Kerala

കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ന്യൂനമര്‍ദ്ദ മുന്നറിയിപ്പും, അതിതീവ്ര മഴയുടെ മുന്നറിയിപ്പും പരിഗണിച്ചുകൊണ്ട് മുഖ്യ മന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ബഹു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 10:15-ന് കൂടുകയുണ്ടായി. പ്രസ്തുതത യോഗത്തിൽ ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി, ദുരന്ത നിവാരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി, ഫിനാൻസ് വകുപ്പിൻറെ പ്രിൻസിപ്പൽ സെക്രട്ടറി, ജലവിഭവ വകുപ്പിൻറെ സെക്രട്ടറി, വൈദ്യുതി വകുപ്പിൻറെ സെക്രട്ടറി, ചെയര്‍മാന്‍, കെ.എസ്.ഇ.ബി, ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍, ഐ.ഡി.ആര്‍.ബി ചീഫ് എഞ്ചിനീയര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുത്തു.

ജലവിഭവ വകുപ്പും, കെ.എസ്.ഇ.ബി യും ഡാമുകളിലെക്ക് എത്തുന്ന ജലവും, നിലവിലെ സ്ഥിതിയും, ഡാമിലെ ദീര്‍ഘകാല ജല അളവുകളും, മഴയുടെ പ്രവചനവും പരിഗണിച്ച് ഒരു നിയന്ത്രണ ചട്ടക്കൂട്‌ തയ്യാറാക്കി സര്‍ക്കാരിന്‍റെ പരിഗണനയ്ക്ക് നല്‍കുവാന്‍ നിര്‍ദേശിച്ചു. ഡാമുകള്‍ നിയന്ത്രിക്കുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ നിരന്തരം ജില്ലാ കളക്ടറുമാരുമായി സമ്പർക്കം പുലർത്തുകയും മുൻകൂട്ടി ജില്ലാ കളക്ടർമാരെ അറിയിച്ച് അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഡാമുകളുടെ ഷട്ടറുകൾ തുറക്കാൻ പാടുള്ളു എന്നും നിർദേശിച്ചു.

തമിഴ് നാടിന്‍റെ നിയന്ത്രണത്തില്‍ ഉള്ള എല്ലാ ഡാമുകളും പരമാവധി സംഭരണ ശേഷിക്കടുത്താണ് എന്നതിനാല്‍, ഇവ മുന്‍കൂട്ടി തുറന്ന് വിടുവാന്‍ ആവശ്യമായ നിര്‍ദേശം നല്‍കണം എന്ന് കേന്ദ്ര ജല കമ്മീഷനോട് ആവശ്യപ്പെടുവാന്‍ തീരുമാനിച്ചു. കേരള ഷോളയാര്‍ അണകെട്ടിലെ ജലനിരപ്പ് പ്രവചിക്കപ്പെട്ട മഴ കൂടി കണക്കില്‍ എടുത്ത് ആവശ്യത്തിന് കുറച്ച് നിര്‍ത്തുവാന്‍ ഉള്ള നടപടി സ്വീകരിക്കുവാന്‍ കെ.എസ്.ഇ.ബി യോട് നിര്‍ദേശിച്ചു.

അണക്കെട്ടുകള്‍ തുറക്കുന്നത്, വേലിയേറ്റ, വേലിയിറക്ക സാഹചര്യവും കൂടി പരിഗണിച്ച് വേണം എന്ന് നിര്‍ദേശിച്ചു. കെ.എസ്.ഇ.ബിയുടെയും, ജല വിഭവ വകുപ്പിന്‍റെയും എല്ലാ ഡാം സൈറ്റിലും ഉപഗ്രഹ ഫോണുകള്‍ നല്‍കുവാന്‍ നിര്‍ദേശിച്ചു. ഇത്നിനായി ഇന്ന് തന്നെ നടപടി സ്വീകരിക്കുവാന്‍ നിര്‍ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയത്തിലെ ഉപഗ്രഹ ഫോണ്‍, കക്കി-ആനത്തോട് ഡാം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് താല്‍കാലികമായി, 10-10-2018 വരെ നല്‍കുവാന്‍ തീരുമാനിച്ചു.

സംസ്ഥാന അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ച് തീരരക്ഷാ സേനാ കപ്പലുകളും, ഡോണിയര്‍ വിമാനങ്ങളും കേരളത്തിന്‍റെ തീരത്തോട് അടുത്തുള്ള അറബിക്കടല്‍ മേഘലയില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് മൈക്കിലൂടെയും റേഡിയോ വഴിയും 1-10-2018 മുതല്‍ നല്‍കി വരുന്നുണ്ട്. ഇന്നത്തെ പ്രവചനം അനുസരിച്ച് ഇടുക്കി ജില്ലയില്‍ ഇന്നുമുതല്‍ ഒക്ടോബര്‍ 6 വരെ, ഓറഞ്ചു അലേര്‍ട്ടും, 7അം തീയതി റെഡ് അലേര്‍ട്ടും, 8അം തീയതി ഓറഞ്ചു അലേര്‍ട്ടും, തൃശൂരില്‍ 6-10-2010ന് ഓറഞ്ചു അലേര്‍ട്ടും, 7അം തീയതി റെഡ് അലേര്‍ട്ടും, പാലക്കാട്‌ 6-10-2010ന് ഓറഞ്ചു അലേര്‍ട്ടും, 7അം തീയതി റെഡ് അലേര്‍ട്ടും, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്നുമുതല്‍ 8അം തീയതി വരെ മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളമുണ്ട: വിഷമദ്യം കഴിച്ച് വയനാട്ടില്‍ ബന്ധുക്കളായ മൂന്നു പേര്‍ മരിച്ചു. വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗിനായി (78)മകന്‍ പ്രമോദ് (35) ബന്ധുവായ പ്രസാദ് (35) എന്നിവരാണ് മരിച്ചത്. വീട്ടില്‍ നിന്ന് മദ്യം കഴിച്ച തിഗിനായി ബുധനാഴ്ച ഉച്ചയ്ക്കാണ് കുഴഞ്ഞു വീണത്. തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേ തിഗിനായി മരിച്ചു. മരണത്തില്‍ ബന്ധുക്കള്‍ക്ക് അസ്വഭാവികത തോന്നിയിരുന്നില്ല.

തിഗിനായിയുടെ മൃതദേഹം വീട്ടിലെത്തിച്ചതിനു ശേഷം രാത്രി പത്തരയോടെ അടുക്കളയില്‍ കണ്ട മദ്യം മകനായ പ്രമോദും സഹോദരിയുടെ മകനായ പ്രസാദും ചേര്‍ന്ന് കഴിച്ചു. കുഴഞ്ഞു വീണ ഇവരെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിക്കുകയായിരുന്നു. പ്രമോദ് ആശുപത്രിയിലേക്കുള്ള വഴി മധ്യേയും പ്രസാദ് ആശുപത്രിയിലെത്തിയ ഉടനെയുമാണ് മരിച്ചത്.

പോലീസും എക്‌സൈസ് അധികൃതരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. വീട്ടില്‍ സൂക്ഷിച്ചിരുന്ന തിഗിനായുടെ മൃതദേഹവും പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് വ്യാഴാഴ്ച രാവിലെ മാറ്റി. തിഗിനായി കുട്ടികളുടെ രോഗത്തിനും മറ്റും ചരടുകെട്ടിക്കൊടുക്കാറുണ്ടായിരുന്നു. ഇതിനായി എത്തിയവര്‍ നല്‍കിയ തമിഴ്‌നാട് നിര്‍മ്മിത മദ്യമാണ് ഇവര്‍ കഴിച്ചതെന്നാണ് കരുതുന്നത്.

കണ്ണൂര്‍: ശബരിമല വിഷയം സര്‍ക്കാര്‍ പക്വതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകുമെന്ന മുന്നറിയിപ്പുമായി കെ സുധാകരന്‍.  ആര്‍ത്തവം അശുദ്ധി തന്നെയാണ് എന്നും കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. ഭരണഘടന എഴുതും മുന്‍പുള്ള വിശ്വാസമാണിതെന്നും ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം സര്‍ക്കാര്‍ പക്വതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ജെല്ലിക്കെട്ട് നിരോധനത്തിന്റെ കാര്യത്തില്‍ തമിഴ്‌നാട്ടില്‍ സംഭവിച്ചത് ഇവിടെയുമുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

ജെല്ലിക്കെട്ട് നിരോധന വിധി വന്നപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ കാണിച്ച ധൃതിയാണ് അന്നു കലാപത്തിനു വഴിവച്ചത്. വിധി നടപ്പാക്കാനുള്ള ധൃതിയിലാണ് സര്‍ക്കാര്‍ പതിനെട്ടാം പടിയില്‍ വരെ വനിതാ പൊലീസിനെ നിയോഗിക്കുമെന്ന് പറയുന്നതെന്നും കെ.സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. അതുകൊണ്ടു തന്നെ പുനഃപരിശോധനാ ഹര്‍ജി കൊടുക്കുകയോ, ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തുകയോ വേണം. അവിശ്വാസികളുടെ ഭരണത്തില്‍ കേരളത്തില്‍ ഒരു ദുരന്തമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം, ബിജെപി നിലപാട് മാറ്റിയതു ജനവികാരം കണ്ടിട്ടാണ്. സന്ദര്‍ഭം കിട്ടിയപ്പോള്‍ അവര്‍ മുതലെടുക്കുകയാണ്. അവസരവാദികള്‍ക്കു മുതലെടുപ്പിനുള്ള അവസരം നല്‍കണോ എന്നു സര്‍ക്കാര്‍ ആലോചിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വിശ്വാസികളെ കയ്യിലെടുത്ത് അമ്മാനമാടി വിധി പ്രസ്താവിക്കുകയാണു കോടതി ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്കു മാത്രമുള്ള ചില ആചാരങ്ങളും നാട്ടിലുണ്ട്. ആറ്റുകാല്‍ പൊങ്കാലയിടാന്‍ പുരുഷന്‍മാര്‍ക്കു കഴിയുമോ? ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ പൊട്ടിത്തെറിയും കലാപവുമുണ്ടാകും. നാടു ചുടലക്കളമാകും. അയ്യപ്പനില്‍ വിശ്വാസമുള്ള ഒരു സ്ത്രീയും കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പോകില്ല. ട്രക്കിങ് താല്‍പര്യമുള്ള, സാഹസിക സഞ്ചാരിയുടെ മനോഭാവമുള്ള ചില സ്ത്രീകളുണ്ട്. അവര്‍ പോകുമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

മതത്തിന്റെ കാര്യങ്ങള്‍ മതനേതൃത്വം തീരുമാനിക്കട്ടെ. കോടതിക്ക് അതില്‍ എന്തുകാര്യം? മുത്തലാഖിന്റെ കാര്യത്തിലും ഇതാണ് അഭിപ്രായം. ഇതെല്ലാം തന്റെ അഭിപ്രായമാണ്. പാര്‍ട്ടിയുടെ അഭിപ്രായം പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തിയശേഷം പറയും. കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിലാണു അദ്ദേഹം പ്രതികരണം നടത്തിയത്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി ജയിലില്‍ സന്ദര്‍ശിച്ചു. കാരാഗൃഹത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നതു സുവിശേഷ ശുശ്രൂഷയാണെന്നും ആ നിലയ്ക്കാണ് താന്‍ ബിഷപ്പിനെ സന്ദര്‍ശിച്ചതെന്നും മാണി മാധ്യമങ്ങളോടു പ്രതികരിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതാ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ് എന്നിവര്‍ കഴിഞ്ഞ ദിവസം ജയിലിലെത്തി ഫ്രാങ്കോ മുളയ്ക്കലിനെ സന്ദര്‍ശിച്ചിരുന്നു. ‘യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചത് തെറ്റ് ചെയ്തിട്ടാണോ’ എന്നാണ് ഫ്രാങ്കോ മുളയ്ക്കലിനെ കണ്ട ശേഷം കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കയ്ക്കല്‍ പ്രതികരിച്ചത്. പ്രാര്‍ത്ഥനാസഹായത്തിന് വന്നതാണെന്നും കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.

അതിനും മുമ്പ് പി സി ജോർജ്, ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. പിതാവ് നിരപരാധിയാണെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹത്തിനോട് ഈ കടുംകൈ കാണിച്ചതിന് ദൈവശിക്ഷ ഇടിത്തീ പോലെ വന്നു വീഴുമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

കോട്ടയം: മുന്‍ ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസത്രീയെ അധിക്ഷേപിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ പോലീസ് കോസെടുത്തു. കന്യാസ്ത്രീ നല്‍കിയ പരാതിയിന്മേല്‍ കുറവിലങ്ങാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഐപിസി 509 അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ എം.എല്‍.എയ്ക്ക് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിച്ചേക്കും.

പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിച്ച് കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കന്യാസ്ത്രീയെ അധിക്ഷേപിക്കുന്ന രീതിയില്‍ ജോര്‍ജ് സംസാരിച്ചത്. 12 തവണ പീഡനത്തിനിരയായിട്ട് 13ാം തവണ മാത്രമാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. ഇതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം. ബിഷപ്പിനെതിരെ സമരം നയിച്ച കുറവിലങ്ങാട് മഠത്തിലെ മറ്റു കന്യാസത്രീകളെയും അപമാനിക്കുന്ന രീതിയില്‍ എം.എല്‍.എ പ്രസ്താവന ഇറക്കിയിരുന്നു.

കോട്ടയം എസ്.പിക്കാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. പിന്നീട് കുറവിലങ്ങാട് പോലീസ് സ്റ്റേഷന് കീഴില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മുന്‍പും ജോര്‍ജ് സംസാരിച്ചിട്ടുണ്ട്. കന്യാസ്ത്രീക്കെതിരായ പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കേസില്‍ ജോര്‍ജിനോട് ഹാജരാകണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ വരാനുള്ള പണം നല്‍കിയാല്‍ ഹാജരാകാം എന്നായിരുന്നു എം.എല്‍.എയുടെ നിലപാട്.

ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള

ആലപ്പുഴ: ജലപ്രളയക്കെടുതിയും മഹാപ്രളയത്തിന് ശേഷം കേരളം നേരിടുന്ന വന്‍ വരള്‍ച്ചയും നേരിട്ട് പഠിച്ച് റിപ്പോര്‍ട് തയ്യാറാക്കുവാന്‍ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നും എത്തിയ പ്രത്യേകം നിയോഗിക്കപ്പെട്ട പഠനസംഘം കേരളത്തില്‍ നിന്നും മടങ്ങി. കുട്ടനാട്ടില്‍ വിവരശേഖരണം നല്‍കുന്നതിന് നേതൃത്വം നല്‍കിയ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുളയ്ക്ക് സന്ദേശം അയച്ച് നന്ദിയും അറിയിച്ചു.

ചെയര്‍പേഴ്‌സണ്‍ പ്രൊഫ. അമിതാ സിങ്ങിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി സംഘമാണ് കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പ്രളയക്കെടുതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രളയജലം ജലാശയങ്ങളുടെ അടിത്തട്ടിലെ ചെളിക്കട്ട ഉള്‍പെടെയുള്ള മാലിന്യങ്ങള്‍ വലിച്ചെടുത്തു കൊണ്ട് പോയതിനാല്‍ ഇതുമൂലം ചിലയിടങ്ങളില്‍ ജലാശയങ്ങളുടെ ആഴംവര്‍ദ്ധിച്ചിട്ടുണ്ട്.

അപൂര്‍വമായ കാലവസ്ഥയും മഴകുറവും ജലനിരപ്പ് താഴുവാന്‍ മറ്റൊരു കാരണമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപെടുന്നെങ്കിലും വീണ്ടും ക്രമാതീതമായി ജലനിരപ്പ് താഴുകയും മഴ ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ കടുത്ത വന്‍ വരള്‍ച്ചയും ശുദ്ധജല ക്ഷാമം ആണ് കേരളം നേരിടാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണയുമായി മെത്രാന്‍മാര്‍ ജയിലിലെത്തി. യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചത് തെറ്റുചെയ്തിട്ടാണോ എന്ന് ബിഷപ്പ് ഫ്രാങ്കോയെ കണ്ടശേഷം കാഞ്ഞിരപ്പള്ളി ബിഷപ്പ് പ്രതികരിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, പത്തനംതിട്ട രൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവരാണ് ബിഷപ്പ് ഫ്രാങ്കോയെ സന്ദര്‍ശിച്ചത്. പാലാ സബ് ജയിലിലെത്തി കണ്ടശേഷം പ്രാര്‍ത്ഥനാ സഹായത്തിന് വന്നതെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് പ്രതികരിച്ചു. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് പറഞ്ഞു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപരാതി സഭ മൂടിവയ്ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം വേദനിപ്പിച്ചെ‌ന്ന് സിബിസിഐ. ഇത്തരം പ്രചാരണങ്ങള്‍ സത്യത്തിന് നിരക്കാത്തതാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ബെംഗളൂരുവില്‍ നടന്ന സിബിസിഐ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബിഷപ്പിനെതിരായ പരാതി സഭ ഗൗരവത്തോടെ പരിശോധിക്കുന്നുണ്ട്. സത്യം പുറത്തുവരാന്‍ പ്രാര്‍ഥിക്കണമെന്നും വിശ്വാസികളോട് സഭാ നേതൃത്വം ആഹ്വാനം ചെയ്തു. കേസ് നടപടികള്‍ കോടതിയില്‍ നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും സിബിസിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 5 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ ആറിന് ന്യൂനമര്‍ദ്ദം രൂപപ്പെടുവാന്‍ സാധ്യതയുള്ളതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 7, 8 തീയതികളില്‍ ഈ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് അറബിക്കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത. കടല്‍ ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നിന്നുള്ള മത്സ്യതൊഴിലാളികള്‍ ഒക്ടോബര്‍ 6 മുതല്‍ അറബി കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ള ജില്ലകള്‍. ഇവിടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 5 ദിവസം മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. തീരദേശ ഗ്രാമങ്ങളിലും, തുറമുഖങ്ങളിലും, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും, തീരപ്രദേശത്തെ ജനപ്രതിനിധികളെയും, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളെയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തെക്കുറിച്ച് അറിയിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ഫിഷറീസ് വകുപ്പിനോട് നിര്‍ദ്ദേശിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

ന്യൂനമര്‍ദസാധ്യത മൂന്നുമണിക്കൂര്‍ ഇടവിട്ട് നിരീക്ഷിക്കുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്ത് പലഭാഗത്തും പെയ്യുന്ന മഴ വ്യാഴാഴ്ചവരെ തുടരും. ചൊവ്വാഴ്ച ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍വരെ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

കൊച്ചി ∙ പീഡനത്തിനിരയായ കന്യാസ്ത്രീ ആദ്യം പരാതി പറഞ്ഞ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീകളെ കണ്ടതു കൊലക്കേസ് പ്രതിക്കൊപ്പം. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു സമരം നടത്തിയ കന്യാസ്ത്രീകളെയാണു ഫാ. നിക്കോളാസ് കണ്ടത്. ഒപ്പമുണ്ടായിരുന്നതാകട്ടെ കൊലപാതക കേസിൽ വിചാരണ നേരിടുന്ന സജി മൂക്കന്നൂരും. കർഷകനേതാവായ തോമസ് എന്ന തൊമ്മിയെ 2011ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണു സജി.

ഫാ. നിക്കോളാസ് മഠത്തിലെത്തിയ വാഹനം ഓടിച്ചിരുന്നത് ഇയാളായിരുന്നു. കേസിൽ റിമാൻഡിലായിരുന്ന സജി ഇപ്പോൾ വിചാരണ നേരിടുകയാണ്. ശനിയാഴ്ചയാണ് ഫാ. നിക്കോളാസ് കുറവിലങ്ങാട്ടെ മഠത്തിലെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ഫാ.നിക്കോളാസ് തങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നു കന്യാസ്ത്രീകൾ ആരോപിച്ചിരുന്നു. മാനസിക സമ്മര്‍ദമുണ്ടാക്കാനായിരുന്നു ശ്രമം. സമരവും പരാതികളും സഭയ്ക്കെതിരാണെന്നു പറഞ്ഞ് കുറ്റബോധമുണ്ടാക്കാനും ഫാ. നിക്കോളാസ് ശ്രമിച്ചതായി കന്യാസ്ത്രീകള്‍ പറഞ്ഞു.

ബിഷപ്പിനെ പിന്തുണച്ച് ചങ്ങനാശേരി അതിരൂപത

പീഡനക്കേസില്‍ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചും സഭയ്ക്കെതിരായ വിമര്‍ശനങ്ങളെ നിശിതമായി വിമര്‍ശിച്ചും ചങ്ങനാശേരി അതിരൂപത. സത്യാവസ്ഥ കണ്ടെത്താതെ ഒരാളെ വിധിക്കുന്നതും ശിക്ഷ നല്‍കാന്‍ സമ്മര്‍ദം ചെലുത്തുന്നതും മനുഷ്യത്വരഹിതമാണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശ്വാസികള്‍ക്കയച്ച സര്‍ക്കുലറില്‍ പറഞ്ഞു. സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ചു. സഭയ്ക്ക് അകത്തുനിന്നുള്ള സഭാവിരുദ്ധ പ്രവര്‍ത്തനം വലിയ ഭീഷണിയാണ്.

ജനവികാരം ഇളക്കിവിട്ടു കോടതികളെപ്പോലും സമ്മര്‍ദത്തിലാക്കി സത്യവിരുദ്ധമായ വിധി പുറപ്പെടുവിക്കാന്‍ ഇടയാക്കി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഭയെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കി ആക്രമിക്കുന്നതു ദുരുദ്ദേശ്യപരമാണെന്നും ആര്‍ച്ച് ബിഷപ് കുറ്റപ്പെടുത്തി.

കോഴിക്കോട്: ചെന്നൈയില്‍നിന്ന് പിടികൂടിയ കൊള്ളപ്പലിശ ഇടപാടുകാരന്‍ പി മഹാരാജനെ കേരളത്തിലെത്തിച്ചു. വിമാനമാര്‍ഗം കരിപ്പൂരിലെത്തിച്ച മഹാരാജനെ റോഡ് മാര്‍ഗം കൊച്ചിയിലേക്ക് കൊണ്ടുപോയി. മഹാരാജനെ കൊച്ചി കമ്മീഷണര്‍ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുമെന്ന് പള്ളുരുത്തി സി.ഐ കെ.ജി അനീഷ് അറിയിച്ചു.

ശനിയാഴ്ചയാണ് മഹാരാജനെ ചെന്നൈയില്‍നിന്ന് സി.ഐ  അനീഷിന്റെ നേതൃത്വത്തിലുള്ള കേരള പോലീസ് സംഘം പിടികൂടിയത്. ചെന്നൈ വിരുഗമ്പാക്കത്തുള്ള വീട് വളഞ്ഞ പോലീസ് ആകാശത്തേക്ക് വെടിവെച്ച് അനുയായികളെ വിരട്ടിയതിന് ശേഷമാണ് ഇയാളെ പിടികൂടിയത്.

കേരളം കേന്ദ്രീകരിച്ച് 500 കോടി രൂപയുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ സംഘത്തിന്റെ തലവനാണ് മഹാരാജന്‍. ജൂലായില്‍ അറസ്റ്റുചെയ്ത് കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ കോയമ്പത്തൂരില്‍ വച്ച് അനുയായികള്‍ പോലീസ് വാഹനം തടഞ്ഞ് മഹാരാജനെ രക്ഷപ്പെടുത്തിയിരുന്നു.

പള്ളുരുത്തി സ്വദേശി ഫിലിപ്പിന്റെ പരാതിയെത്തുടര്‍ന്നാണ് കോടിക്കണക്കിന് രൂപ പലിശയ്ക്ക് വായ്പ നല്‍കുന്ന തമിഴ്നാട് സ്വദേശി മഹാരാജന്‍ രണ്ടുമാസം മുമ്പ് പിടിയിലായത്. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി മഹാരാജന്റെ അനുയായികളെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.

RECENT POSTS
Copyright © . All rights reserved