India

: കൊറോണ വൈറസ് പകർച്ച സംശയിച്ച് ജപ്പാൻ തീരത്ത് പിടിച്ചു വച്ച ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് വൈറസ് ബാധ സ്ഥരീകരിച്ചു. ഡയമണ്ട് പ്രിൻസസ് കപ്പലിലെ 39 പേർക്ക് കൂടിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഫെബ്രുവരി മൂന്നാം തീയതിയാണ് കപ്പൽ പിടിച്ചിട്ടത്. കപ്പലിൽ സഞ്ചരിച്ച് ഹോങ്കോങ്ങിൽ ഇറങ്ങിയ ആളിൽ വൈറസ് ബാധ കണ്ടെത്തിയതോടെയായിരുന്നു ഈ നടപടി. 3,700 പേർ കപ്പലിലുണ്ട് ഇതിൽ 1,100 പേർ കപ്പലിലെ ജീവനക്കാരാണ്.

രണ്ട് ഇന്ത്യക്കാരടക്കം 174 പേർക്കാണ് നിലവിൽ കപ്പലിൽ കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേരാണ് ഇന്ത്യക്കാർ, ഇവർ കപ്പൽ ജീവനക്കാരാണെന്നാണ് പ്രാഥമിക വിവരം.

യാത്രക്കാരും, ജീവനക്കാരുമടക്കം 138 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. വൈറസ് ബാധിതരായവരെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്ന് ജാപ്പനീസ് അധികൃതർ അറിയിച്ചു.

സിലിണ്ടര്‍ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വീഡിയോ പങ്കുവെച്ച് ട്രോളര്‍മാര്‍. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെയാണ് പാചകവാതക വില കുത്തനെ കൂട്ടിയത്. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുന്നതിനൊപ്പം ബിജെപി നേതാവ് ശോഭയെയും വെറുതെ വിട്ടില്ല.

മുന്‍പ് ശോഭാ സുരേന്ദ്രന്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ കുത്തിപൊക്കി കൊണ്ടുവന്നത്. അടുക്കളകളുടെ കാര്യം വളരെ കഷ്ടമാണ്. കുട്ടികള്‍ക്ക് കഞ്ഞികൊടുക്കാന്‍ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് വീട്ടമ്മമാര്‍ സാധനങ്ങളൊക്കെ എത്തിച്ചു എന്നു തന്നെയിരിക്കട്ടെ. അത് പാചകം ചെയ്യാന്‍ ഗ്യാസിന്റെ വിലയെന്താ? ഒരിരട്ടിയോ രണ്ടിരട്ടിയോ അല്ല മൂന്നിരട്ടി വില വര്‍ധിച്ചു,എന്നാണ് വീട്ടിലെ അടുക്കളയില്‍ നിന്നുകൊണ്ട് സംസാരിക്കുന്ന വീഡിയോയില്‍ ശോഭാ സുരേന്ദ്രന്‍ പറയുന്നത്.

കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും പരിഹസിക്കാനും വിമര്‍ശിക്കാനും സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഈ വീഡിയോ ആണ് ഉപയോഗിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 14.2 കിലോ സിലിണ്ടറിനു 146 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. സിലിണ്ടറിന് 850.50 പൈസയാണ് ഇന്നു മുതല്‍ വില. പുതിയ നിരക്ക് നിലവില്‍ വന്നതായി എണ്ണ കമ്പനികള്‍ അറിയിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ തുക കഴിഞ്ഞ ആഴ്ച വര്‍ധിപ്പിച്ചിരുന്നു.

 

വൈദ്യൂതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ബിഎസ്പി അധ്യക്ഷ മായവതിയുടെ വീട്ടിലെ ഫ്യൂസ് ഊരി.ബുധനാഴ്ച രാവിലെയാണ് രാവിലെയാണ് വൈദ്യുതി ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ മായാവതിയുടെ വീട്ടിലെ ഫ്യൂസ് ഇലക്ട്രിസ്റ്റി ഉദ്യോഗസ്ഥര്‍ ഊരിയത്.

ഗ്രേറ്റര്‍ നോയിഡയിലെ ബദല്‍പൂരിലെ മായാവതിയുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. ബില്‍തുകയായ 67,000 രൂപ സമയത്ത് അടയ്ക്കാതെ കുടിശ്ശികയായതോടെയാണ് നടപടി. ഉടന്‍ തന്നെ 50,000 രൂപ കെട്ടിയതോടെയാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനായത്.

 സ്വന്തം ലേഖകൻ

ഗുജറാത്തിലെ കോൺഗ്രസ് നേതാവും, പട്ടേൽ സമൂഹത്തിന്റെ ഉറച്ച ശബ്ദവും ആയിരിക്കുന്ന ഹാർദിക് പട്ടേലിനെ ജനുവരി 24 മുതൽ കാണ്മാനില്ല എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ജനുവരി 18ന് ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ ജയിലിൽ ആക്കിയിരുന്നു എന്നും, ജയിൽമോചിതനായ ശേഷം ആണ് ഇദ്ദേഹത്തെ കാണാതായതെന്നും ഭാര്യ പറഞ്ഞു. അദ്ദേഹത്തിന്റെ തിരോധാനത്തിനു പിന്നിൽ വ്യക്തമായ ആസൂത്രണം ഉണ്ടെന്നും, സംസ്ഥാന സർക്കാരാണ് ഇതിന് പിന്നിലെന്നും ഭാര്യ നൽകിയ പരാതിയിൽ ആരോപിക്കുന്നു.

ജനുവരി 24ന് ജയിൽമോചിതനായ ശേഷം അദ്ദേഹം ട്വിറ്ററിൽ കുറിച്ച് പ്രസ്താവന വിവാദമായിരുന്നു. സ്വേച്ഛാധിപത്യത്തിന്റെ കരങ്ങളിൽ നിന്നും താൻ വിമോചിക്കപ്പെട്ടു എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. താൻ ചെയ്ത കുറ്റം എന്താണെന്ന ചോദ്യവും അദ്ദേഹം ഈ പ്രസ്താവനയിൽ ഉന്നയിച്ചു. പോലീസിന്റെ ഭാഗത്തുനിന്നും സമഗ്രമായ ഒരു അന്വേഷണവും നടക്കുന്നില്ല എന്ന് ഭാര്യ നൽകിയ പരാതിയിൽ കുറ്റപ്പെടുത്തുന്നുണ്ട്.

2018 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഗുജറാത്തിൽ നിന്നും തുടച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രചാരണങ്ങൾ നടത്തിയ, ബിജെപിക്കെതിരെ ശക്തമായി പ്രവർത്തിച്ച നേതാവാണ് ഹാർദിക് പട്ടേൽ. എന്നാൽ തിരഞ്ഞെടുപ്പിൽ കുറഞ്ഞ ഭൂരിപക്ഷത്തോടെയാണെങ്കിലും ബിജെപി അധികാരത്തിലെത്തിയതോടെ ഹാർദിക് പട്ടേൽ എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരികയായിരുന്നു. അതോടൊപ്പം തന്നെ മോദി സർക്കാരും ഹാർദിക് പട്ടേലിനെ തങ്ങളുടെ എതിരാളിയായി കണ്ടു, പീഡിപ്പിക്കുകയായിരുന്നുവെന്ന് ഭാര്യ നൽകിയ പരാതിയിൽ രേഖപ്പെടുത്തുന്നുണ്ട്. അസമയങ്ങളിലും മറ്റുമാണ് അന്വേഷണം എന്ന പേരിൽ തങ്ങളുടെ ഭവനത്തിൽ പോലീസുകാർ കയറിയിറങ്ങുന്നത് എന്ന് അവർ പറയുന്നു. നിരവധി കേസുകളാണ് ഹാർദിക് പട്ടേലിന് എതിരെ നിലവിലുള്ളത്. ഒരു കേസിൽ പുറത്തിറങ്ങിയാൽ മറ്റ് ഏതെങ്കിലും കേസിൽ ഉടനെ തന്നെ അദ്ദേഹത്തെ ജയിൽ അടക്കുകയാണ് പതിവെന്നും കുറ്റപ്പെടുത്തുന്നു.

ഒരു ഭരണകൂടത്തിന് ചെയ്യാൻ പറ്റുന്ന എല്ലാ ദ്രോഹങ്ങളും, ഹാർദിക്കി നെതിരെ ഗുജറാത്ത് സർക്കാർ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഭാര്യ പറഞ്ഞു. ഹർദിക് എവിടെയാണെന്ന ചോദ്യത്തിന് സംഘടന നേതാക്കൾക്ക് പോലും ഉത്തരമില്ല.

പട്ടേൽ സമുദായ സംഘടനയായ, പട്ടീദാർ അനാമത് ആന്ദോളൻ സമിതിയുടെ നേതാവായ ഹാർദിക് പട്ടേൽ, 2015 ൽ ഒബിസി കോട്ട ആവശ്യപ്പെട്ട് അഹമ്മദാബാദിൽ പട്ടേൽ സമുദായം നടത്തിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി വളർന്നുവന്നത് ബിജെപിയുടെ പട്ടേൽ സമുദായത്തിലുള്ള സ്വാധീനത്തെ കുറയ്ക്കുന്നതിന് കാരണമായി. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിജെപിക്ക് തിരിച്ചടി നേരിട്ടതോടെ ഹാർദിക് പട്ടേൽ ബിജെപിയുടെ കണ്ണിലെ ശത്രുവായി മാറി. ഇതിനിടയിൽ ഹാർദിക്കിന്റെ തിരോധാനം ആശങ്കയുളവാക്കുന്നു.

യുവതിയെ കൊലപ്പെടുത്തി പെരിയാറില്‍ കെട്ടിത്താഴ്ത്തിയ സംഭവം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ആലുവ യുസി കോളജിനു താഴെ കടൂപ്പാടം വിന്‍സന്‍ഷ്യന്‍ വിദ്യാഭവന്‍ കടവില്‍, പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കയര്‍ വരിഞ്ഞുചുറ്റി കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ 2019 ഫെബ്രുവരി 11നാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്നാണ് കണ്ടെത്തിയത്.

ലോക്കല്‍ പൊലീസ് ഒരു വര്‍ഷം അന്വേഷിച്ചിട്ടും കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനോ പ്രതികളെ കണ്ടെത്താനോ കഴിഞ്ഞില്ല. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാന്‍ റൂറല്‍ എസ്പി ശുപാര്‍ശ ചെയ്യുകയായിരുന്നു. വൈകിട്ട് പുഴയില്‍ കുളിക്കാനെത്തിയ വൈദിക വിദ്യാര്‍ഥികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു പിന്നാലെ നാട്ടുകാരും പോലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തപ്പോഴാണു യുവതിയുടേതാണെന്നു തിരിച്ചറിഞ്ഞത്.

യുവതിയുടെ ശരീരത്തിൽ കണ്ട വസ്ത്രങ്ങൾ

രണ്ടുദിവസം പഴക്കം തോന്നുന്ന ശരീരം അഴുകിത്തുടങ്ങിയിരുന്നു. പച്ചനിറമുള്ള ട്രാക്ക് സ്യൂട്ടും കടും നീല ബനിയനുമാണു മൃതദേഹത്തിലെ വേഷം. കാല് മടക്കിയ ശേഷം മൃതദ്ദേഹം പുതപ്പ് കൊണ്ട് പൊതിഞ്ഞ് പുറമേ കയര്‍കൊണ്ട് വരിഞ്ഞുമുറുക്കിയനിലയിലായിരുന്നു. ഒഴുക്കിനെ അതിജീവിച്ചു മരക്കുറ്റിയില്‍ കുരുങ്ങിക്കിടന്ന മൃതദേഹത്തിന്റെ അഴുകിയ കൈ പുതപ്പിനുള്ളില്‍ നിന്നു പുറത്തേക്കു തള്ളിനിന്നിരുന്നു. പുള്ളിക്കുത്തുള്ള ചുവന്ന ചുരിദാര്‍ ബോട്ടം വായില്‍ തിരുകിവച്ചിരുന്നു.

ശരീരം കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച കല്ലിന് 40 കിലോ ഭാരമുണ്ട്. കല്ലിനൊപ്പം കോണ്‍ക്രീറ്റിന്റെ ഭാഗങ്ങളുമുണ്ട്. ഇത് എവിടെനിന്നോ പൊളിച്ചുനീക്കിയതിന്റെ അവശിഷ്ടമെന്നാണു നിഗമനം. ഇത്ര വലിയ കല്ല് കെട്ടിയിട്ടും ഉള്ളില്‍ വായു രൂപപ്പെട്ടതിനാല്‍ മൃതദേഹം പുഴയുടെ അടിത്തട്ടിലേക്കു താഴ്ന്നുപോകാതിരുന്നതാണ് കൊലപാതകം പുറത്തറിയാന്‍ കാരണമായത്.

സംഭവത്തിനു പിന്നില്‍ മധ്യവയസ്കരായ സ്ത്രീയും പുരുഷനുമാണെന്ന് രണ്ടു ദിവസത്തിനുള്ളില്‍ പൊലീസ് കണ്ടെത്തി. മൃതദേഹം പൊതിഞ്ഞ വരയന്‍ പുതപ്പും പ്ലാസ്റ്റിക് കയറും കളമശേരിയിലെ രണ്ടു കടകളില്‍ നിന്നു വാങ്ങിയതാണെന്നും സ്ഥിരീകരിച്ചു. പുതപ്പിലുണ്ടായിരുന്ന ടാഗിലെ ബാര്‍ കോഡും കൊച്ചിയിലെ വസ്ത്ര മൊത്തവ്യാപാരി നല്‍കിയ വിവരങ്ങളുമാണ് കട കണ്ടെത്താന്‍ സഹായകമായത്. മൃതദേഹം കടത്തിയ കാറിന്റെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും നമ്ബര്‍ വ്യക്തമായിരുന്നില്ല. കൊല്ലപ്പെട്ടതു വടക്കുകിഴക്കന്‍ സംസ്ഥാനക്കാരിയാണെന്നാണ് പ്രാഥമിക നിഗമനം.

ശാരീരിക പ്രത്യേകതകള്‍, മുടിയുടെ സ്വഭാവം, നഖങ്ങളിലെ പോളിഷ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കാണാതായ യുവതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ചൈനീസ് റസ്റ്ററന്റുകള്‍, ബ്യൂട്ടി സലൂണുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പോസ്റ്റ്മോര്‍ട്ടം ചിത്രങ്ങള്‍ വച്ച്‌ യുവതിയുടെ രേഖാചിത്രം തയാറാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചെങ്കിലും തുമ്ബൊന്നും ലഭിച്ചിരുന്നില്ല. ലോക്കല്‍ പൊലീസിന് കാര്യമായ തെളിവൊന്നും ലഭിക്കാതെ വഴിമുട്ടിയ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്.

ദുബായിലെ ഉമല്‍ ഖ്വയിനിലെ അപ്പാര്‍ട്ടമെന്റിലുണ്ടായ തീപിടിത്തത്തില്‍ നിന്ന് ഭാര്യയെ രക്ഷിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ പ്രവാസി മലയാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയാളിയായ അനില്‍ നൈനാന്‍, ഭാര്യ നീനു എന്നിവരെ അബുദാബിയിലെ മഫ്റാഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അനിലിന് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നും നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് ആശുപത്രിയിലെ ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ നീനുവിന് പൊള്ളലേറ്റിട്ടുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ല. നീനുവിന്റെ ആരോഗ്യസ്ഥിതിയില്‍ ഇപ്പോള്‍ കുഴപ്പമൊന്നുനില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ദുബായില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് നാല് വയസുള്ള മകനുണ്ട്. തിങ്കളാഴ്ച രാത്രിയാണ് ഫ്ലാറ്റില്‍ തീപിടിത്തം ഉണ്ടായത്. ഫ്ലാറ്റിലുണ്ടായ ഇലട്രിക് ബോക്സാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

കട്ടപ്പനയിൽ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരിക്ക് നേരെ സിഐടിയു സമരാനുകൂലികളുടെ അതിക്രമം. മുത്തൂറ്റ് ഫിനാൻസിന്റെ കട്ടപ്പന ഓഫീസ് തുറക്കാൻ എത്തിയ ബ്രാഞ്ച് മാനേജറുടെ ദേഹത്ത് സമരക്കാർ മീൻ കഴുകിയ വെള്ളം ഒഴിച്ചു.എട്ടംഗസംഘം ആണ് ബ്രാഞ്ച് മാനേജർ അനിത ഗോപാലിനെ ആക്രമിച്ചത്. ജീവനക്കാർ പൊലീസിൽ പരാതി നൽകി.

ഓഫീസ് തുറക്കാൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു സംഘത്തിന്റെ അതിക്രമം. സമരത്തെ തുടർന്ന് ഓഫീസ് കുറേ ദിവസങ്ങളായി അടഞ്ഞ് കിടക്കുകയായിരുന്നു.സംസ്ഥാനത്തെ മുത്തൂറ്റ് ഫിനാൻസ് ഓഫീസുകളിലെല്ലാം തൊഴിലാളികളുടെ അനിശ്ചിതകാല സമരം നടക്കുകയാണ്. നേരത്തെയും ജീവനക്കാര്‍ക്ക് നേരെ സമരാനുകൂലികള്‍ ആക്രമണം നടത്തിയിരുന്നു.

ആം ആദ്മി പാർട്ടി നേതാവ് നരേഷ് യാദവിനും സംഘത്തിനുമെതിരെ ഇന്നലെ രാത്രി നടന്ന വെടിവയ്പ്പ് വ്യക്തിവൈരാഗ്യമെന്ന് പൊലീസ്. കൊല്ലപ്പെട്ട അശോക് മൻ എന്നയാളെയാണ് അക്രമികൾ ലക്ഷ്യമിട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നരേഷ് യാദവായിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്നും അശോക് മൻ തന്നെയായിരുന്നുവെന്നും പറഞ്ഞത് ഡിസിപി ഇങ്കിത് പ്രതാപാണ്. രാഷ്ട്രീയ പകപോക്കലാണെന്ന വാദവും പൊലീസ് തള്ളി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ വർഷം ഒരാളെ അശോക് വെടിവച്ചിരുന്നു. ഇന്നലെ വെടിയുതിർത്ത പ്രതിയുടെ ബന്ധുവിനെയാണ് ആക്രമിച്ചത്. രണ്ടാഴ്ച മുൻപ് പ്രതിയെ അശോക് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിന്റെ പകപോക്കലാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ്, ഇന്നലെ രാത്രി എഎപി എംഎല്‍എ നരേഷ് യാദവിന് നേരെ വെടിയുതിര്‍ക്കുകയും പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തത്.

എംഎല്‍എക്ക് നേരെയാണ് വെടിവെപ്പുണ്ടായതെന്നാണ് എഎപി വൃത്തങ്ങള്‍ പറയുന്നത്. വിജയത്തിന് ശേഷം എഎപി എംഎല്‍എ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് വെടിവെപ്പുണ്ടായത്. നരേഷ് യാദവ് സഞ്ചരിച്ച തുറന്ന കാറിന് നേരെ അക്രമികൾ നാല് റൗണ്ട് വെടിയുതിർത്തു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കുടുംബാംഗത്തെയാണ് നഷ്ടപ്പെട്ടതെന്നും നരേഷ് യാദവ് പറഞ്ഞു. ദില്ലി പൊലീസ് അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തലസ്ഥാന നഗരത്തിലെ ക്രമസമാധാനത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിന്‍റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നാണ് പൊലീസ് പറഞ്ഞു. മെഹ്റൗലി എംഎല്‍എയാണ് നരേഷ് യാദവ്. വെടിവെപ്പില്‍ മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇയാള്‍ ചികിത്സയിലാണ്.

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന തനിക്ക് ഗംഭീര സ്വീകരണം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. സന്ദര്‍ശനത്തിനിടെ, ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ പരിപാടിയുടെ മാതൃകയില്‍ ട്രംപിന് മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്വീകരണം നല്‍കാനും പദ്ധതിയുണ്ട്. അഹമ്മദാബാദില്‍ പുതുതായി നിര്‍മിച്ച മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ട്രംപിന് കൂറ്റന്‍ സ്വീകരണമൊരുക്കുക. ഒരുലക്ഷമാണ് സ്റ്റേഡിയത്തിന്‍റെ കപ്പാസിറ്റി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ക്രിക്കറ്റ് സ്റ്റേഡിയം വരെ തന്നെ സ്വീകരിക്കാന്‍ അമ്പത് മുതല്‍ എഴുപത് ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി ഉറപ്പ് നല്‍കിയതായി ട്രംപ് പറഞ്ഞു.

ഞങ്ങള്‍ക്ക് കോടിക്കണക്കിന് ജനങ്ങളുണ്ടെന്ന് മോദി പറഞ്ഞു. എന്‍റെ പ്രശ്നമെന്താണെന്നുവെച്ചാല്‍ കഴിഞ്ഞ ദിവസം ഏകദേശം 50000 പേരെ കണ്ടപ്പോള്‍ തന്നെ എനിക്ക് നന്നായി തോന്നിയില്ല. ഏകദേശം 50-70 ലക്ഷം ആളുകള്‍ തന്നെ വരവേല്‍ക്കാനുണ്ടാകുമെന്നാണ് പ്രതീക്ഷ- ട്രംപ് പറഞ്ഞു. സ്റ്റേഡിയത്തില്‍ മോദിയും ട്രംപും സംയുക്തമായിട്ടാണ് ജനങ്ങളെ അഭിസംബോധന ചെയ്യുക. ഫെബ്രുവരി 24, 25 തീയതികളിലായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശത്തനത്തില്‍ ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2019ലെ അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് ഹൂസ്റ്റണില്‍ 50000 അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാരെ പങ്കെടുപ്പിച്ച് ഹൗഡി മോദി പരിപാടി നടത്തിയത്. പരിപാടിയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് വോട്ട് ചെയ്യണമെന്ന മോദിയുടെ പരാമര്‍ശം വിവാദമായിരുന്നു.

അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രി കാലിഖോ പുളിന്റെ മകൻ ശുഭാംസോ പുളിനെ മരിച്ച നിലയിൽ കണ്ടെത്തി. യു.കെ.യിലെ സർവകലാശാലാ വിദ്യാർഥിയായ ശുഭാംസോ പുളിനെ സസെക്സിലെ ബ്രൈറ്റണിലുള്ള അപ്പാർട്മെന്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുളിന് ആദ്യ ഭാര്യ ഡംഗ്വിംസായിയിലുള്ള മകനാണ് ശുംഭാംസോ. കാലിഖോ പുളും ജീവനൊടുക്കുകയായിരുന്നു

കോൺഗ്രസിലെയും ബി.ജെ.പി.യിലെയും അംഗങ്ങളുടെ പിന്തുണയോടെ 2016-ലാണ് കാലിഖോ പുൾ അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായത്. എന്നാൽ പിന്നീട് സുപ്രീംകോടതി അദ്ദേഹത്തിന്റെ നിയമനം നിയമവിരുദ്ധമായി പ്രഖ്യാപിച്ചതോടെ സ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ ഇറ്റാനഗറിലെ ഔദ്യോഗിക വസതിയിൽ അദ്ദേഹം ജീവനൊടുക്കുകയായിരുന്നു.

Copyright © . All rights reserved