രണ്ട് വർഷം മുൻപ് അച്ഛൻ മരിച്ചു, ഈ വിയോഗത്തിൽ നിന്ന് കരകയറി ജീവിതം കരയ്ക്കടുപ്പിക്കുന്നതിനിടെ ഒരു കത്തിമുനയിൽ അമ്മയെയും മരണം തട്ടിയെടുത്തതിന്റെ പകപ്പ് മാറാതെ നിൽക്കുകയാണ് അക്ഷയ്കുമാറും അനന്യയും. ഇനിയുള്ള ജീവിതം എങ്ങനെ എന്ന ചോദ്യത്തിന് മുൻപിൽ ഉത്തരം കിട്ടാതെ നിൽക്കുകയാണ് ഈ കുരുന്നുകൾ.
കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ അമ്മ വിനീതയുടെ സഞ്ചയനം. അമ്പലമുക്കിൽ 4 പവന്റെ മാലയ്ക്കു വേണ്ടിയാണ് വിനീതയെ ദാരുണമായി അക്രമികൾ കുത്തിക്കൊലപ്പെടുത്തിയത്. ഇരുവർക്കും ഇനി കൂട്ടിനുള്ളത് വിനീതയുടെ പ്രായമായ അച്ഛൻ വിജയനും അമ്മ രാഗിണിയും മാത്രമാണ്.പത്തനംതിട്ട ഗവി സ്വദേശി സെന്തിലും വിനീതയും 2007 ഏപ്രിൽ 12 നാണ് വിവാഹിതരായത്. പെരുമ്പാവൂരിൽ ബേക്കറിയിൽ പലഹാരങ്ങൾ പാകം ചെയ്യുന്ന ജോലിക്കിടെ കുടുംബം പോറ്റാൻ സോഡാ കമ്പനിയിലും സെന്തിൽ ജോലി നോക്കി.
കുപ്പിപ്പൊട്ടിത്തെറിച്ച് നിരന്തരം അപകടമുണ്ടായപ്പോൾ അച്ഛൻ വിജയൻ ഇടപെട്ട് പെരുമ്പാവൂരിൽ നിന്ന് സെന്തിലിനെയും വിനീതയെയും നെടുമങ്ങാട്ടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഇവിടെ ജോലിക്കിടെ 2020 മാർച്ച് 12 നാണ് സെന്തിൽ ഹൃദയാഘാതം മൂലം മരിച്ചത്. അന്നു മുതൽ കുടുംബം പോറ്റിയിരുന്നത് വിനീതയായിരുന്നു.
പഠനത്തിൽ ബഹുമിടുക്കരാണ് വിനീതയുടെ മക്കൾ. കരിപ്പൂര് ഗവ ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അക്ഷയ്. അനന്യ ഗവ ടൗൺ യുപിഎസ് ആറാം ക്ലാസ് വിദ്യാർഥിയും. തുടർന്നുള്ള ഇവരുടെ പഠനവും ഇതോടെ പാതിവഴിയിൽ നിലയ്ക്കുമോ എന്ന ആശങ്കയാണ് പ്രായമായ മുത്തച്ഛനും മുത്തശ്ശിക്കും. ജ്വല്ലറിയിൽ സെക്യൂരിറ്റിയാണ് വിജയൻ. ശമ്പളമായി ലഭിക്കുന്ന തുച്ഛമായ തുകയിൽ 4 വയർ എരിയണം. സുമനസുകൾ സഹായിക്കണം
കാനറാ ബാങ്ക്
നെടുമങ്ങാട് ശാഖ
അക്കൗണ്ടുണ്ട്. നമ്പർ- 2683101005397
ഐഎഫ്എസ് സി കോഡ്- CNRB0002683
നടി കൽപനയുടെ മരണത്തോടെ സാമ്പത്തികമായി ലഭിച്ചിരുന്ന സഹായങ്ങൾ നിലയ്ക്കുകയും പട്ടിണിയിലാവുകയും ചെയ്തതോടെ സഹോദരങ്ങൾ ജീവനൊടുക്കി. നടി ഉർവശിയുടെയും കൽപനയുടേയും സഹോദരന്റെ മുൻ ഭാര്യയും അവരുടെ സഹോദരനുമാണ് ജീവനൊടുക്കിയത്. കൽപനയുടെ മരണ ശേഷം ഇവർക്ക് സാമ്പത്തികമായ സഹായം ലഭിച്ചിരുന്നില്ല.
കൽപനയുടെ സഹോദരന്റെ മുൻ ഭാര്യ പ്രമീള(52), അവരുടെ സഹോദരൻ സുശീന്ദ്രൻ(54)എന്നിവരാണ് വാടക വീട്ടിൽ ജീവനൊടുക്കിയത്. ഏറെ കാലമായി അസുഖബാധിതരായിരുന്ന തങ്ങൾക്ക് കൽപനയാണ് സാമ്പത്തിക സഹായം നൽകി വന്നിരുന്നത് എന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. അസുഖവും ദാരിദ്ര്യവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും കുറിപ്പിൽ പറയുന്നുണ്ട്.
തമിഴ്‌നാട് വീഴുപുരം ജില്ലയിലെ വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇരുവരും അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പ്രമീള ഏതാനും വർഷം മുൻപ് വിവാഹബന്ധം വേർപെടുത്തിയിരുന്നെങ്കിലും കൽപനയാണ് ഇവർക്ക് ജീവിക്കാനുള്ള സാമ്പത്തിക സഹായം നൽകി വന്നത്. എന്നാൽ കൽപനയുടെ മരണത്തോടെ ഇത് നിലച്ചത് ഇരുവരേയും പ്രതിസന്ധിയിലാക്കി.
സുശീന്ദ്രൻ അവിവാഹിതനായിരുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വന്നതോടെ സമീപവാസികൾ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് വീടിനുള്ളിൽ പരിശോധിച്ചപ്പോൾ മുറികളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇരുവരും.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരേ ആക്രമിക്കപ്പെട്ട നടി. കേസില്‍ കക്ഷി ചേരാന്‍ നടി അപേക്ഷ നല്‍കി. ഹര്‍ജി നല്‍കാന്‍ സമയം നല്‍കണമെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരേ കക്ഷി ചേരാന്‍ അനുമതി നല്‍കണമെന്നാണ് അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ ഒന്നാമത്തെ സാക്ഷിയും പരാതിക്കാരിയും നടിയാണ്. അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട് ഒരു ഉത്തരവ് പാസാക്കുന്നതിന് മുന്‍പ് തെന്റെ ഭാഗം കൂടി കേള്‍ക്കാന്‍ തയാറാകണമെന്ന വ്യക്തമാക്കി കൊണ്ടാണ് നടി കോടതിയെ സമീപിച്ചിരിക്കുന്നത്.
കക്ഷി ചേരുന്നതിനായി ഹര്‍ജി നല്‍കുന്നതിനായി സമയം അനുവദിക്കണമെന്ന് ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെ നടി ആവശ്യപ്പെടുകയായിരുന്നു.
പ്രോസിക്യൂഷന്‍ ദിലീപിന്റെ ഹര്‍ജിയെ എതിര്‍ക്കുകയാണ്. അതിനൊപ്പം കേസില്‍ അക്രമിക്കപ്പെട്ട നടിയും തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന തുടരന്വേഷണം വ്യക്തിവൈരാഗ്യം തീര്‍ക്കാനെന്നാണ് ദിലീപിന്റെ വാദം. അതിനാല്‍ കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.
കേരള കോൺഗ്രസ്സ് (ജോസഫ്) സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് കെ നെല്ലുവേലിയടക്കമുള്ള വലിയ വിഭാഗം ഭാരവാഹികളും പ്രവർത്തകരും കേരള കോൺഗ്രസ് എമ്മിലേക്ക്. കുറച്ച് നേതാക്കളുടെ മാത്രം കൂട്ടമായി മാറിയ കേരള കോൺഗ്രസിൽ (ജോസഫ്), ഭാരവാഹികളുടെ യോഗമോ സ്റ്റിയറിങ് കമ്മിറ്റി യോഗമോ പോലും ചേരാത്ത സാഹചര്യത്തിലാണ് പാർട്ടി വിടുന്നതെന്ന് ജോസഫ് കെ നെല്ലുവേലിയും രാജിവച്ച മറ്റ് ഭാരവാഹികളും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നാല് വ്യത്യസ്‌ത പാർട്ടികൾ ചേർന്ന് രൂപം കൊടുത്ത കേരള കോൺഗ്രസി (ജോസഫ്) ന്, പാർട്ടിയുടെ പ്രഖ്യാപിത നയം നടപ്പാക്കാൻ കഴിയില്ലെന്ന് വ്യക്തമായി കഴിഞ്ഞു. ‘കർഷകപാർട്ടി’ എന്ന് വീമ്പ് പറഞ്ഞവർ, കർഷകദ്രോഹ നയങ്ങൾ, വിലക്കയറ്റം, ദാരിദ്ര്യം, പകർച്ചവ്യാധി ഇവയെപ്പറ്റി പ്രതികരിക്കാൻ പോലും കഴിവില്ലാത്ത സ്ഥിതിയിലായി. ഇന്ത്യ മുഴുവൻ അലയടിച്ച കർഷകസമരത്തിന് വേണ്ടി എന്തെങ്കിലും അനുഭാവ പരിപാടി പോലും സംഘടിപ്പിക്കാൾ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് കഴിഞ്ഞില്ലെന്നത് പാർട്ടിയുടെ ഇപ്പോഴത്തെ ദയനീയാവസ്ഥ വ്യക്തമാക്കുന്നു.
ബിജെപി രാജ്യത്താകെ വളർത്താൻ ശ്രമിക്കുന്ന വർഗ്ഗീയതയെയും കുത്തക പ്രീണനനയങ്ങളെയും ചെറുക്കുകയും വിലക്കയറ്റത്തിനെതിരെ ബദൽ നയം നടപ്പാക്കുകയും ചെയ്യുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടേണ്ടതുണ്ട്. മുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എംപി പാർലിമെൻറിൽ നടത്തിയിട്ടുള്ള ശ്രദ്ധ ക്ഷണിക്കൽ പ്രമേയങ്ങൾ കർഷക താൽപ്പര്യം സംരക്ഷിക്കാനും വർഗ്ഗീയതയ്ക്കും കുത്തക പ്രീണന നയങ്ങൾക്കും എതിരെയുമായിരുന്നു. വ്യക്തമായ കാഴ്ച്ചപ്പാടോടെ പ്രവർത്തിക്കുന്ന കേരള കോൺഗ്രസ്സ് മാണി ഗ്രൂപ്പിന് ശക്തി പകരുകയാണ് കാലഘട്ടത്തിൻ്റെ ആവശ്യം. ഈ സാഹചര്യത്തിലാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ജോസഫ് കെ നല്ലുവേലിയും രാജിവച്ച മറ്റ് ഭാരവാഹികളും പറഞ്ഞു.
രാമങ്കരിയിൽ 26ന് ചേരുന്ന കൺവെൻഷനിൽ, കേരള കോൺഗ്രസി (മാണി ) ൽ ചേരുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിജു സി ആൻ്റണി (യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി) അലക്‌സ് മാത്യു ചെറുകാട് (കെഎസ്‌സി, മുൻ ജില്ലാ പ്രസിഡൻ്റ്) ബിനോയ് ഉലക്കപ്പാടി (യൂത്ത്ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി), മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ പ്രഥമ ചെയർമാർ ആൻറണി എം ജോൺ, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിമാരായ വർഗീസ് മാത്യു നെല്ലിക്കൽ, ബൈജു ജോസ് നെറ്റിതറ, കുട്ടനാട് നിയോജക മണ്ഡലം സെക്രട്ടറി ബിനീഷ് തോമസ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ജനങ്ങൾക്കെല്ലാം പ്രിയങ്കരനായ വാസുദേവനെ അപ്രതീക്ഷിതമായെത്തിയ ദുരന്തം കവർന്നതിന്റെ ഞെട്ടലിലാണ് നാട്. എല്ലാവരേയും സഹായിക്കാൻ എന്നും മുന്നിട്ടിറങ്ങുന്ന വാസുദേവനെ മരണം കവർന്നതും അദ്ദേഹം സഹായഹസ്തവുമായി എത്തിയ വേളയിലായിരുന്നു. പൊന്നാംവെളിയിൽ പഞ്ചറായ പിക്അപ് വാനിന്റെ ടയർ മാറ്റുന്നതിന് ഡ്രൈവറെ സഹായിക്കാനെത്തിയതിനിടെയാണ് മോഴികാട്ട് നികർത്തിൽ വാസുദേവൻ സിമന്റ് ബ്രിക് കയറ്റി വന്ന ലോറി കയറി മരിച്ചത്.
പുലർച്ചെ ക്ഷേത്ര ദർശനത്തിന് ഇറങ്ങിയ വാസുദേവൻ, പിക്അപ് വാൻ ഡ്രൈവർ ബിജു ഒറ്റക്ക് ടയർ മാറുന്നത് കണ്ട് മനപ്രയാസം തോന്നിയാണ് റോഡരികിലേക്ക് സൈക്കിൾ മാറ്റിവെച്ച് ഒപ്പം ചേർന്നത്. ഇതിന് പിന്നാലെയാണ് സിമന്റ് ബ്രിക്‌സ് കയറ്റിവന്ന ലോറി ഇരുവരേയും ഇടിച്ചിട്ടത്. വാൻ ഡ്രൈവർ കാലടി സ്വദേശി ബിജുവും (47) സഹായിയായി ഒപ്പം ചേർന്ന വാസുദേവനും (54) തൽക്ഷണം മരിച്ചു.
തുറവൂർ ക്ഷേത്രദർശനത്തിന് പുലർച്ച പതിവായി സ്വന്തം സൈക്കിളിൽ പോവാറുണ്ട് വാസുദേവൻ. ഇത് പഞ്ചറായതോടെ അയൽവാസി സജീവന്റെ സൈക്കിൾ വാങ്ങിയായിരുന്നു ഇന്നലത്തെ യാത്ര. എന്നാൽ ഈ യാത്ര അവസാനത്തേതാണെന്ന് ആരും കരുതിയില്ല. നാട്ടുകാർക്ക് പ്രിയങ്കരനായ കാർപെന്റർ തൊഴിലാളിയാണ് വാസുദേവൻ. മാതൃകാപരമായിരുന്നു ജീവിതവും.
തന്റെ ജോലിക്ക് ന്യായമായ കൂലിയേക്കാൾ കൂടുതൽ പണം വാങ്ങാതെ സൂക്ഷിച്ചിരുന്ന ജോലിയെ സ്‌നേഹിച്ചിരുന്നയാളാണ് ഇദ്ദേഹം. സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് സഹായിക്കാൻ എപ്പോഴും മുന്നിലുണ്ടാകും. സമയം നോക്കാതെ ജോലി പൂർത്തിയാക്കിയാണ് വീട്ടിലേക്ക് മടങ്ങുന്നത്. എല്ലാവരെയും സഹായിക്കുകയെന്നത് ചിട്ടയായി കാത്തിരുന്നു.
പുലർച്ച ഒറ്റയ്ക്ക് ടയർ മാറുന്ന ഡ്രൈവറുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞാണ് സഹായഹസ്തം നീട്ടിയത്. ആ കരങ്ങൾ ഇനി കൂടെയില്ലെന്നതിന്റെ വേദനയിലാണ് കുടുംബവും നാട്ടുകാരും അയൽക്കാരുമെല്ലാം.
കേരളത്തിലെ ആയൂർവേദ ചികിത്സ വഴി തന്റെ മകളുടെ കാഴ്ച ശക്തി മെച്ചപ്പെട്ടതായി വെളിപ്പെടുത്തി കെനിയൻ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിംഗ. മൂന്നാഴ്ച നീണ്ടു നിന്ന ചികിത്സയ്ക്കു ശേഷമാണ് കാഴ്ചശക്തിയിൽ പുരോഗതിയുണ്ടായതെന്ന് ഒഡിംഗ പറയുന്നു.
കൂത്താട്ടുകുളത്തെ നേത്ര ചികിത്സാ കേന്ദ്രത്തിൽ നടത്തിയ ആയുർവേദ ചികിത്സയാണ് മകൾക്ക് ഫലിച്ചതെന്ന് ഒഡിംഗ കൂട്ടിച്ചേർത്തു. മൂന്നാഴ്ച മുമ്പാണ് മകൾ റോസ്മേരി ഒഡിംഗയുടെ ചികിത്സക്കായി കെനിയൻ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിംഗ കുടുംബത്തോടൊപ്പം കൊച്ചിയിലെത്തിയത്.
ഏതാനും വർഷം മുമ്പ് നഷ്ടമായ കാഴ്ച ശക്തി ആയൂർവേദ ചികിത്സയിലൂടെ തന്നെയായിരുന്നു റോസ്മേരിക്ക് തിരികെ ലഭിച്ചത്. ഈ ചികിത്സയുടെ തുടർച്ചയായാണ് ഇത്തവണയെത്തിയത്.
അദ്ദേഹത്തിന്റെ വാക്കുകൾ;
‘കേരളത്തിലെ കൊച്ചിയിൽ തന്റെ മകളുടെ നേത്ര ചികിത്സയ്ക്കായാണ് ഞാൻ ഇന്ത്യയിലെത്തിയത്. മൂന്നാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം മകളുടെ കാഴ്ചയിൽ കാര്യമായ പുരോഗതിയുണ്ട്. ഇപ്പോൾ ഏറെക്കുറെ എല്ലാം കാണാം’. ഇത് കുടുംബത്തിന് വലിയ അത്ഭുതമാണ് സമ്മാനിച്ചിരിക്കുന്നത്.
ആയൂർവേദ ചികിത്സയിലൂടെ കാഴ്ച ശക്തി തിരികെ ലഭിച്ചത് വളരെയധികം ആത്മവിശ്വാസം നൽകി. ഈ ചികിത്സാ രീതി ആഫ്രിക്കയിലേക്ക് കൊണ്ടുവരാൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി.
കൊല്ലപ്പെട്ട ജിഷ്ണു ബോബെറിഞ്ഞ സംഘത്തിൽ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്നാണ് ലഭ്യമാവുന്ന വിവരം. നീല ഷർട്ടും മുണ്ടും ധരിച്ചാണ് ജിഷ്ണവും സംഘവും വിവാഹ വീട്ടിലേക്ക് എത്തിയത്. ഇവർ സഞ്ചരിച്ച വാഹനം തോട്ടടയിൽ മനോരമ ഓഫീസിന് സമീപം നിർത്തി കാൽ നടയായി വിവാഹ വീട്ടിലേക്ക് എത്തി. ബാന്റ് മേളത്തിന് തൊട്ട് മുന്നിലായിട്ടാണ് ഇവർ സഞ്ചരിച്ചിരുന്നത്.ഇതിനിടയെ ജിഷ്ണുവും സംഘവും തലേ ദിവസം സംഘർഷമുണ്ടായ ഏച്ചൂർ സ്വദേശികളെ കൂട്ടമായി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ജിഷ്ണുവിനൊപ്പമുള്ള ഒരാൾ ഇവർക്ക് നേരെ ബോംബെറിഞ്ഞു.
എന്നാൽ ആദ്യത്തെ ബോംബ് പൊട്ടിയില്ല. പിന്നാലെ എറിഞ്ഞ ബോംബ് കൂട്ടത്തിലുള്ള ഒരാളുടെ കൈയ്യിൽ തട്ടി ജിഷ്ണുവിന്റെ തലയിൽ പതിച്ചു. ജിഷ്ണു മരിച്ചുവെന്ന് വ്യക്തമായതോടെ എല്ലാവരും പരിഭ്രാന്തരായി ചിതറിയോടി. മിക്കവരും നേരെ ഓടിയെത്തിയത് സംഘം സഞ്ചരിച്ച ട്രാവലറിലേക്കാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിവാഹം നടന്ന വീട്ടുകാർ മുൻപ് താമസിച്ചിരുന്ന ഏച്ചൂരിൽ നിന്ന് ഒരു സംഘം വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. തലേന്ന് നടന്ന സൊറ പാർട്ടിക്കിടെ ഇവരും തോട്ടട സ്വദേശികളായി ചില യുവാക്കളുമായി സംഘർഷമുണ്ടായി. പാർട്ടിയിൽ വെച്ച ഒരു പാട്ടിനെ ചൊല്ലിയാണ് തർക്കമുണ്ടായതെന്നാണ് വിവരം. സംഘർഷത്തിൽ തോട്ടട സ്വദേശിക്ക് താക്കോൽ കൊണ്ട് കുത്തേറ്റുവെന്നും സൂചനയുണ്ട്. നാളെ തരാം എന്ന് മുന്നറിയിപ്പ് നൽകിയാണ് തോട്ടട സ്വദേശികൾ വിവാഹ വീട്ടിൽ നിന്ന് പോയത്.അതേസമയം ബോംബുമായിട്ടാണ് യുവാക്കളെത്തിയതെന്ന് സംഘത്തിലുള്ള എല്ലാവർക്കും അറിവുണ്ടായിരുന്നില്ല. പലരും സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടത് ബോംബെറിഞ്ഞത് മറ്റു സംഘത്തിലുള്ളവരാണെന്ന് ഭയത്തിലാണ്.
ബോംബെറിഞ്ഞയാളെ തിരിച്ചറിഞ്ഞതായിട്ടാണ് പൊലീസ് നൽകുന്ന സൂചന. പ്രതികളെല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ജിഷ്ണുവും സംഘവും എത്തിയ വാഹനവും തിരിച്ചറിഞ്ഞു.സംഭവ സ്ഥലത്ത് നിന്നും പ്രത്യേക യൂണിഫോമിട്ട കുറച്ച് ആളുകൾ ഓടിപോകുന്നത് കണ്ടുവെന്ന് പ്രദേശവാസി പറഞ്ഞു. ‘പ്രത്യേക യൂണിഫോമിട്ട് ഒരു സംഘം വിവാഹത്തിന് വന്നിരുന്നു. സംഭവത്തിന് ശേഷം ഇവർ ഒരു വാനിലേക്ക് കയറുന്നത് താൻ കണ്ടു. ഈ സംഘം തലയിൽ റിബ്ബൺ കെട്ടിയിരുന്നു. സംഭവത്തിന് ശേഷം പരുക്ക് പറ്റിയ ആളുകളേയും കൊണ്ട് രണ്ടു പേർ ഒരു കാറിൽ പോവുന്നത് കണ്ടിരുന്നു.’ ഇവരിൽ നിന്നാണ് സംഭവത്തെക്കുറിച്ച് അറിയുന്നതെന്നും രവീന്ദ്രൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബോംബ് നിർമ്മിച്ചയാൾ ഉൾപ്പെടെ നാല് പേർ പൊലീസ് കസ്റ്റഡിയിലുണ്ട്.
കണ്ണൂരിലെ കല്യാണവീട്ടിലെ തർക്കത്തെ തുടർന്നുണ്ടായ പകയിൽ ബോംബെറിഞ്ഞ് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവായി പോലീസ് കണ്ടെത്തൽ. മരിച്ച ജിഷ്ണുവിന്റെ മരണത്തിന് കാരണമായ ബോംബ് എറിഞ്ഞത് ഏച്ചൂരിൽ നിന്ന് എത്തിയ ജിഷ്ണുവിന്റെ സംഘാംഗം തന്നെയെന്ന് സ്ഥിരീകരിച്ചു. ഇവരുടെ സം ഘാംഗം ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയില്ല. രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയിൽ പതിക്കുകയായിരുന്നു. ബോംബെറിൽ ജിഷ്ണു തൽക്ഷണം മരിച്ചു. ജിഷ്ണുവിന്റെ രണ്ട് സുഹൃത്തുക്കൾക്ക് പരുക്കേറ്റു. ഇവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം പത്തിലേറെ വരുന്ന പ്രതികൾക്കായി പോലീസ് വ്യാപകമായ അന്വേഷണം തുടങ്ങി. തോട്ടടയിലെ കല്യാണ വീട്ടിൽ കഴിഞ്ഞദിവസം രാത്രിയുണ്ടായ തർക്കമാണ് കൊലപാതക കാരണമെന്നാണ് സൂചന. പാട്ടുവെയ്ക്കുന്നതിനെ ചൊല്ലി ഏച്ചൂരിൽ നിന്നെത്തിയ ജിഷ്ണു ഉൾപ്പെട്ട സംഘവും കല്യാണവീടിന് അടുത്തുള്ള സംഘവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ പകയിലാണ് ഇന്ന് ഉച്ചയോടെ കല്യാണം കഴിഞ്ഞ് വരനും വധുവും വീട്ടിലെത്തുന്നതിനിടെ വീണ്ടും സംഘർഷമുണ്ടായത്.
ഉച്ചയ്ക്ക് 2.30യോടെയാണ് ബോംബേറുണ്ടായത്. മരിച്ച ജിഷ്ണുവിന്റെ മൃതദേഹം നീക്കം ചെയ്യാൻ വൈകിയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിച്ചു. ഇത് നേരിയ വാക്ക് തർക്കത്തിന് കാരണമായി. ബോംബെറിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ജിഷ്ണുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ശനിയാഴ്ച രാത്രി തോട്ടടയിലെ കല്ല്യാണവീട്ടിൽ പാട്ട് വെയ്ക്കുന്നതിനെച്ചൊല്ലി യുവാക്കൾ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബോംബ് കൊണ്ടുവന്ന് ആക്രമിക്കുന്നതിലേക്ക് നീങ്ങിയതെന്നാണ് സംശയം. ഏച്ചൂരിൽനിന്ന് വന്ന സംഘവും മറ്റൊരു സംഘവും കഴിഞ്ഞദിവസം രാത്രി വിവാഹവീട്ടിൽവെച്ച് തർക്കമുണ്ടായി. ഒരുകൂട്ടർ പാട്ട് വെക്കണമെന്നും മറ്റൊരു കൂട്ടർ പാട്ട് വെയ്ക്കരുതെന്നും പറഞ്ഞു. പാട്ട് വെച്ചതോടെ ഇവർ തമ്മിൽ കൈയാങ്കളിയും അടിയും അരങ്ങേറുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ഇവരെ പിടിച്ചുമാറ്റുകയായിരുന്നെന്നും സംഭവത്തെക്കുറിച്ച് പ്രദേശവാസിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ രവി പ്രതികരിച്ചു.
‘ആ പ്രശ്നമൊക്കെ അപ്പോൾ ഒതുക്കിയതാണ്. പിന്നീട് ആരും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് രാവിലെ ഇവർ ഒരു ഗ്യാങ്ങായി ഒരേ ഡ്രസിൽ കല്ല്യാണവീട്ടിൽ വന്നിരുന്നു. അത് ഞങ്ങളെല്ലാം കണ്ടതാണ്. വിവാഹചടങ്ങിന് പോയി തിരിച്ചുവരുമ്പോളും അവരുണ്ടായിരുന്നു. ഞാൻ ചെറുക്കന്റെ അച്ഛന്റെ കൂടെ നേരത്തെ പോന്നു. പിന്നീട് ചൊവ്വയ്ക്ക് പോയി ഇവിടേക്ക് വരുമ്പോഴാണ് ഒരേ പോലെ വസ്ത്രം ധരിച്ച ചെറുപ്പക്കാർ ഓടുന്നത് കണ്ടത്. ഓടടാ ഓടടാ എന്നുപറഞ്ഞ് ഒച്ചവെച്ചുകൊണ്ടാണ് അവർ ഓടിയിരുന്നത്. റോഡിൽ ഒരു വണ്ടിയുണ്ടായിരുന്നു. എടുക്കെടാ വണ്ടി എന്ന് പറഞ്ഞ് ഇവരെല്ലാം ആ വണ്ടിയിൽ കയറി. ഒരു വെളുത്ത നിറത്തിലുള്ള ട്രാവലർ ആയിരുന്നു. 18-ഓളം പേരുണ്ടായിരുന്നു അവർ. പെട്ടെന്ന് തന്നെ അവർ വണ്ടി എങ്ങനെയൊക്കെയോ തിരിച്ച് വേഗം രക്ഷപ്പെടുന്നതാണ് കണ്ടത്.’
‘അത് കഴിഞ്ഞ് ഞാൻ റോഡിലെത്തിയപ്പോൾ രണ്ടാളുകൾ കാറിലിരുന്ന് കരയുന്നതും ഒരാളെ അതിൽ കൊണ്ടുപോകുന്നതുമാണ് കണ്ടത്. എന്താ സംഭവമെന്ന് ചോദിച്ചപ്പോൾ ബോംബേറാണെന്ന് പറഞ്ഞു. അപ്പോൾ കാർ വേഗം വിട്ടു. ആസമയം വന്ന ബൈക്കിൽ കയറി കല്ല്യാണവീടിന് സമീപത്തേക്ക് വന്നു. അപ്പോഴാണ് തലയില്ലാത്ത നിലയിൽ റോഡിൽ മൃതദേഹം കാണുന്നത്. ഭീകരമായിരുന്നു ആ കാഴ്ച. ആരും ഇടപെടുന്നില്ല. ഞാൻ ഉടനെ പോലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യം പറഞ്ഞു. ഉച്ചയ്ക്ക് 2.20-ഓടെയായിരുന്നു ഈ സംഭവമെല്ലാം. നീല പോലുള്ള ഷർട്ടും മുണ്ടും ആയിരുന്നു എല്ലാവരും ധരിച്ചിരുന്നത്. ആ കാഴ്ച ഭീകരമായിരുന്നു. തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. തലയുടെ ഭാഗമൊക്കെ ദൂരേക്ക് തെറിച്ചിരുന്നു. പിന്നെ ഞാൻ അങ്ങോട്ടേക്ക് നോക്കിയിട്ടില്ല”- രവി പറയുന്നു.
വിവാഹശേഷം ആദ്യമായി സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെ കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ. മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിലാണ് സംഭവം. വള്ളിക്കുന്ന് സ്വദേശി ആര്യയുടെ മൃതദേഹമാണ് പുഴയിൽനിന്ന് കണ്ടെടുത്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആര്യയും കോഴിക്കോട് കക്കോടി സ്വദേശി ശാശ്വതുമായുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ആദ്യമായി ഇന്നലെയാണ് ആര്യ സ്വന്തം വീട്ടിലെത്തിയത്. ഇവിടെ നിന്ന് വൈകിട്ട് നാല് മണിയോടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനായി അടുത്ത കടയിലേക്ക് പോയ ആര്യയെ കാണാതാകുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും ആര്യ തിരികെ വരാത്തതതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം തുടങ്ങി. ഇതിനിടെയാണ് ആര്യയുടെ സ്കൂട്ടറും ചെരുപ്പും കടലുണ്ടി പുഴയ്ക്ക് സമീപം കണ്ടത്. ഇതേത്തുടർന്ന് പുഴയിൽ ഇന്നലെ രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഇന്ന് രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഉച്ചയോടുകൂടിയാണ് കോട്ടക്കടവിനടുത്ത് മണ്ണൂരിൽനിന്ന് ആര്യയുടെ മൃതദേഹം കണ്ടെടുത്തത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആര്യയുടെ വീട്ടുകാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആര്യയും ശാശ്വതും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം ആര്യയുടെ വീട്ടുകാരും ബന്ധുക്കളും ശാശ്വതിന്‍റെ വീട്ടിൽ പോയിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യമായാണ് ആര്യ സ്വന്തം വീട്ടിലേക്ക് കഴിഞ്ഞ ദിവസം വന്നത്. വൈകിട്ട് നാല് മണിയോടെ വീട്ടിൽനിന്ന് ഫോട്ടോസ്റ്റാറ്റ് എടുക്കാനായി പോയതായിരുന്നു ആര്യ. വീടിന് സമീപത്തെ കടയിലേക്ക് സ്കൂട്ടറിലാണ് ആര്യ യാത്ര തിരിച്ചത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ആര്യ തിരികെ വരാതായതോടെയാണ് ബന്ധുക്കൾ അന്വേഷിച്ച് ഇറങ്ങിയത്. ഇതിനിടെ പൊലീസിലും വിവരം അറിയിച്ചു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പുഴവക്കത്തുനിന്ന് ആര്യയുടെ സ്കൂട്ടറും ചെരുപ്പും കണ്ടെത്തിയത്.
ചെടി വിൽപനശാലയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ രാജേന്ദ്രൻ കുറ്റസമ്മതത്തിൽ പറഞ്ഞതു ഞെട്ടിക്കുന്ന വിവരങ്ങൾ. ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള ആളാണ് രാജേന്ദ്രൻ. എന്നാൽ, തമിഴ്നാട്ടിൽ കുപ്രസിദ്ധി കൊലപാതക കേസുകളിൽ. യുവതി കൊല്ലപ്പെട്ട ചെടിക്കടയിൽ രാവിലെ 11.35 മുതൽ 11.55 വരെ പ്രതി ചെടിക്കടയിൽ ചെലവിട്ടു. ഇതിനിടയിൽ വിനീത ഇയാളോട് ചെടിച്ചട്ടി ഏതു സൈസ് ആണ് വേണ്ടതെന്ന ചോദിച്ചു. ഇതോടെ ഉത്തരമില്ലാതെ ഇയാൾ പരുങ്ങലിലായി. ചെടിച്ചട്ടിയിൽ നോക്കിക്കൊണ്ടു നിൽക്കുന്നതിനിടെ വിനീതയെ തള്ളി താഴെയിട്ടു.
എതിർക്കാൻ ശ്രമിച്ചപ്പോൾ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. സ്വയരക്ഷയ്ക്കുവേണ്ടി വിനീത നടത്തിയ പ്രത്യാക്രമണത്തിലാണ് പ്രതിക്കു മുറിവേറ്റത്. മാല മോഷണത്തെ എതിർത്തതോടെ വീണ്ടും കുത്തിപ്പരിക്കേൽപ്പിച്ചു. ആഴത്തിലുള്ള കുത്തിൽ വിനീതയുടെ സ്പൈനൽ കോർഡ് വേർപെട്ടു പോയി. ഒരു കൈ മടങ്ങിയ അവസ്ഥയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. വിനീതയെ കുത്തിവീഴ്ത്തി മാല കൈക്കലാക്കിയെങ്കിലും അതിവേഗം അവിടെനിന്നു രക്ഷപ്പെടാനൊന്നും പ്രതി മെനക്കെട്ടില്ല. കടയുടെ പടിക്കെട്ടിൽ കുറെ നേരം കൂടി ഇരുന്നു. വിനീത മരണം ഉറപ്പിച്ച ശേഷം മാത്രമാണ് സ്ഥലത്തുനിന്നു പ്രതി പോയത്.
വിനീതയും പ്രതിയും തമ്മിൽ കശപിശ നടക്കുമ്പോൾ അടുത്തുള്ള വീട്ടുകാർ മറ്റ് ആവശ്യങ്ങൾക്കു വാഹനവുമായി പുറത്തു പോയിരുന്നു. എതിർവശത്തെ വീട്ടിൽ സിസിടിവി സ്ഥാപിച്ചിട്ടുള്ളതു പ്രതി മനസിലാക്കിയിരുന്നു. കൂടുതൽ സമയം ഇവിടെ നിന്നാൽ പ്രശ്നമാകുമെന്നു മനസിലാക്കിയതോടെ കൂടുതൽ പണത്തിനു വേണ്ടി പരിശോധനയ്ക്കു മുതിരാതെ സ്ഥലത്തുനിന്നു പോകുകയായിരുന്നു ഈ കൊടും കുറ്റവാളി. രാജേന്ദ്രനെതിരേ തമിഴ്നാട്ടിൽ മാത്രം നാലു കൊലപാതക കേസുകളാണ് ഉള്ളത്. തമിഴ്നാട്ടിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതാണെന്നു പോലീസ് പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട വിചാരണ തുടങ്ങാനിരിക്കെയാണ് കേരളത്തിൽ വന്ന പ്രതി മറ്റൊരു കൊലപാതകംകൂടി നടത്തിയിരിക്കുന്നത്.
ദമ്പതിമാരെ കൊന്നത് 2014 ആണ്. അതും ആഭരണങ്ങൾ കൈക്കലാക്കുന്നതിന്. സ്വർണാഭരണങ്ങൾ വിറ്റുകിട്ടുന്ന തുക കൊണ്ട് ആഡംബര ജീവിതം നയിക്കുന്ന പ്രകൃതമൊന്നും ഇയാൾക്കില്ല. അലഞ്ഞുനടന്നു മോഷണം നടത്തുക, എതിർക്കുന്നവരെ ഉപദ്രവിക്കുകയോ വകവരുത്തുകയോ ചെയ്യുക എന്നതാണ് ഇയാളുടെ രീതി. ‘മൗനിയായി നിൽക്കുന്ന കൊടും ക്രൂരൻ’ എന്നാണ് പോലീസ് ഇയാളെ വിശേഷിപ്പിക്കുന്നത്. ഏതൊരു വ്യക്തിയോടും വിനയത്തോടുകൂടി സംസാരിക്കും. പക്ഷേ, ചെയ്യുന്ന പ്രവൃത്തി ആരെയും ഭയപ്പെടുത്തും. തമിഴ്നാട്ടിലെ അറിയപ്പെടുന്ന റൗഡിയാണ് രാജേന്ദ്രൻ. ഒരു മാസം മുമ്പാണ് പേരൂർക്കടയിലെ ഒരു ടീ സ്റ്റാളിൽ ജോലിക്കെത്തുന്നത്.
ഇയാളുടെ പ്ലസ് പോയിന്റ് ആയ വിനയമാണ് കടയുടമയെ ജോലി നൽകാൻ പ്രേരിപ്പിച്ചത്. ഇത്രയും നാളിനിടയ്ക്ക് ഇയാളിൽനിന്നു മറ്റുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് കടയുടമയുടെ സാക്ഷ്യം. 10 ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഒരെണ്ണത്തിന് ഉത്തരം പറഞ്ഞാലായി. ഇതു പോലീസ് സംഘത്തെ ഏറെ വിഷമിപ്പിച്ചു. അതുകൊണ്ടുതന്നെ ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം വളരെ കുറച്ചു കാര്യങ്ങൾ മാത്രമാണ് ചോദിച്ചറിയാൻ സാധിച്ചത്. പ്രതി മുമ്പ് തിരുവനന്തപുരത്തു വന്നു പോയിട്ടുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. തെളിയാതെ കിടക്കുന്ന മാല മോഷണ കേസുകളിൽ ഇയാൾക്ക് പങ്കുണ്ടോ എന്നുള്ളതാണ് മറ്റൊരു അന്വേഷണം.
കൊല നടത്തുന്നതിനു മുമ്പ് അമ്പലമുക്കിലെ ഒട്ടുമിക്ക റോഡുകളിലും എത്തി ചില വിവരങ്ങൾ ഇയാൾ അന്വേഷിച്ചിരുന്നതായി പരിസരവാസികൾ പറയുന്നുണ്ട്. കഷ്ടിച്ച് ഒരു മാസത്തിനുള്ളിൽ പ്രദേശത്തെ പ്രധാനപ്പെട്ട എല്ലാ റോഡുകളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും എങ്ങനെ പ്രതി മനസ്സിലാക്കി എന്നതാണ് പോലീസിനെ അതിശയിപ്പിക്കുന്നത്. മൗനിയായി നടക്കുന്നതിനാൽ വളരെ കുറച്ച് സുഹൃത്തുക്കൾ മാത്രമാണ് രാജേന്ദ്രന് ഉണ്ടായിരുന്നത്. വളരെ വർഷങ്ങളായി വീട്ടുകാരുമായും ബന്ധുക്കളുമായും ഇയാൾക്ക് അടുപ്പമൊന്നുമില്ല. കൊടും ക്രൂരനായ രാജേന്ദ്രൻ വിവാഹിതനല്ല എന്നതാണ് അന്വേഷണ സംഘം നൽകുന്ന വിവരം.