India

ദില്ലിയിൽ കവർച്ചാ സംഘം ട്രെയിനിൽ നിന്ന് തള്ളിയിട്ട മലയാളി ഡോക്ടർക്ക് ദാരുണാന്ത്യം. തൃശ്ശൂർ പട്ടിക്കാട് സ്വദേശിയായ തുളസിയാണ് ട്രെയിനിൽ നിന്നും വീണ് മരിച്ചത്. മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിച്ച് സംസ്ക്കരിക്കും.

പുലർച്ചയോടെ ന്യൂ ദില്ലി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. കുടുംബത്തിനൊപ്പം ഹരിദ്വാർ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡോ. തുളസിയുടെ കയ്യിലെ ബാഗ് തട്ടിപ്പറിക്കാൻ ചിലർ ശ്രമിക്കുകയായിരുന്നു. സ്റ്റേഷൻ അടുത്തെത്താൻ ആയതിനാൽ വാതിലിന് സമീപമാണ് തുളസി നിന്നിരുന്നത്. മോഷ്ടാക്കൾ ബാഗ് വലിച്ച് ഓടിയപ്പോൾ തുളസി താഴെ വീഴുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തിലായിരുന്നു മരണം. ഈ സമയം ഭർത്താവും മകളുമുൾപ്പെടെയുള്ളവർ കംപാർട്മെന്റിൽ ഉണ്ടായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിച്ച് വൈകീട്ട് സംസ്ക്കരിക്കും.

മകൾ കാർത്തികയോടൊപ്പം വിഷു ആഘോഷിക്കാനാണ് തുളസിയും കുടുംബവും കഴിഞ്ഞയാഴ്ച ദില്ലിയിലേക്ക് പോയത്. ജലസേചന വകുപ്പിൽ നിന്ന് വിരമിച്ച രുദ്രകുമാറാണ് ഡോക്ടർ തുളസിയുടെ ഭർത്താവ്.

കൊച്ചിയിൽ യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവത്തിൽ സുരേഷ് കല്ലട ബസ് സർവ്വീസിലെ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. ജിതിന്‍, ജയേഷ് എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. മർദ്ദനം നടന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചിയിൽ യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവത്തിൽ സുരേഷ് കല്ലട ബസ് സർവ്വീസിലെ 3 ജീവനക്കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വൈറ്റില ഹബ്ബിൽ വെച്ച് അർദ്ധരാത്രി സംഘം ചേർന്ന് യാത്രക്കാരെ മർദ്ദിച്ചവരെ വെറുതെ വിടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

യാത്രക്കാരിലൊരാൾ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ച ദുരനുഭവം വാർത്തയായതോടെയാണ് കർശന നടപടി തുടങ്ങിയത്. കസ്റ്റഡിയിലെടുത്ത ബസ് ജീവനക്കാരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ജയേഷ്, ജിതിൻ, ഗിരിലാൽ എന്നിവർക്കെതിരെ സംഘം ചേർന്ന മർദ്ദിച്ചതുൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. കമ്പനി മാനേജരോട് നേരിട്ട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. വൈറ്റിലയിൽ വെച്ച് 15 അംഗ സംഘം ബസിലേക്ക് ഇരച്ചുകയറിയാണ് വയനാട്,പാലക്കാട് സ്വദേശികളെ ക്രൂരമായി മർദ്ദിച്ചത്. ഇവരെ പിന്തുണച്ച തൃശൂർ സ്വദേശിയെയും മർദ്ദിച്ച് ഭീഷണിപ്പെടുത്തി ബസ്സിൽ നിന്ന് ഇറക്കി വിട്ടു.തുടർന്ന് ഇയാളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് നടപടി തുടങ്ങിയത്.

കല്ലട ബസിൻറെ പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത കമ്മീഷണർ സുധേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യാത്രക്കാരുടെ സുരക്ഷിത്വം കൂടി മുൻനിർത്തിയാണ് വാഹനങ്ങള്‍ക്ക് പെർമിറ്റ് നൽകുന്നത്. നിയമം പാലിക്കാതെ സർവ്വീസ് നടത്തുന്ന അന്തർസംസ്ഥാന വാഹനങ്ങള്‍ക്കെതിരെ കർശന പരിശോധന ആരംഭിക്കുമെന്നുംഗതാഗത കമ്മീഷണർ സുധേഷ് കുമാർ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബ്രിട്ടനിലും ഇറ്റലിയിലും രാഹുല്‍ ഗാന്ധി അറിയപ്പെടുന്നത് രാഹുല്‍ വിന്‍സിയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പേര് യഥാര്‍ത്ഥമല്ല. ബ്രിട്ടനിലും ഇറ്റലിയിലും രാഹുല്‍ വിന്‍സിയെന്നാണ്. രാഹുലും പ്രിയങ്കയും ധൈര്യമുണ്ടെങ്കില്‍ അവരുടെ പേര് ജനങ്ങളോട് പറയണമെന്നും യോഗി വെല്ലുവിളിച്ചു. രാഹുല്‍ ഗാന്ധി രാജ്യത്തെ പറ്റിക്കുകയായിരുന്നുവെന്ന് യോഗി ഖട്ടംപുരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ആരോപിച്ചു.

രാഹുലിന്‍റെ സത്യവാങ് മൂലത്തില്‍ രാഹുല്‍ഗാന്ധി തെറ്റായ വിവരം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി അമേത്തിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ധ്രുവ് ലാല്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു. രാഹുല്‍ വിന്‍സി എന്ന പേരില്‍ യുകെയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരം സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചന്നും വിദ്യാഭ്യാസ യോഗ്യതയായി കാണിച്ച കേംബ്രിഡ്ജി യൂണിവേഴ്സിറ്റിയില്‍നിന്ന് ഡെവലപ്മെന്‍റ് എക്കണോമിക്സില്‍ എംഫില്‍ രാഹുല്‍ വിന്‍സിയെന്ന പേരിലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. .

കെടാമംഗലത്ത് മൃതദേഹം കത്തിച്ചു കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവ സ്ഥലത്തിനു സമീപത്തെ വീട്ടിലെ സ്ത്രീയെ 3 ദിവസമായി കാണാതായിട്ടുണ്ട്. മൃതദേഹം ഇവരുടേതാണെന്നു സംശയമുള്ളതായി പൊലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം തുടങ്ങി. കുടിയാകുളങ്ങര ക്ഷേത്രത്തിനു പടിഞ്ഞാറുവശം കുറുപ്പശേരി പരേതനായ ഷൺമുഖന്റെ ഭാര്യ കാഞ്ചനവല്ലിയെ (72) യാണു 3 ദിവസമായി കാണാനില്ലാത്തത്. സമീപവാസി ഇന്നലെ വൈകിട്ടു 3 മണിയോടെ ഇവരെ തിരക്കി വീട്ടിലെത്തിയെങ്കിലും കണ്ടില്ല. അന്വേഷിച്ചു നടക്കുന്നതിനിടെയാണു പിൻവശത്തുള്ള പാടത്തിന്റെ ചിറയ്ക്കു സമീപത്തെ കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടത്.

തലയോട്ടിയും തുടയുടെ ഭാഗവും മാത്രമാണു പുറത്തു കാണുന്നത്. സംഭവമറിഞ്ഞു നാട്ടുകാർ തടിച്ചുകൂടി. പൊലീസെത്തി സംഭവസ്ഥലം സീൽ ചെയ്തു. വിരലടയാള വിദഗ്ധർ ഇന്നു സ്ഥലത്തെത്തി പരിശോധന നടത്തും. മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തും. ഇതിനു ശേഷമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാകൂ എന്നു പൊലീസ് പറഞ്ഞു. കാഞ്ചനവല്ലി ഏറെനാളായി കെടാമംഗലത്താണു താമസം. 2 മക്കളുണ്ട്. മണിയൻ എന്ന മകൻ കുഞ്ഞിത്തൈയിലാണു താമസം. രണ്ടാമത്തെ മകനായ സുരേഷ് ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ട്. സംഭവുമായി ബന്ധപ്പെട്ട് സുരേഷിനെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്.

തനിക്ക് രണ്ട് തവണ കല്ലട ബസിൽ നിന്ന് ദുരനുഭവം നേരിട്ടെന്ന് നടനും നാടക കലാകാരനുമായ സന്തോഷ് കീഴാറ്റൂർ മനോരമന്യൂസിനോട് വെളിപ്പെടുത്തി. ദുരനുഭവം നേരിട്ടതിനുശേഷം യാത്ര ചെയ്തില്ലെങ്കിലും കല്ലടയിൽ യാത്രചെയ്യില്ലെന്ന് ഉറപ്പിച്ചെന്ന് അദേഹം  പറഞ്ഞു.

അക്രമ വാർത്ത പുറത്തുവന്നതിനുശേഷം സമൂഹത്തിന്റെ വിവിധ കോണിൽ നിന്ന് കല്ലട ബസിനുനേരെ വൻ ആക്ഷേപമാണ് ഉയരുന്നത്.ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ ബസ് കേടായതിനെ തുടര്‍ന്ന് ബദല്‍ സംവിധാനം ആവശ്യപ്പെട്ട യാത്രക്കാര്‍ക്ക് കല്ലട ബസ് ജീവനക്കാരില്‍നിന്ന് ഇന്നലെ നേരിടേണ്ടി വന്നത് അതിക്രൂര മര്‍ദനമാണ്.

ബസ് ജീവനക്കാരും ഗുണ്ടകളും ഉള്‍പ്പെടെ പതിനഞ്ചോളംപേര്‍ വൈറ്റിലയില്‍വച്ച് ക്രൂരമായി മര്‍ദിച്ചെന്ന് ഇരയായ യുവാവ് അജയഘോഷ് മനോരമ ന്യൂസിനോട് പറഞ്ഞു. ഫോണും പെട്ടിയും ഒരു ലക്ഷം രൂപയും തട്ടിയെടുത്തു. തലയ്ക്ക് കരിങ്കല്ല് കൊണ്ടെറിഞ്ഞു. കല്ലട സുരേഷേട്ടനെതിരെ പൊലീസില്‍ പരാതി കൊടുക്കുമോ എന്നു ചോദിച്ചായിരുന്നു മര്‍ദനമെന്നും അദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസാണ്. രാത്രി 10 മണിയോടെ ബസ് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടു. കുറച്ച് കഴിഞ്ഞപ്പോഴേക്കും ഞാനൊന്ന് മയങ്ങി. പിന്നീട് കണ്ണുതുറക്കുമ്പോൾ ഹരിപ്പാട് ആളൊഴിഞ്ഞിടത്ത് ബസ് നിർത്തിയിട്ടിരിക്കുകയാണ്. പുറത്ത് ബഹളം കേട്ടാണ് ഞാൻ പുറത്തേക്ക് ചെല്ലുന്നത്. കുറച്ച് വിദ്യാർഥികൾ ജീവനക്കാരോട് സംസാരിക്കുന്നുണ്ട്. കാര്യം തിരക്കിയപ്പോൾ ബസ് ബ്രോക്ക് ഡൗൺ ആണെന്നും ഉടൻ പോകില്ലെന്നും വിവരം കിട്ടി. ഇത്ര രൂപ കൊടുത്ത് ടിക്കറ്റെടുത്ത യാത്രക്കാരെ പെരുവഴിയിൽ ഇട്ടിരിക്കുന്നത് ശരിയല്ലെന്നും വേറെ ബസ് ശരിയാക്കിത്തരണമെന്നും യാത്രക്കാരെല്ലാം ആവശ്യപ്പെട്ടു. എന്നാൽ തൊഴിലാളികൾ ഇതു കേൾക്കാൻ തയാറായില്ല. അങ്ങനെ ഞാൻ ബസിന്റെ ഒാഫിസിൽ വിളിച്ചു. ‘തിരുവനന്തപുരത്ത് നിന്ന് മെക്കാനിക്ക് വരും, എന്നിട്ട് നീയാെക്കെ പോയാ മതി..’ എന്നായിരുന്നു ലഭിച്ച മറുപടി.

ഇതോടെ ഞാൻ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി കർശന നിലപാട് സ്വീകരിച്ചു. വേറെ ബസ് എത്തിച്ച് ഞങ്ങളെ അതിലേക്ക് മാറ്റി. ഇനി തർക്കം ഒന്നും വേണ്ടെന്ന് പറഞ്ഞാണ് പൊലീസ് ഞങ്ങളെ യാത്രയാക്കിയത്. എന്നാൽ ബസ് കൊച്ചിയിലെത്തിയപ്പോൾ 15 പേരടങ്ങുന്ന സംഘം വണ്ടിയിൽ കയറി. എന്റെ കോളറിൽ പിടിച്ചുനിർത്തി ചോദിച്ചു. നീ ആണോടാ കല്ലട സുരേഷിന്റെ വണ്ടിക്കെതിരെ പൊലീസിൽ പരാതി കൊടുത്തത്. നിനക്ക് അറിയില്ലേടാ കല്ലട സുരേഷ് ആരാണെന്ന്.. ഇങ്ങനെ ചോദിച്ച് മർദിക്കാൻ തുടങ്ങി. എന്നെ മർദിക്കുന്നത് കണ്ട് ബസിലുണ്ടായിരുന്ന വിദ്യാർഥികൾ ഇടപെട്ടു. 22 വയസിനടുപ്പ് പ്രായം വരുന്ന ആ കുട്ടികളെ പിന്നീട് ക്രൂരമായിട്ടാണ് ഇൗ ഗുണ്ടകൾ മർദിച്ചത്. ഇതെല്ലാം ആ വിഡിയോയിൽ കാണാം.

ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിൽ മർദനം തുടർന്നതോടെ ഞങ്ങൾ ബസിൽ നിന്നിറങ്ങി. എന്നിട്ടും അവർ വിട്ടില്ല. വലിച്ചിഴച്ച് പുറത്തിറക്കി തല്ലി. കുതറിയോടാൻ ശ്രമിച്ച എന്റെ തലയിൽ കരിങ്കല്ല് കൊണ്ട് എറിഞ്ഞു വീഴ്ത്തി. എന്റെ തലയിൽ ഇപ്പോഴും പരുക്കുണ്ട്. ആ കുട്ടികളോട് ചെയ്ത കൊടുംക്രൂരത കണ്ടുനിൽക്കാൻ കഴിയില്ല. കണ്ണിൽ ചോരയില്ലാത്ത ക്രൂരതയാണ് അവർ കാണിച്ചത്. പരാതി കൊടുത്താൽ പോലും വേണ്ട നടപടി ഉണ്ടാകുമോ എന്ന് ഉറപ്പില്ല. കാരണം കല്ലട സുരേഷ് എന്ന വ്യക്തിയുടെ പേര് പറഞ്ഞാണ് ഇൗ അക്രമം. ഇൗ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ ലൈവ് ചെയ്ത വ്യക്തിക്കെതിരെയും ഭീഷണിയുണ്ട്. ആ കുട്ടികൾ പാലക്കാട് ചികിൽസയിലാണ്. എനിക്ക് നല്ല പേടിയുണ്ട്. അവർ ഞങ്ങളെ അപായപ്പെടുത്തുമോ എന്ന്. എന്റെ ബാഗും മൊബൈലും അവർ പിടിച്ചുവച്ചിരിക്കുകയാണ്. ബാഗിൽ ഒരുലക്ഷം രൂപയിൽ പുറത്ത് പണമുണ്ട്. ഇതിൽ ദയവ് ചെയ്ത് പൊലീസ് നടപടി സ്വീകരിക്കണം. ഇൗ ഗതികേട് ഇനി ആർക്കും ഉണ്ടാവരുത്. കല്ലട സുരേഷിന്റെ ബസിനെതിരെ പ്രതിഷേധിക്കാൻ പോലും ഇവിടെ അവകാശമില്ലേ.. ചോദ്യം ചെയ്താൽ ഇതാണ് കല്ലട സുരേഷിന്റെ ഗുണ്ടകളുടെ മറുപടി…’ അജയഘോഷ് പറയുന്നു.

 

കൊച്ചി: യാത്രക്കാരെ മര്‍ദ്ദിച്ച് അവശരാക്കി ഇറക്കിവിട്ട സുരേഷ് കല്ലട ബസ് ജീവനക്കാര്‍ക്കെതിരെ കേസ്. തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍നിന്ന് മൂന്ന് യാത്രക്കാരെയാണ് വൈറ്റില സുരേഷ് കല്ലട ട്രാവല്‍ ഏജന്‍സി ജീവനക്കാരും ഡ്രൈവറും ചേര്‍ന്ന് തല്ലിചതച്ചത്. പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ജീവനക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

തിരുവനന്തപുരത്ത് നിന്ന് ബംഗുളൂരുവിലേക്ക് പുറപ്പെട്ട ബസ് ഹരിപ്പാട്ടെത്തിയപ്പോള്‍ തകരാറിലായി. തകരാറ് ഉടന്‍ പരിഹരിക്കുമെന്ന് ജിവനക്കാര്‍ വ്യക്തമാക്കിയെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും ബസ് പുറപ്പെടാതിരുന്നതോടെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഹരിപ്പാട് പോലീസെത്തിയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടത്. എന്നാല്‍ അപ്പോഴേക്കും രണ്ടര മണിക്കൂറിലധികം സമയം ബസ് വൈകിയിരുന്നു. അഷ്‌കറും സച്ചിനും അജയ് ഘോഷും ഇടപെട്ടാണ് കാര്യങ്ങള്‍ പരിഹരിച്ചത്.

എന്നാല്‍ ഇതില്‍ പ്രകോപിതരായ ബസ് ജീവനക്കാര്‍ വൈറ്റിലയിലെത്തിയപ്പോള്‍ ഇവരെ മര്‍ദ്ദിച്ച് അവശരാക്കി. സുരേഷ് കല്ലടയുടെ വൈറ്റില ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും അക്രമത്തിന് കൂട്ടുനിന്നതോടെ മൂവര്‍ക്കും ബസില്‍ നിന്ന് ഇറങ്ങേണ്ടിവന്നു. തുടര്‍ന്ന് സംഭവമറിഞ്ഞെത്തിയ മരട് പോലീസ് മൂവരെയും വൈറ്റില പരിസരത്തു നിന്ന് കണ്ടെത്തുകയായിരുന്നു. യുവാക്കളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മരട് എസ്.ഐ. ബൈജു പി. ബാബു പറഞ്ഞു.

ഭോപ്പാല്‍: മുംബൈ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ഭോപ്പാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി പ്രജ്ഞ സിങ് ഠാക്കൂറിന് തെരഞ്ഞെടുപ്പ് കമീഷന്‍ നോട്ടീസയച്ചു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ റിപ്പോര്‍ട്ടിന്‍ മേലാണ് നടപടി. മാലേഗാവ് സ്‌ഫോടന കേസിലെ പ്രതി കൂടിയായ പ്രഗ്യാ സിംഗ് ബി.ജെ.പിയില്‍ അംഗത്വമെടുത്തതിന് പിന്നാലെയായിരുന്നു രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച കര്‍ക്കരെയെ അപമാനിച്ചത്.

24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രഗ്യാ സിംഗ് ഠാക്കൂര്‍ നടത്തിയ പരാമര്‍ശം പരിശോധിക്കുമെന്ന് മധ്യപ്രദേശ് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ വി എല്‍ കാന്ത റാവു നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. മലേഗാവ് സ്‌ഫോടനകേസില്‍ അറസ്റ്റിലായ സമയത്ത് തന്നോട് കാര്‍ക്കരെ മോശമായിട്ടാണ് പെരുമാറിയത്. ഹേമന്ത് കര്‍ക്കരെ ചെയ്ത പ്രവര്‍ത്തിയുടെ ഫലമാണ് അദ്ദേഹം അനുഭവിച്ചതെന്നും പ്രഗ്യാ സിംഗ് ഠാക്കൂര്‍ പറഞ്ഞത്.

താന്‍ ജയിലിലായത് മുതല്‍ കര്‍ക്കരെയുടെ കഷ്ടക്കാലം തുടങ്ങുയെന്നും, കൃത്യം 45 ദിവസത്തിന് ശേഷം ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെടുകയാണ് ചെയ്തതെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. മലേഗാവ് സ്‌ഫോടന കേസില്‍ പ്രഗ്യയുടെ പങ്ക് കണ്ടെത്തിയ ഉദ്യോഗസ്ഥനായിരുന്നു ഹേമന്ത് കര്‍ക്കരെ. പ്രഗ്യ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ബോംബ് സ്‌ഫോടനത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ഹിന്ദുത്വ തീവ്രവാദികളാണെന്ന് കാര്‍ക്കരെ കോടതിയെ അറിയിച്ചിരുന്നു.

ന്യൂഡല്‍ഹി: വീരമൃത്യവരിച്ച മുംബൈ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെയ്ക്കെതിരായി ഭോപ്പാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായി പ്രഗ്യാ സിംഗ് ഠാക്കൂര്‍ നടത്തിയ വിദ്വേഷ പരാമര്‍ശം പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മധ്യപ്രദേശ് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ വി എല്‍ കാന്ത റാവുവാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രഗ്യയുടെ പ്രസ്താവന കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മറ്റു കാര്യങ്ങള്‍ പരിശോധിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വി എല്‍ കാന്ത റാവു അറിയിച്ചു.

അതേസമയം പ്രസ്താവന വിവാദമായതോടെ ഖേദപ്രകടനവുമായി പ്രഗ്യാ സിംഗ് രംഗത്ത് വന്നിട്ടുണ്ട്. വിഷയത്തില്‍ വ്യക്തിപരമായിട്ടാണ് പ്രതികരിച്ചതെന്നും അത് തെറ്റാണെന്ന് ബോധ്യപ്പെട്ടതായും പ്രഗ്യാ പിന്നീട് വ്യക്തമാക്കി. മലേഗാവ് സ്‌ഫോടനകേസില്‍ അറസ്റ്റിലായ സമയത്ത് തന്നോട് കാര്‍ക്കരെ മോശമായിട്ടാണ് പെരുമാറിയത്. ഹേമന്ത് കര്‍ക്കരെ ചെയ്ത പ്രവര്‍ത്തിയുടെ ഫലമാണ് അദ്ദേഹം അനുഭവിച്ചതെന്നും പ്രഗ്യാ സിംഗ് ഠാക്കൂര്‍ ഇന്നലെ രാവിലെ പറഞ്ഞത്. തന്റെ ബി.ജെ.പി പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച കാര്‍ക്കരെയെ പ്രഗ്യ അപമാനിച്ചത്.

താന്‍ ജയിലിലായത് മുതല്‍ കര്‍ക്കരെയുടെ കഷ്ടക്കാലം തുടങ്ങുയെന്നും, കൃത്യം 45 ദിവസത്തിന് ശേഷം ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെടുകയാണ് ചെയ്തതെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. 2008ലാണ് രാജ്യത്തെ നടുക്കിയ കാവിഭീകരാക്രമണം ഉണ്ടാവുന്നത്. സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 80ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ തീവ്രവലതുപക്ഷ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്.

ആദ്യഘട്ടത്തില്‍ മുസ്ലിം ഭീകരസംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അന്നത്തെ മൂംബൈ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവനായിരുന്നു കര്‍ക്കരെ അന്വേഷണം ഏറ്റെടുത്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. കേസില്‍ പ്രഗ്യാ സിംഗ് ഉള്‍പ്പെടെ നിരവധി വലത് തീവ്ര ദേശീയ സ്വഭാവക്കാര്‍ക്ക് പങ്കുള്ളതായി അദ്ദേഹം കണ്ടെത്തി. പ്രഗ്യ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ബോംബ് സ്‌ഫോടനത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ഹിന്ദുത്വ തീവ്രവാദികളാണെന്ന് കാര്‍ക്കരെ കോടതിയെ അറിയിച്ചു.

കോഴിക്കോട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന്‌ എതിരായ ഒളിക്യാമറ വിവാദത്തിൽ കേസെടുക്കുന്നത് സംബന്ധിച്ചുള്ള നിയമോപദേശം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഇന്ന് കൈമാറിയേക്കും.

ഇന്നലെയാണ് ഡിജിപി ലോക്നാഥ് ബെഹ്റ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോട് നിയമോപദേശം തേടിയത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ കണ്ണൂർ റേഞ്ച് ഐജി എം ആർ അജിത് കുമാറും ഒളിക്യാമറ ഓപ്പറേഷൻ സിപിഎം ഗൂഢാലോചനയാണെന്ന എം കെ രാഘവന്‍റെ വാദത്തെ തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിട്ടുള്ളത്.

ഇതിനിടെ തനിക്കെതിരെ കേസെടുക്കാനുള്ള പൊലീസിന്‍റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് എം കെ രാഘവനും രംഗത്തെത്തിയിരുന്നു. ഒളിക്യാമറ വിവാദത്തിൽ സമയമാകുമ്പോൾ കൂടുതൽ പ്രതികരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഒളിക്യാമറ ഓപ്പറേഷൻ റിപ്പോർട്ട് ചെയ്ത ചാനലിൽ നിന്നും പിടിച്ചെടുത്ത മുഴുവൻ ദൃശ്യങ്ങളും പരിശോധിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തണമെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഐജിയുടെ റിപ്പോർട്ട്. അതേസമയം സിപിഎമ്മിനെതിരായ ആരോപണം പൊലീസ് തള്ളി.

ഒളിക്യാമറക്കു പിന്നിൽ സിപിഎം ഗൂഡാലോചനയാണെന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ് കണ്ണൂർ റെയ്ഞ്ച് ഐജി റിപ്പോ‍ർട്ട് നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് കേസെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയം കോഴിക്കോട്ടെ പ്രബുദ്ധരായ വോട്ടർമാർ തിരിച്ചറിയും. താനിതിനെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നായിരുന്നു എം കെ രാഘവന്‍റെ പ്രതികരണം.

Copyright © . All rights reserved