പാലക്കാട്: ലൈംഗിക പീഡന പരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പി.കെ.ശശി എംഎല്‍എ. മാധ്യമങ്ങളിലൂടെയാണ് പരാതിയെക്കുറിച്ച് അറിഞ്ഞതെന്നും ഷൊര്‍ണൂര്‍ എംഎല്‍എയായ ശശി പറഞ്ഞു. എന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ നിരവധി ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ അതിനീചമായ ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ടാകാം. രാഷ്ട്രീയ ജീവിതത്തിനിടയില്‍ നിരവധി തവണ പരീക്ഷണങ്ങള്‍ നേരിട്ടുണ്ട്.

എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാന്‍ നാളിതുവരെ ആര്‍ക്കും സാധിച്ചിട്ടില്ലെന്നും ശശി കൂട്ടിച്ചേര്‍ത്തു. തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും ശശി പ്രതികരിച്ചു. പാര്‍ട്ടി എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഇനി അന്വേഷണം വന്നാല്‍ തന്നെ ഉത്തമ കമ്മ്യൂണിസ്റ്റുകാരന്‍ എന്ന ബോധ്യത്തോടെ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് പി.കെ.ശശിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് ഇവര്‍ പരാതി നല്‍കിയത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. ബൃന്ദാ കാരാട്ടിനെ കൂടാതെ ചില സംസ്ഥാന നേതാക്കള്‍ക്കും ജില്ലാ നേതാക്കള്‍ക്കും യുവതി പരാതി നല്‍കിയിരുന്നു. അതേ സമയം തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി പി.കെ.രാജേന്ദ്രന്‍ പറഞ്ഞു.