Kerala

മലപ്പുറം പൂക്കോട്ടുംപാടത്ത് കൊലക്കേസ് പ്രതിയെ വഴിയോരത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഐ.എൻ.ടി.യു.സി പ്രാദേശിക നേതാവായിരുന്ന മുഹമ്മദലിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിലമ്പൂർ മൈലാടി സ്വദേശി സലീമിന്റെ മൃതദേഹമാണ് പൂക്കോട്ടുംപാടം നിലംപതിയിലെ പാതയോരത്ത് കണ്ടെത്തിയത്.

നിലപതിക്കു സമീപത്തെ ഒാടയില്‍ പുലര്‍ച്ചെയാണ് സലീമിന്റെ മൃതദേഹം കണ്ടെത്തിയത്. സലീം വെട്ടിക്കൊലപ്പെടുത്തിയ മുഹമ്മദലിയുടെ വീട്ടിലേക്കുളള വഴയുടെ ഒാരത്തെ ഒാടയിലായിരുന്നു മൃതദേഹം. പരിസരത്തു നിന്ന് മദ്യക്കുപ്പിയും വിഷക്കുപ്പിയും കണ്ടെടുത്തു. തന്നേയും കുടുംബത്തേയും നശിപ്പിച്ചവർക്ക് മാപ്പില്ലെന്ന് എഴുതിയ കത്ത് മൃതദേഹത്തിൽ നിന്ന് ലഭിച്ചു. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലാണ് സലീം മുഹമ്മദലിയെ കൊലപ്പെടുത്തിയത്.

സലീമിൽ നിന്നു വാങ്ങിയ പണം മുഹമ്മദലി തിരിച്ചു നല്‍കിയില്ലെന്നും പലവട്ടം ആവശ്യപ്പെട്ടെങ്കിലും അപമാനിച്ചുവെന്നുമാണ് കൊല ചെയ്യാനുളള കാരണമായി അന്ന് മൊഴി നല്‍കിയിരുന്നത്. കേസില്‍ പരോളില്‍ കഴിയവെയാണ് സലീമിന്റെ മരണം. നിലമ്പൂരിനടുത്ത മൈലായിടില്‍ നിന്ന് 15 കിലോമീറ്ററോളം സഞ്ചരിച്ചാണ് നിലപതിയിലെ മുഹമ്മദലിയുടെ വീടിനു സമീപത്ത് എത്തിയത്.

മരണത്തിന് പിന്നില്‍ മറ്റെന്തിങ്കിലും ഗൂഢാലോചനകളുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൂക്കോട്ടുംപാടം പൊലീസാണ് കേസന്വേഷിക്കുന്നത്.

രോഗം സോറിയാസിസ് ആണെന്ന് വെളിപ്പെടുത്തുന്ന ഘട്ടത്തിൽ പല രോഗികളും ഈ ഡയലോഗ് പറയാതെ പറഞ്ഞതായി തോന്നിയിട്ടുണ്ട്. പൊതുജനം തങ്ങൾക്ക് ഒരിക്കലും വരരുതേ എന്നാഗ്രഹിക്കുന്ന, ആവശ്യത്തിലധികം പേടിയോടെ സമീപിക്കുന്ന ത്വക് രോഗങ്ങളിൽ ഒന്നാണ് സോറിയാസിസ്. അതിനാൽ തന്നെ, അത്ഭുത രോഗസൗഖ്യവും അശാസ്ത്രീയചികിത്സാ വാഗ്ദാനപരസ്യങ്ങളും രംഗം കൊഴുപ്പിക്കുന്നു.

ഇന്ന് ഒക്ടോബർ 29, ലോക സോറിയാസിസ് ദിനം. സോറിയാസിസിനെ കുറിച്ചാകാം…..

ആദ്യം തന്നെ പറയട്ടെ…
സോറിയാസിസ് ഒരു പകർച്ച വ്യാധിയല്ല… സോറിയാസിസ് രോഗിയെ തൊട്ടാലോ, ഒപ്പം താമസിച്ചാലോ രോഗം പകരില്ല.

ചർമ്മത്തിലെ കോശങ്ങൾ വിവിധ പാളികളിലായാണ് കാണപ്പെടുക. ഇതിൽ ഏറ്റവും താഴെയുള്ള പാളിയിലുള്ളവയാണ് (basal layer) വിഭജിക്കുന്ന കോശങ്ങൾ. വിഭജിച്ചുണ്ടാകുന്ന പുതിയ കോശങ്ങൾ 28 മുതൽ 30 ദിവസം കൊണ്ട് ചർമ്മത്തിന്റെ വിവിധപാളികളിലൂടെ സഞ്ചരിച്ച് ചർമ്മപ്രതലത്തിൽ എത്തി കൊഴിഞ്ഞു പോകുന്നു. വളരെ പതുക്കെ നടക്കുന്ന ഈ കൊഴിഞ്ഞു പോക്ക് നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയില്ല.
സോറിയാസിസിൽ ആകട്ടെ ഇതെല്ലാം ദ്രുതഗതിയിൽ നടക്കുന്നു. വെറും 4 ദിവസം കൊണ്ട് പുതിയ കോശങ്ങൾ ചർമ്മപ്രതലത്തിൽ എത്തി കുന്നുകൂടുന്നു. ഇത്‌ വെള്ളി നിറത്തിലുള്ള വേഗത്തിൽ ഇളകുന്ന ശൽകങ്ങളായി കാണാൻ സാധിക്കുന്നു.

ഈ പ്രക്രിയയെ സ്വാധീനിക്കുന്ന ചില ഘടകങ്ങളുണ്ട്

🔷ജനിതക ഘടകങ്ങൾ

ഒരാൾക്ക് സോറിയാസിസ് വരാനുള്ള ആജീവനാന്ത സാദ്ധ്യത മാതാപിതാക്കളിൽ ആർക്കും സോറിയാസിസ് ഇല്ലാത്ത പക്ഷം 4 ശതമാനവും, ഒരാൾക്ക് രോഗമുള്ള പക്ഷം 28 ശതമാനവും, രണ്ടു പേർക്കും രോഗമുണ്ടെങ്കിൽ 65 ശതമാനവുമാണ്.
പാരമ്പര്യമായി രോഗം കണ്ടു വരുന്നവരിൽ രോഗാരംഭം നേരത്തെ ആകുവാനും, രോഗം കൂടുതൽ തീവ്രസ്വഭാവമുള്ളതാകുവാനുമുള്ള സാധ്യത കൂടുതലാണ്.

🔷പരിസ്ഥിതി സംബന്ധമായ ഘടകങ്ങൾ

📌അണുബാധ
ടോണ്സിലൈറ്റിസ്, തൊണ്ടയിലെ അണുബാധ

📌മരുന്നുകൾ
വേദനസംഹാരികൾ,മലേറിയക്കുള്ള മരുന്നുകൾ, രക്തസമ്മർദത്തിനുള്ള ചിലയിനം മരുന്നുകൾ, ലിതിയം

📌മാനസിക സംഘർഷം
80% രോഗികളിൽ മാനസികസമ്മർദ്ദം മൂലം സോറിയാസിസ് കൂടുന്നതായും, ഇതിൽ 20% പേർ മാനസികസംഘർഷത്തിന് ചികിത്സ സ്വീകരിക്കേണ്ടി വരുന്നതായും പഠനങ്ങൾ തെളിയിക്കുന്നു

📌പരിക്കുകൾ / ക്ഷതം

📌പുകവലി

📌മദ്യപാനം

📌സൂര്യപ്രകാശം
സൂര്യരശ്മികൾ പൊതുവെ സോറിയാസിസിനു ഫലപ്രദമായ ഒരു ചികിത്സാ രീതിയാണെങ്കിലും, 5-20 ശതമാനം രോഗികളിൽ ഇതു രോഗം മൂർച്‌ഛിക്കുവാൻ കാരണമാകാം. ഇങ്ങനെയുള്ളവരിൽ സൂര്യരശ്മികളും അൾട്രാ വയലറ്റ് രശ്മികളും ഉപയോഗിച്ചുള്ള ഫോട്ടോതെറാപ്പി ചികിത്സ ചെയ്യാൻ പാടുള്ളതല്ല.

🔷രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ (immunological response) വരുന്ന വ്യതിയാനം

ജനിതകമായ ഘടകങ്ങൾ അനൂകൂലമായ ഒരു വ്യക്തി മേല്പറഞ്ഞ പരിസ്ഥിതി സംബന്ധമായ ഘടകങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോൾ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഇതു മൂലം ചർമ്മത്തിലെ കോശങ്ങളുടെ വിഭജനം കൂടുകയും കൊഴിഞ്ഞു പോകൽ മന്ദീഭവിക്കുകയും ചെയ്യുന്നു. തൽഫലമായി ചർമ്മപ്രതലത്തിൽ കോശങ്ങൾ അടിഞ്ഞു കൂടി ശല്കങ്ങൾ രൂപപ്പെടുന്നു. ഒപ്പം ശ്വേത രക്താണുക്കൾ [ പ്രധാനമായും ടി ലിംഫോസൈറ്റുകളും ന്യൂട്രോഫിലുകളും ] ചർമ്മത്തിലെത്തി തടിച്ച പാടുകൾ ഉണ്ടാകുന്നു. ചർമ്മത്തിലെ രക്തക്കുഴലുകൾ വികസിക്കുന്നത് തടിപ്പുകൾക്കു ചുവന്ന നിറം നൽകുന്നു.

ലക്ഷണങ്ങൾ

ചൊറിയുക എന്ന അർഥമുള്ള psora ( സോറാ ) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് സോറിയാസിസ് എന്ന വാക്കിന്റെ ഉത്ഭവം. എന്നാൽ മറ്റുള്ള പല ത്വക് രോഗങ്ങളെ അപേക്ഷിച്ചു സോറിയാസിസിനു ചൊറിച്ചിൽ കുറവാണ്. അസഹനീയമായ ചൊറിച്ചിൽ സോറിയാസിസ് രോഗിയിൽ കണ്ടാൽ ചൊറിച്ചിലിന്റെ മറ്റു കാരണങ്ങൾ തേടേണ്ടതുണ്ട്.

യൗവ്വനാരംഭത്തിലും അറുപതുകളിലുമാണ് സാധാരണ രോഗാരംഭം കണ്ടു വരുന്നത്.

വിവിധ തരത്തിൽ സോറിയാസിസ് പ്രകടമാകാം

🔴ക്രോണിക് പ്ലാക് സോറിയാസിസ് (Chronic plaque psoriasis)

80-90% സോറിയാസിസ് രോഗികളും ഈ ഗണത്തിൽ പെടുന്നു. വ്യക്തമായ അരുകുകൾ ഉള്ള വെള്ളി നിറത്തിലെ ശൽകങ്ങളോടു കൂടിയ ചുവന്ന തടിപ്പുകൾ കൈകാൽമുട്ടുകൾ, നടുവ്, ശിരോചർമ്മം, കൈകാൽ വെള്ള എന്നീ ശരീരഭാഗങ്ങളിൽ കണ്ടു വരുന്നു. അസുഖത്തിന്റെ തീവ്രതയേറുമ്പോൾ കൂടുതൽ ശരീരഭാഗങ്ങളിലേക്ക് പാടുകൾ വ്യാപിക്കുന്നു.

ചില പാടുകൾക്കു ചുറ്റും വെളുത്ത വലയം കണ്ടു വരാറുണ്ട്, പ്രത്യേകിച്ച് ചികിത്സ തുടങ്ങിയ ശേഷം. ഇതിനെ വോർനോഫ്സ് റിങ്ങ് (Wornoff’s ring) എന്നു പറയുന്നു.

പരിക്കുകൾ അല്ലെങ്കിൽ ക്ഷതം ഏൽക്കുന്ന ഭാഗങ്ങളിൽ ക്ഷതം ഏറ്റ അതെ മാതൃകയിൽ പുതിയ തടിപ്പുകൾ ഉണ്ടാകാം, ഇത് കോബ്നർ ഫിനോമിനൻ (Koebner phenomenon) എന്നറിയപ്പെടുന്നു. ഈ പ്രതിഭാസം സജീവമായ രോഗത്തിന്റെ (active disease) ലക്ഷണമാണ്.

പാടുകൾ ശിരോചർമ്മത്തിൽ മാത്രമായി പരിമിതമായിരിക്കുകയും ആകാം, ഇതാണ് scalp psoriasis. ഈ രോഗാവസ്ഥ താരനായി തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഏറെയാണ്. അതു പോലെ തന്നെ, നഖങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥ nail psoriasis എന്നും കൈകാൽ വെള്ളയെ മാത്രം ബാധിക്കുന്ന രോഗം palmoplantar psoriasis എന്നും അറിയപ്പെടുന്നു. മറ്റുള്ള ഇനം സോറിയാസിസിലും മേല്പറഞ്ഞ ഭാഗങ്ങൾ മറ്റു ശരീരഭാഗങ്ങളോടൊപ്പം ഉൾപ്പെടാം.

മടക്കുകളെ ബാധിക്കുന്ന flexural psoriasis, താരൻ ഉണ്ടാകുന്ന ശരീരഭാഗങ്ങളായ ശിരോചർമ്മം, പുരികം, മൂക്കിന്റെ വശങ്ങൾ, ചെവിയുടെ പുറകു വശം, നെഞ്ച്, തോളുകൾ, കക്ഷം, തുടയിടുക്കുകൾ എന്നിവിടങ്ങളെ ബാധിക്കുന്ന സീബോസോറിയാസിസ് (sebopsoriasis) എന്നിവയും സോറിയാസിസ് എന്ന രോഗത്തിന്റെ വകഭേദങ്ങളാണ്.

🔴അക്യൂട്ട് ഗട്ടേറ്റ് സോറിയാസിസ് (acute guttate psoriasis)

ടോൺസിലൈറ്റീസ് പോലെയുള്ള അണുബാധയെ തുടർന്ന് പൊടുന്നനവെ ശരീരത്തു വെള്ളത്തുള്ളികൾ പോലെ ശൽകങ്ങളോടുകൂടിയ ചെറിയ ചുവന്ന തടിപ്പുകൾ കാണുന്നു. കുട്ടികളിലും യുവാക്കളിലും ആണ് സാധാരണ ഇത്തരം രോഗം കണ്ടു വരുന്നത്. അണുബാധ ഭേദമാകുന്നതോടെ 2-3 മാസം കൊണ്ട് ചർമ്മത്തിലെ പാടുകളും മാറുന്നു. ചെറിയ ശതമാനം രോഗികളിൽ പിന്നീട് ക്രോണിക് പ്ലാക് സോറിയാസിസ് ഉണ്ടാകാൻ സാധ്യതയുണ്ട്.

🔴എരിത്രോടെർമിക് സോറിയാസിസ് (erythrodermic psoriasis)

ത്വക്കിന്റെ 90 ശതമാനത്തിൽ കൂടുതൽ അസുഖം ബാധിച്ചു തീവ്രത കൂടിയ അവസ്ഥയാണിത്. 1-2% രോഗികളിൽ ഈ അവസ്ഥ ഉണ്ടാകാം.

🔴 പസ്റ്റുലാർ സോറിയാസിസ് (pustular psoriasis)

ബയോപ്സി ചെയ്തു മൈക്രോസ്കോപ്പി പരിശോധനയിൽ കാണാവുന്ന ന്യൂട്രോഫിലുകളുടെ കൂട്ടം എല്ലാത്തരം സോറിയാസിസിന്റെയും ലക്ഷണമാണ്.എന്നാൽ രോഗതീവ്രത കൂടുമ്പോൾ ഇത് പ്രത്യക്ഷത്തിൽ നഗ്നനേത്രങ്ങൾ കൊണ്ടു കാണാനാകുന്ന അവസ്ഥയിലെത്തി ചർമ്മത്തിൽ പഴുത്ത കുരുക്കൾ പ്രത്യക്ഷപ്പെടുന്നു. ഇതാണ് പസ്റ്റുലാർ സോറിയാസിസ്.
കൈകാൽ വെള്ളകളിൽ മാത്രം പഴുത്ത കുരുക്കൾ പരിമിതമായിരിക്കുന്ന പാമോപ്ലാന്റാർ പസ്റ്റുലോസിസ്‌ (palmoplantar pustulosis) മുതൽ ചർമ്മത്തിൽ ആസകലം പഴുപ്പ് നിറയുന്ന അക്യൂട്ട് ജനറലൈസ്ഡ് പസ്റ്റുലർ സോറിയാസിസ്(acute generalised pustular psoriasis of von Zumbusch) വരെ ഈ വിഭാഗത്തിൽ പെടുന്നു.
തീവ്രതയേറിയ ഇനങ്ങളിൽ സോറിയാസിസിന്റെ പാടുകളിലോ ചർമ്മത്തിൽ അല്ലാതെ തന്നെയോ നീറ്റലോടു കൂടി ചുവപ്പ് വീഴുന്നു, താമസിയാതെ ചുവപ്പിനു മീതെ പഴുത്ത കുരുക്കൾ രൂപപ്പെടുന്നു. പല കുരുക്കൾ ചേർന്ന് ദേഹമാസകാലം പഴുപ്പിന്റെ പൊയ്കകൾ (lakes of pus) തന്നെ രൂപപ്പെടാം. ഇതോടൊപ്പം പനി, ശരീരം വേദന, ന്യൂമോണിയ, മഞ്ഞപ്പിത്തം, രക്തത്തിലെ കൗണ്ടിലും മറ്റു ഘടകങ്ങളിലും വ്യതിയാനം എന്നിവ ഉണ്ടാകാം. സന്ദർഭോചിതമായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെയും സംഭവിക്കാം.

🔴സോറിയാറ്റിക് ആർത്രോപതി (psoriatic arthropathy)

ത്വക്കിൽ സോറിയാസിസ് ഉള്ള 40% ആളുകളിൽ സന്ധിവേദനയും വീക്കവും ഉണ്ടാകാറുണ്ട്. വാതം എന്നു പറഞ്ഞു തള്ളി കളയുന്ന പല സന്ധി വേദനയും സോറിയാറ്റിക് ആർത്രൈറ്റിസ് ആകാം.
രാവിലെ എഴുന്നേറ്റയുടൻ സന്ധികൾ ചലിപ്പിക്കാനുള്ള വിഷമതയും വേദനയും ഒരു പ്രധാനലക്ഷണമാണ്. കൈകാൽ വിരലുകളുടെ അറ്റത്തെ ചെറിയ സന്ധികളെയാണ് (distal interphalangeal joint) പ്രധാനമായും ഇതു ബാധിക്കുന്നത്. വിരളമായി മറ്റു സന്ധികളെയും നട്ടെല്ലിനേയും സോറിയാറ്റിക് ആർത്രോപതി ബാധിക്കാം. ഇതോടൊപ്പം ത്വക്കിലും നഖത്തിലും സോറിയാസിസ് ഉണ്ടാകാം.

സങ്കീർണതകൾ

എരിത്രോടെർമിക് സോറിയാസിസിലും, പസ്റ്റുലാർ സോറിയാസിസിലും ത്വക്കിന്, ശരീരോഷ്മാവ് നിലനിർത്തുക, അണുബാധ തടയുക, ജലത്തിന്റെയും ലവണങ്ങളുടെയും സന്തുലനാവസ്ഥ നിലനിർത്തുക എന്നീ കടമകൾ ചെയ്യാൻ കഴിയാതെ വന്ന് skin failure എന്ന സങ്കീർണമായ അവസ്ഥയിൽ എത്തുന്നു. തൽഫലമായി രോഗിക്ക് പനി, കുളിര്, രക്തത്തിലെ ലവണങ്ങളിൽ വ്യതിയാനം, അപൂർവമായി രക്തത്തിൽ അണുബാധയുണ്ടാകുന്ന മാരകമായ സെപ്റ്റിസിമിയ (septicemia) എന്ന അവസ്ഥയുമുണ്ടാകാം.
സോറിയാസിസ് രോഗികളിൽ പൊണ്ണത്തടി, പ്രമേഹം, രക്താതിമ്മർദം,ഹൃദയാഘാതം, പക്ഷാഘാതം, കരൾവീക്കം (non -alcoholic steatohepatitis) എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.

പരിശോധന

ലക്ഷണങ്ങളാണ് രോഗനിർണയത്തിന്റെ ആധാരശില. അതിനാൽ തന്നെ മേല്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ ഒരു ത്വക് രോഗവിദഗ്ദന്റെ സഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.

ചില സന്ദർഭങ്ങളിൽ മാത്രം പരിശോധനകൾ ആവശ്യമായി വന്നേക്കാം.
ന്യൂട്രോഫിലുകളുടെ കൂട്ടങ്ങളും ,ചർമ്മത്തിലെ വിവിധ പാളികളിലും രക്തക്കുഴലുകളിലും ഉണ്ടാകുന്ന നിശ്ചിത വ്യത്യാസങ്ങളും ത്വക്കിലെ പാടിന്റെ ബയോപ്സി പരിശോധനയിലൂടെ തിരിച്ചറിയാൻ കഴിയും.
പസ്റ്റുലർ സോറിയാസിസ്, എരിത്രോടെർമിക് സോറിയാസിസ് എന്നീ തീവ്രതയേറിയ രോഗാവസ്ഥകളിൽ രക്തത്തിലെ കൗണ്ട്, ഇ എസ് ആർ, കാൽഷ്യം, സോഡിയം, പൊട്ടാഷ്യം, പ്രോട്ടീൻ, വൃക്കകളുടെയും, കരളിന്റെയും പ്രവർത്തനം നിശ്ചയിക്കാനുള്ള പരിശോധനകൾ, പഴുപ്പിന്റെയും, രക്തത്തിന്റെയും കൾച്ചർ എന്നീ പരിശോധനകളും വേണ്ടി വന്നേക്കാം.

ചികിത്സ

ഇടയ്ക്ക് രോഗലക്ഷണങ്ങള്‍ തീവ്രമാവുകയും (Exacerbation) ഇടയ്ക്ക് നന്നായി കുറഞ്ഞു പൂർണമായും അപ്രത്യക്ഷമാവുകയും (Remission) ചെയ്യുന്നത് ഈ രോഗത്തിന്റെ പ്രധാന സവിശേഷതയാണ്. ഈ പ്രത്യേകത മുതലെടുത്താണ് പല അത്ഭുതരോഗസൗഖ്യ പ്രസ്ഥാനങ്ങളും നിലകൊള്ളുന്നത്.

പരിപൂര്‍ണ്ണമായി ചികിത്സിച്ചു മാറ്റാന്‍ കഴിയുന്ന രോഗം അല്ലെങ്കിൽ കൂടിയും സോറിയാസിസിനു ആധുനിക വൈദ്യശാസ്ത്രത്തിൽ ഫലപ്രദമായ ചികിത്സാ രീതികൾ ലഭ്യമാണ്.
ലക്ഷണങ്ങളെ ശമിപ്പിക്കുക, രോഗത്തിന്റെ തീവ്രത കുറയ്ക്കുക, രോഗശമന കാലയളവ്‌ ദീര്‍ഘകാലത്തേക്ക് നീട്ടുക എന്നിവയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങൾ.

രോഗതീവ്രത, രോഗം ബാധിച്ച ഭാഗം (ശിരോചർമ്മം, കൈകാൽ വെള്ള, സന്ധികൾ, നഖം), രോഗിയുടെ പ്രായം എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ചികിത്സ നിർണയിക്കപ്പെടുന്നത്.

ചികിത്സാ രീതികൾ

💊ലേപനങ്ങൾ

സ്റ്റിറോയ്ഡ്, കോൾ ടാർ തുടങ്ങി നിരവധി ലേപനങ്ങൾ ഫലപ്രദമാണ്. തീവ്രത കുറഞ്ഞ പരിമിതമായ ഭാഗങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥയിൽ ലേപനങ്ങൾ മാത്രം മതിയാകും.

💊ഫോട്ടോതെറാപ്പി

അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ചികിത്സയാണിത്. സൂര്യപ്രകാശം ഉപയോഗിച്ചോ പ്രത്യേക തരം ഉപകരണങ്ങൾ ഉപയോഗിച്ചോ ഈ ചികിത്സ ചെയ്യാം. ചില സന്ദർഭങ്ങളിൽ അൾട്രാ വയലറ്റ് രശ്മികളോടുള്ള ചർമ്മത്തിന്റെ പ്രതികരണശേഷി കൂട്ടാനുതകുന്ന ലേപനങ്ങളോ ഗുളികകളോ ഇതോടൊപ്പം ഉപയോഗിക്കാറുണ്ട്.

💊മരുന്നുകൾ (ഗുളികകളും ഇഞ്ചക്ഷനും)

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ നിയന്ത്രിക്കുന്ന മരുന്നുകളാണിവ. സോറിയാറ്റിക് ആർത്രോപതി, എരിത്രോടെർമിക് സോറിയാസിസ്, പസ്റ്റുലാർ സോറിയാസിസ്, ശരീരത്തിന്റെ 10 ശതമാനത്തിൽ കൂടുതൽ ബാധിക്കുന്ന രോഗം, മറ്റു ചികിത്സകൾ ഫലപ്രദമല്ലാതെ വരുക എന്നീ അവസ്ഥകളിലാണ് ഇത്തരം ചികിത്സ വേണ്ടി വരുന്നത്. ഈ മരുന്നുകൾ കഴിക്കുന്നവരിൽ കൃത്യമായ തുടർപരിശോധനകൾ അനിവാര്യമാണ്.

💊ജീവിത ശൈലിയിലെ മാറ്റങ്ങൾ

ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണസാധനങ്ങളും സോറിയാസിസ് കുറയാൻ സഹായിക്കും. ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തണം. ചില രോഗികളിൽ ഗ്ളൂട്ടൻ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ (ഗോതമ്പ്, ബാർലി മുതലായവ) ഒഴിവാക്കുന്നത് ഫലം ചെയ്തു കാണാറുണ്ട്.
കലോറി കുറഞ്ഞ ഭക്ഷണസാധനങ്ങളും, കൃത്യമായ വ്യായാമവും സോറിയാസിസ് രോഗികളിൽകൂടുതലായി കണ്ടു വരുന്ന പൊണ്ണത്തടി, പ്രമേഹം, രക്താതിമ്മർദം,ഹൃദയാഘാതം, പക്ഷാഘാതം, കരൾവീക്കം (non -alcoholic steatohepatitis) എന്നിവയെ പ്രതിരോധിക്കും.

സോറിയാസിസ് രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

✏️ചർമ്മത്തിൽ ക്ഷതമേൽകാതിരിക്കാൻ ശ്രദ്ധിക്കുക.

✏️നിരന്തരമായ ഉരസ്സലുകൾ ഒഴിവാക്കുക. ഉദാഹരണത്തിന് ശക്തിയായി ചുരണ്ടിയോ ചൊറിഞ്ഞോ ശല്കങ്ങൾ ഇളക്കാൻ ശ്രമിക്കാതിരിക്കുക

✏️ചർമ്മം വരണ്ടു പോകാതെ സൂക്ഷിക്കുക. ഇതിനായി മോയ്സചറൈസറുകളോ എണ്ണയോ ഉപയോഗിക്കാം

✏️ടോൺസിലൈറ്റിസ് പോലെയുള്ള അണുബാധ ഉണ്ടായാൽ ഉടനടി ചികിത്സ തേടുക

✏️പുകവലി, മദ്യപാനം ഒഴിവാക്കുക

✏️മാനസ്സികസമ്മർദ്ദം നിയന്ത്രണ വിധേയമാക്കുക

✏️സൂര്യപ്രകാശം മൂലം സോറിയാസിസ് കൂടുന്നു എന്നു കണ്ടാൽ അമിതമായി വെയിൽ കൊള്ളുന്നത് ഒഴിവാക്കുക

✏️ചികിത്സ ഡോക്ടർ നിർദേശിച്ച രീതിയിൽ നിർദിഷ്ട കാലം തുടരുക.

ചുരുക്കി പറഞ്ഞാൽ, സോറിയാസിസിനെ ഭയക്കേണ്ടതില്ല. അത്ഭുതരോഗസൗഖ്യവാഗ്ദാനങ്ങളിൽ മോഹിതരാകാതെ സന്ദർഭോചിതമായ ചികിത്സയിലൂടെ സോറിയാസിസിനെ വരുതിയിലാക്കാം.

അപ്പോൾ, എല്ലാവർക്കും ഹൃദയം നിറഞ്ഞ സോറിയാസിസ് ദിനാശംസകൾ….

എഴുതിയത് കടപ്പാട് : Dr Aswini

കണ്ണൂർ ചക്കരക്കല്ലിൽ പ്ലസ്ടു വിദ്യാർഥിനികളായ കൂട്ടുകാരികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ക്ലാസ് മുറിയിൽ സഹപാഠികൾ തമ്മിലുണ്ടായ ചില നിസ്സാര കളിയാക്കലുകളെ തുടർന്നാണു ജീവനൊടുക്കിയതെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ചില സഹപാഠികൾ കളിയാക്കിയതായി മൃതദേഹങ്ങൾക്കു സമീപത്തു നിന്നു കിട്ടിയ കത്തിൽ പരാമർശമുണ്ട്.

അവരെ ചോദ്യം ചെയ്തെങ്കിലും ഗൗരവമുള്ള സംഭവങ്ങളുണ്ടായിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി. മരിച്ച പെൺകുട്ടികളിൽ ഒരാളുടെ സുഹൃത്തിന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണിൽ പെൺകുട്ടിയുമായി നടത്തിയ വാട്സാപ് ചാറ്റിങ് ഉണ്ടെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലും പെൺകുട്ടികൾ എന്തെങ്കിലും തരത്തിലുള്ള ചൂഷണങ്ങൾക്കു വിധേയരായതായി കണ്ടെത്തിയിട്ടില്ല.

പെൺകുട്ടികൾ രണ്ടു പേരും ഹൈസ്കൂൾ തലം മുതൽ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും ഇരുവീടുകളിലും സ്ഥിരമായി എത്താറുണ്ട്. ശനിയാഴ്ച ഉച്ച വരെ സ്കൂളിൽ സ്പെഷൽ ക്ലാസിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ കുട്ടികൾ മുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നുവെന്നാണു ബന്ധുക്കളുടെ മൊഴി. ഏറെ നേരം കഴിഞ്ഞും പുറത്തു വരാത്തതിനെ തുടർന്നു വീട്ടുകാർ നോക്കിയപ്പോഴാണു മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്.

സ്കൂളിലും ഇരുവരെക്കുറിച്ചും നല്ല അഭിപ്രായമാണ്. എൻഎസ്എസ് വൊളന്റിയർമാരായ ഇരുവരും പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മാതാപിതാക്കൾക്ക് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ കുട്ടികളാണ് ഇരുവരും. വീട്ടിൽ എന്തെങ്കിലും തരത്തിലുള്ള സമ്മർദം ഇരുവർക്കും ഉണ്ടായിരുന്നില്ലെന്നാണു ബന്ധുക്കൾ പറയുന്നത്.

ചക്കരക്കല്ലിൽ വിദ്യാർഥിനികളുടെ ആത്മഹത്യയെത്തുടർന്നു വാട്സാപിൽ പ്രചരിച്ച വാർത്തകൾ വ്യാജമെന്നു പൊലീസ്. സൗഹൃദ ഗ്രൂപ്പുകളിലെ ചാറ്റുകൾ സംബന്ധിച്ച പ്രശ്നങ്ങളാണു മരണകാരണമെന്നു സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിച്ചിരുന്നു. എന്നാൽ അത്തരത്തിൽ ഒന്നും ഉണ്ടായിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി.

അമിതവണ്ണം കുറയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു. അടുത്ത ദിവസം ആശുപത്രി വിടും. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആദ്യത്തെ ബാരിയാട്രിക് ശസ്ത്രക്രിയയാണ് ഇത്.

അടൂര്‍ പഴകുളം ആദിത്യനിവാസില്‍ 135 കി.ഗ്രാം ഭാരമുണ്ടായിരുന്ന ശ്രീജയ്ക്കാണ് (39) വെള്ളിയാഴ്ച ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഇവര്‍ക്കു ദൈനംദിന ജോലികള്‍ പോലും ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു.10 വര്‍ഷം മുന്‍പു പ്രസവ ശേഷമാണു ശ്രീജ വണ്ണം വച്ചു തുടങ്ങിയത്. തുടര്‍ന്നു പ്രമേഹവും ശ്വാസതടസവും പിടിപെട്ടു.

6 മാസത്തിനുള്ളില്‍ വണ്ണം, പടിപടിയായി കുറഞ്ഞ് സാധാരണ നിലയിലെത്തുമെന്നു ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ സര്‍ജറി വിഭാഗം അഡീഷനല്‍ പ്രഫ ഡോ. എസ്.കെ. അജയകുമാര്‍ അറിയിച്ചു. സ്വകാര്യാശുപത്രിയില്‍ 6 ലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ നാലിലൊന്ന് തുകയ്ക്കാണ് ചെയ്തതെന്നു സൂപ്രണ്ട് ഡോ.ആര്‍.വി. രാംലാല്‍ അറിയിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതോടെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷൻ ആരായിരിക്കും എന്ന ചോദ്യമാണ് ഇപ്പോൾ നിലവിലുള്ളത്. പാർട്ടിയിലെ നിരവധി പേരുകൾ ഇതിനോടകം ഉയരുന്നുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകൾ ആണ് മുൻ‌തൂക്കം. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനായി നിയമിക്കാന്‍ സാധ്യതയുണ്ടെന്നാണ്. താരത്തെ അധ്യക്ഷനാക്കാൻ താൽപര്യം പ്രകടിപ്പിച്ചതാകട്ടെ ആഭ്യന്തരമന്ത്രി അമിത് ഷാ. അദ്ദേഹത്തിന് താല്പര്യം ഉണ്ടെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

അമിത് ഷായ്ക്ക് സുരേഷ് ഗോപിയോട് താൽപര്യം തോന്നാനുള്ള കാരണം ആകട്ടെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി വന്‍ ജനപ്രീതി സൃഷ്ടിച്ചതാണ്. ഏറെ ജനസ്വാധീനമുള്ള നേതാവിനെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷനാക്കാനാണ് ബിജെപി കേന്ദ്രനേതൃത്വം ശ്രമിക്കുന്നതെന്നാണ് സൂചന. ആരായിരിക്കുമെന്ന് നമുക്ക് കണ്ടറിയാം.. ശബരിമല വിഷയം തനിയ്ക്ക് കൂട്ടാകുമെന്ന് കരുതിയ സുരേന്ദ്രന്‍ കോന്നിയില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും ഉണ്ടായ തോല്‍വികൾ കെ സുരേന്ദ്രന് വെല്ലുവിളിയാണ്. എന്നാൽ ഇതിനകം ജനങ്ങള്‍ക്കും പാര്‍ട്ടിക്കും താല്‍പര്യമുള്ള ഒരു വ്യക്തിയായിരിക്കും അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതെന്ന് ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഈ സ്ഥാനത്തേക്ക് വരാൻ കഴിയുന്ന നിരവധി പേർ പാർട്ടിയിൽ ഉണ്ട്. സമയമാകുമ്പോൾ ആ വ്യക്തി അദ്ധ്യക്ഷസ്ഥാനത്തേക്ക് വരും. ക്യാപ്റ്റനോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്ന മികച്ച കളിക്കാർ പർട്ടിയിൽ ഉണ്ടെന്നും . ഞങ്ങള്‍ അടിക്കുന്ന ഗോളുകൾ തടുക്കാൻ ശക്തിയുള്ള ഒരു യുവനിര പ്രതിപക്ഷത്ത്  ഇല്ലെന്നും ശോഭ മുന്നറിയിപ്പ് നൽകിയിരുന്നു . ഞങ്ങൾ കളി തുടങ്ങാൻ പോകുന്നതേയുള്ളു എന്ന് മുന്നറിയിപ്പ് ശോഭ നൽകിയിട്ടുണ്ട് . പ്രസിഡന്റ് സ്ഥാനത്തേക്ക് തര്‍ക്കം രൂക്ഷമായാല്‍ സമവായ സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയേക്കുമെന്നും ശോഭയെ പിന്തുണയ്ക്കുന്നവര്‍ പ്രതീക്ഷിക്കുന്നുണ്ട് . അതോടൊപ്പം കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാൻ തീരുമാനിക്കുന്നതായും സൂചനയുണ്ട്. ബിജെപി തന്നെയാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്.

കഴിഞ്ഞ തവണ കുമ്മനത്തെ മിസോറം ഗവര്‍ണറാക്കിയ സമയത്ത് പിന്നീട് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷൻ ആരാകുമെന്നായിരുന്നു അവിടെയും ചോദ്യം നിന്നിരുന്നത് . ആ തർക്കം മാസങ്ങളോളം നീണ്ടു. വി മുരളീധരന്‍ പക്ഷം കെ സുരേന്ദ്രനേയും പികെ കൃഷ്ണദാസ് പക്ഷം എംടി രമേശിനും വേണ്ടി നിലയുറപ്പിച്ചതോടെ തര്‍ക്കം രൂക്ഷമായി. എന്നാൽ അവസാന നിമിഷം ശ്രീധരന്‍ പിള്ളയെ അധ്യക്ഷനാക്കിയതും 2018 ഓഗസ്റ്റ് രണ്ടിന് അദ്ദേഹം ചുമതലയേൽക്കുകയും ചെയ്തു . കഴിഞ്ഞ ദിവസം കൊച്ചിയില്‍ ആര്‍എസ്എസ്- ബിജെപി സംയുക്ത യോഗം നടന്നിരുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു . ഈ യോഗത്തില്‍ എംടി രമേശും പങ്കെടുത്തിരുന്നു. ആര്‍എസ്എസിന്റെ മനസ് പൂര്‍ണമായും രമേശിനൊപ്പമാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഉറപ്പിച്ചു പറയുന്നു.

സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാൻ വേണ്ടി ശക്തമായ ചർച്ചകൾ നടക്കുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്‍റെ കാലാവധി അടുത്ത മാസം തീരാനിരിക്കെ ആണ് ശ്രീധരൻ പിള്ളയെ ഗവര്‍ണറായി നിയമിച്ചത്.  നവംബര്‍ അഞ്ചിനോ ആറിനോ ശ്രീധരന്‍ പിളള മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും. അമിത് ഷായുടെ ഈ നിലപാടിൽ കോളടിച്ചിരിക്കുന്നത് സുരേഷ് ഗോപിയ്ക്ക് തന്നെയാണ് . ഏറെ വൈകാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ ആരായിരിക്കുമെന്ന് കണ്ടറിയാം ……

തിരുവനന്തപുരം, വെങ്ങാനൂര്‍ നെല്ലിവിള മുള്ളുവിള കിഴക്കരികത്ത് വീട്ടില്‍ ലിജിമോള്‍ (24), കോട്ടയം കൂരോപ്പട വട്ടുകുളം കാരുവള്ളിയില്‍ അരുണ്‍കുമാര്‍ (23) എന്നിവരാണു ജയിലിലായത്. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റാണു വിവാഹേതരബന്ധം സംബന്ധിച്ച കേസില്‍ അപൂര്‍വ ഉത്തരവ് പുറപ്പെടുവിച്ചത്.

ലിജിമോളെ കാണാതായതോടെ, ഭര്‍ത്താവ് കാവുങ്ങല്‍ പുത്തന്‍വീട്ടില്‍ ഗിരീഷ്‌കുമാര്‍ കഴിഞ്ഞ 21-ന് നേമം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ആറുവയസുള്ള മകനെയും നാലരവയസുള്ള മകളെയും കൂട്ടി ഭര്‍തൃഗൃഹത്തില്‍ നിന്നിറങ്ങിയ യുവതി , കുട്ടികളെ വഴിയിലുപേക്ഷിച്ച് കടന്നുകളയാനാണു പദ്ധതിയിട്ടത് എങ്കിലും അത് ചെയ്തില്ല . കുട്ടികള്‍ കല്ലിയൂര്‍ വെയ്റ്റിങ് ഷെഡില്‍ നില്‍പ്പുണ്ടെന്നും വിളിച്ചുകൊണ്ടുപോകാന്‍ സഹോദരനോടു പറയണമെന്നും അമ്മയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. പെട്ടെന്നുതന്നെ സ്ഥലത്തെത്തിയ സഹോദരന്‍ കുട്ടികളെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

കുട്ടികളെ വെയ്റ്റിംഗ് ഷെഡില്‍ നിര്‍ത്തിയ ശേഷം അരുണ്‍കുമാറിനൊപ്പം കോട്ടയത്തേക്ക് പോയ ലിജി അയാളുടെ വീട്ടില്‍ താമസമാക്കി. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷത്തില്‍ ഇവര്‍ കോട്ടയത്തുണ്ടെന്ന് മനസ്സിലാകുകയായിരുന്നു.പിന്നീട് നേമം പോലീസിന്റെ ആവശ്യപ്രകാരം ഇവര്‍ നേമം പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. അവിവാഹിതനായ അരുണ്‍കുമാറിനെ രണ്ടു വര്‍ഷം മുമ്പാണ് ലിജി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ഭര്‍ത്താവിന്റെ ഉപദ്രവം മൂലമാണ് വീടുവിട്ടിറങ്ങിയതെന്നും അരുണ്‍കുമാറിനൊപ്പം ജീവിക്കാനാണ് താല്‍പര്യം എന്നും ഇവര്‍ കോടതിയില്‍ അറിയിച്ചു.

എന്നാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് കുട്ടികളോടു ക്രൂരത കാട്ടിയതിന്, ജുവനൈല്‍ ജസ്റ്റിസ് നിയമം 317, 109, 34 വകുപ്പുകള്‍ പ്രകാരമാണു ലിജിക്കെതിരേ പോലീസ് കേസെടുത്തത്. കാമുകന്‍ അരുണ്‍കുമാറിനെതിരേ പ്രേരണാക്കുറ്റവും ചുമത്തി. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതിനാലും അരുണ്‍കുമാറിന്റെ ബൈക്ക് കസ്റ്റഡിയില്‍ എടുക്കുന്നത് അടക്കം തുടരന്വേഷണം ആവശ്യമായതിനാലും പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, നവംബര്‍ ഒന്‍പതുവരെ ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു

കുവൈറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മലയാളി ബാലികയുടെ മൃതദേഹം രണ്ടു മാസമായി മോര്‍ച്ചയില്‍ സൂക്ഷിക്കുന്നു. ഓഗസ്റ്റ് 26 ന് അബ്ബാസിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ചെങ്ങന്നൂര്‍ പുലിയൂര്‍ പെരിശ്ശേരി സ്വദേശി രാജേഷ്-കൃഷ്ണപ്രിയ ദമ്പതികളുടെ മകള്‍ തീര്‍ത്ഥ (9)യുടെ മൃതദേഹമാണ് അന്വേഷണത്തിന്റെ ഭാഗമായി മാതാപിതാക്കള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രണ്ടു മാസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.

കുട്ടിയുടെ മരകാരണം കഴുത്തില്‍ കുരുക്ക് മുറുകിയാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവ സമയം കുട്ടിയുടെ മാതാപിതാക്കള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. മരണത്തില്‍ ദുരൂഹത ഇയര്‍ന്നതോടെ പെണ്‍കുട്ടിയുടെ ഉറ്റ ബന്ധുക്കളായ രണ്ടുപേരെയും അവരോടൊപ്പം ഫ്‌ളാറ്റില്‍ ഷെയറിങിനായി താമസിച്ച രണ്ടു സ്ത്രീകളെയും സംഭവ സമയത്ത് ഇവര്‍ താമസിച്ച കെട്ടിടത്തില്‍ എത്തിയതായി സിസി ടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയ മറ്റൊരു സ്ത്രീയെയും രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിരുന്നു.

കസ്റ്റഡിയില്‍ ഉള്ളവരെ നിരന്തരമായി ചോദ്യം ചെയ്തിട്ടും മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ഇന്ത്യന്‍ എംബസി മുഖേന അഭ്യര്‍ത്ഥന നടത്തിയിരുന്നുവെങ്കിലും യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ മാതാപിതാക്കള്‍ക്ക് ഇവരെ അനുഗമിക്കാനാകില്ല. മാതാപിതാക്കളുടെ യാത്രാ വിലക്ക് നീക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

കോട്ടയം കിടങ്ങൂരിൽ മനോദൗർബല്യമുള്ള പതിമൂന്ന്കാരിയെ പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കൂടല്ലൂർ സ്വദേശി ബെന്നിയെയാണ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് പിടികൂടിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ഇതോടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പിടികൂടിയ നാല് പ്രതികളുടെ ഉറ്റ സുഹൃത്താണ് ബെന്നി. ബെന്നിയാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. രണ്ട് വർഷമായി പ്രതികൾ പെൺകുട്ടിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. കൂടല്ലൂർ സ്വദേശികളായ റെജി സെബാസ്റ്റ്യൻ, കൊച്ചുപറമ്പിൽ ജോബി, ചുണ്ടെലിക്കാട്ടിൽ ദേവസ്യാച്ചൻ, തോമസ് എന്നിവരെ പൊലീസ് അവരുടെ വീടുകളിൽ നിന്ന് പിടികൂടി.

ഇതറിഞ് പാലക്കാട്ടെയ്ക്ക് രക്ഷപ്പെട്ട ബെന്നിയെ മോനിപ്പള്ളിയിൽ കെ എസ് ആർ ടി സി ബസിൽ നിന്നാണ് പിടികൂടിയത്. അച്ഛൻ മരിച്ചതിനെത്തുടർന്ന് പെൺകുട്ടി അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഏക സഹോദരൻ തിരുവനന്തപുരത്ത് സ്കൂളിൽ പഠിക്കുകയാണ്.അമ്മ പകൽ സമയം കൂലിപ്പണിക്കും മറ്റും പോകുമായിരുന്നു. ഈ സമയത്തും സ്കൂൾ അവധി

ദിനങ്ങളിലുമാണ് പലപ്പോഴായി പ്രതികൾ പെൺകുട്ടികൾ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മാനസികമായി തകർന്ന കുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോളാണ് പീഡനവിവരം പുറത്തറിഞ്ഞത്. കിടങ്ങുർ ജനമൈതി പൊലീസിലുണ്ടായിരുന്ന എഎസ്ഐ സി.ജി, സജികുമാറിന്റെ തുടർച്ചയായ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. നാട്ടുകാർ കൈമാറിയ വിവരങ്ങളും അന്വേഷണത്തിൽ നിർണായകമായി.

കൂടത്തായി കൊലപാതകപരമ്പരയുടെ ചുരുളഴിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റൂറല്‍ എസ്.പി.യുടെ ഗുഡ് സര്‍വീസ് എന്‍ട്രി. ഈ കേസിലേക്ക് വെളിച്ചംവീശിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ. ഇസ്മയില്‍, രണ്ടുമാസത്തോളം നിശ്ശബ്ദമായ അന്വേഷണത്തിന് നേതൃത്വം നല്‍കിയ അഡീഷണല്‍ എസ്.പി. സുബ്രഹ്മണ്യന്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസന്‍, എസ്.ഐ. ജീവന്‍ ജോര്‍ജ് തുടങ്ങി 15 പേര്‍ക്കാണ് എസ്.പി. ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയത്.

കേരള പോലീസിന്റെതന്നെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ കേസായാണ് കൂടത്തായി കേസിനെ കണക്കാക്കുന്നത്. രണ്ടുമാസത്തെ പഴുതടച്ച അന്വേഷണമാണ് രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഇതിനായി അന്വേഷണസംഘം ഏറെ ത്യാഗം സഹിച്ചിട്ടുണ്ട്. ഇതു കണക്കിലെടുത്താണ് തുടക്കത്തില്‍ സംഘത്തിലുണ്ടായിരുന്ന പോലീസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അംഗീകാരം നല്‍കിയത്.

കൂടത്തായിയിലും പുലിക്കയത്തും എന്‍.ഐ.ടി.യിലും കട്ടപ്പനയിലുമെല്ലാം പോലീസുകാര്‍ വേഷപ്രച്ഛന്നരായി ദിവസങ്ങളോളം കഴിഞ്ഞിട്ടുണ്ട്. രണ്ടു പോലീസുകാര്‍ താടിവെച്ചാണ് പൊന്നാമറ്റത്തും മറ്റും പോയത്.

കല്ലറ പൊളിച്ചതിനുശേഷമാണ് ഇവര്‍ താടി ഒഴിവാക്കിയത്. കട്ടപ്പനയില്‍ അന്വേഷണത്തിനു പോകുമ്പോള്‍ വടക്കന്‍ഭാഷ പ്രശ്‌നമാകാതിരിക്കാന്‍ മുന്‍കൂട്ടി തയ്യാറെടുത്തു. എന്‍.ഐ.ടി.യിലും പലരൂപത്തില്‍ പോലീസുകാര്‍ പോയി. നേരത്തേ 10 പേരാണ് സംഘത്തിലുണ്ടായിരുന്നതെങ്കിലും പിന്നീട് അഞ്ചുപേരെക്കൂടി ഉള്‍പ്പെടുത്തി.

ഉന്നത ഉദ്യോഗസ്ഥരാരും അവസാനംവരെ കൂടത്തായിയില്‍ പോയിരുന്നില്ല. ഈ പ്രദേശത്ത് പരിചയമില്ലാത്ത പോലീസുകാരെ മാത്രമാണ് അന്വേഷണത്തിനുവിട്ടത്. അവസാനഘട്ടത്തില്‍ പോളിഗ്രാഫ് ടെസ്റ്റിന് വിധേയയാകാമോ എന്ന് പോലീസ് ജോളിയോട് ചോദിച്ചപ്പോള്‍ കട്ടപ്പനയിലെ ചാച്ചനോട് ചോദിക്കണമെന്നാണ് പറഞ്ഞത്. ചാച്ചനെ വിളിച്ചോളാന്‍ പറഞ്ഞു. പോലീസിന്റെ മുന്നില്‍വെച്ചുതന്നെ ജോളി ചാച്ചനെ വിളിച്ചു. എന്നാല്‍, വിളിച്ചത് ചാച്ചനെയല്ലെന്ന് ശബ്ദം മനസ്സിലാക്കി പോലീസ് പറഞ്ഞപ്പോള്‍ ജോളിക്ക് സമ്മതിക്കേണ്ടിവന്നു. ജോളിയുടെ ചാച്ചന്‍ സംസാരിക്കുന്ന രീതിവരെ പോലീസ് കട്ടപ്പനയില്‍പ്പോയി പഠിച്ചുവെച്ചിരുന്നു.

നേരത്തേ അസ്വഭാവികതയൊന്നുമില്ലെന്നുപറഞ്ഞ് തള്ളിയ കേസിന്റെ ദിശ മാറുന്നതിന് നിമിത്തമായത് റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ. ഇസ്മയിലിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. ജീവന്‍ ജോര്‍ജ് നടത്തിയ രഹസ്യാന്വേഷണമാണ്.

ഈ അന്വേഷണത്തിലാണ് ജോളിക്ക് എന്‍.ഐ.ടി.യില്‍ ജോലിയില്ലെന്ന് തെളിഞ്ഞത്. പിന്നീട് വിശദമായി അന്വേഷിച്ചപ്പോള്‍ ഓരോ മരണത്തിനുപിറകിലും ജോളിയുടെ സാന്നിധ്യം വ്യക്തമായി. ജീവന്‍ ജോര്‍ജ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഡിവൈ.എസ്.പി. ഇസ്മയിലിന്റെ സഹായത്തോടെ വിശദമായ റിപ്പോര്‍ട്ടാക്കി എസ്.പി. കെ.ജി. സൈമണ് സമര്‍പ്പിക്കുകയായിരുന്നു.

വാളായറിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് പൃഥ്വിരാജും ടൊവീനോയും ഉണ്ണി മുകുന്ദനും. മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്കപ്പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണെന്ന് ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ അതിനെതിരെ സോഷ്യൽമീഡിയയിലൂടെ മാത്രം പ്രതിഷേധിക്കുന്ന ആളുകളുടെ പ്രവണതയെ എതിർത്തായിരുന്നു പൃഥ്വിയുടെ പ്രതികരണം.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.

പൃഥ്വിരാജിന്റെ വാക്കുകൾ: ആ സമയം വീണ്ടും എത്തിയിരിക്കുന്നു! കുറച്ച് ഫോളോവേർസ് ഉള്ളവർ (ഞാൻ ഉൾപ്പടെ) വൈകാരികമായ വാക്കുകളാൽ സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതുന്ന സമയം. ആ രണ്ട് പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും എങ്ങനെ നീതി നിഷേധിക്കപ്പെട്ടെന്നും സമൂഹമെന്ന നിലയിൽ നാം അർഹിക്കുന്ന നീതിയെക്കുറിച്ചും ഹാഷ്ടാഗ് കൊണ്ട് എങ്ങനെ പ്രതിഷേധത്തിന് ആക്കം കൂട്ടാം എന്നൊക്കെ പറയുന്ന കുറിപ്പ്.

എന്നാൽ ഈ സാഹചര്യത്തേക്കാൾ ഏറെ ഭയപ്പെടുത്തുന്നത് ഈ കുറിപ്പുകളിൽ കാണുന്ന ഏകതാന സ്വഭാവവമാണ്. ഒരു പാറ്റേൺ. കുറിപ്പ് എങ്ങനെ ആരംഭിക്കാമെന്നും പൊരുത്തക്കേട് എങ്ങനെ അവതരിപ്പിക്കാമെന്നും പ്രശ്ന പരിഹാരത്തിന് ആഹ്വാനം ചെയ്ത് അത് എങ്ങനെ അവസാനിപ്പിക്കണമെന്നും നിങ്ങൾക്കറിയാം. നിങ്ങൾ അതിൽ വിദഗ്ദ്ധനാണ്. നിങ്ങൾ അങ്ങനെ ആയി തീർന്നിരിക്കുന്നു.

“അവർ നീതിക്ക് അർഹരാണ്”. “വാളയാർ പെൺകുട്ടികൾക്കു നീതി വേണം”. “പീഡകരെ ശിക്ഷിക്കുക”.

ശരിക്കും? ഇതൊക്കെ പറയേണ്ട കാര്യം തന്നെ ഉണ്ടോ? ഇവിടെ ഒരു സിസ്റ്റം പ്രവർത്തിക്കാൻ സോഷ്യൽ മീഡിയയിലെ ജനക്കൂട്ടം ശരിക്കും ആവശ്യമുണ്ടോ? നമ്മൾ അങ്ങനെ ഒരവസ്ഥയിൽ എത്തിയോ?

അപകടകരമായ വിധത്തിൽ നമ്മൾ സ്വയം കീഴടങ്ങാൻ തയ്യാറായി കഴിഞ്ഞിരിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.. ഒരു ജനത അവരുടെ ഘടന നിലനിർത്തുന്ന ഭരണവ്യവസ്ഥയിൽ പ്രതീക്ഷ കൈവിടുമ്പോള്‍, എല്ലായ്പ്പോഴും വിപ്ലവം ഉണ്ടാകും. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ.

എന്ന്, പൃഥ്വിരാജ് സുകുമാരൻ. പൗരൻ.

ടൊവീനോ: കുറ്റവാളികൾക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണു ! ഇനിയും ഇത് തുടർന്നാൽ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ‌ ഞാനുൾപ്പടെയുള്ള സാധാരണക്കാർ വച്ചു പുലർത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂർണമായും നഷ്ടപ്പെടുമെന്നുറപ്പാണു.

കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവർത്തന രീതികളും , നിയമസംവിധാനങ്ങളും , നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കിൽ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല , അവർ പ്രതികരിക്കും . ഹാഷ്ടാഗ് ക്യാംപെയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണു !

ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം;

‘തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍, അതും 13 , 9 വയസ്സുള്ളവര്‍, തങ്ങള്‍ക്ക് എന്താണ് സംഭവിച്ചെതെന്നു പോലും തിരിച്ചറിയാന്‍ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞു പോയപ്പോള്‍ പിന്നീട് ഈ സമൂഹത്തിനും നിയമ വ്യവസ്ഥക്കും ആ പിഞ്ചു കുഞ്ഞിങ്ങളോട് കാണിക്കാന്‍ കഴിയുന്ന ഏക മനുഷ്യത്വവും നീതിയും എന്ന് പറയുന്നത് ഈ ദാരുണ സംഭവത്തിന് കാരണക്കാരായ വേട്ട മൃഗത്തിന് സമാനമായ മനസ്സും മനുഷ്യ ശരീരവുമായി ജീവിക്കുന്ന കിരാതന്മാരെ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക എന്നത് മാത്രമാണ്.

മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്ക പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ് . ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണ്.’

RECENT POSTS
Copyright © . All rights reserved