തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ 70 കോടി അനുവദിച്ചു. ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം സഭയില്‍ അറിയിച്ചത്. സര്‍ക്കാര്‍ സഹായം ലഭിക്കുന്നതോടെ ഉടന്‍ തന്നെ ശമ്പളം വിതരണം ചെയ്യാന്‍ കോര്‍പ്പറേഷന് സാധിക്കും.
പ്രതിസന്ധി രൂക്ഷമായതോടെയാണു ശമ്പളം പോലും നല്‍കാനാകാതെ കെ.എസ്.ആര്‍.ടി.സി വലഞ്ഞത്. കഴിഞ്ഞ മാസവും സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ചായിരുന്നു ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത്. ഈ മാസത്തിലും അതേ സാഹചര്യം തന്നെയാണ് നിലവിലുള്ളത്.
പെന്‍ഷന്‍ വിതരണത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 2017 ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ ഭാഗികമായും 2017 ഡിസംബര്‍, 2018 ജനുവരി മാസങ്ങളിലെ പെന്‍ഷന്‍ പൂര്‍ണമായും കൊടുത്തുതീര്‍ക്കാനുണ്ട്. മാര്‍ച്ച് മാസത്തിനുള്ളില്‍ തന്നെ പെന്‍ഷന്‍ പൂര്‍ണമായും കൊടുത്തു തീര്‍ക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. 164 കോടി രൂപയാണ് പെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ വേണ്ടത്.
കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. മതസ്പര്‍ദ്ദയുണ്ടാക്കുന്ന വിധത്തില്‍ പ്രസംഗിച്ചെന്ന പരാതിയിലാണ് പോലീസ് നിലപാട് അറിയിച്ചത്. ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ തെളിവില്ലെന്ന് പോലീസ് അറിയിച്ചു.
കൊല്ലം അഞ്ചല്‍ കോട്ടുകാലില്‍ ഗ്രന്ഥശാലയുടെ പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനിടെ വടയമ്പാടി വിഷയത്തെക്കുറിച്ചും അശാന്തന്റെ മൃതദേഹത്തോട് കാട്ടിയ അനാദരവിനെക്കുറിച്ചും കുരീപ്പുഴ സംസാരിച്ചിരുന്നു. പ്രസംഗത്തിനു ശേഷം പോകാന്‍ തയ്യാറെടുത്തപ്പോളായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുരീപ്പുഴയെ ആക്രമിച്ചത്.
സംഭവം വിവാദമായതോടെയാണ് കുരീപ്പുഴ ഹിന്ദു ദൈവങ്ങളെ അവഹേളിച്ചുവെന്ന വാദവുമായി ബിജെപി രംഗത്തെത്തിയത്. ഇേവര്‍ നല്‍കിയ പരാതിയിലാണ് കേസെടുക്കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
കുരീപ്പുഴയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കടയ്ക്കല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ മനു, ദീപു, ലൈജു, ശ്യാം, കിരണ്‍, വിഷ്ണു, സുജിത്ത് എന്നിവരെയാണ് പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെ മകൻ ബിനീഷ് കോടിയേരി പിടികിട്ടാപ്പുള്ളിയെന്ന് ദുബായ് പൊലീസ്. ബിനീഷ് യുഎഇയിലെത്തിയാൽ ഉടൻ അറസ്റ്റിലാകും. വായ്പ തിരിച്ചടയ്ക്കാത്ത കേസിലാണ് ബിനീഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി കേന്ദ്രമായി പ്രവർത്തിക്കുന്ന സാംബാ ഫിനാൻസിയേഴ്സിൻറെ ദുബായ് ശാഖയിൽ നിന്ന് എടുത്ത ലോൺ തിരിച്ചടയ്ക്കാത്ത കേസിൽ ദുബായ് കോടതി ബിനീഷിനെ രണ്ട് മാസം തടവിന് ശിക്ഷിച്ചിരുന്നു. ബിനീഷിൻറെ അസാന്നിധ്യത്തിൽ കഴിഞ്ഞ വർഷം ഡിസംബർ പത്തിനായിരുന്നു ഈ വിധി.
സാംബ ഫിനാൻസിൻറെ പരാതിയിൽ 2015 ഓഗസ്റ്റ് ആറിനാണ് ബിനിഷ് കോടിയേരിക്കെതിരെ ഖിസൈസ് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. പൊലീസിൽനിന്നു ദുബായ് പ്രോസിക്യൂഷനിലേക്കും പിന്നീട് കേസ് കോടതിയിലുമെത്തുകയായിരുന്നു. രണ്ടേകാൽ ലക്ഷം ദിർഹം ബിനീഷ് വായ്പ എടുത്തതെന്നാണ് സൂചന. പണം തിരിച്ചു പിടിക്കാൻ ബാങ്ക് റിക്കവറി ഏജൻസിയെ നിയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതി കേരളത്തിലെ ഉന്നതനായ രാഷ്ട്രീയ നേതാവിന്റെ മകനെന്നാണു ബാങ്കിനു ലഭിച്ച റിപ്പോർട്ട്. ദുബായ് പൊലീസ് ബിനീഷിനെ പിടികിട്ടാപുള്ളിയായി രേഖപ്പെടുത്തിയിരിക്കുന്നതിനാൽ രാജ്യത്ത് പ്രവേശിച്ച ഉടൻ അറസ്റ്റിലാകും.
ബിനീഷ് യുഎഇയിലെത്തിയാൽ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ സിഐഡി വിഭാഗം അറസ്റ്റു രേഖപ്പെടുത്തുകയും പൊലീസ് ആസ്ഥാനത്തേയ്ക്കു കൈമാറുകയും ചെയ്യും. പിന്നീട് കോടതിക്കുള്ളിൽ പ്രവർത്തിക്കുന്ന സിഐഡി ഓഫിസിനു കൈമാറും. ശേഷം, വിധി പ്രഖ്യാപിച്ച ജഡ്ജിക്കു മുമ്പാകെ ഹാജരാക്കും. പ്രതി വിധി അംഗീകരിക്കുന്നില്ലെങ്കിൽ കേസ് റീ ഓപ്പൺ ചെയ്യാൻ അവസരമുണ്ട്. വിധി അംഗീകരിക്കുകയാണങ്കിൽ ജയിലിൽ അടയ്ക്കും. യുഎഇയിലെ നിയമപ്രകാരം ശിക്ഷ വിധിച്ചുകഴിഞ്ഞാലും കേസിൽ പറഞ്ഞിരിക്കുന്ന തുക വാദിക്ക് നൽകി ഒത്തുതീർപ്പാക്കാൻ സാധിക്കും. വാദി നൽകിയ മോചന കത്ത് ശിക്ഷ റദ്ദാക്കുകയും ചെയ്യും.
കുരിപ്പുഴ ശ്രീകുമാറിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രന് ട്രോളന്മാരുടെ പൊങ്കാല. ബിജെപി നേതാവ് സുരേന്ദ്രന്‍ പല പ്രസ്താവനകളും ഇതിനു മുന്‍പ് പൊങ്കാലയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇത്തവണ കൊല്ലം അഞ്ചല്‍ കോട്ടുക്കാലില്‍ വെച്ച് ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങവെയാണ് കുരിപ്പുഴ ശ്രീകുമാറിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെ ന്യായീകരിച്ച സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റാണ് പൊങ്കാലയ്ക്ക് കാരണം.
നേരത്തെ കൊല്ലത്തെ പരിപാടി ഉദ്ഘാടനം ചെയ്ത് കുരീപ്പുഴ നടത്തിയ പ്രസംഗത്തില്‍ ആര്‍എസ്എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്. സ്‌കൂളില്‍ കൃത്യമായി പോകാത്തത് കൊണ്ടാണ് സുരേന്ദ്രന് കുരിപ്പുഴ ശ്രീകുമാറിനെ അറിയാതെ പോയതെന്ന് ടോളന്മാര്‍ കളിയാക്കുന്നു.
കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാന തെളിവായ അക്രമത്തിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് കൈമാറേണ്ടതില്ലെന്ന് കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി. കേസിലെ സുപ്രധാന തെളിവായി കണക്കാക്കുന്ന ഈ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് കൈമാറെരുതെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചിരുന്നത്. അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപിന് നല്‍കുന്നത് നടിയുടെ സുരക്ഷയ്ക്കും സ്വകാര്യജീവിതത്തിനും ഭീഷണിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
കേസിലെ പ്രധാന ദൃശ്യങ്ങള്‍ കൈമാറുന്നതു വഴി ദിലീപ് കേസ് അട്ടിമറിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളിയത്. കേസില്‍ പൊലീസ് ഹാജരാക്കിയ തെളിവുകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. നേരത്തെ ദിലീപിന്റെ ഹര്‍ജി പരിഗണിച്ച കോടതി ഗൗരവ സ്വഭാവമില്ലാത്ത തെളിവുകള്‍ കൈമാറാന്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് മൊഴിപ്പകര്‍പ്പുകള്‍, വിവിധ പരിശോധനാ ഫലങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ വിളി വിവരങ്ങള്‍ തുടങ്ങിയവ പൊലീസ് കൈമാറിയിരുന്നു.
പക്ഷേ കൈമാറിയ രേഖകളില്‍ ഗൗരവ സ്വഭാവമുള്ളവ ഉള്‍പ്പെട്ടിരുന്നില്ല. രണ്ട് പ്രതികളുടെ സംഭാഷണത്തിന്റെ ഫോറന്‍സിക് പരിശോധന ഫലവും അക്രമിക്കപ്പെടുന്ന സമയത്ത് നടിയുടെ വാഹനം കടന്നു പോയ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള രേഖകള്‍ മാത്രമാണ് ദിലീപിന് കൈമാറിയിട്ടുള്ളത്.
കടയ്ക്കല്‍: കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകരായ ആറുപേര്‍ അറസ്റ്റിലായി. ഇട്ടിവ പഞ്ചായത്തംഗം കോട്ടുക്കല്‍ ശ്യാമള മന്ദിരത്തില്‍ വി എസ് ദീപു(30), ബിജെപി ചടയമംഗലം മണ്ഡലം സെക്രട്ടറി കോട്ടുക്കല്‍ കൊട്ടാരഴികം വീട്ടില്‍ മനു ദീപം (30), ആര്‍എസ്‌എസ് പ്രവര്‍ത്തകരായ ഫില്‍ഗിരി സരിത വിലാസത്തില്‍ ശ്യാം (29), യുപി സ്കൂളിന് സമീപം കടമ്ബാട്ട് വീട്ടില്‍ ലൈജു (32), കോട്ടുക്കല്‍ സുചിത്രഭവനില്‍ സുജിത്ത് (31), കാവതിയോട് തടത്തരികത്ത് വീട്ടില്‍ കിരണ്‍ (31) എന്നിവരാണ് അറസ്റ്റിലായത്. കടയ്ക്കല്‍ സിഐ സാനിയുടെ നേതൃത്വത്തില്‍ അഞ്ചല്‍ പുത്തയത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ 25 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
കോട്ടുക്കല്‍ ത്രാങ്ങോട് കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് കുരീപ്പുഴയെ ആര്‍എസ്‌എസ് സംഘം ആക്രമിച്ചത്. വാഹനത്തിന് കേടുവരുത്തി. ഗ്രന്ഥശാലയില്‍ നടത്തിയ പ്രസംഗം തടസ്സപ്പെടുത്താനും ആര്‍എസ്‌എസ് ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. പ്രസംഗം കഴിഞ്ഞ് കാറില്‍ കയറുന്നതിനിടെയാണ് സംഘടിച്ചെത്തിയ അക്രമിസംഘം അസഭ്യം പറഞ്ഞ് കുരീപ്പുഴ ശ്രീകുമാറിനെ വളഞ്ഞിട്ട് ആക്രമിച്ചത്. ഓടിയെത്തിയ ഗ്രന്ഥശാല പ്രവര്‍ത്തകരാണ് കവിയെ രക്ഷിച്ച് കാറില്‍ കയറ്റി വിട്ടത്.
ഇതിനിടെ ഹിന്ദുത്വത്തെ അപമാനിച്ചെന്നും ആര്‍എസ്‌എസിനെയും ബിജെപിയെയും അധിക്ഷേപിച്ചെന്നും ആരോപിച്ച് ബിജെപി മണ്ഡലം കമ്മിറ്റി കുരീപ്പുഴ ശ്രീകുമാറിനെതിരെ കടയ്ക്കല്‍ പൊലീസില്‍ പരാതിനല്‍കി.
മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയുടെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് എറണാകുളം ഇടപ്പള്ളി സ്വദേശിയായ കെ പി രാമചന്ദ്രന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഇതു സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് അധികാരമുണ്ട്. അതു കൊണ്ട് സിനിമ തടയുന്നില്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഹൈക്കോടതി പരിശോധിക്കണമെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ എന്തെങ്കിലും രംഗങ്ങള്‍ ചിത്രത്തിലുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്നും അതുവരെ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ പല യഥാര്‍ത്ഥ സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്.
സിനിമയെടുക്കാനുള്ള സ്വാതന്ത്ര്യം ഒരു സംവിധായകനുണ്ട് എന്ന ഒറ്റക്കാരണത്താല്‍ യഥാര്‍ത്ഥ വസ്തുതകളെ മറയ്ക്കാനോ കരിവാരിതേയ്ക്കാനോ ആര്‍ക്കും അവകാശമില്ലെന്നും പരാതിക്കാരന്‍ പറയുന്നു. നിലവില്‍ ചിത്രം തിരുവനന്തപുരത്തെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ആമി റിലീസ്.
കൊച്ചി: മുടി നീട്ടി വളര്‍ത്തി സ്‌കൂളിലെത്തിയ ഫ്രീക്കന്‍മാരെ പിടികൂടി ബാര്‍ബര്‍ ഷോപ്പിലെത്തിച്ച് മുടിവെട്ടിച്ച അധ്യാപകന്റെ വീഡിയോ വൈറല്‍. എറണാകുളം ഇടപ്പള്ളി ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീകുമാറാണ് കുട്ടികളെ നിര്‍ബന്ധിച്ച് ബാര്‍ബര്‍ ഷോപ്പിലെത്തിച്ച് മുടി വെട്ടിയത്. സ്‌കൂള്‍ യൂണിഫോമില്‍ കുട്ടികളെ ബാര്‍ബര്‍ ഷോപ്പില്‍ അധ്യാപകനുമൊത്ത് കണ്ട നാട്ടുകാരന്‍ പകര്‍ത്തിയ വീഡിയോയാണ് വൈറലായത്.
സ്‌കൂളിന്റെ അച്ചടക്കം, വിദ്യാര്‍ത്ഥികളുടെ വ്യക്തിശുചിത്വം എന്നിവയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നാണ് അവകാശവാദം. മുടി നീട്ടി വളര്‍ത്തി വരുന്ന ആണ്‍കുട്ടികളെ ശാസിച്ചും ഉപദേശിച്ചും രക്ഷിതാക്കളോട് കാര്യം പറഞ്ഞും നോക്കിയിട്ട് രക്ഷയില്ലാതായപ്പോളാണ് നേരിട്ട് ബാര്‍ബര്‍ ഷോപ്പിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നാണ് അധ്യാപകന്‍ പറയുന്നത്.
സോഷ്യല്‍ മീഡിയയിലെത്തിയ വീഡിയോക്ക് 11,000ത്തിലധികം ഷെയറുകളും 44.000ത്തിലധികം സന്ദര്‍ശകരുമാണ് ഇതുവരെ ഉണ്ടായത്. വീഡിയോ വൈറലാകട്ടെയെന്ന് ഷൂട്ട് ചെയ്തയാളോട് ശ്രീകുമാര്‍ പറയുന്നതും കേള്‍ക്കാം.
തൃശൂര്‍: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മിഥുന്‍ റിമാന്‍ഡില്‍. കൊരുമ്പിശ്ശേരി സ്വദേശി സുജിത്ത് വേണുഗോപാലിനെയാണ് മിഥുന്‍ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ഒളിവില്‍ പോയ മിഥുന്‍ പിന്നീട് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇയാള്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആത്മഹത്യാശ്രമത്തിനിടെയുണ്ടായ പരിക്കുകള്‍ പൂര്‍ണ്ണമായും ഭേദമായിട്ടില്ല.
മിഥുനെ ഠാണാവിലെ സബ്ജയിലിലേക്ക് മാറ്റി. ചെയ്തു പോയ തെറ്റിന് എന്റെ ജീവനെ നിങ്ങള്‍ക്കു തരാന്‍ ഉള്ളു അതില്‍ കുറഞ്ഞു എന്തു തന്നാലും മതിയാവില്ല എന്നെനിക്കറിയാം ഒരു മനുഷ്യന്‍ എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട് എനിക്കൊരിക്കലും ജീവിക്കാന്‍ കഴിയില്ലെന്ന് മിഥുന്റെ ആത്മഹത്യാശ്രമത്തിന് മുമ്പ് എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു.
ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന മിഥുന്‍ കൊരുമ്പിശ്ശേരി സ്വദേശിയായ സുജിത്തിന്റെ സഹോദരിയെ സ്ഥിരമായി ശല്യം ചെയ്യാറുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്ത സുജിത്തിനെ ഇയാള്‍ നഗര മദ്ധ്യത്തില്‍ വെച്ച് ഇരുമ്പു വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മെഡിക്കൽ ഷോപ്പുകളോടു ചേർന്ന് സർക്കാർ ഡോക്ടർമാരുടെ അനധികൃത പ്രാക്ടീസിനെതിരെ ‘രോഗി ചമഞ്ഞ്’ ആരോഗ്യ ഡയറക്ടറുടെ മിന്നൽ പരിശോധന. ജില്ലാ ആശുപത്രിയിലേത് ഉൾപ്പെടെ ഡോക്ടർമാർ സർക്കാർ ഉത്തരവു ലംഘിച്ചതു കണ്ടെത്തി. സർക്കാർ ഡോക്ടർമാർ താമസസ്ഥലത്തല്ലാതെ സ്വകാര്യ പ്രക്ടീസ് നടത്തരുതെന്നാണ് നിയമമെന്ന് അധികൃതർ പറഞ്ഞു.
രോഗി എന്നു നടിച്ച് ഡോക്ടറുടെ പരിശോധനാ സമയം തിരക്കിയാണ് നഗരത്തിലെ ഒരു മെഡിക്കൽ ഷോപ്പിൽ ഇന്നലെ ഉച്ചയ്ക്ക് ഡയറക്ടർ ഡോ. ആർ.എൽ.സരിത എത്തിയത്. ജില്ലാ ആശുപത്രിയിലേത് ഉൾപ്പെടെ ഡോക്ടർമാരുടെ ബോർഡുകൾ കടയ്ക്കു സമീപം പ്രദർശിപ്പിച്ചിട്ടുണ്ട്. പദവി വ്യക്തമാക്കി വിവരം ചോദിച്ചപ്പോൾ കടയുടമ ഉരുണ്ടുകളിച്ചു. ഡോക്ടർമാർ അവിടെ താമസക്കാരാണെന്നു വിശദീകരിച്ചു. പരിശോധനയിൽ താമസത്തിന്റെ ലക്ഷണങ്ങൾ കണ്ടില്ല.
മറ്റൊരിടത്ത് എത്തിയപ്പോൾ ഉച്ചയ്ക്ക് ശേഷമാണ് ഡോക്ടർമാരുടെ പ്രാക്ടീസെന്ന് കടയുടമ വിശദീകരിച്ചു. കടയുടെ ബോർഡിൽ മൂന്നു ഡോക്ടർമാരുടെ പേരുകൾ പ്രദർശിപ്പിച്ചതിന്റെ ചിത്രവും ഡയറക്ടർ ക്യാമറയിൽ പകർത്തി. ജില്ലാ ആശുപത്രിയിൽ ലഭ്യമായ മരുന്നുകൾ ഡോക്ടർമാർ പുറത്തേക്ക് നിർദേശിക്കുന്നുണ്ടോ എന്നും പരിശോധിച്ചു. ഡിഎംഒ ഡോ. എം.സക്കീന, ആർഎംഒ ഡോ. നീതു കെ.നാരായണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. ക്രമക്കേടുകൾക്ക് ബന്ധപ്പെട്ടവരിൽനിന്നു വിശദീകരണം തേടും.