രാവിലെ വീട്ടിൽനിന്ന് സ്കൂളിലേക്ക് എന്നും പറഞ്ഞ് ഇറങ്ങിയ അഞ്ചാം ക്ലാസുകാരി പിന്നീട് കണ്ടത് 16കാരനൊപ്പംസിനിമ തീയേറ്ററിൽ. കണ്ണൂരിൽ ആണ് സംഭവം.വാനിൽ സ്‌കൂളിലേക്ക് പുറപ്പെട്ട പതിനൊന്നുകാരിയെ കാണാതായി എന്ന വിവരത്തെ തുടർന്നാണു സ്കൂൾ അധികൃതരും പോലീസും ബന്ധുക്കളും തെരച്ചിൽ നടത്തിയത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കുട്ടികളെ സിനിമാ തിയേറ്ററിൽ കണ്ടെത്തുകയായിരുന്നു.
കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിലെ സ്‌കൂളിൽ പഠിക്കുന്ന അഞ്ചാംക്ലാസ് വിദ്യാർഥിനിയാണ് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 16 കാരനൊപ്പം ഇറങ്ങി തിരിച്ചത്. ചൊവ്വാഴ്ച രാവിലെ മുതലാണ് വിദ്യാർത്ഥിനിയെ കാണാതായത്. അധ്യാപകരും കണ്ണൂർ സിറ്റി പോലീസും നടത്തിയ തെരച്ചിലിലാണ് കണ്ണൂരിലെ തിയേറ്ററിൽ നിന്ന് കുട്ടിയെ കണ്ടെത്തകയും ചെയ്തു.
തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ് 16 കാരന്. താൻ സ്വന്തമായി വളർത്തിയ മുയലുകളെ വിറ്റ കാശുകൊണ്ടാണ് കണ്ണൂരിലെത്തിയതെന്ന് 16 കാരൻ പോലീസിനോട് പറഞ്ഞു.കുട്ടികൾ മുൻകൂട്ടി പ്ലാൻ ചെയ്താണ് കാണാൻ ശ്രമിച്ചതെന്ന് പോലീസ് കണ്ടെത്തി. തിങ്കളാഴ്ച രാത്രി വിദ്യാർഥിനി ക്ലാസ് ടീച്ചർക്ക് പനിയായതിനാൽ പിറ്റേന്ന് അവധിയായിരിക്കുമെന്നു സന്ദേശം അയച്ചിരുന്നു.
തുടർന്ന് പിറ്റേന്ന് ചൊവ്വാഴ്ച വിദ്യാർഥിനി സാധാരണ പോലെ വാനിൽ കയറി സ്‌കൂളിന്റെ മുന്നിൽ ഇറങ്ങി. തുടർന്ന് ഇവിടെ കാത്തുനിന്ന 16 കാരനൊപ്പം പോയി. കനത്ത മഴയായതിനാൽ സിനിമ കാണാൻ ഇരുവരും തിയറ്ററിൽ കയറുകയായിരുന്നു. അവിടുത്തെ, ശുചിമുറിയിൽ വച്ച് യൂണിഫോം മാറി കൈയിൽ കരുതിയിരുന്ന മറ്റൊരു വസ്ത്രം ധരിച്ചാണ് പെൺകുട്ടി സിനിമക്ക് കയറിയത്.
അതേസമയം വിദ്യാർഥിനി സ്‌കൂളിന്റെ മുമ്പിൽ വന്നു വാൻ ഇറങ്ങുന്നത് കണ്ട സഹപാഠിയാണ് കുട്ടി മുങ്ങിയെന്ന് അധ്യാപകരെ അറിയിച്ചത്. ഇതോടെ പരിഭ്രാന്തരായ സ്‌കൂൾ അധികൃതർ കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസും പി.ടി.എ അംഗങ്ങളും മണിക്കൂറുകളോളം നടത്തിയ തെരച്ചിലിലാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്.
നടൻ ജഗദീഷ് അവതാരകനായെത്തുന്ന വേദിയിൽ അതിഥിയായി എത്തയതായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ദീദി. കോവിഡ‍് വ്യാപിച്ചതോടെ ദീർഘകാലമായി വീട്ടിൽ അടച്ചിരിക്കുകയായിരുന്നുവെന്നും നീണ്ട രണ്ടര വർഷത്തിനു ശേഷമാണ് യാത്ര ചെയ്യുന്നതെന്നും അത് പണം തരും പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയാണെന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഉഷ ഉതുപ്പ് വേദിയിൽ പറഞ്ഞു. എല്ലാവരേയും പോലെ തന്നെ തന്റെ ജീവിതത്തേയും കോവിഡ് ദോഷകരമായി ബാധിച്ചെന്നും ദീദി കൂട്ടിച്ചേർത്തു.
‘കഴിഞ്ഞ രണ്ടര വർഷമായി ഞാൻ എവിടേയ്ക്കും പോയിട്ടില്ല. കോവിഡ് വന്നതോടെ ജീവിതം കൊൽക്കത്തയിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. എനിക്ക് എന്റെ കുടുംബാംഗങ്ങളെപ്പോലും കാണാൻ കഴിഞ്ഞില്ല. ഇക്കാലമത്രയും മകൾ അഞ്ജലിയെയും മരുമകനെയും പേരക്കുട്ടികളെയും പിരിഞ്ഞിരിക്കേണ്ടി വന്നു. എന്റെ ഭർത്താവ് ദീർഘകാലമായി കേരളത്തിൽ ആയിരുന്നു. അടുത്തിടെയാണ് അദ്ദേഹം കൊൽക്കത്തയിലേയ്ക്ക് തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ അമ്മ കോട്ടയത്തെ കുടുംബവീട്ടിൽ ഉണ്ട്. അമ്മയെ കാണണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്. കേരളത്തിലേയ്ക്കുള്ള ഈ വരവിലൂടെ എനിക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അവസരം കൂടി കിട്ടുകയാണ്. അതിൽ ഒരുപാട് സന്തോഷം.
എന്റെ മകൻ സണ്ണി എനിക്കൊപ്പം കൊൽക്കത്തയിൽ തന്നെയാണ് താമസം. അവന്‍ വൃക്കസംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിൽ ആണ്. വൃക്ക മാറ്റിവയ്ക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. ഇപ്പോൾ ഡയാലിസിസിലൂടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ജീവിതദുഃഖങ്ങളും കോവിഡ് ഏൽപ്പിച്ച വിഷമതകളും മറികടക്കാൻ എന്നെ സഹായിക്കുന്നത് സംഗീതമാണ്. സംഗീതം മാത്രമാണ് ഏക ആശ്വാസം’, ഉഷ ഉതുപ്പ് പറഞ്ഞു.
നവോദയവിദ്യാലയ സമിതിക്ക് കീഴില്‍ രാജ്യത്താകെയുള്ള വിദ്യാലയങ്ങളില്‍ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 1616 ഒഴിവാണുള്ളത്. അധ്യാപകര്‍ക്ക് സൗജന്യ താമസസൗകര്യം ലഭിക്കും. എല്ലാ തസ്തികകളിലും ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളുണ്ട്.
ഓണ്‍ലൈനായി അപേക്ഷിക്കണം. തിരഞ്ഞെടുപ്പിനായി നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് കേരളത്തില്‍ 12 കേന്ദ്രങ്ങളുണ്ടാവും.
ഒഴിവുകള്‍
ഒഴിവുകള്‍ വിഷയം തിരിച്ച്
യോഗ്യതയും പ്രായവും ശമ്പളവും
വയസ്സിളവ്
ടി.ജി.ടി. പി.ജി.ടി. തസ്തികകളിലേക്ക് അപേക്ഷിക്കുന്ന സ്ത്രീകള്‍ക്ക് 10 വര്‍ഷംവരെ ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ട്. നവോദയ വിദ്യാലയങ്ങളിലെ റെഗുലര്‍ ജീവനക്കാര്‍ക്ക് പ്രായപരിധിയില്ല.
തിരഞ്ഞെടുപ്പ്
കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, അഭിമുഖം എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. ലൈബ്രേറിയന്‍ തസ്തികയിലേക്ക് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ മാത്രമേ ഉണ്ടാവൂ. 15 മാര്‍ക്കിനായിരിക്കും (150 ചോദ്യങ്ങള്‍) പരീക്ഷ. മൂന്നുമണിക്കൂറാണ് സമയം. ടി.ജി.ടി., പി.ജി.ടി. തസ്തികകളിലേക്ക് ജനറല്‍ അവെയര്‍നെസ്, റീസണിങ്, ഐ.സി.ടി. നോളെജ്, ടീച്ചിങ് ആപ്റ്റിറ്റിയൂഡ്, ഡൊമൈന്‍ നോളെജ് എന്നിവയായിരിക്കും ഉണ്ടാവുക. സിലബസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക.
പരീക്ഷാകേന്ദ്രങ്ങള്‍
പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് പരീക്ഷ ഡല്‍ഹിയില്‍വെച്ചാവും നടക്കുക. മറ്റ് തസ്തികകളിലേക്ക് പരീക്ഷകള്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. കേരളത്തില്‍ ആലപ്പുഴ, എറണാകുളം (കൊച്ചി), ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിങ്ങനെ 12 കേന്ദ്രങ്ങളുണ്ടാവും. ലക്ഷദ്വീപില്‍ കവരത്തിയാണ് കേന്ദ്രം. പരീക്ഷാതീയതി പിന്നീട് പ്രഖ്യാപിക്കും.
അപേക്ഷാഫീസ്: പ്രിന്‍സിപ്പല്‍-2000 രൂപ, പി.ജി.ടി.-1800 രൂപ, ടി.ജി.ടി., മറ്റ് അധ്യാപകര്‍-1500 രൂപ. ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസ് ബാധകമല്ല.
അപേക്ഷ: www.navodaya.gov.in എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: ജൂലായ് 22.
ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തി പുലിവാല്‍ പിടിച്ച മന്ത്രി സജി ചെറിയാന്‍ ഒടുവില്‍ രാജിവെച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് രാജി.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പങ്കെടുത്ത സിപിഎം അവയ്ലബിള്‍ സെക്രട്ടറിയേറ്റ് നേരത്തെ ചേര്‍ന്നിരുന്നുവെങ്കിലും രാജിവെക്കുന്നില്ലെന്നായിരുന്നു യോഗത്തിന് ശേഷം ഇറങ്ങി വന്ന സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഉചിതമായ നടപടിയുണ്ടാകുമെന്നായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. നാളെ സമ്പൂര്‍ണ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം രാജിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്ന് തന്നെ രാജിവെച്ചിരിക്കുന്നു.
ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. മാതൃഭൂമി ഡോട്ട്കോമാണ് മന്ത്രിയുടെ വിവാദ പ്രസംഗം ആദ്യം വാര്‍ത്തയാക്കിയത്. പിന്നാലെയുണ്ടായ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും മന്ത്രിയുടെ രാജിക്കായി സമ്മര്‍ദ്ദമേറി.വിഷയത്തില്‍ ഗവര്‍ണറും ഇടപെട്ടിരുന്നു.
കോടതികളില്‍ നിന്ന് തീരുമാനങ്ങള്‍ വരുന്നത് സജി ചെറിയാന്‍ മന്ത്രിസഭയില്‍ നിന്ന് മാറിനില്‍ക്കട്ടെ എന്ന് സിപിഐ അടക്കമുള്ള എല്‍ഡിഎഫ് ഘടകക്ഷികളും തീരുമാനമെടുത്തിരുന്നു.
ബ്രിട്ടീഷുകാര്‍ പറഞ്ഞത് ഇന്ത്യക്കാര്‍ എഴുതിവെച്ചതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണിതെന്നുമുള്ള വിവാദപരാമര്‍ശങ്ങളാണ് സജി ചെറിയാന്‍ നടത്തിയത്. ഭരണഘടനയെ തള്ളി പറഞ്ഞ മന്ത്രിക്ക് രാജിവെക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് നിയമവിദഗ്ദ്ധരടക്കം വ്യക്തമാക്കിയ സാഹചര്യത്തിലാണ് സിപിഎം നേതൃത്വം സജി ചെറിയാനോട് രാജി ആവശ്യപ്പെട്ടത്.
ഭാഗ്യദേവത തേടിയെത്തിയ സന്തോഷത്തിലാണ് ഒഞ്ചിയം വെള്ളികുളങ്ങര സ്വദേശി ദിവാകരൻ. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് നിർമാണ തൊഴിലാളിയായ ദിവാകരനെ തേടിയെത്തിയത്.
രണ്ടാഴ്ചയ്ക്കിടെ മൂന്ന് തവണ ദിവാകരന് ലോട്ടറിയടിച്ചിരുന്നു. അയ്യായിരം രൂപ വീതം രണ്ട് തവണ അടിച്ചു. ശേഷം ഈ പണം ചെലവഴിച്ച് വാങ്ങിച്ച പത്ത് ടിക്കറ്റുകളിലൊന്നിന് ആയിരം രൂപയും അടിച്ചിരുന്നു. വലിയ ഭാഗ്യം തൊട്ടടുത്തുണ്ടെന്ന് ബന്ധുക്കളും പരിചയക്കാരുമൊക്കെ ദിവാകരനോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ഞായറാഴ്ച സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ കയറി ചായ കുടിക്കുമ്പോൾ ഒരു ലോട്ടറിക്കച്ചവടക്കാരൻ അവിടെ വരികയായിരുന്നു. ഈ സമയം ദിവാകരന്റെ കൈയിൽ പണമുണ്ടായിരുന്നില്ല. തുടർന്ന് സുഹൃത്ത് വെള്ളുക്കുളങ്ങരയിലെ തോട്ടക്കണ്ടിത്താഴകുനി ചന്ദ്രനോട് 50 രൂപ കടം വാങ്ങിയാണ് ടിക്കറ്റെടുത്തത്. ഞായറാഴ്ച മൂന്ന് മണിയോടെ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നെങ്കിലും പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ് സമ്മാനമടിച്ച കാര്യം അറിയുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ ആയ എച്ച്.ആര്‍.ഡി.എസ്. പാലക്കാട് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്‌നയ്ക്ക് നിയമനം നല്‍കിയത്.
സ്വപ്‌നയ്‌ക്കെതിരായ അന്വേഷണ സ്ഥാപനത്തെ ബാധിക്കുന്നതായിട്ടാണ് എച്ച്ആര്‍ഡിഎസ് നല്‍കുന്ന വിശദീകരണം. സ്വപ്‌നയുടെ കൂടി താത്പര്യം മാനിച്ചതാണ് നടപടിയെന്നും അവര്‍ വ്യക്തമാക്കുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12-നാണ് സ്വപ്‌നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമന ഉത്തരവ് നല്‍കിയത്. 43000 രൂപ ശമ്പളത്തിലായിരുന്നു നിയമനം.
ഇതിന് ശേഷം മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ എച്ച്ആര്‍ഡിഎസാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. സ്വപ്‌നയ്ക്ക് നിയമസഹായമടക്കം എച്ച്ആര്‍ഡിഎസ് ഒരുക്കി നല്‍കുകയും ചെയ്തിരുന്നു.
നാല് മാസത്തോളം പാലക്കാട് ജോലി ചെയ്തിരുന്ന സ്വപ്‌ന കഴിഞ്ഞ ആഴ്ച മുതല്‍ കൊച്ചിയിലേക്ക് താമസം മാറിയിരുന്നു. വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ എച്ചആര്‍ഡിഎസില്‍ ജോലി ചെയ്യുന്നു എന്നായിരുന്നു അറിയിച്ചിരുന്നത്.
ഭരണഘടനയെ അവഹേളിച്ചു സംസാരിച്ച വിവാദത്തില്‍ രാജിവയ്ക്കില്ലെന്ന് ഉറപ്പിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. താന്‍ എന്തിന് രാജിവയ്ക്കണം? ഇന്നലെ എല്ലാം വിശദമായി നിയമസഭയില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്ന് ഇറങ്ങിവന്ന മന്ത്രിയുടെ മാധ്യമങ്ങളോടുള്ള പ്രതികരണം.
യോഗത്തിനു ശേഷം എകെജി സെന്ററില്‍ നിന്നും ഇറങ്ങിവന്ന മറ്റ് മന്ത്രിമാര്‍ ആരും തന്നെ വിഷയത്തില്‍ പ്രതികരിക്കാനും തയ്യാറായില്ല.
വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അവയ്‌ലബിള്‍ സിപിഎം സെക്രട്ടേറിയറ്റിലേക്ക് വൈകിയെത്തിയ മന്ത്രി പ്രതികരിക്കാതെയാണ് എകെജി സെന്ററിലേക്ക് പോയത്. അരമണിക്കൂറിനുള്ളില്‍ മന്ത്രി തിരിച്ചിറങ്ങിവന്നത് സന്തോഷവാനായിരുന്നു.
നിയമപരമായ വശങ്ങള്‍ കൂടി പരിശോധിച്ച് രാജിയെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്ന നിലപാടിലാണ് പാര്‍ട്ടി. എ.ജി അടക്കമുള്ളവരില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. പോലീസ് കേസെടുത്താല്‍ മാത്രം രാജിയെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടി തീരുമാനം. പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പ്രതിപക്ഷം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടില്ല. കോടതിയിലും പരാതി എത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ രാജി ആവശ്യപ്പെടേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.
മന്ത്രിക്കെതിരെ നല്‍കിയിരിക്കുന്ന പരാതികളില്‍ തിരക്കിട്ട് കേസെടുക്കേണ്ടെന്നാണ് പോലീസിന്റെയും നിലപാട്. പ്രസംഗത്തിന്റെ വീഡിയോ ശാസ്ത്രീയമായി പരിശോധിക്കണം. യോഗത്തില്‍ പങ്കെടുത്ത റാന്നി, തിരുവല്ല എം.എല്‍.എമാരില്‍ നിന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ നിന്നും മൊഴിയെടുത്ത ശേഷമായിരിക്കും തുടര്‍ നടപടി.
തിരുവല്ല ഡിവൈഎസ്പിക്കും പത്തനംതിട്ട എസ്പിക്കും ഡിജിപിക്കുമടക്കം ഏഴ് പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം മല്ലപ്പള്ളി ഏരിയ യോഗത്തില്‍ മന്ത്രി നടത്തിയ പ്രസംഗമാണ് വിവാദമായത്. സിപിഎം തന്നെ ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത പ്രസംഗത്തിലാണ് വിവാദ പരാമര്‍ശം.
അതേസമയം, പ്രസംഗം ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന ആവശ്യവും സിപിഎമ്മില്‍ ഉയര്‍ന്നിട്ടുണ്ട്.
തങ്കം ആശുപത്രിക്ക് എതിരെ വീണ്ടും ആരോപണം. പ്രസവ ചികിൽസയ്ക്കിടെ കഴിഞ്ഞദിവസം അമ്മയും കുഞ്ഞും മരിച്ച സംഭവം ആശുപത്രിയിലെ ചികിത്സാ പിഴവാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നൽകിയ ഭിന്നശേഷിക്കാരിയായ യുവതി മരിച്ചത്. അനസ്‌തേഷ്യ നൽകിയതിൽ പിഴവുണ്ടായെന്നും ഡോക്ടർമാർ വിവരം പുറത്ത് പറയാൻ വൈകിയെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
പാലക്കാട് യാക്കര തങ്കം ആശുപത്രിയെ കൂടുതൽ വിവാദത്തിലാക്കിയാണ് വീണ്ടും ചികിൽസാ പിഴവ് കാരണം യുവതി മരിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. ഭിന്നശേഷിക്കാരിയായ കോങ്ങാട് സ്വദേശിനി കാർത്തികയാണ് ഓപ്പറേഷന് വേണ്ടി അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ ഹൃദയാഘാതം മൂലം മരിച്ചത്.
കാർത്തികയ്ക്ക് അനസ്‌തേഷ്യ നൽകിയതിൽ പിഴവുണ്ടായെന്നും മരണ വിവരം അറിയിക്കാൻ വൈകിയെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഇരുകാലുകൾക്കും തളർച്ച ബാധിച്ച കാർത്തികയെ ശസ്ത്രക്രിയയ്ക്കായി ഈ മാസം രണ്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു കാലിൽ ഇന്നലെയും ഒരു മാസത്തിനു ശേഷം അടുത്ത കാലിലും ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയായിരുന്നു.
എന്നാൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ കാർത്തികയുടെ ആരോഗ്യസ്ഥിതി വഷളാവുകയും ഹൃദയാഘാതം കാരണം രാത്രി ഒൻപത് മണിയോടെ കാർത്തിക മരണപ്പെടുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ ചികിത്സാപിഴവ് ആരോപിച്ച് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. ടൗൺ സൗത്ത് പോലീസെത്തിയാണ് ബന്ധുക്കളെ അനുനയിപ്പിച്ച് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.
കാർത്തികയുടെ മരണത്തിൽ ചികിൽസാപ്പിഴവ് ഉണ്ടായെന്ന് ചൂണ്ടിക്കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ശ്രീകൃഷ്ണപുരം കുലുക്കിലിയാട് സഹകരണ ബാങ്ക് ജീവനക്കാരിയാണ് കാർത്തിക. അവിവാഹിതയാണ്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യും.
അതേസമയം, കഴിഞ്ഞദിവസമാണ് ചിറ്റൂർ തത്തമംഗലം സ്വദേശിനി ഐശ്വര്യയും നവജാത ശിശുവും പ്രസവ ചികിൽസയ്ക്കിടെ തങ്കം ആശുപത്രിയിൽ മരിച്ചത്. ചികിൽസാപ്പിഴവെന്ന നാട്ടുകാരുൾപ്പടെ ആശുപത്രി ഉപരോധിക്കുകയും ചെയ്തിരുന്നു. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവിൽ ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കാർത്തികയുടെയും മരണം.
ഗർഭസ്ഥ ശിശുക്കളെ ഇല്ലാതാക്കാനായി മരുന്ന് നൽകി അണുബാധയേറ്റ് ഗർഭിണി മരിച്ച സംഭവത്തിൽ ഭർത്താവിന് എതിരെ കുടുംബാംഗങ്ങൾ. മരിച്ച കോഴഞ്ചേരി സ്വദേശി അനിതയെ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു. രണ്ട് മുറി വീട്ടിൽ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അനിതയും ഭർത്താവും കഴിഞ്ഞിരുന്നത്. മകളെ ജ്യോതിഷ് ഉപദ്രവിച്ചിരുന്നത് വളരെ വൈകിയാണ് മാതാപിതാക്കൾ അറിഞ്ഞത്.
മകൾ രണ്ടാമതും ഗർഭിണിയായത് പുറത്തറിയിക്കാതിരിക്കാൻ ജ്യോതിഷ് ശാരീരികമായി നിരന്തരം പീഡിപ്പിച്ചിരുന്നു. മർദ്ദിക്കുന്നത് പുറത്തറിയാതിരിക്കാൻ വായിൽ തുണി തിരുകിയായിരുന്നു പീഡനം. 35 പവൻ സ്വർണവും കാറും നൽകിയാണ് താൻ മകളെ വിവാഹം കഴിപ്പിച്ചതെന്ന് മോഹനൻ പറയുന്നു. പക്ഷേ അതെല്ലാം ജ്യോതിഷ് വിറ്റ് തുലക്കുകയായിരുന്നു. മദ്യപാനിയായിരുന്നു ജ്യോതിഷെന്നും ഇവർ പറയുന്നു.
മരുമകൻ ഡ്രൈവറാണ് എന്ന് അറിഞ്ഞപ്പോൾ കാർ ഓടിച്ചായാലും ജീവിക്കുമല്ലോ എന്ന പ്രതീക്ഷയിലാണ് വണ്ടി വാങ്ങി നൽകിയത്. എന്നാൽ ഓട്ടം കിട്ടിയാൽ മറ്റ് ഡ്രൈവർമാർക്ക് നൽകിയും ലഭിക്കുന്ന വരുമാനം കൊണ്ട് മദ്യപിക്കുകയുമാണ് ഇയാൾ ചെയ്ത് വന്നിരുന്നതെന്നും അനിതയുടെ വീട്ടുകാർ പറയുന്നു.
ജ്യോതിഷ് ഒരു ജോലിക്കും പോകാതെ കൂട്ടുകാരുമൊത്ത് കറങ്ങി നടക്കുമ്പോഴും വീട്ടുചെലവുകൾക്കും മകളുടെയും മരുമകന്റെയും ആവശ്യങ്ങളും നിറവേറ്റിയിരുന്നത് അനിതയുടെ വീട്ടുകാരായിരുന്നു.
അനിത അണുബാധയേറ്റ് മരിച്ച കേസിൽ ഭർത്താവ് ജ്യോതിഷിനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 28നാണ് അനിത മരിച്ചത്. ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ചിട്ടും നീക്കം ചെയ്യാതെയിരുന്നതാണ് അനിതയുടെ മരണത്തിന് കാരണമായത്. ഗർഭിണിയാണെന്ന വിവരം ദമ്പതികൾ മറ്റാരെയും അറിയിക്കാത്തതാണ് തിരിച്ചടിയായത്.
സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ മകള്‍ ഗൗരി കൃഷ്ണകുമാര്‍ വിവാഹിതയായി. തിങ്കളാഴ്ച മണ്ണന്തല ക്ഷേത്രത്തില്‍വെച്ച് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി ആനന്ദാണ് ഭര്‍ത്താവ്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. അതേസമയം, സ്വപ്ന ചടങ്ങില്‍ പങ്കെടുത്തില്ല.
പാലക്കാട് സ്വപ്നയ്‌ക്കൊപ്പമുണ്ടായിരുന്ന മകള്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റെ അടുത്തേക്ക് എത്തിയത്. സ്വപ്നയുടെ ആദ്യവിവാഹത്തിലെ മകളാണിത്. ഭര്‍ത്താവ് കൃഷ്ണകുമാറാണ് വിവാഹം നടത്തിയത്.
സ്വര്‍ണക്കടത്ത് കേസിന് മുന്‍പേ ഗൗരിയും ആനന്ദും പ്രണയത്തിലായിരുന്നു. മകളുടെ വിവാഹത്തിന് കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടാതിരിക്കാനാണ് സ്വപ്ന എത്താതിരുന്നതെന്നാണ് സൂചന.
അതേസമയം, അടുത്തിടെ സ്വപ്ന സുരേഷ് പാലക്കാട് നിന്ന് കൊച്ചിയിലേക്ക് താമസം മാറിയിരുന്നു. ഇടപ്പള്ളിയ്ക്കടുത്ത് കൂനമ്മാവിലെ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്താണ് താമസം മാറിയത്.
നിലവില്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ വീട് മാറല്‍. കേസുമായി ബന്ധപ്പെട്ടുള്ള നടപടികളുടെ ഭാഗമായി കൂടുതല്‍ സൗകര്യം വേണമെന്നതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലേക്ക് മാറിയതെന്ന് സ്വപ്നയോട് ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.