India

തിരുവനന്തപുരം: ദിലീപിനെ അമ്മയില്‍ തിരികെയെടുത്ത നടപടിക്കെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. സംഘടനയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനം ഏറ്റതിന് ശേഷമാണ് ദിലീപിനെ തിരിച്ചെടുത്തത്. കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന് സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്ന് ജോസഫൈന്‍ പറഞ്ഞു.

അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് നടിമാരായ ഭാവന, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ സംഘടനയില്‍ നിന്ന് രാജിവച്ചു പുറത്തു പോയ സാഹചര്യത്തിലായിരുന്നു ജോസഫൈന്റെ പ്രതികരണം. ഇടത് എം.എല്‍.എ മാരായ ഗണേഷ് കുമാറിന്റെയും മുകേഷിന്റെയും നിലപാട് സര്‍ക്കാര്‍ ഗൗരവകരമായി എടുക്കണമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ നടി മഞ്ജു വാര്യര്‍ മൗനം വെടിയണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജുവായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിക്കാന്‍ അമ്മ നടത്തിയ യോഗത്തിലായിരുന്നു മഞ്ജു ഈ പ്രസ്താവന നടത്തിയത്.

മുംബൈ: മുംബൈയിലെ ജനവാസ മേഖലയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു. ഘാട്കോപ്പറിലെ സര്‍വോദയ് നഗറില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു. ബീച്ച്‌ക്രാഫ്റ്റ് കിങ് എയര്‍ സി 90 എന്ന വിമാനമാണ് തകര്‍ന്ന് വീണത്.

യു.പി സര്‍ക്കാരിന്റെ വിമാനമാണെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ ഇത് സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചു.

ഇതേ വിമാനം അലഹബാദില്‍ മറ്റൊരു അപകടത്തില്‍ പെട്ടിരുന്നു. ശേഷം സംസ്ഥാന സര്‍ക്കാര്‍  2014-ല്‍ വിമാനം മുംബൈ യു.വൈ ഏവിയേഷന് കൈമാറിയാതാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.

പണി നടന്ന് കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന് മുകളിലാണ് വിമാനം തകര്‍ന്ന് വീണത്. ആ സമയം അവിടെ തൊഴിലാളികള്‍ ഉണ്ടായിരുന്നു. കെട്ടിടത്തിന് ചുറ്റിലായി നിരവധി വീടുകളും ഫ്ളാറ്റുകളും ഉണ്ട്. വിമാനം വീണതിനെ തുടര്‍ന്ന് അവര്‍ക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. അപകടം നടന്ന പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ചാണ് ഫയര്‍ഫോഴ്സ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.

 

ന്യൂസ്‌ ഡെസ്ക്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻ സുരക്ഷാ കവചം ഒരുക്കി ആഭ്യന്തര മന്ത്രാലയം. പ്രധാനമന്ത്രി എക്കാലത്തേയും വലിയ ഭീഷണി നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച രീതിയില്‍ റോഡ് ഷോയ്ക്കിടെ മോദിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുന്ന രേഖകള്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ പക്കല്‍നിന്നു ലഭിച്ചതായി മഹാരാഷ്ട്ര പൊലീസ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. കേന്ദ്ര മന്ത്രിമാര്‍ക്കോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ പോലും എസ്പിജി ക്ലിയറന്‍സില്ലാതെ മോദിയുടെ അടുത്തേക്ക് എത്താന്‍ അനുമതിയുണ്ടാകില്ല. മോദിക്കു ചുറ്റും സദാ സുരക്ഷ ഒരുക്കുന്ന ക്ലോസ് പ്രൊട്ടക്‌ഷന്‍ ടീമിന് ഇതു സംബന്ധിച്ചു കര്‍ശന നിര്‍ദേശങ്ങളാണു നല്‍കിയിരിക്കുന്നത്.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതു മുതല്‍ സുരക്ഷാ ഭീഷണിയുണ്ടെങ്കിലും ഇത്രയും വലിയ ഭീഷണി നേരിടുന്നത് ആദ്യമാണ്. 2019 ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം മോദിയാണെന്നത് ഭീഷണി വര്‍ധിപ്പിക്കുന്നുന്നെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന വിവിധ ഏജന്‍സികളെ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്ന മോദിയുടെ പൊതുപരിപാടികളും റോഡ് ഷോകളും പരമാവധി ഒഴിവാക്കാനുള്ള നിര്‍ദേശവും നല്‍കി. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കും. കേരളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടുള്ള തീവ്ര സംഘടനകളുടെ പ്രവര്‍ത്തനവും നിരീക്ഷണത്തിലാണ്. പ്രധാനമന്ത്രിക്ക് അജ്ഞാത കേന്ദ്രങ്ങളില്‍നിന്നു ഭീഷണിയുണ്ടെന്നു കാട്ടി എല്ലാ സംസ്ഥാനങ്ങള്‍ക്കും ആഭ്യന്തരമന്ത്രാലയം കത്തയച്ചു. മോദിയുടെ സന്ദര്‍ശനവേളയില്‍ കര്‍ശനമായി പാലിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോള്‍ സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്.

തിരുവല്ല: ലൈംഗീകാരോപണം നേരിട്ട മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികരെ ചുമതലകളില്‍ നിന്ന് സഭ സസ്പെന്റ് ചെയ്തു. പീഡനത്തിന് ഇരയായ സ്ത്രീയുടെ ഭര്‍ത്താവ് പീഡനാരോപണം ഉന്നയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് സഭ നടപടിയുമായി രംഗത്ത് വന്നത്. ആരോപണ വിധേയരായ അഞ്ച് വൈദികരെയും ചുമതലകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

സഭയുടെ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികരേയുമാണ് താത്കാലികമായി സസ്പെന്റ് ചെയ്തത്. സുഹൃത്തുക്കളായ ഇവര്‍ യുവതിയെ നിരന്തരം ലൈംഗീകമായി ഉപദ്രവിച്ചതായിട്ടാണ് ആരോപണം. യുവതിയുടെ ഭര്‍ത്താവ് സഭാ നേതൃത്വത്തിന് നല്‍കിയ പരാതിയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടി കാണിച്ചിരിക്കുന്നത്.

ആരോപണത്തില്‍ എന്തെങ്കിലും വാസ്തവമുണ്ടെന്ന് തെളിഞ്ഞാല്‍ വൈദികര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവും. അന്വേഷണത്തിനായി പ്രത്യേക സമിതിയെ സഭ നിയമിച്ചിട്ടുണ്ട്. വിഷയത്തില്‍ പരാതിയൊന്നും ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. യുവതിയുടെ ഭര്‍ത്താവ് പീഡന വിവരം വിവരിക്കുന്ന ഫോണ്‍ സംഭാഷണം സമൂഹ മാധ്യമങ്ങളുടെ പ്രചരിക്കുന്നുണ്ട്. മാമോദീസ രഹസ്യം പുറത്തുപറയുമെന്ന ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയതെന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു.

ഫെബ്രുവരിയിൽ ഇന്ത്യൻ പാസ്പോർട്ട് റദ്ദാക്കിയെന്ന് കേന്ദ്ര സർക്കാർ അവകാശപെടുമ്പോഴും ഇതേ പാസ്പോർട്ട് ഉപയോഗിച്ച് കുറഞ്ഞത് നാലു തവണ നിരവ് മോദി രാജ്യാന്തര യാത്രകൾ നടത്തിയതായി ലണ്ടനിലെ സൺഡേ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. മാർച്ച് 15നു ലണ്ടനിൽ നിന്ന് ഹോങ്കോങ്ങിലേക്കും മാർച്ച് 28നു ന്യൂയോർക്കിൽ നിന്ന് ലണ്ടനിലേക്കും യാത്ര ചെയ്തതായി ഹീത്രു എയർ പോർട്ടിലെ യാത്ര രേഖകൾ ഉദ്ധരിച്ചാണ് പത്രം വാർത്ത നല്കിയിരിക്കുന്നത്. ലണ്ടനിലെത്തി മൂന്ന് ദിവസം കഴിഞ് ഇതേ പാസ്‌പോർട്ടിൽ പാരിസിലേക്കും യാത്ര ചെയ്തിട്ടുണ്ട്.

യൂറോസ്റ്റാർ റെയിൽ പാസ് ഉപയോഗിച്ച് ലണ്ടനിൽ നിന്ന് ബ്രസ്സൽസിലേക്കും യാത്ര നടത്തിയിട്ടുണ്ട്. യാത്ര രേഖകൾ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട് നല്കിയിരിക്കുന്നത്. നിരവ് മോദി ബ്രിട്ടനിൽ രാഷ്ട്രീയ അഭയം തേടിയെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടയിലാണ് പത്രം വാർത്ത നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

അദ്ദേഹത്തെ കണ്ടെത്താൻ കഴിയുന്നില്ല എന്ന് മോദി സർക്കാർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലണ്ടനിൽ നിരവ് താമസിക്കുന്ന ഫ്ലാറ്റിന്റെ പൂർണ്ണ വിവരങ്ങളും പത്രം നൽകിയിട്ടുണ്ട്. ലണ്ടനിലെ മെയ് ഫ്‌ളവർ ഏരിയയിൽ ‘നിരവ് മോദി’ ജൂവലറിക്ക് മുകളിലുള്ള ഫ്ലാറ്റിലാണ് അദ്ദേഹം കുടുംബ സമേതം താമസിക്കുന്നത്. തിരക്കേറിയ ഓൾഡ് ബോണ്ട്
സ്ട്രീറ്റിലാണ് ഈ ജൂവലറിയും ഫ്ലാറ്റും സ്ഥിതി ചെയ്യുന്നത്. ജൂവലറി സമീപകാലത്ത് അടച്ചു പൂട്ടിയിരുന്നു.

നിരവ് മോദിക്കായി ലോകമെമ്പാടും വല വിരിച്ചിരിക്കുകയാണെന്നാണ് സി ബി ഐ യും മറ്റ് അന്വേഷണ ഏജൻസികളും പറയുന്നത്. ഇതിനിടയിലാണ് താമസ സ്ഥലം കൃത്യമായി സൺഡേ ടൈംസ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തി രാജ്യം വിടുന്നവർക്ക് ഒരു സുരക്ഷിത താവളമാണ് ലണ്ടൻ എന്നും അതുകൊണ്ടാണ് മോദി അവിടെ തങ്ങുന്നതെന്നും ഒരു ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം പറയുന്നു. നേരത്തെ 9000 കോടി രൂപ വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ വിജയ് മല്യ ഇപ്പോൾ ലണ്ടനിലാണ് താമസിക്കുന്നത്.

ഫെബ്രുവരി 23നു നിരവ് മോദിയുടെ പാസ്പോർട്ട് റദ്ദാക്കിയെന്നും ഈ വിവരം ഇന്റർപോളിനെ അറിയിച്ചു എന്നുമാണ് മോദി സർക്കാരിന്റെ അവകാശവാദം. എന്നാൽ ഇതേ പാസ്സ്‌പോർട്ട് ഉപയോഗിച്ചാണ് മോദി വിദേശ യാത്രകൾ നടത്തുന്നത് എന്നത് ഈ വാദങ്ങളെ പൂർണ്ണമായി പൊളിക്കുന്നു. പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് 20,000 കോടി രൂപയാണ് നിരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയും തട്ടിയെടുത്ത് വിദേശത്തേക്ക് മുങ്ങിയത്. ഇവരെ പിടികൂടുമെന്നും നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നും നരേന്ദ്ര മോദിയും കൂട്ടരും വീമ്പിളക്കുമ്പോൾ തട്ടിപ്പുകാർ ലണ്ടനിൽ സസുഖം വാഴുകയാണ്.

കോട്ടയം: കോട്ടയത്ത് നഗരമധ്യത്തില്‍ പോസ്റ്റില്‍ ചാരിവെച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. തിരുനക്കര ക്ഷേത്രത്തിനു സമീപം ഭാരത് ആശുപത്രിക്കു മുമ്പിലായാണ് മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റിനോട് ചേര്‍ന്ന് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. ഇയാള്‍ പോസ്റ്റില്‍ തൂങ്ങി മരിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതക സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥിരമായി കടത്തിണ്ണയില്‍ കിടന്നുറങ്ങിയിരുന്ന ഇയാള്‍ പാമ്പാടി സ്വദേശിയാണെന്നാണ് കടയുടമകള്‍ പറയുന്നത്. പോസ്റ്റില്‍ ചാരിവെച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കാലുകള്‍ മടങ്ങിയ നിലയിലാണ്. ഇത് സംശയം വര്‍ദ്ധിപ്പിക്കുന്നു.

ഇയാള്‍ പുലര്‍ച്ചെ മൂന്നുമണിയോടെ സമീപത്തെ കടയിലെത്തി ചായ കുടിച്ചിരുന്നുവെന്നും വിവരമുണ്ട്. പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന് സംശയത്തിലേക്ക് നയിക്കുന്ന മുറിവുകളൊന്നും ശരീരത്തില്‍ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ നഗരത്തില്‍ തിരക്കേറിയ പ്രദേശത്ത് നടന്ന സംഭവമാണ പോലീസിനെയും കുഴക്കുന്നത്.

സോളാര്‍ നായിക സരിതാ എസ് നായര്‍ പുതിയ പ്രവര്‍ത്തന മേഖലയിലേക്ക്. ഇത്തവണ ജനസേവനത്തിനായാണ് താരം രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നത്. എന്നാല്‍ കേരളത്തിലെ പാര്‍ട്ടികളിലൂടെയൊന്നുമല്ല സരിത വരുന്നത്. ആര്‍കെ നഗര്‍ എംഎല്‍എയും തമിഴില്‍ സുപരിചിത മുഖവുമായ ടിടിവി ദിനകരന്റെ ‘അമ്മ മക്കള്‍ മുന്നേറ്റ കഴക’ത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യം സരിത അറിയിച്ചു കഴിഞ്ഞു. പാര്‍ട്ടി നേതാക്കളിലൊരാളായ പച്ചമാലിനെ നേരിട്ട് കണ്ട് സരിത ആഗ്രഹം അറിയിച്ചു കഴിഞ്ഞു.

നാഗര്‍കോവില്‍ തമ്മത്തുകോണത്ത് വച്ചായിരുന്നു പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹത്തെ ഷാള്‍ അണിയിച്ച സരിത പാര്‍ട്ടിയില്‍ ചേരാനുള്ള ആഗ്രഹത്തിന് പിന്നിലെ കാരണവും വ്യക്തമാക്കിയതായാണ് സൂചന.അതേസമയം, വിവരം പാര്‍ട്ടി നേതൃത്വം അറിയിക്കുമെന്നും അന്തിമ തീരുമാനം അവിടെ നിന്നുണ്ടാകുമെന്നും അണ്ണാ ഡി.എം.കെ എം.എല്‍.എ കൂടിയായ പച്ചമാല്‍ അറിയിച്ചു. കന്യാകുമാരി എംഎല്‍എയും മുന്‍ മന്ത്രിയുമായ ഇദ്ദേഹം നിലവില്‍ ദിനകരന്‍ പക്ഷത്താണ്.

അയര്‍ക്കുന്നം: ‘എനിക്കിനി ആരേയും കാണണ്ട, ഞാന്‍ ആഴങ്ങളിലേക്ക് പോകുന്നു’വെന്ന കുറിപ്പുമെഴുതി കാണാതായെങ്കിലും ഡിനുവിന്റെ മടങ്ങിവരവ് കാത്തിരിക്കുകയായിരുന്നു കൊറ്റത്തില്‍ കുടുംബം. എന്നാല്‍ മീനച്ചിലാറ്റില്‍ ഇല്ലിക്കലിനടുത്ത് വച്ച് ഡിനുവന്റെ മൃതദേഹം കിട്ടിയതോടെ ഈ കാത്തിരിപ്പ് വിഫലമായി മാറുകയായിരുന്നു. പ്രിയതാരം മെസിയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.

അര്‍ജന്റീനയുടെ ജേഴ്‌സിയുമണിഞ്ഞ് ടിവിയില്‍ കളികണ്ട ഡിനുവിനെ ക്രൊയേഷ്യയോടുള്ള അര്‍ജന്റീനയുടെ പരാജയത്തിന് ശേഷം കാണാതാകുകയായിരുന്നു. ഇട്ടിരുന്ന ജേഴ്സി ഊരി മുറിയില്‍ത്തന്നെ ഇട്ട് മൊബൈല്‍ ഫോണിന്റെ കവറും ഊരിവച്ചശേഷമായിരുന്നു തിരോധാനം. ഒപ്പം ഒരു ആത്മഹത്യാക്കുറിപ്പും ഇവിടെയുണ്ടായിരുന്നു.

പുലര്‍ച്ചെ ഡിനുവിനെ കാണാതായപ്പോള്‍ മുതല്‍ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നായയുമായി നടത്തിയ പരിശോധനയില്‍ അടുത്തുള്ള പുഴയിലെ കുളിക്കടവിലേക്ക് ചെന്നിരുന്നു. ഇവിടെ നിന്നും ഡിനുവിന്റെ മൊബൈല്‍ ഫോണും ലഭിച്ചിരുന്നു.

എന്നാല്‍ നീന്തല്‍ അറിയാവുന്ന തന്റെ മകന് ഇത് എങ്ങിനെയാണ് സംഭവിച്ചുവെന്ന് മനസ്സിലാകാതെ ദുഖത്തില്‍ ആയിരിക്കുകയാണ് ഡിനുവിന്റെ കുടുംബാഗങ്ങള്‍.

ഡിനുവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ ഇല്ലിക്കൽ പാലത്തിനു സമീപത്തുനിന്നും കണ്ടെത്തിയപ്പോൾ

ആരോടും കൂടുതല്‍ അടുത്തിടപഴകുന്ന പ്രകൃതക്കാരനായിരുന്നില്ല ഡിനു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ എല്‍.ഡി.ക്ലാര്‍ക്ക് പരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ പേരുണ്ടെന്നറിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം ഉടന്‍ സാക്ഷാത്ക്കരിക്കുമെന്ന് ബന്ധുക്കളോട് പറഞ്ഞതായി ഇവര്‍ ഓര്‍ക്കുന്നു. പി.എസ്.സി. റാങ്ക് ലിസ്റ്റിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു.

നാട്ടില്‍ വലിയ കൂട്ടുകെട്ടുകളോ ഇടപെടലുകളോ ഇല്ലായിരുന്ന ഡിനു ബി.എസ്സി. കെമിസ്ട്രി ബിരുദധാരിയായിരുന്നു. സഹോദരി ദിവ്യ ഖത്തറില്‍ നഴ്സാണ്. ഇവര്‍ ഇന്നലെ നാട്ടിലെത്തിയിരുന്നു. കടുത്ത മെസി ആരാധകനായ ഡിനുവിന്റെ പുസ്തകങ്ങളില്‍ എല്ലാം അര്‍ജന്റീനയുടെ തോല്‍വിയെക്കുറിച്ചും മെസിയെക്കുറിച്ചുമുള്ള കുറിപ്പുകളാണുണ്ടായിരുന്നത്.

 

കോട്ടയം: ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീന ക്രോയേഷ്യയോട് പരാജയപ്പെട്ടതില്‍ മനംനൊന്ത് വീടുവിട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂര്‍ കൊറ്റത്തില്‍ അലക്സാണ്ടറുടെ മകന്‍ ഡിനു അലക്സിന്റെ മൃതദേഹമാണ് മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തിയത്. ഇയാള്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് അപ്രത്യക്ഷനായത്.

ഇന്ന് രാവിലെ കോട്ടയം ഇല്ലിക്കല്‍ പാലത്തോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. മാലയില്‍ നിന്നാണ് ബന്ധുക്കള്‍ ഡിനുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ആറ്റില്‍ ചാടിയതാകാമെന്ന നിഗമനത്തില്‍ ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തി വരികയായിരുന്നു.

ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ആറുമാനൂരില്‍ മീനച്ചിലാറിന്റെ കരയില്‍ വരെ ഡിനു എത്തിയതായി വ്യക്തമായിരുന്നു. ഇതാണ് ഇയാള്‍ ആറ്റില്‍ ചാടിയതാകാമെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. അര്‍ജന്റീനയുടെയും മെസ്സിയുടെയും കടുത്ത ആരാധകനായിരുന്നു ഡിനു.

ന്യൂഡല്‍ഹി :പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പാകിസ്താന്‍ വിലക്കി. ഇതേതുടര്‍ന്ന് ബിസാരിയയും ഭാര്യയും ഗുരുദ്വാര സന്ദര്‍ശിക്കാതെ മടങ്ങി. പാകിസ്താനിലെ അല്‍ഹസന്‍ അബ്ദലിലെ പഞ്ജാ സാഹിബിന്റെ ഗുരുദ്വാര സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. വിഷയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.

ഏപ്രില്‍ 14നാണ് ഹൈക്കമ്മിഷണര്‍ ബിസാരിയ ഗുരുദ്വാരയിലേക്ക് പോയത്. ഇവാക്യൂ ട്രസ്റ്റ് പോപ്പര്‍ട്ടി ബോര്‍ഡ് (ഇ.ടി.പി.ബി) ചെയര്‍മാന്റെ ക്ഷണപ്രകാരം എത്തിയ ബിസാരിയെ അവിടെ സിക്ക് തീര്‍ത്ഥാര്‍കരെ കാണാനിരുന്നതാണ്. എന്നാല്‍, ഗുരുദ്വാരയിലേക്കുള്ള യാത്രാമദ്ധ്യേ വിവിധ കാരണങ്ങള്‍ പറഞ്ഞ്  അനുമതി നിഷേധിക്കുകയായിരുന്നു. പുറത്ത്  പറയാനാകാത്ത സുരക്ഷാ കാരണങ്ങള്‍ കാരണമാണ് അനുമതി നിഷേധിച്ചതെന്നായിരുന്നു പാക്കിസ്ഥാന്‍ ഇതിന് പറഞ്ഞ ന്യായം. തുടര്‍ന്ന്, തീര്‍ത്ഥാടകരെ കാണാതെ ബിസാരിയ മടങ്ങുകയായിരുന്നു.
രണ്ട് മാസം മുമ്പ് ബൈസാഖി ആഘോഷങ്ങളോട് അനുബന്ധിച്ച് പാകിസ്ഥാനിലെത്തിയ സിഖ് തീര്‍ത്ഥാടകരുമായി ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കോണ്‍സുലാര്‍ ബന്ധം പാകിസ്ഥാന്‍ വിലക്കിയ സംഭവത്തിന് പിന്നാലെയാണിത്.

 

Copyright © . All rights reserved
➤