ചെമ്മണ്ണൂര്‍ സേനാപതിയില്‍ മോഷണശേഷം രക്ഷപ്പെട്ട മോഷ്ടാവ് വീടിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമാണെന്ന് വ്യക്തമാക്കുന്നത്. കൊലക്കേസില്‍ വീട്ടുടമ രാജേന്ദ്രനെ പോലീസ് അറസ്റ്റു ചെയ്തു. മല്‍പ്പിടുത്തത്തിനിടെ പരിക്കേറ്റ രാജേന്ദ്രന്‍ ചികിത്സയിലാണ്.
ഓട്ടോറിക്ഷ ഡ്രൈവറായ രാജേന്ദ്രന്റെ വീട്ടില്‍ മോഷണത്തിന് കയറിയ ജോസഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. മോഷണശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ജോസഫുമായി രാജേന്ദ്രന്‍ മല്‍പ്പിടുത്തം നടത്തി. തന്നെ കടിച്ചുപരിക്കേല്‍പ്പിച്ച ശേഷം ജോസഫ് ഓടിരക്ഷപ്പെട്ടുവെന്നാണ് രാജേന്ദ്രന്‍ പറഞ്ഞത്. പിറ്റേന്ന് രാജേന്ദ്രന്റെ വീടിനു നൂറുമീറ്റര്‍ അകലെ ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ജോസഫിന്റെ കഴുത്ത് ഞെരിച്ച് എല്ലുകള്‍ പൊട്ടിയിരുന്നുവെന്നും അത് ശ്വാസനാളിയില്‍ തറച്ചാണ് മരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റ രാജേന്ദ്രനെ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജ്യത്ത് കോവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. ബി.എ 2.75 വകഭേദമാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 30 ശതമാനത്തിലേറെ വര്‍ധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് ആദാനോം ഗെബ്രിയേസസ് പറഞ്ഞു.യൂറോപ്പിലും അമേരിക്കയിലും ബി.എ ഫോര്‍, ബി.എ ഫൈവ് വകഭേദമാണ് പടരുന്നത്. ഇന്ത്യയില്‍ ബി.എ 2.75 വകഭേദമാണ് പടരുന്നതെന്നും ഡബ്ലു.എച്ച്.ഒ ഡയറക്ടര്‍ പറഞ്ഞു.
ബി.എ 2.75 വകഭേദം ആദ്യം ഇന്ത്യയില്‍ കണ്ടെത്തിയതിന് പുറമെ മറ്റ് പത്ത് രാജ്യങ്ങളില്‍ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡബ്ലു.എച്ച്.ഒ-യുടെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ.സൗമ്യ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി. ഇതിനെ കുറിച്ച് പഠിക്കാന്‍ വളരെ കുറച്ച സ്വീകന്‍സുകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. മനുഷ്യനില്‍ എന്ത് മാറ്റമാണ് ഇതുണ്ടാക്കുകയെന്നത് നിരീക്ഷിക്കേണ്ടതുണ്ട്. ഇത് പ്രതിരോധ മരുന്നുകളാല്‍ തടയാവുന്നതാണോ കൂടുതല്‍ ഗുരുതര സ്വഭാവമുള്ളതാണോയെന്ന കാര്യം വ്യക്തമായിട്ടില്ലെന്നും ഡോ.സൗമ്യ പറഞ്ഞു. ഡബ്ലു.എച്ച്.ഒ വിദഗ്ദ്ധര്‍ പുതിയ വകഭേദത്തെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. ആഗോള തലത്തില്‍ നിന്ന് തന്നെ വിവരങ്ങള്‍ ശേഖരിച്ച് കാര്യങ്ങള്‍ പരിശോധിക്കുമെന്നും അവര്‍ അറിയിച്ചു.
ജോലിയില്‍നിന്നു പുറത്താക്കിയ എച്ച്.ആര്‍.ഡി.എസിന്റെ നടപടിയില്‍ പ്രതികരിക്കാതെ സ്വപ്ന സുരേഷ്. കൂനമ്മാവ് മേസ്തിരിപ്പടിയിലുള്ള പുതിയ താമസ സ്ഥലത്തേക്ക് മാധ്യമങ്ങളെ ഉള്‍പ്പെടെ ആരെയും കടത്തിവിടരുതെന്നാണ് സ്വപ്ന സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. താത്കാലികമായി ഡ്യൂട്ടിയിലുള്ള പോലീസുകാരോടും വീട്ടിലേക്ക് ആരെയും കടത്തിവിടരുതെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
പുതിയ താമസസ്ഥലത്ത് പരിസരവാസികള്‍ക്ക് ശല്യമാകുന്ന തരത്തിലുള്ള ഒരു നടപടിയും ഉണ്ടാകരുതെന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുഖമില്ലാത്തതിനാല്‍ സ്വപ്ന ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണെന്നും സരിത്ത് പറഞ്ഞു.
സരിത്തിനെ ചോദ്യം ചെയ്തു; സ്വപ്നയുടെ ഫോണ്‍ ക്രൈംബ്രാഞ്ചിന് കൈമാറി
കൊച്ചി: മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരേയുള്ള ഗൂഢാലോചന കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്ത് ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരായി. ബുധനാഴ്ച ഉച്ച മുതല്‍ എറണാകുളം പോലീസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനിടെ കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിന്റെ ഫോണ്‍ സരിത്ത് ക്രൈം ബ്രാഞ്ചിന് കൈമാറി. സ്വപ്നയുടെ ഫോണ്‍ കൈമാറണമെന്ന് നേരത്തേ ക്രൈം ബ്രാഞ്ച് നിര്‍ദേശിച്ചിരുന്നു.
അവര്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് സരിത്ത് ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ ഫോണ്‍ കൈമാറുകയായിരുന്നു. സ്വപ്നയെ ചൊവ്വാഴ്ച പ്രത്യേക അന്വേഷണ സംഘം ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
ഇ.ഡി.യുടെ ചോദ്യം ചെയ്യലിന് ഹാജരായില്ല
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ ഇ.ഡി.യുടെ ചോദ്യം ചെയ്യലിന് പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും ഹാജരായില്ല. ശാരീരിക അസ്വസ്ഥതകള്‍ ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണം എന്ന് സ്വപ്ന ആവശ്യപ്പെട്ടത്. സ്വപ്നയെ ആശുപത്രിയില്‍ കൊണ്ടുപോകാനുണ്ടെന്ന കാരണമാണ് സരിത്ത് ബോധിപ്പിച്ചത്. ഇരുവരും ഇ.ഡി. ഓഫീസിലേക്ക് മെയില്‍ അയയ്ക്കുകയായിരുന്നു.
ഭരണഘടനയെ അവഹേളിച്ച സംഭവത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വതന്ത്രമായ മനസ്സോടെ രാജിവയ്ക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്നലെ വൈകിട്ട് അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ ഇന്ന് കോടതി ഇടപെടലോടെ ചെയ്യേണ്ടിവന്നേനെയെന്നും സതീശന്‍ പറഞ്ഞു.
സജി ചെറിയാന്‍ ഇതുവരെ തെറ്റ് സമ്മതിച്ചിട്ടില്ല. രാജി ത്യാഗമല്ല. നിയമപരമായ ബാധ്യതയാണ്. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചെന്ന വാദം ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം, മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന് ഇന്ന് വൈകിട്ട് സിപിഎം ചെങ്ങന്നൂരില്‍ സ്വീകരണം നല്‍കും
പി.സി. ജോർജിനെതിരേ ആരോപണങ്ങളുമായി വീണ്ടും സോളാർ കേസിലെ പ്രതിയായ പരാതിക്കാരി. ജോര്‍ജിനെതിരായ പരാതിയില്‍ തെളിവുണ്ട്. എന്നാൽ ഫെബ്രുവരി 10ന് തൈക്കാട് വച്ച് ജോര്‍ജില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.
ഓരോ ഫോണ്‍ കോളുകളും റിക്കാര്‍ഡ് ചെയ്തിട്ടുണ്ട്. അദ്ദേഹം ചെയ്തത് അദ്ദേഹത്തിന് നന്നായി അറിയാമെന്നും പരാതിക്കാരി പറഞ്ഞു. പരാതി നൽകാൻ മാനസികമായി തയാറെടുപ്പ് ആവശ്യമായിരുന്നു. ജോര്‍ജ് എട്ടു വര്‍ഷമായി അടുത്തിടപഴകുന്നു. അതിക്രമത്തിനു ശേഷം ചികിത്സയിലായിരുന്നെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ പല വിഷയങ്ങളിലും രാഷ്ട്രീയമായി വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയാണ്. മോശക്കാരിയായി വരുത്തി തീര്‍ത്താലും പറയാനുള്ളത് പറയും. തന്നെപ്പറ്റി അപവാദം പറയുന്നത് ജോര്‍ജ് നിര്‍ത്തണം. ജോര്‍ജ് മെന്‍ററായിരുന്നു, എന്നാൽ പീഡനത്തോടെ അത് മാറി. നിയമനടപടികളുമായി മുന്നോട്ടുപോകും. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കൊളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ സ്കൂളുകള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച അഭിമുഖങ്ങള്‍ക്കും പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല.
07-07-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
08-07-2022: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
09-07-2022: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
10-07-2022: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
ഗുജറാത്ത് തീരം മുതൽ കർണ്ണാടക തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും ഒഡിഷക്കും ഛത്തിസ്ഗഢിനും മുകളിലായി നിലനിൽക്കുന്ന ചക്രവാത ചുഴിയുമാണ് സംസ്ഥനത്ത് മഴ ശക്തമാകാൻ കാരണം. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ഇടുക്കി ജില്ലയില്‍ ദിവസങ്ങളായി തുടരുന്ന മഴയില്‍ മണ്ണിടിച്ചിലുണ്ടായതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അടിമാലിയിൽ നിന്നും ബോഡിമെട്ടിലേക്ക് പോകുന്ന വാഹനങ്ങൾ അടിമാലി-ഇരുട്ടുകാനം-ആനച്ചാൽ-കുഞ്ചിത്തണ്ണി രാജാക്കാട്-പൂപ്പാറ വഴിയും ബോഡിമെട്ടിൽ നിന്നും തിരികെ വരുന്ന വാഹനങ്ങൾ പൂപ്പാറ രാജാക്കാട് – കുഞ്ചിത്തണ്ണി ആനച്ചാൽ വഴിയും വഴി തിരിച്ചു വിടാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം.
കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍. പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഇന്നലെ തൃശൂര്‍ അയ്യന്തോളിലാണ് സംഭവം. തൃശൂര്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അയ്യന്തോളിലെ എസ്എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്. വിശദമായി കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചയോടെയാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
തൃശ്ശൂർ എസ് എൻ പാർക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തിയ ശേഷം ഇവിടെ നിന്ന് പോവുകയായിരുന്നു. കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചു. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷിച്ചു. കാറിനെ കുറിച്ച് ലഭിച്ച സൂചനകൾ നിർണായകമായി.
സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനം പോലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിയത്.
ഇയാൾ കുറ്റം സമ്മതിച്ചെന്നാണ് വിവരം. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണ് എന്നുമാണ് ശ്രീജിത്ത് രവി പോലീസിനോട് പറഞ്ഞിരിക്കുന്നത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും.കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്.നേരത്തെയും സമാനമായ കേസ് ശ്രീജിത്ത് രവിക്ക് എതിരെ ഉണ്ടായിരുന്നു.
കണ്ണൂര്‍ മട്ടന്നൂര്‍ പത്തൊമ്പതാം മൈലില്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ചു വെച്ച വീട്ടിനുള്ളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ടു മറുനാടന്‍ തൊഴിലാളികള്‍ മരിച്ചു. അസം സ്വദേശികളായ ഫസല്‍ ഹഖ് (45), മകന്‍ ഷഹിദുള്‍ (22) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് ആറോടെ പത്തൊമ്പതാംമൈല്‍ കാശിമുക്ക് നെല്യാട് ക്ഷേത്രത്തിന് സമീപത്തെ ഓടുമേഞ്ഞ ഇരുനില വീട്ടിനുള്ളിലാണ് സ്‌ഫോടനം നടന്നത്. ശബ്ദം കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴാണ് വീടിന്റെ രണ്ടാം നിലയില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
സ്‌ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. വീടുകളില്‍ നിന്നും മറ്റും ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന മറുനാടന്‍ തൊഴിലാളികള്‍ മാസങ്ങളായി ഈ വീട്ടില്‍ താമസിച്ചു വരികയായിരുന്നു.
നാലു പേരാണ് വീട് വാടകക്കെടുത്ത് താമസിച്ച് വരുന്നത്. സ്‌ഫോടനം നടക്കുമ്പോള്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. മാലിന്യം ശേഖരിക്കുമ്പോള്‍ ലഭിച്ച സ്‌ഫോടകവസ്തു വീടിനുള്ളില്‍ വെച്ച് തുറന്നു നോക്കുമ്പോള്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍. ആര്‍. ഇളങ്കോ, കൂത്തുപറമ്പ് എ.സി.പി. പ്രദീപന്‍ കണ്ണിപ്പൊയില്‍, മട്ടന്നൂര്‍ സി.ഐ. എം.കൃഷ്ണന്‍, എസ്.ഐ. കെ.വി.ഉമേഷ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തി.
ഒളിമ്പ്യന്‍ പി.ടി. ഉഷയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. ബി.ജെ.പിയാണ് പി.ടി. ഉഷക്ക് രാജ്യസഭയിലേക്ക് വഴിയൊരുക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. പി.ടി. ഉഷ എല്ലാവര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.
‘പി.ടി. ഉഷ ജി ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. സ്പോര്‍ട്സിലെ അവരുടെ നേട്ടങ്ങള്‍ രാജ്യത്തിന് അഭിമാനമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വളര്‍ന്നുവരുന്ന അത്ലറ്റുകളെ പരിശീലിപ്പിക്കുന്ന ഉഷയുടെ പ്രവര്‍ത്തനവും പ്രശംസനീയമാണ്. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടതിന് അഭിനന്ദനങ്ങള്‍,’ എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
സംഗീത സംവിധായകൻ ഇളയരാജ,വീരേന്ദ്ര ഹെഗ്ഡേ, വിജയേന്ദ്ര പ്രസാദ് ഗുരു എന്നിവരെയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട നാല് പേരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് പി.ടി. ഉഷയെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. തലമുറകളെ സ്വാധീനിച്ച സംഗീതജ്ഞനാണ് ഇളയരാജയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
”ദയവു ചെയ്ത് ഞങ്ങള്‍ക്കൊരു ഹെലികോപ്റ്റര്‍ താ. ഞാന്‍ കാലുപിടിച്ചു പറയാം. ഞങ്ങളെ ഒന്നു സഹായിക്ക്. എന്റെ നാട്ടുകാരു മരിച്ചുപോകും. പതിനായിരങ്ങള്‍ മരിച്ചുപോകും. ഞങ്ങളെ സഹായിക്ക്. എയര്‍ ലിഫ്റ്റിങ്ങല്ലാതെ വഴിയില്ല. രാഷ്ട്രീയ ഇടപെടല്‍ കൊണ്ടു മല്‍സ്യബന്ധന വള്ളങ്ങള്‍ കൊണ്ടുവന്നു ഞങ്ങളാവുന്നതു ചെയ്യുകയാണ്. ഞങ്ങള്‍ക്കൊന്നും ചെയ്യാനാകുന്നില്ല. എന്റെ വണ്ടിയടക്കം നിലയില്ലാ വെള്ളത്തില്‍ കിടക്കുകയാണ്. ഇവിടെ പട്ടാളമിറങ്ങണം. ഞങ്ങള്‍ മരിച്ചുപോകും. ഞങ്ങളെ സഹായിക്ക്. പ്ലീസ്..”
2018ലെ പ്രളയകാലത്ത് കേരളം വിറങ്ങലിച്ചുനില്‍ക്കവെ മാധ്യമങ്ങളിലൂടെ കേട്ട സഹായാഭ്യര്‍ഥനകളില്‍ ഒന്നായിരുന്നു ഇത്. നിസഹായതയുടെ വക്കില്‍നിന്നുള്ള ഈ അഭ്യര്‍ഥന ഒരു എം എല്‍ എയില്‍നിന്നായിരുന്നു, പേര് സജി ചെറിയാന്‍. ആ ഒറ്റ അഭ്യര്‍ഥനയിലൂടെ കേരളം മുഴുക്കെ ശ്രദ്ധേയനായ നേതാവിനാണ് ഇന്നിപ്പോള്‍, സംസ്ഥാനം മുഴുക്കെ ചര്‍ച്ച ചെയ്യുന്ന ഒരു വിവാദത്തിലൂടെ മന്ത്രിസഭയില്‍നിന്നു പുറത്തേക്കു വഴി തുറന്നിരിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ മണ്ഡലം എം എല്‍ എയായ സജി ചെറിയാന്റെ പ്രളയകാലത്തെ സഹായാഭ്യര്‍ഥന സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ചര്‍ച്ചയിലേക്കു നയിച്ചിരുന്നു. എന്നാല്‍, ”ആ നിമിഷം എടനാടിലെ അവസ്ഥ കണ്ട് ഞാന്‍ കരഞ്ഞു പോയതാണ്. ഒരടി കൂടെ വെളളം ഉയര്‍ന്നിരുന്നുവെങ്കില്‍ അവിടെ ഒരാള്‍ പോലും ജീവനോടെ അവശേഷിക്കുമായിരുന്നില്ല. ആ സാഹചര്യത്തിലാണ് ഞാന്‍ കരഞ്ഞത്,” എന്നാണ് ഈ സംഭവത്തെക്കുറിച്ച് പ്രളയസ്ഥലം സന്ദര്‍ശിച്ച സജി ചെറിയാന്‍ പറഞ്ഞത്.
വിവാദ വഴിയിൽ ആദ്യമല്ല, ഇത്തവണ പാർട്ടിക്കുള്ളിലും പ്രതിഷേധം
പ്രളയകാലത്തെ വിമര്‍ശനം കഴിഞ്ഞ് ചെങ്ങന്നൂരില്‍നിന്നു വീണ്ടും ജയിച്ച് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയെന്ന കൂടുതല്‍ ഉത്തരവാദിത്തമുള്ള പദവിയിലേക്ക് എത്തിയിട്ടും അദ്ദേഹം പല തവണ വിവാദത്തിന്റെ വഴിയെ സഞ്ചരിച്ചു. ഇത്തവണ പക്ഷേ ‘നാക്കുപിഴ’യെന്നു പറഞ്ഞ് രക്ഷപ്പെടാന്‍ അത്ര ലളിതമായിരുന്നില്ല കാര്യങ്ങളെന്നു മാത്രം.
പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തിനൊപ്പം മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന പരാതി കോടതിയില്‍ എത്തിയ സാഹചര്യത്തില്‍ കൂടിയാണു വലിയ പരുക്കേല്‍ക്കുന്നതിനു മുന്‍പ് സി പി എമ്മും മുഖ്യമന്ത്രി പിണറായി വിജയനും മുഖം രക്ഷിച്ചിരിക്കുന്നത്. ‘കുന്തം കുടച്ചക്രം’ പരാമര്‍ശത്തിനെതിരെ ഇടതുമുന്നണി ഘടകകക്ഷികളില്‍നിന്നും സി പിമ്മിനുള്ളില്‍നിന്നും സഹയാത്രികരില്‍നിന്നും വരെ നിശിത വിമര്‍ശമുയര്‍ന്നതോടെ സജി ചെറിയാനു മന്ത്രിമന്ദിരത്തില്‍നിന്ന് എം എല്‍ എ ഹോസ്റ്റലിലേക്കുള്ള വഴി കാണിച്ചുകൊടുക്കുകയല്ലാതെ സര്‍ക്കാരിനും സി പി എമ്മിനും ഗത്യന്തരമുണ്ടായിരുന്നില്ല.
ഭരണഘടനയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ലെങ്കിലും സംഘപരിവാറില്‍നിന്നു ഭരണഘടന വെല്ലുവിളി നേരിടുന്ന കാലത്ത്, അതിന്റെ അടിത്തറയെ ചോദ്യം ചെയ്യുന്നത് ‘എന്ത് പ്രഹസനോണ് സജീ’ എന്ന് ഇടത്-വിശാല ജനാധിപത്യ കേന്ദ്രങ്ങളില്‍നിന്ന് പൊതുവെ ഉയര്‍ന്ന വിമര്‍ശം. സി പി എം ഭരണഘടനയെ അംഗീകരിക്കാത്തവരാണെന്ന പ്രചാരണം പ്രതിപക്ഷം ഗുണകരമാക്കുന്നതിനൊപ്പം ബി ജെപി ദേശീയതലത്തില്‍ ആയുധമാക്കുന്നുമെന്നു പാര്‍ട്ടി കേന്ദ്രനേതൃത്വം തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണു സംസ്ഥാന നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയതും പിന്നാലെ രാജി തീരുമാനുണ്ടായതും.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാനെതിരെ അടുത്ത കാലത്ത് വലിയ വിമര്‍ശമുയര്‍ന്നിരുന്നു. സ്ത്രീകളിലൂടെയായിരിക്കും കോണ്‍ഗ്രസിന്റെ അന്ത്യമെന്നും ‘എവിടുന്ന് കിട്ടി ഈ സാധനത്തിനെ’ എന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. യു ഡി എഫ് കാലത്ത് സരിത പറഞ്ഞത് പോലൊരു കഥയാണ് ഇപ്പോള്‍ സ്വപ്ന പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സില്‍വര്‍ലൈന്‍ ബഫര്‍ സോണ്‍ വിഷയമായിരുന്നു സജി ചെറിയാന്‍ പിടിച്ച മറ്റൊരു വിവാദപ്പുലിവാല്‍. കെ റയില്‍ പാതയ്ക്കിരുവശവും ഒരു മീറ്റര്‍ പോലും ബഫര്‍ സോണില്ലെന്നും താന്‍ ഡി പി ആര്‍ മുഴുവന്‍ വായിച്ചതാണെന്നുമാണ് അദ്ദേഹം അന്നു പറഞ്ഞത്. ഇതിനെതിരെ വലിയ വിമര്‍ശമുയര്‍ന്നു. പിന്നാലെ കെ റെയില്‍ എം ഡിയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബഫര്‍ സോണ്‍ ഉണ്ടെന്നു വ്യക്തമാക്കിയതോടെ സജി ചെറിയാനു തിരുത്തേണ്ടി വന്നു. ബഫര്‍ സോണില്‍ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതാണു ശരിയെന്നും തനിക്ക് തെറ്റ് പറ്റിയതാകാമെന്നും മനുഷ്യന് തെറ്റ് പറ്റാമല്ലോയെന്നുമാണ് അദ്ദേഹം തിരുത്തിയത്.
തനിക്കു താല്‍പ്പര്യമുള്ളവര്‍ക്കുവേണ്ടി സജി ചെറിയാന്‍ ഇടപെട്ട് സില്‍വര്‍ലൈന്‍ അലൈന്‍മെന്റ് മാറ്റിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ആരോപിച്ചതും ഇതേ കാലത്തായിരുന്നു. എന്നാല്‍ ഇതു വില കുറഞ്ഞ ആരോപണമാണെന്നു പ്രതികരിച്ച സജി ചെറിയാന്‍ ‘എന്റെ വീടിന്റെ മുന്‍പില്‍ കൂടി അലൈന്‍മെന്റ് കൊണ്ടുവരാന്‍ തിരുവഞ്ചൂര്‍ മുന്‍കൈ എടുക്കണം’ എന്നു പറഞ്ഞിരുന്നു.
”എന്റെ വീടിന്റെ മണ്ടയ്ക്കു കൂടി കൊണ്ടുവരട്ടെ. അതില്‍ ഞാന്‍ സന്തോഷവാനാണ്. ഒരു പൈസയും വേണ്ട. കോടിക്കണക്കിനു രൂപ വില കിട്ടുന്ന ചെങ്ങന്നൂരിലെ എന്റെ വീടും സ്ഥലവും എന്റെ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കൊടുക്കാന്‍ എഴുതി വച്ചതാണ്. വീട് സില്‍വര്‍ലൈനിനു വിട്ടുനല്‍കിയാല്‍ സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന പണം തിരുവഞ്ചൂരും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് പാലിയേറ്റീവ് സൊസൈറ്റിക്കു കൊടുത്താല്‍ മതി. എനിക്ക് ഒരു പൈസയും വേണ്ട.”എന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം.
ചലച്ചിത്രമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഡ ബ്ല്യു സി സിക്കെതിരെ നടത്തിയ സജി ചെറിയാന്‍ നടത്തിയ വിമര്‍ശവും വിവാദം സൃഷ്ടിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും പുറത്തുവിടണമെന്നു പറയുന്നവര്‍ക്കു വേറെ ഉദ്ദേശമാണെന്നുമായിരുന്നു സിനിമയുടെ കൂടി ചുമതല വഹിക്കുന്ന മന്ത്രിയുടെ വാക്കുകള്‍.
താനറിയാതെ ദത്തുനല്‍കിയ കുഞ്ഞിനുവേണ്ടി വേണ്ടി നിയമപോരാട്ടം നടത്തിയ അനുപമക്കെതിരായ പരാമര്‍ശത്തിലും സജി ചെറിയാന്‍ വലിയ വിമര്‍ശം നേരിട്ടു. ”വിവാഹിതനും ഇരട്ടിപ്രായമുള്ള രണ്ടു മൂന്ന് കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് ഈ നാട്ടില്‍ നടക്കുന്നതെന്ന,”എന്നായിരുന്നു മന്ത്രിയോട് വാക്കുകള്‍. എന്നാല്‍ താന്‍ മുന്‍പ് വിവാഹം കഴിച്ചിരുന്നെങ്കിലും മറ്റൊരു കുട്ടി ഇല്ലെന്ന് അനുപമയുടെ പങ്കാളി അജിത് വ്യക്തമാക്കിയിരുന്നു.
വിവാദങ്ങളുടെ തോഴനാകുമ്പോഴും ചെങ്ങന്നൂരുകാര്‍ക്ക് അത്ര എളുപ്പം മറക്കാവുന്ന ഒരു പേരല്ല സജി ചെറിയാന്‍. കെ കെ രാമചന്ദ്രന്‍ നായരുടെ മരണത്തെത്തുടര്‍ന്ന് 2018ലെ ഉപതിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം ആദ്യമായി നിയമസഭയുടെ പടികയറുന്നത്. 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. കെ കെ രാമചന്ദ്രന്‍ നായര്‍ നേടിയതിനേക്കാള്‍ 14,423 വോട്ട് അധികമായിരുന്നു അത്. 2021ലെ തിരഞ്ഞെടുപ്പില്‍ സജി ചെറിയാന്റെ ഭൂരിപക്ഷം 32,093 ആയി ഉയര്‍ത്തി. പിന്നാലെ മന്ത്രിസ്ഥാനവും അദ്ദേഹത്തെ തേടിയെത്തി. സാംസ്‌കാരിക, സിനിമാ വകുപ്പുകള്‍ക്കൊപ്പം ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പുകളും അദ്ദേഹം ഒന്നര വര്‍ഷത്തിലേറെ നീണ്ട ഭരണകാലയളവില്‍ അദ്ദേഹം കൈകാര്യം ചെയ്തു.
ചെങ്ങന്നൂരിലെ കൊഴുവല്ലൂരില്‍ 1965 മേയ് 28 നാെയിരുന്നു സജി ചെറിയാന്റെ ജനനം. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍നിന്നു ബിരുദം നേടിയ അദ്ദേഹം എസ് എഫ് ഐയിലൂടെയാണു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറിയത്. എസ് എഫ് ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ്, സി ഐ ടി യു ജില്ലാ പ്രസിഡന്റ്, സി പി എം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ സംഘടനാ ചുമതലകള്‍ വഹിച്ചു. ഇതിനിടെ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എന്നീ പദവികളും വഹിച്ചു.
രണ്ടാം പിണറായി മന്ത്രിസഭയില്‍നിന്നു പുറത്തുപോകുന്ന ആദ്യ മന്ത്രിയാണു സജി ചെറിയാന്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നാല് മന്ത്രിമാര്‍ക്കു പുറത്തേക്കുള്ള വഴി തുറന്നിരുന്നു. വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജന്‍, ഗതാഗത മന്ത്രിമാരായിരുന്ന എ കെ ശശീന്ദ്രന്‍, തോമസ് ചാണ്ടി, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ എന്നിവരായിരുന്നു അവര്‍.
ബന്ധുനിയമന വിവാദത്തില്‍ 2016 ഒക്‌ടോബര്‍ 16നായിരുന്നു ഇ പി ജയരാജന്റെ രാജി. ജയരാജന്റെ ഭാര്യാ സഹോദരിയും അന്ന് കണ്ണൂര്‍ എം പിയുമായിരുന്ന പി കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എം ഡിയായി നിയമിച്ചത് മാനദണ്ഡങ്ങള്‍ മറികടന്നാണെന്നായിരുന്നു ആരോപണം. തുടര്‍ന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ നിര്‍ദേശപ്രകാരമായിരുന്നു രാജി.
എന്നാല്‍, കേസില്‍ ജയരാജനു വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ രണ്ടു വര്‍ഷത്തിനുശേഷം 2018 ഓഗസ്റ്റ് 14ന് അദ്ദേഹം വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അതേ വകുപ്പിലെത്തി.
ഫോണ്‍കെണി വിവാദത്തില്‍ കുടുങ്ങിയ മന്ത്രി എ കെ ശശീന്ദ്രന്‍ 2017 മാര്‍ച്ച് 26നായിരുന്നു രാജിവച്ചത്. അദ്ദേഹത്തിന്റേതെന്നു കരുതുന്ന ലൈംഗിക ചുവയുള്ള ടെലഫോണ്‍ സംഭാഷണം മംഗളം ടെലിവിഷന്‍ ചാനലാണു പുറത്തുവിട്ടത്.
ശശീന്ദ്രന്‍ രാജിവച്ചതിനു പകരമായി എന്‍ സി പിയുടെ തന്നെ മറ്റൊരു എം എല്‍ എ തോമസ് ചാണ്ടി ഏപ്രില്‍ ഒന്നിനു മന്ത്രിസഭയിലെത്തി. എന്നാല്‍ കായല്‍ കയ്യേറ്റ ആരോപണ വിഷയത്തില്‍ നവംബര്‍ 15നു തോമസ് ചാണ്ടിക്കു രാജിവയ്‌ക്കേണ്ടി വന്നു. തോമസ് ചാണ്ടി കുട്ടനാട്ടില്‍ നടത്തിയ ഭൂമിയിടപാടുകള്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചുവെന്നും ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ നിയമവും ലംഘിച്ചെന്നും ആലപ്പുഴ കലക്ടര്‍ ടി വി അനുപമ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍നിന്ന് പ്രതികൂല പരാമര്‍ശമുണ്ടായതോടെയായിരുന്നു അദ്ദേഹത്തിന്റെ രാജി.
ഇതിനു പിന്നാലെ, 2018 ജനുവരി 27ന് ശശീന്ദ്രനെ ഫോണ്‍ കെണി കേസില്‍ വിചാരണക്കോടതി കുറ്റമുക്തനാക്കി. ഫെബ്രുവരി ഒന്നിന് അദ്ദേഹം വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 10 മാസത്തിനുശേഷമാണ് അദ്ദേഹം മന്ത്രിസഭയില്‍ തിരിച്ചെത്തിയത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനഘട്ടത്തില്‍ 2021 ഏപ്രില്‍ 13നായിരുന്നു മന്ത്രി കെ ടി ജലീലിന്റെ രാജി. ഇ പി ജയരാജനെപ്പോലെ ബന്ധുനിയമന വിവാദമാണു ജലീലിനും വിനയായത്. ന്യൂനപക്ഷ വികസ കോര്‍പറേഷന്‍ ജനറല്‍ മാനേജരായി യോഗ്യതയില്‍ മാറ്റം വരുത്തി ടി കെ അദീബിനെ നിയമിച്ചുവെന്നായിരുന്നു ആരോപണം. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മാനേജര്‍ പദവിയിലിരിക്കെയായിരുന്നു അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത്.
രാജി തീരുമാനം അറിയിച്ച ജലീല്‍, ”എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാം. വലതുപക്ഷവും മാധ്യമപ്പടയുമുള്‍പ്പെടെ അങ്കത്തട്ടില്‍ നിലയുറപ്പിച്ച ഇടതുപക്ഷ വിരുദ്ധ മഹാസഖ്യത്തിന് എന്നെ കൊല്ലാന്‍ കഴിഞ്ഞേക്കാം; തോല്‍പ്പിക്കാന്‍ കഴിയില്ല. ഇവിടെത്തന്നെയുണ്ടാകും. നല്ല ഉറപ്പോടെ,”എന്ന് ഫെയ്‌സ് ബുക്കില്‍ കുറിച്ചിരുന്നു.
ജലീലിനു മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് ലോകായുക്ത ഉത്തരവിട്ടിരുന്നു. ഇതു ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ വാദം നടക്കുമ്പോഴായിരുന്നു രാജി. കോടതിയില്‍നിന്നുള്ള തിരിച്ചടി ഭയന്നായിരുന്നു ജലീലിന്റെ രാജി തീരുമാനം.
2021ലെ തിരഞ്ഞെടുപ്പിലും വിജയിച്ച എ കെ ശശീന്ദ്രന്‍ രണ്ടാം പിണറായി സര്‍ക്കാരിലും മന്ത്രിയായി. കെ ടി ജലീലും വീണ്ടും വിജയിച്ചെങ്കിലും മന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചില്ല. അതേസമയം, പുതുമുഖങ്ങളെ കൂടുതലായി പരിഗണിച്ച സി പി എം ഇപി ജയരാജനെ മത്സരിക്കാന്‍ പോലും പരിഗണിച്ചില്ല. സി പി എം കേന്ദ്ര കമ്മിറ്റി അംഗമായ അദ്ദേഹം ഇടതുമുന്നണി കണ്‍വീനറായും പ്രവര്‍ത്തിക്കുകയാണ്.