Kerala

കവര്‍ച്ചയ്ക്കിടെ ആക്രമണത്തിനിരയായ വയോധിക മരിച്ചു. ചികിത്സയിലിരിക്കെയാണ് വാരം എളയാവൂരിലെ കെ.പി. ആയിഷയാണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ ആയിഷയ്ക്ക് പരിക്കേറ്റത്.

തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആയിഷയുടെ ചെവി മുറിച്ചെടുത്താണ് കവര്‍ച്ചാസംഘം സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നിരുന്നത്.

എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ആയിഷയുടെ ബന്ധുക്കളും രംഗത്ത് വന്നിട്ടുണ്ട്.

തിരുവനന്തപുരം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. പോത്തന്‍കോട് സ്വദേശി വൃന്ദയെയാണ് ഭര്‍തൃസഹോദരനായ സുബിന്‍ലാല്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വൃന്ദ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൃത്യം നടത്തിയശേഷം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പ്രതിയെയും പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തയ്യല്‍ക്കടയില്‍ ജോലിചെയ്യുന്നതിനിടെയാണ് വൃന്ദയ്ക്ക് നേരേ ഭര്‍തൃസഹോദരന്‍ ആക്രമണം നടത്തിയത്. കാറിലെത്തിയ പ്രതി കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. യുവതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവാവ് പിന്നാലെ ഓടിയെത്തി തീകൊളുത്തി. ഇതിനുശേഷം സംഭവസ്ഥലത്തുനിന്ന് പ്രതി രക്ഷപ്പെടുകയും ചെയ്തു.

ഗുരുതരമായി പൊള്ളലേറ്റ വൃന്ദയെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ, സുബിന്‍ലാലിനെ ഇഞ്ചയ്ക്കല്‍ ബൈപ്പാസില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഇയാള്‍ അമ്പലത്തറ ആശുപത്രിയില്‍ ചികിത്സയിലാണ്.

വധശ്രമത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. വൃന്ദ ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും പോലീസ് പറഞ്ഞു.

 

അടിമാലി: ഇടുക്കിയില്‍ ബന്ധുവിന്റെ പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് 14 വയസ്സുകാരി കുഞ്ഞിന് ജന്മം നല്‍കിയത്. ബന്ധുവാണ് പീഡനത്തിനിരയാക്കിയതെന്ന പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് രാജക്കാട് പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പെണ്‍കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. അമ്മ കോട്ടയത്താണ് ജോലിചെയ്തിരുന്നത്. അതിനാല്‍ നാട്ടിലെ ബന്ധുവീട്ടിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇവിടെവെച്ച് ബന്ധുവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം ബുധനാഴ്ച രാവിലെ വരെ ആരുമറിഞ്ഞിരുന്നില്ല. രാവിലെ വയറുവേദന അസഹ്യമായതോടെയാണ് പെണ്‍കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ ആശുപത്രി അധികൃതര്‍ രാജക്കാട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും സംരക്ഷണം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുക്കുമെന്നും പോലീസ് അറിയിച്ചു.

കേരള തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന പാലക്കാട് വാളയാര്‍ ഡാം അപകട മുനമ്പാകുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഡാമില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഇരുപത്തി ആറായി. ഇതില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ പതിനേഴുപേര്‍ തമിഴ്നാട്ടുകാരാണ്.

ഡാമിൽ കുളിക്കാനിറങ്ങി മണൽക്കുഴികളിൽ അകപ്പെട്ടു കാണാതായ 3 വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. സഹപാഠികളും അയൽവാസികളുമായ കോയമ്പത്തൂർ സുന്ദരാപുരം വെള്ളൂർ രമേശിന്റെ മകൻ സഞ്ജയ്‌ (16), കാമരാജ്‌ നഗർ ഷൺമുഖന്റെ മകൻ പൂർണേശ് (16), ഫേസ്‌ ടു തെരുവ്‌ ജോസഫിന്റെ മകൻ ആന്റോ (16) എന്നിവരാണു മുങ്ങിമരിച്ചത്‌. ഇന്നലെ പുലർച്ചെ പൂർണേശിന്റെ മൃതദേഹം കരയ്ക്ക് അടിഞ്ഞു. മറ്റു രണ്ടു പേർക്കായി ഏഴു മണിക്കൂറിലേറെ പരിശോധന നീണ്ടു.

കൊച്ചിയിൽ നിന്നുള്ള നേവി സ്പെഷൽ ഡൈവിങ് ടീമും പാലക്കാട്–കഞ്ചിക്കോട് അഗ്നിരക്ഷാസേനയും മലപ്പുറത്തു നിന്നെത്തിയ സ്വകാര്യ ഏജൻസിയുടെ നീന്തൽ വിദഗ്ധരും സിവിൽ ഡിഫൻസ് അംഗങ്ങളും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

കണ്ടാല്‍ ശാന്തം. തടസങ്ങളില്ലാതെ കുളിക്കാനുള്ള സൗകര്യം. മനോഹാരിത മാത്രം കണ്ട് ഡാമിലിറങ്ങുന്നവര്‍ക്ക് അടിയൊഴുക്കും മണലെടുത്ത കുഴികളും തിരിച്ചറിയാന്‍ കഴിയാതെ വന്നാല്‍ അത്യാഹിതം. ജലനിരപ്പിനടിയില്‍ അപകടക്കുഴികളും ചുഴികളുമാണുള്ളത്. അടിയിലേക്കെത്തിയാല്‍ അസാധ്യ തണുപ്പും. കഴിഞ്ഞദിവസം മരിച്ച മൂന്ന് വിദ്യാര്‍ഥികളും കരയില്‍ നിന്ന് അധിക ദൂരെയല്ലാത്തിടത്താണ് ഡാമിലെ കുഴിയില്‍പ്പെട്ടത്.

നടപടിയും പരിശോധനയും കര്‍ക്കശമാക്കിയപ്പോള്‍ അനധികൃത മണല്‍വാരലിന് കുറവുണ്ടായി. ഡാം ഭാഗികമായി സുരക്ഷിതമായി. എങ്കിലും പഴയ കുഴികള്‍ ഇപ്പോഴും കയങ്ങള്‍ക്ക് സമാനമായി തുടരുന്നു എന്നതാണ് ഓരോ അപകടവും സൂചിപ്പിക്കുന്നത്. കരയില്‍ നിന്ന് അധിക ദൂരമില്ലാത്തിടത്ത് നിരവധി ഗര്‍ത്തങ്ങളുണ്ട്.

പലതും മണല്‍വാരലിന് ശേഷം ഉപേക്ഷിച്ച കുഴികളാണ്. കഴിഞ്ഞദിവസം വിദ്യാര്‍ഥികള്‍ ഇറങ്ങിയ ഭാഗത്ത് പതിനഞ്ച് അടിയിലേറെ താഴ്ചയുള്ള ചെറുതും വലുതുമായ കുഴികളുണ്ടായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറയുന്നു. പലയിടത്തും ചതുപ്പും ചെരിവും കാണപ്പെട്ടിരുന്നതായും വെള്ളത്തിനടിയിലൂടെ സഞ്ചരിച്ച നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. വാളയാര്‍ ചെക്പോസ്റ്റിലെത്താതെ ചെറുവഴികളിലൂടെ ഡാമിലെത്താനുള്ള സൗകര്യമാണ് തമിഴ്നാട്ടുകാരെ കൂടൂതല്‍ ആകര്‍ഷിക്കുന്നത്.

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന് നടന്‍ ബാലയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി മുന്‍ഡ്രൈവര്‍ അജി നെട്ടൂര്‍. ഇതുമായി ബന്ധപ്പെട്ട് നടന്‍ ബാലയുടെ വെളിപ്പെടുത്തലുകള്‍ നുണയാണെന്നും അജി നെട്ടൂര്‍ വെളിപ്പെടുത്തി.

അജി നെട്ടൂരിന്റെ പ്രതികരണം; ‘ബാലച്ചേട്ടന്‍ പറയുന്നത് നുണയാണ്. കഴിഞ്ഞ മാസം ബാല വിവാഹിതനാകാന്‍ പോകുന്നു എന്നറിഞ്ഞപ്പോഴാണ് അദ്ദേഹത്തെ വിളിക്കുന്നത്. വ്യക്തിപരമായി സംസാരിച്ചത് ബാലച്ചേട്ടന്റെ വിവാഹകാര്യം മാത്രമാണ്. മോന്‍സണുമായുള്ള ശമ്പളത്തിന്റെ പ്രശ്‌നം പറഞ്ഞ് ബാലയെ ഒരിക്കല്‍പോലും വിളിച്ചിട്ടില്ല. നാല് മാസം മുന്‍പാണ് ഇതൊക്കെ നടന്നതെന്നാണ് ബാല പറഞ്ഞത്. അതും തെറ്റാണ്. കഴിഞ്ഞമാസം വിവാഹക്കാര്യം അറിഞ്ഞപ്പോള്‍ വിളിച്ചതാണ്. ബാലച്ചേട്ടന് മോന്‍സണ്‍ കൊടുത്ത സാധനങ്ങളില്‍ ചിലത് ചില ജ്വല്ലറികളില്‍ കാണിച്ചപ്പോള്‍ ഒറിജിനലല്ലെന്ന് മനസിലായതായി അദ്ദേഹം എന്നോട് പരാതി പറഞ്ഞിരുന്നു.

‘എനിക്കെതിരെ മോന്‍സണ്‍ സാര്‍ നല്‍കിയ പരാതി കള്ളക്കേസാണെന്നും അത് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അതില്‍ ആലപ്പുഴ സ്‌പെഷ്യല്‍ ബ്രാഞ്ചിന് മൊഴി നല്‍കി തിരികെ വരുമ്പോഴായിരുന്നു ബാല വീണ്ടും വിളിച്ചത്. കേസ് എല്ലാം ഒഴിവാക്കാമെന്നും മോന്‍സണ്‍ സാറിനെതിരെ ഇനി മോശമായിട്ടൊന്നും പറയരുതെന്നും ബാലച്ചേട്ടന്‍ പറഞ്ഞു. അനൂപ് അഹമ്മദുമായി ബാലച്ചേട്ടന് 5 ലക്ഷം രൂപയുടെ ഇടപാടുണ്ടായിരുന്നു. അതില്‍ ഇടനില നിന്നത് ഞാനാണ്.

പുരാവസ്തു എന്ന പേരില്‍ തട്ടിപ്പാണ് നടത്തിയതെന്ന് അറിയില്ലായിരുന്നു. ആ വസ്തുക്കളില്‍ കാല്‍ശതമാനവും മട്ടാഞ്ചേരിയില്‍ നിന്ന് സംഘടപ്പിച്ചവയായിരുന്നു. 70 ശതമാനത്തോളം സാധനങ്ങളും തിരുവനന്തപുരത്തുള്ള സന്തോഷ് എന്നയാളുടെ പക്കല്‍ നിന്നും ബാക്കി കോയമ്പത്തൂരുള്ള ഡോ. പ്രഭു എന്നയാളുടെ പക്കല്‍ നിന്നും വാങ്ങിയതാണ്’. തന്റെ ജീവന് ഭീഷണിയുണ്ടെന്നും അജി നെട്ടൂര്‍ പ്രതികരിച്ചു.

അജി നെട്ടൂരും ബാലയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. പത്ത് വര്‍ഷക്കാലം മോന്‍സണ്‍ മാവുങ്കലിന്റെ ഡ്രൈവറായിരുന്നു അജി നെട്ടൂര്‍. ഇദ്ദേഹത്തിന്റെ സുഹൃത്തിനെ മോന്‍സണ്‍ തട്ടിപ്പിനിരയാക്കിയതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. തുടര്‍ന്ന് അജിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസിന്റെ ഭാഗത്തു നിന്നുള്‍പ്പെടെ അജിക്ക് പീഡനമേല്‍ക്കേണ്ടി വന്നു. ഇതിന് പിന്നാലെ മോന്‍സണിനെതിരെ അജിയും പരാതി നല്‍കി. ഇതോടെയാണ് ബാലയുടെ ഇടപെടല്‍.

മോന്‍സണ്‍ മാവുങ്കലിന്റെ ഉറ്റ സുഹൃത്തുക്കളില്‍ ഒരാളാണ് ബാല. ഈ ഒരു ബന്ധത്തിന്റെ പുറത്താണ് ബാല വിഷയത്തില്‍ ഇടപെട്ടത്. തന്നെ ഒരു സഹോദരനായിട്ടാണ് കാണുന്നതെങ്കില്‍ മോന്‍സണിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ബാല പറയുന്നുണ്ട്. അജിക്കെതിരായ കേസുകള്‍ ഒഴിവാക്കാന്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും സ്നേഹത്തോടെ മുന്നോട്ടു പോകണമെന്നും ബാല പറയുന്നുണ്ട്.

പുരാവസ്തു വിൽപനക്കാരനെന്ന പേരിൽ കോടികൾ തട്ടിയതിന് അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ പൊലീസ് വഴിവിട്ടു സഹായിച്ചതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മോന്‍സനെതിരെ പരാതി നല്‍കിയവരുടെ ഫോൺ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തി നല്‍കി. ഇക്കാര്യം ഐജി ജി.ലക്ഷ്മണിനോട് മോന്‍സ് പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പൊലീസ്, സിബിഐ തുടങ്ങിയ ഏജന്‍സികള്‍ക്ക് മാത്രം ലഭിക്കുന്ന വിവരങ്ങളാണു മോന്‍സന് അനധികൃതമായി എടുത്തു നല്‍കിയത്. ആരാണ് വിവരങ്ങൾ ചോർത്തുന്നതെന്ന് അന്വേഷിക്കണമെന്ന് ഐജി പറഞ്ഞപ്പോഴാണ് സിഡിആർ (കോൾ വിവരങ്ങൾ) എടുക്കുന്നുണ്ടെന്ന് മോൻസൻ പറഞ്ഞത്.

ആലപ്പുഴ സി– ബ്രാഞ്ച് ഡിവൈഎസ്പി ബെന്നിക്ക് ‘ഫയറിങ്’ കൊടുക്കണമെന്നും മോന്‍സന്‍ ഐജിയോട് പറയുന്നുണ്ട്. ചേര്‍ത്തലയിലെ വാഹനക്കേസില്‍ എതിര്‍ നിലപാട് എടുത്തതാണ് കാരണം. കേസിൽ ആലപ്പുഴ എസ്പിയെയും മോന്‍സന്‍ കണ്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഐജി ലക്ഷ്മണിനോട് പരാതി പറഞ്ഞത്. മോന്‍സനെതിരായ അന്വേഷണം ഐജി ലക്ഷ്മണ്‍ അട്ടിമറിച്ചതിന്‍റെ തെളിവുകളും കഴി‍ഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

നഗരസഭയുടെ പുതിയ എജി രാഘവ മേനോൻ മന്ദിരത്തോട് ചേർന്നുള്ള ആഴമേറിയ ‘പോളക്കുള’ത്തിലേക്ക് രണ്ട് യാത്രികരെയും കൊണ്ട് കാർ മുങ്ങു. സ്റ്റാച്യുവിനു സമീപത്താണ് സംഭവം. കാറിന്റെ ഡിക്കി ഭാഗം തുറക്കാൻ സാധിച്ചതുകൊണ്ട് വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ശബ്ദംകേട്ട് സമീപവാസികളടക്കം ഓടിക്കൂടിയാണ് യാത്രക്കാരായ ഇരുവരേയും കരയ്ക്ക് കയറ്റിയത്.

കടവന്ത്ര ഓർക്കിഡ് പാരഡൈസ് അപ്പാർട്ട്‌മെൻറിൽ താമസിക്കുന്ന വേണുഗോപാൽ (56), തിരുവാങ്കുളം സോണാട്ട് ബിനോയ് (54) എന്നിവരാണ് കാറിനൊപ്പം കുളത്തിൽ വീണത്. ഇരുവരും ലോക്കോ പൈലറ്റുമാരാണ്. ചൊവ്വാഴ്ച രാത്രി ഏഴിനായിരുന്നു അപകടം. വേണുഗോപാലാണ് കാർ ഓടിച്ചിരുന്നത്. കാർ നേരെ പാർക്ക് ചെയ്യുന്നതിനിടെ കുളത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വെള്ളത്തിലേക്ക് താഴ്ന്ന കാറിന്റെ ഡിക്കി ഡോറിന്റെ കുറച്ചു ഭാഗം മാത്രമേ പുറമേ കാണാനുണ്ടായിരുന്നുള്ളൂ.

തൃപ്പൂണിത്തുറ നഗരസഭയുടേതാണ് വെള്ളം നിറഞ്ഞുകിടക്കുന്ന ഈ കുളം. കുളത്തിനരികിൽ സംരക്ഷണ ഭിത്തിയോ, മറ്റ് സുരക്ഷാ കാര്യങ്ങളോ ഇല്ലാത്തതിനാൽ പരിചയമില്ലാത്തവർക്ക് പായൽ നിറഞ്ഞു കിടക്കുന്ന കുളം പറമ്പാണെന്നേ തോന്നുകയുള്ളൂ. ഇതാണ് അപകടത്തിനിടയാക്കിയത്.

ഈ സമയം ഇവിടെ തെരുവ് വിളക്ക് തെളിഞ്ഞിട്ടുമുണ്ടായിരുന്നില്ല. ഇവിടെ മറ്റൊരു കാർ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. കുളമാണെന്നറിയാതെ കാർ മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടമെന്ന് വേണുഗോപാൽ പറഞ്ഞു. കുളത്തിൽ പുല്ല് വളർന്നു നിൽക്കുന്നുണ്ട്. കാറിലിരുന്ന് നോക്കിയപ്പോൾ പറമ്പ് പോലെയാണ് തോന്നിയതെന്നും വേണുഗോപാൽ പറഞ്ഞു. കാറിനൊപ്പം മുങ്ങിയതോടെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഭാഗ്യത്തിന് ഡിക്കി ഭാഗം തുറക്കാനായി. ആളുകളും ഓടിക്കൂടി. അതാണ് രക്ഷയായതെന്നും അദ്ദേഹം പറഞ്ഞു.

മോണ്‍സണ്‍ മാവുങ്കലിനെതിരായ കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി നടന്‍ ബാല. പരാതി നല്‍കിയ മോണ്‍സന്റെ മുന്‍ ഡ്രൈവര്‍ അജിതിനോടായിരുന്നു ബാലയുടെ ആവശ്യം. അജിതും ബാലയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അജിതിനെതിരേ മോണ്‍സണ്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മോണ്‍സന്റെ രഹസ്യങ്ങളെല്ലാം അറിയുന്ന അജിത്തും പോലീസിനെ സമീപിക്കുകയായിരുന്നു. തന്നെ മോശക്കാരനായി ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് മോണ്‍സണെതിരേ പരാതി നല്‍കിയതെന്ന് അജിത് വെളിപ്പെടുത്തി.

പത്ത് വര്‍ഷം പട്ടിയെപ്പോലെ പണിയെടുത്തതിനുള്ള പ്രതിഫലമായി തനിക്ക് നല്‍കിയ ബോണസ് കള്ളക്കേസുകളാണെന്ന് അജിത് ബാലയോട് പറയുന്നുണ്ട്. എന്നാല്‍, കേസ് പിന്‍വലിക്കണമെന്ന് ബാല ആവശ്യപ്പെടുമ്പോള്‍ അജിത് വിസമ്മതിക്കുകയും ചെയ്യുന്നുണ്ട്.

ബാലയുടെ യൂട്യൂബ് ചാനലില്‍ മോണ്‍സണെ അഭിമുഖം ചെയ്തിട്ടുണ്ട്. ബാലയുടെ അടുത്ത സുഹൃത്ത് കൂടിയാണ് മോണ്‍സണ്‍. താരത്തിന്റെ വിവാഹത്തിനടക്കം മോണ്‍സണ്‍ പങ്കെടുത്തിരുന്നു. ബാലയ്ക്കു വിലകൂടിയ സമ്മാനവും നൽകിയതായാണ് റിപ്പോർട്ട്.

ആശുപത്രി സ്‌ട്രെച്ചറില്‍ കിടന്ന് പ്രിയതമനെ അവസാനമായി ഒരു നോക്കു കണ്ട് ജിനി. കൂടി നിന്നവരുടെയും കണ്ണുകളെ ഈറനണിയിക്കുന്ന നിമിഷം കൂടിയായിരുന്നു അത്. പെരിങ്കരിയില്‍ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ജസ്റ്റിന്റെ മൃതദേഹം തിങ്കളാഴ്ചയാണ് ചികിത്സയില്‍ കഴിയുന്ന ഭാര്യ ജിനിയെ കാണിക്കാന്‍ കണ്ണൂരിലെ മിംസില്‍ എത്തിച്ചത്.

ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു വൈകാരികമായ നിമിഷങ്ങള്‍. അതുവരെ ജസ്റ്റിന്‍ മറ്റൊരു ആശുപത്രിയിലാണെന്നും പരിക്ക് ഗുരുതരമാണെന്നും അറിയിച്ച് ആശ്വസിപ്പിച്ച് നിര്‍ത്തിയിരിക്കുകയായിരുന്നു. ജസ്റ്റിനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിച്ചതോടെ തകര്‍ന്നുപോയി ജിനി. അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ വീട്ടിലേക്ക് വരണമെന്ന് ജിനി നിര്‍ബന്ധം പിടിച്ചെങ്കിലും ഡോക്ടര്‍മാരുടെയും ബന്ധുക്കളുടെയും സമ്മര്‍ദത്തിന് വഴങ്ങി ആശുപത്രിയില്‍ തന്നെ കഴിയുകയായിരുന്നു.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധന കഴിഞ്ഞ് ധനലക്ഷ്മി ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. വൈകുന്നേരത്തോടെ മൂത്ത സഹോദരന്‍ ജോജുവും മാതാപിതാക്കളും താമസിക്കുന്ന പെരിങ്കരിയിലെ വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച 11-ന് പെരിങ്കരി സെയ്ന്റ് അല്‍ഫോന്‍സാ പള്ളി സെമിത്തേരിയില്‍ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ സംസ്‌കരിക്കും.

ഞായറാഴ്ച ഇതേ പള്ളിയിലേക്ക് ജിനിക്കൊപ്പം ബൈക്കില്‍ പുറപ്പെട്ടപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. വീട്ടിലെത്തിച്ച മൃതദേഹത്തിനരികെ ജസ്റ്റിന്റെ പിഞ്ചുമക്കള്‍ ഇരുന്നത് എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു.

യുവതി ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. ശേഷം കിണറ്റില്‍ ചാടിയ യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പേരോട്ടെ മഞ്ഞനാംപുറത്ത് റഫീഖിന്റെ ഭാര്യ സുബീന മുംതാസാണ് (30) മൂന്നുവയസ്സുള്ള മുഹമ്മദ് റസ്‌വിന്‍, ഫാത്തിമ റൗഹ എന്നിവരെ കിണറ്റിലെറിഞ്ഞത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പറയപ്പെടുന്നു. ഇവരെ പിന്നീട് നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വീടിനു പിറകുവശത്തെ ആള്‍താമസമില്ലാത്ത തറവാട്ടുവീട്ടിലെ കിണറ്റിലാണ് കുട്ടികളെ എറിഞ്ഞത്. മരണം ഉറപ്പാക്കി പത്തു മണിക്ക് വാണിമേലിലെ ബന്ധുവിനെ ഫോണിലൂടെ വിവരം അറിയിച്ചതിനുശേഷമാണ് ഇവര്‍ കിണറ്റില്‍ ചാടിയത്. ബന്ധു സുഹൃത്തിനെയും കൂട്ടി പേരോട്ടെത്തി വീട്ടുകാരെ വിവരം ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരിസരത്ത് നടത്തിയ അന്വേഷണത്തിനിടയിലാണ് സുബീനയുടെ കരച്ചില്‍ കിണറ്റില്‍നിന്ന് കേട്ടത്.

കിണറ്റിലെ മോട്ടോര്‍ പൈപ്പില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന സുബീനയെ നാട്ടുകാരും സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കരക്കുകയറ്റി. നാട്ടുകാരാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കുട്ടികളുടെ മൃതദേഹം മുതാക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സുബീനയെ നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

RECENT POSTS
Copyright © . All rights reserved