എംസി റോഡിൽ തുരുത്തി മിഷൻ പള്ളിക്കു സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കുറിച്ചി തെങ്ങനാടിയിൽ അശോകന്റെ മകൻ ആദിനാഥാ (23) ണ് മരിച്ചത്. ആദിയുടെ അമ്മ പ്രമീളയെ (40) ഗുരുതരമായ പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 1.15നാണ് അപകടം. കാറിൽ ഉണ്ടായിരുന്നവർ തകഴിയിലെ ഒരു മരണ വീട്ടിൽ പോയി മടങ്ങുകയായിരുന്നു. ചങ്ങനാശേരി ഭാഗത്തു നിന്നു കോട്ടയത്തേക്ക് പോയ ടാങ്കർ ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നു ചങ്ങനാശേരി പൊലീസ് പറഞ്ഞു. ഇടിയെത്തുടർന്നു നിയന്ത്രണം വിട്ട ടാങ്കർ ലോറി റോഡരുകിൽ പാർക്ക് ചെയ്തിരുന്ന മറ്റു 3 വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. ടാങ്കർ ലോറിക്കും മറ്റു വാനുകൾക്കും ഇടയിൽപ്പെട്ട് കാർ നിശേഷം തകർന്നു.
അപകടത്തെ തുടർന്ന് എംസി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
ചങ്ങനാശേരിയിൽ നിന്നു പൊലീസും അഗ്നി സുരക്ഷാ സേനയും നാട്ടുകാരും ചേർന്നു കാർ വെട്ടിപ്പൊളിച്ചാണ് ആദിയെയും പ്രമീളയെയും പുറത്തെടുത്തത്. ഇരുവരും അബോധാവസ്ഥയിലായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.
ന്യൂ ഡൽഹിയുടെ അധികാരകേന്ദ്രത്തിന്റെ മുഖമായ പ്രദേശങ്ങളിൽ വലിയ രൂപകൽപ്പനാ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാരെന്ന് റിപ്പോർട്ട്. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യഗേറ്റ് വരെയുള്ള ഭാഗത്തിനാണ് പുതിയ മുഖം നൽകുക. വിഖ്യാത വാസ്തുശിൽപ്പിയായ എഡ്വിൻ ല്യൂട്ടിൻസ് ഡിസൈൻ ചെയ്തതാണ് ഈ പ്രദേശം. ഏതാണ്ട് നാല് സ്ക്വയർ കിലോമീറ്ററാണ് ഇതിന്റെ ആകെ വിസ്താരം.
മോദി സർക്കാരിന്റേത് വളരെ വിപുലമായ പദ്ധതിയാണ്. ഒരു പുതിയ പാർലമെന്റ് ബിൽഡിങ് പണിയണമെന്നാണ് മോദി സർക്കാരിന്റെ താൽപര്യം. ഇല്ലെങ്കിൽ ഇപ്പോൾ നിലവിലുള്ള പാർലമെന്റ് മന്ദിരത്തെ ആധുനികവൽക്കരിക്കുന്ന തരത്തിൽ ഡിസൈൻ മാറ്റം വരുത്തണം. ഇതോടൊപ്പം രാഷ്ട്രപതി ഭവന്‍ മുതൽ ഇന്ത്യഗേറ്റ് വരെയുളള ഭാഗം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള പദ്ധതികളും കേന്ദ്രം നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
![]()
എല്ലാ വകുപ്പുകളുടെയും ഔദ്യോഗിക കേന്ദ്രങ്ങൾ ഒരിടത്തേക്ക് കൊണ്ടുവരാനുള്ള ആലോചനയും ഇക്കൂട്ടത്തിലുണ്ട്. ഇതിനായി ഒരു പൊതു കേന്ദ്ര സെക്രട്ടേറിയറ്റ് സ്ഥാപിക്കും. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള പ്രദേശത്തെ പുനർരൂപകൽപ്പന ചെയ്യാൻ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ഇന്ത്യക്ക് പുതിയ മുഖം കൈവരുന്നുവെന്ന പ്രതിച്ഛായ സൃഷ്ടിക്കലാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. ഇന്ത്യയുടെ ഭരണവ്യവസ്ഥയുടെ ‘കാര്യക്ഷമതയെയും സുതാര്യതയെയും’ വ്യക്തമാക്കുന്നതായിരിക്കും പുതിയ കെട്ടിടം.
പൊതുജനങ്ങള്‍ക്കായുളള പ്രദേശത്തെ വിശ്രമ കേന്ദ്രങ്ങൾ, പാർക്കിങ് സ്ഥലങ്ങള്‍ എന്നിവയുടെയെല്ലാം വികസനം ഇക്കൂട്ടത്തിൽ നടക്കും. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ കേന്ദ്രം ഉദ്ദേശിക്കുന്നത്. 2024 ല്‍ പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയ മണ്ഡലങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ എംപിമാരെ ഉൾക്കൊള്ളാൻ നിലവിലെ പാർലമെന്റ് കെട്ടിടത്തിന് കഴിഞ്ഞെന്നു വരില്ല. ഇക്കാരണത്താലാണ് ഒരു പുതുക്കൽ ആലോചിക്കുന്നതെന്ന ന്യായവും വരുന്നുണ്ട്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമ മുകേഷ് അംബാനിയുടെ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ആദായനികുതി വകുപ്പിന്റെ മുംബൈ വിഭാഗം നിരവധി രാജ്യങ്ങളിലെ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍, 2015-ലെ കള്ളപ്പണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് മുകേഷ് അംബാനി കുടുംബത്തിലെ അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കണക്കില്‍പ്പെടാത്ത വിദേശ സ്വത്തുക്കള്‍ ഉണ്ടെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. കരുതലയോടെയുള്ള നീക്കത്തില്‍, 2019 മാര്‍ച്ച് 28 ന് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെയും അവരുടെ മൂന്ന് മക്കള്‍ക്കും ‘വെളിപ്പെടുത്താത്ത വിദേശ വരുമാനവും സ്വത്തുക്കളും’ ഉണ്ടെന്ന കാരണത്തിനാണ് ആദായ വകുപ്പ് നോട്ടീസ് നല്‍കിയതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2011ല്‍ എച്ച്എസ്ബിസി ജനീവയില്‍ 700 ഇന്ത്യന്‍ വ്യക്തികളുടെയും അക്കൗണ്ടുകളുള്ള സ്ഥാപനങ്ങളുടെയും കണക്കില്‍ കാണിക്കാത്ത വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് രാജ്യത്തെ വന്‍ ബിസിനസ് ഉടമസ്ഥരിലേക്കുമുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചത്.
ഫെബ്രുവരി 2015ന് ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍ നടത്തിയ അന്വേഷണത്തില്‍് എച്ച്എസ്ബിസി ജനീവയില്‍ ഇന്ത്യന്‍ അക്കൗണ്ട് ഉടമകളുടെ എണ്ണം 1,195 ആയി വര്‍ദ്ധിച്ചതായി കണ്ടെത്തിയിരുന്നു. ‘സ്വിസ് ലീക്‌സ്’ എന്നായിരുന്നു ഇതിനെ വിളിച്ചിരുന്നത്.
മൂന്നാറിൽ എട്ടുവയസ്സുകാരിയെ വീടിനുള്ളിൽ ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. പെൺകുട്ടി പീഡനത്തിനിരയായെന്ന് സൂചന നൽകി പോസ്റ്റുമാർട്ടം പ്രാഥമിക റിപ്പോർട്ട് . മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.
മൂന്നാർ മേഖലയിലെ സ്വകാര്യ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ ആണ് തിങ്കളാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഉൗഞ്ഞാലിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി ആണ് അപകടം എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി ആണ് പ്രാഥമിക കണ്ടെത്തൽ. ജില്ലാ പൊലീസ് മേധാവി ടി.നാരായണന്റെ നേതൃത്വത്തിൽ പൊലീസ് പെൺകുട്ടിയുടെ വീട്ടിൽ എത്തി വിദഗ്ധ പരിശോധന നടത്തി. സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന പെൺകുട്ടിയുടെ മുത്തശ്ശി, സമീപത്ത് താമസിക്കുന്ന ഇവരുടെ ബന്ധു എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. പെൺകുട്ടി മരിച്ച് കിടക്കുന്നത് ആദ്യം കണ്ട മുത്തശ്ശി ഈ ബന്ധുവിനെ ആണ് ആദ്യം വിവരം അറിയിച്ചത്. ഇയാൾ എത്തിയാണ് കഴുത്തിൽ കുരുങ്ങിയ കയർ മുറിച്ച് മാറ്റിയത്.
പെൺകുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടത്തിൽ സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഉൗർജിതമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ സ്ഥലത്ത് എത്തി പരിശോധന നടത്തുകയും മൂന്നാർ ഡിവൈഎസ്പി എം.രമേഷ് കുമാറിന്റെ നേതൃത്വത്തിൽ 11 അംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയും ചെയ്തിരുന്നു.
സംഭവം നടന്ന തേയില എസ്റ്റേറ്റിൽ പെൺകുട്ടിയുടെ വീടിന് സമീപം പൊലീസ് ബുധനാഴ്ച ക്യാംപ് ഓഫിസ് തുറന്നു. 2 ദിവസത്തിനുള്ളിൽ 50 പേരെ ചോദ്യം ചെയ്തു. പലരുടേയും ഫോൺ വിളികൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച് വരികയാണ്. പെൺകുട്ടിയുടെ മരണം കൊലപാതകം ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല എന്നതിനാൽ പീഡനം സംബന്ധിച്ച് ആണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
പീഡിപ്പിച്ച വ്യക്തിയെ കണ്ടെത്തിയാൽ മരണത്തെ കുറിച്ചുള്ള ദുരൂഹതയും നീങ്ങും എന്ന പ്രതീക്ഷയിൽ ആണ് അന്വേഷണ സംഘം. പെൺകുട്ടിയെ പീഡിപ്പിച്ചത് പുറത്ത് നിന്നുള്ളവർ അല്ലെന്നും എസ്റ്റേറ്റിൽ തന്നെ ഉള്ളവർ ആകാം എന്നും ആണ് പൊലീസിന്റെ കണക്ക് കൂട്ടൽ.പോസ്റ്റ്മോർട്ടത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം എസ്റ്റേറ്റ് ശ്മശാനത്തിൽ സംസ്കരിച്ചു.
നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന വിഷയത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഈ അവസരത്തിൽ ഫ്ലാറ്റ് ഉടമകൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷമ്മി തിലകൻ.
ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികൾക്കെതിരെ ഉടമകൾ സമരം തുടരുന്ന സാഹചര്യത്തിലാണ് ഷമ്മി തിലകന്റെ പ്രതികരണം. മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അമുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ എന്നാണ് ഷമ്മി തിലകൻ ഉയർത്തുന്ന ചോദ്യം. തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടു വന്നിരിക്കുന്നത് പാലിക്കാനാണെന്നും താരം പറഞ്ഞു.
ഫ്ലാറ്റുകള്‍ ഒഴിപ്പിക്കുന്നകാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് മാത്രമേ തീരുമാനമെടുക്കൂവെന്ന് മരട് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. ഒഴിയുന്നതിന് അനുവദിച്ച സമയപരിധി നാളെ അവസാനിക്കാനിരിക്കേ നഗരസഭയുടെ നോട്ടിസിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ അന്ത്യശാസനം വന്നതിനു പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച ആണ് ഫ്ലാറ്റുകൾ ഒഴിപ്പിക്കുന്നതിന് നഗരസഭാ നോട്ടീസ് നൽകിയത്. നോട്ടീസിന്റെ കാലാവധി നാളെ തീരുന്ന സാഹചര്യത്തിൽ ആണ് സർക്കാർ നിർദേശം അനുസരിച്ച് മാത്രമേ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകുവെന്ന് നഗരസഭാ വ്യക്തമാക്കിയത്. നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസിന് 12 ഫ്ലാറ്റ് ഉടമകൾ മറുപടി നൽകിയിട്ടുണ്ട്. ഫ്ലാറ്റുകൾ ഒഴിയില്ലെന്നാണ് മറുപടിയിൽ ഫ്ലാറ്റ് ഉടമകൾ വ്യക്തമാക്കിയിരിക്കുന്നത്. ഫ്ലാറ്റ് ഉടമകളുടെ മറുപടി നഗരസഭാ സെക്രട്ടറി സർക്കാരിന് കൈമാറിയിട്ടുണ്ട്.
ചട്ടങ്ങൾ പാലിക്കാതെ ആണ് നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടീസ് എന്ന് ഫ്ലാറ്റുടമകൾ പറയുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കും. ഒരു കാരണവശാലും ഫ്ലാറ്റുകൾ ഒഴിയില്ലെന്നും ഉടമകൾ വ്യക്തമാക്കി.
ഒഴിപ്പിക്കൽ നടപടിക്ക് എതിരെ നഗരസഭയ്ക്ക് മുന്നിൽ നാളെ മുതൽ ഫ്ലാറ്റുടമകൾ അനിശ്ചിതകാല സമരം ആരംഭിക്കും. ഫ്ലാറ്റുടമകളെ ഒഴിപ്പിക്കുന്നതിന് എതിരെ സിപിഎം ജില്ലാ കമ്മിറ്റി നാളെ മരടിൽ മാർച്ച് നടത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നാളെ ഫ്ലാറ്റ് ഉടമകൾക്ക് പിന്തുണയുമായി മരടിലെത്തും.
ഷമ്മി തിലകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:
മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ..?! തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്..! സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാനാണ്..! അതിനു തുരങ്കം വെക്കുന്ന ഇത്തരം റിയൽ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോർട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാർക്ക് ഓശാന പാടി കൊണ്ട് നിയമത്തിൽ വരെ ഇളവുകൾ ഒപ്പിച്ചു നൽകുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..?
ഇത്തരം സാമൂഹ്യദ്രോഹികളുടെ നിർമ്മാണ അനുമതിക്കും, ഒക്യുപൻസിക്ക് വേണ്ടിയുമൊക്കെ ബഹു.ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച് സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി നിയമ നിഷേധികളെ മാത്രം വിജയിപ്പിച്ചു കൊണ്ടിരിക്കുന്ന നഗരസഭകളുടെ വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്..? ഒന്നും ചെയ്യാനാവില്ലെന്നറിയാം..! കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു. പക്ഷേ ഇങ്ങനെ പോയാൽ..; ആ കൈയാമം ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്ന് എല്ലാ മലരുകളും അറിയേണ്ടതുണ്ട് എന്നുമാത്രം തൽകാലം പറയുന്നു.
ഇരുചക്ര വാഹനത്തില്‍ യാത്രചെയ്യുന്നതിനിടെ ഫ്ലക്സ് ബോര്‍ഡ് തലയില്‍ വീണ യുവതിക്ക് ടാങ്കറിലിടിച്ച് ദാരുണാന്ത്യം. ചെന്നൈയില്‍ ആണ് സംഭവം. സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ ശുഭ ശ്രീയാണ് മരിച്ചത്. ജയലളിതയുടെയും പളനിസ്വാമിയുടെയും പനീര്‍ശെല്‍വത്തിന്‍റെയും ചിത്രങ്ങള്‍ പതിച്ച ബോര്‍ഡാണ് തകര്‍ന്നു വീണത്.
പള്ളവാരം – തൊരൈപാക്കം റോഡിലൂടെ ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. നിമിഷങ്ങള്‍ക്കുള്ളില്‍ യുവതിയുടെ വാഹനത്തില്‍ ടാങ്കര്‍ ലോറിയിടി ച്ചു. എന്നാൽ തലയ്ക്ക് സാരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം സ്കൂട്ടര്‍ ഓടിക്കുമ്പോൾ യുവതി ഹെല്‍മറ്റ് വച്ചിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.സംഭവത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
അനധികൃതമായാണ് ഇവ സ്ഥാപിച്ചതെന്നാണ് വിവരം. എഐഎഡിഎംകെയുടെ പ്രാദേശികനേതാവ് സി ജയഗോപാല്‍ കുടുംബത്തിലെ വിവാഹച്ചടങ്ങിനോടനുബന്ധിച്ചാണ് ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചത്.സംഭവത്തെ തുടര്‍ന്ന് ടാങ്കര്‍ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കും ഇയാള്‍ക്കെതിരെ കേസെടുത്തു.
ഇന്ത്യന്‍ സൈന്യവും ചൈനീസ് ആര്‍മിയും ലഡാക്കിലെ പാന്‍ഗോംഗ് തടാകത്തിനടുത്ത് ഒരു പകല്‍ നീണ്ടു നിന്ന സംഘര്‍ഷം ഏറ്റുമുട്ടലില്‍ എത്തുന്നതിന് മുമ്പ് പിന്മാറി. ഇന്ത്യന്‍ സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘പാന്‍ഗോംഗ് തടാകത്തിന്റെ വടക്കന്‍ തീരത്ത് ഇന്ത്യന്‍ ആര്‍മിയും ചൈനീസ് ആര്‍മിയും ഏറ്റുമുട്ടലോളം എത്തുകയുണ്ടായി. ഇരുരാജ്യങ്ങളുടെ സേനകളുടെ പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടത്തിയതിന് ശേഷം ഇത് അവസാനിച്ചു. ഇരുസേനകളും ഇന്നലെ നടന്ന പ്രതിനിധി ചര്‍ച്ചകള്‍ക്ക് ശേഷം ഏറ്റുമുട്ടലില്‍ നിന്ന് പിന്‍വാങ്ങി: ഇന്ത്യന്‍ ആര്‍മി’ എന്നായിരുന്നു ട്വീറ്റ്.
ഇന്ത്യന്‍ സൈനികര്‍ ബുധനാഴ്ച രാവിലെ പാഗോംഗ് തടാകത്തിന്റെ വടക്കന്‍ തീരത്ത് പട്രോളിംഗ് നടത്തുകയായിരുന്നു. ചൈനീസ് സൈനികര്‍ അവരെ തടഞ്ഞത്തോടെയാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. ഇരുസൈന്യത്തിന്റെ ബോട്ടുകള്‍ തമ്മില്‍ തടാകത്തില്‍ നിലയുറപ്പിച്ചിരിക്കുന്നതും മറ്റുമുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തിബറ്റ് മുതല്‍ ലഡാക്ക് വരെ നീളുന്ന പാഗോംഗ് തടാകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്. തിബറ്റ് ചൈനയുടെ കീഴിലായതുകൊണ്ടുതന്നെ ചൈനീസ് സൈന്യം തന്നെയാണ് ആ ഭാഗവും നിയന്ത്രിക്കുന്നത്. മുമ്പും ഈ ഭാഗത്ത് ചൈനീസ് സൈന്യവും ഇന്ത്യന്‍ ആര്‍മിയും തമ്മില്‍ സംഘര്‍ഷ സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. 2017-ല്‍ ഇരു രാജ്യങ്ങളിലെ സൈനികര്‍ പരസ്പരം ഭീഷണിപ്പെടുത്തുന്നതും തമ്മില്‍ തള്ളുന്നതും കല്ലെറിയുന്നതും സംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
എന്‍ഡിടിവി പുറത്തുവിട്ട വീഡിയോ കാണാം..
താന്‍ ബിജെപിയില്‍ ചേരാന്‍ പോകുന്നു എന്ന തരത്തില്‍ ഫേസ്ബുക്ക് അടക്കം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി നടക്കുന്ന പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്‍.
“ഒരു വ്യാജ വാര്‍ത്ത ഇന്നലെ മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇന്ന് ആര്‍എസ്എസ് ചാനലായ ജനം ടിവിയുടെ ലോഗോ വച്ച പോസ്റ്ററുകളാണ് കാണുന്നത്. ഇത് പ്രചരിപ്പിക്കുന്നത് മുസ്ലീം തീവ്രവാദ സംഘടനകളാണ്. സംഘപരിവാറും മുസ്ലീം തീവ്രവാദ സംഘടനകളും ചേര്‍ന്നാണ് ഇത്തരത്തില്‍ പ്രചാരണം നടത്തുന്നത് എന്നും പിതൃശൂന്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നല്ല കഴിവുള്ളവരാണ് സംഘികള്‍” എന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്:
“പിതൃശൂന്യ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നല്ല കഴിവുള്ളവരാണ് സംഘികൾ. അച്ചടി പത്രങ്ങൾ പ്രസിദ്ധീകരിക്കാത്തതിന്റെ തലേ ദിവസം ഭീകരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് അവർ നടത്താറുള്ളത്. റിപ്പബ്ലിക് ദിനത്തിൽ സ:കെ വി സുധീഷിനെ വീട്ടിൽ കയറി അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയതും
20 വര്ഷം മുൻപൊരു തിരുവോണ നാളിൽ എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്.ഈ തിരുവോണ നാളിൽ തന്നെയാണ് ബിജെപിയിൽ ചേരുന്നുവെന്ന നെറികെട്ട നുണയും സംഘപരിവാരം പ്രചരിപ്പിക്കുന്നത്.
സംഘപരിവാര ശക്തികൾക്കെതിരായി രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും സിപിഐഎം പ്രവർത്തകൻ എന്ന നിലയ്ക്ക് പോരാടിയ ആളാണ് ഞാൻ.അത് ഇപ്പോളും തുടർന്ന് കൊണ്ടിരിക്കുകയാണ്.അതിനാൽ തന്നെ ഈ വ്യാജ വാർത്തകൾ ജനങ്ങൾക്കിടയിൽ വിലപ്പോവില്ല.
നാമക്കല്‍: അങ്കണവാടി ജീവനക്കാരിയുമായി സ്കൂള്‍ പരിസരത്ത് വെച്ച് ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട അധ്യാപകനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു.

അങ്കണവാടി ജീവനക്കാരിയും അധ്യപകനും തമ്മില്‍ സ്‌കൂള്‍ പരിസരത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പതിവായിരുന്നെന്നാണ് നാട്ടുകര്‍ പറയുന്നത്.

തമിഴ്‌നാട്ടിലെ നാമക്കല്ലിലാണ് സംഭവം. നാമക്കല്‍ ബുധനസാന്തൈ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ വി ശരവണന്‍(38) ആണ് മര്‍ദനമേറ്റത്.

സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് അങ്കണ്‍വാടി ജീവനക്കാരിയുമായി ശരവണന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

തന്നെ മര്‍ദിച്ചെന്നു കാണിച്ച് അധ്യാപകനും സ്‌കൂള്‍ പരിസരത്ത് അനാശാസ്യം നടത്തിയെന്നു കാട്ടി നാട്ടുകാരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
തൃശ്ശൂര്‍: പുലികളിക്കൊരുങ്ങി തൃശ്ശൂർ. ചായം തയ്യാറാക്കിയും നിശ്ചല ദൃശ്യങ്ങൾ ഒരുക്കിയും വിവിധ പുലി കളി സംഘങ്ങൾ അവസാനവട്ട ഒരുക്കങ്ങളിലാണ്. നാളെ വൈകീട്ടാണ് സ്വരാജ് റൗണ്ടിൽ പുലികൾ ഇറങ്ങുക
വിവിധ ദേശങ്ങളിലെ പുലികൾ അവസാനവട്ട പരിശീലനത്തിലാണ്. ശനിയാഴ്ച രാവിലെത്തന്നെ പുലികൾക്ക് ചായം പൂശിത്തുടങ്ങുമെന്നതിനാൽ പരിശീലനത്തിന്‍റെ അവസാന ദിവസമാണിന്ന്. വേഷത്തിലും ഒരുക്കത്തിലും വിവിധ ദേശങ്ങൾ അത്ഭുതങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. പുലികൾക്കൊപ്പമുള്ള നിശ്ചലദൃശ്യങ്ങൾ അവസാനവട്ട മിനുക്കു പണിയിലാണ്
ദേശങ്ങളിൽ ചമയപ്രദർശനം തുടരുകയാണ്. ഇക്കുറിയും പെൺപുലികളും കരിന്പുലികളുമുണ്ടാകും.ഒന്നാ സ്ഥാനമുറപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും തകൃതിയാണ്. ഓണാഘോഷഹ്ങളുടെ സമാപനം കൂടിയാണ് പുലികളി എന്നതിനാൽ ആയിരക്കണക്കിനാളുകൾ സ്വരാജ് റൗണ്ടിലെത്തുമെന്നാണ് കരുതുന്നത്.
തൃശ്ശൂരിലെ പുലിക്കളി
അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശ്ശൂരിലെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ് പുലിക്കളിയുടെ മറ്റ് രണ്ട് പ്രധാന സ്ഥലങ്ങൾ. തലമുറകളായി തുടർന്നുപോരുന്ന ഇതിന് പൂരത്തിനും ഏറെത്താഴെയല്ലാത്ത സ്ഥാനമുണ്ട്. നാലാമോണം നാളിൽ വൈകുന്നേരമാണ് പുലിക്കളി. വേഷം കെട്ടൽ തലേന്ന് രാത്രിതന്നെ തുടങ്ങാറുണ്ട്. നടുവിലാൽ ഗണപതിക്ക് മുമ്പിൽ നാളികേരമുടച്ചാണ് പുലികൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കുക. ചെണ്ടയുടെ വന്യമായ താളത്തിന് ഒപ്പിച്ചു നൃത്തം വെച്ച് കളിച്ച് മുന്നോട്ടു നീങ്ങുന്ന പുലികൾക്ക് ഒപ്പം വലിയ ട്രക്കുകളിൽ തയ്യാറാക്കുന്ന കെട്ട് കാഴ്ചകൾ വളരെ ആകർഷകവും മനോഹരവും ആണ് . തൃശൂർ നഗരത്തിന്റെ സാംസ്കാരിക കൂട്ടായ്മയെ ഓർമിപ്പിക്കുന്ന വിധം ഇത്തരം കെട്ടുകാഴ്ച്ചകളിൽ പുരാണങ്ങളിലെ കഥാപാത്രങ്ങൾ മുതൽ എലിയട്ടും ചെഗുവേരയും മാർക്സും സ്പേസ്ഷിപ്പും എല്ലാം കടന്നു വരാറുണ്ട് . മാസങ്ങളുടെ ശ്രമം ആണ് ഇത്തരം ഒരു ശിൽപം ഒപ്പിച്ചെടുക്കാൻ ചെലവാക്കുന്നത്
തൃശ്ശൂരിലെ പുലിക്കളികൾക്ക് മറ്റു സ്ഥലങ്ങളിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തത ഉണ്ട് . ഇവിടെ പുലികളുടെ മേൽ ഉപയോഗിക്കുന്ന ചായം ഇനാമൽ പെയിന്റ് ആണ് . ഇവ മണ്ണെണ്ണയിൽ നന്നായി കൂട്ടിച്ചേർത്താണ് ഉപയോഗിക്കുന്നത്. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്. ചിലർ ശരീരത്തിൽ ചിത്രങ്ങൾ വരക്കാറുണ്ട് . വിവിധനിറത്തിലാണ് പുലികൾ , പച്ച, മഞ്ഞ്, കറുപ്പ്, സിൽ വർ, ചുവപ്പ്, നീല, പിങ്ക് , വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം. കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത്. ഇവർ അരമണി ധരിക്കാറുണ്ട്. ഇത് കുലുക്കിയാണ് മിക്കവാറും നൃത്തം ചെയ്യാറ്. പരിപാടി കഴിഞ്ഞാൽ ചായം കഴുകി കളയുന്നത് മണ്ണെണ്ണയുടെ സഹായത്തോടെ ആണ്.
പുലി വർണ്ണങ്ങൾ
ഗൊറില്ല നിറങ്ങളാണ് പുലി വർണ്ണങ്ങളാക്കുന്നത്. ഇത് മരഉരുപ്പടികൾക്ക് നിറം കൊടുക്കുന്നതിനുള്ളതാണ്. നിറപ്പൊടികളും വാർണീഷും നീട്ടി അരച്ചാണ്, പുലിവർണ്ണങ്ങൾ ഉണ്ടാക്കുന്നത്. അരച്ചരച്ച് അരക്കുമ്പോൾ പൊട്ടുന്നതാണ് പാകം.