മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലായിൽ പ്രചാരണത്തിനെത്തും. മണ്ഡലത്തിലെ മൂന്നു പഞ്ചായത്തുകളിൽ മാണി സി. കാപ്പന് വേണ്ടി മുഖ്യമന്ത്രി വോട്ടു തേടും.മേലുകാവില്‍ 10 മണിക്കാണ് ആദ്യ പ്രചരണം. ഒരു ദിവസം മൂന്ന് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. 20ന് വൈകിട്ട് പാലായില്‍ നടക്കുന്ന യോഗത്തോടെയാണ് മുഖ്യമന്ത്രിയുടെ പ്രചരണ പരിപാടികളുടെ സമാപനം.
കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയും ഇന്ന് പാലായിലെത്തും. പാലാ നഗരത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിലാവും ആന്റണിയുടെ വോട്ടഭ്യർഥന.ഏത് വിധേനയും മണ്ഡലം പിടിക്കുക എന്നതിലേക്ക് കാര്യങ്ങള്‍ എത്തിയതോടെയാണ് മുതിർന്ന നേതാക്കള്‍ തന്നെ കളത്തില്‍ ഇറങ്ങുന്നത്.
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ചെന്നൈ ഐ.ഐ.ടി സംഘത്തിന്റെ റിപ്പോര്‍ട്ട്. ഫ്‌ളാറ്റുകളുടെ ഒരു കിലോമീറ്ററിലധികം ചുറ്റളവില്‍ പാരിസ്ഥിതിക പ്രശ്‌നമുണ്ടാകും. സമീപത്തെ കെട്ടിടങ്ങള്‍ക്ക് നാശമുണ്ടാകും. നിയന്ത്രിത സ്‌ഫോടങ്ങളാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഫ്‌ളാറ്റില്‍ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ നല്‍കിയ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റുടമ ഇന്ന് ഹൈക്കോടതിയില്‍ ഹരജി നല്‍കും. ഹോളി ഫെയ്ത്ത് ഫ്‌ലാറ്റിലെ കെ.കെ നായരാണ് ഹര്‍ജിക്കാരന്‍. താന്‍ കൃത്യമായി നികുതി നല്‍കുന്നതാണന്നും തനിക്ക് ഉടമസ്ഥാവകാശമുണ്ടന്നും അതിനാല്‍ നഗരസഭ പതിച്ച നോട്ടീസ് നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.
സെപ്തംബര്‍ 20-നുള്ളിൽ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ച് റിപ്പോർട്ട് നൽകാനാണ് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഒഴിപ്പിക്കാൻ നഗരസഭ നൽകിയ സമയപരിധി തീർന്നിട്ടും ഒരു താമസക്കാർ പൊലും മാറിയിട്ടില്ല.
മറയൂർ : പട്ടാപ്പകൽ നാട്ടുകാരുടെ മുന്നിൽ യുവാവ് പിതൃസഹോദരന്റെ കാൽ വെട്ടി മാറ്റി. കാന്തല്ലൂർ കർശനാട് സ്വദേശി മുരുകനാണ് (40) പിതാവിന്റെ ഇളയ സഹോദരനായ മുത്തുപാണ്ടിയുടെ (65) ഇടതുകാൽ വാക്കത്തികൊണ്ട് വെട്ടി മാറ്റിയത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ പത്തോടെ കോവിൽക്കടവ് ഓട്ടോ സ്റ്റാൻഡിനു സമീപമാണ് സംഭവം.
അരമണിക്കൂറോളം റോഡിൽ രക്തം വാർന്നു കിടന്ന മുത്തുപാണ്ടിയെ പൊലീസ് ഇൻസ്‌പെക്ടർ വി.ആർ.ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. അറ്റുപോയ കാൽ തുന്നിച്ചേർക്കാനാകില്ലെന്നു കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം തമിഴ്‌നാട് രാജപാളയത്തെ ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുവാനായി മുത്തുപാണ്ടിയും മുരുകനും ഒരുമിച്ച് പോയിരുന്നു. അന്നുണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് ആക്രമണമെന്നു പൊലീസ് പറഞ്ഞു. മുരുകനെതിരെ പൊലീസിൽ കേസ് കൊടുക്കുമെന്ന് മുത്തുപാണ്ടി പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് മുരുകൻ മുത്തുപാണ്ടിയുടെ കാൽ വെട്ടിയതെന്നും മറയൂർ പൊലീസ് പറയുന്നു.
ജാർഖണ്ഡിൽ അറസ്റ്റിലായ മലയാളി വൈദികൻ തൊടുപുഴ വെട്ടിമറ്റം സ്വദേശി ഫാ. ബിനോയി ജോൺ വടക്കേടത്തു പറമ്പിൽ പൊലീസ് കസ്റ്റഡിയിലെയും ജയിലിലെയും ദുരിതങ്ങളെക്കുറിച്ചു പറയുന്നു
ഭഗൽപുർ രൂപതയുടെ കീഴിലുള്ള രാജധ മിഷനിൽ ഒന്നര വർഷമായി ഞാൻ വൈദികനാണ്. 2010ൽ ആണു മിഷൻ സ്ഥാപിക്കുന്നതിനായി രൂപത ഇവിടെ 22 ഏക്കർ സ്ഥലം വാങ്ങിയത്. ഒന്നര മാസം മുൻപ്, ചിലർ ഇവിടെ എത്തി മതിൽ തകർത്തു. ഈ സമയം പ്രധാന വികാരിയും അസി. വികാരിയും അവധിയിലായിരുന്നു. മതിൽ തകർത്തവരുടെ ഭാഷ എനിക്കറിയില്ല. സ്ഥലം വിട്ടുതരില്ലെന്നും നിർമാണം നടത്താൻ അനുവദിക്കില്ലെന്നുമൊക്കെ അവർ ഉച്ചത്തിൽ പറഞ്ഞു. തൊട്ടു പിന്നാലെ ഇവർ ഗൊദ്ദ ജില്ലയിലെ ദേവദാദ് പൊലീസ് സ്റ്റേഷനിൽ എനിക്കെതിരെ പരാതി നൽകി. പൊലീസ് എന്നെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു.
ഭാഷ അറിയാത്തതിനാൽ, ഇടവകാംഗങ്ങളായ ജാർഖണ്ഡ് സ്വദേശികൾ മുന്ന ഹസ്ത, ചാർളി എന്നിവരുമൊത്താണു സ്റ്റേഷനിലെത്തിയത്. സ്ഥലം വാങ്ങിയതു സംബന്ധിച്ച എല്ലാ രേഖകളും പൊലീസിനെ കാട്ടി. ശരിയാണെന്നു ബോധ്യപ്പെട്ടതിനെ തുടർന്നു കേസെടുത്തില്ല.
ഈ മാസം 3 ന് അവിടത്തെ പ്രധാന മാധ്യമത്തിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചു. ഞാൻ മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വാർത്ത. ആറാം തീയതി രാവിലെ കുർബാനയ്ക്കു ശേഷം പുറത്തിറങ്ങുമ്പോൾ പൊലീസ് വന്നു. ഗൊദ്ദ ജില്ലയിലെ എസ്പിയുടെ മുന്നിലെത്തണമെന്നും എസ്പിക്കു സംസാരിക്കണമെന്നും പറഞ്ഞു. ഞാനും മുന്നയും കൂടി പൊലീസുകാർക്കൊപ്പം പോയി. ദേവദാദ് പൊലീസ് സ്റ്റേഷനിൽ എത്തി. രാവിലെ 8 മുതൽ പിറ്റേന്ന് ഉച്ചയ്ക്ക് 12 വരെ ഞങ്ങളിരുവരെയും സ്റ്റേഷനിലിരുത്തി. തുടർന്ന് എസ്പി ഓഫിസിലെത്തിച്ചു.
പ്രവേശന കവാടത്തിൽ വച്ചു കൈവിലങ്ങ് അണിയിച്ച്, കറുത്ത തുണി കൊണ്ടു തലകൾ മൂടിയ ശേഷമാണ് എസ്പിയുടെ മുന്നിലെത്തിച്ചത്. എസ്പി, മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തി. മതപരിവർത്തനത്തിന്റെ പേരിൽ 2 പേരെ അറസ്റ്റ് ചെയ്തുവെന്നു പറഞ്ഞു. കറുത്ത തുണി മാറ്റി ഞങ്ങളുടെ ചിത്രം പകർത്താൻ എസ്പി മാധ്യമങ്ങൾക്ക് അവസരമൊരുക്കി.
പൊലീസുകാർ ഞങ്ങളെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഡോക്ടറെ കാണിക്കാതെ ചീട്ടെഴുതി വാങ്ങിയ ശേഷം മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കി. വൈദ്യപരിശോധന നടത്തിയില്ലെന്നു മജിസ്ട്രേട്ടിനോടു ഞാൻ പറഞ്ഞപ്പോൾ, അദ്ദേഹം പൊലീസിനോടു ചൂടായി. ഹൃദ്രോഗിയാണെന്നും പേസ്മേക്കറിന്റെ സഹായത്തോടെയാണു ജീവിക്കുന്നതെന്നും മജിസ്ട്രേട്ടിനോടു ഞാൻ പറഞ്ഞപ്പോൾ, ജയിലിൽ നല്ല സൗകര്യങ്ങളുണ്ടെന്നു പറഞ്ഞ് മജിസ്ട്രേട്ട് ഞങ്ങളെ റിമാൻഡ് ചെയ്തു. ജയിലിലെത്തിച്ച് ഏഴാം ദിനം എനിക്ക് കടുത്ത നെഞ്ചു വേദന അനുഭവപ്പെട്ടു. ജയിലിലെ കംപൗണ്ടർ എത്തി എന്റെ തുടയിൽ വേദനസംഹാരി കുത്തിവച്ചു. കുഴഞ്ഞു വീണു. ഞായറാഴ്ചയായപ്പോൾ നില വഷളായി. എന്നിട്ടും എന്നെ ആശുപത്രിയിലെത്തിക്കാൻ ഇവർ തയാറായില്ല.
‘‘മരണത്തിന്റെ വക്കിലായിരുന്നു ഞാൻ. നെഞ്ചുവേദന എടുക്കുന്നുവെന്നും ആശുപത്രിയിലെത്തിക്കണമെന്നും മരിച്ചു പോകുമെന്നും കരഞ്ഞു പറഞ്ഞപ്പോൾ പനിക്കുള്ള ഗുളിക മാത്രമാണു നൽകിയത്. പേസ്മേക്കറിന്റെ സഹായത്തോടെ ജീവിക്കുന്ന എന്നെ ചികിത്സിച്ചത് ജയിലിലെ കംപൗണ്ടറായിരുന്നു. ജയിലിൽ നിന്നു 2 മിനിറ്റ് യാത്ര മാത്രമേ ജില്ലാ ആശുപത്രിയിലേക്കുള്ളൂ. പക്ഷേ, ആശുപത്രിയിലെത്തിക്കാതെ എന്നെ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു അവരുടെ ഉദ്ദേശ്യം. നല്ലവനായ ജയിലർ ഇടപെട്ടതിനാലാണു ഞാൻ രക്ഷപ്പെട്ടത്.
ജയിലർ മുണ്ട സാഹിബ് ഇടപെട്ടാണു ജില്ലാ ആശുപത്രിയിലെത്തിച്ചത്. പരിശോധിച്ച ഡോക്ടർ എന്നെ അഡ്മിറ്റ് ചെയ്തു. ഞാൻ ഛർദിച്ച് അവശനായി. പിറ്റേന്നു ജാമ്യത്തിനു ശ്രമിച്ചെങ്കിലും ജാമ്യം നിഷേധിക്കാനായിരുന്നു എസ്പിയുടെ നീക്കം. തിങ്കളാഴ്ച വൈകിട്ട് ജാമ്യം ലഭിച്ചു. ലാൽമട്ടിയയിലെ സെന്റ് ലൂക്ക് ഹോസ്പിറ്റലിൽ ചികിത്സയിലാണിപ്പോൾ. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്താനാണ് ആലോചന.
ഇതേ ആശുപത്രിയിൽ 2 വർഷം മുൻപാണ് എന്റെ ശരീരത്തിൽ പേസ് മേക്കർ ഘടിപ്പിച്ചത്. യാത്ര ചെയ്യാൻ കഴിയുന്ന സ്ഥിതിയെത്തുമ്പോൾ കൊച്ചിയിൽ എത്തിക്കാമെന്നു ഭഗൽപുർ ബിഷപ് കുര്യൻ വലിയകണ്ടത്തിൽ അറിയിച്ചിട്ടുണ്ട്. ഒരു പാട് പേർ എന്റെ മോചനത്തിനായി പ്രവർത്തിച്ചു. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് എന്നോടൊപ്പം നിന്നു. എല്ലാവരോടും നന്ദിയുണ്ട്…’’
രാജപുരം മാലക്കല്ല് മുണ്ടാപ്ലാവിൽ ഉറുമ്പേൽ ലിസി ചാക്കോയുടെ വീട്ടിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് അപകടം. ഉറക്കത്തിലായിരുന്ന പിഞ്ചു കുഞ്ഞ് ഉൾപ്പെടെ 5 അംഗം കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. പൊട്ടിത്തെറിയിൽ കോൺക്രീറ്റ് വീടിന്റെ ചുമരുകൾക്ക് വിള്ളൽ വീണു.
വീട്ടുപകരണങ്ങൾ കത്തിക്കരിഞ്ഞു. ഇന്നലെ പുലർച്ചെ 3 ന് ശേഷമാണ് അപകടം നടന്നതെന്ന് കരുതുന്നു. 3 മണിയോടെ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞ് കരഞ്ഞതിനാൽ വീട്ടുകാർ ഉണർന്നിരുന്നു. പിന്നീട് വാതിൽ കുറ്റിയിട്ട് ഉറങ്ങിയ വീട്ടുകാർ രാവിലെയാണ് റഫ്രിജറേറ്റർ പൂർണമായും കത്തിയമർന്ന നിലയിൽ കണ്ടത്. കംപ്രസർ പൊട്ടിത്തെറിച്ചതാണ് കാരണമെന്ന് കരുതുന്നു. വീട്ടുപകരണങ്ങൾ ഉരുകിയ നിലയിലാണ്. വയറിങ് കത്തിനശിച്ചു. വീട് താമസിക്കാൻ പറ്റാത്ത സ്ഥിതിയിലാണ്.
അടുക്കളയിൽ തന്നെ ഉണ്ടായിരുന്ന 2 ഗ്യാസ് സിലിണ്ടറുകളിലേക്ക് തീ പടർന്നില്ല. അടുക്കളയോടു ചേർന്നുള്ള മുറിയിലാണ് ലിസി ചാക്കോയുടെ മകൾ സോഫിയ, ഭർത്താവ് സജീഷ് ഫിലിപ്, മക്കൾ എന്നിവർ കിടന്നിരുന്നത്. വാതിൽ അടച്ചിരുന്നതിനാൽ തീയും പുകയും അകത്ത് കയറിയില്ല. കള്ളാർ വില്ലേജ് ഓഫിസർ ടി.ഹാരിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണൻ, പഞ്ചായത്തംഗം സെന്റി മോൻ മാത്യു എന്നിവർ സ്ഥലം സന്ദർശിച്ചു.
അപകടം അകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. 6 മാസത്തില്‍ ഒരിക്കല്‍ കംപ്രസര്‍ കോയിലുകള്‍ വൃത്തിയാക്കണം.
2. വോള്‍ട്ടേജ് വ്യതിയാനം ഒഴിവാക്കാന്‍ നിലവാരമുള്ള സ്റ്റെബിലൈസര്‍ സ്ഥാപിക്കണം.
3. പഴക്കം ചെന്ന പവര്‍ പ്ലഗ് പോയിന്റുകളില്‍ റഫ്രിജറേറ്റര്‍ കണക്ട് ചെയ്യരുത്.
4. വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളിലും, ചൂട് കൂടുതലുള്ള അടുക്കളയിലും ഫ്രിജ് സ്ഥാപിക്കരുത്.
5. വീട്ടിലെ വയറിങ് കേടു വന്നിട്ടില്ലെന്ന് ഉറപ്പാക്കാം
6.റഫ്രിജറേറ്ററിലെ ഡീഫോസ്റ്റ് സംവിധാനം മാസത്തില്‍ ഒരിക്കല്‍ പ്രവര്‍ത്തിപ്പിക്കണം.
7. റഫ്രിജറേറ്ററിനു പിന്നില്‍ ആവശ്യത്തിനു വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പാക്കണം.
സോഷ്യൽ മീഡിയയിലൂടെ അനേകലക്ഷം ആസ്വാദകർ ഹൃദയത്തിലേറ്റിയ അനുഗ്രഹിത ഗായകൻ അഭിജിത്ത് വിജയന്‍ (അഭിജിത്ത് കൊല്ലം) വിവാഹിതനാകുന്നു. വധു വിസ്മയ ശ്രീ. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.
യേശുദാസുമായുള്ള ശബ്ദ സാമ്യത കൊണ്ടാണ് യുവ ഗായകന്‍ അഭിജിത്ത് വിജയന്‍ ആദ്യം ശ്രദ്ധ നേടിയിരുന്നത്.

പത്ത് വര്‍ഷത്തിലേറെയായി സോഷ്യല്‍ മീഡിയയിലും ഗാനമേള വേദികളും നിറസാനിധ്യമായി നില്‍ക്കുന്ന അഭിജിത്ത് അടുത്തിടെയാണ് സിനിമകളില്‍ പാടിത്തുടങ്ങിയത്.
തിരുവനന്തപുരം: മരട് ഫ്ളാറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി വിധിയെ പിന്തുണച്ചു സിപിഐ. ശബരിമല വിധി നടപ്പാക്കിയെങ്കിൽ എന്തുകൊണ്ട് ഈ വിധി നടപ്പാക്കിക്കൂടായെന്ന്, മരട് ഫ്ളാറ്റുകൾ പൊളിച്ചുമാറ്റുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച സർവ്വകക്ഷിയോഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചോദിച്ചു.
മരട് വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കരുതെന്ന് ആർക്കും പറയാനാകില്ലെന്നു കാനം നേരത്തെയും പറഞ്ഞിരുന്നു. അതേസമയം, സിപിഎമ്മും കോണ്‍ഗ്രസും ഫ്ളാറ്റ് ഉടമകൾക്ക് അനുകൂലമായി നിലപാടാണു സ്വീകരിച്ചത്.
മരട് ഫ്ളാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവു മറികടക്കാനുള്ള സാധ്യത തേടിയാണു സംസ്ഥാന സർക്കാർ സർവകക്ഷി യോഗം വിളിച്ചത്. നിയമക്കുരുക്കിൽപ്പെട്ട മരട് ഫ്ളാറ്റ് പൊളിക്കൽ ഉത്തരവുമായി ബന്ധപ്പെട്ടു വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം അറിഞ്ഞശേഷം തുടർനടപടി സ്വീകരിക്കാനാണു സർക്കാർ തീരുമാനം.
ഫ്ളാറ്റ് പൊളിക്കൽ ഉത്തരവുമായി ബന്ധപ്പെട്ടു സർവകകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ടു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം കത്ത് നൽകിയത്. മരടിലെ ഫ്ളാറ്റ് പൊളിക്കാതിരിക്കാൻ സർക്കാർ ഇടപെടണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു. സിപിഎം, ഫ്ളാറ്റ് ഉടമകൾക്കൊപ്പമാണെന്നും മരട് സന്ദർശിച്ച കോടിയേരി പ്രഖ്യാപിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഫ്ളാറ്റ് ഉടമകൾക്ക് അനുകൂലമായി രംഗത്തെത്തി. സർക്കാർ അടിയന്തരമായി ഇടപെട്ടു പ്രതിസന്ധി പരിഹരിക്കണമെന്നാണു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുക, ഫ്ളാറ്റുടമകളുടെ ഭാഗം കേൾക്കുക, പൊളിച്ചേ തീരൂവെങ്കിൽ പുനരധിവാസം ഉറപ്പാക്കി തുര്യമായ നഷ്ടപരിഹാരം നൽകുക എന്നീ നിർദേശങ്ങൾ മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു.
ഉത്തരവ് നടപ്പാക്കി ഇരുപതിനകം സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിക്കാനാണു സുപ്രീംകോടതി നിർദേശം. ഇതിനു തൊട്ടുപിന്നാലെയാണു വിധി മറികടക്കാനും കോടതി വിധി നടപ്പാക്കുന്നതു നീട്ടിവയ്ക്കുന്നതിനുള്ള നിർദേശങ്ങൾ സമാഹരിക്കുന്നതിന്റെയും ഭാഗമായി സർക്കാർ സർവകകക്ഷി യോഗം വിളിച്ചത്.
മരട് ഫ്ളാറ്റ് നിലനിൽക്കുന്ന മേഖലയെ സിആർഇസഡ്- മൂന്നിന്റെ (തീരദേശ നിയന്ത്രണ നിയമം) പരിധിയിൽനിന്നു രണ്ടിലേക്കു മാറ്റി വിജ്ഞാപനം ഇറക്കാൻ കേന്ദ്രസർക്കാരിനോടു ശിപാർശ ചെയ്യാൻ സംസ്ഥാനത്തിനു കഴിയും. സിആർഇസഡ് രണ്ടിലുള്ള പ്രദേശത്തു സ്ഥിതിചെയ്യുന്ന ഫ്ളാറ്റ് പൊളിക്കേണ്ടതില്ല.
ഗോഡ: മതപരിവര്‍ത്തനം ആരോപിച്ച് ജാര്‍ഖണ്ഡില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഫാ. ബിനോയ് ജോണിന് ജാമ്യം ലഭിച്ചു. ഗോഡ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. മതപരിവര്‍ത്തനം, ആദിവാസി ഭൂമി കയ്യേറ്റം എന്നീ കുറ്റങ്ങളാരോപിച്ച് കഴിഞ്ഞ ആറിനാണ് തൊടുപുഴ വെട്ടിമറ്റം സ്വദേശിയും ഭാഗല്‍പൂര്‍ രൂപതാ വൈദികനുമായ ഫാ. ബിനോയ് ജോണിനെ ദിയോദാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് ഗോഡ ജില്ലാ ജയിലില്‍ റിമാന്‍റിലായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന വൈദികന്‍റെ വാദം അംഗീകരിച്ചാണ് ഗോഡ സിജെഎം കോടതി ജാമ്യം അനുവദിച്ചത്. നിയമ സഹായവുമായി ഇടുക്കി എംപി ഉള്‍പ്പടെയുള്ളവര്‍ ഗോഡയിലെത്തിയിരുന്നു.
കേസ് കെട്ടിച്ചമച്ചതാണെന്നും വിഷയത്തില്‍ ഇടപെടണമെന്നുമാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് കേന്ദ്രസര്‍ക്കാരിനും മനുഷ്യാവാകാശ, ന്യൂനപക്ഷ കമ്മീഷനുകള്‍ക്കും കത്ത് നല്‍കിയിരുന്നു.
വൈദികന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ പൊലീസ് കോടതിയെ അറിയിച്ചില്ലെന്നും ഇടുക്കി എംപി കത്തില്‍ ചൂണ്ടിക്കാട്ടി. ഇന്നലെ വൈകിട്ടോടെ വൈദികനെ ജയിലില്‍ നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനാല്‍ അങ്കത്തിന് തിരികൊളുത്തുന്ന് കാണാന്‍ ആരാധകര്‍ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ഇതിനിടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. മലയാളി താരം സഞ്ജു സാംസണിനെ ചൂണ്ടിക്കാണിച്ചാണ് ഗംഭീറിന്റെ മുന്നറിയിപ്പ്.
”ഋഷഭ് പന്ത് എന്നും ആവേശം പകരുന്ന താരമാണ്. പക്ഷെ എന്റെ ഫേവറേറ്റായ സഞ്ജുവിനെ അവന്‍ ശ്രദ്ധിക്കണം. സഞ്ജു ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്” ഗംഭീര്‍ പറയുന്നു. നേരത്തെ തന്നെ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് എടുക്കണമെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു.
ധോണിയ്ക്ക് പകരക്കാരനായി ഇന്ത്യന്‍ ടീം നോക്കി കാണുന്നത് പന്തിനെയാണ്. ഈ സാഹചര്യത്തിലാണ് ഗംഭീറിന്റെ പ്രസ്താവന. പന്ത് സ്ഥിരത പുലര്‍ത്താത്തതാണ് ഗംഭീറിനെ മാറി ചിന്തിപ്പിക്കുന്നത്. ഐപിഎല്ലിലേയും ഇന്ത്യ എയ്ക്ക് വേണ്ടിയുള്ള പ്രകടനങ്ങളുമാണ് സഞ്ജുവിനെ ദേശീയ ശ്രദ്ധയിലെത്തിക്കുന്നത്.
അതേസമയം, ഇന്ത്യന്‍ ടീമിലേക്കുള്ള വിളി വരുമെന്ന് പ്രതീക്ഷയുണ്ടെന്ന് സഞ്ജു സാംസണ്‍ പറയുന്നു. എപ്പോള്‍ വേണമെങ്കില്‍ വേണമെങ്കിലുമൊരു വിളി വരാമെന്നും അതിനായി തയ്യാറായി ഇരിക്കാനാണ് ശ്രമിക്കുന്നതെന്നും സഞ്ജു പറഞ്ഞു. കാര്യവട്ടത്ത് ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മത്സരത്തിലെ പ്രകടനമാണ് സഞ്ജുവിന് ആത്മവിശ്വാസം നല്‍കുന്നത്.
തന്നെ കുറിച്ച് മുന്‍ താരങ്ങളായ ഗൗതം ഗംഭീര്‍, ഹര്‍ഭദന്‍ സിങ് തുടങ്ങിയവര്‍ സംസാരിക്കുന്നത് കാണുമ്പോള്‍ കരിയറില്‍ താന്‍ എവിടെ എത്തി നില്‍ക്കുന്നുവെന്നത് ബോധ്യപ്പെടുന്നുണ്ടെന്നും സഞ്ജു. അവരുടെ പിന്തുണ ആത്മവിശ്വാസം പകരുന്നതാണെന്നും താരം പറഞ്ഞു.
പ്രമുഖ നടൻ സത്താർ (67)അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ കാലമായി കരള്‍ രോഗത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും തിളങ്ങി.
തമിഴ് തെലുങ്ക് ഭാഷകളിൽ അഭിനയിച്ചു. ബെൻസ് വാസു, ഈ നാട്, ശരപഞ്ചരം എന്നിങ്ങനെ 80കളിലെ ഹിറ്റ്ചിത്രങ്ങളിൽ അഭിനയിച്ചു. 1976ൽ പുറത്തിറങ്ങിയ അനാവരണമാണ് നായകനായി എത്തിയ ആദ്യ ചിത്രം. 2014ൽ പുറത്തിറങ്ങിയ ‘പറയാൻ ബാക്കിവച്ചത്’ ആണ് അവസാന ചിത്രം.
1975ല്‍ ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. 1976ല്‍ അനാവരണത്തിലൂടെ നായകനായി. വില്ലന്‍ വേഷങ്ങളിലും ശ്രദ്ധേയനായി. കബറടക്കം വൈകീട്ട് നാലുമണിക്ക് പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ നടക്കും.
ആലുവ യുസി കോളജിലെ പഠനത്തിനിടെ തോന്നിയ കൗതുകമാണ് കൊടുങ്ങല്ലൂരുകാരന്‍ സത്താറിനെ സിനിമയിലെ താരമാക്കിയത്. നായകനായും വില്ലനായും സിനിമയില്‍ നിന്നത് നാലുപതിറ്റാണ്ടുകാലം. ഉയര്‍ച്ചതാഴ്ചകള്‍ക്കിടയിലും പരാതികളില്ലാതെ സിനിമയ്ക്കൊപ്പം സഞ്ചരിച്ച സത്താറിനെ ഓര്‍ക്കാന്‍ നിരവധി കരുത്തുറ്റ വേഷങ്ങളുണ്ട് പ്രേക്ഷകമനസ്സില്‍.
പ്രേംനസീര്‍ സിനിമയിലേക്ക് പുതുമുഖത്തെ ആവശ്യമുണ്ട് എന്ന പരസ്യമാണ് സത്താറിന്റെ ജീവിതം മാറ്റിമറിച്ചത്. ആ അപേക്ഷ പരിഗണിക്കപ്പെട്ടത് വിന്‍സെന്റ് മാഷിന്റെ അനാവരണത്തിലെ നായകവേഷത്തിലേക്ക്. എഴുപതുകളുടെ മധ്യത്തിലെത്തിയ ചിത്രത്തിന്റെ വിജയം സത്താറിന്റെ മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു. തുടര്‍ന്നെത്തിയ യത്തീമിലെ അസീസിലൂടെ പ്രേക്ഷകരെ ഒപ്പം നിര്‍ത്തി. തുടര്‍ന്ന് നായകനായും പ്രേംനസീര്‍ ഉള്‍പ്പെടെയുള്ളവരുടെ സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെയും സത്താര്‍ നിറഞ്ഞുനിന്നു. ശരപഞ്ജരത്തില്‍ നായകവേഷം പങ്കിട്ട ജയന്‍ സൂപ്പര്‍താരമായി മാറിയതോടെ ഇരുവരും ഒന്നിച്ച് സിനിമകളുണ്ടായി. അതിനിടെയാണ് ബീനയില്‍ കൂടെ അഭിനയിച്ച മുന്‍തിര നായിക ജയഭാരതി ജീവിതസഖിയാകുന്നത്.
എണ്‍പതുകളില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ദ്വയങ്ങളുടെ കടന്നുവരവോടെ സത്താര്‍ വില്ലന്‍വേഷങ്ങളിലേക്ക് മാറി. തൊണ്ണൂറുകളുടെ മധ്യത്തിലെത്തിയ ലോ ബഡ്ജറ്റ് കോമഡി സിനിമകളില്‍ സത്താര്‍ സ്ഥിരം സാന്നിധ്യമായി. തമിഴില്‍ മയില്‍ ഉള്‍പ്പെടെ നിരവധി സിനിമകള്‍ ചെയ്തു. 2012 ലെത്തിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം സത്താറിന്റെ മടങ്ങിവരവായിരുന്നു. കാഞ്ചി, നത്തോലി ചെറിയ മീനല്ല പോലുള്ള സിനിമകള്‍ സത്താറിലെ അഭിനേതാവിനെ പുതിയ തലമുറയ്ക്കും പരിചിതമാക്കി.