India

വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ. വെള്ളിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയതായി ജില്ലാ കളക്ടർ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചു.

എടയ്ക്കലില്‍ ഉഗ്രശബ്ദം കേട്ടതായും നാട്ടുകാര്‍ പറഞ്ഞു. രാവിലെ 10.15 ഓടെയാണ് ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടത്. വലിയ ശബ്ദവും മുഴക്കവും ഉണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്കെത്തിയിട്ടുണ്ട്. പ്രദേശത്തെ സ്‌കൂളുകള്‍ നേരത്തെ വിട്ടു. കോഴിക്കോട് കൂടരഞ്ഞിയിലും പ്രകമ്പനമുണ്ടായതായി നാട്ടുകാർ പറയുന്നുണ്ട്.

‘നെന്മേനി വില്ലേജിലും അമ്പലവയല്‍ വില്ലേജിന്റെ ഭാഗങ്ങളിലും 10.20 ഓട് കൂടി ഒരു ശബ്ദമുണ്ടായതായും ചെറിയ വിറയലും ഉണ്ടായതായും നാട്ടുകാര്‍ പറഞ്ഞു. രണ്ട് സെക്കന്‍ഡോളം മാത്രമേ ജെര്‍ക്കിങ് ഉണ്ടായിട്ടുള്ളൂ. വീടുകളും കിണറുകളും പരിശോധിച്ചു. വീടുകളില്‍ വിള്ളലുകളോ കിണറുകളെ വെള്ളം കലങ്ങിയതായോ ഉണ്ടായിട്ടില്ല. കിലോമീറ്ററുകളോളം മേഖലയില്‍ ഇത് അനുഭവപ്പെട്ടിട്ടുണ്ട്’ നെന്മേനി വില്ലേജ് ഓഫീസര്‍ സജീന്ദ്രന്‍ പറഞ്ഞു.

സർക്കാർ സ്കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. ആലപ്പുഴയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

പ്ലസ് വണ്‍ വിദ്യാർഥികള്‍ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. നിസാര വഴക്കിനെ തുടർന്നുണ്ടായ സംഘർഷം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു.

സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥി സഹപാഠിക്കു നേരേ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തില്‍ ആർക്കും സാരമായ പരിക്കില്ല. വിദ്യാർഥികള്‍ തമ്മില്‍ സ്കൂള്‍വളപ്പില്‍ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കാണ് അടിപിടിയിലെത്തിയത്. പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്കൂളിന്‌ പുറത്തുവെച്ചാണ് വെടിവെപ്പു നടന്നത്. സംഭവത്തില്‍ സ്കൂളിലെ അധ്യാപകർ പരാതി നല്‍കിയതിനെത്തുടർന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പൊലീസ് വെടിയേറ്റ വിദ്യാർഥിയുടെ മൊഴിയെടുത്തു.

തുടർന്ന് വെടിവെച്ച വിദ്യാർഥിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എയർഗണ്ണും കത്തിയും കണ്ടെടുത്തു. വേറെ രണ്ടു വിദ്യാർഥികളും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്നുപേർക്കും പ്രായപൂർത്തിയാകാത്തതിനാല്‍ പൊലീസ് ജുവനൈല്‍ കോടതിക്കു റിപ്പോർട്ട് നല്‍കി. കുട്ടികള്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാകണം.

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് രാവിലെ 9.30 ഓടെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യ സഹജവുമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബംഗാള്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ആണ് മരണ വിവരം അറിയിച്ചത്.

1966 ലായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഡിവൈഎഫ്‌ഐയിലൂടെ പ്രവര്‍ത്തനം തുടങ്ങി പോളിറ്റ് ബ്യൂറോ വരെയെത്തി. 1977 ലാണ് ആദ്യമായി മന്ത്രിയാവുന്നത്. ജ്യോതി ബസു സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയും ഉപമുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ജ്യോതി ബസുവിന് ശേഷമാണ് മുഖ്യമന്ത്രി പദവിയിലെത്തുന്നത്. 2000 മുതല്‍ 2011വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു.

35 വര്‍ഷം നീണ്ട് നിന്ന സിപിഎം ഭരണത്തിലെ അവസാന മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേബ്. പിന്നീട് അദേഹം 2015ലാണ് സിപിഎം പിബി, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങള്‍ ഒഴിഞ്ഞത്. സിപിഎം പിബി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. രക്ഷാപ്രവർത്തനം പൂർണമായും എൻ.ഡി.ആർ.എഫിനും സംസ്ഥാന സേനകൾക്കും കൈമാറുമെന്ന് സൈന്യം അറിയിച്ചു.

ഹെലികോപ്റ്റർ ഉപയോ​ഗിച്ചുള്ള തിരച്ചിനും ബെയിലി പാലം ശക്തിപ്പെടുത്തുന്നതിനും നിയോഗിച്ചിട്ടുള്ള സൈനികർ മാത്രമേ സ്ഥലത്ത് തുടരൂ. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, ബെം​ഗളൂരു ബറ്റാലിയനുകളിലെ 500 അം​ഗ സംഘമാണ് മുണ്ടക്കൈ, ചൂരൽമല മേഖലകളിൽനിന്ന് തിരികെ പോകുന്നത്.

സൈന്യത്തിന് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ഔദ്യോ​ഗിക യാത്രയയപ്പ് നൽകി. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും പങ്കെടുത്ത ചടങ്ങിൽ വിവിധ സൈനിക വിഭാ​ഗങ്ങളിലെ മേധാവികളെ ആദരിച്ചു.

ദുരന്തഭൂമിയിൽ ജനങ്ങളും സർക്കാരും നൽകിയ പിന്തുണയ്ക്ക് സൈന്യം നന്ദി പറഞ്ഞു. സൈന്യത്തിന്റെ സേവനത്തിന് മന്ത്രിമാരും നന്ദി രേഖപ്പെടുത്തി. അ​ഗ്നിരക്ഷാ സേന എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, പോലീസ് ഉൾപ്പെടെയുള്ള സേനവിഭാ​ഗങ്ങളേ ഇനി തിരച്ചിലിന് ഉണ്ടാകൂ.

നഴ്സുമാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചു. ഇക്കാര്യം കേന്ദ്ര ആരോഗ്യസഹ മന്ത്രി അനുപ്രിയ പട്ടേല്‍ രാജ്യസഭയെ അറിയിച്ചു. ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കുന്നതിനാണിത്. സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ ശമ്പളം 20000 രൂപയില്‍ കുറയരുതെന്നാണ് വിദഗ്ധ സമിതിയുടെ പ്രധാന നിര്‍ദേശം.

200 കിടക്കകളുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ അനുബന്ധ ഗ്രേഡിന് തുല്യമായിരിക്കണം ശമ്പളം. 100 കിടക്കകളുള്ള സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ അനുബന്ധ ഗ്രേഡിനേക്കാള്‍ 10 ശതമാനം വരെ ശമ്പളം കുറയാം. 50-100 കിടക്കകുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ ശമ്പളത്തിന്റെ 25 ശതമാനം വരെ കുറയാവുന്നതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.

50 കിടക്കകളില്‍ കുറഞ്ഞാലും സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ ശമ്പളം 20000 രൂപയില്‍ കുറയരുത്. അവധികള്‍, ജോലി സമയം, മെഡിക്കല്‍ സൗകര്യങ്ങള്‍, ഗതാഗതം, താമസം തുടങ്ങിയവ സര്‍ക്കാര്‍ തലത്തില്‍ അനുവദിച്ചതിന് തുല്യമായിരിക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം.

വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തും. ശനിയാഴ്ചയോ, ഞായറാഴ്ചയോ ആയിരിക്കും സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിലായിരിക്കും നരേന്ദ്രമോദി വയനാട്ടിലേക്ക് പോകുക.

പരിശോധനകളുടെ ഭാഗമായി എസ്പിജി സംഘം വയനാട്ടിലെത്തി പരിശോധന ആരംഭിച്ചിരുന്നു. ദുരന്തബാധിത മേഖലയില്‍ എത്തുന്ന മോദി ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിന് മേല്‍ മോദി സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശിച്ചേക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉചിത സമയത്തുണ്ടാകുമെന്നായിരുന്നു മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം പറഞ്ഞത്. വയനാടിന്റെ അവസ്ഥ പ്രധാനമന്ത്രിയെ നേരിട്ടു ബോധ്യപ്പെടുത്തിയതായും ഗവര്‍ണര്‍ പറഞ്ഞു.

മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യാക്കോസ് എംപി. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ഡീൻ കുര്യാക്കോസ് ‌പറഞ്ഞു. കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സർക്കാർ ഇക്കാര്യം സംസാരിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാർ അണകെട്ടിൻ്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ വലിയ അപകടത്തിലാണെന്നും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നും ലക്ഷകണക്കിന് ജനങ്ങൾക്ക് ഭീഷണിയുള്ള ഈ വിഷയം സഭ നടപടി ക്രമങ്ങൾ നിർത്തിവെച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഡീൻ കുര്യാക്കോസ് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.

വയനാട്ടിൽ അടുത്തിടെ ഉണ്ടായ ഉരുൾപൊട്ടൽ 500 ഓളം പേരുടെ ജീവനാണ് കവർന്നതെന്നും ഒരു ഗ്രാമത്തെ പോലും ഇല്ലാതാക്കുകയും ചെയ്യുകയുണ്ടായി. കേരളത്തിലെ 5 ജില്ലകളിലായി 5 ദശലക്ഷം ജനങ്ങൾക്ക് ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ പ്രശ്നം സഭ ഗൗരവമായി തന്നെ ചർച്ച ചെയ്യെണമെന്നും ഡീൻ കുര്യാക്കോസ് നോട്ടീസിൽ ആവശ്യപ്പെട്ടു.

വയനാട് ദുരന്തത്തിന്റെ ഒൻപതാം ദിവസവും കാണാതായവർക്കായി തെരച്ചിൽ തുടരും.ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന.സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന ഉണ്ടാകും.സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റർ ദൂരം പരിശോധന നടത്താനാണ് നീക്കം.

അതേസമയം, തിരിച്ചറിയാത്ത 218 മൃതദേഹങ്ങളാണ് ഇതുവരെ സംസ്കരിച്ചത്.പുത്തുമലയിലെ ഈ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്മശാനഭൂമിയാക്കും. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട റേഷൻ കാർഡുകൾ ഇന്ന് മുതൽ വിതരണം ചെയ്യും.

ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയുടെ ഭാഗമായി ശേഖരിക്കും. അതിനിടെ, പുത്തുമലയിൽ കൂടുതൽ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 20 സെന്റ് ഭൂമിയാണ് അധികമായി ഏറ്റെടുത്തത്. നിലവിൽ മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുള്ള ഭൂമിയോട് ചേർന്നാണ് അധിക ഭൂമിയുമുള്ളത്. ഇവിടെ തിരിച്ചറിഞ്ഞിട്ടില്ലാത്തവരുടെ സംസ്കാരം ഇന്നും തുടരും.

വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 402 ആയി ഉയര്‍ന്നു. എന്നാല്‍, 222 മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കാണാതായ 180 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളില്‍ എട്ട് എണ്ണം ഇന്നലെ സംസ്‌കരിച്ചു.

മണ്ണിനടിയില്‍ നിന്നും ചാലിയാറില്‍ നിന്നുമായി 180 ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്.ഉരുള്‍ പൊട്ടലില്‍ പരിക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചിരുന്നു. 189 മൃതദേഹങ്ങള്‍ ഇന്ന് തന്നെ സംസ്‌കരിക്കാനാണ് ശ്രമം. വൈകിട്ട് മൂന്നിനാണ് സംസ്‌കാര നടപടികള്‍ തുടങ്ങുകയെന്നും മന്ത്രി അറിയിച്ചു.

നെയ്യാറ്റിന്‍കരയില്‍ യുവാവിന്റെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമാണെന്ന് സംശയം. പ്രാഥമിക പരിശോധനാഫലത്തിൽ തലച്ചോറിലെ അണുബാധ മൂലമാണ് മരണമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ജൂലായ് 23 നാണ് നെല്ലിമൂട് സ്വദേശി അഖില്‍ മരിച്ചത്.

രണ്ട് ദിവസം മുമ്പ് സമാനലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച അനീഷെന്ന യുവാവിന്റെ നില ​ഗുരുതരമാണ്. അനീഷിന്റെ സാമ്പിൾ തിങ്കളാഴ്ച പരിശോധനയ്ക്ക് പരിശോധനക്കയയ്ക്കുമെന്നാണ് അധികൃതരിൽനിന്ന് ലഭിക്കുന്ന വിവരം.

കഠിനമായ പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ജൂലായ് 21-ന് അഖിലിനെ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ അഖിലിനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സമാന രോഗലക്ഷണങ്ങളുമായി അഞ്ചുപേര്‍ കൂടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്.

നെല്ലിമൂട് കാവിന്‍കുളത്തില്‍ കുളിച്ചവരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉളളത്. മരിച്ചയാള്‍ ഉള്‍പ്പെടെ കുളിച്ച കുളം താല്‍ക്കാലിക സംവിധാനത്തിലൂടെ ആരോഗ്യവകുപ്പ് അടച്ചു. കുളത്തിലെ സാമ്പിളെടുത്ത് പരിശോധനയ്ക്കയച്ചു. ദിനംപ്രതി ഈ കുളത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാൽപതിലധികം പേര്‍ കുളിക്കാനെത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Copyright © . All rights reserved