ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻ അന്വേഷണസംഘം. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുമായി കൂടുതൽ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും. ആറുവയസുകാരിയെ കൂടാതെ മറ്റ് കുട്ടികളെ ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും അറിയാൻ വിശദമായി ചോദ്യം ചെയ്യും.
റിമാൻഡിലായിരുന്ന പ്രതി അർജുനെ കസ്റ്റഡിയിൽ ലഭിച്ചതോടെ കൂടുതൽ തെളിവു ശേഖരണത്തിലേക്ക് നീങ്ങിയിരിക്കുകയാണ് അന്വേഷണസംഘം. പെൺകുഞ്ഞിന് മിഠായിയും പലഹാരവും വാങ്ങി നൽകിയായിരുന്നു പീഡനമെന്നാണ് പ്രതിയുടെ മൊഴി. വണ്ടിപ്പെരിയാറിലെ കടകളിൽ നിന്ന് പൊലീസ് തെളിവുകൾ ശേഖരിക്കും. കട ഉടമകളെ കേസിൽ സാക്ഷികളാക്കും. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾക്കായി മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. കൊലപാതകത്തിനു ശേഷം പ്രതിക്ക് ആരെങ്കിലും സഹായം നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കും.
ഇതുപോലെ മറ്റാർക്കങ്കിലും പ്രതിയിൽ നിന്ന് ദുരനുഭവം ഏറ്റിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ ശരീരത്തിൽ നിന്നു കണ്ടെത്തിയ മുടിയിഴകൾ പ്രതിയുടേതാണെന്നു ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. ഇത് കേസിലെ നിർണായക തെളിവാകും.
ജൂൺ 30ന് ലയത്തിലെ മുറിയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങിയെന്നാണ് ആദ്യം കരുതി. പോസ്റ്റ്മോർട്ടത്തിലാണു പീഡനവിവരം വ്യക്തമായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുപത്തിരണ്ടുകാരനായ അർജുൻ കുറ്റം സമ്മതിക്കുകയായിരുന്നു.
ചങ്ങനാശ്ശേരി വാഴൂര്‍ റോഡില്‍ മാമ്മൂടിനു സമീപം കൊച്ചുറോഡില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.മാമ്മൂട് ചൂരനോലി പള്ളിക്കുന്നേല്‍ അജിത് (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്തു നിന്നും കറുകച്ചാല്‍ ഭാഗത്തേക്കു പോവുകയായിരുന്ന അജിത്തിന്റെ ബൈക്ക് എതിര്‍ ദിശയിലെത്തിയ സ്‌കൂട്ടറുമായി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജിത്തിനെ നാട്ടുകാർ ചേർന്ന് ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലും ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 28നാണ് യുവതി പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ നടത്തിയ ആദ്യ പരിശോധനയില്‍ ചെറിയ തോതിലുള്ള പോസിറ്റീവ് കാണിച്ചു. തുടര്‍ന്ന് സിക്ക വൈറസ് ആണോയെന്നറിയാന്‍ എന്‍.ഐ.വി. പൂനയിലേക്ക് സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നുമയച്ച 19 സാമ്പിളുകളില്‍ 13 പേര്‍ക്ക് സിക്ക പോസിറ്റീവാണെന്ന് സംശയമുണ്ട്. എന്നാല്‍ എന്‍.ഐ.വി. പൂനയില്‍ നിന്നും ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജൂലൈ 7ന് യുവതിയുടെ പ്രസവം സാധാരണ നിലയില്‍ നടന്നു. കേരളത്തിന് പുറത്തുള്ള യാത്രാ ചരിത്രമൊന്നുമില്ല. പക്ഷെ അവരുടെ വീട് തമിഴ്‌നാട് അതിര്‍ത്തിയിലാണ്. ഒരാഴ്ച മുമ്പ് അവരുടെ അമ്മയ്ക്കും സമാനമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
പ്രാഥമികമായി സിക്ക വൈറസാണെന്ന് കണ്ടപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് കൃത്യമായ നടപടികള്‍ സ്വീകരിച്ചു. ജില്ലാ സര്‍വൈലന്‍സ് ടീം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, സംസ്ഥാന എന്റമോളജി ടീം എന്നിവര്‍ പാറശാലയിലെ രോഗബാധിത പ്രദേശം സന്ദര്‍ശിക്കുകയും നിയന്ത്രണ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ദുരിതബാധിത പ്രദേശത്തു നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ഈഡിസ് കൊതുകിന്റെ സാമ്പിളുകള്‍ പിസിആര്‍ പരിശോധനയ്ക്കായി അയയ്ക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. 3 മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള്‍ അപൂര്‍വമാണ്.
ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശങ്ങളിലെത്തിക്കും.
എന്‍.സി.ഡി.സി. ഡല്‍ഹി, എന്‍.ഐ.വി. പൂന എന്നിവിടങ്ങളിലാണ് സിക്ക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് സാധാരണയായി നടത്തുന്നത്.
നിലവില്‍ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.
കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. പകല്‍ സമയത്തും വൈകുന്നേരവും കൊതുക് കടിയില്‍ നിന്ന് സംരക്ഷണം നേടുക എന്നത് വളരെ പ്രധാനമാണ്. ഗര്‍ഭിണികള്‍, ഗര്‍ഭത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കൊതുകു കടിയില്‍ നിന്നും വ്യക്തിഗത സംരക്ഷണം നേടണം. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കില്‍ കൊതുക് വലയ്ക്ക് കീഴില്‍ ഉറങ്ങണം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കാണം.
സംസ്ഥാനത്തിന് 90 ലക്ഷം ഡോസ് വാക്‌സിന്‍ അധികമായി അനുവദിക്കണമെന്ന് മന്ത്രി കേന്ദ്ര സംഘത്തോട് അഭ്യര്‍ത്ഥിച്ചു. പ്രതിദിനം രണ്ടര മുതല്‍ 3 ലക്ഷം വരെ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ വാക്‌സിന്‍ ഒരുമിച്ച് നല്‍കുന്നത് പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു.
റിജിയണല്‍ ഡയറക്ടര്‍ ഓഫീസര്‍ പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. റുചി ജെയിന്‍, ജിപ്മര്‍ പള്‍മണറി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. സക വിനോദ് കുമാര്‍ എന്നിവരാണ് കേന്ദ്ര സംഘത്തിലുണ്ടായിരുന്നത്.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് വിങ്ങുമായും സംഘം ചര്‍ച്ച നടത്തി.
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്ര മള്‍ട്ടി ഡിസിപ്ലിനറി ടീം. സംസ്ഥാനത്തെ കോവിഡ് സാഹചര്യം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തവേയാണ് സംഘം സംതൃപ്തി രേഖപ്പെടുത്തിയത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, കോലഞ്ചേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കി. ഇങ്ങനെ ഫീല്‍ഡ് തലത്തില്‍ നിന്നും നേരിട്ട് കിട്ടിയ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
ആശുപത്രികളിലെ രോഗീ പരിചരണം, അടിസ്ഥാന സൗകര്യങ്ങള്‍, വാക്‌സിനേഷന്‍ എന്നിവയില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി. കേരളം കൈക്കൊണ്ടിട്ടുള്ള നിലപാടുകളിലും നടപടികളിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന രീതിയിലും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ടി.പി.ആര്‍. സംബന്ധിച്ച ആശങ്ക വേണ്ടെന്നാണ് കേന്ദ്ര സംഘം പറഞ്ഞത്. രണ്ടാം തരംഗത്തില്‍ ഈ രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നത് കേരളത്തിന്റെ ശക്തമായ പ്രതിരോധം കൊണ്ടാണ്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കേസ് കുറവായിരുന്നു. രണ്ടാം തരംഗം ഇതേ രീതിയില്‍ തന്നെ അവസാനിക്കുമെന്നാണ് കരുതുന്നത്. ഓക്‌സിജന്റേയും ഐസിയു കിടക്കകളുടേയും ക്ഷാമം ഉണ്ടാകാത്ത വിധത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താനായത് നേട്ടമായെന്നും കേന്ദ്ര സംഘം വിലയിരുത്തി.
കോഴിക്കോട്: അഞ്ചു വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ നവാസ്- സമീറ ദമ്പതികളുടെ മകള്‍ ആയിശ റെയ്ഹാനയാണ് മരിച്ചത്.
ബേപ്പൂര്‍ സ്വദേശികളായ കുടുംബം ചാമുണ്ഡിവളപ്പില്‍ ഏതാനും മാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. 12 വയസ്സുള്ള മറ്റൊരു കുട്ടിയും ഇവര്‍ക്കുണ്ട്. സംഭവത്തില്‍ അമ്മ സമീറയെ പോലീസ് കസ്റ്റഡിയിലെടുത്തു.
അമ്മക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. വീട്ടില്‍ നിന്ന് ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത്.
കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുകിയതിൻെറ പാടുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു.
വൈക്കം: ഭര്‍ത്താവിനെ ഉപേക്ഷിച്ച് രണ്ട് വയസുള്ള കുഞ്ഞിനെ കൂട്ടി യുവതി ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി. നാനാടം പിതൃകുന്നം സ്വദേശിയായ 23കാരിയാണ് കുഞ്ഞിനെയും കൂട്ടി ഫേസ്ബുക്ക് കാമുകനൊപ്പം പോയത്. തിങ്കളാഴ്ച രാവിലെ 10.30ന് കുഞ്ഞിനെയും കൂട്ടി അക്ഷയ സെന്ററിലും നഗരസഭയിലും പോയി വരാമെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നുമിറങ്ങിയത്.യുവതിയെ കാണാതായതോടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വൈക്കം പോലീസ് സേറ്റേഷനില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ യുവതിയും കുഞ്ഞും ആലപ്പുഴ ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയുടെ കൂടെയുണ്ടെന്ന് വിവരം ലഭിച്ചു.
ഫേസ്ബുക്കിലൂടെ പരിചയത്തിലായ ഇയാളുമായി യുവതി അടുപ്പത്തിലാകുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. ആലപ്പുഴ കൈനകരിയില്‍ വിവാഹം കഴിച്ചയച്ച യുവതി ബന്ധുവിന്റെ മരണത്തെ തുടര്‍ന്നു കഴിഞ്ഞ രണ്ടിനാണ് പിതൃകുന്നത്തെ വീട്ടിലെത്തിയത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ യുവതിയുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമായത് പോലിസിനേയും ബുദ്ധിമുട്ടിച്ചു. തുടര്‍ന്ന് വിവരം ലഭിച്ച മറ്റൊരു ഫോണിനെ കേന്ദ്രീകരിച്ചു സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതിയും കുഞ്ഞും ഫേസ്ബുക്ക് സുഹൃത്തിനൊപ്പമുണ്ടെന്ന് കണ്ടെത്തിയത്.
ബിവ്‌റേജ് ഔട്ട്‌ലെറ്റിന് മുന്‍പിലെത്തി കല്യാണപ്പെണ്ണും ചെക്കനും കല്യാണവേഷത്തില്‍ ഇരുന്നപ്പോള്‍ ആദ്യം ആളുകള്‍ അമ്പരന്നു. കാര്യം അന്വേഷിച്ചപ്പോഴാണ് അത് വ്യത്യസ്തമായൊരു പ്രതിഷേധമാണെന്് അറിഞ്ഞത്. ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ തിരൂര്‍ കെ.ജി. പടിയിലെ ബീവറേജസ് ഔട്ട്ലെറ്റിനു മുമ്പില്‍ നടത്തിയ ശ്രദ്ധക്ഷണിക്കല്‍ സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധമായിരുന്നു സംഘടിപ്പിച്ചത്.
ഈ പ്രതിഷേധവേദിയിലാണ് സംഘടനാപ്രവര്‍ത്തകരായ പൊന്നാനി സ്വദേശികളായ ഇസ്ഹാഖ് വരനായും ഫവാസ് വധുവായും വേഷമിട്ട് എത്തിയത്. ബീവറേജില്‍ ആയിരങ്ങള്‍ക്ക് വരിനിന്ന് മദ്യംവാങ്ങാം, കല്യാണത്തിന് 20 പേര്‍ക്കേ പങ്കെടുക്കാവൂ എന്ന വിവേചനത്തിലാണ് ഇവരുടെ വ്യത്യസ്തമായ പ്രതിഷേധം.
കാറ്ററിങ് മേഖലയെ സംരക്ഷിക്കുക, കാറ്ററിങ് മേഖലയെ ചെറുകിട വ്യവസായമായി അംഗീകരിക്കുക, ഹാളുകളുടെ വലിപ്പത്തിനനുസരിച്ച് മാനദണ്ഡം പാലിച്ച് വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. പ്രതിഷേധസമരം ഉദ്ഘാടനംചെയ്തു. സംഘടനയുടെ ജില്ലാസെക്രട്ടറി സലീം ബ്രദേഴ്‌സ് അധ്യക്ഷതവഹിച്ചു. കെ.എച്ച്.ജി.ഒ.എ. ജില്ലാസെക്രട്ടറി ആര്‍. ഇബ്രാഹിംകുട്ടി, മുഹമ്മദ്, ഷമീര്‍, നാസര്‍ ബിസ്മി, മജീദ് എന്നിവര്‍ പ്രസംഗിച്ചു.
രണ്ടാം മോഡി സര്‍ക്കാറിന്റെ മന്ത്രിസഭാ പുനഃസംഘടനയ്‌ക്കെതിരെ രൂക്ഷപരിഹാസവുമായി കെ മുരളീധരന്‍ എംപി. എത്ര തൊഴുത്തു മാറ്റികെട്ടിയാലും മച്ചിപശു പ്രസവിക്കില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.
പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവും കോവിഡ് രണ്ടാം തരംഗം തടയുന്നതിലെ പരാജയവും മറച്ചുവെക്കാനാണ് മന്ത്രിസഭാ പുനഃസംഘടനയെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ ഭിക്ഷാംദേഹികളെ ഉള്‍പ്പെടുത്തി ഒരു മാറ്റം വരുത്തിയാല്‍ അത് മുഖം മിനുക്കലല്ല മുഖം കൂടുതല്‍ വികൃതമാക്കലാണ്. ഭാഗ്യാന്വേഷികള്‍ മന്ത്രിസഭയില്‍ കയറി എന്നതിനപ്പുറം ഒരു പ്രത്യേകതയും പുനഃസംഘടനയ്ക്ക് അവകാശപ്പെടാനില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
കോണ്‍ഗ്രസ് വിട്ട പ്രമുഖ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ മന്ത്രിസ്ഥാനത്തില്‍ എത്ര സിന്ധ്യമാര്‍ പോയാലും കോണ്‍ഗ്രസ് തകരില്ലെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണുമ്പോള്‍ സിന്ധ്യ എന്താണെന്ന് എല്ലാവര്‍ക്കും ബോധ്യമാകുമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകത്തില്‍ സിന്ധ്യ തോറ്റതിന്റെ ഉത്തരവാദി കോണ്‍ഗ്രസ്സല്ലെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു രണ്ടാം മോദി സര്‍ക്കാറിന്റെ മന്ത്രിസഭ പുനസംഘടനാ പ്രഖ്യാപനം. 87 അംഗ പുതിയ മന്ത്രിസഭയാണ് വരുന്നത്. 20 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതിയ മന്ത്രിസഭ.
നഴ്സായ മലയാളി യുവാവിനെ മുംബൈയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിൽ അന്ധേരിയിലെ സാക്കിനക്കയിലാണ് മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ കുന്നപ്പിള്ളിയിൽ പറമ്പിലക്കാടൻ വീട്ടിൽ അരുണാണ് മരിച്ചത്. 35 വയസ്സായിരുന്നു.
സാക്കിനക്കയിലെ താമസ സ്ഥലത്ത് സുഹൃത്താണ് അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് വാക്സിൻ ഡ്യൂട്ടിക്ക് വേണ്ടി ദുബൈയിൽ ആയിരുന്നു അരുൺ. ഈ അടുത്താണ് മുംബൈയിലേക്ക് ഇദ്ദേഹം തിരികെയെത്തിയത്. മുൻപ് ഇസ്രായേലിലും അരുൺ ജോലി ചെയ്തിട്ടുണ്ട്. മരണ കാരണം വ്യക്തമല്ല.
ഭാര്യയും രണ്ട് മക്കളുമുണ്ട്. ഇവർ നാട്ടിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഖാഡ് കൂപ്പറിലെ രാജേവാഡി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും