ഐഎസ് ഭീകര സാന്നിധ്യ കേരളതീരത്തെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിനു പിന്നാലെ പുറം കടലിൽ അധികൃതരെ വെട്ടിച്ച് ബോട്ടിന്റെ പാച്ചിൽ. സിനിമയെ വെല്ലുന്ന ബോട്ട് ചെയ്സിലൂടെ ഏറെ നേരത്തിനൊടുവിൽ കോസ്റ്റ് ഗാർഡിന്റെ ചെറുകപ്പൽ ബോട്ടിനെ സാഹസികമായി പിടികൂടി കരയിലെത്തിച്ചു.
കൊല്ലം ശക്തികുളങ്ങര നിന്നുള്ള ട്രോളർ ബോട്ടും ഇതിലെ 14 മത്സ്യത്തൊഴിലാളികളെയുമാണു വിഴിഞ്ഞത്തെത്തിച്ചത്. ഇവരെ അധികൃതർ വിശദമായി ചോദ്യം ചെയ്തു. ആദ്യം വിഴിഞ്ഞത്തെ മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ബോട്ടാണ് പട്രോളിങിനിടെ വലിയ തുറ ഭാഗത്തു വച്ച് ദൂരപരിധി ലംഘിച്ച് മീൻപിടിത്തം നടത്തിയെന്ന പേരിൽ ഈ ബോട്ടിനെ പിടികൂടാൻ ശ്രമിച്ചത്.
മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ സിഐ: എസ്.എസ്.ബൈജു, സിപിഒ: ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബോട്ടുകാരിൽ നിന്നു രേഖകൾ വാങ്ങാനുള്ള ശ്രമത്തിനിടെ പെട്ടെന്നു ബോട്ട് വെട്ടിച്ചു പായുകയായിരുന്നു.എൻഫോഴ്സ്മെന്റ് ബോട്ടിലെ സ്രാങ്ക്മാരായ അഗസ്റ്റിൻ, ജോയി, ലൈഫ് ഗാർഡുമാരായ പ്രദീപ്, മനോഹരൻ എന്നിവരുൾപ്പെട്ട ബോട്ട് പിന്നാലെ പോയെങ്കിലും മത്സ്യബന്ധന ബോട്ട് പരമാവധി വേഗത്തിൽ ഓടിച്ചു പോയി.
വിവരം കിട്ടിയ വിഴിഞ്ഞം കോസ്റ്റ്ഗാർഡ് സി-410 അതിവേഗ ബോട്ട് പിന്നാലെ പാഞ്ഞു. കമാൻഡിങ് ഓഫിസർ ഡെപ്യൂട്ടി കമാൻഡന്റ് സി.വി.ടോമിയുടെ നേതൃത്വത്തിലുള്ള 10 അംഗ സേനാവിഭാഗം മിനിറ്റുകൾക്കുള്ളിൽ വലിയതുറ ഭാഗത്തെത്തി മത്സ്യബന്ധന ബോട്ടിനെ പിന്തുടർന്നു. മുന്നറിയിപ്പുകൾ പലവട്ടം നൽകിയിട്ടും നിർത്താൻ കൂട്ടാക്കാതെ ബോട്ടു വടക്കൻ ഭാഗത്തേക്ക് പാഞ്ഞതോടെ സേനാധികൃതർ കൊച്ചി കേന്ദ്രത്തിൽ വിവരം നൽകി.
അവിടെ നിന്നുള്ള സേനാ ബോട്ടുകൾ സജ്ജരാവുകയും പുറം കടലിൽ നിരീക്ഷണത്തിലുള്ള കപ്പലുകൾക്കു വിവരം കൈമാറുകയും ചെയ്തു. ഒരു മണിക്കൂറോളം പുറംകടലിൽ സിനിമയെ വെല്ലുന്ന ബോട്ട് ചെയ്സായിരുന്നു. മുന്നറിയിപ്പുകൾ അവഗണിച്ചു ഏകദേശം 15 നോട്ടിക്കൽ മൈൽ ദൂരം ഇരു ബോട്ടുകളും മത്സരിച്ചു പാഞ്ഞു.മര്യനാട് പിന്നിട്ടു കഴിഞ്ഞപ്പോൾ സേനാ ബോട്ട് മുന്നിൽകയറി. വെടിയുതിർക്കുമെന്ന നിലവന്നപ്പോളാണു മത്സ്യബന്ധന ബോട്ട് കീഴടങ്ങിയത്.
പിടികൂടിയ ബോട്ടിൽ ഉടൻ സേന പരിശോധന നടത്തി. തൊഴിലാളികളെ ചോദ്യം ചെയ്തു. 20 പെട്ടി മത്സ്യമുണ്ടായിരുന്ന ബോട്ടിൽ 8 തമിഴ്നാട്ടുകാരായ മത്സ്യത്തൊഴിലാളികളും 6 വടക്കേ ഇന്ത്യൻ തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. മത്സ്യബന്ധന ലൈസൻസ് ഉണ്ടെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു.
സംശയമുയർത്തി ബോട്ടു പാഞ്ഞതാണ് അധികൃതരെ ആശങ്കയിലാഴ്ത്തിയത്. ബോട്ടിലെ മീൻ ലേലം ചെയ്യുകയും പിഴയീടാക്കുകയും ചെയ്യുമെന്നു മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ അറിയിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് എസ്പി: കിഷോർകുമാർ, ഫിഷറീസ് അസി. ഡയറക്ടർ രാജീവ്, എസ്ഐ: ഷിബുരാജ് എന്നിവർ സ്ഥലത്തെത്തി.
മലയാളി എന്നും അഭിമാനത്തോടെ ചൂണ്ടികാണിച്ച കലാകാരനായിരുന്നു ബാലഭാസ്കർ. അദ്ദേഹത്തിന്റെയും മകളുടെയും അപകടമരണത്തിന്റെ ഞെട്ടൽ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഇതിനൊപ്പമാണ് ചില വിവാദങ്ങളിലേക്ക് ബാലഭാസ്കറിന്റെ പേര് വലിച്ചിഴക്കപ്പെടുന്നത്.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഇടനിലക്കാരായ രണ്ടുപേർക്ക് ബാലഭാസ്കറുമായി ബന്ധമുണ്ടെന്നായിരുന്നു പ്രചരിച്ച വാർത്ത. എന്നാൽ ഇതിന് പിന്നിലെ സത്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി. ബാലഭാസ്കറിന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ലക്ഷ്മിയുടെ പ്രതികരണം.
‘സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവർ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാനേജർമാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ്.ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ ഇവർ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവർക്ക് നൽകിയിരുന്നു .ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.’ ലക്ഷ്മി കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവർ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാനേജർമാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ്.ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ ഇവർ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവർക്ക് നൽകിയിരുന്നു .ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.
ഈ പേരുകാർക്കൊപ്പം ബാലഭാസ്കറിന്റെ പേര് അപകീർത്തികരമായ നിലയിൽ മാധ്യമങ്ങളിൽ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്.അതുകൊണ്ട് ദയവായി അത്തരം പരാമർശങ്ങളൊഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ
ലക്ഷ്മി ബാലഭാസ്കർ
മോദി സര്‍ക്കാരില്‍ കേരളത്തിന് പ്രാതിനിധ്യമുണ്ടാകുമെന്ന് ജനപക്ഷം സെക്യുലര്‍ നേതാവ് പി.സി.ജോര്‍ജ്. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ തനിക്ക് കഴിയും. പശുവിന്റെ പേരില്‍ നടന്ന കൊലപാതകങ്ങള്‍ പ്രാദേശികപ്രശ്നമാണെന്നും അതിന്റെ പേരില്‍ കേരളത്തിലെ രാഷ്ട്രീയം നിര്‍ണയിക്കേണ്ടതില്ലെന്നും ജോര്‍ജ് ഡല്‍ഹിയില്‍ പറഞ്ഞു.
കേന്ദ്ര മന്ത്രിസഭയിലെ മലയാളി പ്രാതിനിധ്യത്തെക്കുറിച്ച് തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രി ആണെന്ന് വി. മുരളീധരൻ എം പി പറഞ്ഞു. വ്യക്തിപരമായി മന്ത്രി സ്ഥാനം പ്രതീക്ഷിക്കുന്നില്ല. കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷകൾ കൂടി നിറവേറ്റുന്ന സര്‍ക്കാരാകും മോദിയുടെതെന്നും വി മുരളീധരൻ
നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കേരളത്തിന് വലിയ പ്രതീക്ഷകളെന്ന് ബി.ജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള . കേരളത്തോട് എന്നും മോദി മമത കാണിച്ചു. അത് മന്ത്രിസഭയിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കേരളത്തിന് അവകാശവാദം ഉന്നയിക്കാൻ അർഹതയില്ല . കൂടുതൽ പാർട്ടികൾ രണ്ട് മുന്നണികളിൽ നിന്നും എൻ.ഡി.എയിലെത്തും. കേരള കോൺഗ്രസ് എമ്മിലെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ നീക്കം നടത്തേണ്ട ഘട്ടം എത്തിയതായി കരുതുന്നില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.
നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രതികള്‍ ആരെന്ന് പൊലീസ് ഹൈക്കോടതിയില്‍ വെളിപ്പെടുത്തി. സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കുടുംബാംഗങ്ങള്‍ തന്നെയാണ് മരണത്തിന് ഉത്തരവാദികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ പ്രതികളായ നാല് പേരും പോലീസ് കസ്റ്റഡിയിലാണ്.
ആത്മഹത്യക്കുറിപ്പിൽ ബാങ്ക് ഉദ്യോഗസ്ഥരുടെ കാര്യം പരാമർശിച്ചിട്ടില്ല. മരണത്തിന് മുമ്പ് ജപ്തി നടപടിക്കെതിരെ ലേഖ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് പൊലീസിന്‍റെ മറുപടി.
നിലവിലെ സാഹചര്യത്തിൽ ബാങ്കുദ്യോഗസ്ഥരെ കേസിൽ പ്രതിചേർക്കാനാവില്ലെന്ന് സർക്കാരും ഹൈക്കോടതിയെ അറിയിച്ചു. ഹർജിക്കാരനായ ലേഖയുടെ ഭർത്താവാണ് ഭാര്യയെയും മകളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. അതേസമയം ലേഖ നൽകിയ കേസ് ഇനി ആരു മുൻപോട്ടു കൊണ്ട് പോകുമെന്നും കോടതി ചോദിച്ചു. നിർഭാഗ്യകരമായ സാഹചര്യമെന്നും കോടതി നിരീക്ഷിച്ചു.
ലേഖയുടെയും മകളുടെയും ആത്മഹത്യയിൽ ഭർത്താവ് ചന്ദ്രനും അമ്മയും ബന്ധുക്കളും അറസ്റ്റിലായിരുന്നു. മരിച്ച സ്ത്രീയുടെ ബന്ധുക്കൾക്ക് നിയമ നടപടികളുമായി മുന്നോട്ടു പോകാം. ബാങ്കിന് നിയമപരമായ ജപ്തി നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിര്‍ദ്ദേശിച്ച കോടതി ഹർജി തീർപ്പാക്കി. അന്വേഷണം സത്യസന്ധമായ രീതിയിൽ മുന്നോട്ടു പോകണം എന്നും കോടതി പറഞ്ഞു
രണ്ടാം മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നും അംഗത്വം ഉണ്ടാകുമെന്ന് സൂചന. കുമ്മനം രാജശേഖരനോട് ഡെല്‍ഹിയിലെത്താന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിച്ചു. നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കുമ്മനം അറിയിച്ചിരുന്നുവെങ്കിലും കേന്ദ്ര നേതാക്കള്‍ വിളിച്ചുവരുത്തുന്നതോടെ കേന്ദ്രമന്ത്രിസഭയില്‍ അംഗമായേക്കുമെന്നും സൂചനയുണ്ട്. കുമ്മനം നാളെ ഡെല്‍ഹിയിലേക്ക് പുറപ്പെടും.
രാജ്യസഭാംഗമായ വി മുരളീധരന്റെയും അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്. മുരളീധരന്‍ രാത്രിയോടെ ഡല്‍ഹിക്ക് തിരിക്കും. നിലവില്‍ സഹമന്ത്രിയായ കണ്ണന്താനം സ്ഥാനത്ത് തുടരാനാണ് സാധ്യത. കുമ്മനത്തിന്റെ കാര്യത്തില്‍ വ്യാഴാഴ്ച രാവിലെയോടെ മാത്രമേ വ്യക്തമാകൂ.
നിലവിലെ കേന്ദ്രമന്ത്രിമാരായ രാജ് നാഥ് സിങ്ങ്, നിര്‍മലാ സീതാരാമന്‍, സുഷമ സ്വരാജ്, സ്മൃതി ഇറാനി, രവിശങ്കര്‍ പ്രസാദ്, പീയൂഷ് ഗോയല്‍ എന്നിവര്‍ തുടരുമെന്ന് ഉറപ്പായിട്ടുണ്ട്. എന്‍ഡിഎ സഖ്യക്കഷികളായ ശിവസേനയ്ക്കും ജനതാദിളിനും ഓരോ ക്യാബിനറ്റ് മന്ത്രിസ്ഥാനവും സഹമന്ത്രി സ്ഥാനവും നല്‍കിയേക്കും.
നരേന്ദ്ര മോദിയെ പ്രശംസിച്ച് വിവാദത്തിലായ എ.പി. അബ്ദുള്ളക്കുട്ടിയുമായി ബിജെപി നേതാക്കൾ അനൗദ്യോഗിക ചർച്ചകൾ നടത്തിയതായി സൂചന. അബ്ദുള്ളക്കുട്ടി ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കളെ സ്വാഗതം ചെയ്യുന്നതായി ബിജെപി കണ്ണൂർ ജില്ലാ നേതൃത്വം വ്യക്തമാക്കി. അബ്ദുള്ളക്കുട്ടി പാർട്ടിയിൽ തുടരില്ല എന്നതിന്റെ സൂചനയാണ് മോദി സ്തുതിയെന്ന് വി.എം.സുധീരൻ പറഞ്ഞു.
കോൺഗ്രസ് അച്ചടക്ക നടപടിയെടുത്തേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ ചേർക്കാനുള്ള ശ്രമങ്ങൾ ബിജെപി ഊർജിതമാക്കിയത്. അബ്ദുള്ളക്കുട്ടിയുമായി ജില്ലാ നേതൃത്വം
അനൗദ്യോഗിക ചർച്ചകൾ നടത്തിയതായാണ് വിവരം. എന്നാൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് നടപടിയുടെ രൂപത്തിലെത്താത്തതിനാൽ അബ്ദുള്ളക്കുട്ടി വ്യക്തമായ മറുപടിയും നൽകിയിട്ടില്ല. എല്ലാ നേതാക്കളെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പറഞ്ഞു.
കണ്ണൂർ ഡിസിസിയുടെ പരാതിയിൽ അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിക്കാൻ കെ.പി.സി.സി തീരുമാനിച്ചിരുന്നു. ഈ വിശദീകരണം ലഭിച്ച ശേഷം അബ്ദുള്ളക്കുട്ടിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.
ഹൈടെക് മാതൃകയില്‍ പൊന്നാനി പാലമെത്തും. കൊല്‍ക്കത്ത ഹൗറ പാലത്തിന്റെ മോഡലിലാണ് പൊന്നാനി പോലം വരാന്‍ പോകുന്നത്. 236 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം. പാലത്തിന്റെ കരാറില്‍ ഉടന്‍ ഒപ്പുവെക്കും. ആറ് കമ്പനികളില്‍ നിന്ന് ഒന്നിനെയായിരിക്കും കണ്‍സള്‍ട്ടന്‍സിയായി തെരഞ്ഞെടുക്കുക.
പെരുമാറ്റച്ചട്ടങ്ങള്‍ പിന്‍വലിച്ചതോടെയാണ് ഈ ആഴ്ചതന്നെ കരാറില്‍ ഒപ്പുവെക്കാന്‍ തീരുമാനമായിട്ടുള്ളത്. ഇതോടെ നിര്‍മ്മാണത്തിനായുള്ള ആഗോള ടെണ്ടര്‍ വിളിക്കാനാവും.പൊന്നാനി അഴിമുഖത്ത് നിര്‍മ്മിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കടല്‍ തൂക്കുപാലത്തിന് കണ്‍സള്‍ട്ടന്റാകാന്‍ ആറ് അന്താരാഷ്ട്ര കമ്പനികളാണ് രംഗത്തുള്ളത്.
അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലൂയിസ് ബെഗര്‍ കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ്, മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സിയായ എസ് ടി യു പി കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ്, എല്‍ ആന്റ് ടി ഇന്‍ഫ്രാസ്ട്രക്ചര്‍ എഞ്ചിനിയറിംഗ് ലിമിറ്റഡ്, ടി പി എഫ് എഞ്ചിനിയറിംഗ് പ്രൈവറ്റ് ലിമിറ്റഡ്, സ്‌പെക്ട്രം ടെക്‌നോ കണ്‍സള്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ്, സോഇല്‍ ലിമിറ്റഡ് എന്നീ കമ്പനികളാണ് ടെണ്ടറിന് അപേക്ഷിച്ചിരിക്കുന്നത്. കൂടുതല്‍ കമ്പനികള്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ആറ് കമ്പനികളാണ് അര്‍ഹത നേടിയത്.
അന്താരാഷ്ട്ര തലത്തില്‍ മുപ്പത് മുതല്‍ അമ്പത് വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ള കമ്പനികളാണിത്. റോഡ്, ജല ഗതാഗതത്തിനും ടൂറിസത്തിനും ഒരു പോലെ സഹായകമാകുന്ന തരത്തിലാണ് പദ്ധതി ഉദ്ദേശിക്കുന്നത്. കണ്‍സല്‍ട്ടന്റായി തെരഞ്ഞെടുക്കുന്ന കമ്പനി തയ്യാറാക്കുന്ന ഡിസൈനിന്റെയും ഡി പി ആറിന്റെയും അടിസ്ഥാനത്തിലായിരിക്കും ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കുക.
തീരദേശ ഹൈവേയുടെ ഭാഗമായി തിരൂര്‍ പടിഞ്ഞാറേക്കരയില്‍ നിന്നും പൊന്നാനി വരെ നീളുന്ന 236 കോടി രൂപ അടങ്കല്‍ ചെലവു വരുന്ന ഹൗറ മോഡല്‍ തൂക്കുപാലത്തിന് കിഫ്ബിയാണ് അംഗീകാരം നല്‍കിയത്. പദ്ധതിക്ക് ഭരണാനുമതിയും ലഭ്യമായിട്ടുണ്ട്.
ബിജോ തോമസ്
ചങ്ങനാശേരിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ രണ്ട് ഹോട്ടൽ തൊഴിലാളികൾ ശ്വാസം ലഭിക്കാതെ കുഴഞ്ഞുവീണ് മരിച്ചു. ചങ്ങനാശേരി മോസ്കോ അഴകാത്തുപടി സ്വദേശി ജോബി(35), ബംഗാൾ സ്വദേശി ബിജയ്(25) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയായിരുന്നു അപകടം.

പഴയ ബസ്റ്റാൻഡിന് സമീപമുള്ള ഹോട്ടലിലെ കിണർ വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ജോബിക്ക് അസ്വാസ്ഥ്യമുണ്ടായതോടെ ഇയാളെ സഹായിക്കാനാണ് ബിജയ് കൂടി ഇറങ്ങിയത്.

ഇരുവരും ബോധരഹിതരായതോടെ നാട്ടുകാർ ഫയർഫോഴ്സിനെ വിലരം അറിയിക്കുകയായിരുന്നു. ഏറെ പണിപ്പെട്ട് ഫയർഫോഴ്‌സ് ഇരുവരെയും പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടസാഹചര്യങ്ങളിലെത്തുന്ന യാത്രക്കാർക്ക് കെഎസ്ആർടിസി ജീവനക്കാർ സഹായത്തിനെത്തുന്ന നിരവധി വാർത്തകള്‍ സമീപകാലത്തായുണ്ട്. ഇതിപ്പോൾ രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് താരമായിരിക്കുകയാണ് ആർഎസ്എം 924, KL 15 A 461 നമ്പർ ബസിലെ ഡ്രൈവർ. അടിവാരത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിൽ യാത്ര ചെയ്ത നൂറാംതോട് സ്വദേശികളായ ബാബു–അബിദ ദമ്പതികളുടെ കുഞ്ഞിനാണ് യാത്രയ്ക്കിടെ ശ്വാസതടസ്സമുണ്ടായത്.
ജീവവായു കിട്ടാതെ പിടഞ്ഞ കുഞ്ഞിനെ മാറോട് ചേർത്ത് കരഞ്ഞ അമ്മയും അച്ഛനും എന്ത് ചെയ്യുമെന്നറിയാതെ പകച്ച് നിന്നപ്പോഴാണ് ആലോചിക്കാൻ പോലും സമയമെടുക്കാതെ ഡ്രൈവർ ബസ് റൂട്ട് മാറ്റി ആശുപത്രി കാഷ്വാലിറ്റി ഗേറ്റിലേക്ക് ഓടിച്ച് കയറ്റിയത്. മറ്റ് യാത്രക്കാരും കുഞ്ഞുജീവനൊപ്പം നിന്നതോടെ കാര്യങ്ങൾ വളരെ എളുപ്പമായി.
താമരശ്ശേരി ചുങ്കത്ത് നിന്നും മിനി ബൈപ്പാസ് വഴി മദർ മേരി ആശുപത്രിയിലേക്കാണ് കുഞ്ഞിനെയും കൊണ്ട് ബസ് പറന്നത്. കുഞ്ഞിന് നേരത്തെ പനിയുടെ ലക്ഷണം കണ്ടതോടെയാണ് രക്ഷിതാക്കൾ യാത്ര പുറപ്പെട്ടത്. ഷിഗല്ല പനിയുടെ ലക്ഷണം കണ്ടതിനെത്തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരിക്കുകയാണ്. ഏതായാലും ഒട്ടും താമസിക്കാതെ കുഞ്ഞു ജീവൻ രക്ഷിക്കാൻ ആ ഡ്രൈവർ കാണിച്ച മനസ്സിനെ സ്തുതിക്കുകയാണ് രക്ഷിതാക്കളും യാത്രക്കാരും വാർത്ത അറിഞ്ഞവരും.
പോക്സോ കേസില്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ യുവാവിന് പൊലീസിന്‍റെ ക്രൂര മര്‍ദ്ദനം. മര്‍ദ്ദനം സഹിക്കവയ്യാതെ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയ യുവാവിനെ അര്‍ദ്ധ നഗ്നനാക്കി, പൊതുജനമദ്ധ്യത്തില്‍ അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് ചവിട്ടി പൊലീസ് മര്‍ദ്ദനം. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച ഭാര്യയെ പൊലീസ് മുട്ട് കാലിന് തൊഴിച്ച് മാറ്റുന്നതും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് രണ്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു. എസ്സിപിഒ സൈമൻ. സിപിഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : പോക്‌സോ കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അനീഷിനെ ഒരു സ്ത്രീയെ ആക്രമിച്ച കേസിൽ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കെ പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെ ആക്രമിച്ച് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോക്സോ കേസ് കൊടുത്ത കുട്ടിക്കൊപ്പമാണ് അയാൾ ഇപ്പോൾ താമസിക്കുന്നതും ആ കുട്ടിയാണ് ഇയാളെ രക്ഷപ്പെടാൻ സഹായിച്ചതെന്നും പൊലീസ് പറയുന്നു.
രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തൊട്ടടുത്ത ജംഗ്ഷനിൽ വെച്ച് പൊലീസ് കീഴടക്കുകയായിരുന്നു. ഇതാണ് വീഡിയോയില്‍ കാണുന്നത്. പ്രതിയുടെ ഭാര്യ ഇയാളെ രക്ഷപ്പെടാൻ സഹായിക്കുന്നതിനിടെ പൊലീസ് തള്ളിമാറ്റുകയായിരുന്നു. പ്രതിക്കെതിരെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതിന് കേസ് എടുത്തു.