ഇടുങ്ങിയ അതിര്‍വരമ്പുകള്‍ നാം തകര്‍ക്കണ്ടേയെന്നും ജയന്‍ തോമസ് പറയുന്നു. ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവിന് തക്ക മറുപടിയാണ് ജയന്‍ നല്‍കിയിട്ടുള്ളതെന്ന് നവമാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടു.

ജയന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

പ്രിയ ചങ്ങാതി
ജനകീയ ഭക്ഷണശാലയില്‍
അങ്ങു വന്നപ്പോള്‍ അങ്ങയ്ക്ക്
കഞ്ഞി വിളമ്പി തന്നത് ഞാനാണ്

ഞാന്‍ ഏതായാലും നിങ്ങള്‍ പറയുന്ന
ഹിന്ദുവല്ല…
നിറഞ്ഞ സഹിഷ്ണുതയോടെ
ആര്യസംസ്‌കൃതിയെയടക്കം
ഇവിടേയ്ക്ക് കടന്നു വന്ന
എല്ലാ ബഹുസ്വരതകളെയും
സംഗീതമായി ആസ്വദിക്കുന്ന
ആ പ്രക്തന നന്മയുടെ വിളിപ്പേരായാണെങ്കില്‍
അങ്ങനെ വിളിക്കപ്പെടുന്നതിലും
വിരോധമില്ല…

ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍
അങ്ങയുടെ ജാതിയേതാണെന്ന്
ഞങ്ങള്‍ ആരാഞ്ഞതുമില്ല
വിശപ്പ് പോലുള്ള അടിസ്ഥാന വികാരത്തിന്റെ മുന്നിലെങ്കിലും
ഇത്തരം ഇടുങ്ങിയ അതിര്‍വരമ്പുകള്‍
നാം തകര്‍ക്കണ്ടേ ചങ്ങാതി..

ഏതായാലും
ഈ ജനകീയ ഭക്ഷണശാലയില്‍ വന്നതിനും
എആ യില്‍ കുറിച്ചതിനും നന്ദി

ഹിന്ദു രക്തംവീഴാത്ത കാലത്തിനായല്ല
ഒരു മനുഷ്യരുടെയും
രക്തം വീഴാത്താ കാലത്തിനെ
കാംക്ഷിക്കുന്ന
ഒരു സ്നേഹജാലകം പ്രവര്‍ത്തകന്‍

 

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു. ഞാറ്റുവയല്‍ സ്വദേശിയായ എന്‍.വി കിരണിനാണ് അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കിരണിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചിലും കാലിനും കുത്തേറ്റ കിരണിന്റെ ആരോഗ്യനിലയില്‍ കാര്യമായി പുരോഗതി കൈവന്നിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്നു പുലര്‍ച്ചെ നാലു മണിക്ക് തൃച്ചംബരം ഡ്രീം പാലസിനു സമീപത്തുവെച്ചാണ് 19 കാരനായ കിരണ്‍ ആക്രമിക്കപ്പെടുന്നത്. ഇയാളെ ആക്രമിക്കാനുണ്ടായ കാരണങ്ങള്‍ വ്യക്തമല്ല. എന്നാല്‍ ബിജെപി അനുകൂലികളാണ് ആക്രമണം നടത്തിയതെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ നാല് പേര്‍ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. പതിനഞ്ചംഗ സംഘമാണ് കിരണിനെ കുത്തിയെതെന്നും മുഴുവന്‍ പ്രതികളും ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനായ കിരണിനെ ആക്രമിച്ചതിന് പിന്നില്‍ രാഷ്ട്രീയ വൈര്യാഗ്യമാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കോ ഓപ്പറേറ്റീവ് കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായും എസ്എഫ്‌ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള കിരണ്‍ എസ്എഫ്‌ഐയുടെ വളര്‍ന്നു വരുന്ന നേതാക്കളില്‍ ഒരാളാണ്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍.

RECENT POSTS
Copyright © . All rights reserved