Kerala

പേരക്കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിലെ കൂട്ടുപ്രതിയായ മുത്തശ്ശി അങ്കമാലി കോടിശേരി വീട്ടിൽ സിപ്സി(42) മരിച്ചനിലയിൽ. കൊച്ചി നഗരത്തിലെ ലോഡ്ജിൽ വെച്ചാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരുടെ കാമുകനും കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുമായ പള്ളുരുത്തി പള്ളിച്ചാൽ റോഡിൽ കല്ലേക്കാട് വീട്ടിൽ ജോൺ ബിനോയ് ഡിക്രൂസിനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സിപ്‌സിയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതോടെ വിട്ടയച്ചു. അസ്വഭാവിക മരണത്തിന് സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എറണാകുളം നേവൽ ബേസിലെ താത്കാലിക ജീവനക്കാരനാണ് ബിനോയ്.

ഇന്നലെ പുലർച്ചെയാണ് സിപ്സിയെ ലോഡ്ജിലെ ഒന്നാം നിലയിലെ മുറിയിൽ മരിച്ചനിലയിൽ ജീവനക്കാർ കണ്ടെത്തിയത്. ഇവർ വിവരമറിച്ചതനുസരിച്ച് എറണാകുളം സെൻട്രൽ പോലീസ് പരിശോധന നടത്തി.

ദേഹത്ത് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. മൃതദേഹം കണ്ടെത്തുമ്പോൾ ജോൺ ബിനോയ് ഡിക്രൂസ് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ലോഡ്ജ് ജീവനക്കാർ മൊഴി നൽകി. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി വൈകിട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

മാർച്ച് ഒമ്പതിനാണ് സിപ്സിയുടെ മകന്റെ മകളായ ഒന്നരവയസുകാരി നോറ മരിയയെ കൊലപ്പെടുത്തിയ കേസിൽ നോർത്ത് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ലോഡ്ജിൽ താമസിക്കുന്നതിനിടെ പുലർച്ചെ കുട്ടിയെ ജോൺ ബക്കറ്റിൽ മുക്കി കൊല്ലുകയായിരുന്നു.

കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ഇരുവരും കൊച്ചിയിലെ ലോഡ്ജുകളിൽ താമസിച്ചുവരികയായിരുന്നു. കുട്ടിയുടെ പിതൃത്വം തന്നിൽ കെട്ടിയേൽപ്പിക്കാൻ സിപ്‌സി ശ്രമിച്ചതാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്നായിരുന്നു ഇയാളുടെ മൊഴി.

 

ആമ്പല്ലൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. അളകപ്പനഗർ എരിപ്പോട് സ്വദേശി രാധയെയാണ് വീട്ടുപറമ്പിലെ കിണറ്റിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൈകൾ കെട്ടിയിട്ട് വായിൽ തുണി തിരുകിയ നിലയിലുമായിരുന്നു മൃതദേഹം.

ബുധനാഴ്ച രാവിലെ മുതൽ രാധയെ കാണാനുണ്ടായിരുന്നില്ല. തുടർന്ന് വീട്ടിലും പരിസരത്തും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാധയും ഭർത്താവും മക്കളും അടക്കം ആറുപേരാണ് ആമ്പല്ലൂരിലെ വീട്ടിൽ താമസിക്കുന്നത്. കഴിഞ്ഞദിവസം അർധരാത്രി 12 മണിയോടെ വീട്ടിലെത്തിയ മകന് വാതിൽ തുറന്നുനൽകിയത് രാധയായിരുന്നു. പുലർച്ചെ രണ്ടുമണി വരെ രാധ മുറിയിലുണ്ടായിരുന്നതായി ഭർത്താവും മൊഴി നൽകിയിട്ടുണ്ട്.

പിന്നീട് രാധയ്ക്ക് എന്തുസംഭവിച്ചു എന്നതിലാണ് ദുരൂഹത നിലനിൽക്കുന്നത്. അതേസമയം, സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിൽ മറ്റുപരിക്കുകളോ മർദനമേറ്റതിന്റെ പാടുകളോ ഇല്ല.

മുൻപും സ്വയം കൈകൾ കെട്ടി ഇത്തരത്തിൽ ആത്മഹത്യചെയ്ത സംഭവങ്ങളുണ്ടെന്നും പോലീസ് പറയുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.

ലൈംഗികാതിക്രമക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി, അറസ്റ്റ് ചെയ്യരുതെന്നും നിർദേശം നൽകി.

2020 ഫെബ്രുവരി എട്ടിന് നടന്ന സാംസ്കാരിക ക്യാമ്പിനു ശേഷം കടൽത്തീരത്തു വിശ്രമിക്കുമ്പോൾ സിവിക് കടന്നു പിടിച്ചെന്നും തന്റെ മടിയിൽ കിടക്കാൻ ആവശ്യപ്പെട്ടെന്നുമാണ് യുവ എഴുത്തുകാരിയുടെ പരാതി. കേസിൽ ഓഗസ്റ്റ് 12നായിരുന്ന് സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നെന്ന കോടതിയുടെ പരാമർശം വിവാദമായിരുന്നു. പട്ടികജാതിക്കാരിയായ എഴുത്തുകാരിയെ കടന്നു പിടിച്ചു ചുംബിച്ചെന്ന മറ്റൊരു കേസും സിവിക് ചന്ദ്രനെതിരെയുണ്ട്. ഈ കേസിലും കീഴ്‌ക്കോടതി സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയിരുന്നു.

റോഡിലെ കുഴിയിൽ വീണ് സംസ്ഥാനത്ത് വീണ്ടും അപകടം. പത്തനംതിട്ട ജയിലിന് സമീപം കുമ്പഴ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ യാത്രക്കാരിയായ ആതിരയുടെ കാലിലൂടെ ബസ് കയറി. കുമ്പഴ സ്വദേശിയായ ആതിര ഒരു സ്വകാര്യ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയാണ്.

രാവിലെ ജോലിക്ക് പോകാൻ ഇറങ്ങിയ ആതിരയുടെ സ്കൂട്ടർ ജയിലിന് സമീപം എത്തിയപ്പോൾ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. തുടർന്ന് എതിരെ വന്ന ബസ് സ്കൂട്ടറിൽ തട്ടുകയും യുവതിക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശസ്ത്രക്രിയയ്ക്കായി കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

കുടുംബം സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു മൂന്നു വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു. 3 പേർക്കു പരുക്ക്. കാർ യാത്രക്കാരായ തിരുവനന്തപുരം പേട്ട തുലയിൽ വീട്ടിൽ കൃഷ്ണകുമാരി (85), ചെറുമകളുടെ മകൾ ജാനകി എന്നിവരാണു മരിച്ചത്. കൃഷ്ണകുമാരിയുടെ മകൻ റിട്ട. സബ് റജിസ്ട്രാർ ജയദേവൻ (61), ഭാര്യ ഷീബ (54), ഇവരുടെ മകൾ കൃഷ്ണഗാഥ (33) എന്നിവർക്കു സാരമായി പരുക്കേറ്റു.

കൃഷ്ണഗാഥയുടെയും ആർക്കിടെക്ട് ആയ ചാത്തന്നൂർ ചൂരപ്പൊയ്ക ഗംഗോത്രിയിൽ സുധീഷിന്റെയും ഏക മകളാണു ജാനകി. തിരുവനന്തപുരം വഴുതയ്ക്കാട് ഉദാരശിരോമണി റോഡിൽ ഈഗോ ഡിസൈൻസ് എന്ന സ്ഥാപന ഉടമയാണ് സുധീഷ്. നിസ്സാര പരുക്കേറ്റ ലോറി ഡ്രൈവർ തൃശൂർ ചേലക്കര സ്വദേശി സജിത്തിനു (28) പ്രഥമ ശുശ്രൂഷ നൽകി. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു ശക്തികുളങ്ങര പൊലീസ് കേസെടുത്തു.

ഇന്നലെ പുലർച്ചെ ഒരു മണിയോടെ ബൈപാസ് റോഡിൽ കാവനാട് മുക്കാട് പാലത്തിലാണ് അപകടം. ക്ഷേത്രദർശനം കഴിഞ്ഞു ഗുരുവായൂരിൽ നിന്നു മടങ്ങുകയായിരുന്നു കുടുംബം. സുധീഷും മാതാപിതാക്കളും മറ്റൊരു കാറിൽ ഇവർക്കു പിന്നിലായിരുന്നു.

ജയദേവനാണ് അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നത്. കാറിന്റെ മുൻവശം പൂർണമായി തകർന്നു. മുൻ സീറ്റിൽ കുടുങ്ങിയ കൃഷ്ണകുമാരിയെ അഗ്നിശമന സേന വാഹനം പൊളിച്ചു നീക്കിയാണു പുറത്തെടുത്തത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാനകി ഇന്നലെ രാവിലെ 7 നും മരിച്ചു. കൃഷ്ണകുമാരിയുടെ സംസ്കാരം ഇന്നു തിരുവനന്തപുരത്തു നടക്കും. ജാനകിയുടെ മൃതദേഹം സുധീഷിന്റെ ചാത്തന്നൂരിലെ കുടുംബ വീട്ടുവളപ്പിൽ സംസ്കരിക്കും.

അപകടത്തിൽ പരുക്കേറ്റ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകാതിരുന്ന നീണ്ടകര താലൂക്ക് ആശുപത്രി അധികൃതരുടെ നടപടി ഗുരുതര വീഴ്ചയായി. രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ ആശയക്കുഴപ്പവും യഥാസമയം വിദഗ്ധ ചികിത്സ ലഭ്യമാകുന്നതിനു തടസ്സമായി.അപകടം നടന്ന ഉടൻ ദൃക്സാക്ഷികളിൽ ചിലർ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. നിമിഷങ്ങൾക്കകം 2 കൺട്രോൾ റൂം വാഹനങ്ങൾ പാഞ്ഞെത്തുകയും ചെയ്തു. പിന്നാലെ അഗ്നിശമന സേനയും. അപകടം നടന്നയുടൻ, അതുവഴി കാറിൽ പോകുകയായിരുന്ന ഒരാൾ ഗുരുതരമായി പരുക്കേറ്റ 3 വയസ്സുകാരി ജാനകിയെ അവരെ വാഹനത്തിൽ നീണ്ടകര താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. അപകടത്തിൽപെട്ട മറ്റുള്ളവരെ ആശുപത്രികളിലേക്കു മാറ്റുന്നതിനിടെയാണു കുഞ്ഞ് എവിടെയാണെന്ന വിവരം അറിയാതെ രക്ഷാപ്രവർത്തകർ കുഴങ്ങിയത്.

ഈ സമയം ജാനകി നീണ്ടകര താലൂക്ക് ആശുപത്രിയിൽ മരണത്തോടു മല്ലിടുകയായിരുന്നു. കുഞ്ഞിനെ ഏത് ആശുപത്രിയിലേക്കാണു കൊണ്ടുപോയതെന്നു വിവരം തിരക്കാൻ പൊലീസ് ഉദ്യോഗസ്ഥർ വയർലെസിലൂടെ നിർദേശിക്കുന്നതു താലൂക്ക് ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ കേട്ടു. ഈ പൊലീസുകാരനാണു കുഞ്ഞിനെ അവിടെ എത്തിച്ച വിവരം കൈമാറുന്നത്. അപ്പോഴേക്കും അര മണിക്കൂറിലേറെ പിന്നിട്ടു. കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കു മറ്റേതെങ്കിലും ആശുപത്രിയിലേക്കു മാറ്റാൻ താലൂക്ക് ആശുപത്രി അധികൃതർ നിർദേശിച്ചു.

മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വൈമാനിക പരിശീലകനും പൈലറ്റ് പരീക്ഷയിൽ അദ്ദേഹത്തിന്റെ പരിശോധകനുമായിരുന്ന ചാക്കോഹോംസ് കോടൻകണ്ടത്ത് തോപ്പിൽ ക്യാപ്റ്റൻ ടി.എ.കുഞ്ഞിപ്പാലു (94) അന്തരിച്ചു.

തൃശൂർ മണലൂർ സ്വദേശിയായ ഇദ്ദേഹം 1949ലാണു ജോലിയിൽ പ്രവേശിച്ചത്. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനായി സർദാർ വല്ലഭായ് പട്ടേൽ വിവിധ സ്ഥലങ്ങളിൽ പോയപ്പോഴും ശ്രീലങ്കയുമായി കരാർ ഒപ്പുവയ്ക്കാൻ രാജീവ് ഗാന്ധി പോയപ്പോഴും വിമാനം പറത്തിയത് കുഞ്ഞിപ്പാലുവാണ്.

ഇന്ത്യൻ എയർലൈൻസിന്റെ സൗത്ത് ഇന്ത്യ റീജനൽ ഡയറക്ടറായി 1989ൽ വിരമിച്ചു. പിന്നീടാണ് ആലുവയിൽ താമസമാക്കിയത്. സഹോദരൻ ടി.എ.വർഗീസ് മദ്രാസ് ചീഫ് സെക്രട്ടറിയായിരുന്നു.സംസ്കാരം നാളെ 11.30ന് സെന്റ് ഡൊമിനിക് പള്ളിയിൽ. ഭാര്യ: പരേതയായ റൂബി. മക്കൾ: ആൻജോ, ജോജോ. മരുമക്കൾ: മനീഷ, ജീന (എല്ലാവരും യുഎസ്).

അബുദാബി ഇരട്ടക്കൊലപാതകത്തില്‍ മരിച്ച ഡെന്‍സിയുടേത് വാഹനാപകടമാണെന്നാണ് ആദ്യം വീട്ടുകാര്‍ അറിഞ്ഞത്. പിന്നീടു ഹൃദയാഘാതമാണെന്നും അറിയിച്ചു. അബുദാബിയിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സെന്റ് ജോസഫ്‌സ് പള്ളിയിലാണ് ഡെന്‍സിയുടെ സംസ്‌കാരം നടത്തിയത്. കുഴിമാടം നാളെ തുറന്ന് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇതിന് ഇരിങ്ങാലക്കുട ആര്‍ഡിഒ അനുമതി നല്‍കിയിട്ടുണ്ടായിരുന്നു.

നോര്‍ത്ത് ചാലക്കുടി വാളിയേങ്കല്‍ റോസിലിയുടെ മകളാണ് ഡെന്‍സി (38). മൂന്നു മക്കളുടെ അമ്മയായ ഇവര്‍ 2019 ഡിസംബറിലാണു ജോലി തേടി അബുദാബിയിലേക്കു പോയത്.   മൂന്നു മാസം കഴിഞ്ഞായിരുന്നു മരണം സംഭവിച്ചത്. മകളുടേതു കൊലപാതകമാണെന്ന വിവരം ഏതാനും ദിവസം മുന്‍പു മാത്രമാണു കുടുംബാംഗങ്ങള്‍ അറിഞ്ഞതെന്നു പറയുമ്പോള്‍ അമ്മ റോസിലിക്കു കരച്ചിലടക്കാനാകുന്നില്ല. ജോലി ചെയ്തിരുന്ന കമ്പനിയിലെയാളാണ് കൊലപാതകമാണെന്ന വിവരം അറിയിച്ചത്. പിന്നീട് നിലമ്പൂരില്‍ നിന്നും ചാലക്കുടിയില്‍ നിന്നും പൊലീസെത്തി മൊഴിയെടുത്തു.

കേസ് അന്വേഷിക്കുന്ന നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ.എബ്രഹാം നല്‍കിയ അപേക്ഷ പ്രകാരമാണ് റീ പോസ്റ്റ്‌മോര്‍ട്ടത്തിന് അനുമതി കിട്ടിയത്.  ഷൈബിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശി ഹാരിസിന്റെ സ്ഥാപനത്തിലാണ് ഡെന്‍സി ജോലി ചെയ്തിരുന്നത്. ഹാരിസിനെയും ഡെന്‍സിയെയും 2020 മാര്‍ച്ച് 5നാണ് അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തതെന്നായിരുന്നു അബുദാബി പൊലീസിന്റെ ആദ്യ നിഗമനത്തില്‍.

ഷാബാ ഷെരീഫ് വധക്കേസില്‍ അറസ്റ്റിലായ നൗഷാദ്, ചീര ഷഫീഖ്, പുതുക്കുളങ്ങര ഷബീബ് റഹ്മാന്‍, കുത്രാടന്‍ അജ്മല്‍, പൊരി ഷമീം എന്നിവരാണ് ഇരട്ടക്കൊല കേസിലെ തങ്ങളുടെ പങ്ക് സമ്മതിച്ചത്. നാട്ടിലിരുന്ന് ഷൈബിന്‍ നല്‍കിയ നിര്‍ദേശപ്രകാരമാണ് കൃത്യം നിര്‍വഹിച്ചതെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. ഒരാഴ്ചയ്ക്കു മുമ്പ് ഹാരിസിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.

പാരമ്പര്യ വൈദ്യന്‍ മൈസൂരുവിലെ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി നിലമ്പൂര്‍ കൈപ്പഞ്ചേരി ഷൈബിന്‍ അഷ്‌റഫാണു ഇരട്ടക്കൊലപാതകത്തിന്റെ സൂത്രധാരനെന്നു കൂട്ടുപ്രതികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണു റീ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെ തുടര്‍നടപടികള്‍ തീരുമാനിച്ചത്.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. വടക്കു കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെ ഫലമായി ഓഗസ്റ്റ് 27 (ശനി) വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

24-08-2022: ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

24-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ.

25-08-2022: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്.

26-08-2022: എറണാകുളം, ഇടുക്കി.

27-08-2022: എറണാകുളം, ഇടുക്കി.

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. കർണാടക തീരം അതിനോട് ചേർന്ന മധ്യ-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിലും സമാന കാലാവസ്ഥയായിരിക്കും.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

25-08-2022 വരെ: തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.

24-08-2022 മുതൽ 25-08-2022 വരെ: തെക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

26-08-2022 : കന്യാകുമാരി തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.

26-08-2022: ശ്രീലങ്കൻ തീരത്തിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ദേശീയപാതയിൽ നെടുമ്പാശ്ശേരി ഭാഗത്ത് വച്ച് വാഹനാപകടത്തിൽ മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി മരണപ്പെട്ട കേസിൽ ലോറി ഡ്രൈവർ പിടിയിൽ. കർണാടക സ്വദേശി ഹനുമന്തപ്പ (28) യെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. വാഹനവും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 5ന് രാത്രിയായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിച്ചിരുന്ന മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശിയായ മുഹമ്മദ്‌ ഹാഷിം എന്നയാളാണ് മരണമടഞ്ഞത്. നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് ഭാഗത്ത് വച്ച് വീണതിനെ തുടർന്ന് ഹാഷിം റോഡിന് എതിർ വശത്തേക്ക് ബൈക്കിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയായിരുന്നു. അപകടത്തിനുശേഷം വാഹനം നിർത്താതെ പോയി.

വാഹനം കണ്ടുപിടിക്കാൻ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറേയും വാഹനത്തേയും കസ്റ്റഡിയിലെടുത്തത്. മുന്നൂറ്റി അമ്പതോളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു. അഞ്ഞൂറില്‍പരം വാഹന ഉടമകളുടെ വിവരം ശേഖരിച്ചു. കർണ്ണാടകയിൽ നിന്നാണ് വാഹനം പിടികൂടിയത്. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് കെമിക്കൽ കൊണ്ടുപോകുന്ന വാഹനമായിരുന്നു. ആലുവ ഡി.വൈ.എസ്.പി. പി.കെ.ശിവൻകുട്ടി, ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ.മാരായ അനീഷ് കെ ദാസ്, വര്‍ഗീസ്‌, എ.എസ്.ഐ അഭിലാഷ്, പോലീസുകാരായ റോണി അഗസ്റ്റിൻ, കെ.ആർ.റെന്നി, എൻ.ജി.ജിസ്മോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഈ മാസം അഞ്ചിന് രാത്രിയാണ് ഹാഷിം റോഡിലെ ഭീമൻ കുഴിയിൽ വീണതിനെ തുടർന്നുള്ള അപകടത്തിൽ മരിച്ചത്. ഹാഷിമിനുണ്ടായ അപകടം വലിയ വിവാദമായി മാറുകയും വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും ചെയ്തിരുന്നു. അങ്കമാലി ടെൽക്ക് കവലയിലെ ‘ഹോട്ടൽ ബദ്രിയ’ ഉടമയായിരുന്നു ഹാഷിം. രാത്രി പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. മാർ അത്തനേഷ്യസ് സ്‌കൂളിന് സമീപത്തുള്ള കുത്തനെയുള്ള വളവിലെ കുഴിയിലാണ് ഹാഷിം വീണത്. റോഡിന് അപ്പുറത്തെ വശത്തേക്ക് തെറിച്ചുവീണപ്പോൾ അജ്ഞാത വാഹനം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. പിന്നീട് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്.

സംസ്ഥാനത്ത് തക്കാളി പനി പടരുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യ വകുപ്പ്.അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിലാണ് രോ​ഗം കൂടുതലായി പടരുന്നത്. ഈ സാഹചര്യത്തിൽ സ്കൂളുകൾക്ക് സർക്കാർ ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved