യുവസംവിധായികയെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്ന നയനാ സൂര്യ (28)യുടെ മരണമാണ് മൂന്നുവര്‍ഷത്തിനുശേഷം ചര്‍ച്ചയാവുന്നത്. കഴുത്തുഞെരിഞ്ഞാണ് മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. ഇത് കൊലപാകമെന്ന സംശയം ബലപ്പെടുത്തുന്നതായി മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം പോലീസ് നടത്തിയ മൃതദേഹപരിശോധനയില്‍ കഴുത്തിലുണ്ടായിരുന്ന 31.5 സെ.മീ മുറിവും മറ്റു ക്ഷതങ്ങളും രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം എങ്ങുമെത്താതായതോടെ സംവിധായികയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. അടിവയറ്റില്‍ മര്‍ദനമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടും പോലീസ് അന്വേഷിക്കുകപോലും ചെയ്യാതെ കേസ് അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് പരാതി.
2019 ഫെബ്രുവരി 24 -നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകള്‍ നയനാസൂര്യയെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പത്തുവര്‍ഷത്തോളമായി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന. ‘ക്രോസ് റോഡ്’ എന്ന ആന്തോളജി സിനിമയില്‍ ‘പക്ഷികളുടെ മണം’ എന്ന സിനിമ നയന സംവിധാനംചെയ്തിട്ടുണ്ട്. ഒട്ടേറെ പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരേ നടന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നയനയുണ്ടായിരുന്നു.
ലെനിന്‍ രാജേന്ദ്രന്റെ മരണംനടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയനയുടെ മരണം. വിഷാദരോഗത്തിന് ചികിത്സതേടിയിരുന്ന നയന ആത്മഹത്യചെയ്തതാവാം എന്ന മട്ടിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. പ്രമേഹരോഗിയായിരുന്ന നയന ഷുഗര്‍താഴ്ന്ന അവസ്ഥയില്‍ മുറിക്കുള്ളില്‍ കുഴഞ്ഞുവീണ് പരസഹായംകിട്ടാതെ മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
ഫോണ്‍വിളിച്ചിട്ട് എടുക്കാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് താമസസ്ഥലത്തെ മുറിക്കുള്ളില്‍ മരിച്ചനിലയില്‍ നയനയെ കാണുന്നത്. ഇവരാണ് ആശുപത്രിയിലെത്തിച്ചത്.അസ്വാഭാവികമരണത്തിനാണ് മ്യൂസിയം പോലീസ് കേസെടുത്തത്. എന്നാല്‍, കേസ് എങ്ങുമെത്തിയില്ല. പോസ്റ്റ്മോര്‍ട്ടം, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല എന്നാണ് ആര്‍.ഡി.ഓഫീസ് നല്‍കുന്ന വിവരം.
എന്നാല്‍, നയനയുടെ സഹൃത്തുക്കള്‍ക്ക് ഇതിന്റെ കോപ്പി ലഭിച്ചിട്ടുണ്ട്. നയനയുടെ വീട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് . കഴുത്തിനുചുറ്റും ഉരഞ്ഞുണ്ടായ ഒട്ടേറെ മുറിവുകളുണ്ട്. 31.5 സെന്റീമീറ്റര്‍വരെ നീളമുള്ള മുറിവുകളുണ്ട്. ഇടത് അടിവയറ്റില്‍ ചവിട്ടേറ്റതുപോലുള്ള ക്ഷതം കണ്ടെത്തി. ഇതിന്റെ ആഘാതത്തില്‍ ആന്തരീകാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. ക്ഷതമേറ്റാണ് പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായത്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊച്ചിയിലെ പുതുവര്‍ഷാഘോഷം വന്‍ ദുരന്തമായി മാറി. ആഘോഷത്തില്‍ പങ്കെടുത്ത 200 പേര്‍ ചികിത്സ തേടി. പുതുവത്സരം ആഘോഷിക്കാനായി അഞ്ച് ലക്ഷത്തോളം പേരാണ് കൊച്ചിയില്‍ ഒത്തുകൂടിയത്. പുതുവത്സര ദിനത്തിന് തലേന്നും കൊച്ചിയില്‍ വലിയ ജനതിരക്കായിരുന്നു. പോലീസുകാര്‍ക്കുള്‍പ്പടെ നിരവധിയാളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായുണ്ടാവുന്ന വന്‍ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയാണ് അപകടമുണ്ടാക്കിയത്. അധികൃതര്‍ക്ക് വീഴ്ചയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
പരിപാടിയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് ഓട്ടോറിക്ഷയ്ക്ക് മുകളില്‍ കിടത്തിയാണ്. തിരക്കില്‍പെട്ട് ശ്വാസതടസം അനുഭവപ്പെട്ട യുവതിയെ കിടത്താന്‍ സ്ഥലം ലഭിക്കാത്തതിനാലാണ് ഓട്ടോയ്ക്ക് മുകളില്‍ കിടത്തി കൊണ്ടുപോയത്. ഇവര്‍ക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയതും ഓട്ടോയ്ക്ക് മുകളില്‍ കിടത്തിയായിരുന്നു. ഇത്തരം അടിയന്തിര സാഹചര്യം നേരിടാന്‍ അടിയന്തിര ആരോഗ്യ സേവനങ്ങളൊന്നും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല.
മൂന്ന് ആംബുലന്‍സുകളാണ് സ്ഥലത്ത് ഒരുക്കിയിരുന്നത്. ഒരു ഡോക്ടറും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അടുത്തുള്ള താലൂക്ക് ആശുപത്രിയിലും ഒരു ഡോക്ടര്‍ മാത്രമായിരുന്നു ഡ്യൂട്ടിയില്‍. റോറോ സര്‍വീസിലേക്ക് ജനം ഇരച്ചു കയറിയതും വലിയ അപകടസാധ്യതയാണ് ഉണ്ടാക്കിയത്. രണ്ട് റോറോ സര്‍വീസുകള്‍ നടത്തണമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഒന്ന് മാത്രമായിരുന്നു പ്രവര്‍ത്തിച്ചത്, അതും അപകടത്തിന് വഴിവച്ചു.
വളാഞ്ചേരി റീജണല്‍ കോളജില്‍ നിന്ന് വിദ്യാര്‍ഥികള്‍ വിനോദയാത്ര പോയത് തങ്ങളുടെ അനുമതിയില്ലാതെയാണെന്ന് വ്യക്തമാക്കി കോളജ് അധികൃതര്‍. ക്രിസ്മസ് അവധിയായതിനാല്‍ കോളജ് പ്രവര്‍ത്തിക്കുന്നില്ല. കോളജ് ഇത്തരമൊരു യാത്ര സംഘടിപ്പിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
വളാഞ്ചേരി ആതവനാട് സ്വദേശിയായ മില്‍ഹാജ് ആണ് അപകടത്തില്‍ മരിച്ചത്. വളാഞ്ചേരിയിലെ ഒരു ക്ലബ്ബുമായി സഹകരിച്ചാണ് വിദ്യാര്‍ഥികള്‍ ടൂര്‍ സംഘടിപ്പിച്ചതെന്നാണ് സൂചന. മറ്റൊരു കോളജിലെ വിദ്യാര്‍ഥികളും യാത്രയില്‍ ഉണ്ടെന്നാണ് അറിഞ്ഞതെന്നും പ്രിന്‍സിപ്പല്‍ സന്തോഷ് പറഞ്ഞു.
തിങ്കള്‍ക്കാട്ടെ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് ഏറെ നേരമെടുത്താണ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. രാവിലെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വാഹനത്തിനടിയില്‍ കുടുങ്ങിയ നിലയില്‍ മില്‍ഹാജിനെ കണ്ടെത്തിയത്.
കാണാതായ പന്ത്രണ്ട് വയസുകാരനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴയന്നൂർ സ്വദേശിയായ പന്ത്രണ്ടുകാരനെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.
എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ കുട്ടി വെള്ളിയാഴ്ച പതിനൊന്ന് മണിയോടെ വീട്ടിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു. വൈകുന്നേരമായിട്ടും കുട്ടി തിരിച്ചെത്താത്തതിനാൽ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇന്ന് ഉച്ചയോടെ കുട്ടിയെ വീടിന് സമീപത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പുതുവത്സരം ആഘോഷിക്കുന്നതിനിടയിൽ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലമൂട് സ്വദേശി അഖിൽ രാജേന്ദ്രൻ (26) നെയാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം കൊല്ലം ബീച്ചിൽ പുതുവത്സര ആഘോഷത്തിനെത്തിയതായിരുന്നു അഖിൽ.
ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് അഖിൽ തിരയിൽ പെട്ടത്. അതേസമയം അഖിൽ തിരയിൽപെട്ട കാര്യം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അറിഞ്ഞിരുന്നില്ല. ഏറെ നേരം കഴിഞ്ഞാണ് കൂടെയുള്ള സുഹൃത്തിനെ കാണാനില്ലെന്ന വിവരം സുഹൃത്തുക്കൾ അറിഞ്ഞത്.
കടലിന്റെ കരയിൽ പോകുമ്പോൾ അഖിൽ ഉണ്ടായിരുന്നതായും തിരിച്ചെത്തിയപ്പോൾ കണ്ടില്ലെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്‌മെന്റും അഖിലിനായി തിരച്ചിൽ നടത്തി വരികയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇന്നലെ കാലം ചെയ്ത ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതിക ശരീരം നാളെ തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വയ്ക്കും. അദ്ധ്യാത്‌മിക വിശുദ്ധിയുടെയും ദൈവശാസ്ത്രത്തിന്റെയും വിളനിലമായിരുന്ന ബനഡിക്ട് പതിനാറാമൻ മാർപാപ്പ കത്തോലിക്കാ സഭയുടെ 265-ാം മാർപാപ്പയായിരുന്നു. 2005 ഏപ്രിൽ 19 -നാണ് ജർമ്മൻകാരനായ കർദ്ധിനാൾ ജോസഫ് റാറ്റ്സിങ്ങർ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായത് .
കേരള കത്തോലിക്കാ സഭയുടെ വളർച്ചയിൽ ഏറ്റവും താങ്ങായി നിന്ന ആളാണ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ. ഭാരത കത്തോലിക്കാ സഭയിലെ ആദ്യ വിശുദ്ധയായി സിസ്റ്റർ അൽഫോൻസാമ്മയെ പ്രഖ്യാപിച്ചത് ബനഡിക്ട് പാപ്പയാണ്. മേജർ ആർച്ച് ബിഷപ്പുമാരായ മാർ ജോർജ് ആലഞ്ചേരിയേയും മാർ ബസേലിയോസ് ക്ലിമീസ് കത്തോലിക്കാ ബാവയേയും കർദിനാൾ പദവി നൽകിയത് ബനഡിക്ട് പാപ്പയുടെ കാലഘട്ടത്തിലാണ്. കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ബസോലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ കേരള കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് പാപ്പയുടെ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കും.
എല്ലാ ലോക രാഷ്ട്രങ്ങളുമായി സൗമ്യമായ ബന്ധം സഭയ്ക്കും വത്തിക്കാനും ഉണ്ടാക്കിയെടുക്കുന്നതിൽ പാപ്പ വഹിച്ച പങ്ക് നിസ്തുലമാണ്. ക്യൂബയടക്കമുള്ള രാജ്യങ്ങളിൽ തൻറെ അനാരോഗ്യം വകവയ്ക്കാതെ നടത്തിയ സന്ദർശനം വളരെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 600 വർഷത്തിനിടെ സ്ഥാന ത്യാഗം ചെയ്ത ആദ്യ മാർപാപ്പയായ ബനഡിക്ട് പതിനാറാമൻ എപ്പോഴും കർമ്മനിരതനായിരുന്നു. സഭയിൽ ഒട്ടേറെ പുരോഗമന നടപടികൾക്ക് തുടക്കമിട്ട പാപ്പ 65 ദൈവശാസ്ത്ര ഗ്രന്ഥങ്ങളാണ് രചിച്ചത്.
ബനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് മലയാളം യുകെ ന്യൂസിന്റെ ഹൃദയാഞ്ജലി
തിങ്കൾക്കാടിന് സമീപം കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. മലപ്പുറം സ്വദേശി മിൻഹാജ് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. വളാഞ്ചേരിയിൽനിന്നുള്ള കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
വിദ്യാർഥികൾ വാഗമൺ സന്ദർശിച്ച് മടങ്ങവെ പുലർച്ചെ 1.15-ഓടെയാണ് അപകടം നടന്നത്. തിങ്കൾക്കാട്ടെ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പോലീസും ചേർന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. 41 യാത്രിക്കാർ ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
രണ്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് എല്ലാവരെയും രക്ഷപ്പെടുത്താനായത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ബസിനടിയിൽപ്പെട്ടാണ് മിൻഹാജ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് മിൻഹാജിന്റെ മൃതദേഹം കണ്ടെടുത്തത്.
പോലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്കിൽ തലവടി തണ്ണീർ മുക്കത്ത് വെച്ച് പോലീസ് ജീപ്പ് ഇടിക്കുകയായിരുന്നു. ഞായറാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.
പോലീസ് ജീപ്പ് ഓടിച്ച ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് ഡ്രൈവർ മാത്രമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ആലപ്പുഴ ഡിസിആർബി ഡിവൈഎസ്‌പിയുടെ ജീപ്പാണ് അപകടത്തിൽപെട്ടത്.
ആലപ്പുഴ ബീച്ചിൽ നടന്ന പുതുവത്സര ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ യുവാക്കളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പുതുവത്സരദിനം ആഘോഷിക്കാന്‍ തിരുവനന്തപുരത്തെത്തിയ ബാംഗ്ലൂര്‍ സ്വദേശി കടലില്‍ മുങ്ങിമരിച്ചു. മുപ്പത്തിമൂന്നുകാരനായ അരൂപ് ഡെയാണ് വര്‍ക്കലയില്‍ തിരയില്‍പ്പെട്ട് മുങ്ങി മരിച്ചത്.
ഇന്ന് രാവിലെ 9 30 ഓടെ ആണ് സംഭവം. അരൂപ് ഡെ ഭാര്യയും സുഹൃത്തുക്കളും അടങ്ങുന്ന 11 അംഗസംഘത്തിനൊപ്പമാണ് ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി വര്‍ക്കലയില്‍ എത്തിയത്. ഇവര്‍ വര്‍ക്കല ഓടയം ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന മിറക്കിള്‍ ബെ റിസോര്‍ട്ടില്‍ ആണ് താമസിച്ചിരുന്നത്.
സുഹൃത്തുക്കളോടൊപ്പം റിസോര്‍ട്ടിന് സമീപത്തെ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് തിരയിലകപ്പെടുകയായിരുന്നു. ഏകദേശം കരയില്‍ നിന്നും 50 മീറ്ററോളം അകലെയായിരുന്നു അപകടം സംഭവിച്ചത്. യുവാവ് തിരയില്‍പ്പെട്ടത് സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികളും കാണുന്നുണ്ടായിരുന്നു.
ഇവര്‍ ഉടന്‍ തന്നെ യുവാവിനെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അരൂപ് ഡെ ആസ്മാ രോഗിയാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
പ്രളയത്തെയും വെള്ളപ്പൊക്കത്തേയും നേരിടാനുള്ള മോക്ക്ഡ്രില്ലിനിടെ കല്ലൂപ്പാറ പടുതോട്ടില്‍ യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് ഗുരുതര വീഴ്ചയെന്ന് നാട്ടുകാര്‍. തകരാറുള്ള സാധനങ്ങളുമായാണു രക്ഷാപ്രവര്‍ത്തനം അനുകരിക്കാനെത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബോട്ട് പ്രവര്‍ത്തിച്ചിരുന്നില്ലെന്നും കെട്ടിവലിച്ചാണ് കരയ്ക്ക് എത്തിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.
കൂടാതെ വെള്ളത്തില്‍ ചാടി മുങ്ങിപ്പോയ ബിനുവിനെ അരമണിക്കൂറിനു ശേഷമാണ് കണ്ടെത്തിയതെന്നും ഒപ്പമിറങ്ങിയവര്‍ ആരോപിച്ചു. ബിനുവിനെ ആശുപത്രിയിലെത്തിച്ച് നടത്തിയത് ചികിത്സാ നാടകം ആയിരുന്നെന്നും ബിനു സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടിരുന്നു എന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
സംഭവത്തില്‍ വീഴ്ചയില്ലെന്നാണ് റവന്യൂ മന്ത്രി പ്രതികരിച്ചത്. അതേസമയം, മരണത്തില്‍ വീഴ്ചയില്ലെന്നും ബിനു കുഴഞ്ഞു വീണതാണെന്നും റവന്യൂ മന്ത്രി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം അനുകരിക്കാനായി മരിച്ച ബിനു സോമനടക്കം നാലു പേരാണ് വെള്ളത്തിലേക്ക് ചാടിയത്. തുടര്‍ന്ന് ബോട്ടിലെത്തിയ എന്‍ഡിആര്‍എഫ് സംഘം ലൈഫ്‌ബോയ് ട്യൂബ് ഇട്ടു കൊടുക്കുന്നതും ബിനു മുങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
ബിനുവിന്റെ മരണത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. ആറ്റിന്‍തീരത്തുനിന്നു ബിനുവിന്റെ വസ്ത്രങ്ങള്‍ പോലീസ് ശേഖരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം. വിദേശത്തുള്ള സഹോദരി നാട്ടിലെത്തിയശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും.