ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണവും മരണവും കൂടുന്നു. ഇന്നലെ 1,84,372 പേര്‍ കൂടി കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നലെ മരണസംഖ്യ ആയിരം കടന്നു. 1027 പേരാണ് ഇന്നലെ മരണമടഞ്ഞത്. 82,339 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 88.91 ശതമാനമായി കുറഞ്ഞുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇതുവരെ 1,38,73,825 പേര്‍ കോവിഡ് പോസിറ്റീവ് ആയി. 1,23,36,036 പേര്‍ രോഗമുക്തി നേടി. നിലവില്‍ 13,65,704 പേര്‍ ചികിത്സയിലുണ്ട്. 1,72,085 പേര്‍ മരണമടഞ്ഞു. ഇതുവരെ 11,11,79,578 ഡോസ് കോവിഡ് വാകിസ്‌നേഷന്‍ നടത്തിയെന്നും മന്ത്രാലയം അറിയിച്ചു.
കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ 15 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാവിലെ 7നും രാത്രി 8നുമിടയില്‍ അവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുക. മേയ് ഒന്ന് വരെയാണ് കര്‍ഫ്യു. മുംബൈയില്‍ ചൊവ്വാഴ്ച 7898 കോവിഡ് രോഗികളുണ്ടായി. 26 പേര്‍ മരണമടഞ്ഞു.
ഉത്തരാഖണ്ഡില്‍ കുംഭമേള പുരോഗമിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍പറത്തിയാണ് ആഘോഷം. ഭക്തര്‍ ഇന്ന് ഗംഗയില്‍ മൂന്നാം ഷാഹി സ്‌നാന്‍ നടത്തുകയാണ്. രാവിലെ സന്യാസിമാരുടെ പുണ്യ സ്‌നാനം ആരംഭിച്ചുകഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ ഇന്നലെ 18,021 പേര്‍ കോവിഡ് ബാധിതരായി. 85 പേര്‍ മരണമടഞ്ഞു.
കോവിഡിനെ നിയന്ത്രിക്കാന്‍ ലോക്ഡൗണ്‍ പ്രയോഗികമല്ലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനോജ് സിസോദിയ പറഞ്ഞു. പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് ഏറ്റവും നല്ല മാര്‍ഗം. വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് തുലാസിലായത്. വൈറസിന്റെ പുതിയ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തില്‍ പരീക്ഷയുടെ കാര്യത്തില്‍ സി.ബി.എസ്.ഇ ചിന്തിക്കണമെന്നും വിദ്യാഭ്യാസമന്ത്രി കൂടിയായ സിസോദിയ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഡൽഹി : കോവിഡ് 19 വലിയ സാമ്പത്തിക പ്രതിസന്ധികളിലേക്ക് നയിച്ചപ്പോൾ ഇന്ത്യയിലെ സമ്പന്നരിൽ പലരും മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറാൻ ആരംഭിച്ചു. തങ്ങളുടെ നിക്ഷേപങ്ങൾക്ക് പകരമായി മറ്റ് രാജ്യങ്ങളിൽ പൗരത്വമോ താമസിക്കാനുള്ള അവകാശമോ വാഗ്ദാനം ചെയ്യുന്ന വിസ പ്രോഗ്രാമുകളിലൂടെ വിദേശത്തേക്ക് മാറാൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം ഇന്ത്യയിൽ കൂടുതലാണ്. ഇന്ത്യൻ കോർപ്പറേറ്റ് വ്യവസായികൾക്കിടയിൽ പതിവായ ഒന്നാണ് നികുതി ഭീകരത (ടാക്സ് ടെറർ). ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ കഫെ കോഫി ഡേയുടെ സ്ഥാപകനും ഉടമയുമായ വി.ജി. സിദ്ധാർത്ഥ 2019 ൽ മരിക്കുന്നതിനു മുമ്പ് ആദായനികുതി വകുപ്പിന്റെ മുൻ ഡയറക്ടർ ജനറൽ തന്നെ ഉപദ്രവിച്ചുവെന്ന ആരോപണം ഉന്നയിച്ചിരുന്നു. ഒരു റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയുടെ ആദായനികുതി വകുപ്പിന്റെ നികുതി തിരയലുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മൂന്നിരട്ടിയിലധികമാണ്.

2014 മുതൽ 23,000 ഇന്ത്യൻ കോടീശ്വരന്മാർ രാജ്യംവിട്ടതായി റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ പുറത്തുവന്ന ആഗോള വെൽത്ത് മൈഗ്രേഷൻ അവലോകന റിപ്പോർട്ട് പ്രകാരം അയ്യായിരത്തോളം കോടീശ്വരന്മാരാണ് 2020 ൽ മാത്രം രാജ്യം വിട്ടുപോയത്. ഹെൻലി & പാർട്‌ണേഴ്‌സ് (എച്ച് ആൻഡ് പി) പട്ടികയിലാണ് ഇന്ത്യക്കാർ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിയമ സ്ഥാപനമാണ് ഹെന്‍ലി & പാര്‍ട്ണേഴ്സ് വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി കമ്പനി കഴിഞ്ഞ വർഷം ലോക്ക്ഡൗണിന്റെ മധ്യത്തിൽ ഇന്ത്യയിൽ ഓഫീസ് സ്ഥാപിച്ചിരുന്നു. ജീവിതവും സ്വത്തുക്കളും ആഗോളവത്കരിക്കാൻ ശ്രമിക്കുന്ന സമ്പന്നരായ ഇന്ത്യക്കാരെ സ്വാധീനിച്ച പ്രധാന ഘടകമാണ് കോവിഡ് 19. കാരണം ഇത് അവരെ കൂടുതൽ സമഗ്രമായ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതായി ഹെൻലി ആന്റ് പാർട്‌ണേഴ്‌സിലെ ഗ്രൂപ്പ് ഹെഡ് ഡൊമിനിക് വോളക് വെളിപ്പെടുത്തുകയുണ്ടായി.

‘ഗോൾഡൻ വിസ’ പ്രോഗ്രാം നടത്തുന്ന പോർച്ചുഗൽ പോലുള്ള രാജ്യങ്ങളും മാൾട്ട, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങളാണെന്ന് എച്ച് ആൻഡ് പി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ആളുകൾ സ്വന്തം രാജ്യത്ത് നിന്ന് പണം മുഴുവൻ എടുത്ത് ബിസിനസ്സ് ബന്ധം വിച്ഛേദിക്കുന്നതിനുപകരം മറ്റൊരു രാജ്യത്ത് പണം നിക്ഷേപിക്കുകയാണ്. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ഇത് ഉചിതമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന ആസ്തിയുള്ള വ്യക്തികൾ പലപ്പോഴും ആദ്യം പുറത്തുപോകുന്നവരായതിനാൽ ഇത് വരാനിരിക്കുന്ന മോശം കാര്യങ്ങളുടെ അടയാളമായി കാണാമെന്നു ജോഹന്നാസ്ബർഗ് ആസ്ഥാനമായുള്ള വെൽത്ത് ഇന്റലിജൻസ് ഗ്രൂപ്പായ ന്യൂ വേൾഡ് വെൽത്ത് റിസർച്ച് ഹെഡ് ആൻഡ്രൂ അമോയിൽസ് ബിസിനസ് സ്റ്റാൻഡേർഡ് ദിനപത്രത്തോട് പറഞ്ഞു.
ബേപ്പൂരിൽനിന്നു മത്സ്യ ബന്ധനത്തിനു പോയ യന്ത്രവൽകൃത ബോട്ടിൽ കപ്പൽ ഇടിച്ച് 3 തൊഴിലാളികൾ മരിച്ചു. ഒമ്പതു പേരെ കാണാതായി. രക്ഷപ്പെടുത്തിയ 2 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരുവിനു 60 നോട്ടിക്കൽ മൈൽ അകലെ കഴിഞ്ഞ രാത്രിയാണ് അപകടം. 11നു രാത്രി ബേപ്പൂർ ഹാർബറിൽനിന്നു പോയ ഐഎസ്ബി റബ്ബ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബോട്ടില്‍ കപ്പല്‍ ഇടിക്കുകയായിരുന്നു. ഇടിച്ച കപ്പല്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ബേപ്പൂരില്‍ നിന്നും കഴിഞ്ഞ ഞായറാഴ്ച്ച പോയ റാബ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കടലിലുള്ള മത്സ്യത്തൊഴിലാളികളാണ് ബേപ്പൂരിലേക്ക് വിവരം അറിയിച്ചത്. ബോട്ടില്‍ 14 പേരുണ്ടായിരുന്നു എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇതില്‍ 7 പേര്‍ കുളച്ചല്‍ സ്വദേശികളാണ്.
ഏഴു പേര്‍ ബംഗാളികളുമാണെന്നാണ് അറിയുന്നത്. ബേപ്പൂര്‍ സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ബോട്ട്. കാണാതായവർക്കായി മംഗളൂരു തീരസംരക്ഷണ സേനയും തീരദേശ പൊലീസും തിരച്ചിൽ നടത്തുന്നുണ്ട്. ബേപ്പൂർ മാമന്റകത്ത് ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.
പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാരിൽനിന്ന് രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി.ജലീൽ. ആദ്യരാജി മന്ത്രിസഭയിലെ ശക്തനായ ഇ.പി.ജയരാജന്റേതായിരുന്നു. ഭാര്യാസഹോദരിയായ പി.കെ.ശ്രീമതിയുടെ മകനെ വ്യവസായ വകുപ്പിൽ നിയമിച്ചതാണ് രാജിയിലേക്കു നയിച്ചത്. 2016 ഒക്ടോബർ 14നു ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം രാജി അംഗീകരിച്ചു. പിന്നീട് കേസ് അവസാനിപ്പിച്ചശേഷം മന്ത്രിസഭയിലേക്കു തിരിച്ചെത്തി.
ഫോൺ കെണിക്കേസിൽ ഉൾപ്പെട്ടതിനെത്തുടർന്നാണ് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവച്ചത്. ഫോണിൽ നിരന്തരം അശ്ലീല സംഭാഷണം നടത്തിയെന്നായിരുന്നു ചാനൽ പ്രവർത്തകയുടെ വെളിപ്പെടുത്തൽ. പിന്നീട് പരാതിക്കാരി കേസിൽനിന്ന് പിന്മാറിയതിനെത്തുടർന്ന് കുറ്റവിമുക്തനായി മന്ത്രിസഭയിലേക്കു തിരികെ എത്തി.
ശശീന്ദ്രൻ രാജിവച്ചപ്പോള്‍ എൻസിപിയിൽനിന്ന് പകരം മന്ത്രിയായ തോമസ് ചാണ്ടിക്ക് കായൽ കയ്യേറ്റ വിഷയത്തിലാണ് രാജിവയ്ക്കേണ്ടിവന്നത്. ഹൈക്കോടതിയിൽനിന്ന് രൂക്ഷ വിമർശനമുണ്ടായത് രാജി അനിവാര്യമാക്കി. കെ.കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കാൻ ജനതാദൾ ദേശീയ നേതൃത്വം തീരുമാനിച്ച സാഹചര്യത്തിലാണ് മാത്യു ടി.തോമസ് ജലവിഭവ മന്ത്രി സ്ഥാനം രാജിവച്ചത്. ബന്ധുവിനെ സർക്കാർ സ്ഥാപനത്തിൽ നിയമിച്ചതിനെതിരെ ലോകായുക്ത വിധിയുണ്ടായപ്പോഴാണ് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീൽ രാജിവച്ചത്.
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിയ്ക്കാണ് നല്‍കിയത് കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി. രാജി ഗവര്‍ണര്‍ സ്വീകരിച്ചു. മന്ത്രിയായി തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ലോകായുക്ത സര്‍ക്കാരിന് നല്‍കിയത്.
ലോകായുക്തയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് രാജി. 2018 നവംബര്‍ രണ്ടിന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് നല്‍കിയ പരാതിയിലായിരുന്നു ജലീലിനെതിരെ അന്വേഷണം നടന്നത്.
ബന്ധുവായ കെ.ടി അബീദിനെ പട്ടികജാതി വകുപ്പില്‍ നിയമിച്ചത് യോഗ്യതകള്‍ വെട്ടിക്കുറച്ചാണെന്നും അതില്‍ ജലീലിന്റെ ഇടപെടല്‍ വ്യക്തമാണെന്നും ലോകായുക്ത ഉത്തരവില്‍ പറഞ്ഞിരുന്നു. അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമുണ്ടായി എന്നാണ് കണ്ടെത്തല്‍. ഇന്നലെയാണ് ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. ഇതിനു പിന്നാലെയാണ് രാജി തീരുമാനം വന്നത്. അതിനു മുന്‍പ് വരെ ജലീലിനു പിന്നില്‍ ഉറച്ചുനിന്ന സി.പി.എം നേതൃത്വവും
മാര്‍ക്ക്ദാനം, സ്വര്‍ണക്കടത്ത് വിവാദങ്ങളില്‍ എല്ലാം സര്‍ക്കാരും പാര്‍ട്ടിയും പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ലോകായുക്ത റിപ്പോര്‍ട്ട് വന്നതോടെ മറ്റു മാര്‍ഗമില്ലാതെ രജിവയ്ക്കുകയായിരുന്നു. രാജിവച്ച് മുഖം രക്ഷിക്കുന്നതിനൊപ്പം ധാര്‍മ്മികതയും ഉയര്‍ത്തിക്കാട്ടി ജലീല്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കും. എല്‍.ഡി.എഫ് സര്‍ക്കാരിന് തുടര്‍ ഭരണം കിട്ടുകയും ജലീല്‍ വിജയിച്ച് നിയമസഭയില്‍ എത്തുകയും ചെയ്താല്‍ വീണ്ടും മന്ത്രിയാകുന്നതിനുള്ള തടസ്സം ഒഴിവാക്കുന്നതിനുള്ള തന്ത്രം കൂടിയാണ് ഇപ്പോഴത്തെ രാജിയെന്നും സൂചനയുണ്ട്.
അതിനിടെ, ലോകായുക്ത ഉത്തരവിനെതിരെ ജലീലിന്റെ ഹര്‍ജി വിധി പറയാന്‍ ഹൈക്കോടതി മാറ്റിവെച്ചു. ഉത്തരവ് സാങ്കേതികമായി നിലനില്‍ക്കുന്നതല്ലെന്നാണ് ജലീലിന്റെ വാദം.. പരാതിയും തുടര്‍ നടപടികളും നാള്‍വഴികളുമാണ് ഉത്തരവിലുള്ളത്. വിശദമായ അന്വേഷണം നടന്നിട്ടില്ല. അത് നിയമപരമായി നിലനില്‍ക്കുന്നതല്ല. കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ല. ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പരാതിയില്‍ വിശദമായി പരിശോധന നടന്നുവെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നും പരാതിക്കാരനായ പി.കെ ഫിറോസും വാദിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗ്രെറ്റൽ പതിവായി രാവിലെ നടക്കാൻ പോകാറുണ്ടായിരുന്നു, എന്നാൽ അന്ന് പതിവിൽ നിന്നും കുറച്ചേറെ ദൂരം മുന്നോട്ട് പോയി. പട്ടിക്കാട് പഞ്ചായത്തിനടുത്തുള്ള ലൈൻ മുറികളിൽ ഒന്നിൽ നിന്ന് ഒരു പെൺകുട്ടിയുടെ കരച്ചിൽ കേൾക്കാമായിരുന്നു. അവിടെ നിന്നും ഒരു പുരുഷൻ വെപ്രാളപ്പെട്ട് ഓടിയിറങ്ങി അപ്പുറത്തെ മുറിയുടെ വാതിലിൽ തട്ടുന്നതും ശ്രദ്ധിച്ചു. പക്ഷെ പറഞ്ഞ വാക്കുകൾ വ്യക്തമായില്ല, അൽപ്പസമയത്തിന് ശേഷമാണ് ‘കൊച്ചു വരുന്നു ‘ എന്നു മനസ്സിലായത്. ആ വാക്കുകൾ കേട്ടതും രണ്ടാമതൊന്നു ചിന്തിക്കാൻ നിൽക്കാതെ ഓടി മുറിക്കുള്ളിൽ കയറി.
കാണുന്ന കാഴ്ച ഒരല്പം ഭയപ്പെടുത്തുന്നതായിരുന്നു, കുഞ്ഞു പുറത്തേക്ക് വന്നു തുടങ്ങുന്നു, അമ്മയാകട്ടെ വേദന കൊണ്ട് പുളഞ്ഞു നിലവിളിക്കുകയാണ്. ഹോസ്പിറ്റലിൽ ആയിരുന്നുവെങ്കിൽ ഫസ്റ്റ് പ്രൊസീജിയറിനുള്ള നേരമാണ്,കയ്യിൽ മെഡിക്കൽ സാധനങ്ങൾ ഒന്നും തന്നെയില്ല.
കുഞ്ഞു മുഴുവനായി പുറത്ത് വന്നിട്ടും കരയാതെയായത് കണ്ടിട്ട് ഭയന്ന്പോയി, തലകീഴായി തൂക്കി എടുത്തു തട്ടിയിട്ടാണ് കുട്ടി കരഞ്ഞത്. പൊക്കിൾ കൊടി മുറിച്ചു മാറ്റി. പക്ഷെ ക്ലാമ്പ് ചെയ്യാൻ ഒന്നും കയ്യിൽ ഉണ്ടായിരുന്നില്ല.
കുട്ടിയുടെ അച്ചൻ വേദന തുടങ്ങും മുൻപ് ആംബുലൻസ് വിളിച്ചിരുന്നുവെങ്കിലും, എത്താൻ വൈകിയതാണ് പ്രശ്നമായത്. അമ്മയ്ക്ക് അപ്പോഴേക്കും രക്തസ്രാവം മൂർച്ഛിച്ചു മോശമായ അവസ്ഥയിൽ എത്തിയിരുന്നു. കൈയിൽ കിട്ടിയ തുണിയെടുത്തു കുഞ്ഞിനെ തുടച്ചതും, അതു വഴി നടക്കാൻ എത്തിയ മറ്റൊരു സ്ത്രീയുടെ കയ്യിൽ കുഞ്ഞിനെ കൊടുത്തിട്ട് അമ്മയെ പരിശോധിച്ചതുമൊക്കെ സ്വപ്നം പോലെയാണ് ഗ്രെറ്റലിനു തോന്നിയത്.
പ്രതിസന്ധി ഘട്ടത്തിൽ ഉണ്ടായ അസാമാന്യ ധൈര്യത്തിന്റെ ബാക്കിയെന്ന നിലയിൽ രണ്ടു ജീവനുകൾ രക്ഷിക്കാനായി.
മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് സനു മോഹൻ താമസിച്ചിരുന്ന കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ കൂടുതൽ നിർണായക തെളിവുകൾ കണ്ടെത്തി പൊലീസ്. ഇന്നലെ വൈകിട്ട് ഫൊറൻസിക് വിദഗ്ധരും പൊലീസും ചേർന്നു നടത്തിയ തെളിവെടുപ്പിലാണു സനു താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ അടച്ചിട്ടിരിക്കുന്ന മറ്റൊരു ഫ്ലാറ്റിൽ നിന്നു നിർണായക തെളിവുകൾ ലഭിച്ചത്. അതീവ രഹസ്യമായായിരുന്നു പരിശോധന.
വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയതിനു തലേന്നാൾ ഫ്ലാറ്റിൽ അസ്വഭാവിക കാര്യങ്ങൾ സംഭവിച്ചിരുന്നുവെന്ന പൊലീസിന്റെ നിഗമനം ബലപ്പെടുത്തുന്നതാണ് ഇന്നലെ ലഭിച്ച തെളിവുകളെന്നാണു സൂചന. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു പറയാനാകില്ലെന്നു പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തിൽ ഫ്ലാറ്റിൽ തെളിവെടുപ്പു നടത്തിയപ്പോൾ അടച്ചിട്ടിരുന്ന ചില ഫ്ലാറ്റുകൾ കണ്ടെത്തിയിരുന്നു. ഇവയിൽ ചിലതിന്റെ താക്കോൽ സനുവിന്റെ കൈവശമായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ ഇവിടങ്ങളിൽ പരിശോധന നടത്തിയത്.
സ്ഥലത്തില്ലാത്ത ഉടമകളുടെ അനുമതിയോടെ ഫ്ലാറ്റിന്റെ പൂട്ടു തകർത്തായിരുന്നു പൊലീസും ഫൊറൻസിക് വിദഗ്ധരും ഇന്നലെ പരിശോധന നടത്തിയത്. ഇവിടെ നിന്നു ലഭിച്ച തെളിവുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമേ അന്തിമ നിർണയത്തിൽ എത്തുകയുള്ളു. വൈഗയുടെ മരണവുമായി ഇക്കാര്യങ്ങളെ ബന്ധിപ്പിക്കാനുള്ള കൂടുതൽ തെളിവുകളാണു പൊലീസ് തേടുന്നത്. വാടകക്കരാറില്ലാതെ ഏതാനും പേർ ഇവിടെ സമീപകാലത്തു തമസിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങൾ കണ്ടെത്താനുളള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ സഞ്ജു സാംസൺ ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസിന് തോൽവി. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ നാല് റൺസിനാണ് പഞ്ചാബിന്റെ ജയം. ഉജ്ജ്വല സെഞ്ചുറിയുമായി സഞ്ജു പൊരുതിയെങ്കിലും വിജയം എത്തിപ്പിടിക്കാൻ കഴിഞ്ഞില്ല.
പഞ്ചാബ് ഉയർത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് മാത്രമേ നേടാനായുള്ളൂ. ആദ്യ എട്ട് ഓവറിനുള്ളില്‍ ബെന്‍ സ്റ്റോക്ക്സ് (0), മനന്‍ വോറ (12), ജോസ് ബട്ട്ലര്‍ (25) എന്നിവരെ നഷ്ടമായി. ഒരു വശത്ത് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും പിടിച്ചു നിന്ന സഞ്ജു ഇതിനിടെ തന്‍റെ അർധസെഞ്ചുറി തികച്ചു.
അഞ്ചാം നമ്പരിലെത്തിയ ശിവം ദുബെ (23), ആറാം നമ്പരിലെത്തിയ റിയൻ പരഗ് (25) എന്നിവരെ കൂട്ടി സഞ്ജു മുന്നിൽ നിന്ന് നയിച്ചു. ദുബെയെ അർഷ്ദീപ് സിംഗും പരഗിനെ ഷമിയുമാണ് പുറത്താക്കിയത്. പഞ്ചാബിന്റെ ജയത്തിനും തോൽവിക്കുമിടയിൽ ഉറച്ചുനിന്ന സഞ്ജു 54 പന്തുകളിൽ സെഞ്ചുറി തികച്ചു. ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോർഡും ഇതോടെ സഞ്ജു സ്വന്തമാക്കി.
അവസാന ഓവറിൽ വിജയിക്കാൻ 13 റൺസാണ് വേണ്ടിയിരുന്നത്. അർഷ്ദീപ് സിംഗ് എറിഞ്ഞ ആ ഓവറിൽ എട്ട് റൺസ് മാത്രമേ രാജസ്ഥാന് നേടാനായുള്ളൂ. അവസാന പന്തിൽ വിജയിക്കാൻ അഞ്ച് റൺസ് വേണ്ടിയിരിക്കെ കൂറ്റൻ ഷോട്ടിനു ശ്രമിച്ച സഞ്ജു ലോംഗ് ഓഫിൽ ദീപക് ഹൂഡയുടെ കൈകളിൽ അവസാനിച്ചു. സഞ്ജു 63 പന്തിൽ 119 റൺസെടുത്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് കിംഗ്സ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 221 റൺസെടുത്തത്. ഓപ്പണറായിറങ്ങി അവസാന ഓവറിൽ സെഞ്ചുറിക്ക് അരികെ പുറത്തായ കെ.എൽ. രാഹുലാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 50 പന്തുകൾ നേരിട്ട രാഹുൽ ഏഴു ഫോറും അഞ്ച് സിക്സും സഹിതം 91 റൺസെടുത്തു.
ദീപക് ഹൂഡ (28 പന്തിൽ നാലു ഫോറും ആറു സിക്സും സഹിതം 64), ക്രിസ് ഗെയ്ൽ (28 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 40) എന്നിവരും പഞ്ചാബിനായി തിളങ്ങി. അതേസമയം മായങ്ക് അഗർവാൾ (9 പന്തിൽ 14), നിക്കോളാസ് പുരാൻ (0), ജൈ റിച്ചാർഡ്സൻ (0) എന്നിവർ നിരാശപ്പെടുത്തി. ഷാരൂഖ് ഖാൻ നാലു പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്നു.
മത്സരത്തിലാകെ എട്ട് ബോളർമാരെയാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പരീക്ഷിച്ചത്. കൂട്ടത്തിൽ കൂടുതൽ തിളങ്ങിയത് ഐപിഎലിലെ കന്നി മത്സരം കളിക്കുന്ന ചേതൻ സക്കറിയ. നാല് ഓവറിൽ 31 റൺസ് വഴങ്ങി സക്കറിയ മൂന്നു വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസ് നാല് ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.
കൊച്ചി: മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗ (13)യുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുമായി അച്ഛൻ സനു മോഹന്റെ അമ്മ സരള. സനുവിന്റെ തിരോധാനത്തില്‍ മരുമകളുടെ കുടുംബം പറയുന്ന കാര്യങ്ങളില്‍ അസ്വാഭാവികതയുണ്ടെന്നു സരള പറയുന്നു.
സനുവിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നാണ് കരുതുന്നതെന്നും സരള പറഞ്ഞു. പൂനെയില്‍ സാമ്പത്തിക ബാധ്യതകളുണ്ടായതിനെത്തുടര്ന്നു കൊച്ചിയിലെത്തിയ മകനും കുടുംബവും ഒളിവില്‍ കഴിഞ്ഞിരുന്ന വിവരം സനുവിന്റെ ഭാര്യവീട്ടുകാര്‍ക്ക് അറിയാമായിരുന്നു. അഞ്ചു വര്‍ഷമായി ബന്ധുക്കള്‍ അവരെ തന്നില്‍നിന്ന് അകറ്റിനിര്ത്തിയിരിക്കുകയായിരുന്നുവെന്നും സരള കുറ്റപ്പെടുത്തി.
അതേസമയം സനു ഒളിവില്‍ പോയി 22 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തില്‍ സനുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഒരുസംഘം പൂനെയിലെത്തി. അവിടെ സനുവിന്റെ അടുപ്പക്കാരില്‍നിന്നും സുഹൃത്തുക്കളില്‍നിന്നുമായി പോലീസ് വിവരങ്ങള്‍ ശേഖരിക്കും. നിലവില്‍ കോയമ്പത്തൂരിലും ചെന്നൈയിലും രണ്ടു സംഘം സനുവിനായി തെരച്ചില്‍ നടത്തുണ്ട്.
സാന്പത്തിക ആവശ്യങ്ങള്‍ക്കായി സനു സുഹൃത്തുക്കളെയോ അടുത്ത ബന്ധുക്കളെയോ ബന്ധപ്പെടുമെന്നായിരുന്നു പോലീസിന്റെ വിലയിരുത്തല്‍. ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടാകാതിരുന്നത് അന്വേഷണം വൈകുന്നതിനിടയാക്കി. സനു മോഹനുമായി ബന്ധപ്പെട്ടുള്ള ഫോണ്‍ രേഖകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഏതാനും ചിലരെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരമൊന്നും പോലീസിനു ലഭിച്ചിട്ടില്ല.
ഇയാൾ കേരളത്തില്തന്നെയുണ്ടാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. കൊച്ചി ഡിസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനെന്ന പേരില്‍ അഴിഞ്ഞാടി കോയമ്പത്തൂര്‍ പോലീസ്. ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചാണ് പോലീസിന്റെ അതിക്രമം.
കോയമ്പത്തൂരിലെ ഗാന്ധിപുരത്താണ് സംഭവം. കൊവിഡ് മാനദണ്ഡപ്രകാരം തമിഴ്‌നാട്ടില്‍ രാത്രി 11 മണിവരെ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ ഗാന്ധിപുരത്തെ ശ്രീരാജ ഹോട്ടലില്‍ ഞായറാഴ്ച രാത്രി 10.20 ന് എത്തിയ എസ്‌ഐ മുത്തു കണ്ണില്‍ കണ്ടവരെയെല്ലാം ലാത്തികൊണ്ട് അടിച്ചോടിക്കുകയായിരുന്നു. കടയുടമ മോഹന്‍രാജ് ഉള്‍പ്പെടെ നാല് ഹോട്ടല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിക്കും പരിക്കുപറ്റി.
സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.