യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ദുബായില്‍ നിന്നും മടങ്ങി എത്തുമെന്നായിരുന്നു വിജയ് ബാബു നേരത്തെ കോടതിയെ അറിയിച്ചത്. മുന്‍കൂര്‍ ജാമ്യഹര്‍ജിക്കൊപ്പം അഭിഭാഷകര്‍ വിമാന ടിക്കറ്റിന്റെ പകര്‍പ്പും ഹാജരാക്കിയിരുന്നു. എന്നാല്‍ ടിക്കറ്റ് റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
വിമാനത്താവളത്തിലെത്തിയാല്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്നതിനാലാണ് വിജയ് ബാബു തിരിച്ചെത്താത്തതെന്നും, നിയമത്തിന്റെ മുന്നില്‍ നിന്ന് നടന്‍ ഒളിച്ചോടുകയാണെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
അതേസമയം വിജയ് ബാബുവിന് ദുബായില്‍ ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചു നല്‍കിയ സുഹൃത്തായ യുവനടനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. രണ്ട് ക്രെഡിറ്റ് കാര്‍ഡുകളാണ് പ്രതിക്ക് കൈമാറിയത്. വിജയ് ബാബുവിന് സഹായം എത്തിച്ചതായി സംശയിക്കുന്ന മറ്റു ചിലരെയും പൊലീസ് അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും.
തിരുവനന്തപുരം : സ്വാമി ഗംഗേശാനന്ദയുടെ കേസില്‍ നാടകീയ വഴിത്തിരിവ്. ബലാല്‍സംഗക്കേസില്‍ സ്വാമി ഗംഗാശേനന്ദയെ പ്രതിചേര്‍ക്കാനും സ്വാമിയുടെ ലിംഗം മുറിച്ചതിന് അതിജീവിതയെയും ആണ്‍സുഹൃത്തിനെയും ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാനും അഡ്വക്കേറ്റ് ജനറല്‍ ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി: ഷേക്ക് ദര്‍വേഷ് സാഹിബിന് ശിപാര്‍ശ നല്‍കി.
ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ എ.ജിക്ക് സമര്‍പ്പിച്ചിരുന്നു. എ.ജിയുടെ ശിപാര്‍ശയില്‍ ക്രൈംബ്രാഞ്ച് മേധാവി ഒപ്പിടുന്നതോടെ കുറ്റപത്രം തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.
ആണ്‍സുഹൃത്തായ അയ്യപ്പദാസുമായുള്ള വിവാഹം തടഞ്ഞതാണ് സ്വാമിയുടെ ലിംഗം മുറിച്ചുമാറ്റാന്‍ കാരണം. ഒരാളെ കൊല്ലാതെ എങ്ങനെ ലിംഗം മുറിക്കാമെന്ന് അയ്യപ്പദാസ് ഇന്റര്‍നെറ്റില്‍ പരിശോധിച്ചതിന്റെ തെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കത്തി വാങ്ങിയതും അയ്യപ്പദാസാണ്. ശാസ്‌ത്രീയ തെളിവുകള്‍ ഹാജരാക്കിയാണ്‌ക്രൈംബ്രാഞ്ച് നിര്‍ണായക കണ്ടെത്തലുമായി കോടതിയെ സമീപിക്കുന്നത്.
2017 മേയ് 20ന് രാത്രിയിലായിരുന്നു കേസിന് ആസ്‌പദമായ സംഭവം. ഇതിന്റെ ചുരുളഴിക്കാന്‍ പോലീസ് എടുത്തത് നാല് വര്‍ഷം.
കണ്ണമ്മൂലയില്‍ പെണ്‍കുട്ടിയുടെ വിട്ടില്‍ അതിഥിയായി എത്തിയ ഗംഗേശാനന്ദ 2017 മേയ് 20-നു രാത്രിയിലാണ് ആക്രമിക്കപ്പെട്ടത്. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെടാനായി ജനനേന്ദ്രിയം ഛേദിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഗംഗേശാനന്ദക്കെതിരേ ബലാത്സംഗക്കേസ് രജിസ്‌റ്റര്‍ ചെയ്യുകയും ചെയ്‌തു. മജിസ്‌ട്രേറ്റിനു മുന്നില്‍ പെണ്‍കുട്ടി മൊഴി ആവര്‍ത്തിച്ചു. ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്നായിരുന്നു ഗംഗേശാനന്ദ ആദ്യം മൊഴി നല്‍കിയത്. ഉറക്കത്തില്‍ ആരോ ആക്രമിച്ചതാണെന്നു പിന്നീടു മാറ്റിപ്പറഞ്ഞു.
ഗംഗേശാനന്ദ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കൊല്ലാന്‍ ശ്രമിച്ചതു താനല്ലെന്നും പറഞ്ഞു പെണ്‍കുട്ടി പോലീസിനെ സമീപിച്ചതു പിന്നീടു വഴിത്തിരിവായി. ഗംഗേശാനന്ദയുടെ സഹായി അയ്യപ്പദാസാണ് ആക്രമിച്ചതെന്നും പെണ്‍കുട്ടി പരാതിപ്പെട്ടു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗംഗേശാനന്ദ കോടതിയെ സമീപിച്ചപ്പോള്‍ പെണ്‍കുട്ടി അദ്ദേഹത്തിന് അനുകൂലമായി മൊഴി നല്‍കി.
സംഭവത്തിനു പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് ഗംഗേശാനന്ദ ഡി.ജി.പിക്കു പരാതി നല്‍കിയിരുന്നു. എല്ലാ പരാതികളും ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിച്ചു. ആക്രമിച്ചത് പെണ്‍കുട്ടി തന്നെയാണെന്നാണു ക്രൈംബ്രാഞ്ചിന്റെ നിഗമനം. സുഹൃത്തായ അയ്യപ്പദാസുമായി ചേര്‍ന്നാണ് പെണ്‍കുട്ടി പദ്ധതി തയാറാക്കിയത്. തങ്ങളുടെ ബന്ധത്തിന് തടസം നിന്ന ഗംഗേശാനന്ദയെ കേസില്‍പ്പെടുത്തി ഒഴിവാക്കാനായിരുന്നു ശ്രമമെന്നാണ് കണ്ടെത്തല്‍. സംഭവദിവസം രണ്ടുപേരും കൊല്ലത്തെ കടല്‍ത്തീരത്തിരുന്നാണു പദ്ധതി ആസൂത്രണം ചെയ്‌തത്
ഷെറിൻ പി യോഹന്നാൻ
തന്റെ കുടുംബജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ഷൈനിക്ക് കഴിയുന്നില്ല. അതിന് കാരണങ്ങൾ പലതുണ്ട്. കിടപ്പിലായ അമ്മായിയമ്മയെ ശുശ്രൂഷിക്കുക എന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മൂത്രത്തിന്റെയും മലത്തിന്റെയും ഗന്ധമാണ് ആ വീട് നിറയെ എന്ന് ഷൈനി പറയും. ഭർത്താവും ഒപ്പമില്ല. അതിനാൽ മറ്റൊരു ബന്ധത്തിലൂടെ മാനസികമായും ശാരീരികമായും അവൾ ആശ്വാസം കണ്ടെത്തുന്നു.ഷൈനിയുടെ അമ്മായിയപ്പനായ കുട്ടിച്ചന് കാഴ്ച കുറവാണെങ്കിലും കിടപ്പിലായ ഭാര്യയെ അയാൾ സ്നേഹത്തോടെ പരിപാലിക്കുന്നുണ്ട്. അങ്ങനെയിരിക്കെ ഷൈനിയുടെ കാമുകൻ ഒരു രാത്രി ആ വീട്ടിലെത്തുന്നു.
കഥ നടക്കുന്ന വീടിനെയും പരിസരത്തെയും കഥാപാത്രങ്ങളെയും കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്തുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. പ്രധാനമായും ഒരു രാത്രി നടക്കുന്ന കഥ. ഭൂരിഭാഗം സമയവും സ്‌ക്രീനിൽ മൂന്നു കഥാപാത്രങ്ങൾ മാത്രം. വളരെ ഡാർക്ക് ആയ, വയലൻസ് നിറഞ്ഞ രംഗങ്ങൾ ഉൾകൊള്ളുന്ന ചിത്രം. ഒപ്പം കുട്ടിച്ചൻ, ഷൈനി എന്നീ കഥാപാത്ര സൃഷ്ടികളും മികച്ചു നിൽക്കുന്നു.
ഷൈനിക്ക് അവളുടേതായ ശരികളുണ്ട്; കുട്ടിച്ചനും. എന്നാൽ രണ്ടാം പകുതിയിൽ വേട്ടക്കാരന്റെ പക്ഷം ചേരാനാണ് പ്രേക്ഷകൻ ആഗ്രഹിക്കുക. ഇമോഷണൽ സീനുകൾ ഫലം കാണുന്നതും അവിടെയാണ്. ഇന്ദ്രൻസിന്റെ കഥാപാത്രത്തിന് ഒരു മാസ്സ് പരിവേഷം നൽകുന്നതിനോടൊപ്പം പ്രേക്ഷകനുമായി വൈകാരിക ബന്ധം സൃഷ്ടിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഇന്ദ്രൻസ്, ദുർഗ കൃഷ്ണ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ശക്തി. രണ്ടാം പകുതിയിലെ മിക്ക സീനുകളും ഗംഭീരമാകുന്നത് ഇരുവരുടെയും പ്രകടനത്തിലൂടെയാണ്.
വളരെ പതുക്കെയുള്ള കഥപറച്ചിൽ രീതിയിലാണ് ആരംഭം എങ്കിലും ഇടവേളയോടെ പ്രേക്ഷകനെ എൻഗേജിങ് ആക്കാൻ ചിത്രത്തിന് സാധിക്കുന്നു. വലിയൊരു കഥയോ ശക്തമായ സബ്പ്ലോട്ടുകളോ ഇവിടെ കാണാൻ കഴിയില്ലെങ്കിലും ആഖ്യാന മികവിലൂടെ പ്രേക്ഷകരിൽ ഉദ്വേഗം ജനിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. രണ്ടാം പകുതി മുഴുവൻ ഒരു ചോരക്കളിയാണ്.
ധ്യാൻ ശ്രീനിവാസന്റെ പ്രകടനം അത്ര മികച്ചതായി അനുഭവപ്പെട്ടില്ല. പല സീനുകളിലും ‘അടി കപ്യാരെ കൂട്ടമണി’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയോട് സാമ്യം തോന്നി. പ്രേക്ഷകരിൽ ഭയം ജനിപ്പിക്കുന്ന തരത്തിലുള്ള പ്രകടനവും ധ്യാനിൽ മിസ്സിംഗ് ആയിരുന്നു. രണ്ട് മണിക്കൂറിൽ കഥ അവസാനിക്കുന്നുണ്ടെങ്കിലും പലയിടത്തും അനാവശ്യ വലിച്ചുനീട്ടൽ കാണാം. ചിലയിടങ്ങളിൽ നിശബ്ദത പോലും ഭയം ജനിപ്പിക്കുന്നുണ്ട്. എന്നാൽ തുടർച്ചയായി ത്രില്ലടിപ്പിക്കാൻ ചിത്രത്തിന് കഴിയാതെ പോകുന്നുമുണ്ട്. പശ്ചാത്തല സംഗീതം ശരാശരി നിലവാരം പുലർത്തുന്നു.
Last Word – വളരെ ഡാർക്ക് ആയ, വയലൻസ് നിറഞ്ഞ ഒരു ചിത്രം. (18+) ഇന്ദ്രൻസ്, ദുർഗ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിന്റെ നട്ടെല്ല്. Don’t Breathe പോലുള്ള ചിത്രങ്ങൾ കണ്ടിട്ടുള്ളവർക്ക് ഇതൊരു പുതിയ കാഴ്ച അല്ല. എന്നാൽ ആഖ്യാന മികവിലൂടെ ‘ഉടൽ’ ഉദ്വേഗജനകമായ കാഴ്ചയായി മാറുന്നു. ഇത്തരം ചിത്രങ്ങൾ തിയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക.
വളർത്തുനായയുടെ നഖം പോറിയതിന് പിന്നാലെ പേവിഷബാധയേറ്റ ഒൻപതുവയസ്സുകാരൻ മരിച്ചു. പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ജിഷ-സുഹൈൽ ദമ്പതിമാരുടെ മകൻ ഫൈസലിനാണ് ദാരുണമരണം സംഭവിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു മരണം.ഇടയ്ക്കാട് സെന്റ് തോമസ് സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ്.
ഒരുമാസത്തോളം പ്രായമായ വളർത്തുനായക്കുട്ടിയുടെ നഖം കൊണ്ട് ഫൈസലിന് നേരിയ പോറലേറ്റിരുന്നു. എന്നാൽ നിസാര മുറിവായതിനാൽ തന്നെ പ്രതിരോധ കുത്തിവെപ്പെടുക്കാൻ മടിച്ചതാണ് മരണത്തിലേക്ക് നയിച്ചത്. മാർച്ചിലാണ് നായക്കുട്ടിയെ കളിപ്പിക്കുന്നതിനിടയിൽ കുട്ടിക്ക് നായയുടെ നഖംകൊണ്ട് കൈത്തണ്ടയിൽ പോറലേറ്റത്. ഇതിനിടയിൽ കുട്ടിയുടെ മുത്തച്ഛനെ ഈ പട്ടി കടിക്കുകയും ചെയ്തിരുന്നു. അദ്ദേഹം പ്രതിരോധ കുത്തിവെപ്പെടുത്തു.
കുട്ടിയുടേത് ചെറിയ പോറൽമാത്രമായതിനാൽ വീട്ടുകാർ കാര്യമാക്കിയില്ല. പിന്നീട് വേനലവധിയായതിനാൽ രണ്ടുമാസത്തോളം അച്ഛൻ സുഹൈലിന്റെ കളിയിക്കാവിളയിലെ വീട്ടിലായിരുന്നു ഫൈസൽ. ദിവസങ്ങൾക്കുമുമ്പ് അമ്മയുടെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് അസുഖം തുടങ്ങിയത്. കലശലായ പനിയും അസ്വസ്ഥതയും പ്രകടമാക്കിയതിനെ തുടർന്ന് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.
അവിടത്തെ ശിശുരോഗവിദഗ്ധന് സംശയംതോന്നി രക്തപരിശോധന നടത്തിയപ്പോഴാണ് പേവിഷബാധയേറ്റതായി കണ്ടെത്തിയത്. തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയവേ ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ മരിച്ചു.
ശനിയാഴ്ച രാവിലെ പോരുവഴിയിലെ കുടുംബവീട്ടിലെത്തിച്ചശേഷം മൃതദേഹം കളിയിക്കാവിളയിലേക്ക് കൊണ്ടുപോയി. കബറടക്കം അവിടത്തെ ജുമാമസ്ജിദ് കബർസ്ഥാനിൽ നടന്നു.
ബീഫ് കഴിക്കുന്നതിനെ കുറിച്ച് താൻ പറഞ്ഞത് തന്‍റെ നിലപാടാണെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും നടി നിഖില വിമൽ. അതിന്‍റെ പേരിൽ നടന്ന സൈബർ ആക്രമണങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അത്തരം ആക്രമണങ്ങൾ ഗൗനിക്കാറില്ലെന്നും നിഖില പറഞ്ഞു. പുതിയ ചിത്രമായ ജോ ആൻഡ് ജോയുടെ പ്രൊമോഷന്‍റെ ഭാഗമായി ദുബൈയിൽ എത്തിയ നിഖില വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
എല്ലാവർക്കും നിലപാടുകളുണ്ട്. വ്യക്തിപരമായ എന്‍റെ നിലപാടാണ് ഞാൻ പറഞ്ഞത്. അത് തുറന്നു പറയാൻ എല്ലാവർക്കും കഴിയണം. സൈബർ ആക്രമണം ഉണ്ടായതായി ഞാൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് എന്നെ ബാധിക്കില്ല. സിനിമാ മേഖലയിൽ നിന്ന് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം അറിയിച്ചവരുണ്ടെന്നും നിഖില പറഞ്ഞു.
കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് എന്തിനാണ് പശുവിനെന്നും താൻ എന്തും ഭക്ഷിക്കുമെന്നും ഈ രാജ്യത്ത് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു നിഖില ഓൺലൈൻ മാധ്യമത്തിന് നൽകിയ ഇന്‍റർവ്യൂവിൽ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ നിഖിലക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടന്നിരുന്നു. നിരവധി പേർ നടിയെ പിന്തുണച്ചുമെത്തി.
അതേസമയം, വിവാദം സിനിമയുടെ പ്രൊമോഷന് പോസിറ്റീവായി ഗുണം ചെയ്തുവെന്ന് സംവിധായകൻ അരുൺ ഡി. ജോസ് പറഞ്ഞു. സിനിമയുടെ പ്രൊമോഷനിൽ ഇന്‍റർവ്യൂവർ ചോദിക്കേണ്ടത് സിനിമയെ കുറിച്ചാണ്. ആ ചോദ്യത്തിൽ തന്നെ പ്രശ്നമുണ്ട്. അത് പാളിയപ്പോഴാണ് ഇത്തരം വിവാദത്തിലേക്ക് വഴിതിരിച്ചുവിട്ടതെന്നും അരുൺ പറഞ്ഞു. ചിത്രത്തിലെ താരങ്ങളായ മാത്യു തോമസ്, നസ്ലിൻ ഗഫൂർ, മെൽവി ബാബു തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
പി.സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പി.സി ജോര്‍ജ് അഹങ്കാരത്തിന്റെ ആള്‍ രൂപമാണെന്നും നുണ പറയാനും ഭക്ഷണം കഴിക്കാനും മാത്രമാണ് വാ തുറക്കുന്നതെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
‘പി.സി ജോര്‍ജിനോളം മത വര്‍ഗീയത ആര്‍ക്കുണ്ട്. ജഗതി ശ്രീകുമാറിന്റെ മകളെ പി.സി ജോര്‍ജ് മകനെ കൊണ്ട് വിവാഹം കഴിപ്പിച്ച് മതം മാറ്റിച്ചു. പാര്‍വതിയുടെ പേര് അല്‍ഫോന്‍സ് എന്നാക്കി. ഇത്രത്തോളം മത വര്‍ഗീയത ആര്‍ക്കുണ്ട്. ചാടിപ്പോകുന്ന നേതാവ് ഒടുവില്‍ ബിജെപി പാളയത്തിലെത്തി. പി.സി ജോര്‍ജിനെ കൊണ്ട് ബിജെപിക്ക് ഒരു ഗുണവും കിട്ടില്ല’ വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, തൃക്കാക്കരയില്‍ തനിക്ക് പറയാനുള്ളതെല്ലാം പറയുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ‘മുഖ്യമന്ത്രിക്ക് മറുപടി നല്‍കും, നിയമം ലംഘിക്കില്ല. ബിജപെ ക്രിസ്ത്യാനികളെ വേട്ടയാടിയതായി അഭിപ്രായമില്ല. അവരോട് സഹകരിക്കുന്നതില്‍ തെറ്റുമില്ല. ഒരു മതത്തേയും വിമര്‍ശിക്കാനില്ല’ പി.സി ജോര്‍ജ് വ്യക്തമാക്കി.
തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ വ്യാഴാഴ്ച റിമാന്‍ഡിലായ പി സി ജോര്‍ജ് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ഇന്നലെ വൈകീട്ട് ഏഴോടെയാണു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. അദ്ദേഹത്തെ ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചു.
ഷെറിൻ പി യോഹന്നാൻ
കട്ടപ്പനയിലെ ഒരു ജ്വല്ലറിയിൽ മോഷണം നടക്കുന്നു. സി ഐ സാജൻ ഫിലിപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കൾ കേരളം വിട്ടിട്ടുണ്ടെന്ന് മനസ്സിലാകുന്നു. മോഷ്ടാക്കളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ച സാജൻ ഫിലിപ്പും സംഘവും ധനാഗഞ്ജിലേക്ക് യാത്ര തിരിക്കുന്നു. പോലീസുകാർ കയറാൻ ഭയക്കുന്ന, കുറ്റകൃത്യങ്ങൾക്ക് പേരുകേട്ട ധനാഗഞ്ജിലേക്കാണ് അവർ പ്രതികളെ തേടി എത്തുന്നത്.
‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിന് ശേഷം രാജീവ് രവി ഒരുക്കിയ മലയാള ചിത്രം എന്നറിയുമ്പോൾ തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ ഉയരും. ഒരാഴ്ചയുടെ ഇടവേളയിൽ രാജീവ് രവിയുടെ രണ്ട് ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത്. ‘തുറമുഖം’ ജൂൺ 3ന് റിലീസ് ചെയ്യും. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ട് ചിത്രങ്ങളുമായി രാജീവ് രവി മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
കാസർഗോഡ് നടന്ന യഥാർത്ഥ ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ ആധാരമാക്കി നിർമിച്ച ചിത്രമാണ് ‘കുറ്റവും ശിക്ഷയും’. കേസന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന പൊലീസുകാരനായ സിബി തോമസാണ് ഈ ചിത്രത്തിന്റെ കഥാകൃത്ത്. അതിനാൽതന്നെ അവർ നേരിട്ടനുഭവിച്ച, നേരിട്ടറിഞ്ഞ കാര്യങ്ങളാണ് ചിത്രത്തിൽ. റിയലിസ്റ്റിക്കായി ഒരു കേസന്വേഷണം അവതരിപ്പിക്കുമ്പോഴും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഘടകങ്ങൾ ഈ സിനിമയിൽ കുറവാണ്.
ഒരുപാട് ട്വിസ്റ്റോ സസ്പെൻസോ ഇല്ലാത്ത, ഗിമ്മിക്കുകളൊന്നും തിരുകി കയറ്റാത്ത പോലീസ് സ്റ്റോറിയാണ് ഇത്. അതിഭാവുകത്വം ഇല്ലാത്ത ഒരു കുറ്റാന്വേഷണം. ഭൂതകാലം വേട്ടയാടുന്ന ഒരു നായകനെ കൃത്യമായി പ്ലേസ് ചെയ്യാൻ രാജീവ് രവിക്ക് സാധിച്ചിട്ടുണ്ട്. പക്വമാർന്ന പ്രകടനത്തിലൂടെ ആസിഫ് അലിയും ആ കഥാപാത്രത്തെ മികച്ചതാക്കി. അലൻസിയാർ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ എന്നിവരുടെ പ്രകടനവും മികച്ചുനിൽക്കുന്നു.
വളരെ സ്ലോ പേസിലാണ് കഥ നീങ്ങുന്നത്. ഒരു മോഷണം നടന്നു കഴിയുമ്പോൾ പോലീസ് ചെയ്യുന്ന കാര്യങ്ങൾ, അന്വേഷണ രീതികൾ എന്നിവയൊക്കെ അതേപോലെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ കഥ മറ്റൊരു ഭൂമികയിലേക്ക് നീങ്ങുമ്പോൾ, അവിടുത്തെ സാഹചര്യങ്ങൾ വിശദീകരിക്കുമ്പോൾ ത്രില്ലിങ്ങായ പലതും പ്രേക്ഷകൻ പ്രതീക്ഷിക്കും. എന്നാൽ യാതൊരു ത്രില്ലും സമ്മാനിക്കാതെ, ദുർബലമായ ക്ലൈമാക്സോടെയാണ് ചിത്രം അവസാനിക്കുന്നത്. അൻവർ അലിയുടെ ‘അരികെ വരാതെ’ എന്ന ഗാനവും ചിത്രത്തിലില്ല.
മികച്ച ഛായാഗ്രഹണമാണ് രാജീവ് രവി ചിത്രങ്ങളുടെ പ്രത്യേകത. രാത്രിയിലെ ചില ഷോട്ടുകൾ, മികച്ച ഫ്രെയിമുകൾ, ധനാഗഞ്ജിന്റെ ഏരിയൽ ഷോട്ട് എന്നിവ സുന്ദരമാണ്. എന്നാൽ താല്പര്യമുണർത്തുന്ന ഘടകങ്ങൾ ചിത്രത്തിൽ കുറവാണ്. പോലീസുകാരുടെ കാഴ്ചപ്പാടിലൂടെ കഥ കൊണ്ടുപോകുന്നത് നല്ലത് തന്നെ. എന്നാൽ, സിനിമയുടെ ക്ലൈമാക്സിൽ മോഷ്ടാക്കൾ പോലും അപ്രസക്തമായി പോവുകയാണ്. കയ്യടിക്കാൻ യാതൊന്നും നൽകാത്ത, ദുർബലമായ തിരക്കഥയുള്ള ഒരു കുറ്റാന്വേഷണ ചിത്രം.
Last Word – രാജീവ് രവിയുടെ ഒരു പ്രോ റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ സ്റ്റോറി. ഛായാഗ്രഹണവും പതിഞ്ഞ താളവും താല്പര്യമുണർത്താത്ത കഥാവികാസവും ചിത്രത്തെ പിന്നോട്ട് വലിക്കുന്നു. മറ്റൊരു തീരൻ പ്രതീക്ഷിച്ചാൽ നിരാശയാകും ഫലം.
സമരത്തിനിടെ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പള്ളുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ കൊണ്ട് ഇത്തരത്തില്‍ മുദ്രാവാക്യം വിളിപ്പിച്ചതിനാണ് പിതാവിനെ കസ്റ്റഡിയിലെടുത്ത്.
കുട്ടിക്കൊപ്പം മതവിദ്വേഷ മുദ്രാവാക്യം വിളിച്ച മറ്റുള്ളവരെ പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ് അതെന്നും ചെയ്തതില്‍ തെറ്റില്ലെന്നും കുട്ടിയുടെ പിതാവ് നേരത്തേ പ്രതികരിച്ചിരുന്നു. മുന്‍പും ഈ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നാണ് പിതാവിന്റെ വെളിപ്പെടുത്തല്‍.
”അഭിഭാഷകന്റെ നിര്‍ദ്ദേശമനുസരിച്ച് വന്നതാണ്. ഒളിവിലായിരുന്നില്ല. മുദ്രാവാക്യം വിളിക്കുമ്പോള്‍ മകനോടൊപ്പം ഉണ്ടായിരുന്നു. എന്‍ആര്‍സി സമരത്തില്‍ ഇതിനു മുന്‍പും ഇതേ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. സംഭവത്തില്‍ തെറ്റില്ല. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ്.”- ഇതായിരുന്നു കുട്ടിയുടെ പിതാവിന്റെ പ്രതികരണം.
സ്വന്തം ലേഖകൻ
ഡെൽഹി : ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി ജെ പിക്കെതിരെ വളരെ തന്ത്രപൂർവ്വം പ്രായോഗികവും , ബുദ്ധിപരവുമായ രാഷ്ട്രീയം നടപ്പിലാക്കുന്നത് കെജ്രരിവാളിൻറെ ആം ആദ്മി പാർട്ടി മാത്രമാണെന്ന് സമീപകാലത്തെ അനേകം സംഭവങ്ങൾ തെളിയിക്കുന്നു. ഡെൽഹിയിൽ ഹിന്ദു – മുസ്ളീം കലാപങ്ങൾ ഉണ്ടാക്കി അതിനുള്ളിലേയ്ക്ക് കെജ്‌രിവാളിനെ എത്തിക്കുവാനും , ചില സ്ഥലങ്ങളിൽ മുസ്ളീം വിരുദ്ധനാക്കുവാനും മറ്റ് ചിലയിടത്ത് ഹിന്ദു വിരുദ്ധനാക്കുവാനും ബി ജെ പി നടത്തിയ നീച നീക്കങ്ങളെ എല്ലാം ഇല്ലാതാക്കികൊണ്ട്, താൻ ആഗ്രഹിക്കുന്ന അജണ്ടയിലേയ്ക്ക് തന്നെ ഇന്ത്യൻ രാഷ്ട്രീയത്തെ എത്തിക്കുന്ന കെജ്‌രിവാളിന്റെ രാഷ്ട്രീയ ചാണക്യ ബുദ്ധിക്ക് മുൻപിൽ പിടിച്ച് നിൽക്കാൻ കഴിയാതെ കുഴയുകയാണ് ബി ജെ പി നേത്ര്യത്വം. അതോടൊപ്പം പരമ്പരാഗത രാഷ്ട്രീയ അടവുകൾ തന്നെ ഇപ്പോഴും പരീക്ഷിക്കുന്ന മറ്റ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കും കെജ്‍രിവാളിന്റെ നവീന രാഷ്ട്രീയ തന്ത്രം മനസ്സിലാക്കുവാനോ , ആം ആദ്മി പാർട്ടിക്ക് ഇന്ത്യ മുഴുവനിലും ലഭിക്കുന്ന സ്വീകാര്യതയെ തടയുവാനോ കഴിയിന്നുമില്ല.
കിഴക്കമ്പലത്തെ സമ്മേളനത്തിലെ ജനപങ്കാളിത്തം കേരളത്തിലെ പാർട്ടികളിൽ വല്ലാത്തൊരു ഭയം തന്നെയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വടക്കേ ഇന്ത്യയിലെപ്പോലെ നുണകഥകൾ പ്രചരിപ്പിച്ച് കെജ്രരിവാളിന്റെ ജനസമ്മിതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും അവരുടെ സൈബർ സംഘങ്ങളും , ചില മലയാള മാധ്യമങ്ങളും. അതിനായി മുസ്ളീം വിരുദ്ധനാണ് കെജ്‍രിവാൾ , ജഹാംഗീർപുരിയിൽ മുസ്ലീങ്ങളെ അക്രമിച്ചപ്പോൾ മിണ്ടാതിരുന്നത് കണ്ടില്ലേ ? എന്ന് തുടങ്ങുന്ന നുണകളാണ് ഇപ്പോൾ വലിയ രീതിയിൽ പ്രചരിപ്പിക്കുന്നത്. ഡെൽഹി വാർത്തകളിലെ സത്യാവസ്ഥ അറിയാത്ത അനേകം സാധാരണ മലയാളികൾ ഈ നുണകളെ വിശ്വസിക്കുകയും , കെജ്‌രിവാളിനെ തെറ്റിദ്ധരിക്കുകയും ചെയ്തിട്ടുണ്ട് .
പക്ഷെ ഇവിടെയൊക്കെ പണ്ട് ബി ജെ പി യെ അധികാരത്തിൽ എത്തിക്കാൻ നടന്ന അണ്ണാഹസ്സാരെയുടെ കപട ബുദ്ധിയിൽ വീഴാതെയുള്ള രാഷ്ട്രീയ തന്ത്രം തന്നെയാണ് കെജ്‍രിവാൾ ഈ പ്രശ്നങ്ങളിലും നടപ്പിലാക്കിയത് . തന്നെ വൈകാരികമായി പ്രകോപിപ്പിക്കാൻ ബി ജെ പി ഒരുക്കുന്ന കെണിയിൽ കുടുങ്ങാതെ തന്റെ അജണ്ടയിലൂടെ നീങ്ങി അതിലൂടെ ബി ജെ പി യെ ഇല്ലാതാക്കുക എന്ന പ്രായോഗിക രാഷ്ട്രീയ തന്ത്രം തന്നെയാണ് കേജ്‌രിവാൾ ഇപ്പോഴും നടപ്പിലാക്കുന്നത്. പക്ഷേ അതിന് കെജ്‌രിവാൾ ഉപയോഗിക്കുന്ന മാർഗ്ഗങ്ങളെ മനസ്സിലാക്കി വരുവാൻ പലപ്പോഴും പരമ്പരാഗത രാഷ്ട്രീയം കണ്ട് ശീലിച്ച സാധാരണകാർക്ക് കുറെ സമയം എടുക്കാറുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്.
ഒരോ ദിവസവും പല രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ച് കെജ്രരിവാളിനെ ഡെൽഹിക്ക് പുറത്തേയ്ക്ക് വിടാതിരിക്കുക എന്നതായിരുന്നു ബി ജെ പി യുടെ അജണ്ട. എന്നാൽ 2024 ലെ ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആം ആദ്മി പാർട്ടിയെ സജ്‌ജമാക്കുവാൻ ഇന്ത്യ മുഴുവനിലും സഞ്ചരിക്കുന്ന കെജ്‍രിവാൾ, ബി ജെ പി സൃഷ്‌ടിക്കുന്ന പ്രശ്നങ്ങളെ ആം ആദ്മി പാർട്ടിയിലെ രണ്ടാം നിര നേതാക്കളായ മനീഷ് സിസോദിയ , അമാനത്തുള്ള ഖാൻ , സഞ്ജയ് സിംഗ് , രാഘവ് ചദ്ദ , അതീഷി സിംഗ് തുടങ്ങിയവരെ അണിനിരത്തിയാണ് നേരിടുന്നത്. താൻ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ ഡെൽഹിയെ നയിക്കാൻ ഇവരെ പ്രാപ്തരാക്കുക എന്നത് തന്നെയാണ് കെജ്‌രിവാൾ ഇതിലൂടെ ലക്ഷ്യമിട്ടത്.
ഏപ്രിൽ 18 ന് ഒന്നരലക്ഷം കർഷകർ അണിനിരക്കുന്ന റാലിയിൽ പങ്കെടുക്കുവാൻ ബാംഗ്ലൂരിലേക്ക് പുറപ്പെടുന്ന കെജ്‌രിവാളിന്റെ യാത്ര മുടക്കുക , അതോടൊപ്പം ഡെൽഹിയിൽ ഹിന്ദു- മുസ്ളീം വർഗ്ഗീയ ലഹള ഉണ്ടാക്കുക എന്നിവ ആയിരുന്നു അതേ ദിവസം തന്നെ ബി ജെ പി ജഹാംഗീർപുരിയിൽ ബുൾഡോസറുമായി വന്ന് കലാപം സൃഷ്ടിച്ചതിന്റെ പിന്നിലുള്ള കാരണങ്ങൾ. എന്നാൽ ഈ ബുൾഡോസർ വിവാദത്തെ കെജ്‍രിവാൾ നേരിട്ടത് തൻ്റെ മന്ത്രിസഭയിലെ രണ്ടാം നിര നേതാക്കളെ ഉപയോഗിച്ചായിരുന്നു.
ലഡാക്കില്‍ സൈനികര്‍ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികര്‍ മരിച്ചു. വാഹനം ലഡാക്കിലെ ഷ്യോക് നദിയിലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മരിച്ചവരില്‍ ഒരാള്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലാണ് (41) മരിച്ചത്.
കരസേനയില്‍ ലാന്‍ഡ് ഹവീല്‍ദാറാണ് മുഹമ്മദ് ഷൈജല്‍. നാല് മാസം മുമ്പാണ് അവസാനം നാട്ടിൽ എത്തിയത്. സൈനിക സേവനം അവസാനിപ്പിക്കാൻ ഒരു വർഷം കൂടി ബാക്കി ഇരിക്കുമ്പോഴാണ് അപകടം. ഭാര്യ റഹ്മത്ത്. മൂന്ന് കുട്ടികൾ ഉണ്ട്.
രാവിലെ ഒന്‍പതോടെ 26 സൈനികരുമായി ഇന്ത്യാ-ചൈന അതിര്‍ത്തിയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വാഹനം വീണതെന്നാണ് അറിയുന്നത്. ഇതില്‍ ചിലര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പര്‍താപൂരിലെ ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടേയ്ക്ക് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘം തിരിച്ചിട്ടുണ്ട്.