ഓണ്‍ലൈന്‍ മദ്യവിതരണ സ്ഥാപനമായ ലിവിങ് ലിക്വിഡ്‌സിനെതിരെ പരാതിയുമായി നടി ശബാന ആസ്മി. ട്വിറ്ററിലൂടെയാണ് താരം തന്നെ കബളിപ്പിച്ചതായി ആരോപിച്ച് രംഗത്തെത്തിയത്. ഓണ്‍ലൈന്‍ വഴി മദ്യം ഓഡര്‍ ചെയ്തുവെങ്കിലും തനിക്ക് മദ്യം ലഭിച്ചില്ലെന്ന് അവര്‍ ട്വീറ്റ് ചെയ്തു.
‘സൂക്ഷിക്കുക. അവര്‍ എന്നെ കബളിപ്പിച്ചു. പണം നല്‍കിയാണ് മദ്യം ഓഡര്‍ ചെയ്തത്. മദ്യം വിതരണം ചെയ്തില്ല എന്ന് മാത്രമല്ല, അവര്‍ തന്റെ ഫോണ്‍ എടുക്കുന്നതുമില്ല’ – താരം കുറിക്കുന്നു. ഓണ്‍ലൈന്‍ പണമിടപാടിന്റെ വിശദാംശങ്ങള്‍ അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് നടിയുടെ ട്വീറ്റ്.
എന്നാല്‍ എത്ര രൂപയ്ക്കാണ് മദ്യം ഓഡര്‍ ചെയ്തതെന്നോ കബളിപ്പിക്കപ്പെട്ടതിന്റെ പേരില്‍ പരാതി നല്‍കിയിട്ടുണ്ടോ എന്നോ താരം പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല.
BEWARE I have been cheated by them. #Living Liquidz I paid upfront and when the ordered item didnt turn up they stopped picking up my calls!
I paid Account no.919171984427
IFSC- PYTM0123456
Name living liquidz
Paytm payment bank— Azmi Shabana (@AzmiShabana) June 24, 2021
അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് നടി കുളപ്പുള്ളി ലീല. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.
‘അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ ഞാന്‍ ചൂലുകൊണ്ടടിക്കുന്ന ഒരു സീനുണ്ട്. അങ്ങനൊരു സീനുണ്ടെന്ന് ഡയറക്ടര്‍ കമല്‍ സാര്‍ പറഞ്ഞപ്പോള്‍ അയ്യോ എന്നെക്കൊണ്ട് പറ്റില്ലെന്നാണ് ഞാന്‍ പറഞ്ഞത്.
അപ്പോള്‍ ലാല്‍ കടന്നുവന്നു, എന്തിനാണ് മടിക്കുന്നത്. കേരളത്തിലെന്നല്ല, ഇന്ത്യാമഹാരാജ്യത്ത് പോലും എന്നെ ഒരാള്‍ ചൂലുകൊണ്ട് തല്ലിയിട്ടില്ല. പുറത്തിറങ്ങി നാലു പേരോട് പറഞ്ഞൂടെ മോഹന്‍ലാലിനെ ചൂലുകൊണ്ട് അടിച്ചുവെന്ന്. ചേച്ചി തല്ലിക്കോളൂവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്,’ കുളപ്പുള്ളി ലീല പറയുന്നു.
‘റിഹേഴ്സലില്‍ പറ്റുന്നില്ല, ഷോട്ടില്‍ തല്ലിക്കോളാമെന്ന് ഞാന്‍ പറഞ്ഞു. ചേച്ചി ഒരു ആര്‍ട്ടിസ്റ്റല്ലേ റിഹേഴ്സലില്‍ തന്നെ ശരിക്കും തല്ലണം, അല്ലെങ്കില്‍ എനിക്ക് ദേഷ്യം വരുമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അങ്ങനെ റിഹേഴ്സലില്‍ തന്നെ ഞാന്‍ മോഹന്‍ലാലിനെ ചൂലുകൊണ്ട് തല്ലി,’ ലീല പറയുന്നു.
പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചനിലയിൽ ആശുപത്രിയിൽ. സബ് ജയിലിൽ റിമാൻഡിലായിരുന്ന വിനീഷ് കൊതുകുതിരി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
മഞ്ചേരി ജയിലിൽ കഴിയുന്ന പ്രതി കഴിഞ്ഞദിവസം രാത്രിയിലാണ് കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വിനീഷ് ഛർദിക്കുന്നത് കണ്ട് എത്തിയ ജയിലധികൃതർ ഇയാളെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.
പോലീസ് പിടിയിലായ അന്നുമുതൽ ഇയാൾ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായി പോലീസ് പറയുന്നു.അതുകൊണ്ട് തന്നെ ഇയാൾക്ക് പ്രത്യേക കാവലാണ് നൽകിയിരുന്നത്. എന്നാൽ ജയിലിലെത്തിയ ഇയാൾ കാവൽക്കാരുടെ കണ്ണുവെട്ടിച്ച് സെല്ലിനുളളിൽ ഉണ്ടായിരുന്ന കൊതുകുതിരി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
പ്രണയം നിരസിച്ചതിനെ പേരിലാണ് നിയമവിദ്യാർത്ഥിനിയായിരുന്ന ദൃശ്യയെ പ്രതി വീട്ടിൽ കയറി കുത്തിക്കൊന്നത്. കൊലപാതകത്തിന് മുമ്പ് ദൃശ്യയുടെ പിതാവിന്റെ കട ഇയാൾ കത്തിച്ചിരുന്നു. ഈ കേസിൽ വിനീഷിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനിരിക്കെയാണ് പ്രതിയുടെ ആത്മഹത്യാ ശ്രമം.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ് അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുറവന്‍കോണം മാര്‍ക്കറ്റ് റോഡിലെ സ്വവസതിയായ സതി ഭവനത്തിലായിരുന്നു അന്ത്യം.
കേസരി ട്രസ്റ്റിന്റേയും പത്രപ്രവര്‍ത്തകയൂണിയന്‍ തിരുവനന്തപുരം ജില്ലാ ഘടകകത്തിന്റേയും സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.കവടിയാര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു.
പരേതനായ രാധാകൃഷ്ണന്‍ നായരുടെയും അമ്മ സതി ദേവിയുടെയും മകനാണ്. ഭാര്യ: സിന്ധു.എസ് .എസ് (കോട്ടണ്‍ഹില്‍ സ്‌കൂള്‍ ടീച്ചര്‍). മകന്‍: നാരയണ്‍ എസ് എ (റിലയന്‍സ് പെട്രോളിയം ഗുജറാത്ത്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് ശാന്തികവാടത്തില്‍
ആമയിറച്ചി കഴിച്ച് 32 പേര്‍ മരിച്ച സംഭവത്തിന് അറുപതാണ്ട് പൂര്‍ത്തിയായി. 1961 മേയ് 29 നാണ് കൊല്ലം ശക്തികുളങ്ങരയില്‍ ആമയിറച്ചി കഴിച്ചതിനെ തുടര്‍ന്ന് ആളുകളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് മേയ്-ജൂണ്‍ മാസങ്ങളിലായി 32 പേര്‍ മരിച്ചു.
കടലില്‍ മീന്‍ പിടിക്കാന്‍ പോയവര്‍ക്കാണ് പാറപ്പുറത്ത് പായല്‍ തിന്നാല്‍ വരുന്ന അളുങ്കാമയെ കിട്ടിയത്. ഭീമന്‍ ആമയാണിത്. നന്നായി ഇറച്ചിയുണ്ടാകുമെന്നതാണ് അളുങ്കാമയുടെ പ്രത്യേകത. ഈ ഇറച്ചി പാകം ചെയ്ത് കഴിച്ചവരിലാണ് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടത്. മോഹാലസ്യവും ഛര്‍ദിയും വയറിളക്കവുമായി എല്ലാവര്‍ക്കും. ഛര്‍ദി അടക്കമുള്ള ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ നാട്ടുകാര്‍ ആദ്യം കരുതിയത് കോളറയാകുമെന്നാണ്. എന്നാല്‍, വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമാണ് ആമയിറച്ചി കഴിച്ചതാണ് പ്രശ്‌നമെന്ന് കണ്ടെത്തിയത്. ആമത്തോട് പരിശോധിച്ചപ്പോഴാണ് കാര്യം മനസിലായത്.
ആമയിറച്ചിയുടെ അവശിഷ്ടങ്ങള്‍ കഴിച്ച കാക്കകള്‍ പോലും ചത്തൊടുങ്ങി. ആമയിറച്ചി മഞ്ഞളിട്ടു പുഴുങ്ങി പാകം ചെയ്തവര്‍ക്ക് വലിയ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അന്നത്തെ സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷി കൂടിയായ ജോണ്‍ ജെയിംസ് മാതൃഭൂമി ന്യൂസ് ഡോട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കടലില്‍ മീന്‍ പിടിക്കാന്‍ പോയ സംഘത്തില്‍ ജോണ്‍ ജെയിംസും ഉണ്ടായിരുന്നു. ആമയിറച്ചി കഴിച്ച ജോണിന്റെ സഹോദരിയും ഭാര്യയും മരിച്ചെന്നും പറഞ്ഞു.
നോര്‍വേയില്‍ നിന്നെത്തിച്ച മരുന്ന് കുത്തിവെച്ചശേഷമാണ് ആശുപത്രിയില്‍ കിടന്നവര്‍ക്ക് അസുഖം മാറിയത്. ആമകളിലെ സാല്‍മണെല്ല ബാക്ടീരിയയാണ് ദുരന്തത്തിനു കാരണമായതെന്നാണ് പറയുന്നത്.
പരവൂർ ഊഴായിക്കോട്ട് നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ചു കൊന്ന രേഷ്മയെന്ന 22കാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് ഡിഎൻഎ പരിശോധനയിലൂടെയാണ്. യുവതി ഗർഭിണിയായ വിവരവും പ്രസവിച്ച കാര്യവും ഭർത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ല എന്നത് ദുരൂഹമായി ഇപ്പോഴും അവശേഷിക്കുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ നിർദ്ദേശപ്രകാരമായിരുന്നു രേഷ്മ ഈ ക്രൂര കൃത്യം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
2021 ജനുവരി 5ന് പുലർച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദർശനൻ പിള്ളയുടെ വീട്ടുവളപ്പിൽ നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് അണുബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദർശനൻ പിള്ളയുടെയും കുടുംബത്തിന്റെയും നിലപാട്. എന്നാൽ കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചത് സുദർശനൻ പിള്ളയുടെ മകൾ രേഷ്മയാണെന്നാണ് ആറു മാസത്തിനിപ്പുറം പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
വിവാഹിതയും രണ്ട് വയസുള്ള കുഞ്ഞിന്റെ അമ്മയുമാണ് രേഷ്മ. ഭർത്താവ് വിഷ്ണുവിൽ നിന്നു തന്നെയാണ് രണ്ടാമത്തെ കുഞ്ഞിനെയും ഗർഭം ധരിച്ചത്. എന്നാൽ രണ്ടാമത് ഗർഭിണിയായ വിവരം രേഷ്മ ഭർത്താവടക്കം വീട്ടുകാർ എല്ലാവരിൽ നിന്നും മറച്ചുവെച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, ഇന്നു വരെ കണ്ടിട്ടുപോലുമില്ലാത്ത കാമുകന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത് എന്നാണ് പൊലീസ് പറയുന്നത്.
ഒന്നിച്ചുള്ള ജീവിതത്തിന് രണ്ടാമത്തെ കുഞ്ഞ് തടസമാകുമെന്നും കുഞ്ഞിനെ ഒഴിവാക്കണമെന്നുമുള്ള കാമുകന്റെ നിർദ്ദേശം രേഷ്മ അനുസരിക്കുകയായിരുന്നു. ജനുവരി 5 ന് പുലർച്ചെ വീട്ടിലെ ശുചി മുറിയിൽ പ്രസവിച്ച രേഷ്മ ആരുമറിയാതെ കുഞ്ഞിനെ കരിയില കൂനയിൽ ഉപേക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്തതു പോലെ അഭിനയിച്ചു എന്നും പൊലീസ് പറയുന്നു. രേഷ്മ ഗർഭിണിയായിരുന്ന വിവരവും പ്രസവിച്ച കാര്യവും കുടുംബാംഗങ്ങളാരും അറിഞ്ഞിരുന്നില്ലെന്ന മൊഴി പൊലീസ് ഇപ്പോഴും പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല.
ഉത്തര്‍പ്രദേശിലെ ഗംഗ കനാലില്‍ നിന്ന് ചെളി നീക്കുന്നതിനിടെ രണ്ട് കാറുകള്‍ കണ്ടെത്തി. കണ്ടെത്തിയ കാറുകളില്‍ ഓരോ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. മുസാഫര്‍ നഗറിലാണ് രണ്ടിടങ്ങളിലായി ഗംഗ കനാലില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബാഗ്ര സ്വദേശിയായ ദില്‍ഷാദ് അന്‍സാരി(27)യുടെ മൃതദേഹമാണ് ആദ്യം കനാലില്‍നിന്ന് കണ്ടെത്തിയത്.
നദിയില്‍നിന്ന് പുറത്തെടുത്ത കാര്‍ പരിശോധിച്ചപ്പോഴാണ് കാറിന്റെ പിന്‍സീറ്റില്‍ അഴുകിയ നിലയില്‍ മൃതദേഹവും കണ്ടെത്തിയത്. കാറില്‍ നിന്ന് ലഭിച്ച ഡ്രൈവിങ് ലൈസന്‍സ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ദില്‍ഷാദ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ കഴിഞ്ഞ ജനുവരി മുതലാണ് കാണാതായതെന്ന് സഹോദരന്‍ വ്യക്തമാക്കി. അന്ന് പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
കൂട്ടുകാരന്റെ കാറുമായി പോയ ദില്‍ഷാദിനെ കാണാനില്ലെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ദില്‍ഷാദിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് 55 കിലോ മീറ്റര്‍ മാറി സിഖേദയിലാണ് രണ്ടാമത്തെ കാര്‍ കനാലില്‍നിന്ന് കണ്ടെത്തിയത്. വെളുത്ത നിറത്തിലുള്ള ഈ കാറിലും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ കാണാതായ ഹരേന്ദ്ര ദത്താത്രെ എന്നയാളാണ് മരിച്ചതെന്ന് പോലീസ് തിരിച്ചറിയുകയും ചെയ്തു. രണ്ടു സംഭവങ്ങളിലും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. മരിച്ചവരെ കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയെന്ന വാർത്ത പുറംലോകത്തെത്തിയിരിക്കുകയാണ്. തിരുവല്ല മേപ്രാലിലെ ശാരിമോൾ എന്ന യുവതി ജീവനൊടുക്കാൻ കാരണം പണം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും നടത്തിയ മാനസിക പീഡനമായിരുന്നെന്ന് കുടുംബം. ശാരിമോളുടെ സ്ഥിര നിക്ഷേപത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവ് മാനസികമായി സമ്മർദത്തിലാക്കിയെന്നാണ് കുടുംബത്തിന്റെ രോപണം.
ഭർത്താവിന്റെ വീട്ടുകാർ യുവതിയുടെ വീട്ടിലെത്തി സംഘർഷമുണ്ടാക്കുകയും വീട്ടിലെ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് യുവതി വിഷക്കായ കഴിച്ചത്. 2021 മാർച്ച് 30ന് വിഷക്കായ കഴിച്ച് അവശനിലയിലായ ശാരിമോൾ 31ന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
തിരുവല്ല മേപ്രാൽ സ്വദേശിനി സിഎസ് ശാരിമോളുടെ ഒരു വർഷവും നാലുമാസവും നീണ്ട ദാമ്പത്യം ദുരന്തമായി അവസാനിച്ചത് പണത്തെ ചൊല്ലിയുള്ള ഭർത്താവിന്റെയും വീട്ടുകാരുടെയും ദുരാഗ്രഹത്തെ തുടർന്നാണ്. ബഹ്‌റൈൻ ഡിഫൻസ് ആശുപത്രിയിൽ നഴ്‌സായിരുന്നു 30 വയസുകാരിയായ ശാരിമോൾ. 2019 നവംബർ 21ന് ആയിരുന്നു കൈനകരി സ്വദേശിയുമായുള്ള വിവാഹം. പിന്നീട് ശാരിമോൾ ബഹ്‌റൈനിലേക്ക് ജോലിക്കായി പോയി.
2021 മാർച്ച് 30ന് ഭർത്താവിന്റെ വീട്ടുകാർ ശാരിമോളുടെ വീട്ടിലെത്തി സംഘർഷമുണ്ടാക്കിയിരുന്നു. വീടിനകത്തെ സാധനങ്ങൾ തകർക്കുകയും സഹോദരനേയും പിതാവിനേയും മർദിച്ചതായും കുടുംബം പറയുന്നു. ഈ സംഘർഷത്തിന് പിന്നാലെയാണ് ശാരിമോൾ ഒതളങ്ങ കഴിച്ചത്. ചികിൽസയിലിരിക്കെ 31ന് മരിച്ചു.
ഭർത്താവിന്റെ കുടുംബത്തിന്റെ കടബാധ്യതകൾ മറച്ചുവച്ചായിരുന്നു വിവാഹമെന്ന് ഇവർ ആരോപിക്കുന്നു. സ്വർണം പണയം വച്ച് പണം എടുക്കാൻ ശാരിമോൾ തയാറായിട്ടും ഭർത്താവും വീട്ടുകാരും അതിന് തയാറായില്ലെന്നാണ് ഇവരുടെ ആരോപണം. കടംവാങ്ങിയാണ് വിവാഹം നടത്തിയത്. അതൊന്നും കണക്കിലെടുക്കാതെയായിരുന്നു മകളുടെ സമ്പാദ്യം കവരാൻ ഭർത്താവും വീട്ടുകാരും ശ്രമിച്ചത്. ജില്ലാ പോലീസ് മേധാവിക്കടക്കം സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം തുടരുന്നതായും ഭർത്താവിനെ ചോദ്യം ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സിഐ അറിയിച്ചു.
ഫൈസറിന്റെ കോവിഡ് വാക്‌സിന് ഇന്ത്യയില്‍ അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് സിഇഒ ആല്‍ബര്‍ട്ട് ബോര്‍ള. ഇന്ത്യ അടക്കമുള്ള ഇടത്തരം – താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ഈ വര്‍ഷം നൂറ് കോടി ഡോസ് വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ആസ്ഥാനമായ കമ്പനിയാണ് ഫൈസര്‍.
യു.എസ്.എ – ഇന്ത്യ ചേംബര്‍ ഓഫ് കോമേഴ്‌സ് വാര്‍ഷിക ഉച്ചകോടിയില്‍ സംസാരിക്കവെയാണ് ആല്‍ബര്‍ട്ട് ബോര്‍ള ഇക്കാര്യം പറഞ്ഞത്. കോവിഡ് മൂലം കടുത്ത ദുരിതത്തിലൂടെയാണ് ഇന്ത്യ കടന്നുപോയത്. ഈ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇന്ത്യയ്ക്ക് 200 കോടി ഡോസ് വാക്‌സിന്‍ നല്‍കും. ഇതില്‍ 100 കോടി ഡോസ് ഈ വര്‍ഷം നല്‍കും.
ഇന്ത്യ ഗവര്‍ണ്‍മെന്റുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. കരാര്‍ ഉണ്ടാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചാലുടന്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ കഴിയും. ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ നയത്തിന്റെ നട്ടെല്ലായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തന്നെ തുടരും.
എന്നാല്‍ ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ ഇന്ത്യയുടെ വാക്‌സിനേഷന്‍ ദൗത്യത്തിന് കരുത്ത് പകരും. കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ നിരവധി ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഫൈസര്‍ ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ഫൈസറിനും മോഡേണയ്ക്കും നിയമ നടപടികളില്‍നിന്ന് സംരക്ഷണം ലഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.
വാക്‌സിന് ഇന്ത്യയില്‍ വേഗത്തില്‍ അനുമതി നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഫൈസറിനും മോഡേണയ്ക്കും ഇന്ത്യയില്‍ അനുമതി ലഭിക്കുന്നതോടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ കുത്തിവെക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയുമെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയും അവകാശപ്പെട്ടിരുന്നു.
തൊടുപുഴ: കേരളാ കോൺഗ്രസ്സ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായി എം.മോനിച്ചനെ (ഇടുക്കി) പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ നാമനിർദ്ദേശം ചെയ്തതായി സെക്രട്ടറി ജനറൽ അഡ്വ.ജോയി എബ്രഹാം എക്സ് എം.പി അറിയിച്ചു.
കേരളാ കോൺഗ്രസ്സ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗമായ എം.മോനിച്ചൻ എം.ജി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ മുൻ സെക്രട്ടറി, കെ.എസ്.സി സംസ്ഥാന വൈസ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ്, ഓഫീസ് ചാർജ്ജ് ജനറൽ സെക്രട്ടറി, പാർട്ടി സംസ്ഥാനസെക്രട്ടേറിയേറ്റംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഇടുക്കി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻറ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ,കേരള ഫെൻസിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ്, ജില്ലാ ഒളിമ്പിക്ക് വേവ് വൈസ് ചെയർമാനുമാണ്.