India

രാജ്യത്തെ ഏറ്റവും മികച്ച സുന്ദരിയെ കണ്ടെത്താനുള്ള ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ വിജയ കിരീടം കര്‍ണാടക സ്വദേശിനി സിനി ഷെട്ടിക്ക്. ഞായറാഴ്ച വൈകിട്ട് മുംബൈയിലെ ജിയോ കൺവെൻഷൻ സെന്‍ററില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയിൽ 2021 മിസ്സ് ഇന്ത്യയായിരുന്ന മാനസ വരാണസി സിനിയ്ക്ക് കിരീടം നൽകി. രാജസ്ഥാനിൽ നിന്നുള്ള റൂബൽ ഷെഖാവത്താണ് ഫസ്റ്റ് റണ്ണപ്പ് ആയത്. ഉത്തർപ്രദേശ് സ്വദേശി ഷിനാറ്റ ചൗഹാൻ സെക്കൻഡ് റണ്ണറപ്പും ആയി.

71ാമത് ലോകസുന്ദരി മത്സരത്തില്‍ സിനി ഇന്ത്യയെ പ്രതിനിധീകരിക്കും. 21കാരിയായ സിനി ഇപ്പോൾ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (സിഎഫ്എ) വിദ്യാര്‍ഥിനിയാണ്. കർണാടക സ്വദേശിയാണെങ്കിലും മുംബൈയിലാണ് സിനി ഷെട്ടി ജനിച്ചത്. നർത്തികികൂടിയായ സിനി നാലാം വയസ്സ് മുതൽ നൃത്തം പഠിച്ചിരുന്നു.

നേഹ ധൂപിയ, ഡിനോ മോറിയ, മലൈക അറോറ തുടങ്ങിയ താരങ്ങളായിരുന്നു ജൂറിയംഗങ്ങള്‍. ക്രിക്കറ്റ് താരം മിതാലി രാജും പാനലില്‍ ഉണ്ടായിരുന്നു. ഡിസൈനര്‍മാരായ രാഹുല്‍ ഖന്ന, രോഹിത് ഗാന്ധി, കൊറിയോഗ്രാഫര്‍ ഷിയാമാക് ദാവർ എന്നിവരും ജൂറിയുടെ ഭാഗമാണ്. മിസ് ഇന്ത്യ ഗ്രാൻഡ് ഫിനാലെ ജൂലൈ 17 ന് കളേഴ്‌സ് ടിവി ചാനലിൽ സംപ്രേക്ഷണം ചെയ്യും. പ്രശസ്ത ടെലിവിഷന്‍ അവതാരകനും മോഡലും പാട്ടുകാരനുമായ മനീഷ് പോളായിരുന്നു അവതാരകന്‍.

 

View this post on Instagram

 

A post shared by Femina Miss India (@missindiaorg)

ബോഡി ഷെയിമിങ്ങിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ട്രാവല്‍- ഫുഡ് വ്‌ളോഗര്‍മാരായ സുജിത് ഭക്തനും ഭാര്യ ശ്വേതയും. ശ്വേതക്കെതിരെ ഇവര്‍ പോസ്റ്റ് ചെയ്യുന്ന ട്രാവല്‍, ഫുഡ് വ്‌ളോഗ് വീഡിയോകള്‍ക്ക് താഴെ വ്യാപകമായി ബോഡി ഷെയിമിങ്ങ് കമന്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്.

സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ഇത്തരം ബോഡി ഷെയിമിങ് കമന്റുകളില്‍ പ്രതികരിച്ചാണ് ഇരുവരും തങ്ങളുടെ ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

”എന്റെ ഭാര്യ തടിച്ചിയാണ്. എന്റെ ഭാര്യക്ക് വണ്ണമുണ്ട്. എനിക്കും വണ്ണമുണ്ട്, അത്യാവശ്യം കുടവയറുണ്ട്. എന്റെ അനിയനും വണ്ണമുണ്ട്, വീട്ടില്‍ എല്ലാവര്‍ക്കും വണ്ണമുണ്ട്.

എന്റെ ഭാര്യക്ക് വണ്ണമുള്ളത് ഞാന്‍ സഹിച്ചോളാം. പക്ഷെ അത് സഹിക്കാന്‍ പറ്റാത്ത കുറേ ആള്‍ക്കാരുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അത് വലിയ പ്രശ്‌നമാണ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞത് മുതല്‍ തുടങ്ങിയതാണ്.

ഈയിടെ ഞങ്ങള്‍ യാത്ര തുടങ്ങിയത് മുതല്‍ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് ബോഡി ഷെയിമിങ്. ശ്വേതയെ ടാര്‍ഗറ്റ് ചെയ്ത് ധാരാളം കമന്റുകള്‍ വരുന്നുണ്ട്. സ്ത്രീകളാണ് കൂടുതല്‍ കമന്റിടുന്നുണ്ട്.

എനിക്ക് ശരിക്കും മനസിലാവുന്നില്ല, ശരിക്കും ആളുകളുടെ പ്രശ്‌നം എന്താണെന്ന്.

ഒരു സ്ത്രീക്ക് പ്രസവത്തിന് ശേഷം അവരുടെ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണല്‍ ചേഞ്ചസും ബാക്കിയുള്ള മാറ്റങ്ങളും സ്വന്തം
അമ്മയും പെങ്ങളും ഭാര്യയും ആരാണെന്ന് മനസിലാവുന്ന ആള്‍ക്കാര്‍ക്ക് മാത്രമേ മനസിലാക്കാന്‍ പറ്റുകയുള്ളൂ.

തൈറോയ്ഡിന്റെ പ്രശ്‌നങ്ങള്‍ കാരണം ശരീരം വണ്ണം വെക്കും. ശ്വേതക്ക് തൈറോയ്ഡിന്റെ പ്രശ്‌നമുണ്ട്. അത് കണ്‍ട്രോള്‍ ചെയ്യാന്‍ മരുന്നുകള്‍ കഴിക്കുന്നുണ്ട്.

ഹെല്‍ത്ത് വൈസ് തടിയുള്ളവര്‍ക്ക് പ്രശ്‌നങ്ങളുണ്ടാകാം. ആരോഗ്യ ബുദ്ധിമുട്ടുകളുണ്ടാവാം. തടിയില്ലാത്തവര്‍ക്കെന്താ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവില്ലേ. ഫുള്‍ടൈം ജിമ്മില്‍ പോയി ഫിറ്റായി നടക്കുന്ന ആളുകള്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുന്നില്ലേ.

ഓരോരുത്തരുടെ ലൈഫ്‌സ്റ്റൈലും കാര്യങ്ങളും ശരീരത്തെ ഒരു പരിധി വരെ ബാധിക്കും. എനിക്കിത്ര കുടവയര്‍ വന്നത് യാത്രകള്‍ ചെയ്തുതുടങ്ങിയ സമയത്താണ്. ഞാന്‍ പണ്ട് മെലിഞ്ഞിരുന്ന വ്യക്തിയാണ്. ലൈഫ്‌സ്റ്റൈലില്‍ വന്ന മാറ്റമാണ് കുടവയറിന് കാരണം.

ശ്വേത അങ്ങനെയല്ല. ശ്വേത ചെറുപ്പം മുതല്‍ ഇങ്ങനെയാണ്. ചില ആളുകള്‍ ചെറുപ്പം മുതല്‍ ചബ്ബിയായിരിക്കും, അത് നമ്മള്‍ ആക്‌സപ്ട് ചെയ്യണം. ശ്വേതയുടെ വണ്ണം ഒരിക്കലും ഭക്ഷണം കഴിച്ചിട്ടല്ല.

വെളുത്തവന്‍ കറുത്തവനെ കളിയാക്കുന്നു, മെലിഞ്ഞാല്‍ പ്രശ്‌നം, തടിച്ചാല്‍ പ്രശ്‌നം, എന്താണ് നിങ്ങളുടെയൊക്കെ പ്രശ്‌നം. ഇതൊക്കെ ശരിക്കും മോശമാണ്.

സ്വന്തം ശരീരം തുണിയുരിഞ്ഞ് കണ്ണാടിയില്‍ നോക്കിയിട്ട് വേണം അങ്ങനെ കമന്റ് ചെയ്യുന്നവര്‍ ഇനി കമന്റ് ചെയ്യാന്‍. നിങ്ങള്‍ അത്ര ഫിറ്റാണോ എന്ന് നോക്കിയിട്ട് വേണം കമന്റ് ചെയ്യാന്‍,” സുജിത് ഭക്തന്‍ വീഡിയോയില്‍ പറഞ്ഞു.

”ഈ നാട്ടില്‍ തടിയുള്ള ഒരാള്‍ക്ക് ജീവിക്കാന്‍ പറ്റില്ലേ. എനിക്ക് അറിയാത്തതുകൊണ്ട് ചോദിക്കുകയാണ്. ചിലര്‍ ജന്മം കൊണ്ട് തടി വെക്കും, ചിലര്‍ മെലിഞ്ഞ് എലുമ്പന്മാരെ പോലിരിക്കും. എലുമ്പന്മാരെ നിങ്ങള്‍ എലുമ്പന്മാര്‍ എന്ന് വിളിക്കുമോ, തടിച്ചികളെ തടിച്ചി എന്ന് വിളിക്കുമോ. അപ്പൊ സാധാരണ പോലുള്ള ആളുകള്‍ക്ക് മാത്രമേ ഇവിടെ ജീവിക്കാന്‍ പാടുള്ളൂ എന്നാണോ.

എനിക്കിപ്പൊ ആള്‍ക്കാരോട് പുച്ഛമാണ്. ഐ ഡോണ്ട് കെയര്‍. കാരണം, ഞാന്‍ വണ്ണം വെക്കുന്നതിന്റെ കാരണമെന്താണെന്ന് എനിക്കറിയാം. എന്തുകൊണ്ടാണ് വണ്ണമുള്ളതെന്നും എനിക്കറിയാം. എനിക്കതില്‍ പ്രശ്‌നമില്ലെങ്കില്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം.

ഒരാള്‍ക്ക് ജീവിക്കണ്ടേ. തടിച്ചവര്‍ക്ക് മാത്രമല്ല, മെലിഞ്ഞ് ഈര്‍ക്കിലി പോലുള്ള ആള്‍ക്കാര്‍ക്കും ഈ നാട്ടില്‍ ജീവിക്കണ്ടേ. ഭയങ്കര സെക്‌സി ടൈപ്പില്‍ ബോഡിയുള്ള ആള്‍ക്കാര്‍ക്ക് മാത്രമേ ഈ നാട്ടില്‍ ജീവിക്കാന്‍ പാടുള്ളൂ എന്നുണ്ടോ.

നമ്മുടെ ചാനലില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ കുറേയിടത്ത് ഞാന്‍ ഇത് കണ്ടിട്ടുണ്ട്,” ശ്വേത പറഞ്ഞു.

ജർമ്മനിയിലെ ഗോട്ടിംഗനിലെ തടാകത്തിൽ മുങ്ങിമരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം ഒരാഴ്ച കഴിഞ്ഞിട്ടും നാട്ടിലെത്തിക്കാൻ കഴിയാതെ കുടുംബവും സുഹൃത്തുക്കളും. ഗോട്ടിംഗനിലെ (യുഎംജി) യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പിഎച്ച്ഡി വിദ്യാർത്ഥി ആയിരുന്ന അരുൺ സത്യൻ കഴിഞ്ഞ ജൂൺ 25 ന് (ശനിയാഴ്ച) ആണ് റോസ്ഡോർഫർ ബാഗർസി തടാകത്തിൽ മുങ്ങിമരിച്ചത്. കൊച്ചി സ്വദേശിയാണ്.

കഴിഞ്ഞ ആഴ്ച മൂന്ന് മണിയോടെ റോസ്ഡോർഫർ ബാഗർസി തടാകം കാണാൻ പോയ അരുണിനെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അരുണിന്റെ ബാഗും മറ്റും തടാകത്തിന് സമീപം കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം ലഭിക്കുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട് പറയുന്നത്.

അതേസമയം, സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ആദ്യം തന്നെ അരുണിന്റെ സുഹൃത്ത് മയങ്കും മറ്റുള്ളവരും ജർമ്മനിയിലെ ഹാംബർഗിലുള്ള ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടുകയും ഇക്കാര്യം അവരെ അറിയിക്കുകയും ചെയ്തിരുന്നു.

മൃതദേഹം നാട്ടിലേക്ക് അയക്കുന്നത് പരിശോധിക്കാമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. എന്നാൽ ആശുപത്രിയും പൊലീസും വിശദാംശങ്ങൾ നൽകാതെ വന്നതോടെ തങ്ങൾക്ക് അരുണിന്റെ വീട്ടുകാരുടെ പവർ ഓഫ് അറ്റോർണി വാങ്ങേണ്ടി വന്നതായും അവർ പറയുന്നു.

മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ തുക കണ്ടെത്തുന്നതിനായി അരുണിന്റെ സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ ശ്രമം നടക്കുകയാണ്.. എന്നാൽ വിവിധ വകുപ്പുകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലെ കാലതാമസം, പേപ്പർവർക്കുകളുടെ അഭാവം, സ്ഥാപനങ്ങളുടെ അവധി തുടങ്ങിയവ കാരണം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇഴയുകയാണ്.

തന്റെ കുടുംബവും സുഹൃത്തുക്കളും പ്രാദേശികമായി എല്ലാ അധികൃതരിലും സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് അരുണിന്റെ സഹോദരൻ അതുൽ പറഞ്ഞു. വിദേശകാര്യ സഹമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്നും, കേരളത്തിൽ നിന്നുള്ള ഒരു മന്ത്രി ജർമ്മനിയിലെ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിൽ നേരിട്ട് വിളിച്ചിരുന്നതായും അതുൽ പറഞ്ഞു.

അതേസമയം അരുണിന്റെ മൃതദേഹം എപ്പോൾ നാട്ടിലെത്തിക്കുമെന്ന കാര്യത്തിൽ കുടുംബാംഗങ്ങൾക്ക് ഇതുവരെ കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിന് തുറന്ന കത്തെഴുതി ഗണേഷ് കുമാർ എംഎൽഎ. ഇടവേള ബാബുവിന്റെ പരാമർശത്തിലും വിജയ് ബാബുവിനെതിരെ നടപടി ഇല്ലാത്തതിലും മറുപടി ആവശ്യപ്പെട്ട് ഒമ്പത് ചോദ്യങ്ങളുമായാണ് ഗണേഷ് കുമാറിന്റെ കത്ത്. കുറ്റാരോപിതനായ ദിലീപിനോട് നേരത്തെ സ്വീകരിച്ച സമീപനം വ്യക്തമായി മുന്നിലുണ്ടായിട്ടും സമാനമായ കുറ്റം ആരോപിക്കപ്പെട്ട വിജയ് ബാബുവിനെതിരെ തത്തുല്യമായ നടപടി എന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്ന് കത്തിൽ ചോദിക്കുന്നു.

അപകടത്തിൽ പരുക്കേറ്റ് ഏറെക്കാലമായി ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ പേര് അനവസരത്തിൽ വലിച്ചിട്ട് അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ച ഇടവേള ബാബുവിന്റെ പ്രവൃത്തിയെ ‘അമ്മ’യും മോഹൻലാലും അപലപിക്കുമോ? ക്ലബ് പരാമർശം നടത്തിയ ഇടവേള ബാബു സംഘടനയുടെ സ്‌ക്രട്ടറിയായി തുടരാൻ യോഗ്യനാണോയെന്ന് പരിശോധിക്കണമെന്നും കത്തിൽ പറയുന്നു.

‘അമ്മ’ അംഗങ്ങളുടെ അംഗത്വഫീസ് രണ്ടുലക്ഷത്തി അയ്യായിരമായി വർധിപ്പിച്ച നടപടിയെയും വിമർശിച്ചു കൊണ്ടാണ് കത്ത്. ‘അമ്മ’ ക്ലബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമാണോ അംഗത്വഫീസ് വർധനയെന്ന് സംശയമുണ്ടെന്നും ഗണേഷ് കുമാർ പറയുന്നു. മുൻപ് അയച്ച കത്തുകൾക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും ഈ ചോദ്യങ്ങൾക്ക് പ്രസിഡന്റിന്റെ മറുപടി പ്രതീക്ഷിക്കുന്നതായും പറഞ്ഞാണ് കത്ത്.

നേരത്തെ, ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. ‘അമ്മ’ സംഘടന ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്താണെന്ന് ധരിക്കരുതെന്നും വാശിയോടെ ക്ലബ് ആണെന്ന പ്രസ്‌താവനയിൽ ഉറച്ചു നിൽക്കുന്നത് എന്തിനാണെന്നും ആർക്ക് വേണ്ടിയാണെന്ന് ഇടവേള ബാബു വ്യക്തമാക്കണമെന്നും ഗണേഷ് പറഞ്ഞിരുന്നു. വിജയ് ബാബു സംഘടനയിൽ നിന്ന് സ്വയം രാജിവെയ്ക്കണം, അല്ലെങ്കിൽ പ്രസിഡന്റ് മോഹൻലാൽ രാജി ആവശ്യപ്പെടണം എന്നാണ് തന്റെ ആവശ്യമെന്നും ​ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു.

സി.പി.എം. സംസ്ഥാനകമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തയാളെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു. എ.കെ.ജി. സെന്ററിനു നേരെ കല്ലെറിയുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് അന്തിയൂര്‍ക്കോണം സ്വദേശിയും നിര്‍മാണത്തൊഴിലാളിയുമായ റിജുവിന്റെ പേരില്‍ കന്റോണ്‍മെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്.

വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിക്കാണ് സംശയത്തിന്റെ പേരില്‍ നിര്‍മാണത്തൊഴിലാളിയായ റിജുവിനെ കസ്റ്റഡിയിലെടുത്തത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ശനിയാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

എന്നാല്‍, സംഭവദിവസം റിജു എ.കെ.ജി. സെന്ററിന് സമീപത്തെത്തിയിരുന്നു എന്നതിനുള്ള തെളിവൊന്നും കിട്ടിയിട്ടില്ല. ഫോണ്‍രേഖകള്‍ പരിശോധിച്ചതിലും ദുരൂഹമായതൊന്നും കണ്ടെത്താനായില്ല. ഒപ്പമുണ്ടായിരുന്നവരെ ചോദ്യംചെയ്‌തെങ്കിലും സംഭവംനടന്ന സമയത്ത് ഇയാള്‍ കാട്ടായിക്കോണത്തുതന്നെ ഉണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച മൊഴികള്‍. ഇയാളുടെ വാഹനവും സ്‌ഫോടകവസ്തു എറിഞ്ഞയാളുടെ വാഹനവും വ്യത്യസ്തവുമാണ്.

എ.കെ.ജി. സെന്റര്‍ ആക്രമണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസിന്റെ വിശദീകരണം. ആക്രമിക്കാനെത്തിയ ആള്‍ക്ക് സ്‌ഫോടകവസ്തു കൈമാറിയത് മറ്റൊരാളെന്നാണ് പോലീസ് പറയുന്നത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. സ്‌ഫോടകവസ്തു എറിയുന്നതിന് തൊട്ടുമുമ്പ് സ്‌കൂട്ടറില്‍വന്ന മറ്റൊരാള്‍ ഒരുപൊതി അക്രമം നടത്തിയ ആള്‍ക്ക് കൈമാറുന്ന ദൃശ്യമാണ് പോലീസിന് ലഭിച്ചത്. കുന്നുകുഴി പരിസരത്തെ സി.സി.ടി.വി.യില്‍നിന്നാണ് ഇത് പോലീസിന് ലഭിച്ചതെന്നാണ് സൂചന. ചുവന്ന സ്‌കൂട്ടറിലാണ് അക്രമം കാട്ടിയ ആള്‍ എത്തിയത്.

ആക്രമണം നടത്തിയ ആള്‍ തന്നെയാണ് ആദ്യം സ്ഥലത്തത്തി നിരീക്ഷണം നടത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളെക്കൂടി ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

70-ഓളം സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചു. സ്‌ഫോടകവസ്തു എറിഞ്ഞയാള്‍ ഇടറോഡുകളിലൂടെ മെഡിക്കല്‍ കോളേജ് ഭാഗത്തേക്കാണ് പോയതെന്ന് പോലീസ് പറയുന്നു. ഈ ഭാഗത്തെ റോഡുകള്‍ കൃത്യമായി അറിയുന്നയാളാണ് അക്രമിയെന്നും അന്വേഷണസംഘം സംശയിക്കുന്നു.

പൊലീസ് കസ്റ്റഡിയില്‍ താന്‍ ക്രൂരപീഡനത്തിന് ഇരയായതായി മറാത്തി നടി കേതകി ചിതാലെ. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെതിരെ അപകീര്‍ത്തികരമായ കവിത പോസ്റ്റ് ചെയ്തതിനാണ് പൊലീസ് കേതകിയെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലിരിക്കെ പൊലീസ് തന്നെ പീഡിപ്പിച്ചുവെന്ന് കേതകി ആരോപിച്ചു.

‘എന്നെ എന്റെ വീട്ടില്‍ നിന്ന് നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോയി. ഒരു അറസ്റ്റ് വാറന്റും നോട്ടീസും ഇല്ലാതെ നിയമവിരുദ്ധമായി അവര്‍ എന്നെ ജയിലില്‍ അടച്ചു. പക്ഷേ ഞാന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. ഞാന്‍ പറഞ്ഞത് സത്യമാണ്, അതിനാല്‍ അതിനെ ധൈര്യപൂര്‍വ്വം നേരിടാന്‍ എനിക്ക് കഴിയും’, നടി മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാന്‍ പീഡിപ്പിക്കപ്പെട്ടു, എന്നെ മര്‍ദിച്ചു, അവര്‍ എന്റെ സാരി വലിച്ചൂരി, ആരോ എന്റെ വലത് മുലയില്‍ അടിച്ചു. എനിക്ക് ജാമ്യം കിട്ടി ഞാന്‍ പുറത്തിറങ്ങി. യുദ്ധം ഇപ്പോഴും തുടരുകയാണ്’, കേതകി പറഞ്ഞു.

ശരദ് പവാറിനെതിരായ അപകീര്‍ത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അറസ്റ്റിലായ കേതകി ചിതാലെയ്ക്ക് ജൂണ്‍ 22 ന് താനെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത 22 എഫ്ഐആറുകളില്‍ ഒന്നില്‍ മാത്രമേ ജാമ്യം ലഭിച്ചിട്ടുള്ളൂവെന്ന് നടി പറയുന്നു. താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും, തന്റെ പോസ്റ്റിനെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും നടി വ്യക്തമാക്കി.

 

മലയാളത്തിലെ പ്രശസ്ത സിനിമാ നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ് ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസ്. അടുത്തിടെയാണ് നിര്‍മ്മാണ കമ്പനിയുടെ 22-ാം വാര്‍ഷികം ആഘോഷിച്ചത്. ഇപ്പോഴിതാ നിര്‍മ്മാണ കമ്പനിയുടെ പുതിയ നേട്ടത്തെക്കുറിച്ച് പറയുകയാണ് ആന്റണി പെരുമ്പാവൂര്‍.

ഇന്ത്യാ ഗവണ്‍മെന്റിന്റെ അംഗീകാരമാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.നിശ്ചിത തിയതികളില്‍ കൃത്യമായി നികുതിയടച്ചതിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമാകാനും നിങ്ങള്‍ക്കൊപ്പം നടക്കാനും അനുവദിച്ചതിന് നന്ദി പറയുന്നവെന്നും അഭിമാന നിമിഷമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

2000-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘നരസിംഹ’മാണ് ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച് ആദ്യ ചിത്രം. പിന്നീട് മുപ്പതോളം സിനിമകളാണ് ആശിര്‍വാദ് നിര്‍മ്മിച്ചിട്ടുള്ളത്. ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടൂകെട്ടില്‍ പുറത്തിറങ്ങിയ ‘ട്വല്‍ത്ത് മാന്‍’ ആണ് നിര്‍മ്മാണ കമ്പനിയുടെ അവസാന ചിത്രം.

മോഹന്‍ലാല്‍ വൈശാഖ് കൂട്ടുകെട്ടില്‍ മോണ്‍സ്റ്റര്‍, ഷാജി കൈലാസ് ചിത്രം ‘എലോണ്‍’, മോഹന്‍ലാലിന്റെ ംവിധാനത്തിലൊരുങ്ങുന്ന ‘ബറോസ്’ എന്നീ സിനിമകളാണ് ആശിര്‍വാദിന്റേതായി റിലീസിന് ഒരുങ്ങുന്നത്.

തിരക്കഥാകൃത്തായും നടനായും സംവിധായകനായും മലയാള സിനിമയിൽ തിളങ്ങുന്ന ധ്യാൻ ശ്രീനിവാസൻ തുറന്നുപറച്ചിലുകൾ കൊണ്ടും ശ്രദ്ധേയനാണ്. അച്ഛൻ ശ്രീനിവാസന്റെ പാതയിലൂടെയാണ് ധ്യാനും വിനീതും സിനിമാലോകത്തേക്ക് എത്തിയത്.

വിനീത് ശ്രീനിവാസൻ ഗായകനായും സംവിധായകനായും തിരക്കഥാകൃത്തായും നടനായുമൊക്കെ തിളങ്ങുമ്പോൾ മലയാളസിനിമയിൽ തന്റേതായ ഒരിടമുണ്ടാക്കുകയാണ് ധ്യാനും. ശ്രീനിവാസന്റെ മകനായതുകൊണ്ട് ലഭിക്കാവുന്ന പ്രിവിലേജുകളെക്കുറിച്ചും അത് താൻ എങ്ങനെ കാണുന്നുവെന്നും പറയുകയാണ് ഇപ്പോൾ ധ്യാൻ.

”നാട്ടിലൊക്കെയാണെങ്കിൽ ഏത് വീട്ടിൽ പാതിരാത്രിക്ക് കയറിയാലും ശ്രീനിവാസന്റെ മോനാണെന്ന് പറഞ്ഞാൽ ഒരു ഗ്ലാസ് പച്ചവെള്ളം കിട്ടും. അതായത് നമ്മൾ നാട്ടിലാണെങ്കിൽ തെണ്ടിപ്പോവില്ലെന്ന് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ താരം വെളിപ്പെടുത്തി.

അനാവശ്യമായ പ്രിവിലേജുകളിൽ തനിക്ക് വലിയ താൽപര്യമില്ലെന്നും ശ്രീനിവാസന്റെ മോനായത് കൊണ്ടുള്ള ഓവർ അറ്റൻഷൻ തനിക്ക് വേണ്ട. അത് താൻ ആഗ്രഹിക്കുന്നുമില്ലെന്നും താരം വെളിപ്പെടുത്തി.

‘ബാക്കിയുള്ളവരെ ഒരുപോലെ ട്രീറ്റ് ചെയ്യുന്ന പോലെത്തന്നെ എന്നെ ട്രീറ്റ് ചെയ്താൽ മതി. എന്നെ ഒരു മനുഷ്യനെ പോലെത്തന്നെ കണ്ടാൽ മതി. അത് പലരും കാണുന്നില്ല, അതാണ് പ്രശ്നം.ഓവർ പ്രിവിലേജുകൾ എനിക്ക് ഇഷ്ടമല്ല,”-ധ്യാൻ ശ്രീനിവാസൻ പ്രതികരിച്ചു.

നവാഗതനായ ഷഹദ് സംവിധാനം ചെയ്ത പ്രകാശൻ പറക്കട്ടെയാണ് ധ്യാൻ ശ്രീനിവാസന്റെ ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം. സിനിമയുടെ തിരക്കഥ രചിച്ചതും ധ്യാൻ തന്നെയായിരുന്നു.

സ്ത്രീയെ മോശമായി ചിത്രീകരിച്ച് വീഡിയോ തയ്യാറാക്കി സ്ത്രീത്വത്തെ അപമാനിച്ച സംഭവത്തിൽ യു ട്യൂബ് ചാനൽ അവതാരകനെതിരേ പോലീസ് കേസ്. യു ട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ച സൂരജ് പാലാക്കാരൻ എന്ന പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കൽ വീട്ടിൽ സൂരജ് വി സുകുമാറിനെതിരെയാണ് എറണാകുളം സൗത്ത് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

ക്രൈം ഓൺലൈൻ മാനേജിങ് ഡയറക്ടർ ടിപി നന്ദകുമാറിന്(ക്രൈം നന്ദകുമാർ) എതിരെ നേരത്തെ പരാതി നൽകിയ അടിമാലി സ്വദേശിനിയുടെ പരാതിയിലാണ് സൂരജിനെതിരേയും കേസെടുത്തിരിക്കുന്നത്. സൂരജിനെ അന്വേഷിച്ച് പാലായിലെ വീട്ടിൽ എത്തിയ പോലീസിന് ഇയാളെ കണ്ടെത്താനായില്ല.

ഇയാൾ ഒളിവിലായതിനാൽ അറസ്റ്റ് ചെയ്യാനായില്ലെലന്ന് പോലീസ് പറഞ്ഞു. ടിപി നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ച് അവതരിപ്പിച്ചാണ് സൂരജ് കുറ്റകൃത്യം നടത്തിയത്.

ഇതേ തുടർന്നാണ് യുവതി പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനു പുറമേ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം സൗത്ത് എസിപി പി രാജ്കുമാർ വ്യക്തമാക്കി.

തമിഴ്നാട്ടില്‍നിന്നു കാണാതായ ബൈബിളിന്റെ ആദ്യ തമിഴ് വിവര്‍ത്തനമെന്ന് കരുതുന്ന കൈയെഴുത്തുപ്രതി ലണ്ടനില്‍ കണ്ടെത്തി അന്വേഷണ സംഘം. കിങ്‌സ് കലക്ഷനിലാണു കൈയെഴുത്തുപ്രതി തമിഴ്‌നാട് പൊലീസിന്റെ വിഗ്രഹ വിഭാഗം അന്വേഷണ സംഘം കണ്ടെത്തിയത്.

തഞ്ചാവൂര്‍ ജില്ലയിലെ സരസ്വതി മഹല്‍ ലൈബ്രറിയില്‍നിന്ന് കാണാതായതാണ് ഈ കൈയെഴുത്തുപ്രതിയെന്നാണു കരുതപ്പെടുന്നത്. ഡാനിഷ് മിഷനറി ബാര്‍ത്തലോമിയസ് സീഗന്‍ബാല്‍ഗ് 1715-ലാണു ബൈബിള്‍ പുതിയ നിയമത്തിന്റെ തമിഴ് വിവര്‍ത്തനം തയാറാക്കിയതെന്നു പൊലീസ് പ്രസ്താവനയില്‍ പറയുന്നു.

1682-ല്‍ ജനിച്ച ബര്‍ത്തലോമിയസ് തമിഴ്നാട്ടിലെ നാഗപട്ടണത്തിനടുത്തുള്ള, കിഴക്കന്‍ തീരത്തെ ചെറിയ ഡാനിഷ് കോളനിയായ ട്രാന്‍ക്വിബാറില്‍ (തരംഗംപാടിയുടെ ആംഗലേയ രൂപം) എത്തിയിരുന്നു. അച്ചടിശാല സ്ഥാപിച്ച അദ്ദേഹം തമിഴ് ഭാഷയെയും ഇന്ത്യന്‍ മതത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു. 1719-ല്‍ 37-ാം വയസില്‍ ബര്‍ത്തലോമിയസ് മരിച്ചു. പുതിയ നിയമത്തിന്റെയും ഉല്പത്തിയുടെയും തമിഴ് വിവര്‍ത്തനം, തമിഴിലെ നിരവധി ഹ്രസ്വ രചനകള്‍, രണ്ട് പള്ളി കെട്ടിടങ്ങള്‍, സെമിനാരി, 250 ജ്ഞാനസ്‌നാനം ചെയ്ത ക്രിസ്ത്യാനികള്‍ എന്നിവ അവശേഷിപ്പിച്ചാണ് അദ്ദേഹം അന്തരിച്ചത്.

പുതിയ നിയമത്തിന്റെ ആദ്യ പ്രതി ഷ്വാര്‍ട്‌സ് എന്ന മറ്റൊരു മിഷനറി അന്നത്തെ ഭരണാധികാരിയായിരുന്ന തുലാജി രാജാ സെര്‍ഫോഗിക്കു കൈമാറിയെന്ന ശക്തമായ ഊഹാപോഹമുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. പുരാവസ്തു പുസ്തകം തമിഴ്നാട് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ സരസ്വതി മഹല്‍ മ്യൂസിയത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു.

പുരാതന ബൈബിള്‍ ലൈബ്രറിയില്‍നിന്ന് മോഷ്ടിക്കപ്പെട്ടതായി 2005-ല്‍ സെര്‍ഫോജി കൊട്ടാരത്തിന്റെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ തഞ്ചൂര്‍ വെസ്റ്റ് പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍, പൊലീസ് കേസ് അവസാനിപ്പിച്ചു. പിന്നീട്, 2017 ലെ ഒരു പരാതിയുടെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 380-ാം പ്രകാരം വിഗ്രഹ വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ബൈബിള്‍ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചു.

അന്വേഷണത്തിനിടെ, സന്ദര്‍ശകരുടെ രജിസ്റ്റര്‍ പരിശോധിച്ച സംഘം 2005-ല്‍ ഒരു കൂട്ടം വിദേശികള്‍ മ്യൂസിയം സന്ദര്‍ശിച്ചതായി കണ്ടെത്തി. ഈ സന്ദര്‍ശകര്‍ ബര്‍ത്തലോമിയസ് സീഗന്‍ബാല്‍ഗിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനാണ് ഇന്ത്യയിലെത്തിയതെന്നു വിഗ്രഹവിഭാഗം ചൂണ്ടിക്കാട്ടി.

പിന്നീട് നിരവധി പുരാതന ശേഖരണ വെബ്സൈറ്റുകള്‍ ബ്രൗസ് ചെയ്ത അന്വേഷണ സംഘം ആയിരക്കണക്കിന് അച്ചടിച്ച പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും ലഘുലേഖകളും ഉള്‍പ്പെടുന്ന ജോര്‍ജ് മൂന്നാമന്‍ രാജാവിന്റെ ശേഖരത്തിലേക്ക് എത്തിപ്പെടുകയായിരുന്നു. തുടര്‍ന്നാണു കാണാതായ ബൈബിള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. പതിനേഴാം നൂറ്റാണ്ടില്‍ തഞ്ചാവൂരിലെ രാജാ സെര്‍ഫോഗിയുടെ ഒപ്പോടെ അച്ചടിച്ചതാണ് ഈ ബൈബിള്‍.

യുനെസ്‌കോ ഉടമ്പടി പ്രകാരം ബൈബിള്‍ വീണ്ടെടുക്കാനും സരസ്വതി മഹല്‍ ലൈബ്രറിയിലേക്ക് ഉടന്‍ തിരിച്ചെത്തിക്കാനും കഴിയുമെന്നു വിഗ്രഹവിഭാഗം പ്രസ്താവനയില്‍ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved