സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയുമായി സംസാരിച്ച് സ്വന്തം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്ന കാര്യം അന്വേഷിച്ച് ഉറപ്പിച്ച് മലയാളി ജീവനൊടുക്കിയ സംഭവം ഏറെ ഞെട്ടലോടെയാണ് പ്രവാസികള്‍ കേട്ടത്. തൃശൂര്‍ കീഴൂര്‍ സ്വദേശി സതീഷ് (55)ആണ് മരിച്ചത്.
കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ഏറെ കാലമായി യുഎഇയിലുള്ള ഇദ്ദേഹം പ്രമുഖ റെന്റ് എ കാര്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. നേരത്തെ ഷാര്‍ജയില്‍ താമസിക്കുന്ന സന്തോഷ് ആണ് താമസ സ്ഥലത്ത് തൂങ്ങിമരിച്ചതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞയാഴ്ച അഷ്‌റഫ് താമരശ്ശേരിയെ ഫോണ്‍ വിളിച്ച് തന്റെ കൂടെ താമസിക്കുന്നയാള്‍ ആത്മഹത്യ ചെയ്‌തെന്നും മൃതദേഹം വൈകാതെ നാട്ടിലെത്തിക്കണമെന്നും അഭ്യര്‍ഥിച്ച ശേഷം എന്നെന്നേക്കുമായി സതീഷ് യാത്ര പറയുകയായിരുന്നു. പിന്നീട്, ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി. ഇതുസംബന്ധമായി അഷ്‌റഫ് താമരശ്ശേരി ഫെയ്‌സ് ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു.
അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്
ഇന്ന് വ്യാഴ്യാഴ്ചയായതുകൊണ്ട് വല്ലാത്ത തിരക്കായിരുന്നു.ഒന്ന് ട്രാഫിക് തിരക്കില്‍പ്പെട്ടാലോ,എവിടെയെങ്കിലും കുറച്ച് സമയം നഷ്ടപ്പെട്ടാലോ,ഇന്ന് നാട്ടിലേക്ക് അയക്കേണ്ട മയ്യത്തുകള്‍ ഞായറാഴ്ചയിലേക്ക് മാറ്റപ്പെടും,അതിനാല്‍ ഓട്ടത്തിന് പുറകെ ഓട്ടം ആയിരുന്നു.ഇന്ന് അഞ്ച് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്.ഇതിനിടയില്‍ എപ്പോഴോ ഒരു ഫോണ്‍ കോള്‍ എനിക്ക് വന്നിരുന്നു.ഷാര്‍ജയിലെ ഒരു സന്തോഷിന്റെ ഫോണ്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കൂടെയുളള ഒരാളുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം.കൂടെ താമസിക്കുന്ന ഒരാള്‍ മരണപ്പെട്ടു,എന്ന് നാട്ടിലെത്തിക്കുവാന്‍ സാധിക്കും.
ഞാന്‍ സന്തോഷിനോട് ചോദിച്ചു,അയാള്‍ എങ്ങനെയാണ് മരണപ്പെട്ടത് എന്ന എന്റെ ചോദ്യത്തിന് മറുപടിയായി അയാള്‍ പറഞ്ഞു.തൂങ്ങിയാണ് മരിച്ചത്,എന്നാല്‍ ഞായറാഴ്ച വൈകുന്നേരമാകും നാട്ടിലേക്ക് അയക്കാന്‍ എന്ന് ഞാന്‍ മറുപടി നല്‍കുകയും ചെയ്തു.കമ്പനിയിലെ PRO അഷ്‌റഫിക്കായെ വിളിക്കും,ഞായറാഴ്ച തന്നെ അയാളുടെ സുഹൃത്തിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കണമെന്ന അപേക്ഷയുമായി അയാള്‍ ഫോണ്‍ വെക്കുകയും ചെയ്തു.ഏകദേശം രാവിലെ പത്ത് മണിയാകും സന്തോഷിന്റെ ഫോണ്‍ എനിക്ക് വന്നത്.
ഉച്ചക്ക് 2 മണി കഴിഞ്ഞ് ഷാര്‍ജയില്‍ നിന്നും സന്തോഷ് പറഞ്ഞത് പ്രകാരം ഒരാള്‍ വിളിച്ചു. ഇവിടെ ഒരു മലയാളി തൂങ്ങിമരിച്ചു,എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത് എന്നായിരുന്നു ചോദ്യം. വിളിച്ചയാളിനോട് എനിക്ക് വല്ലാത്ത ദേഷ്യവും,അമര്‍ഷവും തോന്നി,രാവിലെ മരണപ്പെട്ടിട്ട് ഇപ്പോഴാണോ എന്ത് ചെയ്യണമെന്ന് എന്നോട് ചോദിക്കുന്നതെന്ന് അല്പം നീരസത്തോടെ തന്നെ ഞാന്‍ ആ കമ്പനിയുടെ PRO യോട് ചോദിച്ചു. രാവിലെയല്ല,മരിച്ചിട്ട് കുറച്ച് സമയം ആയിട്ടേയുളളു. എന്ന് അയാള്‍ മറുപടി നല്‍കിയപ്പോള്‍,ഞാന്‍ വീണ്ടും ചോദിച്ചു.
നിങ്ങളുടെ കമ്പനിയിലെ സന്തോഷ് രാവിലെ എന്നെ വിളിച്ചിരുന്നു,അത് പറഞ്ഞ് തീരുന്നതിന് മുമ്പെ ആ PRO പറഞ്ഞു, അഷ്‌റഫിക്കാ തൂങ്ങി മരിച്ചത് സ്വദേശി സന്തോഷാണ്.അത് കേട്ടപ്പോള്‍ തന്നെ വിശ്വാസം വരാതെ ഒന്ന് കൂടി ഞാന്‍ അയാളോട് ചോദിച്ച് ഉറപ്പ് വരുത്തി.മരിച്ചത് സന്തോഷ് തന്നെയാണ്. സഹോദരാ മരിക്കുവാന്‍ പോകുന്നത് നീയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍,ഞാന്‍ വരുമായിരുന്നില്ലേ നിന്റെയടുത്തേക്ക്.പരിഹരിക്കാന്‍ കഴിയാത്ത എന്ത് പ്രശ്‌നങ്ങളാണ് ഈ ദുനിയാവിലുളളത്. എന്തിനായിരുന്നു എന്നെ വിളിച്ച് അങ്ങനെ പറഞ്ഞത്,എന്തായിരുന്നു നിന്റെ പ്രശ്‌നം,അത് എന്നാേട് പറയാമായിരുന്നില്ലേ…..
വളരെയധികം വേദനയോടെ
അഷ്‌റഫ് താമരശ്ശേരി
ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാറിന്റെ മരണത്തില്‍ വിദ്വേഷ പരാമര്‍ശവുമായി ബിജെപി ഹരിയാന ഘടകം. ഹരിയാന ബിജെപി ഐടി ആന്റ് സോഷ്യല്‍ മീഡിയാ മേധാവി അരുണ്‍യാദവാണ് ദിലീപ് കുമാറിനെതിരെ വിദ്വേഷ പരാമര്‍ശം ട്വീറ്റ് ചെയ്തിരിക്കുന്നത്.
മുഹമ്മദ് യൂസഫ് ഖാന്‍ എന്ന ദിലീപ് കുമാര്‍ ഹിന്ദു പേരില്‍ ധാരാളം സാമ്പത്തിക നേട്ടം കൈവരിച്ചുവെന്നാണ് ഹരിയാന ബിജെപി നേതാവ് അരുണ്‍യാദവ് പറഞ്ഞത്.
പരാമര്‍ശത്തിനെതിരെ ശിവസേന നേതാവും ബോളിവുഡ് താരവുമായ ഊര്‍മ്മിള മഡോത്ക്കര്‍ ശക്തമായാണ് പ്രതികരിച്ചത്. ‘ഷെയിം ഓണ്‍ യു’ എന്ന് പെരുവിരല്‍ താഴേക്ക് കൊടുത്ത ഒരു ഇമോജിയും ചേര്‍ത്താണ് ഊര്‍മ്മിള മറുപടി നല്കിയത്.
ദിലീപ് കുമാറിന്റെ മരണത്തില്‍ അനുശോചിച്ച് ചെയ്ത പോസ്റ്റിലാണ് വിദ്വേഷകരമായ വാക്കുകള്‍ ഹരിയാന ബിജെപി ഉപയോഗിച്ചത്. മുഹമ്മദ് യൂസഫ് ഖാന്‍ ഹിന്ദു പേരില്‍ ധാരാളം പണം സമ്പാദിച്ചുവെന്ന് എഴുതിയ വാചകത്തില്‍ ബ്രാക്കറ്റിലാണ് ദിലീപ് കുമാറെന്ന് ചേര്‍ത്തിരിക്കുന്നത്.
ഇന്ത്യന്‍ സിനിമാലോകത്തിന് തീരാനഷ്ടമാണെന്നും അനുശോചനം ദു:ഖാര്‍ത്തരായ ബന്ധുക്കളെ അറിയിക്കുന്നുവെന്നുമാണ് പിന്നീട് നല്കിയിരിക്കുന്നത്. തുടര്‍ന്ന് ആത്മശാന്തിയും അന്തരിച്ച നടന് ഹരിയാന ബിജെപി ഘടകം നേരുന്നുണ്ട്. ഊര്‍മ്മിള മഡോത്ക്കര്‍ ബിജെപിയുടെ വിദ്വേഷകരമായ പോസ്റ്റിനെതിരെ ശക്തമായി രംഗത്ത് എത്തിയതോടെ വിവിധ മേഖലകളില്‍ നിന്നും പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു.
അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ‘ജിബൂട്ടി’ ആറ് ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്നു. എസ്.ജെ സിനു എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജോബി പി. സാം ആണ് നിര്‍മ്മിക്കുന്നത്. ചിത്രം ഫ്രഞ്ച് ഭാഷയിലും റിലീസിന് ഒരുങ്ങുന്നു എന്നതാണ് ഏറ്റവും ഒടുവിലെ വാര്‍ത്ത.
ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വൈല്‍ഡ് ആന്‍ഡ് റോ ആക്ഷനുകള്‍ ആണെന്ന് സൂചന നല്‍കി കൊണ്ടുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍, ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും.
മുമ്പ് പുറത്തിറങ്ങിയ ‘വിണ്ണിനഴകേ കണ്ണിനിതളേ’ എന്ന റൊമാന്റിക് സോംഗും ശ്രദ്ധ നേടിയിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായ, അമിത് ചക്കാലക്കലിന്റെ റഫ് ലുക്കും പോസ്റ്ററില്‍ അനാവരണം ചെയ്തിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. ടി.ഡി ശ്രീനിവാസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കുന്നു. ഓഡിയോ റൈറ്റ്സ്: ബ്ലൂഹില്‍ മ്യൂസിക്സിക്സ്. ചിത്രസംയോജനം: സംജിത് മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: തോമസ് പി.മാത്യു, ആര്‍ട്ട്: സാബു മോഹന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ് പടിയൂര്‍, കോസ്റ്റ്യൂം: ശരണ്യ ജീബു, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, സ്റ്റണ്ട്സ്: വിക്കി മാസ്റ്റര്‍, റണ്‍ രവി, മാഫിയ ശശി. ഡിസൈന്‍സ്: സനൂപ് ഇ.സി, വാര്‍ത്താ പ്രചരണം: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം.ആര്‍ പ്രൊഫഷണല്‍.
കാസർകോട്: ആശുപത്രിയിൽ പനി ബാധിച്ച് കിടത്തി ചികിത്സയിലായിരുന്നയാളുടെ കണ്ണിന്റെ കൃഷ്ണമണിയിലേക്ക്, ഗ്ലൂക്കോസ് കുപ്പിയിൽ കുത്തിവച്ചിരുന്ന സൂചി വീണു. ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ ആയിരുന്ന പടുപ്പ് പുളിങ്കാല സ്വദേശി പി.ഡി.ബിനോയ്(42)യുടെ ഇടതു കണ്ണിലേക്കാണ് കട്ടിലിനോടു ചേർത്തു വച്ചിരുന്ന ഗ്ലൂക്കോസ് കുപ്പിയിൽ നിന്നു സൂചി വീണത്. ഇതോടെ കണ്ണിന്റെ കാഴ്ച ശക്തി നഷപ്പെട്ടതായി ബിനോയ് പറഞ്ഞു.
കഴിഞ്ഞ ജൂൺ 11 നായിരുന്നു ബിനോയിയെ ആശുപത്രിയിൽ പ്രവേശിച്ചത്. സൂചി കണ്ണിൽ വീണതിനെത്തുടർന്ന് ഡ്യൂട്ടി ഡോക്ടർ നടത്തിയ പരിശോധനയിൽ കണ്ണിനു കുഴപ്പമൊന്നുമില്ലെന്നും പേടിക്കേണ്ടതില്ലെന്നും പറഞ്ഞതായി ബിനോയ് പറയുന്നു. അടുത്ത ദിവസങ്ങളിൽ ഡെങ്കിപ്പനി മൂർച്ഛിച്ചതോടെ പരിയാരം മെഡിക്കൽ കോളജിൽ 4 ദിവസത്തോളം ചികിത്സിച്ചു. പനി ഭേദമായി വീട്ടിൽ എത്തിയപ്പോഴാണ് കണ്ണിന്റെ വേദന കൂടുതലായത്. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കണ്ണ് പരിശോധിച്ചപ്പോൾ കണ്ണിനു തിമിരം വന്ന് നിറഞ്ഞതിനാൽ ഓപ്പറേഷൻ ചെയ്ത് ലെൻസ് മാറ്റി വയ്ക്കാൻ ആവശ്യപ്പെട്ടു.
ഉപ്പുതറ/കുമളി: മുല്ലപ്പെരിയാര്‍-ഇടുക്കി അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശം ഉള്‍പ്പെടെ ഹൈറേഞ്ച് മേഖലയില്‍ ഭൂചലനം. അന്‍പത് സെക്കന്‍ഡോളം നീണ്ടു നിന്ന ഭൂചലനം ജനങ്ങളില്‍ ഭീതി പടര്‍ത്തി. ഇന്നലെ രാത്രി 8.50 ഓടെയാണ് ഭൂചലനം ഉണ്ടായത്.
ഇന്നലെ വൈകിട്ട് ഈ മേഖലയില്‍ ഇടിമിന്നല്‍ ഉണ്ടായിരുന്നു. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ തോണിത്തടി റെയ്‌ന്‍ ഗെയ്‌ഗ് സ്‌റ്റേഷനിലെ റിക്‌ടര്‍ സ്‌കെയിലെ അളവ് നിജപ്പെടുത്തിയിയാല്‍ മാത്രമെ കൃത്യമായ ഭൂചലനത്തിന്റെ തോത് അറിയാനാകു.
കുമളിയിലും ശക്‌തമായ ഭൂചലനം ഉണ്ടായിട്ടുണ്ട്. കെട്ടിടങ്ങളുടേയും മറ്റും ജനല്‍ ചില്ലുകള്‍ ഭൂചലനത്തില്‍ പൊട്ടിയതായും റിപ്പോര്‍ട്ടുണ്ട്.
കരുനാഗപ്പള്ളി വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമത്തില്‍ ഫിന്‍ലന്‍ഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫിന്‍ലന്‍ഡുകാരി ക്രിസ എസ്റ്റര്‍ (52) ആണ് മരിച്ചത്.
ആശ്രമത്തിലെ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിയുടെ കൈവരിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. വൈകിട്ട് 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
ക്രിസ മാനസിക പ്രശ്നങ്ങള്‍ക്ക് മരുന്നുകള്‍ കഴിച്ചിരുന്നതായി പറയപ്പെടുന്നു. മരണത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
നേരത്തെയും അമൃതാനന്ദമയി ആശ്രമ ഇത്തരം സംഭവങ്ങളില്‍ ആരോപണ വിധേയമായിരുന്നു. 2012ല്‍ കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തില്‍ ബഹളം വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന ആരോപണത്തില്‍ ബിഹാര്‍ സ്വദേശി സത്‌നാം സിങ്ങ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് മാനസികാസ്വാസ്ഥ്യം കാണിച്ചതിനാല്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അവിടെ വച്ച് സത്നാം മരണപ്പെട്ടു. മരണത്തിന്റെ ദുരൂഹത ഒട്ടേറെ ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും തുടക്കമിട്ടിരുന്നു.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സിബി മാത്യൂസ്. മറിയം റഷീദയുടെ അറസ്റ്റ് മുൻ ഐബി ഉദ്യോഗസ്ഥൻ ആർ.ബി ശ്രീകുമാര്‍ പറഞ്ഞിട്ടെന്ന് സിബി മാത്യൂസ് വെളിപ്പെടുത്തി.
നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഐബി നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിബി മാത്യൂസ് വ്യക്തമാക്കി.
പിറന്നാള്‍ കേക്കുമായുള്ള യാത്രയ്ക്കിടെ വഞ്ചി മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മൂന്നു മരണം. സഹോദരങ്ങളടക്കമുള്ളവരുടെ വിയോഗം നാടിനെ നൊമ്പരത്തിലാക്കി. നെട്ടൂര്‍ ബീന മന്‍സില്‍ (പെരിങ്ങോട്ടുപറമ്പ്) നവാസിന്റെയും ഷാമിലയുടെയും മക്കളായ ആഷ്‌ന (22), ആദില്‍ (18), കോന്തുരുത്തി മണലില്‍ പോളി ന്റെയും ഹണിയുടെയും മകന്‍ എബിന്‍ പോള്‍ (20) എന്നിവരാണു മരിച്ചത്.
എബിന്റെ സുഹൃത്ത് കോന്തുരുത്തി കളത്തിപ്പറമ്പില്‍ ജൂഡ് തദേവൂസിന്റെ മകന്‍ പ്രവീണ്‍ (23) രക്ഷപ്പെട്ടു. കോന്തുരുത്തി തേവര കായലില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടയത്.
ആഷ്‌നയും ആദിലും വീട്ടില്‍ നിര്‍മിച്ചതായിരുന്നു കേക്ക്. കോന്തുരുത്തിയില്‍നിന്നു ഫൈബര്‍ വള്ളത്തിലാണ് എബിനും പ്രവീണും എത്തിയത്. വ്യവസായ മേഖലയിലേക്ക് ബാര്‍ജുകള്‍ പോകുന്ന ദേശീയ ജലപാത 3ന്റെ ഭാഗമായ നിലയില്ലാ ഭാഗത്ത് എത്തും മുന്‍പു വഞ്ചി മറിഞ്ഞു. നീന്തി വരികയായിരുന്ന പ്രവീണിനെ നെട്ടൂര്‍ പടന്നയ്ക്കല്‍ പൗലോസാണ് (ഉണ്ണി) രക്ഷപ്പെടുത്തിയത്.
പിന്നീട്, മരട് പിഎസ് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനങ്ങാട് പൊലീസും ഫോര്‍ട്ട്‌കൊച്ചി, ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷന്‍ സ്‌കൂബാ ഡൈവിങ് സംഘവും ഉടന്‍ തിരച്ചില്‍ തുടങ്ങി. സ്‌കൂബാ ഡൈവിങ് സംഘം ആദ്യം മുങ്ങിയെടുത്തത് ആഷ്‌നയുടെ മൃതദേഹമാണ്. ഒന്നര മണിക്കൂറിനകം എല്ലാ മൃതദേഹങ്ങളും മുങ്ങിയെടുത്തു. ഒഴുക്കില്ലാത്ത ഭാഗത്തായതില്‍ മൃതദേഹങ്ങള്‍ വേഗം കണ്ടെത്തി.
എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. പെരുമ്പാവൂര്‍ നാഷനല്‍ കോളജില്‍ ബിഎഡ് വിദ്യാര്‍ഥിനിയാണ് ആഷ്‌ന. സഹോദരന്‍ ആദില്‍ തൃപ്പൂണിത്തുറ ഗവ. എച്ച്എസ്എസില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. കളമശേരി സെന്റ് പോള്‍സ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് എബിന്‍. സഹോദരന്‍: ആല്‍ബിന്‍
തന്റെ ഫാന്‍ പേജായ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന ആരോപണവുമായി പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. ‘പുഞ്ഞാര്‍ ആശാന്‍’ എന്ന പേജ് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തുവെന്നാണ് പിസി ജോര്‍ജ് പറയുന്നത്. ഹാക്ക് ചെയ്ത പേജില്‍ അനാവശ്യ വീഡിയോ പോസ്റ്റ് ചെയ്തതായും ജോര്‍ജ് പറയുന്നു.
അഡ്മിന്‍ പാനലിന്റെ മുന്നറിയിപ്പ് പങ്കുവെച്ചാണ് പിസി ജോര്‍ജ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഹാക്കര്‍മാര്‍ അഡ്മിന്‍ പാനലിനെ മാറ്റി അനാവശ്യമായ ചിത്രങ്ങളും പേജില്‍ ഷെയര്‍ ചെയ്യുന്നുവെന്നും പിസി തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.
പേജിന്റെ അഡ്മിന്മാര്‍ എല്ലാം പുറത്താക്കിയാണ് ഹാക്കര്‍ പേജ് കൈക്കലാക്കിയത്. ഇതിനെതിരെ രൂക്ഷ ഭാഷയിലാണ് പിസി ജോര്‍ജ് തന്റെ ഔദ്യോഗിക പേജില്‍ പ്രതികരിച്ചിരിക്കുന്നത്. ഏതു പതിനാറു തന്തയ്ക്കുണ്ടായവനാണേലും ചെവിയില്‍ നുള്ളിക്കോയെന്നും അഡ്മിന്‍ പാനല്‍ മുന്നറിയിപ്പ് നല്‍കുന്നു.
കണ്ണൂർ: സ്പൈനൽ മസ്കുലാർ അട്രോഫിയെന്ന ജനിതക വൈകല്യത്തിന് മരുന്ന് വാങ്ങാൻ വേണ്ടി സഹായം തേടിയ കണ്ണൂർ പഴയങ്ങാടിയിലെ ഒന്നര വയസുകാരൻ മുഹമ്മദിനായി കൈകോർത്ത് കേരളം. ചികിത്സയ്ക്കാവശ്യമായ 18 കോടി രൂപ ലഭിച്ചുവെന്ന് മുഹമ്മദിന്റെ കുടുംബം അറിയിച്ചു. ഇനി ആരും പണം അയക്കേണ്ടതില്ലെന്നാണ് കുടുംബം അറിയിച്ചത്.
പതിനായിരത്തിലൊരാൾക്ക് മാത്രം വരുന്ന അപൂർവ രോഗമാണ് സ്പൈനൽ മസ്കുലാർ അട്രോഫി. രോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലാണ് കുഞ്ഞ്. മുഹമ്മദിന്റെ സഹോദരി 15 വയസ്സുകാരി അഫ്രക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെ കുഞ്ഞനുജൻ മുഹമ്മദിനും രോഗം സ്ഥിരീകരിച്ചതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു കുടുംബം. അപൂർവ രോഗം ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാൻ സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടത്. ഈ മരുന്ന് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാൻ 18 കോടി രൂപ ചെലവ് വരും.
എന്നാൽ ഈ തുക സമാഹരിക്കാനാവാതെ ദുരിതത്തിലായിരുന്നു കുടുംബം. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വാർത്തയോട് കേരളം ഒറ്റക്കെട്ടായി പ്രതികരിച്ചു. പ്രമുഖരെല്ലാം മുഹമ്മദിന്റെ വാർത്ത സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഫെയ്സ് ബുക്കിലൂടേയും വാട്സാപ്പിലൂടേയും കുഞ്ഞു മുഹമ്മദിന്റെ ജീവൻ നിലനിർത്താൻ കേരളത്തിന്റെ സഹായം വേണമെന്ന വാർത്ത പ്രചരിച്ചതോടെ രണ്ട് ദിവസങ്ങൾക്കുള്ളിലാണ് 18 കോടി രൂപ ഒഴുകിയെത്തിയത്.