വാഗമൺ ഭാഗത്തുനിന്നും വരുന്നതിനിടെ അറക്കുളം മൂന്നുങ്കവയൽ പാലത്തിൽനിന്ന് ഓടിക്കൊണ്ടിരുന്ന കാർ കുത്തൊഴുക്കിൽപെട്ട് ഒലിച്ചുപോയുണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്. കൂത്താട്ടുകുളം കിഴക്കൊമ്പ് അമ്പാടിയിൽ നിഖിൽ ഉണ്ണികൃഷ്ണൻ(30), കൂത്താട്ടുകുളം ഒലിയപ്പുറം വറ്റിനാൽ പുത്തൻപുരയിൽ നിമ കെ വിജയൻ(28) എന്നിവരാണ് മരിച്ചത്.
കൂത്താട്ടുകുളം ആയുർവേദ ആശുപത്രി ജീവനക്കാരായിരുന്നു ഇരുവരുമെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. വാഗമൺ ഭാഗത്തുനിന്ന് കാഞ്ഞാർ ഭാഗത്തേക്ക് വരുമ്പോൾ കാർ മലവെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. കാർ ആദ്യം മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാഭിത്തിയിൽ ഇടിച്ചുനിൽക്കുകയും പിന്നീട് മലവെള്ളത്തിന്റെ ശക്തിയിൽ സുരക്ഷാഭിത്തി തകർത്ത് കാറും യാത്രികരും ഒലിച്ചുപോകുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
കാർ അഞ്ഞൂറു മീറ്ററോളം താഴ്ചയിലേക്ക് മറിഞ്ഞു. അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും ചേർന്ന് പിന്നീടു നടത്തിയ തിരച്ചിലിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെടുത്തത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെള്ളത്തിൽ ഒലിച്ചുപോയാണ് അപകടമുണ്ടായത്.
കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടലില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പെടെ 13 പേരെ കാണാനില്ല. സംഭവത്തില്‍ മൂന്നു വീടുകള്‍ ഒലിച്ചുപോയിട്ടുണ്ട്. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ ആറംഗ കുടുംബമാണ് പ്രകൃതി ദുരന്തത്തിന് ഇരയായത്. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാര്‍ത്ഥികളാണ്. വീടിന് മുകള്‍ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഇവരുടെ വീട് ഒലിച്ചുപോയതായാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.
ആറു പേരുടെ മൃതദേഹം കണ്ടെടുത്തു. ക്ലാരമ്മ ജോസഫ് 65, സിനി 35, സോന 10 എന്നിവരെ തിരിച്ചറിഞ്ഞു. കരസേനയുടെ 35 പേരടങ്ങുന്ന സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വീടിന് മുകള്‍ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഇവരുടെ വീട് ഒലിച്ചുപോയതായാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.
കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ സ്റ്റോര്‍ കീപ്പറായിരുന്നു മാര്‍ട്ടിന്‍. അച്ഛന്‍ മൂന്ന് വര്‍ഷം മുമ്പ് മരിച്ചിരുന്നു . ഒരു കുടുംബത്തെ ഒന്നാകെയാണ് ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്തത്. കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ശക്തമായ മഴയില്‍ കൂട്ടിക്കലില്‍ വലിയ തോതില്‍നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 13 പേരെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്..
മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.നിലവില്‍ ശക്തമായ മഴയിലും മണ്ണിടിച്ചിലും മൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനാകാത്ത വിധം കൂട്ടിക്കല്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു. സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വെള്ളപ്പൊക്കമാണ് ഇപ്പോള്‍ പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. മലയോര മേഖലകളിൽ ദുരന്ത നിവാരണം , രക്ഷാപ്രവർത്തനം, മെഡിക്കൽ അടിയന്തര സേവനം ഒഴികെ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
കൂട്ടിക്കല്‍ കവലയില്‍ ഒരാള്‍പൊക്കത്തില്‍ വെള്ളമുണ്ട്. പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാര്‍ഗം പ്രദേശത്ത് എത്താന്‍ നിലവില്‍ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നില്‍ക്കുകയാണെന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
അതേസമയം കോട്ടയത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് കരസേന രംഗത്ത് എത്തി. മേജർ അബിൻ പോളിൻ്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളാണ് കോട്ടയത്ത് എത്തിയത്. ഉരുൾപൊട്ടലിൽ ഇതുവരെ ആറ് മരണം റിപ്പോർട്ട് ചെയ്തു. നിരവധി പേരെ കാണാതായിട്ടുണ്ട്. കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശത്തേക്ക് എത്തിച്ചേരാനുള്ള റോഡുകൾ എല്ലാം അടഞ്ഞു. അതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് വ്യോമ സേനയുടെ സേവനം തേടേണ്ടിവരും. സാരംഗ് എം70 ഹെലികോപ്റ്ററുകൾ എത്തുന്നു. നിലവിൽ നാട്ടുകാർ മാത്രമാണ് രക്ഷാപ്രവർത്തനത്തിന് ഉള്ളത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എന്‍.ഡി.ആര്‍.എഫിന്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും, മറ്റേത് കോട്ടയത്തും വിന്യസിക്കാനുള്ള നിര്‍ദ്ദേശം നല്‍കി. ഇതുകൂടാതെ ഡി.എസ്.സിയുടെ ഒരു ടീം കണ്ണൂരും ഒരെണ്ണം കോഴിക്കോടും വിന്യസിക്കാന്‍ നിര്‍ദ്ദേശം നല്‍കി. വ്യോമസേനക്കും അടിയന്തിരസാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ശബരിമല ദര്‍ശനത്തിന് വരുന്നവര്‍ പമ്ബ നദിയില്‍ ഇറങ്ങരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തുലാമാസ പൂജകള്‍ക്കായി ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട തുറക്കും. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണി മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് പമ്ബ നദിയില്‍ വലിയ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാലും നദിയില്‍ ഒഴുക്ക് കൂടാന്‍ സാധ്യത ഏറെയാണ്. നിലവിലെ സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാത്രി യാത്രകള്‍ ഒഴിവാക്കണമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അപകടമേഖലയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊടുപുഴ കാഞ്ഞാറില്‍ ഒഴുക്കില്‍പ്പെട്ട കാറിലുണ്ടായിരുന്ന യുവതിയുടെയും യുവാവിന്റെയും മൃതദേഹം കണ്ടെടുത്തു. കൂത്താട്ടുകുളം സ്വദേശി നിഖിലിന്റെ (27) മൃതദേഹമാണ് കണ്ടെടുത്തത്. ഇദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്ത യുവതിയുടെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. കാര്‍ കിടന്നതിന്റെ നൂറു മീറ്റര്‍ മാറി മരങ്ങള്‍ ഒടിഞ്ഞു കിടക്കുന്നിടത്ത് നിന്നായിരുന്നു യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.
വെള്ളം താഴ്ന്നപ്പോള്‍ പോലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്ന യുവതിയാണ് ഒപ്പം ഉണ്ടായിരുന്നതെന്നാണ് വിവരം. യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അതിശക്തമായ ഒഴുക്കായിരുന്നു പാലത്തിന്റെ ഭാഗത്ത് ഉണ്ടായിരുന്നത്. ഇവരുടെ കാര്‍ കലുങ്കില്‍ ഇടിച്ചു നില്‍ക്കുന്ന രീതിയിലായിരുന്നു. ഇതില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ രണ്ടു പേരും പുഴയിലേക്ക് വീണു പോയതാകാം എന്നാണ് വിവരം.
റെന്റിന് എടുത്തകാറാണ് അപകടത്തില്‍പ്പെട്ടത്. കാറിനകത്ത് പരിശോധിച്ചപ്പോഴാണ് കാര്‍ വാടകയ്ക്ക് എടുത്തതാണെന്ന് മനസ്സിലായത്. തുടര്‍ന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോഴാണ് യുവാവിന്റെ വിവരങ്ങള്‍ ലഭിച്ചത്. നിഖിലാണ് വാഹനം റെന്റിന് എടുത്തതെന്നാണ് അറിയുന്നത്.
അതേസമയം, കാര്‍ വടംകെട്ടി പുഴയില്‍ തന്നെ നിര്‍ത്തിയിരിക്കുകയാണ്. പുറത്തേക്കെടുക്കുക എന്നത് ശ്രമകരമായ കാര്യമാണ്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കാര്‍ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
നല്ല ഒഴുക്കും വെള്ളവും കാരണം പുഴയില്‍ ഇറങ്ങാന്‍ സാധിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.
കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നാശം. കോട്ടയം കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ മൂന്നുപേർ മരിച്ചു. 10 പേരെ കാണാതായി. മൂന്നുവീടുകൾ ഒലിച്ചു പോയി.
പ്ലാപ്പള്ളിയിലെ കാവാലിയിലുണ്ടായ ഉരുൾ പൊട്ടലിൽ മരിച്ച മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയതായി കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് സജി മോൻ പറഞ്ഞു.
കൂട്ടിക്കൽ പഞ്ചായത്ത് ഓഫിസും പരിസര പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. കൂട്ടിക്കൽ, ഏന്തയാർ, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്.
തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ട് പെൺകുട്ടി മരിച്ചു. മൃതദേഹം കണ്ടെത്തി. കാറിൽ കൂടെ ഉണ്ടായിരുന്നവർക്കായി തിരച്ചിൽ തുടരുന്നു.
മഴക്കെടുതി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. സംസ്ഥാനത്ത് 24 മണിക്കൂർ ജാഗ്രതാ നിർദേശമുണ്ട്. മൂന്ന് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലമ്പുഴ ഡാം തുറന്നു. മൂന്ന് ഷട്ടറുകളാണ് തുറന്നത്. നാലെണ്ണം തുറക്കാനാണ് തുരുമാനം. 5 സെന്‍റിമീറ്റർ ആണ് ഉയർത്തിയത്. 115 മീറ്ററാണ് ഡാമിന്‍റെ സംഭരണ ശേഷി. ഉച്ചയോടെ കനത്ത മഴ പെയ്തതിനാൽ ഡാം നിറഞ്ഞിരുന്നു. ഭാരതപ്പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.
പീച്ചി, വാഴാനി, പെരിങ്ങൽകുത്ത് ഡാം ഷട്ടറുകൾ തുറക്കും. പീച്ചി ഡാമിന്‍റെ ഷട്ടറുകൾ 2 ഇഞ്ചിൽനിന്ന് ഘട്ടം ഘട്ടമായി 12 ഇഞ്ച് വരെ ഉയർത്തും. വാഴാനി ഡാമിന്‍റെ ഷട്ടറുകൾ 5 സെൻ്റി മീറ്ററിൽ നിന്ന് ഘട്ടം ഘട്ടമായി 10 സെൻ്റിമീറ്റർ വരെ ഉയർത്തും
പെരിങ്ങൽകുത്ത് ഡാം സ്ലൂയിസ് വാൽവ് തുറന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ 6.30 ഓടെ വെള്ളം ഉയരും. വെള്ളം പുഴയിൽ എത്താൻ 4 മണിക്കൂർ സമയമെടുക്കും
അഞ്ച് ജില്ലകളിലും റെഡ് അലർട്ടാണ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഉരുൾപൊട്ടലുണ്ടായി. വിവിധ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികള്‍ തമ്മില്‍ നടുറോഡില്‍ കൂട്ടത്തല്ല്. കോഴിക്കോട് കരുവന്‍പൊയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും കൊടുവള്ളി ഹയർ സെക്കന്‍ഡറി സ്‌കൂളിലേയും പ്ലസ് വണ്‍ വിദ്യാര്‍ഥികൾ തമ്മിലാണ് സംഘര്‍ഷമുണ്ടായിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽമീഡിയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിദ്യാര്‍ഥികള്‍ പരീക്ഷക്കായി സ്‌കൂളിലെത്തുമ്പോള്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത സ്‌കൂള്‍ അധികൃതര്‍ മുൻകൂട്ടി കണ്ടിരുന്നു. അതിനാല്‍ തന്നെ സ്‌കൂളില്‍വെച്ചൊരു സംഘര്‍ഷം ഒഴിവാക്കാനുള്ള ശ്രമവും അവര്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് സ്‌കൂളുകളുടേയും സമീപമുള്ള ചൂണ്ടപ്പുറത്ത് എന്ന് സ്ഥലത്തുവെച്ചാണ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. പത്താം ക്ലാസില്‍ ഒരുമിച്ച് പഠിച്ചിരുന്നവര്‍ തമ്മിലുണ്ടായിരുന്ന വൈരാഗ്യമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
നാട്ടുകാര്‍ ഇടപെട്ടാണ് ഒടുവില്‍ സംഘര്‍ഷം നിയന്ത്രിച്ചത്. നാട്ടുകാര്‍ വിദ്യാര്‍ഥികളെ അനുനയിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കാത്തതിനാല്‍ പൊലീസ് കേസ് എടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
പാനൂർ പാത്തിപ്പാലത്ത് അമ്മക്കൊപ്പം പുഴയിൽ വീണ കുഞ്ഞ് മരിച്ചു. ഒന്നര വയസ്സുകാരി അൻവിതയാണ് മരിച്ചത്. മാതാവ് സോനയെ രക്ഷപ്പെടുത്തി. കൊല്ലേരി യു.പി സ്കൂളിലെ അധ്യാപികയാണ് സോന. ഭർത്താവ് ഷിജു പുഴയിൽ തള്ളിയിട്ടതാണെന്ന് സോന പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
തലശ്ശേരി കോടതിയിലെ ജീവനക്കാരനാണ് ഭർത്താവ് ഷിജു. ഇയാളൊടൊപ്പം ബൈക്കിലാണ് സോനയും മകളും പുഴക്കരയിൽ എത്തിയത്. ബൈക്ക് പുഴയുടെ സമീപത്ത് നിന്നും കണ്ടെടുത്തു. ഷിജുവിനെ കണ്ടെത്തിയിട്ടില്ല.
രാത്രി ഏഴരയോടെ വളള്യായി റോഡിൽ ചാത്തൻമൂല വാട്ടർ ടാങ്കിനോട് ചേർന്ന ഭാഗത്താണ് സംഭവം. സോനയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഇവിടേക്ക് ഓടിയെത്തിയത്. പുഴയിൽ മുങ്ങിത്താഴുന്ന സോനയെ ആദ്യം രക്ഷപെടുത്തി കരക്കെത്തിച്ചു. പിന്നീടാണ് കുഞ്ഞും പുഴയിൽ മുങ്ങിയ വിവരം അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിന്‍റെ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.
കുഞ്ഞിന്റെ മൃതദേഹം കൂത്തുപറമ്പ് ഗവ ആശുപത്രിയിലേക്ക് മാറ്റി. ഷിജുവിനുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്
പാത്തിപ്പാലത്ത് പുഴയിൽ വീണ നിലയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി. തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി. ഷിനുവിന്‍റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്.
ഒന്നര വയസ്സുള്ള കുട്ടിയുടെ മൃതദേഹം സമീപത്തുനിന്ന് കണ്ടെടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴിനാണ് സംഭവം. പാത്തിപ്പാലം വള്ള്യായി റോഡിൽ ജല അതോറിറ്റിക്ക് സമീപത്തെ ചാത്തൻമൂല ഭാഗത്തെ പുഴയിലാണ് ദുരൂഹ സാഹചര്യത്തിൽ അമ്മയെയും കുഞ്ഞിനെയും വീണനിലയിൽ കണ്ടത്. അമ്മയുടെ നിലവിളി കേട്ട നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.
ഭർത്താവിന്‍റെ കൂടെ ബൈക്കിൽ മൂന്നുപേരും പുഴക്ക് സമീപത്ത് എത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു. ബൈക്ക് പുഴയുടെ സമീപത്തുനിന്ന് കെണ്ടടുത്തു.
ഷിനു പരിസരത്തൊന്നുമില്ല. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്. കൂടുതൽ കാര്യങ്ങൾ അറിവായിട്ടില്ല. കുട്ടിയുടെ മൃതദേഹം കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി.
ഒന്നരമാസം മുമ്പ് കാണാതായ മകളെക്കുറിച്ചുള്ള വിവരമൊന്നും അറിയാന്‍ കഴിയാതെ കണ്ണീരോടെ ഒരു കുടുംബം. സൂചനകളൊന്നും ലഭിക്കാത്ത തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം പോലീസിന് വെല്ലുവിളിയായി. പോലീസ് പ്രമുഖ പത്രങ്ങളിലെല്ലാം ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. പുതിയങ്കം ഭരതന്‍ നിവാസില്‍ രാധാകൃഷ്ണന്റെയും സുനിതയുടെയും മൂത്തമകള്‍ സൂര്യ കൃഷ്ണയെ (21) കാണാതായത് ഓഗസ്റ്റ് 30ന് രാവിലെ 11.15-ഓടെയാണ്.
ആ പെൺകുട്ടിയെ കണ്ടവരുണ്ടോ? കേരളം ഏറെ ചർച്ച ചെയ്യുന്ന ജെസ്നയുടെ തിരോധാനം പോലെ സൂര്യയുടെ തിരോധാനവും ഉത്തരം തേടുകയാണ്… ബുക്ക് വാങ്ങാൻ വീട്ടിൽനിന്നിറങ്ങിയ പാലക്കാട് ആലത്തൂരിലെ ആ പെൺകുട്ടി എവിടെപ്പോയി? വീട്ടിൽനിന്ന് നടന്നെത്താവുന്ന ദൂരത്ത് അവളുടെ അച്ഛൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ബുക്ക് സ്റ്റാളിൽ ഏറെനേരം നിന്നെങ്കിലും അവളെ കാണാനായില്ല. പിന്നീടിതുവരെ ആ അച്ഛൻ മകളെ കണ്ടിട്ടില്ല. ആ പെൺകുട്ടി എവിടെപ്പോയി? ഗോവയിലും തമിഴ്നാട്ടിലും കേരളത്തിലും പൊലീസ് അന്വേഷിച്ചിട്ടും അവളെ കണ്ടെത്താനായില്ല. 21 വയസ്സുകാരി സൂര്യ കൃഷ്ണയെ കാണാതായിട്ട് 44 ദിവസങ്ങൾ പിന്നിടുന്നു. അവൾ എവിടെ? ഒരു സിസിടിവി മാത്രം കണ്ടു അവളെ…
2020 ഓഗസ്റ്റ് 30നാണ് ആലത്തൂർ പുതിയങ്കം തെലുങ്കുത്തറ രാധാകൃഷ്ണന്റെയും സുനിതയുടെയും മകൾ സൂര്യ കൃഷ്ണയെ കാണാതായത്. ഉച്ചയ്ക്ക് അച്ഛൻ ജോലി ചെയ്യുന്ന കടയിലേക്കു പോയതായിരുന്നു അവൾ. അച്ഛനെ കണ്ട് സമീപത്തെ ബുക്ക് സ്റ്റാളിൽനിന്ന് പുസ്തകം വാങ്ങാനായിരുന്നു യാത്ര. വീട്ടിൽ നിന്നിറങ്ങിയപ്പോൾ രാധാകൃഷ്ണനെ സുനിത വിളിച്ചിരുന്നു. മകൾ ഇറങ്ങിയ കാര്യം അറിയിച്ചു.
15 മിനിറ്റിനുള്ളിൽ നടന്നെത്താവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും അവൾ എത്തിയില്ല. അച്ഛൻ വീട്ടിലേക്കു വിളിച്ചപ്പോൾ അവിടെയുമില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും സൂര്യ തിരിച്ചുവന്നില്ല. വീടിനു സമീപത്തുള്ളവർ തൃശൂർ, പാലക്കാട് ഭാഗങ്ങളിൽ അന്വേഷിച്ചെങ്കിലും അവളെ കണ്ടെത്താനായില്ല. രാധാകൃഷ്ണൻ ആലത്തൂർ പൊലീസിൽ പരാതിയും നൽകി.
എല്ലാ വിഷയങ്ങളിലും എ പ്ലസ്
അവൾ പുസ്തകപ്പുഴുവായിരുന്നു. ആലത്തൂരിൽനിന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയായിരുന്നു പാലായിൽ എൻട്രൻസ് കോച്ചിങ്ങിനു ചേർന്നത്. ഡോക്ടറാകണമെന്നായിരുന്നു മോഹം. പരിശീലനം നടത്തിയെങ്കിലും റാങ്ക് ലിസ്റ്റിൽ അവളെത്തിയില്ല. വീട്ടിൽ തിരിച്ചെത്തി ബിരുദത്തിനു പാലക്കാട്ടെ കോളജിൽ ചേർന്നു. അതിനുശേഷം അവൾ പുസ്തകങ്ങളെ സ്നേഹിക്കുന്നത് അച്ഛനമ്മമാർ കണ്ടില്ല. ടിവിയും മൊബൈലുമായിരുന്നു പിന്നീടു കൂട്ട്.
പാലായിൽ പോകുന്നതിനു മുൻപുവരെ വീട്ടുകാർക്കൊപ്പം പുറത്തു പോകാൻ അവൾ ഉത്സാഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആലത്തൂരിൽ എത്തിയ ശേഷം അവൾ വീട്ടിൽനിന്നു പുറത്തിറങ്ങാതെയായി. അച്ഛനമ്മമാരോടും അനുജനോടും ദേഷ്യപ്പെട്ടുതുടങ്ങി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാതിരുന്നത് അവളിൽ വേദനയുണ്ടാക്കിയെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. പഠനത്തിന്റെ പേരിൽ ഇതുവരെ മകളെ നിർബന്ധിച്ചിട്ടില്ലെന്ന് അച്ഛൻ രാധാകൃഷ്ണൻ പറയുന്നു.
പാലക്കാട്ട് മേഴ്സി കോളജിൽ ഇംഗ്ലിഷ് ബിരുദ പഠനത്തിന് ചേർന്നെങ്കിലും ലോക്ഡൗൺ കാരണം ഓൺലൈനായിരുന്നു പഠനം. ചുരുങ്ങിയ ദിവസങ്ങൾ മാത്രമെ കോളജിൽ പോയിരുന്നുള്ളൂ. ഒൻപതാം ക്ലാസിൽ പഠിക്കുന്ന അനുജനും സൂര്യയ്ക്കും ഓൺലൈൻ പഠനത്തിന് ഒരു ഫോൺ മാത്രമാണുണ്ടായിരുന്നത്. സൂര്യ ഏറെനേരം ഫോണിൽ സമയം ചെലവഴിക്കുമായിരുന്നു. പലപ്പോഴും അവൾക്കു പല ആഗ്രഹങ്ങളാണ്. ഡോക്ടർ, പൈലറ്റ്, ട്രാവലർ തുടങ്ങി ഒട്ടേറെ മോഹങ്ങൾ അമ്മയോടു പങ്കു വച്ചിരുന്നു.
ട്രാവലർ എന്ന ആഗ്രഹത്തിൽ അവളുടെ മനസ്സുടക്കി. മൊബൈൽ ഫോണിലെ വിഡിയോകളിലൂടെ അവൾ ഒട്ടേറെ യാത്രകൾ നടത്തി. അവളുടെ മനസ്സിലേക്ക് അങ്ങനെ ഗോവയും കടന്നു വന്നു. ഗോവയിൽ പോകണം, അവിടെ ജീവിക്കണം, നല്ല കാലാവസ്ഥയാണ് എന്നൊക്കെ ഇടയ്ക്കിടെ പറയുമായിരുന്നു. വീട്ടുകാരോട് ദേഷ്യം പിടിക്കുമ്പോഴൊക്കെ താൻ ഗോവയ്ക്കു പോകുമെന്ന് പറഞ്ഞു തുടങ്ങി. പിണക്കത്തിലും വാശിയിലും ‘ഗോവ’ ഇടയ്ക്കിടെ കടന്നു വന്നിരുന്നു. എന്നാൽ വീട്ടുകാർ അതൊന്നും കാര്യമാക്കിയിരുന്നില്ല.
കാണാതാകുന്നതിന്റെ അന്നു രാവിലെ അച്ഛനാണ് സൂര്യയെ വിളിച്ചുണർത്തിയത്. ബുക്ക് സ്റ്റാളിൽ പോകുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. അച്ഛൻ പോയ ശേഷം സൂര്യ വീണ്ടും കിടന്നു. 11 മണിയോടെ അമ്മ വിളിച്ചുണർത്തി. ഇതിനിടെ അമ്മയുമായി വഴക്കായി. അമ്മ ഒരു അടി കൊടുത്തതോടെ അവൾക്കു വാശിയായി. അച്ഛൻ രാധാകൃഷ്ണൻ അപ്പോൾ ആലത്തൂരിൽ അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ദേഷ്യത്തോടെ അവൾ ഇറങ്ങി.
അച്ഛന്റെ അടുത്തേക്കാകും പോകുന്നതെന്ന് അമ്മ കരുതി. പക്ഷേ ഇറങ്ങുമ്പോൾ അവൾ ബാഗിൽ രണ്ടു ജോഡി വസ്ത്രങ്ങളും എടുത്തു. അമ്മയോടു സ്ഥിരം പറയുന്ന പോലെ ഗോവയ്ക്കു പോകുമെന്നും അറിയിച്ചു. തന്നെ പേടിപ്പിക്കാൻ പറഞ്ഞാതാകും എന്നാണ് അമ്മ കരുതിയത്. അവൾ ബുക്ക് വാങ്ങാൻ പുറപ്പെട്ട കാര്യം അച്ഛനെയും വിളിച്ചറിയിച്ചു. മൊബൈൽ ഫോൺ ഇല്ലാതെയാണ് ഇറങ്ങിയതെന്നും പറഞ്ഞു.
സൂര്യയെ കാണാതായ വിവരം മണിക്കൂറുകൾക്കുള്ളിൽതന്നെ രാധാകൃഷ്ണൻ ആലത്തൂർ പൊലീസിനെ അറിയിച്ചു. പൊലീസ് വൈകിട്ട് വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീട് സൂര്യ ഉപയോഗിച്ചിരുന്നു മുറിയും ഫോണും ബുക്കുകളും പരിശോധിച്ചു. എന്നാൽ സൂര്യയെ കണ്ടെത്തുന്നതിലേക്കുള്ള സൂചനകൾ ലഭിച്ചില്ലെന്ന് അച്ഛൻ രാധാകൃഷ്ണൻ പറഞ്ഞു. പൊലീസ് അന്വേഷണം പൊള്ളാച്ചിയിലേക്കും ഉദുമൽപേട്ടയിലേക്കും വ്യാപിപ്പിച്ചു.
അമ്മ സുനിതയുടെ മാതാപിതാക്കളെ കാണാൻ അച്ഛനമ്മമാർക്കൊപ്പം 4 വർഷം മുൻപു സൂര്യ പൊള്ളാച്ചിയിൽ പോയിട്ടുണ്ട്. പൊലീസ് പൊള്ളാച്ചിയിൽ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പിതാവ് രാധാകൃഷ്ണന്റെ സഹോദരിയുടെ മകളുടെ വിവാഹത്തിനു 3 വർഷം മുൻപ് ഇവർ കുടുംബസമേതം ഉദുമൽപേട്ടയിൽ പോയിരുന്നെന്ന മൊഴി പ്രകാരം പൊലീസ് അവിടെയും അന്വേഷിച്ചിരുന്നു.
ഗോവയിൽ പോകുമെന്ന് സൂര്യ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവിടെയും അന്വേഷിച്ചെത്തി. അവിടത്തെ പൊലീസ് സ്റ്റേഷനുകളിലും മലയാളി സമാജങ്ങളിലും വിവരം നൽകിയിരുന്നു. പക്ഷേ സൂര്യയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇപ്പോൾ അന്വേഷണം തെക്കൻ ജില്ലകളിലേക്കു വ്യാപിപ്പിച്ചിട്ടുണ്ട്. സംസ്ഥാന യുവജന കമ്മിഷൻ വീട്ടിലെത്തിയിരുന്നു. പാലക്കാട്ട് നടന്ന കമ്മിഷന്റെ അദാലത്തിലും സൂര്യയുടെ കേസ് എത്തി.
പണമോ ഫോണോ ആഭരണങ്ങളോ എടിഎം കാർഡോ ഇല്ലാതെയാണ് സൂര്യ വീടുവിട്ടിറങ്ങിയത്. വാട്സാപ്, ഫെയ്സ്ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങളൊന്നും അവൾ ഉപയോഗിച്ചിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. സ്കൂളിൽ പഠിക്കുമ്പോഴോ കോളജിലോ അധികം കൂട്ടുകാർ ഉണ്ടായിരുന്നില്ല. ഓഗസ്റ്റ് 30ന് 12ന് ബുക്ക് സ്റ്റാളിൽ എത്താനാണ് അച്ഛൻ പറഞ്ഞിരുന്നത്. 11.30നു ശേഷമാണ് സൂര്യ ഇറങ്ങിയത്.
ആലത്തൂർ മേഖലയിലെ ഒരു സിസിടിവിയിൽ സൂര്യ നടന്നു പോകുന്ന ദൃശ്യം കണ്ടെത്തിയിട്ടുണ്ട്. പാതയോരത്തു കൂടി ബാഗും തൂക്കി നടന്നു പോകുന്ന സൂര്യയുടെ വിഡിയോ വീട്ടുകാർ തിരിച്ചറിഞ്ഞു. സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്. അതിനുശേഷം വിവരങ്ങൾ വീട്ടുകാർക്ക് ലഭിച്ചിട്ടില്ല. തൃശൂർ ഭാഗത്തേക്കാണോ പാലക്കാട് ഭാഗത്തേക്കാണോ സൂര്യ സഞ്ചരിച്ചിരുന്നതെന്നും വ്യക്തമല്ല. ദേശീയപാതയിലെ സ്വാതി ജംക്‌ഷനിൽ എത്തിയോ എന്നറിയുന്നതിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.
ആലത്തൂരിലേക്ക് സ്ഥിരമായി സഞ്ചരിക്കാറുള്ള വഴിയേയായിരുന്നില്ല സൂര്യ ഓഗസ്റ്റ് 30നു പോയത്. വീട്ടുകാർക്കൊപ്പം പോലും ആ വഴി സൂര്യ മുൻപ് സഞ്ചരിച്ചിട്ടില്ലെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ട്രെയിനിൽ പോലും കയറിയിട്ടില്ല. പാലായിൽ പഠിക്കുമ്പോൾ കൂട്ടിക്കൊണ്ടു വരുന്നതും കൊണ്ടുവിടുന്നതും അച്ഛനായിരുന്നു. ബന്ധുക്കളുടെ വീടുകളിലും താമസിച്ചിട്ടില്ല. യാത്രയ്ക്കുപോലും പണം കയ്യിലില്ലാത്ത മകൾ എങ്ങോട്ടു പോയി എന്ന ആശങ്കയിലാണ് കുടുംബം.
ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേരളം ഏറെ ചർച്ച ചെയ്യുന്ന ജെസ്നയുടെ തിരോധാനം പോലെ സൂര്യയുടെ തിരോധാനവും ഉത്തരം തേടുന്നു. എവിടെയാണെങ്കിലും സുഖമായിരിക്കുന്നു എന്നു മാത്രം അറിഞ്ഞാൽ മതി അച്ഛനും അമ്മയ്ക്കും. പിണക്കത്തിന്റെയോ ദേഷ്യത്തിന്റെയോ പേരിലാണ് അവൾ പോയതെങ്കിൽ, എവിടെയുണ്ട് എന്ന് വിളിച്ചറിയിച്ചാലെങ്കിലും സമാധാനമുണ്ടാകുമെന്ന് അച്ഛൻ രാധാകൃഷ്ണൻ പറയുമ്പോൾ പെയ്തു തോരാത്ത കണ്ണിൽ പിന്നെയും ആശങ്ക ഒഴുകി നിറയുന്നുണ്ടായിരുന്നു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടക്കും. ഇത്തവണ 30 സിനിമകളാണ് (movies) അവാര്‍ഡിനായി അന്തിമ പട്ടികയിലുള്ളത്. നടി സുഹാസിനി മണിരത്‌നമാണ് അന്തിമ ജൂറി അദ്ധ്യക്ഷ. മികച്ച നടന്‍, നടി വിഭാഗങ്ങളില്‍ ശക്തമായ മത്സരം തന്നെയാണ് ഇത്തവണ നടക്കുന്നത്.
ബിജു മേനോന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവരാണ്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിനു മത്സരിക്കാന്‍ പ്രധാനമായുമുള്ളത്. നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കാന്‍ ശോഭന, അന്ന ബെന്‍, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, സംയുക്ത മേനോന്‍ തുടങ്ങിയവരും രംഗത്തുണ്ട്. അന്തരിച്ച നെടുമുടി വേണു, അനില്‍ നെടുമങ്ങാട്, സംവിധായകന്‍ സച്ചി എന്നിവര്‍ക്കും പുരസ്‌കാര സാധ്യതയുണ്ട്.
വെള്ളം, കപ്പേള, ഒരിലത്തണലില്‍, സൂഫിയും സുജാതയും, ആണും പെണ്ണും,കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയവയാണ് മികച്ച സിനിമകളുടെ പട്ടികയിലുള്ളത്.
സംവിധായകന്‍ ഭദ്രനും കന്നഡ സംവിധായകന്‍ പി.ശേഷാദ്രിയും പ്രാഥമിക ജൂറി അധ്യക്ഷന്മാരാകും. ദേശീയ മാതൃകയില്‍ രണ്ട് തരം ജൂറികള്‍ സംസ്ഥാന അവാര്‍ഡില്‍ സിനിമ വിലയിരുത്തുന്നത് ഇതാദ്യമായാണ്. രണ്ടാം റൗണ്ടിലേക്കു നിര്‍ദേശിക്കുന്ന ചിത്രങ്ങളില്‍ നിന്നായിരിക്കും അന്തിമ ജൂറി അവാര്‍ഡ് നിശ്ചയിക്കുക. പ്രാഥമിക ജൂറിയുടെ അധ്യക്ഷന്മാര്‍ അന്തിമ ജൂറിയിലും ഉണ്ടാകും.
എന്‍ട്രികളുടെ എണ്ണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിധിനിര്‍ണയ സമിതിക്ക് ദ്വിതല സംവിധാനം ഏര്‍പ്പെടുത്തി നിയമാവലി പരിഷ്‌കരിച്ചശേഷമുള്ള ആദ്യ അവാര്‍ഡാണ് ഇത്തവണത്തേത്.
പുരസ്‌കാരങ്ങള്‍ക്കായി മത്സരിക്കുന്ന ചിത്രങ്ങളുടെ പട്ടിക ചുവടെ:
വെള്ളം (പ്രജേഷ് സെന്‍) കൃതി (സുരേഷ്) മതിലുകള്‍: ലൗ ഇന്‍ ദ് ടൈം ഓഫ് കൊറോണ (അന്‍വര്‍ അബ്ദുള്ള) താഹിറ (സിദ്ദിഖ് പറവൂര്‍) ഭാരതപ്പുഴ (മണിലാല്‍) ചായം പൂശുന്നവര്‍ (സിദ്ധിഖ് പറവൂര്‍) ഇന്‍ഷ (കെ.വി.സിജുമോന്‍) സാജന്‍ ബേക്കറി സിന്‍സ് 1962 (അരുണ്‍ അപ്പുക്കുട്ടന്‍) അക്വേറിയം (ടി.ദീപേഷ്) പ്യാലി (ബബിത മാത്യു, എ.എക്‌സ്. റിന്‍മോന്‍) ഫാര്‍ (പ്രവീണ്‍ പീറ്റര്‍) ഏക് ദിന്‍ (വിഷ്ണു) കാസിമിന്റെ കടല്‍ (ശ്യാമപ്രസാദ്) മുന്ന (സുരേന്ദ്രന്‍ കലൂര്‍) തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഗ്‌ഡെ) കാക്കത്തുരുത്ത് (ഷാജി പാണ്ഡവത്ത്) ബൊണാമി (ടോണി സുകുമാര്‍) എയ്റ്റീന്‍ പ്ലസ് (മിഥുന്‍ ജ്യോതി) അഞ്ചാം പാതിര (മിഥുന്‍ മാനുവല്‍ തോമസ്) അയ്യപ്പനും കോശിയും (സച്ചിദാനന്ദന്‍) വാങ്ക് (കാവ്യ പ്രകാശ്) സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോണ്‍ പാലത്തറ) പക (നിതിന്‍ ലൂക്കോസ്) ഐസ് ഓരത്ത് (അഖില്‍ കാവുങ്കല്‍)
ഒരിലത്തണലില്‍ (അശോക് ആര്‍.നാഥ്) ലൗ (ഖാലിദ് റഹ്‌മാന്‍) കുഞ്ഞെല്‍ദോ (അരുണ്‍ മാത്യു) രണ്ടാം നാള്‍ (സീനത്ത്) ഉടമ്പടി (സുരേഷ് പി. തോമസ്) സ്വപ്നങ്ങള്‍ പൂക്കുന്ന കാട് (സോഹന്‍ ലാല്‍) വേലുക്കാക്ക ഒപ്പ് കാ (അശോക് കുമാര്‍) എന്നിവര്‍ (സിദ്ധാര്‍ഥ് ശിവ) ടോള്‍ ഫ്രീ 1600 600 60 (കെ.ബി.സജീവ്) ദിശ (വി.സി.ജോസ്) ഓറഞ്ച് മരങ്ങളുടെ വീട് (ഡോ.ബിജു) കാന്തി (അശോക് ആര്‍.നാഥ്) സണ്ണി (രഞ്ജിത്ത് ശങ്കര്‍) ട്രാന്‍സ് (അന്‍വര്‍ റഷീദ്) കപ്പേള (മുഹമ്മദ് മുസ്തഫ) ദി മ്യൂസിക്കല്‍ ചെയര്‍ (വിപിന്‍ആറ്റ്‌ലി) പായ്- ദ മാറ്റ് (ശ്രീലജ മുകുന്ദകുമാരന്‍) ആണ്ടാള്‍ (ഷെറീഫ് ഈസ) ലെയ്ക (ആസാദ് ശിവരാമന്‍) വര്‍ത്തമാനം (സിദ്ധാര്‍ഥ് ശിവ) ഖോ ഖോ (രാഹുല്‍ റിജി നായര്‍) ലൗ എഫ് എം (ശ്രീദേവ് കാപ്പൂര്‍) ഭൂമിയിലെ മനോഹര സ്വകാര്യം (ഷൈജു അന്തിക്കാട്) ഒരുത്തി (വി.കെ.പ്രകാശ്)
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ (എല്‍.പി.ശംഭു) വെളുത്ത മധുരം (ജിജു ഒരപ്പാടി) വെയില്‍ (ശരത് മേനോന്‍) ചോര വീണ മണ്ണില്‍ (മുറിയാട് സുരേന്ദ്രന്‍) 1956 മധ്യതിരുവിതാംകൂര്‍ (ഡോണ്‍ പാലത്തറ) മോപ്പാള (സന്തോഷ് പുതുക്കുന്ന്) ഇന്‍ലന്‍ഡ് (എസ്.കെ. ശ്രീജിത് ലാല്‍) ഫോര്‍ത്ത് റിവര്‍ (ആര്‍.കെ.ഡ്രീം വെസ്റ്റ്) ഹലാല്‍ ലവ് സ്റ്റോറി (സക്കറിയ മുഹമ്മദ്) ലാല്‍ ബാഗ് (പ്രശാന്ത് മുരളി) വരനെ ആവശ്യമുണ്ട് (അനൂപ് സത്യന്‍) ഫൊറന്‍സിക് (അഖില്‍ പോള്‍, അനസ്ഖാന്‍) പെര്‍ഫ്യൂം-ഹെര്‍ ഫ്രാഗ്രന്‍സ് (പി. ഹരിദാസന്‍) ഈലം (വിനോദ് കൃഷ്ണ) ആര്‍ട്ടിക്കിള്‍ 21(എല്‍.യു.ലെനിന്‍) ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ (ജിയോ ബേബി) സൂഫിയും സുജാതയും (ഷാനവാസ് നാലകത്ത്) മൈ ഡിയര്‍ മച്ചാന്‍സ് (ദിലീപ് നാരായണ്‍) ഡിവോഴ്‌സ് (ഐ.ജി.മിനി) ആണും പെണ്ണും (വേണു, ജയ് കെ.,ആഷിക് അബു)
അബ്രഹാം യാക്കൂബിന്റെ 137 ഒഡീഷനുകള്‍ (അനൂപ് നാരായണന്‍) പച്ചത്തപ്പ് (എസ്.അനുകുമാര്‍) സീ യൂ സൂണ്‍ (മഹേഷ് നാരായണന്‍) മാലിക് (മഹേഷ് നാരായണന്‍) ഉരിയാട്ട് (കെ.ഭുവനചന്ദ്രന്‍ നായര്‍) ഇരുള്‍ (നസീഫ് ഇസുദീന്‍) കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് (ജിയോ ബേബി) എല്‍മര്‍ (ഗോപി കുറ്റിക്കോല്‍) ദ് കുങ്ഫു മാസ്റ്റര്‍ (എബ്രിഡ് ഷൈന്‍) വൂള്‍ഫ് (ഷാജി അസീസ്) ജ്വാലാമുഖി (ഹരികുമാര്‍) കയറ്റം (സനല്‍കുമാര്‍ ശശിധരന്‍).
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മാസ്മരിക സൗന്ദര്യം എല്ലാവരുടെയും മനംകവരുന്നതാണ്. അതോടൊപ്പം തന്നെ പതഞ്ഞൊഴുകുന്ന വെള്ളത്തിന് സമീപമുള്ള ആ കുടിലും ഏറെ ശ്രദ്ധേയമാണ്.
കഴിഞ്ഞദിവസം കനത്ത മഴയ്ക്ക് പിന്നാലെ അതിരപ്പിള്ളി വെള്ളച്ചാട്ടം ഒന്നുകൂടെ രൗദ്രഭാവം പൂണ്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ കുതിച്ചുചാടുന്ന വെള്ളച്ചാട്ടത്തിന്റെ വീഡിയോയും പ്രചരിച്ചിരുന്നു. വെള്ളച്ചാട്ടത്തിന് സമീപത്തെ ഓലകുടിലിലേക്കായിരുന്നു വീഡിയോ ദൃശ്യങ്ങള്‍ കണ്ടവരുടെ ശ്രദ്ധ പതിഞ്ഞത്.
ശക്തമായ ഒഴുക്കിലും അതിരിപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലുള്ള ആ ചെറിയ കുടിലിന് ഇത്തവണയും കുലുക്കമൊന്നും സംഭവിച്ചിട്ടില്ല. 2018-ലെ മഹാപ്രളയകാലത്ത് കുടിലിന്റെ മുകളില്‍ വരെ വെള്ളമെത്തിയെന്നല്ലാതെ കുടിലിന് പോറല്‍പോലും ഏറ്റിട്ടില്ലായിരുന്നു.
2017ലാണ് ഈ കുടില്‍ സ്ഥാപിച്ചതെന്നാണ് ഇവിടുത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിനോദസഞ്ചാരികളെ നിയന്ത്രിക്കാനായി വനസംരക്ഷണ സമിതി പ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും വെള്ളച്ചാട്ടത്തിന് മുകള്‍ഭാഗത്ത് ഉണ്ടാകാറുണ്ട്. ഇവര്‍ക്ക് വിശ്രമിക്കാനായി പ്രദേശവാസികളായ വനസംരക്ഷണ സമിതിയുടെ പ്രസിഡന്റായ പികെ സഹജന്റെ നേതൃത്വത്തിലുള്ള അഞ്ച് പേരാണ് ഈ കുടില്‍ നിര്‍മ്മിച്ചത്.
സിമന്റ്, കമ്പി, പൈപ്പുകള്‍ തുടങ്ങിയ നിര്‍മ്മാണ വസ്തുക്കളൊന്നും ഈ കുടിലില്‍ ഉപയോഗിച്ചിട്ടില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രകൃതി ദത്തമായ മുള, ഈറ്റ, തടിക്കഷ്ണങ്ങള്‍ എന്നിവ കൊണ്ടാണ് മേല്‍ക്കൂരയും ബേസ്‌മെന്റും ഉള്‍പ്പടെ നിര്‍മ്മിച്ചിരിക്കുന്നത്. പാറ തുരന്നാണ് തടി കൊണ്ടുള്ള തൂണുകള്‍ നാട്ടിയത്. അതുകൊണ്ടാകാം ശക്തമായ ഒഴുക്കിലും തകരാതിരിക്കാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
‘പാറപ്പുറത്തെ നിര്‍മ്മാണം മറ്റ് നിര്‍മ്മാണങ്ങളെ അപേക്ഷിച്ച് വളരെ ദുഷ്‌കരമാണ്. പാറകള്‍ പൊട്ടിക്കുവാനോ ഇളക്കുവാനോ സാധിക്കുകയില്ല. പകരം പാറകള്‍ക്കിടയിലെ വിടവുകള്‍ കണ്ടെത്തി വേണം അവിടേയ്ക്ക് തൂണുകള്‍ ഉറപ്പിക്കാന്‍. ഈ ബലത്തിലാണ് മുഴുവന്‍ കുടിലും നില്‍ക്കുന്നത്. ഇത്തരത്തില്‍ ലഭിച്ച രണ്ട് പ്രധാന വിടവുകളിലാണ് ഇവിടുത്തെ കുടിലും നില്‍ക്കുന്നത്’. സഹജന്‍ പറയുന്നു
കാട്ടുമുളകളാണ് തൂണുകളായി ഉപയോഗിച്ചിരിക്കുന്നത്. ഇതിന് നാട്ടിലെ മുളകളെക്കാള്‍ ബലവും ഭംഗിയും ഉണ്ടെന്നതാണ് കാരണമെന്നും സഹജന്‍ വിശദീകരിക്കുന്നു. അപകട സാധ്യതയുള്ള പ്രദേശങ്ങളിലൊക്കെ കാട്ടുമുളകള്‍ ഉപയോഗിക്കും.
എന്നാല്‍ പ്രത്യേക അനുമതി ഉണ്ടെങ്കിലേ വനത്തില്‍ നിന്നുള്ള മുളകള്‍ കൊണ്ടുപോകാനാകൂ. അതിനാല്‍ മറ്റുള്ളയിടങ്ങളില്‍ ഇത്തരം നിര്‍മ്മിതികള്‍ കുറവായിരിക്കും. ഈറ്റയും ഈറ്റയുടെ ഇലയും തടിയും ഉപയോഗിച്ചാണ് ബാക്കി ഭാഗങ്ങളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്.
ഇതില്‍ ഈറ്റ ഇല മാത്രം മൂന്നുവര്‍ഷം കൂടുമ്പോള്‍ മാറ്റി വിരിക്കണം. ഇത്തരത്തില്‍ പത്തോളം ഹട്ടുകള്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനായി ഇവര്‍ തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. ഇനിയും സഞ്ചാരികളെ കാത്ത് ഉറപ്പിന്റെ പ്രതീകമായി ആ കുടില്‍ അവിടെ തന്നെയുണ്ടാകും.