ഐ ലവ് കേരള, കേരള ഈസ് ദ ബെസ്റ്റ് സിറ്റിസണ്‍ ഇന്‍ ഇന്ത്യ, ഐ ലവ് മൈ ഇന്ത്യ’… ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ അരോളി ഗവ. സ്കൂളിലെ ഒരു ബ്ലാക്ക് ബോര്‍ഡില്‍ കുറിച്ച വാക്കുകാളാണിവ.
ഇവിടെ ബംഗാള്‍, ഒഡിഷ, അസം, ബിഹാര്‍, രാജസ്ഥാന് സ്വദേശികളായ 109 പേരാണ് ഉണ്ടായിരുന്നത്. നാലു ദിവസം ദുരിതാശ്വാസ ക്യാമ്ബില്‍ കഴിഞ്ഞ അവരുടെ നന്ദിയാണ് ബോര്‍ഡില്‍ കുറിച്ചിട്ട ഈ വാക്കുകള്‍. മന്ത്രി ഇ.പി ജയരാജനാണ് ഫേയ്സ്ബുക്കിലൂടെ ഈ വാക്കുകള്‍ കേരളത്തിലെ ജനങ്ങള്‍ക്കായി പങ്കുവെച്ചത്.
ഫേയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം
വെളുത്ത അക്ഷരങ്ങളാല്‍ കറുത്ത ബോര്‍ഡില്‍ നിറഞ്ഞമനസോടെ അവരെഴുതി…..
‘ഐ ലവ് കേരള…’
‘കേരള ഈസ് ദ ബെസ്റ്റ് സിറ്റിസണ്‍ ഇന്‍ ഇന്ത്യ..’
‘ഐ ലവ് മൈ ഇന്ത്യ..’
ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ അരോളി ഗവ: സ്കൂളിലെ ഒരു ബ്ലാക്ക് ബോര്‍ഡില്‍ കുറിച്ചിട്ട വാക്കുകളാണിത്. ഇവിടെ ബംഗാള്‍, ഒഡിഷ, അസം, ബിഹാര്‍, രാജസ്ഥാന് സ്വദേശികളായ 109 പേരാണ് ഉണ്ടായിരുന്നത്. പ്രളയം അവര്‍ക്ക് ഒരു പുതിയ കാര്യമല്ല.എന്നാല്‍ ഇത്തരം ക്യാമ്പുകള്‍ അവര്‍ക്ക് പുതിയ അനുഭവമായിരുന്നു. പായ, ഭക്ഷണം, വസ്ത്രം, ഡോക്ടര്‍മാരുടെ സേവനം, പിന്നെ ഒട്ടും പരിചയമില്ലാത്തവരുടെ കരുതലും സ്നേഹവും. അധ്യാപകര്‍, യുവജന പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരില്‍ നിന്നും ലഭിച്ച സേവനം അവര്‍ക്ക് വിലമതിക്കാനാകാത്തതാണ്. നാല് ദിവസത്തെ ദുരിതാശ്വാസക്യാമ്പില്‍ നിന്നും പടിയിറങ്ങുമ്പോള്‍ അവരുടെ നന്ദിയാണ് ബോര്‍ഡില്‍ കുറിച്ചിട്ട വാക്കുകള്‍.’
വത്തിക്കാൻ സിറ്റി: കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും മഴക്കെടുതികളിൽ നിരവധി ജീവനുകൾ പൊലിഞ്ഞതിൽ അതീവദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. കേരളം, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കദുരിതം നേരിടുന്നവർക്കായി അദ്ദേഹം പ്രാർഥനകൾ നേർന്നു.
മാർപാപ്പയുടെ അനുശോചന സന്ദേശം ഉൾപ്പെടുന്ന ടെലിഗ്രാം വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ ഇന്ത്യയിലെ ബന്ധപ്പെട്ട അധികൃതർക്ക് അയയ്ച്ചു.
അടുത്ത ദിവസങ്ങളിലെ മൺസൂൺ മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ നിരവധി ജീവനുകൾ പൊലിഞ്ഞതിൽ താൻ അതീവദുഃഖിതനാണെന്ന് മാർപാപ്പ അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി പ്രാർഥിച്ച അദ്ദേഹം ദുരന്തത്തെ നേരിടാനുള്ള ശക്തി രാജ്യത്തിനുണ്ടാകട്ടെയെന്നും കൂട്ടിച്ചേർത്തു.
രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് പെഹ്ലു ഖാൻ എന്നയാളെ തല്ലിക്കൊന്ന കേസിലെ ആറു പേരെയും ആൽവാർ കോടതി വെറുതെ വിട്ടു. സംശയത്തിന്റെ ആനുകൂല്യത്തിന്റെ പേരിലാണു പ്രതികളെ അഡീഷണൽ ജുഡീഷൽ മജിസ്ട്രേറ്റ് വെറുതെ വിട്ടത്. വിപിൻ യാദവ്, രവീന്ദ്രകുമാർ, കാളുറാം, ദയാനന്ദ്, യോഗേഷ്കുമാർ, ഭീം രതി എന്നിവരെയാണു വെറുതെ വിട്ടത്. പ്രായപൂർത്തിയാകാത്ത മൂന്നു പേരും കേസിൽ പ്രതികളാണ്. ഇവരുടെ വിചാരണ ജുവൈനൽ ജസ്റ്റീസ് കോടതിയിൽ നടന്നുവരികയാണ്.
എടക്കര: കവളപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ സൗകര്യം ഒരുക്കി പോത്തുകൽ ജംഇയ്യത്തുൽ മുജാഹിദീൻ മഹല്ല് കമ്മിറ്റി. പ്രദേശത്ത് ഉരുൾപൊട്ടലിൽ 30 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഈ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം ചെയ്യാനുള്ള ബുദ്ധിമുട്ട് മനസിലാക്കിയ അധികൃതർ പറ്റിയ ഇടം അന്വേഷിക്കുന്നതിനിടയിലാണു മോസ്ക് ഭാരവാഹികളുമായി സംസാരിച്ചത്.
ആവശ്യം കേട്ടയുടനെതന്നെ പോസ്റ്റ്മോർട്ടം നടപടികൾക്കായി പള്ളിയിൽ സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തു. സ്ത്രീകൾ നമസ്കരിക്കാൻ ഉപയോഗിക്കുന്ന ഭാഗവും അതിനോട് ചേർന്ന് അംഗശുദ്ധി വരുത്തുന്ന ഇടവും വിട്ടുനൽകി. മോസ്കിനു കീഴിലെ മദ്രസയിൽനിന്നുള്ള ബെഞ്ചും ഡെസ്കുകളും മൃതദേഹം കഴുകാൻ ഉപയോഗിക്കുന്ന മേശയുമെല്ലാം നൽകി. അഞ്ച് പോസ്റ്റ്മോർട്ടം മേശകളാണ് മദ്രസയുടെ ഡെസ്കുകൾ ചേർത്തുവച്ച് തയാറാക്കിയിരിക്കുന്നത്.
കട്ടപ്പന: ദുരൂഹ സാഹചര്യത്തില്‍ ഓട്ടോറിക്ഷ കത്തി ഡ്രൈവര്‍ മരിച്ചു. വെള്ളയാംകുടി ഞാലിപറമ്പില്‍ ഫ്രാന്‍സിസ് (റെജി-50) ആണ് മരിച്ചത്. കട്ടപ്പന എകെജി പടിയില്‍ ഇന്നലെ വൈകിട്ട് ആറരയോടെയാണു സംഭവം. എകെജി പടിക്കു സമീപത്തെ വളവില്‍ ഓട്ടോറിക്ഷ കത്തുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ ഫ്രാന്‍സിസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഓട്ടോറിക്ഷയ്ക്കു തീപിടിക്കുകയായിരുന്നോയെന്നു പരിശോധിക്കുന്നുണ്ട്. കട്ടപ്പന പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍.
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വിവിധ ഇടങ്ങളിൽ പ്രളയത്തിൽ ഉഴലുന്നവർക്കു പിന്തുണ നൽകും. രാജ്യത്ത് പ്രളയക്കെടുതി നേരിടുന്നവര്‍ക്ക് സഹായം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 73-ാം സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ പതാകയുയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രളയത്തിൽ വലിയൊരു വിഭാഗം ഇന്ത്യക്കാർ പ്രയാസപ്പെടുന്നു. പ്രളയ രക്ഷാപ്രവർത്തനത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും സർക്കാർ ഏർപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. അനുച്ഛേദം 370 എടുത്തുകളഞ്ഞ തീരുമാനം ഐക്യകണ്ഠേന എടുത്തതാണെന്നും മോദി വ്യക്തമാക്കി. കാഷ്മീരിൽ സർദാർ വല്ലഭായ് പട്ടേലിന്റെ സ്വപ്നമാണ് സർക്കാർ പൂർത്തിയാക്കിയത്.
കാഷ്മീർ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് സഫലീകരിച്ചത്. 70 വർഷമായി നടക്കാത്ത കാര്യം 70 ദിവസം കൊണ്ട് നടപ്പാക്കാൻ സാധിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാക്ക് നിരോധിച്ചത് മുസ്ലിം സ്ത്രീകളുടെ ശാക്തീകരണത്തിന് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുസ്ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനാണ് മുത്തലാഖ് നിരോധിച്ചത്. മുത്തലാഖ് മുസ്ലിം സ്ത്രീകളിൽ ഭയം സൃഷ്ടിച്ചിരുന്നു. അമ്മമാരുടെയും സഹോദരിമാരുടെയും മുത്തലാഖിന്റെ ഭയം നീക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് സർക്കാരിന്റെ ലക്ഷ്യം.
എല്ലാവർക്കും ആരോഗ്യമെന്ന ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഭാവി മാത്രമാണ് തന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. സ്വന്തം നേട്ടങ്ങളല്ല, ഒരു രാജ്യം, ഒരു ഭരണഘടന എന്നതാണ് ലക്ഷ്യം. ജിഎസ്ടിയിലൂടെ ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യം സാക്ഷാത്കരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്ഘട്ടില്‍ ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തി പതാക ഉയർത്തിയത്. വിവിധ സേനാ വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ പ്രധാനമന്ത്രി സ്വീകരിച്ചു.
സ്വാതന്ത്ര്യത്തിന് 72 വയസ്. രാജ്യം ഇന്ന് എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിവര്‍ണപതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന 370–ാം അനുച്ഛേദം എടുത്തുകളഞ്ഞതിനെക്കുറിച്ച് നടത്താനിടയുള്ള പരാമര്‍ശങ്ങളിലാണ് ഏവരും ഉറ്റുനോക്കുന്നത്.
പ്രത്യേക പദവി എടുത്തുകളഞ്ഞ ജമ്മുകശ്മീരില്‍ കനത്ത സുരക്ഷയിലാണ് സ്വാതന്ത്ര്യപ്പുലരി. ശ്രീനഗറിലെ ഷേര്‍–ഇ–കശ്മീര്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്ക് ദേശീയപതാക ഉയര്‍ത്തും. ബിജെപി ജമ്മുകശ്മീര്‍ നേതൃത്വവും സ്വാതന്ത്ര്യദിന പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരിട്ടാണ് സുരക്ഷാകാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. പാക്കിസ്ഥാന്റെയും ഭീകരസംഘടനകളുടെയും ഭാഗത്തുനിന്ന് പ്രകോപനങ്ങള്‍ക്ക് സാധ്യതയുണ്ട്.
ബക്രീദ് ആഘോഷങ്ങള്‍ സമാധാനപൂര്‍ണമായി നടന്നത് സുരക്ഷാസേനയ്ക്ക് ആത്മവിശ്വാസം നല്കുന്നു. പഞ്ചായത്തുതലം മുതല്‍ എല്ലാ ഭരണകേന്ദ്രങ്ങളിലും ദേശീയപതാക ഉയര്‍ത്തണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രാദേശിക നേതാക്കളെല്ലാം കരുതല്‍ തടങ്കലിലോ, കര്‍ശനനിയന്ത്രണത്തിലോ ആണ്. ജമ്മുവിലെ നിയന്ത്രണങ്ങള്‍ ഏറെക്കുറെ നീക്കിയെങ്കിലും കശ്മീരില്‍ ഇളവനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറായിട്ടില്ല
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തും ഇന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ എട്ടരയ്ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പതാകയുയര്‍ത്തും. രാഷ്ട്രപതിയുടെ മെഡലുകളും ജീവന് രക്ഷാപതക്കും മുഖ്യമന്ത്രി സമ്മാനിക്കും. രാജ്ഭവനില്‍ ഗവര്‍ണര്‍ പി.സദാശിവം ഒന്‍പതുമണിക്ക് പതാകയുയര്‍ത്തും. വിവിധ കേന്ദ്രങ്ങള്‍ക്കൊപ്പം ദുരിതാശ്വാസ ക്യാംപുകളിലും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കട്ടപ്പന: ഓട്ടോറിക്ഷ കത്തി ഡ്രൈവര്‍ മരിച്ചു. കട്ടപ്പന എ.കെ.ജി പടിയില്‍ ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. വെള്ളയാംകുടി ഞാലിപറമ്പില്‍ ഫ്രാന്‍സിസ് (റെജി-50) ആണ് മരിച്ചത്. എ.കെ.ജി പടിക്ക് സമീപത്തെ വളവില്‍ റോഡിനു വശത്തേക്ക് ചരിഞ്ഞ ഓട്ടൊറിക്ഷ കത്തുകയായിരുന്നു. സംഭവം കണ്ട് ഒടിയെത്തിയ നാട്ടുകാര്‍ ഫ്രാന്‍സിസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി ഓട്ടോറിക്ഷയ്ക്ക് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കട്ടപ്പന പോലീസ് മേല്‍നടപടി സ്വീകരിച്ചു.
പ്രളയമേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് സഹായവുമായി നടൻ ജയസൂര്യയും രംഗത്തെത്തി. ലിനുവിന്റെ അമ്മയെ വിളിച്ച് സംസാരിച്ച ജയസൂര്യ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു നല്കി. ലിനു ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ഇതൊരു മകന് നല്‍കുന്നതായി മാത്രം കണ്ടാല്‍ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണില്‍ വിളിച്ച് നടൻ മമ്മൂട്ടിയും ഈ കുടുംബത്തിന്റെ തീരാ ദുഃഖത്തില്‍ പങ്കുച്ചേര്‍ന്നിരുന്നു.
ലിനുവിന്റെ കുടുംബത്തിന് നടന് മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന് വീട് നിര്‍മിച്ച് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് നല്കി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന് നല്‍കുമെന്നും മേജർ രവി വ്യക്തമാക്കി.
അച്ഛനും അമ്മയ്ക്കുമൊപ്പം ക്യാംപിലേക്കു വന്നതാണ് കുണ്ടായിത്തോട് എരഞ്ഞിരക്കാട്ടു പാലത്തിനു സമീപം പൊന്നത്ത് ലിനു (34). വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താനാണ് ക്യാംപിൽ നിന്നു രാവിലെ പോയത്. ഒരു രാത്രി വെളുത്തപ്പോൾ തിരികെയെത്തിച്ചത് ലിനുവിന്റെ ചേതനയറ്റ ശരീരം.
ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവർത്തനത്തിനാണ് യുവാക്കൾ രണ്ടു സംഘമായി 2 തോണികളിൽ പോയത്. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. തിരികെ വന്നപ്പോഴാണ് യുവാവിനെ കാണാനില്ലെന്നറിഞ്ഞത്. ബന്ധുവീടുകളിൽ അന്വേഷിച്ചു. തുടർന്ന്, അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. അമ്മയും സഹോദരങ്ങളും കഴിയുന്ന ക്യംപിൽ ലിനുവിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു.
കവളപ്പാറയിൽ ഇന്നത്തെ തിരച്ചിലിൽ 7 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ആകെ 30 മൃതദേഹങ്ങൾ ലഭിച്ചു. മഴ തുടങ്ങിയതോടെ ഉരുൾപൊട്ടൽ ഭീഷണിയെത്തുടര്‍ന്ന് തിരച്ചിൽ അൽപസമയം നിർത്തി വയ്ക്കേണ്ടി വന്നു.
കുന്നിൻചെരുവിൽ മൂന്നു മൃതദേഹങ്ങൾ ചൊവ്വാഴ്ച കണ്ടെത്തിയ സ്ഥലത്തു നിന്നാണ് ഇന്ന് 7 മൃതദേഹങ്ങൾ കൂടി കണ്ടത്. റെഡ് അലർട്ടിനൊപ്പം മഴ ശക്തമായ സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് അൽപസമയം തിരച്ചിൽ നിർത്തിവച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. 8 വയസുകാരി വിഷ്ണുപ്രിയ, ഭവ്യ, സ്വാതി, ചക്കി എന്നിവരുടേതും മൂന്നു പുരുഷമൃതദേഹങ്ങളുമാണ് ഇന്നു കണ്ടെത്തിയത്.
കവളപ്പാറയിൽ ആകെ 59 പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്ക്. 29 പേരെ കൂടി കണ്ടെത്താനുണ്ട്. തിരച്ചിലിൽ സജീവമായുണ്ടായിരുന്ന സൈന്യം ജോലികൾ നിർത്തിവച്ച് മറ്റു സ്ഥലങ്ങളിലേക്ക് സേവനത്തിന് പോയത് കവളപ്പാറയിലെ തിരച്ചിലിനെ അൽപം ബാധിച്ചിട്ടുണ്ട്.