Kerala

മകന്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായെന്ന പ്രചാരണത്തില്‍ പ്രതികരിച്ച്
ഉമാ തോമസ് എംഎല്‍എ. പോലീസ് അറസ്റ്റ് ചെയ്തെന്ന് പറയുന്ന മകന്‍ തനിക്കൊപ്പം വീട് വൃത്തിയാക്കുന്ന ചിത്രം പങ്കുവെച്ചാണ് ഉമാ തോമസിന്റെ മറുപടി.

പിടി തോമസിനോടുള്ള പക തീര്‍ന്നിട്ടില്ലെന്ന് അറിയാം, എങ്കിലും പാതിവഴിയില്‍ പോരാട്ടം അവസാനിപ്പിക്കാന്‍ ആര് വിചാരിച്ചാലും സാധിക്കില്ലെന്നും ഉമാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഉമാ തോമസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കഞ്ചാവ് കേസില്‍ ഒരു വനിതാ എംഎല്‍എയുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തെന്ന തരത്തില്‍ പ്രചാരണം അഴിച്ചുവിട്ടത്. ഉമാ തോമസ് എംഎല്‍എ കുടുംബത്തോടൊപ്പമുള്ള ചിത്രം ഉള്‍പ്പെടെയായിരുന്നു പ്രചാരണം. വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ഉമാ തോമസ് പറഞ്ഞു.

‘ചില ഷാജിമാരുടെ എഫ് ബി പോസ്റ്റ് കണ്ടു.. പോലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകന്‍ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്.

ചില ഷാജിമാരുടെ എഫ്ബി പോസ്റ്റ് കണ്ടു.. പോലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകന്‍ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്.

മൂത്ത മകന്‍ തൊടുപുഴ അല്‍അസര്‍ കോളേജില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മരിച്ചിട്ടും ചിലര്‍ക്ക് പിടിയോടുള്ള പക തീര്‍ന്നിട്ടില്ലായെന്ന് എനിക്കറിയാം. പാതിവഴിയില്‍ എന്റെ പോരാട്ടം അവസാനിപ്പിക്കുവാന്‍ ആര് വിചാരിച്ചാലും സാധിക്കില്ല.

പിടി തുടങ്ങിവച്ചതൊക്കെ ഞാന്‍ പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഈ എഫ് ബി പോസ്റ്റ് ഇട്ടവര്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും,ഡി ജി പി ക്കും, പരാതി നല്‍കുമെന്ന് ഉമ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

 

ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ സ്വയം ഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ടെക്‌നിക്കല്‍ ഓഫീസറായി നിയമിച്ചതില്‍ വന്‍ വിവാദമുയരുന്നു.ബി ടെക് അടിസ്ഥാനയോഗ്യതയാക്കി പ്രത്യേകം സൃഷ്ടിച്ച ഒരു ഒഴിവിലേക്ക് കെ സുരേന്ദ്രനെ മകനെ നിയമിച്ചുവെന്നാണ് മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. പരീക്ഷ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനം സംബന്ധിച്ച വിവരങ്ങള്‍തേടുമ്പോള്‍ അതെല്ലാം ആര്‍ ജി സി ബി മറച്ചുവയ്കുകയാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

സംഭവം ബന്ധുനിയമനമാണെന്നാണ് ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തകിയിലേക്കപേക്ഷിച്ച മറ്റു ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും തങ്ങള്‍ എഴുതിയ പരീക്ഷയെക്കുറിച്ച് രാജീവ് ഗാന്ധി സെന്‍ര്‍ അധികൃതര്‍ യാതൊരു വിവരവും തരുന്നില്ലന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.2021 ഡിസംബര്‍ എട്ടിനാണ് ടെക്‌നിക്കല്‍ ഓഫീസര്‍ അടക്കം മൂന്ന് തസ്തികയിലേക്ക് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചത്. ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെയാണ് സാധാരണഗതിയില്‍ ഈ പോസ്റ്റുകളിലേക്ക് നിയമിക്കാറുള്ളത്.

എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ബി ടെക് മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയില്‍ അറുപത് ശതമാനം മാര്‍ക്കോടെ നേടിയ ബിരുദമാണ് ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അടിസ്ഥാന യോഗ്യതയായി നിഷ്‌കര്‍ഷിച്ചിരുന്നത്.എംടെക്കുള്ളവര്‍ക്ക് ഷോര്‍ട്ട്‌ലിസ്റ്റില്‍ മുന്‍ഗണന നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. പിന്നോക്ക വിഭാഗത്തിനാണ് തസ്തിക സംവരണം ചെയ്തത്. ചുരുക്കിപ്പറഞ്ഞാല്‍ ബി ടെക് മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ബിരുദമുള്ളവര്‍ക്കായി ഒരു തസ്തിക രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി പ്രത്യേകം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്.

മൂന്ന് ഘട്ടങ്ങളിലായി പരീക്ഷ നടപടികള്‍ പൂര്‍ത്തിയാക്കി. ആര്‍ജിസിബി വെബ്‌സെറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ആദ്യ ഘട്ടത്തിനായി 48 ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു. എപ്രില്‍ 25ന് രാവിലെ ജനറല്‍ ഒഎംആര്‍ പരീക്ഷ, പിന്നാലെ അന്ന് ഉച്ചയ്ക്ക് തന്നെ എഴുത്ത് പരീക്ഷ. ഇതില്‍ യോഗ്യത നേടിയ നാല് പേരെ ഏപ്രില്‍ 26ന് ലാബ് പരീക്ഷയ്ക്കും ക്ഷണിച്ചു. രണ്ട് ദിവസം കൊണ്ട് ധൃതി പിടിച്ച് പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി.

അതിന് ശേഷമാണ് സംശയാസ്പദമായ മറ്റ് നീക്കങ്ങള്‍ ഉണ്ടായതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ലാബ് പരീക്ഷയില്‍ പങ്കെടുത്ത നാല് പേരുടെ പട്ടികയില്‍ നിയമനം ലഭിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ കെ.എസിന്. റാങ്ക് പട്ടിക സംബന്ധിച്ചോ തുടര്‍നടപടികളെ കുറിച്ചോ പരീക്ഷ എഴുതിയ മറ്റു വിദ്യാര്‍ത്ഥികള്‍ അന്വേഷിച്ചിട്ടും പറയാന്‍ സ്ഥാപനം തയ്യാറായിട്ടില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. നേരിട്ടും ഇമെയില്‍ വഴിയും ബന്ധപ്പെട്ടിട്ടും മറുപടിയില്ല. ഹരികൃഷ്ണന്‍ കെ.എസിന് ജൂണ്‍ മാസത്തില്‍ ആര്‍ജിസിബി നിയമനം നല്‍കിയെന്നാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടിസ്ഥാന ശമ്പളം ഉള്‍പ്പെടെ എഴുപതിനായിരം രൂപ വരെയാണ് പരിശീലന കാലയളവില്‍ ലഭിക്കുന്നത്. ഹരികൃഷ്ണന്‍ കെ.എസിനെ നിലവില്‍ വിദഗ്ധ പരിശീലനത്തിന് ദില്ലിയിലെ സാങ്കേതിക സ്ഥാപനത്തിലേക്ക് അയച്ചുവെന്നും ആരോപണം.

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം വി ഗോവിന്ദന് പകരം എം ബി രാജേഷിനെ മന്ത്രി സഭയിലേക്ക് കൊണ്ടു വരാന്‍ സിപിഐഎം തീരുമാനം. എം ബി രാജേഷിന് പകരം എ എന്‍ ഷംസീര്‍ സ്പീക്കറാകും. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് തീരുമാനം.എം വി ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജി വെക്കും.

അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് പകരം എം വി ഗോവിന്ദനെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി തുടങ്ങിയവര്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗമായിരുന്നു സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

മലയാളത്തിലെ സൂപ്പർ താരമായിരിന്നിട്ടും ഒരിക്കൽ പോലും അഭിമുഖം കൊടുക്കാത്ത നടനെപ്പറ്റി എഴുത്തുകാരനും നിരൂപകനുമായ സുകു പാൽകുളങ്ങര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

മലയാള സിനിമയിൽ വില്ലൻ വേഷത്തിൽ നിറഞ്ഞാടിയ വ്യക്തിയായിരുന്നു കെ പി ഉമ്മർ. അദ്ദേഹത്തെ പറ്റി സിനിമാലോകത്ത് അധികമാരും സംസാരിച്ചു കേൾക്കാറില്ല, ഒരു അഭിമുഖം പോലും പുറത്ത് വന്നിട്ടുമില്ല എന്നാൽ അതിനു പിന്നിൽ ഒരു കാരണമുണ്ടെന്ന് സുകു പറഞ്ഞു. നെഗറ്റീവ് കഥാപാത്രങ്ങളിൽ വരുന്നതുകൊണ്ട് തന്നെ പലർക്കും അദ്ദേഹത്തോട് വെറുപ്പ് തോന്നും.

ആ കഥാപാത്രത്തെ എത്രമാത്രം ആരാധകർ വെറുക്കുന്നുവേ അത് ആ നടന് സംബന്ധിച്ച് അദ്ദേഹത്തിന്റെ വിജയമാണ്. ആ കാര്യത്തിൽ ഉമ്മർ വിജയിച്ചിരുന്നു. യാതൊരു അഭിമുഖങ്ങളിലും തല കാണിക്കാനോ പ്രശസ്തി നേടിയെടുക്കാനോ അദ്ദേഹം ആ​ഗ്രഹിച്ചിരുന്നില്ല. മലയാളത്തിൽ ഇത്രയും സാത്വികനായ മറ്റൊരു നടൻ ഇല്ലെന്ന് പറയുന്നാണ് സത്യമെന്നും സുകു പറഞ്ഞു.

നെഗറ്റീവ് ഷേഡ് കൊടുത്ത് പല സംവിധായകരും അദ്ദേഹത്തിൻ്റെ കഥാപാത്രത്തെ ഇല്ലാതാക്കുകയായിരുന്നു. നാടകത്തിൻ നിന്ന് വന്നതുകൊണ്ട് തന്നെ അഭിനയത്തിനോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം വലുതായിരുന്നു. പ്രതിഫലത്തിന്റെ കാര്യത്തിലും അദ്ദേഹം ഒരു സംവിധാകനോടെ നിർമ്മാതാവിനോടെ തർക്കിച്ചിട്ടില്ല. കിട്ടുന്നത് വാങ്ങി പോകുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇന്ന് പല മിമിതക്രിക്കാരും അദ്ദേഹത്തിനെ അനുകരിക്കുന്നത് കാണുമ്പോൾ ഉള്ളിൽ വിഷമം തോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്‌കൂൾ ബസിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ചു വീണു. ആലുവയിലാണ് ദാരുണമായ അപകടം നടന്നത്. ബസിന്റെ എമർജെൻസി വാതിൽ വഴിയാണ് കുട്ടി തെറിച്ചു വീണത്. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. പെങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്‌കൂളിന്റെ ബസിൽനിന്നാണ് അപകടം ഉണ്ടായത്.

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം നടന്നത്. കുട്ടിക്ക് സാരമായ പരിക്കുകളില്ല. ബസിൽ നിന്ന് കുട്ടി റോഡിലേക്ക് വീണതിന് പിന്നാലെ ഇതു കണ്ടുനിന്നവർ ഓടിയെത്തി എടുക്കുകയും ബസ് നിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ബസ് നിർത്തി. കുഞ്ഞിന് സാരമായ പരിക്ക് ഇല്ലെന്ന് കണ്ടതിനെ തുടർന്ന് തിരികെ ബസിൽ കയറ്റിവിട്ടു.

കുഞ്ഞിന് പ്രാഥമികമായ ചികിത്സ പോലും നൽകിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. വീണതിനെ തുടർന്ന് ശരീരവേദനയും ചതവും ഉണ്ടെന്ന് കുഞ്ഞിന്റെ കുടുംബം ആരോപിച്ചു. അതേസമയം ബസ് ഡ്രൈവറോ സ്‌കൂൾ അധികൃതരോ കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.

മറ്റു കുട്ടികളെ എല്ലാം വീട്ടിലെത്തിച്ചതിന് ശേഷമാണ് തങ്ങളുടെ കുട്ടിയെ വീട്ടിലെത്തിച്ചതെന്ന് അവർ പറഞ്ഞു. കുട്ടിക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴാണ് കുട്ടിയുടെ ശരീരത്തിൽ ചതവും വേദനയും ഉണ്ടെന്നും അപകടം സംഭവിച്ചുവെന്ന് അറിഞ്ഞതെന്നും വീട്ടുകാർ ആരോപിച്ചു. സ്‌കൂൾ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുകയോ വിവരം അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. വിഷയത്തിൽ കുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ചിട്ടുണ്ട്.

ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ. പത്തനാപുരം ആർ.ടി.ഓഫീസിലെ ഉദ്യോഗസ്ഥൻ കുണ്ടറ മുളവന പേരയം അമ്പിയിൽ വിജയനിവാസിൽ എ.എസ്.വിനോദ് ആണ് അറസ്റ്റിലായത്.

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഇയാൾ പിടിയിലായത്. ജാമ്യം നിഷേധിച്ചതോടെ കഴിഞ്ഞദിവസം പുനലൂർ ഡിവൈ.എസ്.പി. മുമ്പാകെ ഹാജരാകുകയായിരുന്നു. പത്തനാപുരം പോലീസിനു കൈമാറിയ എ.എസ്.വിനോദിനെ സംഭവം നടന്ന പട്ടാഴി വടക്കേക്കര ചെളിക്കുഴിയിലെത്തിച്ച് തെളിവെടുത്തു.

പത്തനാപുരം ജ്യുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ജൂലായ് 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്രൈവിങ് ടെസ്റ്റിനിടെ ആളൊഴിഞ്ഞ ഭാഗത്തുവച്ച് വാഹനത്തിൽ അപമര്യാദയായി പെരുമാറുകയായിരുന്നെന്നാണ് പത്തനാപുരം സ്വദേശിയായ യുവതി പറയുന്നത്.

സംഭവത്തിൽ പത്തനാപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. വകുപ്പുതല നടപടിക്കു വിധേയമായി യൂണിയൻ സംസ്ഥാന ഭാരവാഹികൂടിയായ വിനോദിനെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിച്ചതോടെ പോലീസിൽ കീഴടങ്ങാൻ നിർബന്ധിതനാകുകയായിരുന്നു. കൊല്ലം ആർ.ടി.ഓഫീസിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരിക്കെ സമാന കേസിൽ ഇയാൾക്കെതിരേ 2017-ൽ മറ്റൊരു യുവതിയുടെ പരാതിയിലും കേസെടുത്തിരുന്നു.

തൃശ്ശൂര്‍ എംജി റോഡില്‍ പെണ്‍കുട്ടിയെ കഴുത്തിന് കുത്തി കൊല്ലാന്‍ ശ്രമം. പ്രണയ നൈരാശ്യം ആണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് അറിയുന്നത്. പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ച കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവിനെ നാട്ടുകാര്‍ കീഴ്‌പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു.

ഷേവിങ് കത്തി ഉപയോഗിച്ചാണ് കഴുത്തിലും പുറത്തും കുത്തിയത്. പെണ്‍കുട്ടിയെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വൈകീട്ട് 6 മണിയോടെയാണ് സംഭവം നടന്നത്.

കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ അതിവേഗം വികസനം സാധ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്ത് ബിജെപി സര്‍ക്കാര്‍ എവിടെയൊക്കെ ഉണ്ടോ, അവിടെയെല്ലാം വികസനം അതിവേഗമാണ്. അവിടെയെല്ലാം ഇരട്ട എന്‍ജിന്‍ സര്‍ക്കാരുകളാണ് ഭരിക്കുന്നത്. കേരളത്തിലും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വികസനം കൂടുതല്‍ ശക്തമാകുമെന്ന് മോഡി കൊച്ചിയില്‍ പറഞ്ഞു.

പ്രധാനമന്ത്രി മലയാളത്തിലാണ് പ്രസംഗത്തിന് തുടക്കമിട്ടത്. കേരളം സാംസ്‌കാരിക വൈവിധ്യവും പ്രകൃതി ഭംഗിയും കൊണ്ട് അനുഗ്രഹീതമാണെന്ന് മോഡി പറഞ്ഞു. കേരളം മനോഹരമായ നാടാണ്. കസവുമുണ്ടും നേര്യതും ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി കൊച്ചിയിലെത്തിയത്. ഇന്നും നാളെയുമായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. മലയാളികള്‍ക്ക് ഓണാശംസകളും മോഡി നേര്‍ന്നു.

കേന്ദ്രസര്‍ക്കാര്‍ ഓരോ ജില്ലകളിലും ചുരുങ്ങിയത് ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് പ്രധാന്യം നല്‍കുകയാണ്. ഇത് കേരളത്തിലെ യുവാക്കള്‍ക്ക് പ്രത്യേകിച്ച് നേഴ്‌സിംഗ് പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും ഗുണം കിട്ടുമെന്ന പറയുന്നതില്‍ സന്തോഷം. കേരളത്തിലെ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്.

കേരളത്തിലെ ഹൈവേയുമായി ബന്ധപ്പെട്ട് 50000 കോടി രൂപയോളം മാറ്റി വെച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം കേരളത്തില്‍ രണ്ട് ലക്ഷം വീട് നല്‍കിയെന്ന് മോഡി പറഞ്ഞു. ഒരു ലക്ഷം വീടുകള്‍ ഇതിനകം പൂര്‍ത്തിയാക്കി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പോലെ പദ്ധതി മത്സ്യത്തൊഴിലാളി മേഖലയിലും നടപ്പാക്കുകയാണ്.

മത്സ്യത്തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷയും ആധുനിക വളളങ്ങളും നല്‍കും. കര്‍ഷര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വേണ്ടി സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുകയാണ്. പി എം കിസാന്‍ സമ്മാന്‍ നിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ മൂന്നരലക്ഷം കുടുംബങ്ങള്‍ക്ക് അതിന്റെ ഗുണം കിട്ടുന്നുവെന്നും മോദി പറഞ്ഞു.

വഴിയാത്രക്കാരനായ യുവാവിനെ ഇടിച്ചുവീഴ്ത്ത് മരണത്തിനിടയാക്കി നിർത്താതെ പോയ ബൈക്ക് യാത്രികൻ പിടിയിൽ. മൂന്ന് മാസത്തിന് ശേഷമാണ് ഇയാൾ പിടിയിലായത്. കണ്ണൂർ ടൗൺ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. അപകടം വരുത്തിയ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെയിന്റിങ് തൊഴിലാളി വലിയന്നൂരിലെ ആയിഷ മൻസിലിൽ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്.

42 കാരനായ റഫീഖ് ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. കുറ്റിയാട്ടൂർ ചെക്കിക്കുളത്തിനുസമീപം കുണ്ടിലാക്കണ്ടി കെ.പി.ഹൗസിലെ 22കാരനായ മുഹമ്മദ് മുനിവർ ആണ് അറസ്റ്റിലായത്. മേയ് 25-ന് രാത്രി പതിനൊന്നരയോടെ മുണ്ടയാട് വൈദ്യർപീടികയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. പ്രതി ഉപയോഗിച്ച ബൈക്ക് പ്രതിയുടെ ബന്ധുവിന്റെതാണ്. ബോധപൂർവല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

വഴിയിൽ വീണുകിടക്കുകയായിരുന്ന മുഹമ്മദ് റഫീഖിനെ പട്രോളിങ് നടത്തുന്ന പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം രക്തം വാർന്നാണ് മരണത്തിന് കീഴടങ്ങിയത്. പാവപ്പെട്ട കുടുംബത്തിലെ അംഗമായ മുഹമ്മദ് റഫീഖിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

കണ്ണൂരിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായ മുഹമ്മദ് മുനിവർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടം നടന്നത്. തന്റെ ബൈക്കിടിച്ച് വീണയാളെ രക്ഷിക്കാൻ ശ്രമിക്കാതെ ഇയാൾ സ്ഥലംവിടുകയും ചെയ്തു. അപകടം നടന്ന വിവരം ആരെയും അറിയിച്ചതുമില്ല. ഒന്നും സംഭവിക്കാത്തതുപോലെ എല്ലാ ദിവസവും ആ വഴി അതേ ബൈക്കിൽ ജോലിക്ക് പോവുകയും ചെയ്തു.

സംഭവസ്ഥലത്തിനടുത്തുണ്ടായിരുന്ന ഒരാൾ നൽകിയ സൂചനയും സി.സി.ടി.വി.യിൽ പതിഞ്ഞ അവ്യക്തമായ ദൃശ്യങ്ങളും വെച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചുവന്ന ബൈക്ക് ആ സമയത്ത് കടന്നുപോകുന്നത് കണ്ടുവെന്നായിരുന്നു മൊഴി. സി.സി.ടി.വി. ദൃശ്യത്തിൽ ബൈക്കിന്റെ നമ്പർപ്ലേറ്റിലെ രണ്ട് അക്കവും തെളിഞ്ഞു. തുടർന്ന് ആർ.ടി.ഒ. ഓഫീസിൽ ചുവന്ന ബൈക്കുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ലക്ഷ്യത്തിലെത്തി. മുഹമ്മദ് മുനിവർ അപകടം നടന്ന സമയത്ത് തന്നെയാണ് അതുവഴി നിത്യവും പോകുന്നതെന്നും മനസ്സിലാക്കി. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

മലയാള സിനിമയുടെ ആക്കാലത്തെയും ശ്രദ്ധേയമായ സംവിധായക ജോഡിയായിരുന്നു സിദ്ദിഖ്-ലാൽ കൂട്ട്കെട്ട്. കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധേയരായ ഇരുവരും പിന്നീട് സംവിധാന രം​ഗത്തും ഒന്നിക്കുകയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഇരുവരുടെയും സംവിധാനത്തിൽ മലയാളത്തിന് സമ്മാനിച്ചത്. എന്നാൽ ഇടക്കാലത്ത് ഇരുവരും പിരിയുന്നു എന്ന വാർത്തയാണ് പുറത്ത് വന്നത്. ഇതിന് കാരണവും ഇരുവരും പുറത്ത് വിട്ടിരുന്നില്ല.

ഇപ്പോഴിതാ സിദ്ദിഖ് ലാല് കൂട്ട് കെട്ട് പിരിയാനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് സിദ്ദിഖ്. അമൃത ടിവിയിലെ പറയാം നേടാം പരിപാടിയിൽ എത്തിയപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. ഞങ്ങൾ പിണങ്ങി പിരിഞ്ഞതല്ല, വളർച്ചയുടെ ഘട്ടത്തിൽ രണ്ടുപേരും കൂടി ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു അത്. ഞങ്ങൾ സ്വതന്ത്രമായി സിനിമകൾ ചെയ്ത് തുടങ്ങിയ ശേഷവും കഥകൾ പരസ്പരം ചർച്ച ചെയ്യുമായിരുന്നു.

ഇപ്പോഴാണ് ലാൽ ലാലിന്റേതായ തിരക്കുകളുമായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ വേർപിരിഞ്ഞതിനു ശേഷം തൻ്റെ സ്വതന്ത്ര സംവിധാനത്തിൽ ആദ്യമിറങ്ങിയ ചിത്രമാണ് ഹിറ്റ്‌ലർ. ചിത്രത്തിൽ സംവിധാനത്തിന് പകരം നിർമ്മാതാവായാണ് ലാൽ പങ്കാളിയായത്. വേർപിരിഞ്ഞത് സംവിധാനത്തിന് വേണ്ടിയായിരുന്നില്ലെന്നും സിദ്ദിഖ് പറയുന്നു. കുറെ നാളുകൾക്ക് ശേഷം ഒരു പരസ്യ ചിത്രത്തിൽ ഒരുമിച്ചെത്തിയിരുന്നു.

അന്ന് അതിന്റെ പിന്നണി പ്രവർത്തകർ വിചാരിച്ചിരുന്നത് ഞങ്ങൾ പിണങ്ങി എന്നാണ്. അതുകൊണ്ടുതന്നെ, പരസ്യത്തിൽ ലാൽ അഭിനയിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ എന്ന് അവർ ചോദിച്ചിരുന്നു. പിന്നീട്, താൻ തന്നെ ലാലിനോട് പരസ്യത്തിൽ അഭിനയിക്കുന്ന കാര്യം പറയുകയായിരുന്നുവെന്നും, സിദ്ദിഖ് കൂട്ടിച്ചേർത്തു

Copyright © . All rights reserved