മലപ്പുറം കാളികാവ് പൂങ്ങോട് തുഷാർ വെള്ളാപ്പള്ളിയുടെ റോഡ്ഷോക്ക് നേരെ ആക്രമണം. ഏഴ് ബി.ജെ.പി, ബി.ഡി.ജെ.എസ് പ്രവർത്തകർക്ക് പരുക്ക്. ആക്രമണത്തിന് പിന്നിൽ സി.പി.എം ആണന്ന് എൻ.ഡി.എ നേതൃത്വം ആരോപിച്ചു. അനൗൺമെൻറ് വാഹനങ്ങളുടെ ശബ്ദം വിവാഹവീട്ടിൽ പ്രയാസമുണ്ടാക്കിയെന്ന് ആരോപിച്ച വാഹനങ്ങൾ തടഞ്ഞു വച്ച് ആക്രമിച്ചുവെന്നാണ് പരാതി.
പരുക്കേറ്റവരെ വണ്ടൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ചോക്കാട് ടൗണിൽ വച്ച് യു.ഡി.എഫ് പ്രവർത്തകരും തുഷറിന്റെ റോഡ്ഷോക്ക് തടസo സൃഷ്ടിച്ചതായി നേതാക്കൾ ആരോപിച്ചു. എന്നാൽ യു.ഡി.എഫിന്റെ പൊതുസമ്മേളനം നടക്കുന്നതുകൊണ്ട് സംഭവിച്ച സ്വാഭാവിക തടസമാണന്നും തുഷാറിന്റേയും എൻ.ഡി.എ പ്രവർത്തകരുടെയും വാഹനങ്ങൾ തടഞ്ഞിട്ടില്ലെന്നും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.
കല്യോട്ട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് കല്യോട്ട് 65 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ സഹായത്തോടെയാണ് കൊലപാതകങ്ങള്‍ അരങ്ങേറിയതെന്നാണ് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ പ്രവര്‍ത്തകരുടെ ആരോപണം. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും ബന്ധുക്കളും സിപിഎം അനുഭാവികളുമായവരാണ് കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് ചേര്‍ന്നിരിക്കുന്നത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഇവര്‍ പിന്നീട് പ്രതികരിച്ചു.
കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘം ഇവര്‍ക്ക് സ്വീകരണം നല്‍കുകയും ചെയ്തിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ ടി സിദ്ദിഖ് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തത്. കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡന്‍ പണിത വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് ഇന്ന് നടക്കാനിരിക്കെയാണ്. അതേസമയം തങ്ങളുടെ പ്രവര്‍ത്തകരല്ല ഈ 65 പേരുമെന്ന് സിപിഎം ആരോപിച്ചു.
നേരത്തെ സിപിഎമ്മുകാര്‍ വേട്ടയാടുന്നുവെന്ന് കാണിച്ച് കൃപേഷിന്റെ അനുജത്തി മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതിയിരുന്നു. ഏട്ടന്റെയും ശരത്തേട്ടന്റെയും മരണശേഷവും അവരെ ദുര്‍നടപ്പുകാരും ഗുണ്ടകളുമായി ചിത്രീകരിക്കുന്ന അങ്ങയുടെ പാര്‍ട്ടിക്കാരുടെ ക്രൂരത എന്നെയും കുടുംബത്തെയും വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് കൃപേഷിന്റെ അനുജത്തി കൃഷ്ണപ്രിയ കത്തില്‍ കുറിക്കുന്നു. കാസര്‍ഗോഡ് മണ്ഡലത്തില്‍ ഇത്തവണ സിപിഎമ്മിന് വലിയ തിരിച്ചടികളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എൽഡിഎഫ് സ്ഥാനാർഥി രാജാജി മാത്യു തോമസിന്‍റെ നേതൃത്വത്തിൽ തീരദേശത്ത് നടക്കുന്ന ലോങ്മാർച്ചിനും ഉദ്ഘാടകനായെത്തിയ കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിനും നേരെ ബിജെപി പ്രവര്‍ത്തകന്‍ ആക്രമണം നടത്തിയതായി പരാതി. വാടാനപ്പള്ളി വ്യാസ നഗറില്‍ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിക്കും പുറപ്പെടാന്‍ തയ്യാറായി നിന്ന ജാഥാ അംഗങ്ങള്‍ക്കും നേരെ ബിജെപി പ്രവര്‍ത്തകൻ ബുള്ളറ്റ് ഓടിച്ച് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.
കുട്ടന്‍പാറന്‍ വീട്ടില്‍ അനില്‍ (28) എന്ന ബിജെപി പ്രവര്‍ത്തകനാണ് ജാഥയ്ക്ക് നേരെ ഇരുചക്രവാഹനം ഓടിച്ച് പരിഭ്രാന്തി സൃഷ്ടിച്ചത്. ഒപ്പം ഇയാള്‍ അസഭ്യ വര്‍ഷം നടത്തിയെന്നും പരാതിയില്‍ പറയുന്നു. നൂറ് കണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടിച്ച് കൂടി നില്‍ക്കുമ്പോഴാണ് ബിജെപി പ്രവര്‍ത്തകന്റെ ആക്രമണം നടന്നത്. ബിജെപി അതിക്രമങ്ങൾ പതിവുള്ള മേഖലയായിട്ടും മന്ത്രിയെത്തിയ പരിപാടിയിൽ പൊലീസ് സാന്നിധ്യം ഉണ്ടായിരുന്നില്ല. പരാജയത്തില്‍ ഭീതി പൂണ്ടവരാണ് ആക്രമണത്തിന് പിന്നിലെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മന്ത്രി സുനിൽകുമാർ ആവശ്യപ്പെട്ടു. വാടാനപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.
മൂന്നു വയസുകാരനെ മര്‍ദ്ദിച്ചത് അമ്മ തന്നെയെന്ന് കണ്ടെത്തി. അമ്മ തന്നെ കുറ്റം സമ്മതിച്ചു. കുട്ടിയുടെ അമ്മ പോലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
പരിക്ക് മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായതെന്ന് പോലീസ് കണ്ടെത്തി. കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു അമ്മ. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
ആലുവയില്‍ ഇന്നലെയാണ് മര്‍ദ്ദനമേറ്റ് മൂന്നു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരുക്കുണ്ട്. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായിട്ടാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. പിതാവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി
ആലുവയില്‍ മര്‍ദനമേറ്റ കുട്ടിയുടെ അമ്മയും അച്ഛനും പൊലീസ് കസ്റ്റഡിയിൽ. മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ഇവർക്ക് മേൽ ചുമത്തി. ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. അതേസമയം കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. തലച്ചോറിനും തലയോട്ടിയിലുമാണ് പരുക്ക്. അമ്മയുടെ കയ്യില്‍ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ഇന്നലെയാണ് കുട്ടിയുടെ പിതാവ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആലുവയില്‍ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകനാണ്. കുട്ടിക്ക് എങ്ങനെയാണ് പരുക്കേറ്റതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
തലയോട്ടിയിൽ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുള്ള കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. കാലുകൾക്കും പരുക്കുണ്ട്. സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ പഴക്കം ചെന്നതാകാമെന്നാണ് ഡോക്ടര്‍മാരുടെ സംശയം. കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ ഉടന്‍ തന്നെ കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കുട്ടിക്ക് പരുക്കേറ്റത് മാതാപിതാക്കളുടെ മര്‍ദനത്തെ തുടര്‍ന്നാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ അച്ഛനെ മണിക്കൂറുകളോളം ഏലൂർ പോലീസ് ചോദ്യം ചെയ്തു. ജില്ലാചൈൽഡ് പ്രൊട്ടക്ൻ ഓഫീസറും ചൈൽസ് ലൈൻ പ്രവർത്തകരും സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു.
തൊഴിലുറപ്പും അടിസ്ഥാന വരുമാന പദ്ധതിയും വഴി കൂടുതല്‍ പാവങ്ങളെ ഐഎഎസിനു പ്രാപ്തമാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. വയനാട്ടില്‍നിന്ന് ഐഎഎസ് ലഭിച്ച ശ്രീധന്യയെയും കുടുംബത്തെയും നേരിൽ കണ്ട ശേഷം സംസാരിക്കുകയായിരുന്നു രാഹുൽ. ശ്രീധന്യ മലയാളി സമൂഹത്തിന് മാത്രമല്ല, ഇന്ത്യന്‍ യുവത്വത്തിന് തന്നെ ഒരു റോള്‍മോഡലാണെന്നും, ഇത്തരം ധന്യമാരാണ് സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരേണ്ടതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 410 റാങ്ക് നേടി മികവ് തെളിയിച്ച കുറിച്യസമുദായത്തില്‍ നിന്നുള്ള കേരളത്തിലെ ആദ്യത്തെ പട്ടികവര്‍ഗക്കാരിയാണ് ശ്രീധന്യാ സുരേഷ്. വയനാട്ടിലെത്തിയ രാഹുല്‍ഗാന്ധി ഉച്ചഭക്ഷണം കഴിച്ചത് ശ്രീധന്യയുടെ കുടുംബത്തോടൊപ്പമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് രാഹുൽ ശ്രീധന്യയുമായി കൂടിക്കാഴ്ച നടത്തിയത്.
ഉച്ചയോടെ പൊതുസമ്മേളനം അവസാനിപ്പിച്ച് കോളജിലെ പ്രത്യേക മുറിയില്‍ തയ്യാറാക്കിയ ഭക്ഷണഹാളിലായിരുന്നു രാഹുൽ ശ്രീധന്യയുമായി സംസാരിച്ചത്. പട്ടികവര്‍ഗ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍, വയനാട്ടിലെ സാമൂഹിക പ്രശ്‌നങ്ങള്‍ തുടങ്ങി അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ രാഹുലും ശ്രീധന്യയും തമ്മില്‍ ചര്‍ച്ച ചെയ്തു.
രാഹുൽ ഗാന്ധി സന്ദർശിച്ചപ്പോള്‍ അമ്മയും അച്ഛനും സഹോദരനും ശ്രീധന്യയ്ക്കൊപ്പം ഉണ്ടായിരുന്നു. ‘അര മണിക്കൂറോളം ഞങ്ങളോടൊപ്പം അദ്ദേഹം ചിലവഴിച്ചു. കൂടുതൽ സമയവും സിവിൽ സർവീസിന് തയാറെടുത്തതിനെക്കുറിച്ചും പരീക്ഷയിൽ നേരിട്ട ചോദ്യങ്ങളെക്കുറിച്ചുമൊക്കെയാണ് ചർച്ച ചെയ്തത്. അഭിമുഖം എങ്ങനെ നേരിട്ടുവെന്നും വരാനിരിക്കുന്ന പരിശീലനത്തെക്കുറിച്ചും ചോദിച്ചു. ഐഎഎസ് തന്നെ കിട്ടണമെന്നാണ് ആഗ്രഹമെന്നും അങ്ങനെയാണെങ്കിൽ മസൂറിയിലാകും പരിശീലനമെന്നും ഞാൻ പറഞ്ഞു. ആഗ്രഹം പോലെ തന്നെ നടക്കട്ടെ എന്ന് അദ്ദേഹം ആശീർവദിച്ചു. മാതാപിതാക്കളോടും അദ്ദേഹം സംസാരിച്ചു. എന്റെ വിജയത്തിൽ എത്രമാത്രം സന്തോഷമുണ്ടെന്ന് തിരക്കി. എങ്ങനെയാണ് എന്നെ പഠിപ്പിച്ചതെന്നും മറ്റ് കുടുംബസാഹചര്യങ്ങളും തിരക്കി. ആദിവാസി ഗോത്ര വിഭാഗങ്ങളിൽ നിന്ന് കൂടുതൽ പേർ മികച്ച വിദ്യാഭ്യാസം നേടി മുന്നോട്ട് വരേണ്ട ആവശ്യകത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് വയനാടിനെക്കുറിച്ചാണ് സംസാരിച്ചത്. എത്ര ഗോത്രവിഭാഗങ്ങളുണ്ടെന്നും അതിന്റെ ചരിത്രവും ചോദിച്ചു. വയനാട്ടിലെ ഗോത്രവർഗക്കാർ ഇപ്പോള്‍ 19 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതിന്റെ കാരണങ്ങളെക്കുറിച്ചും അദ്ദേഹം തിരക്കി. സഹോദരനോടും സംസാരിച്ചു. ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചു. ഇംഗ്ലിഷിലാണ് അദ്ദേഹം സംസാരിച്ചത്. ഞാൻ ഇംഗ്ലിഷിൽ തന്നെ മറുപടി നൽകി”. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെക്കുറിച്ചുള്ള ശ്രീധന്യയുടെ വാക്കുകൾ ഇതാണ്. ബത്തേരി സെന്റ് മേരീസ് കോളജിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ തുടങ്ങിയവരും രാഹുലിന് ഒപ്പമുണ്ടായിരുന്നു. എന്തായാലും ജീവിതത്തിൽ മറക്കാനാകാത്ത ദിവസമാണ് രാഹുൽ ഗാന്ധി സമ്മാനിച്ചതെന്ന് ശ്രീധന്യയും കുടുംബവും പ്രതികരിച്ചു.
410–ാം റാങ്കോടെയാണ് വയനാട്ടിലെ കുറിച്യര്‍ വിഭാഗത്തില്‍ നിന്നുള്ള സുരേഷ് –കമല ദമ്പതികളുടെ മകള്‍ വിജയിച്ചത്.ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഒരു പെണ്‍കുട്ടി സിവില്‍ സര്‍വീസ് വിജയം നേടുന്നത്. പരീക്ഷാഫലം വന്ന ദിവസം ശ്രീധന്യയെ ഫോണില്‍ വിളിച്ച് രാഹുല്‍ അഭിനന്ദനം അറിയിച്ചിരുന്നു.
സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പ്രചാരണ രംഗവും കൂടുതൽ സജീവമാവുകയാണ്. കോൺഗ്രസ് അധ്യക്ഷനും വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായി രാഹുൽ ഗാന്ധി രണ്ട് ദിവസത്തെ പ്രചരണ പരിപാടികൾ പൂർത്തിയാക്കി ഇന്നലെ മടങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലെത്തുന്നു. ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തുന്ന നരേന്ദ്ര മോദി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുയോഗത്തിൽ സംസാരിക്കും.
തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം പാർലമെന്‍റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികള്‍ യോഗത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഇത് രണ്ടാം തവണയാണ് നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. ഇത് രണ്ടാം തവണയാണ് തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് വേണ്ടി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. മോദിയുടെ രണ്ടാം വരവും സംസ്ഥാനത്താകമാനം ഗുണംചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന നേതൃത്വം.
ദേശീയതയിലും വിശ്വാസ വിഷയങ്ങളും കേന്ദ്രീകരിച്ച് തന്നെയാണ് ബിജെപിയും ആർഎസ്എസും പ്രചരണ രംഗത്ത് സജീവമാകുന്നത്. അവസാനഘട്ടത്തിൽ കൂടുതൽ ദേശീയ നേതാക്കളെ പ്രചരണത്തിനെത്തിച്ച് കരുത്ത് കാട്ടാനുള്ള ശ്രമങ്ങളും സജീവമാണ്. കഴിഞ്ഞ ദിവസം തൃശൂരിൽ പ്രചരണത്തിനെത്തിയ അമിത് ഷാ പത്തനംതിട്ടയിലും എത്തുമെന്നാണ് സൂചന.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്.
ശബരിമല ക്ഷേത്രം മുൻ തന്ത്രി കണ്ഠരര് മോഹനർക്കെതിരെ പരാതിയുമായി അമ്മ കോടതിയിൽ. അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് അമ്മ അറിയാതെ പണം പിൻവലിച്ചെന്നതാണ് പ്രധാന പരാതി. പ്രായമായ അമ്മയെ സംരക്ഷിച്ചുകൊള്ളാമെന്ന വാക്ക് നിറവേറ്റിയില്ലെന്നും പരാതിയിലുണ്ട്..
കണ്ഠരര് മോഹനർക്കെതിരെ കേരള ഹൈക്കോടതിയിലാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ബാങ്കിൽ പോകാനുള്ള വിഷമം കാരണം ഇടപാടുകൾ കൈകാര്യം ചെയ്യാൻ കണ്ഠരര് മോഹനരെ അനുവദിച്ചിരുന്നുവെന്ന് ഹർജിയിൽ പറയുന്നുണ്ട്. തിരുവനന്തപുരത്ത് മകളുടെ കൂടെയാണ് അമ്മ ഇപ്പോൾ താമസിക്കുന്നത്.
വൃദ്ധമാതാവിന്റെ സംരക്ഷണത്തിന് വേണ്ടി തിരുവനന്തപുരം ആർഡിഒയ്ക്കും പരാതി നൽകിയിരുന്നു. ഈ അപേക്ഷയിൽ രണ്ടാഴ്ചക്കകം തീർപ്പിന് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഹർജി അനുരഞ്ജന ശ്രമത്തിനായി ഈ മാസം 26 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.
മാസങ്ങളായുള്ള ചൂടിന് ആശ്വാസമേകി വേനല്‍മഴ എത്തി. ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് പലയിടത്തും ഇടിയോടുകൂടിയ മഴ പെയ്യുകയാണ്. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു.
തെക്കന്‍ ജില്ലകളിലും തിരുവനന്തപുരത്തും കോട്ടയത്തും ശക്തമായ മഴയാണ് ഇന്ന് ലഭിച്ചത്. തലസ്ഥാനത്ത് ഉച്ചയ്ക്ക് ആരംഭിച്ച മഴ ഒന്നര മണിക്കൂറോളം നീണ്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ ശക്തമായ ഇടിയോട് കൂടി മഴ തുടരും.
ഈ മേഖലയില്‍ മണിക്കൂറില്‍ 40 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുമെന്നും മുന്നറിയിപ്പുണ്ട്. നാളെ പാലക്കാട്, മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം ജില്ലയുടെ ചില ഒറ്റപ്പെട്ട ഭാഗങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
മൂന്നാർ കുണ്ടള ഡാമിന്റെ ഷട്ടർ തുറന്നു.വൃഷ്ടി പ്രദേശത്ത് ശക്തമായ വേനൽ മഴ പെയ്തതിനെത്തുടർന്ന് കുണ്ടള ഡാമിൽ ജലനിരപ്പ് ഉയരുകയായിരുന്നു.അഞ്ച് ക്യുമെക്‌സ് വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.അതേസമയം ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടുകളില്‍ ജലനിരപ്പ് താഴുമ്പോഴാണ് കുണ്ടള അണക്കെട്ട് അതിവേഗം നിറഞ്ഞത്.
1758.69 മീറ്റര്‍ ആണ് കുണ്ടള അണക്കെട്ടിന്റെ സംഭരണശേഷി. നീരൊഴുക്ക് വര്‍ദ്ധിച്ച് ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിയതോടെയാണ് ഇന്ന് ഷട്ടര്‍ ഉയര്‍ത്തിയത്.
കൊടും ചൂടില്‍ വെന്തുരുകുന്ന സംസ്ഥാനത്തിന് അപ്രതീക്ഷിതമായി എത്തിയ വേനല്‍ മഴ വലിയ ആശ്വാസമായെങ്കിലും സംസ്ഥാനത്തെ ഉയര്‍ന്ന താപനിലയില്‍ വലിയ മാറ്റം പ്രതീക്ഷിക്കേണ്ട എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നത്. ഇന്നും നാളെയും വയനാട് ഒഴികെ എല്ലാ ജില്ലകളിലും താപനില ശരാശരിയിലും രണ്ട് ഡിഗ്രി വരെ കൂടിയേക്കാം.
രാജ്യത്ത് ഇക്കുറി ശരാശരി മഴ ലഭിക്കും എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചുവെങ്കിലും കാലവര്‍ഷം കുറയും എന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പസഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസം ഇന്ത്യന്‍ ഉപഭൂഖണ്ഡലത്തിലെ മഴയുടെ ലഭ്യതയെ സാരമായി ബാധിക്കുമെന്ന് സ്‌കൈമറ്റ് ഇന്ന് പുറത്തു വിട്ട രണ്ടാമത്തെ റിപ്പോര്‍ട്ടിലും പറയുന്നു.