Kerala

മുന്‍ മിസ് കേരള ആന്‍സി കബീറും (25), മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും (26) വാഹനാപകടത്തില്‍ മരിച്ചതിന്റെ ദുഃഖത്തില്‍
പങ്കുചേര്‍ന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.

ഈ ഊര്‍ജ്ജസ്വലരായ പെണ്‍കുട്ടികള്‍ക്കൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിച്ചത് വലിയ അംഗീകാരമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മരിച്ച അഞ്ജന സല്യൂട്ട് എന്ന തന്റെ പുറത്തിറങ്ങാന്‍ പോകുന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ടെന്നും അന്‍സി ഒരു പരസ്യ ചിത്രത്തില്‍ തന്നോടൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകാന്‍ തന്റെ പ്രാര്‍ഥനയുണ്ടെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ വൈറ്റിലയിലുണ്ടായ വാഹനാപകടത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

2019-ലെ മിസ് കേരളയായിരുന്ന അന്‍സി കബീര്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ്. അന്‍സിയുടെ സുഹൃത്തും 2019-ലെ മിസ് കേരള റണ്ണറപ്പുമായ അഞ്ജന ഷാജന്‍ തൃശൂര്‍ സ്വദേശിനിയാണ്. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു.

കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ സിനിമാ നടന്‍ ജോജു ജോര്‍ജിന്റെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ വൈറ്റിലയില്‍ ഗതാഗതം തടസപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിനെതിരെയാണ് ജോജു പരസ്യമായി പ്രതിഷേധിച്ചത്. എന്നാല്‍ പ്രതിഷേധിച്ചതിന് പിന്നാലെ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് സമരക്കാര്‍ അടിച്ചുതകര്‍ത്തു. കോണ്‍ഗ്രസിന്റെ ഉപരോധം കാരണം വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിലുള്ളത്. ആശുപത്രി, ഓഫീസ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ മണിക്കൂറുകളായി റോഡില്‍ കുടുങ്ങികിടക്കുകയാണ്.

തിങ്കളാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങളുമായെത്തി ഉപരോധ സമരം ആരംഭിച്ചത്. വാഹനങ്ങള്‍ റോഡില്‍ പലയിടങ്ങളിലായി നിര്‍ത്തി താക്കോല്‍ ഊരി പുറത്തിറങ്ങുകയായിരുന്നു. ഇതോടെ വൈറ്റില മുതല്‍ ഇടപ്പള്ളി വരെ ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെയാണ് ഗതാഗതക്കുരുക്കില്‍പ്പെട്ട സിനിമാ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. വാഹനത്തില്‍നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് ചെറിയരീതിയിലുള്ള വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോടാണ് ചോദ്യങ്ങള്‍ ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, കാശുണ്ടായത് കൊണ്ടാണ് ജോജു ജോര്‍ജ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. താന്‍ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ഇതിന് ജോജു നല്‍കിയ മറുപടി.

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്‍ (26) എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. എറണാകുളം വൈറ്റിലയിലാണ് അപടമുണ്ടായത്.

2019-ലെ മിസ് കേരളയായിരുന്ന അന്‍സി കബീര്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ്. അന്‍സിയുടെ സുഹൃത്തും 2019-ലെ മിസ് കേരള റണ്ണറപ്പുമായ അഞ്ജന ഷാജന്‍ തൃശൂര്‍ സ്വദേശിനിയാണ്. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. നാലുപേരാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ക്രൈസ്തവ വിശ്വാസി ആയിരുന്നെങ്കിൽ പിണറായി വിജയൻ ഒരു മെത്രാനെങ്കിലും ആകുമായിരുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. തലശ്ശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെയാണു കർദിനാളിന്റെ പരാമർശം.

ബൈബിൾ വചനങ്ങൾ മുഖ്യമന്ത്രി പ്രസംഗത്തിലുടനീളം ഉദ്ധരിച്ചിരുന്നു. ആർച്ച് ബിഷപ്പ് ഞറളക്കാട്ടിന്റെ അജപാലന ജീവിതത്തിലെ ഓരോ സംഭവങ്ങളും മുഖ്യമന്ത്രി പരാമർശിക്കുകയും ചെയ്തു. ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രിക ലേഖനത്തിലെ സന്ദേശങ്ങളും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.

ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവർണ ജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു
മണ്ണിൽ പണിയെടുക്കുന്നവൻ എന്ന് അർത്ഥമുള്ള ജോർജ് എന്ന പേര് അന്വർത്ഥമാക്കും വിധം കർഷക പ്രശ്നങ്ങളിൽ ഇടപെടുന്ന ആളാണ് ആർച്ച് ബിഷപ്പ് ഞറളക്കാട്ടെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസം​ഗത്തിൽ പറഞ്ഞു. ലളിത ജീവിതവും കരുണയുള്ള ഹൃദയവുമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. പച്ചമനുഷ്യനായി, മനുഷ്യർക്കുവേണ്ടി ജീവിക്കുന്ന ആർച്ച് ബിഷപ്പ് ജോർജ് ഞറളക്കാട്ടിന്റെ ജീവിതം മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ട് മെത്രാനായിരുന്നില്ലെങ്കിൽ ഒരു കർഷക നേതാവ് ആകുമായിരുന്നുവെന്ന് കെ മുരളീധരൻ എംപി അഭിപ്രായപ്പെട്ടു. അദ്ദേഹത്തെ ഡൽഹി കർഷക സമര വേദിയിൽ‌ അദ്ദേഹത്തെ കണ്ടേനെയെന്നും മുരളീധരൻ പറഞ്ഞു.

ജൂബിലി സ്മാരകമായി അതിരൂപത ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് പദ്ധതി കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ കെ കെ ശൈലജ, എഎൻ ഷംസീർ, സണ്ണി ജോസഫ്, സജീവ് ജോസഫ് യൂത്ത് ലീ​ഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വാണി വിശ്വനാഥും ബാബുരാജും വിവാഹിതരാകുമ്പോള്‍ നായികയെ സ്വന്തമാക്കിയ വില്ലന്‍ എന്ന കൗതുകമാണ് പ്രേക്ഷകര്‍ക്കിയില്‍ ഉണ്ടായത്. പ്രണയം തുടങ്ങുമ്പോള്‍ നല്ല റൊമാന്റിക് സിനിമ പോലെയാണ് ജീവിതം, പിന്നെ ഷാജി കൈലാസ് ചിത്രങ്ങളെ പോലെയാവും പിന്നീട് അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ സിനിമകള്‍ പോലെയാവും എന്നാണ് വാണി വിശ്വനാഥ് പറയുന്നത്.

താനും ബാബുരാജും ഇപ്പോഴും വഴക്ക് ഉണ്ടാക്കും എന്നാണ് വാണി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ”ഞങ്ങളിപ്പോഴും ഇടയ്ക്ക് വഴക്കുണ്ടാവും, അടികൂടി അടുത്ത നിമിഷം അങ്ങ് പിരിഞ്ഞുപോയാലോ എന്നു വരെ ഓര്‍ക്കും. പിന്നെ ആലോചിക്കുമ്പോള്‍, ഒന്നിച്ചു നില്‍ക്കാന്‍ തോന്നിപ്പിക്കുന്ന മനോഹരമായ എത്രയോ നിമിഷങ്ങളും ഓര്‍മകളുമുണ്ടല്ലോ എന്നോര്‍ക്കും.”

”അതുവച്ച് അടുത്ത വര്‍ഷം പോയ്‌കൊള്ളും. അതാണ് ജീവിതം. വഴക്കും പിണക്കങ്ങളുമൊന്നുമില്ലാത്ത വീടുണ്ടാവില്ല. ഒന്നിച്ച് ജീവിക്കുന്നവര്‍ക്കിടയില്‍ വഴക്കോ പിണക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ഒന്നുമില്ലെങ്കില്‍ അവിടെ എന്തോ പ്രശ്‌നമുണ്ടെന്ന് വിചാരിക്കാം. ഞാന്‍ തന്നെ പറയും, പ്രണയം തുടങ്ങുമ്പോള്‍ നല്ല റൊമാന്റിക് സിനിമ പോലെയാണ് ജീവിതം.”

”പിന്നെ ഷാജി കൈലാസ് ചിത്രങ്ങളെ പോലെയാവും, ഫൈറ്റും വഴക്കുമൊക്കെ ഇടയ്ക്ക് കയറി വരും. അവസാനമാകുമ്പോഴേക്കും അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ സിനിമകള്‍ പോലെയാവും” എന്നാണ് വാണി വിശ്വനാഥിന്റെ വാക്കുകള്‍. അതേസമയം, വിവാഹജീവിതത്തെ മുന്നോട്ടു കൊണ്ടുപോവുന്നത് ഉള്ളിന്റെയുള്ളില്‍ പരസ്പരമുള്ള ഒരു ‘അഫക്ഷന്‍’ ആണെന്നും താരം പറയുന്നു.

ആ അഫക്ഷന്‍ ഉണ്ടെങ്കില്‍, എന്തൊക്കെ പ്രശ്‌നം വന്നാലും, എത്ര വഴക്കുണ്ടായാലും മനസില്‍ നിന്നും സ്‌നേഹം പോവില്ല. ആ അടുപ്പം പ്രണയത്തിനും അപ്പുറമാണ് എന്നും വാണി പറയുന്നു. നീണ്ട പതിമൂന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക്് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചു വരികയാണ് വാണി. ദി ക്രിമിനല്‍ ലോയര്‍ എന്ന ചിത്രത്തില്‍ ബാബുരാജിനൊപ്പമാണ് താരത്തിന്റെ മടങ്ങി വരവ്.

കണ്ണൂര്‍ നാലുവയലില്‍ പനി ബാധിച്ച പെണ്‍കുട്ടി മരിച്ചു. ഹിദായത്ത് വീട്ടിലെ പതിനൊന്നുകാരിയായ ഫാത്തിമ (11)യാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്ക്ക് കലശലായ പനി ഉണ്ടായിരുന്നു.

എന്നാല്‍ അസുഖത്തിന് ശരിയായ രീതിയിലുള്ള ചികിത്സ വീട്ടുകാര്‍ നല്‍കിയിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോട് കൂടിയാണ് ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു എന്ന് ആശുപത്രി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

ശാസ്ത്രീയമായ വൈദ്യ സഹായം നല്‍കാന്‍ താല്‍പ്പര്യമില്ലാത്ത കുടുംബമാണ് ഫാത്തിമയുടേത് എന്ന് പ്രദേശവാസികള്‍ പറയുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സ നല്‍കേണ്ടതില്ല, പകരം മതപരമായ ചികിത്സകള്‍ നല്‍കിയാല്‍ മതി എന്ന് വിശ്വസിക്കുന്ന കുടുംബക്കാരാണ് ഫാത്തിമയുടേത്. അങ്ങനെയാണ് മരണം സംഭവിച്ചത് എന്ന ആരോപണമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

മതിയായ ചികിത്സ നല്‍കാതെ മതപരമായ ചികിത്സയാണ് നല്‍കിയത് എന്ന് പരിസരവാസികളും പറയുന്നു. ഫാത്തിമയുടെ കുടുംബത്തില്‍ നേരത്തെയും ഇത്തരത്തില്‍ ഒരു ബന്ധു ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു

തെന്നിന്ത്യൻ നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ മലയാളം സിനിമാ-സീരിയൽ താരം പ്രിയങ്കയെ കോടതി വെറുതെവിട്ടു.

തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രേഷ്മ ശശിധരനാണ് പ്രിയങ്കയെ വെറുതെവിട്ട് ഉത്തരവിറക്കിയത്. 2004-ലായിരുന്നു ഏറെ വിവാദമായ കേസിനാസ്പദമായ സംഭവം.

പ്രിയങ്ക കാവേരിയെ ഭീഷണിപ്പെടുത്തിയും ആൾമാറാട്ടം നടത്തിയും പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. തിരുവല്ല പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

വാരികയിൽ വാർത്ത വരാതിരിക്കാൻ പണം

2004ലാണ് കേസിനാസ്പദമായ സംഭവം നട‌ന്നത്. ഒരു വാരികയിൽ വാർത്ത വരാതിരിക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ട് കാവേരിയുടെ അമ്മയെ പ്രിയങ്ക ഫോണിൽ വിളിച്ചു. തുടർന്ന് വാരികയുടെ എഡിറ്ററോട് കാവേരിയുടെ അമ്മ അന്വേഷിച്ചപ്പോൾ ഭീഷണിയിൽ കാര്യമില്ലെന്ന് മനസിലായി. തുടർന്ന് കാവേരിയുടെ അമ്മ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ നിർദേശപ്രകാരം മൂന്ന് ലക്ഷം രൂപ നൽകാമെന്നും അഡ്വാൻസായി ഒരു ലക്ഷം രൂപ എത്തിക്കാമെന്നും കാവേരിയുടെ അമ്മ പ്രിയങ്കയെ അറിയിച്ചു. പറഞ്ഞുറപ്പിച്ചതനുസരിച്ച് പണം വാങ്ങാൻ ആലപ്പുഴയിലെ ഒരു ഹോട്ടലിന് മുന്നിലെത്തിയ പ്രിയങ്ക പണം കൈപ്പറ്റി. ഉടൻതന്നെ ഹോട്ടൽപരിസരത്ത് മഫ്തിയിൽ ഉണ്ടായിരുന്ന പൊലീസ് പ്രിയങ്കയെ അറസ്റ്റ് ചെയ്തു.

തെളിവുകൾ ഇല്ല

ഭീഷണിപ്പെടുത്തിയും ആൾമാറാട്ടം നടത്തിയും പ്രിയങ്ക കാവേരിയിൽനിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. തിരുവല്ല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 384, 419, 420 എന്നീ വകുപ്പുകൾ പ്രകാരം നിലവിലുണ്ടായിരുന്ന കേസിൽ പ്രിയങ്കയെ നിരുപാധികം വെറുതെ വിട്ടുകൊണ്ടാണ് കോടതി ഉത്തരവായത്. മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടതുകൊണ്ടാണ് കേസിൽ പ്രിയങ്കയെ വെറുതെവിട്ടത്.

പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ട യുവാവും വീട്ടമ്മയും അറസ്റ്റിൽ. കൊല്ലം   ജില്ലയിലെ പൂയപ്പള്ളി പൊലീസ്  സ്റ്റേഷൻ പരിധിയിലെ ചെറിയവെളിനെല്ലൂരിലാണ് സംഭവം. ചെറിയ വെളിനല്ലൂര്‍ മേലേ കൊച്ചു പുത്തന്‍വീട്ടില്‍ ജിതിന്‍ (33), അയല്‍വാസിയും വീട്ടമ്മയുമായ സുധീന (36) എന്നിവരാണ് അറസ്റ്റിലായത്. വിവാഹിതനും ഒരു ആണ്‍കുട്ടിയുടെ അച്ഛനുമാണ് ജിതിന്‍. പതിമൂന്നും ഒമ്ബതും വയസുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് സുധീന. അടുത്തടുത്ത വീടുകളിൽ താമസിച്ചിരുന്ന ഇരുവരും തമ്മിൽ ഏറെ കാലമായി അടുപ്പത്തിലായിരുന്നു. ഇതേചൊല്ലി ഇരുവരുടെയും വീടുകളിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അതിനിടെ ഇരുവരും ഒരുമിച്ച് നാടുവിട്ടത്.

ഇതേത്തുടർന്ന് സുധീനയുടെ ഭർത്താവ് പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിനിടെ സുധീനയെയും ജിതിനെയും കൊല്ലം റെയിൽവേസ്റ്റേഷനിൽനിന്ന് ശനിയാഴ്ച പിടികൂടുകയായിരുന്നു. ഇരുവർക്കുമെതിരെ ബാലനീതി വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും, 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

സുഹൃത്തായ ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് കോട്ടയം പൈക സ്വദേശിയായ അഖിലിനെ കൊലപ്പെടുത്താൻ സുഹൃത്ത് വിശാഖ് ക്വട്ടേഷൻ നൽകിയത്. കേസിൽ വിശാഖും (26) ക്വട്ടേഷൻ ഏറ്റെടുത്ത കാഞ്ഞിരപ്പള്ളി സ്വദേശി വിഷ്ണുവും (27) അറസ്റ്റിലായി. ഓട്ടോ കത്തിക്കുന്നതിനിടെ വിഷ്ണുവിനും പൊള്ളലേറ്റിട്ടുണ്ട്.

അഖിലിനെ കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ അഖിലിന്റെ ഓട്ടോറിക്ഷ പ്രതി വിഷ്ണു തീയിട്ട് നശിപ്പിച്ചിരുന്നു. വിശാഖും അഖിലും പാലാ സ്വദേശിനിയായ പെൺകുട്ടിയെ പ്രണയിച്ചതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്. ഇരുവരും സുഹൃത്തുക്കളായിരുന്ന കാലത്ത് സ്ത്രീവിഷയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒരുമിച്ച് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ഇരുവരും പിണങ്ങിപ്പിരിഞ്ഞപ്പോൾ അഖിൽ പഴയകാര്യങ്ങൾ പുറത്തുപറയുമെന്ന് വിശാഖ് ഭയപ്പെട്ടു.

അഖിലും വിശാഖും ഐടിഐയിൽ പഠിക്കുന്ന കാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് വിശാഖ് കെഎസ്ഇബിയിലെ കരാർ തൊഴിലാളിയായി ജോലി തുടങ്ങി. ഓട്ടോഡ്രൈവറായ അഖിലിന്റെ ഓട്ടോ വിശാഖ് നിരന്തരം ഓട്ടത്തിന് വിളിക്കുകയും ചെയ്തിരുന്നു. ഈ വകയിൽ അഖിലിന് പണം നൽകാനുമുണ്ട്.

ഇരുവരും പാലാ സ്വദേശിനിയായ പെൺകുട്ടിയെ ഇഷ്ടപ്പെട്ടിരുന്നു. പിന്നീട് ഈ പ്രണയത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കവുമുണ്ടായി. പ്രണയത്തിന് പെൺകുട്ടിയുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിക്കുകയും അഖിലിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. മർദ്ദനത്തെ തുടർന്ന് വിശാഖിനെതിരെ അഖിലും വീട്ടുകാരും പോലീസിൽ പരാതി നൽകി. തുടർന്ന് വിശാഖ് കാഞ്ഞിരപ്പള്ളി സ്വദേശിയായ വിഷ്ണുവിന് അഖിലിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകുകയായിരുന്നു. ആസിഡ്, കോപ്പർ സൾഫേറ്റ്, എലിവിഷം എന്നിവ വാങ്ങി. വെള്ളിയാഴ്ച പൈകയിലെത്തിയ വിഷ്ണു അഖിലിന്റെ ഓട്ടോറിക്ഷ ഓട്ടംവിളിച്ച് പൂവരണിയിലെ ആശുപത്രിയിലെത്തി.

ഭാര്യ അഡ്മിറ്റാണെന്നും വൈകീട്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞു. വൈകീട്ട് ഏഴ് മണിയോടെ വിഷ്ണു അഖിലിനെ വിളിച്ച് പൂവരണിയിലെ ആശുപത്രിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. അഖിലെത്തിയപ്പോൾ ഭാര്യ ഗുരുതരാവസ്ഥയിലായതിനാൽ ആംബുലൻസിൽ കൊണ്ടുപോയെന്നും പിന്നാലെ പോകാമെന്നും പറഞ്ഞ് അഖിലിനെയുംകൂട്ടി രാത്രിയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി.

വഴിയിൽ വെച്ച് ഓട്ടോ നിർത്തിച്ച് കഴുത്ത് സ്റ്റിയറിങ്ങിലേക്ക് കുത്തിപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അഖിൽ കുതറിയോടി ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. പോലീസെത്തുമ്പോൾ ഓട്ടോ കത്തുന്നതാണ് കാണുന്നത്. അഖിൽ രക്ഷപ്പെട്ട വിവരം അറിയിച്ചപ്പോൾ വിശാഖിന്റെ നിർദേശപ്രകാരം ഓട്ടോയുടെ പെട്രോൾ ടാങ്കിന്റെ പൂട്ട് പൊളിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് വിഷ്ണുവിന്റെ മൊഴി.

പിന്നീട്, സംഭവശേഷം ഒന്നുമറിയാത്ത രീതിയിൽ വഴിയിലൂടെ നടന്നുപോയ വിഷ്ണുവിനെ പോലീസ് പിടികൂടുകയായിരുന്നു. 8000 രൂപ കൊലപാതകത്തിന് മുൻകൂറായി വാങ്ങി. ഒരു കോടി രൂപ നൽകാമെന്നാണ് വിശാഖ് പറഞ്ഞതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്‍റെ (Sathyan Kadiyangad) മകള്‍ അഹല്യ കൃഷ്ണ വാഹനാപകടത്തില്‍ (accident) മരിച്ചു. കോഴിക്കോട് കൂത്താളിയില്‍ വെച്ച് അഹല്യ സഞ്ചരിച്ച സ്കൂട്ടറില്‍ ലോറിയിടിച്ചാണ് അപകടം. ഇന്ദിര ഗാന്ധി അനുസ്മരണത്തിന്‍റെ ഒരുക്കങ്ങള്‍ കോഴിക്കോട് ഡിസിസിയില്‍ നടത്തുന്നതിനിടെയാണ് സത്യന്‍ കടിയങ്ങാട് മകളുടെ വേര്‍പാട് അറിയുന്നത്.

രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. പേരാമ്പ്ര -കുറ്റിയാടി റോഡില്‍ അഹല്യ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറില്‍ ലോറിയിടിച്ചായിരുന്നു അപകടം. അഹല്യ പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റിയാടി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതേ ദിശയിലെത്തിയ ലോറി എതിരെ വന്ന വാഹനത്തിനായി അരികിലൊതുക്കിയപ്പോള്‍ അഹല്യയുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൂത്താളി രണ്ടേ രണ്ട് എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. സ്ഥിരം അപകട മേഖലയാണിതെന്ന് നാട്ടുകാര്‍ പറയുന്നു.

കെപിസിസി സെക്രട്ടറിയായ സത്യന്‍ കടിയങ്ങാട് ഈ സമയം കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസിലായിരുന്നു. ഇന്ദിരാ ഗാന്ധി അനുസ്മരണ പരിപാടിയുടെ ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് മകളുടെ വിയോഗ വിവിരം അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. പതിനഞ്ചുകാരിയായ അഹല്യ കൃഷ്ണ പേരാമ്പ്ര സെന്‍റ് ഫ്രാന്‍സിസ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

RECENT POSTS
Copyright © . All rights reserved