കനത്ത മഴയ്ക്കിടെ തലസ്ഥാനത്ത് ഹോട്ടൽ ജീവനക്കാരി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ മുക്കോല സ്വദേശി സുശീലയാണ് റോഡിൽ വീണ് തലയിടിച്ച് മരിച്ചത്.
സ്കൂട്ടറിന്റെ പിന്നിലിരുന്ന് കുട നിവർത്തുന്നതിനിടെയാണ് നിലത്ത് വീണത്. കോവളത്തെ ഹോട്ടലിലെ ജീവനക്കാരിയാണ് സുശീല.
മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടു നൽകും.
വട്ടവടയിൽ 40 ആടുകളെ കാട്ടുനായ്ക്കൂട്ടം കടിച്ചു കൊന്നു . ചിലന്തിയാർ സ്വദേശി കനകരാജിന്റെ ആടുകളെയാണ് ചൊവ്വാഴ്ച വൈകിട്ടോടെ നായ്ക്കൂട്ടം ആക്രമിച്ചത്.
26 ആടുകൾക്ക് കടിയേറ്റുവെന്നാണ് വനം വകുപ്പിന്റെ കണക്ക്. കാട്ടുനായ്ക്കൂട്ടം ആക്രമിച്ചപ്പോൾ നാലു ഭാഗത്തേക്കും ആടുകൾ ചിതറി ഓടിയെന്നും വെള്ളത്തിലും മറ്റും വീണാണ് നാല്പതോളം ആടുകൾ ചത്തതെന്നും കർഷകൻ പറയുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവം വിശദമായി പരിശോധിച്ച ശേഷം നഷ്ടപരിഹാരമടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം കൂടി. ഇതുവരെ ചികിത്സ തേടിയവരുടെ എണ്ണം 178 ആയി. ആരോഗ്യ വകുപ്പ് വിശദമായ തെളിവെടുപ്പ് നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നെത്തിയ സംഘമാണ് ഹോട്ടലില്‍ എത്തി തെളിവുകള്‍ ശേഖരിച്ചത്.
ശനിയാഴ്ച രാത്രി പെരിഞ്ഞനത്ത് പ്രവര്‍ത്തിക്കുന്ന സെയിന്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ച് അര്‍ദ്ധരാത്രിയോടെ പനിയും വയറിളക്കവും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥത പ്രകടിപ്പിച്ചവരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പും, ഫുഡ് ആൻഡ് സേഫ്റ്റിയും പരിശോധന നടത്തി ഹോട്ടല്‍ അടച്ചു പൂട്ടി.
ഫുഡ് ആൻഡ് സേഫ്റ്റി അധികൃതർ ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമേ ഭക്ഷ്യവിഷബാധക്ക് കാരണമായതെന്തെന്ന് വ്യക്തമാകൂ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവർത്തിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
ഇത് സംബന്ധിച്ച് കയ്പമംഗലം പോലീസിലും, പെരിഞ്ഞനം പഞ്ചായത്തിലും റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും കണ്ട് വിവരങ്ങളും അന്വേഷിച്ചറിഞ്ഞു. ഹോട്ടലധികൃതർക്കെതിരെ നിയമ നടപടി ഉള്‍പ്പെടെ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്ന (23)യാണ് മരിച്ചത്. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ താത്കാലിക ജീവനക്കാരിയാണ്.
മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു മേഘ്ന. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയത്തും എറണാകുളത്തുമാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.വയനാടും കാസർകോടും കണ്ണൂരുമൊഴികെ മറ്റ് 11 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്.
കനത്ത മഴയിൽ സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് മരണം. ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധർമ്മപാലന്റെ മകൻ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. എറണാകുളം വേങ്ങൂരിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്.
തെക്കൻ കേരളത്തിലാണ് കനത്ത മഴ ദുരിതമായത്. കൊല്ലത്തും തിരുവനന്തപുരത്തും റോഡുകളിലെ വെള്ളക്കെട്ടുകൾ ഗതാഗതത്തിന് തടസ്സമായി.കൊല്ലത്ത് അർദ്ധരാത്രി മുതൽ ഇടവിട്ട് ശക്തമായ മഴയുണ്ട്. കാവനാട്, പറക്കുളം ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. ദേശീയപാതയിൽ ചാത്തന്നൂർ മുതൽ പരിപ്പള്ളി വരെ വെള്ളക്കെട്ടിൽ ഗതാഗതം തടസപ്പെട്ടു. കുണ്ടറ ചീരങ്കാവിന് സമീപം രാത്രി മരം വീണ് വൈദ്യുതി ലൈനുകൾ തകർന്നു. സൂപ്പർമാർക്കറ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളുടെ ചില്ലുകൾ മരത്തിന്റെ ചില്ലകൾ വീണു തകർന്നു. വാളകത്ത് എംസി റോഡിൽ വെള്ളക്കെട്ടുണ്ടായി. തിരുവനന്തപുരത്ത് നഗരമേഖലയിലും ഉൾപ്രദേശങ്ങളിലും മഴ കനത്തു. വർക്കല പാപനാശത്ത് കുന്നിടിഞ്ഞു.
തിരുവനന്തപുരം നഗരത്തിൽ കോട്ടൺഹിൽ സ്കൂളിൽ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രമതിൽ തകർന്ന് ആറ്റിൽ പതിച്ചു. കാട്ടാക്കട കൈതക്കോണത്ത് തോടുകൾ കര കവിഞ്ഞൊഴുകുകയാണ്. കാട്ടാക്കട നെടുമങ്ങാട് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും അടച്ചു. കാലവർഷപ്പെയ്ത്ത് തുടങ്ങിയത് കണക്കിലെടുത്ത് അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി റവന്യൂ മന്ത്രി അറിയിച്ചു.
പെണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനം നല്‍കിയിരുന്ന ചങ്ങനാശേരി അസംപ്ഷന്‍ ഓട്ടോണമസ് കോളജില്‍ ഈ അധ്യയന വര്‍ഷം മുതല്‍ ആണ്‍കുട്ടികള്‍ക്കും പഠിക്കാം. 74 വര്‍ഷമായി മികവിന്റെ പടവുകള്‍ ചവിട്ടിക്കയറി, മൂല്യബോധവും സാമൂഹിക പ്രതി ബദ്ധതയുമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ പ്രതിജ്ഞാബദ്ധമായി നില കൊണ്ട അസംപ്ഷന്‍ ഓട്ടോണമസ് കോളജ് നാല് വര്‍ഷ യു.ജി പ്രോഗ്രാമിന്റെ ഭാഗമായാണ് കോ എഡ്യുക്കേഷനിലേയ്ക്ക് കാല്‍ വയ്പു നടത്തുന്നത്.
പഠനത്തോടൊപ്പം ‘തൊഴിലും തൊഴില്‍ നൈപുണ്യവും’ എന്ന ലക്ഷ്യം വച്ച് ഈ അധ്യയന വര്‍ഷം മുതല്‍ കോളജിലെ പഠന സമയത്തിലും മാറ്റം വരുത്തി. രാവിലെ ഒമ്പത് മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് മണി വരെയാണ് ഇനി പഠന സമയം.
19 യു.ജി കോഴ്‌സുകളും ഒമ്പത് പി.ജി കോഴ്‌സുകളും 26 തൊഴിലധിഷ്ഠിത ഡിപ്ലോമാ കോഴ്‌സുകളുമാണ് അസംപ്ഷന്‍ കോളജിലുള്ളത്. തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ സമയം ഉച്ച കഴിഞ്ഞ്് രണ്ട് മുതല്‍ അഞ്ച് മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രായഭേദമെന്യേ പൊതു സമൂഹത്തിലുള്ളവര്‍ക്കും പഠനത്തിനെത്താവുന്നതാണ്. നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെയും കേരള ഗവണ്‍മെന്റ് കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍ സെന്ററിന്റെയും അംഗീകാരമുള്ള ഡിപ്ലോമ കോഴ്‌സുകള്‍ പഠിക്കുന്നതിന് പ്രായ പരിധിയില്ലാതെ അഭിരുചിക്കനുസരിച്ച് ഏവര്‍ക്കും ചേരുകയും ചെയ്യാം.
റെയിൽവേ പദ്ധതിയുടെ പകുതി ചെലവ് വഹിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉറപ്പ് വൈകുന്നു. പദ്ധതിക്കായി 3801 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് ദക്ഷിണ റെയിൽവേയുടെ ധനകാര്യ വിഭാഗം 2023 നവംബറിൽ പാസാക്കിയിരുന്നു. പുതുക്കിയ എസ്‌റ്റിമേറ്റ് സംസ്‌ഥാന സർക്കാർ അംഗീകരിക്കുകയും പകുതി ചെലവ് വഹിക്കുന്നതിൽ ഉറപ്പ് നൽകുകയും വേണമെന്നാവശ്യപ്പെട്ട് റെയിൽവേ ചീഫ് എൻജിനീയർ 5 മാസം മുൻപ് ഗതാഗത സെക്രട്ടറിക്ക് കത്ത് നൽകിയെങ്കിലും സംസ്‌ഥാന സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ കത്ത് കിട്ടിയിട്ടേ പുതുക്കിയ എസ്‌റ്റിമേറ്റ് റെയിൽവേ ബോർഡിന് സമർപ്പിക്കുകയുള്ളൂ എന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ഇതുമൂലം പദ്ധതി സംബന്ധിച്ച തീരുമാനം എങ്ങുമെത്താതെ നീളുകയാണെന്നാണ് ശബരി ആക്ഷൻ കൗൺസിൽ ഫെഡറേഷൻ ആരോപിക്കുന്നത്.
ജില്ലയിൽ കല്ലിട്ട് തിരിച്ചത് 6 കിലോമീറ്റർ നിർദിഷ്ട രാമപുരം റെയിൽവേ സ്റ്റേഷൻ വരെയാണ് കോട്ടയം ജില്ലയിൽ അങ്കമാലി – ശബരി റെയിൽവേക്കായി കല്ലിട്ട് തിരിച്ചിട്ടുള്ളത്. രാമപുരം റെയിൽവേ സ്‌റ്റേഷൻ പാലാ തൊടുപുഴ റോഡിൽ പിഴക് രാമപുരം കവലയിലാണ് നിർമിക്കാൻ നിർദേശിച്ചിട്ടുള്ളത്. പിഴക് വരെ മാത്രം റവന്യു – റെയിൽവേ സംയുക്‌ത സർവേ നടത്തുകയും കല്ലിട്ട് തിരിക്കുകയും സ്‌ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. 2013ലെ പുതിയ സ്ഥലമെടുപ്പ് നിയമമനുസരിച്ച് സാമൂഹിക ആഘാത പഠനത്തിനു ശേഷം ഹിയറിങ് നടത്തി മാത്രമേ സ്ഥലമെടുപ്പ് സാധിക്കുകയുള്ളൂ. പുതിയ സ്ഥലമെടുപ്പ് നിയമമനുസരിച്ചു മൂന്നിരട്ടി വരെ സ്ഥല വിലയ്ക്ക് ഉടമസ്ഥൻ യോഗ്യനാണ്.
കോട്ടയത്ത് 5 സ്റ്റേഷനുകൾ രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവിടങ്ങളിലാണ് ശബരി റെയിൽവേ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ റെയിൽവേ സ്റ്റേഷനുകൾ നിർമിക്കുക. ഇതിൽ രാമപുരം, ഭരണങ്ങാനം റെയിൽവേ സ്റ്റേഷനുകൾ കോട്ടയം പാർലമെന്റ് മണ്ഡലത്തിലും ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി റെയിൽവേ സ്റ്റേഷനുകൾ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലുമാണ്. രാമപുരം മുതൽ എരുമേലി സ്‌റ്റേഷൻ വരെ ഏരിയൽ സർവേ മാത്രമാണ് നടത്തിയിട്ടുള്ളത്. 3801 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് ദക്ഷിണ റെയിൽവേയുടെ ധനകാര്യ വിഭാഗം കഴിഞ്ഞ നവംബറിൽ പാസാക്കിയിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 1905 കോടി രൂപയാണ് സംസ്‌ഥാന സർക്കാർ നൽകേണ്ടത്. ഇതിനുള്ള ഉറപ്പ് സർക്കാർ നൽകിയാലേ പദ്ധതിക്ക് പച്ചക്കൊടി ഉയരൂ.
മമ്പാട് പുള്ളിപ്പാടത്ത് മക്കളുടെ കണ്‍മുന്നില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പുള്ളിപ്പാടം കറുകമണ്ണ മുണ്ടേങ്ങാട്ടില്‍ പരേതനായ ജോസഫിന്റെയും ഷീബയുടെയും മകള്‍ നിഷാമോള്‍ (32) ആണ് വാടക ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ടത്. സംഭവശേഷം ഭര്‍ത്താവ് ചുങ്കത്തറ കുറ്റിമുണ്ട ചെറുവള്ളിപ്പാറ ഷാജി (43) സ്റ്റേഷനില്‍ കീഴടങ്ങി. വിദ്യാര്‍ഥികളായ മക്കള്‍ ഷാന്‍ഷാജി, നേഹ, ഹെനന്‍, ഹെന്ന എന്നിവരുടെ മുന്നില്‍ വൈകിട്ട് 6.30നാണ് കൊലപാതകം നടന്നത്.
ടാപ്പിങ് തൊഴിലാളിയാണ് ഷാജി. കുടുംബ കലഹത്തെത്തുടര്‍ന്ന് നിഷാമോള്‍ മക്കളുമൊത്ത് 2 മാസം മുമ്പ് കറുകമണ്ണയില്‍ അമ്മയുടെ അടുത്തേക്ക് പോന്നു. 2 ആഴ്ച മുമ്പാണ് ക്വാര്‍ട്ടേഴ്‌സിലേക്ക് മാറിയത്. ഒപ്പമുണ്ടായിരുന്ന അമ്മ ഇന്നലെ സ്ഥലത്തില്ലായിരുന്നു. മൂത്ത കുട്ടിയെ 10-ാം ക്ലാസില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് 6 മണിയോടെ ഷാജി ക്വാര്‍ട്ടേഴ്‌സിലെത്തി. വാക്കേറ്റത്തിനിടെ കുപിതനായി കത്തി കൊണ്ട് വെട്ടിയെന്ന് പൊലീസില്‍ ഷാജി മൊഴി നല്‍കിയത്. തലയ്ക്ക് പിന്നിലും മുഖത്തും മുറിവുകളുണ്ട്. മുഖം വികൃതമായ നിലയിലാണ്.
ബഹളവും കുട്ടികളുടെ നിലവിളിയും കേട്ടെത്തിയ നാട്ടുകാര്‍ നിഷാമോളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും. ഇന്‍സ്‌പെക്ടര്‍ എ എന്‍ ഷാജുവിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
കൊടുവള്ളിയിൽ കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ 46 കാരനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചാവടിക്കുന്നുമ്മൽ അൻവർ എന്നയാളാണ് പിടിയിലായത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുന്ദമംഗലത്ത് നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറിയ 22കാരിയെ ബസിലുണ്ടായിരുന്ന അൻവര്‍ ചാരിനിന്ന് ഉപദ്രവിക്കുകയായിരുന്നു.
ഇതോടെ പെൺകുട്ടി ഇയാളെ തടഞ്ഞുവച്ച് കൊടുവള്ളി പൊലീസിനെ വിവരമറിയിച്ചു. ഇതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. ഇന്ന് താമരശേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണു മലയാളി യുവതി മരിച്ചനിലയില്‍. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം. ഫുജൈറയിലെ സെന്റ് മേരീസ് കാത്തലിക് ഹൈസ്‌കൂളിന് സമീപമുള്ള അപ്പാര്‍ട്ട്മെന്റിന്റെ 19-ാം നിലയില്‍ നിന്നാണ് വീണതെന്നാണ് റിപ്പോര്‍ട്ട്.
ഷാനിഫയുടെ ഭര്‍ത്താവ് സനൂജ് ബഷീര്‍ കോയ യുഎഇയില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുകയാണ്. രണ്ടു പെണ്‍മക്കളുണ്ട്. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.