മോഡി മന്ത്രി സഭയില്‍ വന്‍ അഴിച്ചുപണി. ധനകാര്യം, റെയില്‍വേ തുടങ്ങിയ മന്ത്രാലയങ്ങളില്‍ അക്കാദമിക് വൈദഗ്ധ്യമുള്ളവരെ നിയമിച്ചേക്കും. ചില പ്രധാനപ്പെട്ട മന്ത്രാലയങ്ങളില്‍ രാഷ്ട്രീയനേതാക്കളെ ഒഴിവാക്കി വിദഗ്ധരെ നിയമിക്കണമെന്ന പ്രധാനമന്ത്രിയുടെ താത്പര്യം മന്ത്രിസഭാ പുനഃസംഘടനയില്‍ പ്രതിഫലിച്ചേക്കാം.
നിലവിലുള്ള മന്ത്രിമാരുടെ പ്രവര്‍ത്തനവും പ്രകടനവും പുനഃസംഘടനയില്‍ നിര്‍ണായകഘടകമാകും. ഭരണമികവില്ലാത്ത മന്ത്രിമാരെ ഒഴിവാക്കി പാര്‍ട്ടി പ്രവര്‍ത്തനത്തിന് നിയോഗിക്കാനാണ് സാധ്യത. ഇതിനായി മന്ത്രിമാരുടെ പ്രകടനം വിലയിരുത്താനുള്ള നടപടികള്‍ ബി.ജെ.പി.യും പ്രധാനമന്ത്രിയും ആരംഭിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ പൊതുനയത്തോടുള്ള സമീപനം, പ്രധാന പദ്ധതികളുടെ നിര്‍വഹണം, വകുപ്പില്‍ പുതുതായി ആവിഷ്‌കരിച്ച പദ്ധതികള്‍, പുതിയ സമീപനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ മന്ത്രിമാരെക്കുറിച്ചുള്ള വിലയിരുത്തലിനുള്ള മാനദണ്ഡങ്ങളായിരിക്കും.
വിദേശകാര്യ വകുപ്പിന്റെ ചുമതല മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കറിനെ ഏല്‍പിച്ചിരുന്നു. ഇതിന് സമാനമായി ധനകാര്യം, റെയില്‍വേ തുടങ്ങിയ മന്ത്രാലയങ്ങളില്‍ അക്കാദമിക് വൈദഗ്ധ്യമുള്ളവരെ നിയമിക്കുന്നതിനെക്കുറിച്ചാണ് നിലവില്‍ ആലോചിക്കുന്നത്.
അടുത്തിടെ കോണ്‍ഗ്രസില്‍നിന്ന് പാര്‍ട്ടിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെയും ടി.എം.സി.യില്‍നിന്ന് എത്തിയ മുകുള്‍ റോയിയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനിടയുണ്ട്. സിന്ധ്യയുടെ വിശ്വസ്തരെ മധ്യപ്രദേശ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞദിവസം ബി.ജെ.പി. ഉറപ്പ് പാലിച്ചിരുന്നു.
അതേസമയം, ശിവസേന കൈകാര്യം ചെയ്തിരുന്ന വകുപ്പുകളില്‍ പുതിയ മന്ത്രിമാരെ നിയോഗിക്കുമെന്നാണ് സൂചന. അതേസമയം, ജനുവരി 20-ന് ജെ.പി. നഡ്ഡയെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തെങ്കിലും ദേശീയ ജനറല്‍ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും നിശ്ചയിച്ചിരുന്നില്ല. ഈ ഒഴിവുകളും നികഴ്ത്തും.
ആഗോളതലത്തില്‍ കൊവിഡ് ഇത്രയും വ്യാപിക്കാന്‍ കാരണം ചൈനയുടെ രഹസ്യ സ്വഭാവവും വഞ്ചനയും മറച്ചു വയ്ക്കലും മൂലമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസ് ബാധിക്കുന്നത് വരെ നല്ല രീതിയിലാണ് രാജ്യം മുന്നോട്ട് പോയിക്കൊണ്ടിരുന്നതെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ 244ാം സ്വാതന്ത്ര്യ ദിനത്തില്‍ സല്യൂട്ട് റ്റു അമേരിക്ക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്.
‘കാലങ്ങളായി അമേരിക്കയെ മുതലെടുത്തു കൊണ്ടിരുന്ന പല വിദേശരാജ്യങ്ങളും കോടിക്കണക്കിന് ഡോളര്‍ അമേരിക്കയുടെ ഖജനാവിലേക്ക് നല്‍കുന്ന അവസ്ഥ എത്തിയിരുന്നു. എന്നാല്‍ അതിനിടെയാണ് ചൈനയില്‍ നിന്ന് കൊറോണ വൈറസ് എത്തുകയും രാജ്യത്തെ ബാധിക്കുകയും ചെയ്തത്. ഇപ്പോള്‍ അമേരിക്ക മാസ്‌കുകള്‍, ഗൗണുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നു. ഇവയെല്ലാം മറ്റ് വിദേശരാജ്യങ്ങളിലാണ് നിര്‍മ്മിച്ചു കൊണ്ടിരുന്നത്. പ്രത്യേകിച്ച് ചൈനയില്‍. ചൈനയില്‍ നിന്ന് തന്നെയാണ് വൈറസ് ആരംഭിച്ചത് എന്നതാണ് മറ്റൊരു വിരോധാഭാസം’ എന്നാണ് ഡൊണാള്‍ഡ് ഡ്രംപ് പറഞ്ഞത്.
ആഗോളതലത്തില്‍ ഈ വൈറസ് ഇത്രയും രൂക്ഷമായി ബാധിക്കാന്‍ കാരണം ചൈനയുടെ രഹസ്യസ്വഭാവവും വഞ്ചനയും മറച്ചു വയ്ക്കലും മൂലമാണെന്നും വൈറസ് വ്യാപനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ചൈനയ്ക്കാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അതേസമയം അമേരിക്ക ഇപ്പോള്‍ അവിശ്വസനീയമായ വിധത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നും കൊറോണയ്‌ക്കെതിരെയുള്ള വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തോട് അടുക്കുകയാണ്. ഇതുവരെ 2,981,002 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 42,604 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഇതുവരെ 132,552 പേരാണ് മരിച്ചത്.
തലശ്ശേരി സബ് കളക്ടറുടെ ഐഎഎസ് റദ്ദാക്കാൻ കേന്ദ്രത്തിന്റെ ശുപാർശ. തലശ്ശേരി സബ് കളക്ടർ ആസിഫ് കെ യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാനാണ് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ആസിഫ് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി ഐഎഎസ്. നേടിയെന്ന പരാതിക്കു പിന്നാലെയാണ് നടപടി.
ഒബിസി സംവരണം ലഭിക്കാൻ പരീക്ഷ എഴുതുന്നതിന് തൊട്ടു മുമ്പുള്ള മൂന്ന് സാമ്പത്തിക വർഷത്തിൽ ഏതെങ്കിലും ഒരു വർഷം കുടുംബത്തിന്റെ വാർഷിക വരുമാനം ആറുലക്ഷത്തിൽ താഴെയാകണമെന്നതാണ് മാനദണ്ഡം. എന്നാൽ മൂന്നു സാമ്പത്തിക വർഷങ്ങളിലും ആസിഫിന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം ആറുലക്ഷത്തിൽ കൂടുതലാണെന്ന് തെളിഞ്ഞിരുന്നു.
ആസിഫിന്റെ ഒബിസി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും റദ്ദാക്കണമെന്നും നിർദേശമുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കണയന്നൂർ തഹസിൽദാർമാർക്കെതിരെ നടപടി എടുക്കാനും നിർദേശമുണ്ട്. നിലവിൽ ആസിഫിന് ഇതുവരെ ഐഎഎസ് നൽകി സ്ഥിരപ്പെടുത്തിയിട്ടില്ല. സംസ്ഥാന സർക്കാരിൽനിന്ന് വിജിലൻസ് ക്ലിയറൻസ് കിട്ടാത്തതിനാലാണ് ആസിഫ് പ്രൊബേഷനിൽ തുടരുന്നതെന്നാണ് സൂചന. അതിനാൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാരിനു തന്നെ നടപടി എടുക്കാമെന്നും കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു.
പ്രസവിച്ചതിന്റെ തൊട്ടടുത്ത ദിവസം പെൺകുഞ്ഞിനെ മരുതിമൂട് സെന്റ് ജോർജ് കത്തോലിക്ക പള്ളിക്ക് മുന്നിൽ ഉപേക്ഷിച്ച സംഭവത്തിൽ മാതാവും കാമുകനും അറസ്റ്റിലായി. ഏനാദിമംഗലം മാരൂർ മംഗലത്ത് പുത്തൻവീട്ടിൽ എ.ൃ അജയ് ( 32) കുട്ടിയുടെ മാതാവ് മാരൂർ ഒഴുകുപാറ കിഴക്കേതിൽ ലിജ (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 30ന് പുലർച്ച കുരിശടിയിൽ മെഴുകുതിരി കത്തിക്കാനെത്തിയവരാണ് കുഞ്ഞിനെ തുണിയിൽ പുതപ്പിച്ച് കിടത്തിയ നിലയിൽ കണ്ടത്.
വിവരമറിഞ്ഞ് പോലീസും ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ പ്രഫ. കെ മോഹൻകുമാറും സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്ത് അടൂർ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്കുശേഷം ജില്ല ശിശുക്ഷേമ സമിതിക്ക് കൈമാറുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
പള്ളിയുടെ മുൻവശത്തെ ക്യാമറ പ്രവർത്തന രഹിതമായത് അന്വേഷണത്തെ ബാധിച്ചെങ്കിലും പത്തനാപുരം മുതൽ അടൂർവരെയുള്ള ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മുന്നിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ നിരീക്ഷണത്തിലാണ് അജയ് ഓടിച്ച ഓട്ടോ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ചെന്നെത്തിയത്.
ആദ്യവിവാഹം വേർപിരിഞ്ഞ് നിന്ന ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നും ഗർഭിണിയായ ശേഷം ലിജ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ലിജയുടെ വീട്ടിൽ പ്രസവിച്ച കുട്ടിയെ ഇരുവരും ചേർന്ന് പള്ളിക്ക് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. സിഐ യു ബിജു, എസ്‌ഐ അനൂപ്, വനിത സീനിയർ സിവിൽ പോലീസ് ഓഫിസർ റഷീദ ബീഗം, സിവിൽ പോലീസ് ഓഫീസർമാരായ അനുരാഗ് മുരളീധരൻ, ശരത്, സുരേഷ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
വെട്ടുക്കിളി ആക്രമണത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി യുഎന്‍ രംഗത്ത്. അടുത്ത നാലാഴ്ച നിര്‍ണായകമാണ്. ഇന്ത്യയുടെ പല സ്ഥലങ്ങളിലും വെട്ടുക്കിളി ആക്രമണം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ മൂന്നുമാസമായി ഇതു തുടരുനന്നു.
ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, സുഡാന്‍, എത്യോപ്യ, ദക്ഷിണ സുഡാന്‍, സൊമാലിയ എന്നിവിടങ്ങളിലും ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പുണ്ട്. അതേസമയം മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ത്യന്‍ ഗവണ്‍മെന്റ് വേണ്ട നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വെട്ടുകിളി ആക്രമണത്തെ തടയാനായി ഏറ്റവും പുതിയ ടെക്നോളജിയായ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിക്കാന്‍ തീരുമാനിച്ചു. വെട്ടുകിളി വിരുദ്ധ ഓപ്പറേഷനില്‍ വ്യോമസേന ആദ്യമായി രണ്ട് എം ഐ 17 ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വെട്ടുകിളി ആക്രമണമുണ്ടായ സംസ്ഥാനമാണ് രാജസ്ഥാന്‍. മധ്യപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഹരിയാന, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലും വെട്ടുകിളി ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇപ്പോള്‍ തന്നെ വെട്ടുകിളികളുമട പ്രജനനം നടക്കുന്നുണ്ട്. ജൂലൈയോടെ ഇവയുടെ മുട്ടകള്‍ വിരിയുകയും സംഘങ്ങളായി തിരിയുകയും ചെയ്യും. ഓഗസ്റ്റ് പകുതിയോടെ വെട്ടുകിളിക്കൂട്ടങ്ങള്‍ രൂപംകൊള്ളുമെന്നും യു എന്‍ ഭക്ഷ്യവകുപ്പ് പറഞ്ഞു.
കോഴിക്കോട് നഗരത്തില്‍ അഞ്ച് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. നവജാത ശിശുക്കളും സ്ത്രീകളും അടക്കമുള്ളവര്‍ക്കാണ് കോവിഡ് ബാധിച്ചത്. നഗരത്തിലെ കണ്ടയ്ന്‍മെന്റ് സോണില്‍ ഒരേ ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്കാണ് രോഗം. കോഴിക്കോട് ഡിഎംഒ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
തൂങ്ങിമരിച്ച ശേഷം കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടയാള്‍ ജോലിചെയ്തിരുന്ന ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ഇവരുടെ രോഗബാധയുടെ ഉറവിടം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. നഗരത്തോട് ചേര്‍ന്ന പ്രദേശത്തുള്ള ഫ്‌ളാറ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് നഗരത്തില്‍ ഉറവിടമറിയാത്ത നാല് കേസുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേന വധിച്ച രണ്ടു ഭീകരർക്കു കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിലാണു രണ്ടു ഹിസ്ബുൽ മുജാഹിദീൻ ഭീകരരെ വധിച്ചത്. ഇവരുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്തുനിന്നു വീണ്ടെടുത്തിരുന്നു. ഞായറാഴ്ച പുറത്തുവന്ന പരിശോധനാഫലത്തിൽ ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചതായി സൈനിക വക്താവ് അറിയിച്ചു. അലിഭായ് എന്നറിയപ്പെടുന്ന ഹൈദർ ആണ് കൊല്ലപ്പെട്ട ഭീകരിൽ ഒരാൾ.
രണ്ടാമന്റെ വിവരങ്ങൾ ലഭ്യമല്ല. ഏറ്റുമുട്ടലിൽ ഒരു സൈനികനും പരുക്കേറ്റിരുന്നു. രഹസ്യവിവരത്തെ തുടർന്നു സുരക്ഷാസേന നടത്തിയ തിരച്ചലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്നു വൻ ആയുധശേഖരം പിടിച്ചെടുത്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ജമ്മു കശ്മീരിൽ ഇതുവരെ 8000ത്തിലധികം പേർക്കാണ് കോവിഡ‍് സ്ഥിരീകരിച്ചത്. 120ലേറെ പേർ മരിച്ചു.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ ആകെ മുറിവേറ്റ നിലയിലാണ്. അവര്‍ ദിശതെറ്റി നിൽക്കുമ്പോള്‍, കൈവന്ന അപ്രതീക്ഷിത സൗഭാഗ്യം എങ്ങനെ മുതലാക്കാമെന്ന ചിന്തയിലാണ് കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ്. കുറഞ്ഞത് സ്മാര്‍ട് ഫോണ്‍ വിപണിയിലെങ്കിലും തങ്ങളുടെ കാറ്റ് ആഞ്ഞു വീശുമെന്നാണ് അവര്‍ കരുതുന്നത്. സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തായിരുന്ന സാംസങ് ചൈനീസ് കമ്പനികളുടെ വരവോടെ പിന്തള്ളപ്പെടുകയായിരുന്നു. ബ്രാന്‍ഡ് നെയിമിന് അപ്പുറത്താണ് ഫോണിന്റെ ഹാര്‍ഡ്‌വെയര്‍ എന്ന കാര്യം ഇന്ത്യന്‍ ഫോണ്‍ പ്രേമികള്‍ അതിവേഗം മനസിലാക്കിയെന്നത് ചൈനീസ് നിര്‍മാതാക്കള്‍ക്ക് ഗുണമായി. പ്രവര്‍ത്തനമികവാണ് ഫോണിനു വേണ്ടത് എന്നുള്ളവര്‍ താന്‍ ഫോണ്‍ വാങ്ങാന്‍ നീക്കിവച്ചിരിക്കുന്ന കാശിനുള്ളില്‍ നില്‍ക്കുന്ന ചൈനീസ് കമ്പനിയുടെ ഫോണ്‍ വാങ്ങും. ചൈനീസ് കമ്പനിയുടെ പേരിഷ്ടമില്ലാത്തവര്‍ സാംസങ് വാങ്ങും എന്ന രീതിയിലായിരുന്നു ഇക്കാലം വരെ കാര്യങ്ങള്‍ നീങ്ങിയിരുന്നതെന്ന് വേണമെങ്കില്‍ ഒഴുക്കനായി പറയാം. എന്നാല്‍, ചൈനാ വിരുദ്ധ വികാരം ആളിക്കത്തുമ്പോള്‍ സാംസങ് ചാകരയ്ക്കായി വലയെറിയും.
ആദ്യ ലക്ഷ്യം ഇപ്പോള്‍ വിപണിയിലെ രണ്ടാം സ്ഥാനക്കാരായ വിവോയുടെ മുന്നില്‍ കയറുക എന്നതായിരിക്കും. ഒന്നാം സ്ഥാനത്തുള്ള ഷഓമിക്ക് ഇന്ത്യയില്‍ 30 ശതമാനം വില്‍പ്പനയുണ്ട്. രണ്ടാം സ്ഥാനത്തുള്ള വിവോ 17 ശതമാനവും, മൂന്നാം സ്ഥാനത്തുള്ള സാംസങ് 16 ശതമാനവും വില്‍പ്പന നടത്തുന്നു. ചൈനീസ് കമ്പനികള്‍ക്ക് തങ്ങളുടെ ഉപകരണങ്ങള്‍ നിര്‍മിച്ചെടുക്കാനുള്ള ഘടകഭാഗങ്ങള്‍ വരെ ഇന്ത്യയില്‍ എത്തിച്ചുകിട്ടാന്‍ പാടായിരിക്കുകയാണ്. എന്നാല്‍, സാംസങിന് ചൈനയില്‍ നിന്നു മാത്രമല്ല ഘടകഭാഗങ്ങള്‍ എത്തുന്നത് കൊറിയയില്‍ നിന്നും അവര്‍ സാധനങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ഇന്ത്യന്‍ വിപണി തിരിച്ചുപിടിക്കാനുള്ള സാധ്യത കണ്ട് സാംസങ് കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 10,000-20,000 രൂപ റെയ്ഞ്ചില്‍ നാലു പുതിയ ഹാന്‍ഡ്‌സെറ്റുകളാണ് അവതരിപ്പിച്ചത്. ‘കാലാവധി കഴിയാറായ’ സാംസങ് ഹാന്‍ഡ്‌സെറ്റുകള്‍ പോലും ഇന്ത്യന്‍ ഉപയോക്താക്കള്‍ വാങ്ങിക്കൂട്ടുന്നതും കാണാനായി. ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് വില്‍പ്പനയുടെ 81 ശതമാനവും ചൈനീസ് ഫോണ്‍ നിര്‍മാതാക്കളുടെ കൈയ്യിലാണ്.
ചൈനയിലെ തങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാംസങ് കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചിരുന്നു. ഇതു കൂടാതെ, സാംസങ് ഇന്ത്യയിലേക്കു കൊണ്ടുവരുന്ന സാധനങ്ങളൊന്നും തുറമുഖങ്ങളില്‍ തടഞ്ഞു വച്ചേക്കരുതെന്ന് സര്‍ക്കാർ കഴിഞ്ഞയാഴ്ച ഉത്തരവും ഇറക്കിയിരുന്നു. ആവര്‍ക്ക് ഇപ്പോള്‍ ഓട്ടോമാറ്റിക് അപ്രൂവല്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍, ചൈനീസ് കമ്പനികള്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ 100 ശതമമാനവും കസ്റ്റംസുകാര്‍ എടുത്തു പരിശോധിച്ച ശേഷം മാത്രമായിരിക്കും വിട്ടു നല്‍കുക. ഇതൊക്കെയാണെങ്കിലും തങ്ങള്‍ ഉദ്ദേശിക്കുന്ന വിലയ്ക്ക് ചൈനീസ് ഫോണ്‍ നിര്‍മാതാക്കള്‍ സ്മാര്‍ട് ഫോണുകള്‍ വിപണിയിലെത്തിച്ചാല്‍ ആളുകള്‍ അവ വാങ്ങുക തന്നെ ചെയ്യുമെന്നാണ് ഐഡിസി ഇന്ത്യയുടെ ഡയറക്ടറായ നവ്‌കേന്ദര്‍ സിങ് പറഞ്ഞത്.
ഉപയോക്താക്കളില്‍ നിന്ന് രണ്ടു തവണ സമ്മതം വാങ്ങി മാത്രം അവരെ ട്രാക്കു ചെയ്താല്‍ മതി എന്ന ഒരു നിലപാട് ആപ്പിള്‍ തങ്ങളുടെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ ഐഒഎസിന്റെയും ഐപാഡ് ഒഎസിന്റെയും അടുത്ത വേര്‍ഷനുകളില്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. ഇതിനെതിരെ ഗൂഗിളിനെയും ഫെയ്‌സ്ബുക്കിനെയും പിന്തുണയ്ക്കുന്ന ചില യൂറോപ്യന്‍ പരസ്യ അസോസിയേഷനുകള്‍ രംഗത്തുവന്നിരിക്കുകയാണ്. പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍, തങ്ങള്‍ ഉപയോക്താക്കളെ ട്രാക്കു ചെയ്യാന്‍ പോകുന്ന കാര്യം ഒരു പോപ്-അപ് സന്ദേശത്തിലൂടെ അറിയിക്കണം എന്നാണ് ആപ്പിള്‍ അറിയിച്ചിരിക്കുന്നത്. അതായത്, ഒരു ആപ്, ഉപയോക്താവ് മറ്റ് ആപ്പില്‍ എന്തു ചെയ്യുന്നുവെന്നോ, വെബില്‍ എന്തു ചെയ്യുന്നുവെന്നോ അറിയാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ഉപയോക്താവിനോട് വ്യക്തമായിട്ട് അങ്ങു പറഞ്ഞിട്ടു ചെയ്താല്‍ മതി എന്നാണ് ആപ്പിളിന്റെ പുതിയ നിലപാട്. ഇത്തരം ട്രാക്കിങിലൂടെയാണ് ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികള്‍ ഒരു വ്യക്തിയുടെ താത്പര്യങ്ങള്‍ അറിഞ്ഞ ശേഷം പരസ്യങ്ങള്‍ കാണിക്കുന്നത്.
ഫെയ്‌സ്ബുക്കും ഗൂഗിളും പിന്തുണയ്ക്കുന്ന 16 മാര്‍ക്കറ്റിങ് അസോസിയേഷനാണ് ഇതിനെതിരെ രംഗത്തു വന്നിരിക്കുന്നത്. പരസ്യ വ്യവസായം അംഗീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങളുടെ പരിധിക്കുള്ളില്‍ നിന്നുവേണം ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ എന്നാണ് അവര്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയന്റെ സ്വകാര്യതാ നിയമങ്ങള്‍ നിലവിലുണ്ട്. അതനുസരിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്താനെ നിര്‍ബന്ധിക്കാവൂ എന്നാണ് അവരുടെ വാദം. ഇനിമേല്‍ ആപ്പുകള്‍ രണ്ടുതവണ ഉപയോക്താവിന്റെ സമ്മതം ചോദിക്കണമെന്നാണ് ആപ്പിള്‍ അവശ്യപ്പെടാന്‍ പോകുന്നത്. അങ്ങനെ വരുമ്പോള്‍ ഉപയോക്താവ് അതു വേണ്ടന്നു പറയാനുളള സാധ്യത ഇരട്ടിക്കുമെന്നാണ് അസോസിയേഷനുകള്‍ പറയുന്നത്. ഓണ്‍ലൈന്‍ ട്രാക്കിങിലൂടെ കാശുണ്ടാക്കുന്ന ആയിരക്കണക്കിനു കമ്പനികളില്‍ ഏറ്റവും പ്രധാനപ്പെട്ടവ ഫെയ്‌സ്ബുക്കും ഗൂഗിളുമാണ്. പ്രത്യക്ഷത്തില്‍ ആളുകളുടെ ഇഷ്ടാനിഷ്ടങ്ങള്‍ വ്യക്തമായ മനസിലാക്കിയ ശേഷം ഉചിതമായ പരസ്യങ്ങള്‍ കാണിക്കുക എന്ന താരതമ്യേന നിഷ്‌കളങ്കമെന്നു തോന്നിക്കുന്ന ലക്ഷ്യമാണ് അവര്‍ക്കുള്ളത്. എന്നാല്‍, ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ ഡിജിറ്റല്‍ പ്രൊഫൈലുകൾ സൃഷ്ടിച്ചു സൂക്ഷിക്കുന്നു എന്ന ഗുരുതരമായ ആരോപണവും ഇരു കമ്പനികള്‍ക്കുമെതിരെ വര്‍ഷങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്.
ഒരു ആപ്, നിങ്ങള്‍ മറ്റ് ആപ്പുകള്‍ ഉപയോഗിക്കുന്ന രീതിയും നിങ്ങളുടെ ഇന്റര്‍നെറ്റ് ബ്രൗസിങും അറിയാന്‍ ആഗ്രഹിക്കുന്നു, അതിന് അനുമതി നല്‍കുന്നുണ്ടോ എന്ന് എഴുതിക്കാണിക്കാനാണ് ആപ്പിളിന്റെ ഉദ്ദേശം. കൂടാതെ, എന്തിനു വേണ്ടിയാണ് ട്രാക്കു ചെയ്യുന്നതെന്ന് ആപ്പുകളോട് തന്നെ എഴുതിക്കാണിക്കാന്‍ പറയാനുമാണ് പരിപാടിയത്രെ. ആപ്, ഒരു പ്രത്യേക ന്യൂമറിക് ഐഡന്റിഫയര്‍ ഉപയോഗിച്ചു തുടങ്ങുന്നതു വരെ സമ്മതം ഒന്നും വേണ്ട. ബാക്കിയുള്ള കാര്യങ്ങള്‍ക്ക് ഒറ്റത്തവണ സമ്മതം ചോദിച്ചാല്‍ മതിയെന്നാണ് അപ്പിള്‍ പറയുന്നത്. എന്നാല്‍ രണ്ടാമത്തെ സമ്മതം ചോദിക്കല്‍ ഒരു മുന്നറിയിപ്പു പോലെ കാണിച്ചാല്‍, ആളുകള്‍ അത് വേണ്ടന്നുവയ്ക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പരസ്യ കമ്പനികള്‍ പറയുന്നത്. ഇതൊന്നും പോരാഞ്ഞിട്ടെന്നതു പോലെ ആപ്പിള്‍ തന്നെ വികസിപ്പിച്ച ഒരു ഫ്രീ ടൂളും തങ്ങളെ ട്രാക്കു ചെയ്യുന്നുണ്ടോ എന്നറിയാന്‍ ഉപയോക്താവിനു നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ വാടാസാപ് പെയ്‌മെന്റ് ഉടന്‍ സജീവമാകാനിരിക്കെ, ലോകത്ത് ആദ്യമായി ഈ സമൂഹ മാധ്യമ സൈറ്റിലൂടെ പണം കൈമാറ്റം തുടങ്ങിയ രാജ്യമായ ബ്രസീല്‍ പറയുന്നത് തങ്ങളുടെ ഉപയോക്താക്കളുടെ ഡേറ്റ സംരക്ഷണവും മറ്റും വേണ്ടവിധത്തില്‍ നടക്കുന്നുണ്ട് എന്നതിനെപ്പറ്റി അവലോകനം ആവശ്യമുണ്ട് എന്നാണ്. ഇതിന് വാട്‌സാപ് മറുപടി നല്‍കിയിട്ടില്ല. കഴിഞ്ഞയാഴ്ച ബ്രസീലിലെ കേന്ദ്ര ബാങ്ക് ഈ സേവനം നിർത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഡേറ്റാ സ്വകാര്യത അടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞാണ് ഇതു നിർത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്.
താമസിയാതെ ഇന്ത്യയില്‍ എത്തുന്ന വണ്‍പ്ലസ് കമ്പനിയുടെ വിലകുറഞ്ഞ സ്മാര്‍ട് ഫോണായ നോര്‍ഡ് മോഡലിന് 5ജി കണ്ടേക്കുമെന്ന് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നു. സ്‌നാപ്ഡ്രാഗണ്‍ 765ജി ആയിരിക്കും അതിന്റെ പ്രോസസര്‍ എന്നും കേള്‍ക്കുന്നു. മികച്ച ഫോണുകളോട് മാറ്റുരയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ക്യാമറാ പ്രകടനം ഉണ്ടായിരിക്കുമെന്നും പറയുന്നു. ആമസോണിലൂടയായിരിക്കും ഫോണിന്റെ വില്‍പ്പനയെന്നു കരുതുന്നു. അവര്‍ ഇപ്പോള്‍ത്തന്നെ നോര്‍ഡിനായി പേജ് തയാറാക്കിയിട്ടുണ്ട്. എന്നാല്‍, ആദ്യം പറഞ്ഞു കേട്ട തരം വിലക്കുറവുണ്ടായേക്കില്ല എന്നും പറയുന്നു. ഇതിന് 35,000 രൂപയ്ക്കു മുകളിലാണ് വിലയെങ്കില്‍ സ്മാര്‍ട് ഫോണ്‍ പ്രേമികള്‍, ഐഫോണ്‍ എസ്ഇ 2020 ആയിരിക്കാം വാങ്ങാന്‍ താത്പര്യപ്പെടുക എന്നു പറയുന്നവരും ഉണ്ട്.
ഇന്നു വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധു വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ. പറപ്പൂക്കാവ് തെക്കൂട്ടയിൽ അശോകന്റെ മകൾ അനുഷ(22)യെയാണ് ഇന്നലെ പുലർച്ചെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയ്യാൽ സ്വദേശിയായ യുവാവുമായി ഞായറാഴ്ച വിവാഹം നടക്കാനിരിക്കുകയായിരുന്നു.
കുന്നംകുളം സബ് ഇൻസ്‌പെക്ടർ ഇ ബാബുവിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തീകരിച്ചശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കൊവിഡ് പരിശോധന പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ഷീല മാതാവും അതുല്യ സഹോദരിയുമാണ്.
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ യോഗം ചേരുന്നത് കണ്ടെയ്ൻമെന്റ് സോണിലെന്ന് വാർത്ത. സംഭവം ചർച്ചയായതോടെ ഹോട്ടൽ അടയ്ക്കാൻ പോലീസ് നിർദേശിച്ചു. കൊച്ചിയിലെ ഹോളിഡേ ഇൻ എന്ന ഹോട്ടലിലാണ് താരസംഘടനയുടെ യോഗം ചേർന്നിരിക്കുന്നത്. യോഗം താത്കാലികമായി നിർത്തിവെച്ചിരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
യോഗത്തിൽ എംഎൽഎമാരായ മുകേഷും കെബി ഗണേശ് കുമാറും പങ്കെടുക്കുന്നുണ്ട്. മൂന്നു മണിക്ക് താര സംഘടന മാധ്യങ്ങളെ കണ്ട് യോഗ തീരുമാനം അറിയിക്കുമെന്ന് പറഞ്ഞിരുന്നു. അതിനിടയിലാണ് കണ്ടെയ്ൻമെന്റ് സോണിൽ യോഗം നടക്കുന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വരുന്നവരെ ക്വാറന്റീൻ ചെയ്യുന്ന ഹോട്ടലാണിതെന്നും റിപ്പോർട്ട് .
അതേസമയം കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് നാഷണൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന സ്ഥലമായതു കൊണ്ടാവാം യോഗം ചേർന്നതെന്ന് മേയർ സൗമിനി ജെയ്ൻ പറഞ്ഞു. അതേസമയം യോഗം ചേരാൻ പാടില്ലാത്ത അവസരത്തിൽ അതിന് അനുവദിക്കില്ലെന്നും മേയർ വ്യക്തമാക്കി.