വര്‍ക്കല എസ്.ആര്‍. മെഡിക്കല്‍കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയെ അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥ മര്‍ദ്ദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന്‍ മൊബൈലില്‍ ചിത്രം പകര്‍ത്തുന്നത് തടഞ്ഞ വിദ്യാര്‍ഥിനിക്കാണ് അടികൊണ്ടത്. വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്ന് കോളജ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്.ആര്‍ മെഡിക്കല്‍ കോളജിലെ എം. ബി.ബി.എസ് സപ്്ളിമെന്‍ററി പരീക്ഷാ ഫലം തടഞ്ഞുവെക്കാന്‍ ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചു.

എസ്.ആര്‍ മെഡിക്കല്‍ കോളജിലെ പരീക്ഷാ ഫലം ആരോഗ്യസര്‍വകലാശാല തടഞ്ഞതിനെ കുറിച്ച് സംസാരിച്ച് കൊണ്ടിരുന്ന വിദ്യാര്‍ഥിനിയുടെ ചിത്രം സുരക്ഷാ ഉദ്യോഗസ്ഥന്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയതോടെയാണ് പ്രശ്നം തുടങ്ങിയത്. ദൃശ്യം പകര്‍ത്താനാവില്ലെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റിഫ് ഉദ്യോഗസ്ഥ രംഗത്തെത്തി.

വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മര്‍ദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനും എസ്.ആര്‍ മെഡിക്കല്‍കോളജിലെ അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥക്കും സെക്യൂരിറ്റി ഉദ്യോഗസ്ഥനും എതിരെ പൊലീസ് കേസെടുത്തു.

കോപ്പിയടികണ്ടെത്തിയതിനെ തുടര്‍ന്ന് എസ്.ആര്‍ മെഡിക്കല്‍ കോളജിലെ എം. ബി.ബി.എസ്. സപ്്ളിമെന്‍ററി പരീക്ഷാ ഫലം തടഞ്ഞുവെക്കാന്‍ ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചു. ഇനി കോളജില്‍ പരീക്ഷാകേന്ദ്രം അനുവദിക്കേണ്ടെന്നും സര്‍വകലാശാലയുടെ ഭരണ സമിതി തീരുമാനമെടുത്തു. എന്നാല്‍ കോളജിലെ പ്രശ്നങ്ങളിലില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

കോളജിനെക്കുറിച്ച് വിദ്യാര്‍ഥികളുന്നയിക്കുന്ന പരാതികള്‍ ശരിയാണെന്ന് മെഡിക്കല്‍ കൗണ്‍സിലും വിജിലന്‍സും കണ്ടെത്തിയിരുന്നു.