സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയെന്ന പരാതിയില്‍ കുറ്റാരോപിതരായ സ്വപ്‌ന സുരേഷിനെയും പി.സി. ജോര്‍ജിനെയും ചോദ്യംചെയ്യുന്നതു സരിത എസ്. നായരുടെ രഹസ്യമൊഴിയെടുത്ത ശേഷം.
സരിതയുടെ രഹസ്യമൊഴി പരിശോധിച്ചശേഷം അതിന്റെ അടിസ്‌ഥാനത്തില്‍ തുടര്‍നടപടി മതിയെന്ന നിയമോപദേശം പരിഗണിച്ചാണു തീരുമാനം. സരിതയുടെ മൊഴിയില്‍ വസ്‌തുതകളുണ്ടെന്നു കണ്ടാലേ ഇരുവര്‍ക്കുമെതിരേ നടപടിയുമായി പോലീസ് മുന്നോട്ടു നീങ്ങൂ. ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്താവുന്ന വകുപ്പുകളിലാണു ഇരുവര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്.
അറസ്‌റ്റിനു സാധ്യത കണ്ടാല്‍, പി.സി. ജോര്‍ജും ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയേറെയാണ്. തന്നെ പോലീസ് മനഃപൂര്‍വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ജോര്‍ജ് കോടതിയെ സമീപിച്ചാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിശ്വാസ്യത ചോദ്യംചെയ്യപ്പെടാം.
കഴമ്പില്ലാത്ത കേസുമായി പോയാല്‍ രാഷ്‌ട്രീയ പകപോക്കലായി കണ്ടു കോടതിയില്‍നിന്നു തിരിച്ചടി ലഭിക്കാനും സാധ്യതയേറെ. നേരത്തെ രണ്ടു കേസില്‍ പി.സി. ജോര്‍ജിനു ജാമ്യം ലഭിച്ചിരുന്നു. അതിനാല്‍, പി.സി. ജോര്‍ജിനെതിരായ നടപടികള്‍ നല്ലപോലെ ആലോചിച്ചശേഷമേ തീരുമാനിക്കു.
അതിനാലാണു സരിതയുടെ രഹസ്യമൊഴിയില്‍ വസ്‌തുതകളുണ്ടെങ്കില്‍ മാത്രം ശക്‌തമായ നടപടികളുമായി പോകാനുള്ള തീരുമാനം. മുന്‍മന്ത്രി കെ.ടി. ജലീല്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ പരാതിയിലാണു കലാപത്തിനു ശ്രമമെന്ന കുറ്റം ചുമത്തി കേസെടുത്തത്. ആരോപണത്തിനു പിന്നാലെ പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തിയ സമരം കലാപത്തിനു ശ്രമമെന്നായിരുന്നു പരാതി. പ്രത്യേകസംഘമാണു കേസന്വേഷിക്കുന്നത്. ഏതു വകുപ്പു ചുമത്തണമെന്ന കാര്യത്തില്‍ തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു.
തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വപ്‌നയുടെ ഹര്‍ജിയില്‍ ജലീലിന്റെ പരാതി ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതികള്‍ക്കു ഇതുവരെയും പരാതിയുടെ കോപ്പി കിട്ടിയിട്ടില്ല. ഈ കേസ് ഉടനെ ഹൈക്കോടതി തീര്‍പ്പാക്കില്ലെന്നാണു പോലീസിന്റെ കണക്കുകൂട്ടല്‍. എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം തുടങ്ങുന്ന സാഹചര്യത്തില്‍ കോടതി ഇടപെടാന്‍ സാധ്യതയില്ല. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ടു പരിശോധിച്ചശേഷമേ സാധാരണഗതിയില്‍ ഹര്‍ജി തീര്‍പ്പാന്‍ ഹൈക്കോടതി തയാറാവൂ എന്നാണു പോലീസിന്റെ വിലയിരുത്തല്‍.
പി.സി. ജോര്‍ജ് പല തവണ വിളിച്ചെന്നും മുഖ്യമന്ത്രിക്കെതിരേ പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണു സരിത പറയുന്നത്. സ്വപ്‌നയെ ജയിലില്‍ വച്ചു പരിചയമുണ്ട്. എന്നാല്‍ സ്വപ്‌നയുടെ കൈയില്‍ തെളിവുകളില്ലെന്ന് അറിയാവുന്നതുകൊണ്ടു പിന്മാറിയെന്നാണു സരിതയുടെ മൊഴി. മുഖ്യമന്ത്രിക്കെതിരായ തെളിവു സ്വപ്‌നയുടെ കൈയില്‍ ഉണ്ടെന്നു പറയാന്‍ ജോര്‍ജ് ആവശ്യപ്പെട്ടെന്നാണു സരിത നല്‍കിയ മൊഴി. ജോര്‍ജും സ്വപ്‌നയും ക്രൈം നന്ദകുമാറും എറണാകുളത്ത് കൂടിക്കാഴ്‌ച നടത്തിയെന്നും സരിത പറയുന്നു. തിരുവനന്തപുരം ഗസ്‌റ്റ് ഹൗസില്‍ വച്ചും ഈരാറ്റുപേട്ടയിലെ ജോര്‍ജിന്റെ വീട്ടില്‍വച്ചും താനുമായി കൂടിക്കാഴ്‌ച നടത്തി. ജോര്‍ജുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ടേപ്പും അന്വേഷണസംഘത്തിനു സരിത കൈമാറിയിട്ടുണ്ട്.
ഇടുക്കി രാജകുമാരിയില്‍ ഏലക്കാട്ടില്‍ കാണാതായ നാലു വയസ്സുകാരിയെ ഇന്നു രാവിലെ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് ഇന്നലെ തോട്ടത്തില്‍ കാണാതായത്. സമീപത്തുള്ള ഒരു ഏലത്തോട്ടത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
മാതാപിതാക്കള്‍ ജോലി ചെയ്യുന്ന തോട്ടത്തില്‍ ഒപ്പമെത്തിയതായിരുന്നു കുട്ടി. ഇടയ്ക്ക് കുട്ടിയെ കാണാതാവുകയായിരുന്നു.
പുതുമുഖ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ നടനും സംവിധായകനുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഹര്‍ജി തള്ളിയത്.
അതേസമയം ബലാത്സംഗ കേസില്‍ ഇന്നും വാദം തുടരും. ഇന്നലെ സര്‍ക്കാര്‍ വാദം പൂര്‍ത്തിയായിരുന്നു. സര്‍ക്കാരിന് വേണ്ടി പ്രോസിക്യൂഷന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായത്. വിജയ് ബാബുവിന്റെ അഭിഭാഷകന്റെ വാദമാണ് ഇന്ന് തുടരുക. കേസിലെ നടപടി ക്രമങ്ങള്‍ ഇന്നലെ രഹസ്യമായാണു നടത്തിയത്. വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവിന്റെ കാലാവധിയും ഇന്നുവരെ നീട്ടിയിട്ടുണ്ട്.
ഏപ്രില്‍ 22നാണ് പീഡിപ്പിച്ചുവെന്നാരേപിച്ച് നടി പരാതി നല്‍കിയത്. മാര്‍ച്ച് 16ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ചും മാര്‍ച്ച് 22ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. ഇതേ തുടര്‍ന്ന് സമൂഹമാധ്യമത്തിലൂടെ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു.
പരാതിക്കാരിക്ക് പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ലൈഗംക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്നുമാണ് വിജയ് ബാബു പറയുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തിൽ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിയായിരുന്നു നായകൻ. ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതുകയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന പ്രകാശന്‍ പറക്കട്ടെ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ വെച്ച് ധ്യാന്‍ ശ്രീനിവാസനോട് നയന്‍താര കല്യാണമൊന്നും വിളിച്ചില്ലേ എന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചു, ഇതിനു മറുപടിയായി ധ്യാൻ നൽകിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
വിളിച്ചു. പക്ഷെ, ഞാന്‍ പോയില്ല, വേണ്ടെന്ന് വെച്ചു. തിരക്കല്ലേടാ. പ്രസ് മീറ്റിന്റെ തിരക്കൊക്കെ ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഇന്റര്‍വ്യൂവിന്റെ തിരക്കുമുണ്ട്,ധ്യാന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ കോണ്‍ഗ്രസ് പ്രതിനിധി ഉമ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. അന്ത്രിച്ച മുന്‍ എം എല്‍ എ പി ടി തോമസിന്റെ ഭാര്യയാണ് ഉമ തോമസ്.
ഇന്നലെ രാത്രിയോടെ ഉമ തോമസ് തിരുവനന്തപുരത്ത് എത്തി. പി ടി തോമസിന്റെ ഓര്‍മകളുമായാണ് സത്യപ്രതിജ്ഞക്ക് പോകുന്നത്. വോട്ടര്‍മാര്‍ക്ക് നല്‍കിയ എല്ലാ ഉറപ്പുകളും പാലിക്കുമെന്നും ഉമ തോമസ് പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക്് ശേഷം ഈ മാസം 27 മുതല്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തിലും ഉമാതോമസ് പങ്കെടുക്കും.
പിടി തോമസിന്റെ മരണത്തെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉമ തോമസിലൂടെ മിന്നും വിജയമാണ് യുഡിഎഫ് നേടിയത്. 72767 വോട്ടുകള്‍ നേടിയാണ് ഉമാ തോമസ് വിജയം നേടിയത്. മെയ് 31നായിരുന്നു തിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടന്നു. ജോ ജോസഫ് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എ എന്‍ രാധാകൃഷ്ണന്‍ ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി.
തൃക്കാക്കരയില്‍ യുഡിഎഫിന് 2021നെക്കാള്‍ 12,928 വോട്ടുകള്‍ കൂടുതല്‍ ലഭിച്ചു. 2021ല്‍ 59,839 വോട്ടുകളായിരുന്നു പി.ടി തോമസ് നേടിയത്. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി ജോ ജോസഫ് 47,752 വോട്ട് നേടി. 2021 ല്‍ എല്‍.ഡി.എഫിന് ലഭിച്ചത് 45510 വോട്ടായിരുന്നു. ഇത്തവണ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. എ.എന്‍ രാധാകൃഷ്ണന്‍ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി 15483 വോട്ടുകള്‍ നേടിയിരുന്നു.
സി.പി.എമ്മിന്റെ സമുന്നത നേതാവും എൽ ഡി എഫ് കൺവീനറുമായ ഇ പി ജയരാനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് വരുന്നു. പിണറായിക്കൊപ്പം യാത്ര ചെയ്യവേ ഇൻഡിഗോ വിമാനത്തിൽ വെച്ച് യാത്രക്കാരേ ചവിട്ടി വീഴ്ത്തുകയും കഴുത്തിനു കുത്തി പിടിക്കുകയും ചെയ്ത സംഭവത്തിലാണ് പി ജയരാജൻ അഴിക്കുള്ളിലാകാനുള്ള സാധ്യത തെളിയുന്നത്. കേരള പോലീസിനു ഈ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാം. കാരണം സിവിൽ ഏവിയേഷൻ വകുപ്പുകൾ അനുസരിച്ചും കേസ് അന്വേഷിക്കണം. വിമാനത്തിൽ ആക്രമണം നടത്തി എന്ന് സിവിൽ ഏവിയേഷൻ വകുപ്പ് കണ്ടെത്തിയാൽ ഇ പി ജയരാജനെതിരേ സ്വമേധയാ കേന്ദ്ര വ്യോമയാന വകുപ്പിനും കേസെടുക്കാം എന്നാണ് നിയമ വിദഗർ ചൂണ്ടിക്കാട്ടുന്നത്.
ഒന്നുകിൽ കേരളാ പോലീസ് എഫ് ഐ ആർ ഇട്ട് ഈ സംഭവം കേന്ദ്രത്തിന് റിപോർട്ട് ചെയ്യണം. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച് സുരക്ഷാ വീഴ്ച്ച ഉണ്ടായി എന്നും ഇ പി ജയരാജൻ അക്രമാസക്തനായി എന്നും കണ്ടെത്തിയാൽ അദ്ദേഹത്തേ കസ്റ്റഡിയിൽ എടുക്കേണ്ടി വരും. മാത്രമല്ല ഇ പി ജയരാജൻ മേലിൽ ലോകത്തെ ഒരു വിമാനത്തിലും കയറുന്നത് തടഞ്ഞ് കൊണ്ട് യാത്രാ വിലക്കും ഉണ്ടാവും. ഇതോടെ ഇ.പി ജയരാജന്റെ പതിവ് പരിപാടിയായ സർക്കാരിന്റെയും പാർട്ടിയുടേയും ചിലവിലെ കണ്ണൂർ- തിരുവനന്തപുരം ‘ഓസ്’ യാത്രയും എന്നേക്കുമായി അവസാനിക്കും. നിയമം അനുസരിച്ച്, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായ വിവരം തിങ്കളാഴ്ച തന്നെ വിമാനത്താവള അധികൃതർ ബിസിഎഎസിനെയും വ്യോമയാന മന്ത്രാലയ അധികൃതരെയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെയും അറിയിക്കണം. സംഭവം ഉണ്ടായി ഒരു മണിക്കൂറിനുള്ളിൽ റിപ്പോർട്ടു നൽകണമെന്നാണ് നിയമം.
നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കേണ്ടത് ബിസിഎഎസ് (ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി) ആണ്. 1994 ലെ നിയമഭേദഗതി അനുസരിച്ച്, വിചാരണ വേളയിൽ ദേശവിരുദ്ധപ്രവർത്തനങ്ങൾ തെളിഞ്ഞാൽ വിമാനം തട്ടിയെടുക്കുന്നവർക്ക് വധശിക്ഷവരെ ലഭിക്കാം.
ഇ പി ജയരാജനെതിരേ കേസെടുക്കില്ലെന്ന് പോലീസിന് വാശിപിടിക്കാൻ ആവില്ല. കാരണം പോലീസ് നിയമ പ്രകാരം കേരളത്തിലെ വിമാനത്താവളത്തിൽ നടന്ന കാര്യം വ്യോമയാന ഉദ്യോഗസ്ഥർക്ക് റിപോർട്ട് ചെയ്തേ മതിയാകൂ. ഈ കാര്യത്തിൽ അവസാന വാക്കും അന്വേഷണവും കേന്ദ്ര ഏജൻസിയാണ് തീരുമാനിക്കുന്നത്. വീഴ്ച്ച ഉണ്ടായോ എന്ന് നിശ്ചയിക്കുന്നതും അവർ ആയിരിക്കും. അതിനാൽ തന്നെ ഇ പി ജയരാജനെ മുഖ്യമന്ത്രി എത്ര സംരക്ഷിച്ചാലും പണി ഉറപ്പാണ് എന്ന് സാരം.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ ഉണ്ടായ പ്രതിഷേധം കേരളത്തിൽ രാഷ്ട്രീയ വിവാദമാണെങ്കിൽ, കേന്ദ്ര ഏജൻസികൾ ഏറെ ഗൗരവത്തോടെയാണ് വിഷയത്തെ കൈകാര്യം ചെയ്യുന്നത്. നിസാരമായ കേസല്ല ഇതെന്നും ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ രാജ്യാന്തരതലത്തിൽ രൂപീകരിച്ച നിയമവ്യവസ്ഥകളുണ്ടെന്നും വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ നിർദേശങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് അൺലാഫുൾ ആക്ട്സ് എഗൈൻസ്റ്റ് സേഫ്റ്റി ഓഫ് സിവിൽ ഏവിയേഷൻ ആക്ട് രൂപീകരിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങളുൾപ്പെടുത്തിയ വാർഷിക റിപ്പോർട്ടുകൾ ഇന്ത്യ ഐസിഎഒയ്ക്കു കൈമാറാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധം നടത്തിയ സംഭവം ക്രൈം ബ്രാഞ്ചിലെ പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമായിരിക്കും കേസ് അന്വേഷിക്കുക. അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് എഡിജിപി മേൽനോട്ടം വഹിക്കും.
അതേസമയം, വിമാനത്തിനുള്ളിൽ നടന്ന സംഭവ വികാസങ്ങളിൽ ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് ആവർത്തിച്ച് ആവശ്യപ്പെട്ടു. ജയരാജന് എതിരെ കേസെടുത്തില്ലെങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിട്ടുണ്ട്. ആകാശത്തും ഭൂമിയിലും പ്രതിഷേധം ഒരു പോലെയാണെന്നും സംസ്ഥാനത്ത് ഭീകരപ്രവർത്തനം നടത്തുന്നത് സിപിഎമ്മാണെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിലെ പ്രതിഷേധം തെറ്റാണെന്ന് പറയുന്നവർ പണ്ട് ട്രെയിനിൽ മന്ത്രിയുടെ തലയിൽ കരി ഓയിൽ ഒഴിച്ചിട്ടുണ്ടെന്നും സതീശൻ ഓർമ്മിപ്പിക്കുന്നു.
എന്നാൽ, രാഷ്‌ട്രീയവൈരാഗ്യം കൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. വലിയതുറ പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വധശ്രമത്തിനുള്ള വകുപ്പുകൾക്ക് പുറമെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എയർക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകൾ കൂടി ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഗൺമാൻ അനിലിനേയും ആക്രമിച്ചതായി എഫ്‌ഐആറിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, ഇൻഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്ത് എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്തില്‍ നടത്തിയ പ്രതിഷേധവും ഇപി ജയരാജന്റെ പ്രതിരോധവും ചർച്ചയാകുന്നു സമയം, 1978ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിമാനം റാഞ്ചിയ സംഭവം ചര്‍ച്ചയാക്കി സൈബര്‍ സിപിഐഎം.
അടിയന്തരാവസ്ഥയ്ക്ക് ശേഷം ജയിലില്‍ അടയ്ക്കപ്പെട്ട ഇന്ദിരാ ഗാന്ധിയുടെ മോചനം ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിമാനം റാഞ്ചിയത്. 1978 ഡിസംബര്‍ ഇരുപതിന് ഉത്തര്‍പ്രദേശ് സ്വദേശികളായ കോണ്‍ഗ്രസ് നേതാക്കളായ ഭോലാനാഥ് പാണ്ഡെയും ദേവേന്ദ്ര പാണ്ഡെയുമാണ് വിമാനം റാഞ്ചിയത്. കൊല്‍ക്കത്തയില്‍നിന്ന് ലഖ്നൗവിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് 410 വിമാനമാണ് ഇരുവരും റാഞ്ചിയത്. ഇന്ദിരാ ഗാന്ധിയെ മോചിപ്പിക്കുക, മകന്‍ സഞ്ജയ് ഗാന്ധിക്കെതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വിമാനറാഞ്ചല്‍.
സംഭവസമയത്ത് 130 യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. കളിത്തോക്കുകളുമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തി ബന്ദിക്കളാക്കിയത്. മണിക്കൂറുകള്‍ക്ക് ശേഷം വിമാനം വാരാണസിയില്‍ ഇറക്കി മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഇരുവരും കീഴടങ്ങുകയും ചെയ്തു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന 1980ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കുകയും ഇരുവരും വിജയിച്ച് എംഎല്‍എയാവുകയും ചെയ്തു.
ഈ സംഭവമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വിമാനത്തിനുള്ളില്‍ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍മീഡിയ ചര്‍ച്ചയാക്കുന്നത്. വിമാനത്തിനുള്ളില്‍ അതിക്രമം പണ്ടുമുതലേ കോണ്‍ഗ്രസുകാര്‍ തുടങ്ങിയെന്നാണ് സിപിഐഎം അനുഭാവികള്‍ വിമാനറാഞ്ചല്‍ ചൂണ്ടിക്കാണിച്ച് പറയുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു യാത്രക്കാരില്‍ നിന്നായി 1.80 കോടിയുടെ സ്വര്‍ണം എയര്‍കസ്‌റ്റംസ് ഇന്റലിജന്‍സും പോലീസും പിടികൂടി. കോഴിക്കോട് നാദാപുരം കണ്ണോത്തുകണ്ടി കെ.കെ ജുനൈദ് (28), കോഴിക്കോട് കുറ്റ്യാടി എടക്കാട്ടുകണ്ടിയില്‍ മുഹമ്മദ് ഹനീസ് (26), കോഴിക്കോട് കുന്ദമംഗലം നടുവംഞ്ചാലില്‍ കബീര്‍ (34) എന്നിവരാണ് സ്വര്‍ണവുമായി പിടിയിലായത്.
കസ്‌റ്റംസിനെ വെട്ടിച്ച് പുറത്തുകടത്തിയ സ്വര്‍ണമാണ് ജുനൈദില്‍നിന്ന് കരിപ്പൂര്‍ പോലീസ് കണ്ടെടുത്തത്. 1822 ഗ്രാം സ്വര്‍ണം ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു. 80 ലക്ഷം രൂപ വിലവരും. അബുദാബിയില്‍നിന്ന് ഇഡിഗോ വിമാനത്തിലാണ് ജുനൈദ് കരിപ്പൂരിലെത്തിയത്.
ഹനീസ്, കബീര്‍ (34) എന്നിവരെ സ്വര്‍ണം കടത്തുന്നതിനിടെ എയര്‍ കസ്‌റ്റംസ് ഇന്റലിജന്‍സ് പിടികൂടുകയായിരുന്നു. മസ്‌കറ്റില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലാണ് ഹനീസ് കരിപ്പൂരിലെത്തിയത്. 1132 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെത്തിയ കബീര്‍ 1012 ഗ്രാം സ്വര്‍ണമാണ് ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്.
ചലച്ചിത്ര താരം നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവയും ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രത്തില്‍ ചാന്താട്ടം ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തി. മേല്‍ശാന്തി വിഷ്‌ണു നമ്പൂതിരിയില്‍നിന്നും പ്രസാദം സ്വീകരിച്ചു. സമയം കിട്ടുമ്പോഴെല്ലാം ചെട്ടികുളങ്ങര ഭഗവതിയുടെ തിരുസന്നിധിയിലെത്തുമെന്നു താരദമ്പതികള്‍ പറഞ്ഞു. ദര്‍ശനത്തിനു ശേഷം ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്റെ ഓഫീസില്‍ എത്തിയ താരദമ്പതിമാരെ കണ്‍വന്‍ഷന്‍ പ്രസിഡന്റ് എം.കെ. രാജീവ്, സെക്രട്ടറി എം. മനോജ് കുമാര്‍ എന്നിവര്‍ സ്വീകരിച്ചു.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവാക്കള്‍ക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി കേസ്. മുഖ്യമന്ത്രിയെ ആക്രമിച്ചു വധിക്കുക എന്ന ഉദ്ദേശത്തോടെയാണ് യുവാക്കള്‍ വന്നതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
‘നിന്നെ ഞങ്ങള്‍ വച്ചേക്കില്ലെടാ.. എന്ന് മുഖ്യമന്ത്രിക്ക് നേരെ ആക്രോശിച്ചു. തടയാന്‍ ശ്രമിച്ച ഗണ്‍മാന്‍ അനില്‍കുമാറിനെ ദേഹോദ്രപം ഏല്പിച്ചുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സിന്‍ മജീദ് (28), കണ്ണുര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ നവീന്‍കുമാര്‍ (34), സുനിത് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാണിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വലിയതുറ പോലീസ് കേസെടുത്തിരിക്കുന്നത്.
അതിക്രമം തടയുന്നതിനിടെ പരിക്കേറ്റതായി മുഖ്യമന്ത്രിയുടെ ഗണ്‍മാനും പ്രൈവറ്റ് സെക്രട്ടറിയും പോലീസിന് മൊഴി നല്‍കിയിരുന്നു.
അതേസമയം, പ്രതിഷേധത്തില്‍ പങ്കെടുത്ത മൂന്നു പേരില്‍ ഒരാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണ്.
പ്രതികള്‍ മദ്യലഹരിയിലാണ് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന ഇ.പി ജയരാജന്റെ പ്രസ്താവന ശരിയല്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. യുവാക്കള്‍ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി.
ഇന്‍ഡിഗോ വിമാനത്തില്‍ നടന്ന പ്രതിഷേധത്തില്‍ എയര്‍ലൈന്‍സും അന്വേഷണം ആരംഭിച്ചു.