Kerala

തൊടുപുഴ: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ ബ്രാഞ്ച് മാനേജരായിരുന്ന പേഴ്സി ജോസഫ് ഡെസ്‌മണ്ടിനെ തൊടുപുഴ മുൻ എ.എസ്.പി ആർ നിശാന്തിനിയുടെ നേതൃത്വത്തിൽ മർദ്ദിച്ചെന്നും പീഡനക്കേസിൽ കുടുക്കിയെന്നും ആരോപിക്കപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് 18.5 ലക്ഷം രൂപ നൽകി ഒത്തുതീർപ്പാക്കി. ഹൈക്കോടതി മീഡിയേഷൻ സെന്ററിൽ വച്ചാണ് പണം കൈമാറിയത്. ജൂലായ് 12നാണ് ഒത്തുതീർപ്പാക്കിയതെങ്കിലും ഇപ്പോഴാണ് ഇതുസംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കൊച്ചിയിലെ പ്രമുഖ ബിസിനസുകാരൻ മുൻകൈയെടുത്താണ് ഒത്തുതീർപ്പ് ചർച്ചകൾ നടന്നത്.

കേസിൽ തിരിച്ചടി നേരിടുമെന്ന് വ്യക്തമായതോടെയാണ് ഉന്നത പൊലീസ് ഉൾപ്പടെയുള്ളവർ ഒത്തുതീർപ്പിന് മുതിർന്നത്. കേസിൽ ആർ. നിശാന്തിനിക്കെതിരെ പേഴ്സി ജോസഫ് നൽകിയ മൊഴി പൊലീസ് നശിപ്പിക്കുകയും കേസ് അട്ടിമറിക്കാൻ ഉന്നതതല നീക്കം നടത്തുകയും ചെയ്തിരുന്നു. 2011 ജൂലായിലാണ് കേസിന് ആസ്പദമായ സംഭവം. അന്ന് സംഭവത്തിൽ എ.ഡി.ജി.പി മനോജ് എബ്രഹാമിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചിരുന്നു. നിശാന്തിനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്നാണ് മനോജ് എബ്രഹം റിപ്പോർട്ട് നൽകിയത്.തൊടുപുഴ യൂണിയൻ ബാങ്കിൽ എത്തിയ തൊടുപുഴ സ്റ്റേഷനിലെ പൊലീസുകാരിയെ അപമാനിക്കാൻ ബാങ്ക് മാനേജർ പേഴ്സി ശ്രമിച്ചെന്നാരോപിച്ചാണു കേസെടുത്തത്. തുടർന്ന് നിശാന്തിനി, തന്നെ ഓഫിസിൽ വിളിച്ചുവരുത്തി മർദിച്ചെന്നാണു ‌പേഴ്സിയുടെ ആരോപണം. ജൂലായ് 26നു വൈകിട്ട് പേഴ്സിയുടെ അറസ്റ്റ് രേഖപ്പെടുത്തി, രാത്രി മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കിയെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു.

തുടർന്ന് 3 ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പേഴ്സി ജോസഫ്.മാനഹാനിയുണ്ടാക്കുയും അന്യായമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ ചെയ്ത സംഭവത്തിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 18 പേരെ പ്രതികളാക്കി പേഴ്സി തൊടുപുഴ കോടതിയിൽ 2017ൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. ഈ കേസിൽ വിധി വരുന്നതിനു തൊട്ടു മുൻപാണ് ഒത്തുതീർപ്പിനു തയ്യാറായത്. ഹൈക്കോടതി നിർദേശിച്ച മീഡിയേറ്ററുടെ സാന്നിധ്യത്തിൽ 18.5 ലക്ഷം രൂപ പേഴ്സി ജോസഫിനു കൈമാറി. ഇതോടൊപ്പം നിശാന്തിനി പേഴ്സിയോടു മാപ്പു പറഞ്ഞു. കേസ് ഒത്തുതീർപ്പാക്കിയതു സംബന്ധിച്ചു ഹൈക്കോടതിയുടെ റിപ്പോർട്ട് തൊടുപുഴ കോടതിയിൽ സമർപ്പിച്ച ശേഷം പേഴ്സി ജോസഫ് കേസ് പിൻവലിക്കുന്നതായി അറിയിച്ചു.

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ വൈദ്യ ശാസ്ത്രജ്ഞനെതിരെ രംഗത്തെത്തിയ ക്രിസ്ത്യൻ ധ്യാനഗുരു ജോസഫ് മാരിയോയ്ക്കെതിരെ സോഷ്യൽ മീഡിയ. മെഡിക്കൽ സയൻസ് ഒരുപാട് രോഗികളെ കൊന്നിട്ടുണ്ടെന്നും ചിക്കൻ പോക്സിന്‍റെ വാക്സിനേഷൻ എച്ച്ഐവി പരത്തുമെന്നും തുടങ്ങിയ വാദങ്ങളാണ് ജോസഫ് മാരിയോ ഫേസ്ബുക്കിലൂടെ നടത്തിയത്.

അമേരിക്കയുടെ ആദ്യ പ്രസിഡണ്ട് ജോർജ് വാഷിങ്ടണിനെ തെറ്റായ രോഗ നിർണയത്തിലൂടെയും ചികിത്സയിലൂടെയുമാണ് കൊന്നതെന്നാണ് ജോസഫ് മാരിയോ പറയുന്നത്. എല്ലാ രോഗവും കണ്ടു പിടിക്കാൻ ശാസ്ത്രത്തിനു പറ്റിയില്ലെന്നും അദ്ദേഹം വീഡിയോയിലൂടെ വിമർശിക്കുന്നു. ‘ചിക്കന്‍ പോക്സിന് വാക്സിനേഷന്‍ കണ്ടുപിടിച്ച് എച്ച്ഐവി ഉണ്ടാക്കുന്ന ടീമാണ് നമ്മളെന്നും’ ജോസഫ് മാരിയോ വീഡിയോയിൽ പറയുന്നുണ്ട്. കാനഡയിൽ വെച്ചായിരുന്നു ഇദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ രംഗത്തെത്തിയത്.

കഴിഞ്ഞദിവസം ഭാരതത്തിൽ നിന്ന് ഒരു വിശുദ്ധയെ സഭ പ്രഖ്യാപിച്ചപ്പോൾ ഒരു ഡോക്ടർ അതിനെ പുച്ഛത്തോടെയാണ് സമീപിച്ചതെന്ന് പറഞ്ഞായിരുന്നു മെഡിക്കൽ സയൻസിനെതിരായ ജോസഫ് മാരിയോയുടെ വിമർശനങ്ങൾ. മെഡിക്കൽ ശാസ്ത്രം നൂറു ശതമാനം ശരിയല്ലെന്നും എന്നാൽ നൂറു ശതമാനം തെറ്റല്ലെന്നും ഇയാൾ വീഡിയോയിലൂടെ പറയുന്നു.

വിശ്വാസം രോഗിയെ സൗഖ്യാവസ്ഥയിലെത്തിക്കുമെന്നും ദൈവ വിശ്വാസം ഇതിന് ആവശ്യമാണെന്നുമാണ് ജോസഫ് മാരിയോ പറയുന്നത്. സഭയ്ക്കും വിശ്വസത്തിനും എതിരെ സംസാരിക്കുന്നവർക്കുള്ള മറുപടിയായിട്ടായിരുന്നു മാരിയോയുടെ ഈ വീഡിയോ. എന്നാൽ വീഡിയോ പ്രചരിച്ചതിനു പിന്നാലെ നിരവധിയാളുകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

ആധുനിക വൈദ്യശാസ്ത്രത്തെ തെറ്റിധരിപ്പിക്കുന്നതാണ് വീഡിയോയെന്നും പൊതുജനങ്ങളെ ഭയപ്പെടുത്തുന്ന ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ കേസെടുക്കണമെന്നുമാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. ഇത്രയധികം ഭയം ജനിപ്പിക്കാന് മോഹനന് വൈദ്യനു പോലും കഴിഞ്ഞിട്ടുണ്ടോ എന്നറിയില്ലെന്ന് ഇവർ പറയുന്നു.

മലയാളികളായ അമ്മയെയും മകനെയും ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ആരോപണവുമായി സുഹൃത്തുക്കള്‍. കോട്ടയം പാമ്പാടി സ്വദേശി ലിസി (62), മകനും കോളേജ് അധ്യാപകനുമായ അലന്‍ സ്റ്റാന്‍ലി (27) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിസിയുടെ രണ്ടാം ഭര്‍ത്താവ് തൊടുപുഴ സ്വദേശിയായ ജോണ്‍ വിത്സന്റെ മരണത്തെ സംബന്ധിച്ച് ‘മലയാള മനോരമ’യും ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘മറുനാടന്‍ മലയാളി’യും നിരന്തരം വ്യാജവാര്‍ത്തകള്‍ നല്‍കിയിരുന്നുവെന്നും ഇത് മൂലം ലിസിയും അലനും ആത്മഹത്യ ചെയ്തതാണെന്നും അലന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു.

എവിടെ കൊലപാതകം നടന്നാലും ന്യൂസ് വാല്യൂ മാത്രം നോക്കി മറ്റുള്ളവരുടെ വേദന പോലും മനസിലാകാതെ കിറിമുറിക്കുന്ന രീതി സാജൻ സക്കറിയയും മറുനാടൻ പത്രവും തുടർന്ന് പോരുന്നത്. കൊലപാതകമോ ആത്മഹത്യയോ വന്നാൽ മരണത്തെ വരെ കിറിമുറിച്ചു വാർത്തയാക്കി പിച്ചിച്ചീന്തുന്ന സാജൻ സക്കറിയയുടെ പത്രധർമ്മം പലകുറി വിമർശങ്ങൾ ഏറ്റുവാങ്ങികൊണ്ടിരിക്കുന്നു

ഖത്തറില്‍ നല്ല ജോലി ചെയ്‌തിരുന്ന ജോണ്‍ വിത്സന്റെ ആദ്യഭാര്യ വത്സമ്മ രോഗബാധിതയായി 11 വര്‍ഷം മുന്‍പ് മരിച്ചിരുന്നു. ജോലി വിരമിച്ചശേഷം ജോണ്‍ നാട്ടിലെത്തി ലിസിയെ പുനര്‍വിവാഹം ചെയ്‌തു. ലിസിയുടെ ആദ്യ ഭര്‍ത്താവ് മരിച്ചിരുന്നു. എന്നാല്‍ 2018 ഡിസംബര്‍ 31ന് ജോണിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ജോണിന്റെ ആത്മഹത്യയ്‌‌‌‌ക്കു കാരണം വിഷാദ രോഗമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതിനിടെ ജോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആദ്യഭാര്യയിലെ മകള്‍ ഹൈക്കോടതിയില്‍ പരാതി നല്‍കി. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു കോടതി ഉത്തരവിട്ടു.

ഇതിനിടെയാണു കൂടത്തായി കേസ് വരുന്നത്. അതോടെ ചില മാധ്യമങ്ങളില്‍ കൂടത്തായി മോഡല്‍ കഥകള്‍ വന്നുതുടങ്ങി. ജോണിന്റെ കോടികള്‍ തട്ടാനായി രണ്ടാം ഭാര്യയും മകനും കൂടി അയാളെ കൊലപ്പെടുത്തി എന്ന മട്ടില്‍ മനോരമ ഓക്ടോബര്‍ 15ന് വാര്‍ത്ത നല്‍കി. മനോരമയുടെ ചുവടുപിടിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടലുകളായ ‘മറുനാടന്‍ മലയാളി’യും ‘മലയാളി വാര്‍ത്ത’യും വാര്‍ത്ത നല്‍കി.

അതുവരെ കേസില്‍ ഉറച്ചുനിന്ന ലിസിയുടെയും അലന്റേയും മനസ്സ് തകര്‍ന്നുതുടങ്ങിയത് ഈ വാര്‍ത്ത വന്ന മുതലായിരുന്നുവെന്ന് അലന്റെ സുഹൃത്തായ രാജീവ് ജെറാള്‍ഡ് ഫേസ്‌‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഒക്ടോബര്‍ 18 ന് ‘മറുനാടന്‍ മലയാളി’യും ‘മലയാളി വാര്‍ത്ത’യും കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെടുത്തി വീഡിയോകള്‍ ഇറക്കി. ഒക്ടോബര്‍ 19ന് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തി. ലിസിയെ ഡല്‍ഹിയിലെ പീതംപുരയില്‍ ഫ്‌ളാറ്റിലും അലനെ സരായ് കാലെഖാനില്‍ റെയില്‍പാളത്തിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാധ്യമങ്ങളുടെ വ്യാജവാര്‍ത്ത മൂലം മനസ് തകര്‍ന്ന ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു. മരണത്തിന് ശേഷവും, മോശമായ രീതിയില്‍ വീണ്ടും ഈ മാധ്യമങ്ങള്‍ വാര്‍ത്തകൊടുത്തു. മരിച്ചതിനുശേഷവും അവര്‍ വെറുതെ വിടുന്നില്ല.- രാജീവ് പറഞ്ഞു.

രാജീവ് ജെറാള്‍ഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്-പൂര്‍ണരൂപം

ഞാന്‍ ഫേസ്ബുക്ക് പോസ്റ്റ് ഒന്നും ഇടുന്ന ആളല്ല. പക്ഷെ ഇപ്പോള്‍ എഴുതാതിരിക്കാന്‍ ആവുന്നില്ല. ഞങ്ങളുടെ സുഹൃത്ത് അലനും അമ്മയും ഇന്നലെ പോയി. മനോരമയും മറുനാടനും കൊന്നതാണ്. അതെനിക്ക് പറയണം.

നാല് ദിവസം മുമ്പ് (October 15) മലയാള മനോരമയില്‍ ഒരു വാര്‍ത്ത വന്നു. അലന്റെ അമ്മയെകുറിച്ച് മോശമായ രീതീയില്‍ അഞ്ച് കോളം വാര്‍ത്ത അവര്‍ എഴുതിപിടിപ്പിച്ചിരുന്നു. വാര്‍ത്തയുടെ ചുവടുപിടിച്ച് യൂറ്റിയൂബ് ചാനലുകളായ മറുനാടനും മലയാളി വാര്‍ത്തയും മറ്റും വാര്‍ത്തകള്‍ പടച്ചുവിട്ടു. ആന്റിയെ കൂടത്തായിയോട് ചേര്‍ത്ത്. എരിവും പുളിയും കൂട്ടി.

സംഭവിച്ചത് ഇതാണ്. ആറ് മാസമായി അവര്‍ ഒരു സ്വത്ത് തര്‍ക്കവും അലന്റെ സ്റ്റെപ് ഫാദറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഒരു കേസ് നേരിടുന്നുണ്ടായിരുന്നു. കേസും കാര്യങ്ങളും അവരെ തളര്‍ത്തി. പക്ഷെ തെറ്റ് ചെയ്യാത്തതിനാല്‍ പിടിച്ചുനില്‍ക്കണമെന്ന് അവനും ആന്റിയും തീരുമാനിച്ചു.
വക്കീലിനെ വെച്ചു. ഉറച്ചുനിന്നു. അതിനിടയിലാണ് ഈ വാര്‍ത്ത വരുന്നത്.

അതുവരെ കേസില്‍ ഉറച്ചുനിന്ന ആന്റിയുടെയും അലന്റേയും മനസ്സ് തകര്‍ന്നുതുടങ്ങിയത് ഒക്ടോബര്‍ 15 ന് വാര്‍ത്ത വന്ന മുതലായിരുന്നു. ഒക്ടോബര്‍ 18 ന് മറുനാടനും മലയാളി വാര്‍ത്തയും കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെടുത്തി വീഡിയോകള്‍ ഇറക്കി. എന്തും സഹിക്കാം. മാനഹാനി അവര്‍ക്ക് താങ്ങാനാവുന്നതിലും അധികമായിരുന്നു. ഒക്ടോബര്‍ 19 ന് അവര്‍ പോയി.

അതുവരെ എല്ലാ ആഴ്ചയും ഞങ്ങളോട് ചിരിച്ചും ഫിലോസഫി പറഞ്ഞും സംസാരിച്ചിരുന്ന അവന്‍ അന്ന് തൊട്ട് ഞങ്ങളുടെ കോളുകള്‍ എടുക്കാതായി. ദല്‍ഹിയിലുള്ള ഞങ്ങളുടെ സുഹൃത്തുകള്‍ അവന്റെ അടുത്തെത്തി. അവനും അമ്മയും വല്ലാതായിരുന്നു.

ഞാനൊന്ന് ചോദിക്കട്ടെ? നിങ്ങള്‍ മനോരമയും മറുനാടനും കൂടിയല്ലേ എന്റെ അലനേയും അമ്മയേയും കൊന്നത്? ഒടുവില്‍ കേസിന്റെ പേരില്‍ ആത്മഹത്യ ചെയ്തതാണെന്നും എഴുതിവിട്ട് നിങ്ങള്‍ ചെയ്ത തെറ്റില്‍ നിന്ന് കൈകഴുകി രക്ഷപെടുന്നു. അവനേയും അമ്മയേയും കുറിച്ച് ഇന്ന് രാവിലെയും മനോരമയും മറുനാടനും, മരണത്തിന് ശേഷവും, മോശമായ രീതിയില്‍ വീണ്ടും വാര്‍ത്തകൊടുത്തു. മരിച്ചതിനുശേഷവും അവര്‍ അവനെ വെറുതെ വിടുന്നില്ല.

ഇതൊന്നും ഇവിടെ ആദ്യമല്ല. എത്രയോ പേരുടെ ജീവിതങ്ങള്‍ ഒരു ക്ലിക്ക് കിട്ടുന്നതിനുവേണ്ടി നിങ്ങള്‍ നശിപ്പിച്ചു. പ്രത്യേകിച്ച് സ്ത്രീകളുടെ പേരും വെച്ച്.

വിധി കല്‍പ്പിക്കേണ്ടത് മനോരമയും മറുനാടനുമല്ല. കോടതിയാണ്.

ഇനി സെന്‍സേഷണലിസത്തിന് വേണ്ടി നിങ്ങള്‍ ഇത് ചെയ്യരുത്. എത്രയോ പേരെ നിങ്ങള്‍ കൊന്നു. അതില്‍ ഞങ്ങളുടെ അലനും

കേരളത്തിലെ വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള പോളിങ് ആരംഭിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണു വോട്ടെടുപ്പ്. സംസ്ഥാനത്തു പരക്കെ പെയ്യുന്ന മഴ പോളിങ്ങിനെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം മണ്ഡലങ്ങളിൽ പോളിങ് മന്ദഗതിയിലാണ്. എറണാകുളത്തെ കനത്ത മഴയെ തുടർന്നു കലക്ടറുമായി സംസാരിച്ചെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ പറഞ്ഞു. വോട്ടെടുപ്പ് വൈകി ആരംഭിച്ചാൽ സമയം നീട്ടി നൽകുന്നത് പരിഗണനയിലാണ്. വോട്ടെടുപ്പ് തുടരാൻ സാധിച്ചില്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് മാറ്റേണ്ടി വരും. കലക്ടറുടെ റിപ്പോർട്ട് അനുസരിച്ച് തുടർനടപടിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ. മൊത്തം 9,57,509 വോട്ടർമാരാണ് അഞ്ച് മണ്ഡലങ്ങളിലായി ഉള്ളത്. അഞ്ചു മണ്ഡലങ്ങളിലെ 140 ബൂത്തുകളിൽ വെബ് കാസ്റ്റിങ്. എംഎൽഎ പി. ബി. അബ്ദുറസാഖിന്റെ നിര്യാണത്തെത്തുടർന്നാണ് മഞ്ചേശ്വരത്ത് ഒഴിവുവന്നത്. കെ. മുരളീധരൻ, അടൂർ പ്രകാശ്, എ.എം. ആരിഫ്, ഹൈബി ഈഡൻ എന്നിവർ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം നിയമസഭാ മണ്ഡലങ്ങളിലും ഒഴിവുവന്നു.

അഞ്ചു മണ്ഡലങ്ങളിലായി ആകെ 9,57,509 പേർക്കാണ് സമ്മതിദാനാവകാശമുള്ളത്. ഇത്തവണ അഞ്ചിടത്തുമായി 12,780 വോട്ടർമാർ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ വർധിച്ചിട്ടുണ്ട്. ആകെ 35 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. വട്ടിയൂർക്കാവ്- 8, കോന്നി–5, അരൂർ- 6, എറണാകുളം- 9, മഞ്ചേശ്വരം- 7. ആകെ 896 പോളിങ് സ്‌റ്റേഷനുകളാണ് അഞ്ചിടത്തുമായുള്ളത്. 5225 പോളിങ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. 24നാണ് അഞ്ചു മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ.

വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെട്ട എറണാകുളത്തും തിരുവനന്തപുരത്തും ഇന്നു കനത്ത മഴ പ്രവചിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വോട്ടിങ് ശതമാനത്തെ ബാധിക്കില്ലെന്നാണു കരുതുന്നത്. 2016ലെ തിരഞ്ഞെടുപ്പിൽ അരൂരിലായിരുന്നു റെക്കോർഡ് പോളിങ്–85.43%. മഞ്ചേശ്വരം (76.19), കോന്നി (73.19), എറണാകുളം (71.60), വട്ടിയൂർക്കാവ് (69.83) എന്നിങ്ങനെയാണു വോട്ടിങ് ശതമാനം. നാലിടത്തും സംസ്ഥാന ശരാശരിയായ 77.35% തൊട്ടില്ല.

മഞ്ചേശ്വരത്ത് 198 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. എറണാകുളത്ത് 135 ഉം അരൂർ 183 ഉം കോന്നിയിൽ 212 ഉം വട്ടിയൂർക്കാവിൽ 168 ഉം പോളിങ് സ്‌റ്റേഷനുകളുണ്ട്. എല്ലാ മണ്ഡലങ്ങളിലും പൊതു നിരീക്ഷകരെയും ചെലവ് നിരീക്ഷകരെയും തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചു. മഞ്ചേശ്വരത്ത് 63ഉം അരൂരിൽ ആറും കോന്നിയിൽ 48ഉം വട്ടിയൂർക്കാവിൽ 13ഉം ഉൾപ്പെടെ ആകെ 130 മൈക്രോ ഒബ്‌സർവർമാർമാരെയും നിയോഗിച്ചിട്ടുണ്ട്. എറണാകുളം മണ്ഡലത്തിൽ മൈക്രോ ഒബ്‌സർവർമാർ ഇല്ല. മഞ്ചേശ്വരത്ത് 19ഉം എറണാകുളത്തും അരൂരും വട്ടിയൂർക്കാവിലും 14 വീതവും, കോന്നിയിൽ 25 ഉം സെക്ടറൽ ഓഫിസർമാരെയും നിയോഗിച്ചിട്ടുണ്ട്.

സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത് 3696 പൊലീസ് ഉദ്യോഗസ്ഥരെ. 33 ഡിവൈഎസ്പിമാരും 45 സർക്കിൾ ഇൻസ്പക്ടർമാരും 511 എസ്ഐമാരും ഉൾപ്പെടെയാണിത്. കേന്ദ്ര വ്യവസായ സുരക്ഷിതത്വ സേനയുടെ 6 പ്ലറ്റൂണിനെയും വിന്യസിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത്് 2 പ്ലറ്റൂണും മറ്റു മണ്ഡലങ്ങളിൽ ഒരു പ്ലറ്റൂണും വീതമാണുള്ളത്. എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്തു പ്രവർത്തിക്കുന്ന ഇലക്‌ഷൻ സെൽ എല്ലാ മണ്ഡലങ്ങളിലും സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ വോട്ടർ തിരിച്ചറിയൽ കാർഡ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് 11 തിരിച്ചറിയൽ രേഖകളിൽ ഒന്ന് ഹാജരാക്കി വോട്ട് ചെയ്യാമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. (1) പാസ് പോർട്ട്, (2) ഡ്രൈവിങ് ലൈസൻസ്, (3) സംസ്ഥാന-കേന്ദ്ര സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ/പൊതുമേഖലാ കമ്പനികൾ എന്നിവർ ജീവനക്കാർക്ക് നൽകിയിട്ടുള്ള ഫോട്ടോ പതിച്ച സർവീസ് ഐഡന്റിറ്റി കാർഡ്, (4) ബാങ്ക്/പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലെ ഫോട്ടോ പതിച്ച പാസ് ബുക്ക് (കേരളത്തിലെ സഹകരണ ബാങ്കുകൾ നൽകിയിട്ടുള്ളവ ഒഴികെ), (5) പാൻ കാർഡ്, (6) റജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ എൻപിആറിനു കീഴിൽ നൽകിയിട്ടുള്ള സ്മാർട് കാർഡ്, (7) എംഎൻആർഇജിഎ ജോബ് കാർഡ്, (8) തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള ഹെൽത്ത് ഇൻഷുറൻസ് സ്മാർട് കാർഡ്, (9) ഫോട്ടോ പതിച്ച പെൻഷൻ രേഖ, (10) എംപി, എംഎൽഎ മാർക്ക് നൽകിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, (11) ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്നാണു ഹാജരാക്കേണ്ടത്. വോട്ട് രേഖപ്പെടുത്തുന്ന പ്രവാസികൾ അവരുടെ അസ്സൽ പാസ്‌പോർട്ട് തന്നെ തിരിച്ചറിയൽ രേഖയായി ഹാജരാക്കണം.

5 മണ്ഡലങ്ങളിൽ പോരാട്ടമിങ്ങനെ…

വട്ടിയൂർക്കാവ്: 2016ൽ യുഡിഎഫും ബിജെപിയും തമ്മിലുള്ള പോരാട്ടമായിരുന്നു. ബിജെപി ശക്തമായ പോരാട്ടം കാഴ്ച വയ്ക്കുന്നുവെങ്കിലും ഇത്തവണ മുന്നണികളാണു നേർക്കുനേർ. സാമുദായിക അടിയൊഴുക്കുകൾ നിർണായക പങ്കു വഹിക്കും.

കോന്നി: സാമുദായിക കണക്കുകളാണു മുന്നണികൾ എണ്ണുന്നത്. ശക്തമായ ത്രികോണ മത്സരത്തിലേക്കു ബിജെപി കളത്തെ മാറ്റിയതിന്റെ അനിശ്ചിതത്വം ഇരു മുന്നണികൾക്കും.

അരൂർ: എൽഡിഎഫും യുഡിഎഫും നേർക്കുനേർ ഒപ്പത്തിനൊപ്പം മത്സരിക്കുന്ന അരൂരിൽ ഫലം പ്രവചനാതീതം. എ.എം.ആരിഫ് മുപ്പത്തിയെണ്ണായിരത്തോളം വോട്ടിനു 2016ൽ വിജയിച്ച രാഷ്ട്രീയ ചിത്രം മാറി.

എറണാകുളം: യുഡിഎഫിന്റെ ഏറ്റവും സുരക്ഷിതമായ 20 സീറ്റുകളിലൊന്ന് എന്നു സിപിഎം തന്നെ വിശേഷിപ്പിക്കുന്ന എറണാകുളത്ത് ആ മേധാവിത്വം തുടരാൻ കഴിയുമെന്ന വിശ്വാസത്തിൽ കോൺഗ്രസ്. വിട്ടുകൊടുക്കാതെ പൊരുതി എന്ന തൃപ്തിയിലാണു സിപിഎം.

മഞ്ചേശ്വരം: 3 മുന്നണികൾക്കും പ്രതീക്ഷയുണ്ടെങ്കിലും അമിത ആത്മവിശ്വാസം ആർക്കുമില്ല. കഴി‍ഞ്ഞതവണ ബിജെപി രണ്ടാമതെത്തിയ ഇവിടെ എൽഡിഎഫും യുഡിഎഫും തമ്മിൽ എന്നതിലേക്കു പോരാട്ടം അവസാനനിമിഷം കടുക്കുന്നുവെങ്കിലും പതറാതെ ശ്രമിക്കുകയാണു ബിജെപി.

സംസ്ഥാനത്ത് അതിശക്തമായ തുലാമഴ. തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് ആലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും കാസർകോടും ഒഴിച്ചുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ട് നിലവിലുണ്ട്. കൊച്ചിയിൽ ഇന്നലെ രാത്രിമുതല്‍ അതിതീവ്ര മഴയാണ്. കൊച്ചിയില്‍ പ്രധാനപാതകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. എംജി റോഡിലും ടിഡി റോഡിലും ദേശീയ പതയിലും പശ്ചിമകൊച്ചിയുടെ വിവിധ ഭാഗങ്ങളിലും വെള്ളംകയറി.

എറണാകുളം ജില്ലയിലെ ഗ്രാമീണ മേഖലകളിലും മഴ ശക്തമാണ്. കോട്ടയത്തിന്റെ മലയോര മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളിലും ഇടമുറിയാതെ ശക്തമായ മഴ പെയ്യുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും കനത്ത മഴയാണ്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പുണ്ട്. സംഭരണികളിലേക്കുള്ള നീരൊഴുക്കിന്റെ തോത് നിരീക്ഷിച്ച് ആവശ്യമുള്ള നടപടികൾ സ്വീകരിക്കാനും കാലാവസ്ഥാ വകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ ജില്ലാ ഭരണകൂടങ്ങളോടും അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. എറണാകുളത്തും ആലപ്പുഴയിലും പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി.

കൊട്ടാരക്കര താലൂക്കില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി. തൃശൂര്‍ ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ചമുതല്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ കനത്ത മഴ എറണാകുളത്ത് പോളിങ്ങിനെ ബാധിക്കുന്നു.എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍. ജില്ലാകലക്ടറുമായി സംസാരിച്ചു. വോട്ടെടുപ്പ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെവന്നാല്‍ മറ്റൊരു ദിവസേത്തേക്ക് മാറ്റേണ്ടിവരും കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയെന്നും ടിക്കാറാം മീണ പറഞ്ഞു

എടത്വ: സാമൂഹിക സാംസ്കാരിക മതസൗഹാർദ്ധ പാരമ്പര്യം നിലനിർത്തുവാൻ ജലോത്സവങ്ങൾ വേദികളാകുന്നെന്ന് മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്ത.

നൂറിലധികം പേർ ഒരുമിച്ച് തുഴയുന്ന ഒരു വള്ളത്തിൽ ജാതി-മത-വർണ്ണ- രാഷ്ട്രീയ ചിന്തകൾക്കതീതമായി ഒരുമിച്ച് വിജയത്തിന് വേണ്ടിയുള്ള പോരാട്ടം മറ്റ് മത്സരങ്ങളിൽ നിന്നും വ്യത്യസ്തമാണെന്നും മെത്രാപോലീത്ത കൂട്ടി ചേർത്തു.ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകന്‍ ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടി നടന്ന എടത്വ ജലോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാദ്ധ്യഷന്‍.

സായാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് ആയിരക്കണക്കിന് ജലോത്സവ പ്രേമികളെ സാക്ഷിയാക്കി ജലോത്സസവത്തിൽ ഏബ്രഹാം മൂന്ന്തൈക്കൽ വിജയ കിരീടമണിഞ്ഞു.കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കൊണ്ട് മൂന്ന്തൈക്കൽ വിജയിയായത്.

എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിക്ക് മുന്‍വശമുള്ള പമ്പയാറ്റില്‍ ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആണ് മൂന്നാമത് ജലോത്സവം നടന്നത്.ആന്റപ്പന്‍ അമ്പിയായം എവര്‍റോളിംഗ് ട്രോഫി വള്ളം നേടി. വെപ്പ്‌വള്ളങ്ങളും ഒരു തുഴ മുതല്‍ അഞ്ച് തുഴ വരെയുള്ള തടി, ഫൈബര്‍ വള്ളങ്ങളുടെ മത്സരവും അംഗപരിമിതരുടെ നേതൃത്വത്തില്‍ പ്രത്യേക മത്സരവും നടന്നു..
സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ദേശിയ ജലകായിക താരങ്ങളുടെ നേതൃത്വത്തില്‍ കനോയിംങ്ങ് കയാക്കിങ്ങ് വള്ളങ്ങളില്‍ പ്രദര്‍ശന തുഴച്ചിൽ നടന്നു. കടലിന്റെ മക്കൾ പൊന്ത് വള്ളങ്ങളിൽ തുഴച്ചിൽ നടത്തി. ഉച്ചയ്ക്ക് 1.30 ന് വാദ്യാഘോഷങ്ങളുടെെയുടെ അകമ്പടിയോടെയോടെ എടത്വ പള്ളി കുരിശടിയില്‍ നിന്നും വിശിഷ്ഠ അതിഥികളെ പവലിയനിലേയ്ക്ക് സ്വീകരിച്ചു.. ചെയര്‍മാന്‍ സിനു രാധേയം പതാക ഉയര്‍ത്തി. പ്രസിഡന്റ് ബില്‍ബി മാത്യു അദ്യക്ഷ്യത വഹിച്ചു.. സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യു ചൂരവടി ജീവകാരുണ്യ പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം ചെയ്തു. റേസ് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ഉമ്മന്‍ മാത്യു മാസ് ഡ്രില്‍ സല്യൂട്ട് സ്വീകരിച്ചു.. സിനിമ താരം ഗിന്നസ് പക്രു ഫ്ളാഗ് ഓഫ് ചെയ്തു. യൂണിവേഴ്സല്‍ റെക്കാര്‍ഡ് ഫോറം അന്തര്‍ദേശിയ ജൂറി ഗിന്നസ് ഡോ. സുനില്‍ ജോസഫ് സമ്മാനദാനം നിര്‍വഹിച്ചു. ആന്റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്‍ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം ഡോ. ലീലാമ്മ ജോര്‍ജ്ജിന് സമ്മാനിച്ചു. ആലുക്കാസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഫലവൃക്ഷ്തൈ വിതരണണോദ്ഘാടനം
എടത്വാ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആനി ഈപ്പൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോൻസി സോണി ,പഞ്ചായത്ത് അംഗം മീരാ തോമസ്, തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, ജനറൽ കണ്‍വീനര്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള,ട്രഷറാർ കെ.തങ്കച്ചൻ, സെക്രട്ടറി എൻ.ജെ.സജീവ്,ആലുക്കാസ് തിരുവല്ല മോൾ മാനേജർ ഷെൽട്ടൺ വി. റാഫേൽ എന്നിവർ പ്രസംഗിച്ചു.

കെ.കെ.സുദീർ ,എ.ജെ.കുഞ്ഞുമോൻ, കെ.സി.രമേശ് കുമാർ ,ജസ്റ്റസ് സാമുവേൽ എന്നിവർ വിധി കർത്താക്കളും സന്തോഷ് വെളിയനാട്, റിക്സൺ ഉമ്മൻ എടത്വാ എന്നിവർ കമന്റേറ്റേഴ്സും ജയകുമാർ പി.ആർ, സാജൻ എൻ ജെ സ്റ്റാർട്ടേഴ്സും ആയിരുന്നു. അനിൽ ജോർജ് അമ്പിയായം ,ജയൻ ജോസഫ് പുന്നപ്ര, ജിം മാലിയിൽ ,ജോൺസൺ എം.പോൾ, സിയാദ് മജീദ്, അജയകുമാർ കെ.ബി., അജി കോശി ,കുര്യച്ചൻ മാലിയിൽ, അജോ ആൻറണി എന്നിവർ കൺവീനർമാരായി വിവിധ സബ് കമ്മറ്റികൾ നേതൃത്വം നല്കി.

പരിസ്ഥിതി സൗഹാർദ്ധ പെരുമാറ്റ ചട്ടം പൂർണ്ണമായും ഉൾപ്പെടുത്തി നടന്ന ജലോത്സവത്തിൽ കാണികളായി എത്തിയവർക്കെല്ലാം ആലുക്കാസ് ഫൗണ്ടേഷന്റെ വകയായി ഫലവൃക്ഷതൈ വിതരണം ചെയ്തു.

 

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ദമ്പതികളായ സൂര്യയും ഇഷാനും, തങ്ങളുടെ ആദ്യത്തെ കണ്മണിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ്. കാലം കുറച്ചായി സ്വന്തം ശരീരത്തില്‍ നിന്നൊരു കുഞ്ഞ് എന്ന തീവ്രമായ മോഹം സൂര്യയില്‍ ഉടലെടുത്തിട്ട്. പങ്കാളിയുടെ സ്വപ്നത്തിന് കാവലായി ഇഷാനും ഉണ്ട്. ആ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണ് ഇപ്പോള്‍.

വലിയ വെല്ലുവിളികളാണ് ഉള്ളതെങ്കിലും കുഞ്ഞിന് ജന്മം നല്‍കണമെന്ന ദൃഢനിശ്ചയം ഈ ട്രാൻസ്ജെൻഡർ ദമ്പതികളെ മുന്നോട്ട് നയിച്ചു. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇരുവരുടെയും വെളിപ്പെടുത്തൽ. ‘ഒത്തിരി സര്‍ജറികളിലൂടെയാണ് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയുള്ളു. അത് തന്നെ ജീവന്‍ പണയപ്പെടുത്തിയിട്ടുള്ള ഒരു യാത്രയാണ്.

അത് എന്ത് തന്നെയായാലും ഇത്തരം ടെക്നോളജികള്‍ നമ്മുടെ നാട്ടില്‍ പുതിയതായി പരീക്ഷിക്കാനും ഇനിവരുന്ന ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് ഒരു പാതയുണ്ടാക്കുകയെന്നതാണ് ഞങ്ങളുടെ ആഗ്രഹം’-സൂര്യ പറഞ്ഞു. യൂട്രസ് ഒരു ട്രാന്‍സ്‌വുമണ്‍ സ്വീകരിച്ചതിന് ശേഷം ആറുമാസം വരെ അവരുടെ ശരീരം അത് ഉള്‍ക്കൊള്ളുമോ എന്ന് നോക്കണം. ആറ് മാസം കഴിഞ്ഞ് ഓകെയാണെങ്കില്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കും. ഗര്‍ഭാവസ്ഥയിലും സൂക്ഷിക്കണം- സൂര്യ പറയുന്നു.

2018 ജൂൺ 29ന് ആയിരുന്നു കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ തിരുവനന്തപുരം മന്നം മെമ്മോറിയൽ ഹാളിൽ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം ഇവരുടെ വിവാഹം നടന്നത്. ആണായി പിറന്നെങ്കിലും പെണ്ണായി ജീവിക്കാന്‍ തീരുമാനിച്ച സൂര്യ. സ്ത്രീയല്ല, പുരുഷനെന്ന് സ്വയം പ്രഖ്യാപിച്ച ഇഷാന്‍ കെ. ഷാന്‍. വെല്ലുവിളികള്‍ നിറഞ്ഞ വഴികളെല്ലാം ഒരുപോലെ നേരിട്ടവരായിരുന്നു. ഏറെ നാളത്തെ പ്രണയം വിവാഹത്തിലേയ്ക്ക് വഴിമാറുകയായിരുന്നു.

നടക്കുമ്പോൾ എല്ലാം നിയമപരമായി നടക്കണമെന്ന ഇഷാന്റെ ആഗ്രഹമായിരുന്നു അന്ന് പൂവണിഞ്ഞത്. സംസ്ഥാന ട്രാന്‍സ്‍ജെന്‍ഡര്‍ ബോര്‍ഡ് അംഗമാണ് സൂര്യ, ഇഷാന്‍ ആകട്ടെ ജില്ലാ ഭാരവാഹിയും. ട്രാൻസ് പുരുഷൻ, ട്രാൻസ് സ്ത്രീ എന്നീ തിരിച്ചറിയൽ രേഖ സമർപ്പിച്ച് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ആയിരുന്നു വിവാഹം രജിസ്റ്റർ ചെയ്തത്.

പലപ്രശ്‌നങ്ങളുടെ പേരിൽ മലയാള സിനിമയിലെ നിരവധി താരങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ കയറി ഇറങ്ങേണ്ടി വന്നിട്ടുണ്ട്. സിനിമരംഗത്തെ പല പ്രമുഖരും വിവിധ കേസുകളുമായി ബന്ധപ്പെട്ട് ജയിലിലില്‍ കിടന്നിട്ടുണ്ട്. മലയാളത്തില്‍ നിന്നും 7ഓളം നായിക,നായകന്മാരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. അങ്ങനെയുള്ളവര്‍ ആരെല്ലാ‍മാണെന്ന് നോക്കാം.

ശ്രീജിത്ത് രവി

പാലക്കാട് ഒറ്റപ്പാലത്തിനു സമീപം പത്തിരിപ്പാലയില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്ന പരാതിയില്‍ ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 2016 ഓഗസ്ത് 27നാണ് ലക്കിടിയിലെ സ്വകാര്യ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ശ്രീജിത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ അധികം സജീവമല്ലാത്ത നടനാണ് ശ്രീജിത്ത്.

ഷൈന്‍ ടോം ചാക്കോ

2015 ജനുവരിയില്‍ നിരോധിത ലഹരിമരുന്നായ കൊക്കെയ്‌നുമായി ഷൈനിനെയും മറ്റു 4 പേരെയും കൊച്ചിയിലെ ഒരു ഫ്‌ലാറ്റില്‍ വച്ച്‌ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അറുപത് ദിവസത്തോളം ഷൈന്‍ ജയിലില്‍ കഴിഞ്ഞു. ഇപ്പോള്‍ കൈ നിറയെ സിനിമയാണ് ഷൈനുള്ളത്.

ധന്യ മേരി വര്‍ഗീസ്

2016 ഡിസംബര്‍ 16ന് 130 കോടി രൂപയുടെ തട്ടിപ്പ്കേസുമായി ബന്ധപ്പെട്ടാണ് ധന്യയേയും ഭര്‍ത്താവിനേയും ഭര്‍ത്തൃസഹോദരനേയും കേരളാപോലീസ് നാഗര്‍കോവിലില്‍ നിന്നും അറസ്റ്റു ചെയ്തത്. നീണ്ട ഇടവേളയ്ക്ക് ശേഷം താരം ഇപ്പോള്‍ സീരിയല്‍ രംഗത്ത് സജീവമാണ്.
ദിലീപ്

സിനിമാ രംഗത്തെ പ്രമുഖയായ ഒരു നടിയെ അക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ജനപ്രിയ നായകന്‍ ദിലിപ് ജയിലിലായത് 2017ലായിരുന്നു. മലയാള സിനിമയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്. ജൂലൈ 10ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ദിലീപിനു ഒക്ടോബര്‍ 3നാണ് ജാമ്യം ലഭിച്ചത്. കൈ നിറയെ സിനിമയുമായി മുന്നേറുകയാണ് ദിലീപ് ഇപ്പോള്‍.

സംഗീത മോഹന്‍

മദ്യപിച്ച്‌ പൊതുസ്ഥലത്ത് ഇറങ്ങുക മാത്രമല്ല മദ്യലഹരിയില്‍ വണ്ടിയോടിച്ച്‌ കുഴപ്പമുണ്ടാക്കുകയും ചെയ്തിട്ടുണ്ട് സിനിമാ സീരിയല്‍ താരമായ സംഗീത മോഹന്‍. സംഭവത്തില്‍ സംഗീത മോഹനെ പോലീസ് അറസ്റ്റ് ചെയ്യുക വരെയുണ്ടായി. കൊച്ചി പാലാരിവട്ടത്തുവച്ചായിരുന്നു ആ സംഭവം. രാത്രി മദ്യപിച്ച്‌ കാറോടിച്ച സംഗീത മറ്റൊരു വാഹനത്തില്‍ കാര്‍ കൊണ്ടിടിച്ചു. ചോദ്യം ചെയ്തവരെ ചീത്ത വിളിച്ചതോടെ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബൈജു

നഗരത്തിലെ ഒരു ക്ലബ്ബില്‍ വച്ച്‌ വിദേശമലയാളിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതിന് നടന്‍ ബൈജുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബൈജു കുറെക്കാലം കേസുമായി നടക്കുകയും ചെയ്തിരുന്നു.

ശാലു മേനോന്‍

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടി ശാലു മേനോനെ അറസ്റ്റ് ചെയ്തിരുന്നു‍. കേസിലെ രണ്ടാം പ്രതിയായിരുന്നു ശാ‍ലു. വിശ്വാസ വഞ്ചന, ചതി എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശാലുവിനെതിരേ കേസെടുത്തത്.

മുൻപ് ബാബു രാജും കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്

കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിക്കെതിരെ സിലിയുടെ മകന്റെ മൊഴി. സിലിയുടെ മരണശേഷം ജോളി പലതവണ ഉപദ്രവിച്ചിരുന്നു. അപരിചിതനെപോലെയാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. ജോളി നൽകിയ വെള്ളം കുടിച്ചതിന് ശേഷമാണ് സിലി കുഴഞ്ഞു വീണതെന്നും മകൻ മൊഴി നൽകി.

സിലിയുടെ കൊലപാതകത്തിന് പിന്നിൽ ജോളി തന്നെയാണെന്ന് തെളിയിക്കുന്നതാണ് സിലിയുടെ മകന്റെ മൊഴി. ശനിയാഴ്ചയാണ് പൊലീസ് സിലിയുടെ മകന്റെ മൊഴിയെടുത്തത്. അതേസമയം, ജോളിക്ക് സയനൈഡ് ലഭിച്ചത് കോയമ്പത്തൂരിൽ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. കോയമ്പത്തൂരിൽ പ്രജികുമാറിന് സയനൈഡ് നൽകിയ സത്യന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

ഇന്നലെയാണ് സിലിയുടെ മകന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കൂടത്തായി കൊലപാതക പരമ്ബരയിലെ രണ്ടാമത്തെ കേസായിട്ടാണ് സിലിയുടെ കൊലപാതകം പൊലീസ് അന്വേഷിക്കുന്നത്. ഈ കേസിൽ പ്രതി ജോളി ജോസഫിന്റെ അറസ്റ്റ് പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയാണ് സിലി.

താമരശ്ശേരിയിലെ ഒരു സ്വകാര്യ ദന്താശുപത്രിയിൽ വെച്ച് ജോളി സയനൈഡ് നൽകി സിലിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. വടകര തീരദേശ പൊലീസ് സ്റ്റേഷൻ സി.ഐ ബി.കെ സിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സിലി വധക്കേസ് അന്വേഷിക്കുന്നത്. റോയ് വധക്കേസ് പ്രതികളായ ജോളി, എം.എസ് മാത്യു എന്നിവരാണ് സിലി വധക്കേസിലും ഒന്നും രണ്ടും പ്രതികൾ.

അതേസമയം കൂടത്തായി കേസിലെ ജോളിയുൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ താമരശ്ശേരി മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു. പ്രതികളുടെ റിമാൻഡ്കാലാവധി നവംബർ രണ്ടുവരെ നീട്ടി.

 

ഡല്‍ഹിയില്‍ മലയാളി അമ്മയും മകനും മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇന്നലെയാണ് കോട്ടയം മണര്‍കാട് സ്വദേശി ലിസിയുടെയും മകൻ അലൻ സ്റ്റാൻലിയും ആത്മഹത്യ ചെയ്തത്. മരിച്ച ലിസിയുടെ മുറിയിൽ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ലിസിയുടെ രണ്ടാം ഭർത്താവായ പ്രവാസി വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ച് കുറിപ്പിൽ സൂചനയുണ്ടെന്നാണ് വിവരം.

പ്രവാസി വ്യവസായിയുടെ മരണത്തിൽ അന്വേഷണം തുടരുന്നതിനിടെ ഇന്നലെയാണ് അമ്മയെയും മകനെയും ദില്ലിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദില്ലി പീതംപുരയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ലിസിയുടെ മൃതദേഹം കണ്ടെത്തിയത്.

വീട്ടിൽ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സരായി റോഹിലയിലെ റെയിൽ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിലായിരുന്നു മകൻ അലൻ സ്റ്റാൻലിയുടെ മൃതദേഹം. ദില്ലി സെന്റ് സ്റ്റീഫൻലിവെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദില്ലി ഐഐടിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമാണ് അലൻ സ്റ്റാൻലി.

2018 ഡിസംബര്‍ 31 പ്രവാസി വ്യവസായിയായ ലിസിയുടെ ഭര്‍ത്താവ് ജോണ്‍ വിൽസണ്‍ ആത്മഹത്യ ചെയ്തിരുന്നു. വിഷാദ രോഗം ആത്മഹത്യയിലേക്ക് നയിച്ചു എന്നായിരുന്നു പൊലീസിന്‍റെ നിഗമനം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ജോണിന്‍റെ ആദ്യ ഭാര്യയിലെ മകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

RECENT POSTS
Copyright © . All rights reserved