സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ മലയാളി മരിച്ചു. പുനലൂര്‍ കരവാളൂര്‍ സ്വദേശി ജയഘോഷ് ജോണ്‍(42)ആണ് ഹായിലിലെ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു ജയഘോഷ്.
സ്വകാര്യ ബേക്കറിയില്‍ സെയില്‍സ് മാനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. പിതാവ് ജോണ്‍ ചാക്കോ, മാതാവ് മിയ ജോണ്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.
പ്രിയദര്‍ശന്‍ ഒരുക്കുന്ന ബോളിവുഡ് ചിത്രം ‘ഹംഗാമ 2’ ഈ മാസം 23ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസാവുകയാണ്. ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയ മലയാളിയായ സംഗീത സംവിധായകന്‍ റോണി റാഫേല്‍ തനിക്ക് കിട്ടിയ അവസരത്തെ കുറിച്ച് പറയുകയാണ്.
അനുഗ്രഹീത സംഗീത പ്രതിഭ ഒ.വി റാഫേലിന്റെ മകന്‍ റോണി റാഫേല്‍ ഇന്നേറെ അഭിമാനത്തിലും സന്തോഷത്തിലുമാണ്. അപ്രതീക്ഷിതമായി തന്റെ ജീവിതത്തില്‍ വന്ന ഈ വലിയ നേട്ടത്തിന് പിന്നില്‍ സംവിധായകന്‍ പ്രിയദര്‍ശനാണെന്ന് റോണി റാഫേല്‍ പറയുന്നു.
മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം അഞ്ചുഭാഷകളില്‍ റിലീസിന് ഒരുങ്ങിയപ്പോള്‍ ചിത്രത്തിലെ അഞ്ച് ഗാനങ്ങള്‍ക്കും സംഗീതം നിര്‍വ്വഹിച്ചത് റോണി റാഫേലാണ്. പിന്നാലെയാണ് പ്രിയദര്‍ശന്റെ ഹംഗാമ 2-വിനും റോണി റാഫേല്‍ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
റോണി റാഫേലിന്റെ വാക്കുകള്‍:
പ്രിയന്‍ സാറിന്റെ സീ 5-ല്‍ റിലീസ് ചെയ്ത 40 മിനിട്ടുള്ള ‘അനാമിക’യ്ക്ക് വേണ്ടി സംഗീതം നിര്‍വ്വഹിച്ചപ്പോഴാണ് മരയ്ക്കാറിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കാന്‍ സാര്‍ എനിക്ക് അവസരം നല്‍കിയത്. പ്രിയന്‍ സാറിലേക്ക് ഞാന്‍ അടുക്കുന്നത് എം.ജി ശ്രീകുമാര്‍ചേട്ടന്‍ വഴിയാണ്. അതുപോലെ തന്നെ എം.ജി രാധാകൃഷ്ണന്‍ ചേട്ടന്റെ മകന്‍ രാജകൃഷ്ണനും എനിക്കേറെ സഹായകമായി നിന്നിട്ടുണ്ട്.
മരക്കാറിലെ പാട്ടുകള്‍ക്ക് ഈണം നല്‍കണമെന്ന് പ്രിയന്‍ സാര്‍ പറഞ്ഞത് കേട്ടപ്പോള്‍ അന്ന് അതെനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ശരിക്കും ഞെട്ടിപ്പോയി. പക്ഷേ അദ്ദേഹം നല്ല സപ്പോര്‍ട്ട് ചെയ്തു. ഗാനങ്ങളെ കുറിച്ച് നല്ല ധാരണയുണ്ട് സാറിന്. എല്ലാം കൃത്യമായിട്ട് പറഞ്ഞു തരും.
മറ്റു സംവിധായകരില്‍ കാണാത്ത ഒട്ടേറെ സവിശേഷതകള്‍ ഇക്കാര്യങ്ങളില്‍ പ്രിയന്‍ സാറിനുണ്ട്. ടെന്‍ഷനില്ലാതെ നമുക്ക് വര്‍ക്ക് ചെയ്യാം. എന്തു വേണം എന്തു വേണ്ട എന്ന് സാറിനറിയാം ഒട്ടും പേടി വേണ്ട. സാറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ നല്ല പോസിറ്റീവ് എനര്‍ജിയാണ്. അങ്ങനെയാണ് ഞാന്‍ മരയ്ക്കാറിലെ പാട്ടുകള്‍ ചെയ്തത്.
അഞ്ച് ഭാഷകളിലുള്ള ചിത്രത്തിലെ അഞ്ച് പാട്ടുകള്‍ക്കും ഞാന്‍ തന്നെയാണ് സംഗീതമൊരുക്കിയത്. പ്രിയന്‍സാറിനൊപ്പം ഞാന്‍ അഞ്ച് ചിത്രങ്ങളില്‍ തുടര്‍ച്ചയായി വര്‍ക്ക് ചെയ്തു. അതെല്ലാം ദൈവാനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്. ഇപ്പോള്‍ പ്രിയന്‍സാര്‍ ഒരുക്കുന്ന ബോളിവുഡ് ചിത്രം ഹംഗാമ 2-വിന്റെ പശ്ചാത്തല സംഗീതമൊരുക്കാനും എനിക്ക് അവസരം കിട്ടി.
ഹംഗാമ 2-വില്‍ വെസ്റ്റേണ്‍ സ്‌റ്റൈലിലാണ് സംഗീതം ഒരുക്കിയത്. എല്ലാം പ്രിയന്‍ സാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു. അതു കൊണ്ടു തന്നെ ആ വര്‍ക്കും ഏറെ ആത്മവിശ്വാസത്തോടും സംതൃപ്തിയോടും കൂടി എനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ജീവിതത്തില്‍ ഏറ്റവും അധികം സന്തോഷിക്കുന്ന നിമിഷങ്ങളാണിത്.
ശരിക്കും ദൈവവിളി പോലെയാണ് പ്രിയന്‍ സാര്‍ എന്നെ വിളിച്ചത്. വലിയ ഭാഗ്യം തന്നെയാണ്. പക്ഷേ വലിയ ഉത്തരവാദിത്വം കൂടിയാണത്. അങ്ങനെ ജീവിതത്തില്‍ വലിയൊരു ടേണിംഗ് പോയിന്റ് എനിക്ക് ലഭിച്ചതില്‍ ഞാന്‍ ദൈവത്തിനോടും പ്രിയന്‍ സാറിനോടും നന്ദി പറയുന്നു.
ഞാന്‍ വളരെ ശ്രദ്ധിക്കപ്പെടുന്ന സംഗീതജ്ഞനാകണമെന്ന് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. ദൈവം ഇന്നീ സൗഭാഗ്യങ്ങള്‍ തന്നപ്പോള്‍ അത് കാണാന്‍ അമ്മ കൂടെയില്ല. ഈ സന്തോഷത്തിനിടയിലും ആ ഒരു ദുഖം മാത്രം മനസിലുണ്ട്. ഒട്ടേറെ പുതിയ പ്രോജക്റ്റുകള്‍ എന്നെ തേടിയെത്തിയിട്ടുണ്ട്. എല്ലാം സന്തോഷത്തിന്റെ വഴികള്‍, അനുഗ്രഹത്തിന്റെ വഴികള്‍.
1994 ല്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം മിന്നാരത്തിന്റെ റീമേക്കാണ് ഹംഗാമ 2. മോഹന്‍ലാലും ശോഭനയും അവതരിപ്പിച്ച ബോബി, നീന എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഹംഗാമ 2 ന്റെ കഥ വികസിക്കുന്നത്. ജൂലൈ 23 ന് ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും. 300 കോടിക്കാണ് ഹോട്ട് സ്റ്റാര്‍ ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്.
ഇടുക്കി വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസുകാരി <അതിക്രൂരമായ പീഡനത്തിനാണ് ഇരയായതെന്ന് റിപ്പോര്‍ട്ട്. പ്രതിയായ അർജുൻ പെണ്‍കുട്ടിയെ മൂന്ന് വര്‍ഷം പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിന് ശേഷം ബോധരഹിതയായ പെൺകുട്ടിയെ മരിച്ചു എന്നുകരുതി പ്രതി കെട്ടിത്തൂക്കുകയായിരുന്നു. ഇതിന് ശേഷം ഇയാള്‍ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു.
അർജുന് കൊലപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാരുമായി നല്ല ബന്ധം ഉണ്ടായിരുന്നു. ഇവരുടെ കുടുംബത്തിലേക്ക് ഏത് സമയവും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് അര്‍ജുന്‍ ജൂണ്‍ 30 ന് കുട്ടിയുടെ അച്ഛനും അമ്മയും ജോലി പോയ സമയത്താണ് കുട്ടിയെ ദുരുപയോഗം ചെയ്തതെന്ന് പൊലീസ് പറയുന്നു.
സംഭവ സ്ഥലത്തെത്തിയ അന്ന് തന്നെ പൊലീസ് അർജുൻ ഉൾപ്പെടെയുള്ള സമീപവാസികളെ ചോദ്യം ചെയ്തു. അർജുന്റെ മൊഴികളിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തു. തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പെൺകുട്ടിയെ പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും ഇയാൾ അശ്ലീല വിഡിയോകൾക്ക് അടിമയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, പ്രതി അർജുനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും. രാവിലെ 11 മണിയോടെ അർജുനെ ചുരക്കുളം എസ്റ്റേറ്റിൽ എത്തിച്ചായിരിക്കും തെളിവെടുക്കുക.
ചുരക്കുളം എസ്റ്റേറ്റിൽ ആറുവയസുകാരിയെ ഷാൾ കഴുത്തിൽ മുറുകി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കേസിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചുരക്കുളം എസ്റ്റേറ്റിൽ അർജുൻ (21)ആണ് അറസ്റ്റിലായത്.
വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ ചെലത്ത് ലയത്തിൽ താമസിക്കുന്ന കുട്ടിയെ കഴിഞ്ഞ മാസം 30നാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ വഴക്കുല കെട്ടി ഇട്ടിരുന്ന കയറിൽ പിടിച്ചുകളിക്കവേ കഴുത്തിലുണ്ടായിരുന്ന ഷാൾ കുരുങ്ങി മരണപ്പെട്ടതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എസ്റ്റേറ്റ് തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്കുപോയ സമയത്തായിരുന്നു അപകടം. സഹോദരൻ കെവിൻ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.
പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. ഇതിനിടെ, മൃതദേഹപരിശോധനയിൽ പീഡനം നടന്നിട്ടുണ്ടോയെന്ന് സംശയം തോന്നിയ ഡോക്ടർ ഈ വിവരം പങ്കുവെച്ചതോടെ കേസിൽ പോലീസ് രഹസ്യമായി അന്വേഷണം നടത്തി വരികയായിരുന്നു. തുടക്കത്തിൽ സംശയം തോന്നിയ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നുപേരെ വിട്ടയച്ചെങ്കിലും അയൽവാസിയായ അർജുനെ പോലീസ് വീണ്ടും വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകം തെളിഞ്ഞത്. കുട്ടിയെ പ്രതി ഒരു വർഷത്തോളം ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയെന്നാണ് പോലീസ് പറയുന്നത്.
30ന് അർജുൻ വീട്ടിലെത്തി ഉപദ്രവിക്കുന്നതിനിടെ പെൺകുട്ടി ബോധമറ്റ് വീണു. കുട്ടി മരിച്ചെന്ന് കരുതിയ ഇയാൾ മുറിക്കുള്ളിലെ കയറിൽ ഷാളിൽ കെട്ടിത്തൂക്കുകയായിരുന്നു. കുട്ടിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുകയും മരണ വിവരമറിഞ്ഞ് പ്രതി പൊട്ടിക്കരയുകയും ചെയ്തിരുന്നു. ആർക്കും സംശയമില്ലാതിരുന്നിട്ടും പ്രതിയെ തന്ത്രപരമായി കുടുക്കിയ പോലീസിനെ നാട്ടുകാർ അഭിനന്ദിക്കുകയാണ്.
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഡ്വ. ബിഎ ആളൂര്‍ മുഖേന കിരണ്‍കുമാര്‍ ശാസ്താംകോട്ട കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
തുടര്‍ന്ന് വാദം കേട്ട മജിസ്ട്രേറ്റ് എ.ഹാഷിം ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കേസ് പരിഗണിച്ച മജിസ്ട്രേറ്റ് ജാമ്യാപേക്ഷ തള്ളി ഉത്തരവിടുകയായിരുന്നു. കിരണ്‍കുമാര്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെനന്നും ഇത്രയും കാലത്തിനിടയില്‍ ഒരുകേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നുമായിരുന്നു ആളൂരിന്റെ വാദം.
പോലീസ് മനഃപൂര്‍വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. സമാനമായ പല ആത്മഹത്യകളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ശുഷ്‌കാന്തി പോലീസ് കാണിച്ചിട്ടില്ല. ഈ കേസില്‍ പോലീസ് കാണിക്കുന്നത് അമിതാവേശമാണ്. സ്ത്രീധനപീഡനം (498 എ.) വകുപ്പ് ചുമത്താവുന്ന കുറ്റമാണെന്നും ആളൂര്‍ വാദിച്ചിരുന്നു. ഈ വാദങ്ങളാണ് കോടതി തള്ളിയത്. 21-ന് പുലര്‍ച്ചെ വീടിന്റെ രണ്ടാം നിലയിലെ ശൗചാലയത്തിലെ അധികം ഉയരമില്ലാത്ത ചെറിയ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് വിസ്മയയെ കണ്ടത്.
ഷെറിൻ പി യോഹന്നാൻ
ഹിന്ദിയിലും തമിഴിലുമായി നിരവധി ആന്തോളജികൾ പുറത്തിറങ്ങിയ ഈ ഒടിടി കാലത്ത് മനസ്സിൽ തോന്നിയ ആഗ്രഹം ആയിരുന്നു മലയാളത്തിൽ നിന്നൊരു ആന്തോളജി ഇറങ്ങണമെന്നത്. അധികം വൈകാതെ തന്നെ മികച്ച സംവിധായകരും തിരക്കഥാകൃത്തുക്കളും അഭിനേതാക്കളും ഒത്തുചേർന്ന് മലയാളത്തിലും ഒരു ആന്തോളജി പുറത്തിറങ്ങി – ‘ആണും പെണ്ണും’. എന്നാൽ തീയേറ്ററിൽ അർഹിച്ച വിജയം നേടാതെയാണ് ചിത്രം കഴിഞ്ഞ ദിവസം ഒടിടി റിലീസ് ചെയ്തത്. അരമണിക്കൂർ വീതമുള്ള മൂന്നു കഥകളും മൂന്നു കാലത്തെ സ്ത്രീ ജീവിതങ്ങളെ പറ്റി ചർച്ച ചെയ്യുന്നു.
സാവിത്രി – സ്വാതന്ത്ര്യത്തോട് അടുക്കുന്ന കാലത്തിലെ കമ്മ്യൂണിസ്റ്റ് വേട്ടയുടെ ഭീകര അവസ്ഥകളാണ് ജെയ് കെ സംവിധാനം ചെയ്ത ‘സാവിത്രി’ തുറന്നിടുന്നത്. ജന്മിത്ത വ്യവസ്ഥിതി ചൂഷണത്തിനുള്ള വഴി ഒരുക്കുമ്പോൾ അതിനെ സധൈര്യം നേരിടാൻ ശ്രമിക്കുന്ന പെണ്ണിനെയാണ് ജെയ് കെ ആവിഷ്കരിക്കാൻ ശ്രമിച്ചതെങ്കിലും ആ ഒരു ശക്തി കഥയിൽ കണ്ടില്ല. ലളിതമായ കഥാഖ്യാനമാണ് ചിത്രം പിന്തുടരുന്നത്. ആർട്ട് വർക്കും പ്രകടനങ്ങളും നന്നായിരുന്നുവെങ്കിലും കഥപറച്ചിൽ ശക്തമല്ലാത്തതിനാൽ ശരാശരി അനുഭവം മാത്രമായി ഒരുങ്ങുന്നു.
രാച്ചിയമ്മ – സ്ത്രീമനസിന്റെ നിഗൂഢതയെപ്പറ്റിയും സാർവലൗകികത്വത്തെപ്പറ്റിയും പറയുന്ന ഉറൂബിന്റെ കഥയുടെ ചലച്ചിത്രവിഷ്കാരമാണ് ഇത്. വേണു സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതിയും ആസിഫ് അലിയും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. നിസ്വാർത്ഥമായ സ്ത്രീമനസിന്റെ ഉദാഹരണമാണ് രാച്ചിയമ്മ. ഭൗതികമായ സ്വന്തമാക്കലല്ല, ആത്മീയമായ ഉൾച്ചേരലാണ് യഥാർത്ഥ സ്നേഹമെന്ന് രാച്ചിയമ്മ പറയുന്നു. “നമ്മൾ മനുഷ്യരല്ലേ?” എന്ന് പറഞ്ഞുള്ള രാച്ചിയമ്മയുടെ വിങ്ങൽ ഉപാധികളില്ലാത്ത സ്നേഹത്തിന്റെ മാതൃക ആവുന്നുണ്ട്. ചിത്രത്തിലെ ഫ്രെയിമുകളും മനോഹരം.
റാണി – ഉണ്ണി ആറിന്റെ ‘പെണ്ണും ചെറുക്കനും’ എന്ന കഥയിൽ നിന്നാണ് ആഷിക് അബു ഈ ചിത്രം നിർമിച്ചത്. ഇത്തരമൊരു കഥയെ എങ്ങനെ ചലച്ചിത്ര രൂപത്തിലേക്ക് എത്തിക്കുമെന്നറിയാൻ താല്പര്യമുണ്ടായിരുന്നു. കഥയോട് നൂറു ശതമാനം നീതി പുലർത്തിയ ചിത്രമാണ് ‘റാണി’. ബാഹ്യമായി ലിബറൽ എന്ന് വിശ്വസിക്കുകയും ഉള്ളിൽ പാരമ്പര്യത്തെ പുൽകുകയും ചെയ്യുന്ന നായകൻ. അവനെക്കാൾ ധൈര്യമുള്ള, പ്രണയത്തിൽ സ്വന്തന്ത്രമായി വർത്തിക്കുന്ന നായിക. സദാചാരവും സമൂഹവും സെക്സും ഇവിടെ പ്രമേയങ്ങളായി എത്തുന്നു. റോഷൻ, ദർശന, നെടുമുടി വേണു, കവിയൂർ പൊന്നമ്മ എന്നിവരുടെ ഗംഭീര പ്രകടനവും വ്യത്യസ്തമായ അവതരണവും റാണിയെ ഒരു പെർഫെക്ട് സെഗ്മെന്റ് ആക്കി മാറ്റുന്നുണ്ട്. ലൈംഗിക ചർച്ചയിലൂടെ സംതൃപ്തി നേടുന്ന വൃദ്ധ ദമ്പതികളും പ്രണയാർദ്രമായി പറയുന്ന വാക്കുകളുടെ പൊള്ളത്തരങ്ങളെ പൊളിച്ചടുക്കുന്ന റാണിയും കഥയിൽ ഡാർക്ക് ഹ്യൂമർ എലമെന്റുകൾ നിറയ്ക്കുന്നു.
‘ആണും പെണ്ണും’ നല്ലൊരു ആന്തോളജിയാണ്. പല കാലങ്ങളിലെ കഥ പറയുന്നതിനോടൊപ്പം പെണ്ണിനെയും പ്രകൃതിയെയും കൂട്ടിയിണക്കുന്നുണ്ട് ചിത്രം. ഡയറക്റ്റ് ഒടിടി റിലീസ് ചെയ്തിരുന്നെങ്കിൽ ഇതിലും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടേണ്ട സിനിമ.
മീറ്റിങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ പരാതി അറിയിക്കാൻ ഫോണിൽ വിളിച്ച വിദ്യാർത്ഥിയെ കൊല്ലം എം.എൽ.എ മുകേഷ് ശകാരിക്കുന്ന ശബ്ദരേഖ വാർത്തയായിരുന്നു. വിദ്യാർത്ഥിയോട് ധാർഷ്ട്യത്തോട് ഉള്ള മുകേഷിന്റെ പെരുമാറ്റത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തില്‍. ആ പത്താം ക്ലാസ്സുകാരൻ വിളിച്ചത് എം മുകേഷ് എന്ന കൊല്ലം എം.എൽ.എയെയാണ്. അവന് മറുപടി കൊടുക്കേണ്ടുന്ന ബാധ്യത ഒരു ജനപ്രതിനിധിയെന്ന നിലയിൽ നിങ്ങൾക്കുണ്ട്. അവൻ വാങ്ങുന്ന ബുക്കിൻ്റെയും പേനയുടെയുമൊക്കെ നികുതി കൂടി ചേരുന്നതാണ് നിങ്ങളുടെ ശമ്പളം എന്ന് രാഹുൽ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സാർ ഞാൻ പാലക്കാട് നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാർത്ഥി മുകേഷിനെ ഫോണിൽ വിളിക്കുന്നത്. പാലക്കാടോ! ആറു പ്രാവശ്യം ഒക്കെ വിളിക്കുക എന്ന് പറഞ്ഞാൽ, ഒരു മീറ്റിങ്ങിൽ ഇരിക്കുകയാണ് താനെന്ന് നീരസത്തോടെ മുകേഷ് പറയുന്നു. താൻ ഒരു അത്യാവശ്യ കാര്യം പറയാൻ വിളിച്ചതാണെന്ന് വിദ്യാർത്ഥി പറയുന്നു.
ഒന്നാമത് പാലക്കാടു നിന്നും കൊല്ലം എം.എൽ.എയെ വിളിക്കേണ്ട ഒരു കാര്യമില്ലെന്നും പാലക്കാട് എം.എൽ.എയെ അല്ലെ വിളിച്ച് പറയേണ്ടത് എന്നും മുകേഷ്. താൻ പത്താം ക്ലാസ് വിദ്യാർത്ഥി ആണെന്ന് കുട്ടി അറിയിക്കുന്നു. വിദ്യാർത്ഥി ആണെങ്കിലും എന്താണെങ്കിലും പാലക്കാട് എം.എൽ.എ എന്നൊരാൾ ജീവനോടെ ഇല്ലേ എന്ന് മുകേഷ് ചോദിക്കുന്നു. സർ എനിക്ക് സാറിന്റെ നമ്പർ ഒരു കൂട്ടുകാരൻ തന്നപ്പോൾ ഞാൻ വിളിച്ചു നോക്കിയതാണ് എന്ന് മറുപടി.
കൂട്ടുകാരൻ എന്ന് പറഞ്ഞാൽ അവന്റെ ചെവിക്കുറ്റി നോക്കി അടിക്കണം എന്നും സ്വന്തം മണ്ഡലത്തിലെ എം.എൽ.എയുടെ നമ്പർ തരാതെ വേറെ ഏതോ രാജ്യത്ത് ഉള്ള വേറെ ഏതോ ജില്ലയിൽ ഉള്ള എം.എൽ.എ യുടെ നമ്പർ തന്നിട്ട് എന്താണ് അവൻ പറഞ്ഞത് എന്ന് മുകേഷ് ചോദിക്കുന്നു. ഒന്ന് വിളിച്ച് നോക്കാൻ പറഞ്ഞു എന്ന് വിദ്യാർത്ഥി മറുപടി നൽകുന്നു. അപ്പോൾ ‘വേണ്ട’ എന്ന് മുകേഷ് ഉറച്ച സ്വരത്തിൽ പറയുന്നു. ഒക്കെ സാർ എന്ന് വിദ്യാർത്ഥിയും.
സ്വന്തം എം.എൽ.എ യെ വിളിച്ചോ എന്നിട്ട് അയാൾ എന്ത് പറയുന്നു എന്ന് പറഞ്ഞിട്ട് വേണം തന്നെ വിളിക്കാൻ. ഇത് സ്വന്തം എം.എൽ.എ മരിച്ചു പോയത് പോലെയാണല്ലോ നിങ്ങൾ എന്നെ വിളിച്ചത് ആറ് പ്രാവിശ്യം ഞാൻ ഇവിടെ ഒരു പ്രധാനപ്പെട്ട യോഗത്തിൽ ഇരിക്കുകയല്ലേ. ആറുപ്രാവിശ്യം വിളി കണ്ടിട്ട് ആൾക്കാർ എന്നെ നോക്കി ചിരിക്കുകയാണല്ലോ. ഇത് പിള്ളേര് കളിയാണോ എന്ന് മുകേഷ് ചോദിക്കുന്നു. വിദ്യാർത്ഥി സോറി സർ എന്ന് വീണ്ടും പറയുന്നു. സോറി ഒന്നുമല്ല ഇത് വിളച്ചിൽ. ഇത് ഒരാളെ ശല്യപ്പെടുത്തുക സ്വന്തം എം.എൽ.എ അവിടെകിടക്കുമ്പോൾ അയാളെ വിളിക്കാതെ. അയാളെ വെറും ഡൂക്കിലി ആക്കിയിട്ട് ബഫൂൺ ആക്കിയിട്ട് വേറെ നാട്ടിൽ ഉള്ള എം.എൽ.എ യെ വിളിക്കുക. തെറ്റല്ലേ അത്, എന്ന് മുകേഷ് ചോദിക്കുന്നു. സോറി സർ അറിയാതെ പറ്റിപ്പോയി എന്ന് മറുപടിയായി കുട്ടി പറയുന്നു. നിങ്ങളുടെ എം.എൽ.എ ആരാണെന്ന് അറിയാമോ എന്ന് മുകേഷ് ചോദിക്കുന്നു. അറിയില്ല എന്ന് കുട്ടി പറയുന്നു. സ്വന്തം എം.എൽ.എ ആരാണെന്ന് അറിഞ്ഞുകൂടാ പത്താം ക്ലാസ് പഠിക്കുന്ന നീ എന്റെ മുമ്പിൽ ഉണ്ടായിരുന്നെങ്കിൽ ചൂരൽ വച്ച് അടിച്ചേനെ. പാലക്കാട് എവിടെയാണ് നിന്റെ വീട് എന്ന് മുകേഷ് അന്വേഷിക്കുന്നു. പാലക്കാട് ഒറ്റപ്പാലം ആണെന്ന് വിദ്യാർത്ഥി പറയുന്നു. ഒറ്റപ്പാലത്തെ എം.എൽ.എയെ നിനക്ക് അറിഞ്ഞു കൂടെ ആദ്യം എം.എൽ.എയെ കണ്ടുപിടിക്ക് കേട്ടോ. എം.എൽ.എയെ കണ്ടുപിടിച്ചിട്ട് എം.എൽ.എ യുടെ അടുത്ത് പോയി സംസാരിക്ക്. മേലാൽ എം.എൽ.എയുടെ അടുത്ത് സംസാരിക്കാതെ തന്റെ അടുത്ത് വിളിക്കരുത് എന്നും മുകേഷ് പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
അന്തസ്സ് വേണം മുകേഷേ , അന്തസ്സ്.
നിങ്ങളുടെ തന്നെ വിഖ്യാതമായ ഒരു ഫോൺ സംഭാഷണത്തിലെ ഒരു വാചകമാണത്. അന്ന് നിങ്ങളെ ഫോൺ ചെയ്തത്, നിങ്ങളുടെ സിനിമ കണ്ട് ആരാധന തോന്നിയ വ്യക്തിയാണ്, അയാളോട് എങ്ങനെ പ്രതികരിക്കണമെന്നത് തികച്ചും വ്യക്തിപരമായ സംസ്കാരത്തിൻ്റെ ഭാഗമാണ്.
എന്നാൽ ഇപ്പോൾ ആ പത്താം ക്ലാസ്സുകാരൻ വിളിച്ചത് M മുകേഷ് എന്ന കൊല്ലം MLA യെയാണ്. അവന് മറുപടി കൊടുക്കേണ്ടുന്ന ബാധ്യത ഒരു ജനപ്രതിനിധിയെന്ന നിലയിൽ നിങ്ങൾക്കുണ്ട്. അവൻ വാങ്ങുന്ന ബുക്കിൻ്റെയും പേനയുടെയുമൊക്കെ നികുതി കൂടി ചേരുന്നതാണ് നിങ്ങളുടെ ശമ്പളം.
ആറ് തവണ വിളിച്ചതിൻ്റെ പേരിലാണോ ആ പതിനാറുകാരൻ്റെ നേർക്ക് നിങ്ങളുടെ ധിക്കാരവും, ധാർഷ്ട്യവും, അഹങ്കാരവും യഥേഷ്ടം വലിച്ചെറിഞ്ഞത്. നിങ്ങളുടെ നമ്പർ അവന് കൊടുത്തതിൻ്റെ പേരിൽ അവൻ്റെ കൂട്ടുകാരൻ്റെ ചെവിക്കുറ്റിക്കടിക്കണം എന്ന് പറയുന്ന നിങ്ങളെ തിരഞ്ഞെടുത്ത കൊല്ലത്തുകാരും നിങ്ങളുടെ നമ്പർ കൊടുത്താൽ ചെവിക്കുറ്റിക്കടിക്ക് വിധേയരാകണോ?
സാർ എന്ന് പതിഞ്ഞ ദയനീയതയുടെ ശബ്ദത്തിൽ വിളിച്ച്, ഒരു അത്യാവശ്യ കാര്യം പറയാനാണെന്ന് പല കുറി പറഞ്ഞിട്ടും, നിങ്ങൾ അവനോട് ആക്രോശിക്കുന്നതിനിടയിൽ ഒരു തവണയെങ്കിലും അവനോട് ആ അത്യാവശ്യം എന്താണെന്ന് ചോദിക്കാനുള്ള കരളലിവ് നിങ്ങൾക്കില്ലെ? ഒരുപാട് സാധാരണക്കാരൻ്റെ വിഷമങ്ങൾ കേട്ട്, നാടകങ്ങൾ സൃഷ്ടിച്ച ഒ മാധവൻ്റെ മകന് ഇങ്ങനെ ചെയ്യുവാൻ കഴിയുമോ?
പ്രിയ കൊല്ലംകാരെ, MLA യുടെ പേരറിയാത്തവരെ നേരിൽ കണ്ടാൽ ചൂരലിനു അടിക്കുമെന്ന് പറയുന്ന M മുകേഷാണ് നിങ്ങളുടെ MLA, അതിനാൽ ചൂരലിനടികൊള്ളാതിരിക്കുവാൻ അയാളുടെ പേര് പറഞ്ഞ് പഠിക്കുക.
പിന്നെ ഒറ്റപ്പാലം MLA ബഫൂണാണോ, ജീവനോടെയുണ്ടോ, മരിച്ചുപോയോ എന്നൊക്കെയുള്ള മുകേഷിൻ്റെ സംശയത്തിന് സ്ഥലം MLA അഡ്വ K പ്രേംകുമാർ മറുപടി പറയുക.
ആ ശബ്ദത്തിനുടമയായ സഹോദരനെ അറിയുന്നവർ പറയുക, യൂത്ത് കോൺഗ്രസ്സിന് സാധ്യമായ എല്ലാ സഹായവും ചെയ്യും…
ചാലാട് കുഴിക്കുന്നിൽ ഒന്‍പത് വയസ്സുകാരി അവന്തികയുടെ മരണം കൊലപാതകമെന്ന് പൊലീസ്. അമ്മ വാഹിദയെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തു. അവന്തികയുടെ അച്ഛൻ രാജേഷിന്റെ പരാതിയിലാണ് നടപടി.
ഞായറാഴ്ച രാവിലെയാണ് അവന്തികയെ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ രാജേഷ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രയ്ക്കിടെ കുട്ടി മരിച്ചിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചതിനെ തുടർന്ന് രാജേഷ് പൊലീസിനു പരാതി നൽകി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് വാഹിദ അറസ്റ്റിലായത്. വാഹിദയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അവന്തികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.
കുട്ടിയുടെ പോസ്റ്റമോര്‍ട്ടം നാളെ നടക്കും. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മരണ കാരണത്തിലടക്കം വ്യക്തത വരും. അച്ഛന്‍ രാജേഷും അമ്മ വാഹിദയും തമ്മില്‍ രാവിലെ വാക് തര്‍ക്കം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് രാജേഷിനെ പുറത്താക്കി വാഹിദ വാതില്‍ അകത്തുനിന്നും പൂട്ടി. പുറത്തുപോയി വന്ന രാജേഷ് വിളിച്ചിട്ടും വാതില്‍ തുറന്നില്ല. വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് കുട്ടി നിലത്തു കിടക്കുന്നതായി കണ്ടത്. വാഹിദ മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മുൻഅധ്യാപികയായ വയോധികയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സൈനികനായ മകനെ അറസ്റ്റുചെയ്തു. മൃതദേഹപരിശോധനയിൽ മരണം കൊലപാതകമാണെന്നും കണ്ടെത്തി. പൂവാർ പാമ്പുകാല ഊറ്റുകുഴിയിൽ പരേതനായ പാലയ്യന്റെ ഭാര്യയും മുൻ അധ്യാപികയുമായ ഓമന(70)യാണ് കൊല്ലപ്പെട്ടത്. കഴുത്തിലും വയറിലുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഓമനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഓമനയുടെ മകൻ വിപിൻദാസി(39)നെയാണ് പൂവാർ പോലീസ് അറസ്റ്റുചെയ്തത്.
ഉച്ചയോടെ വിപിൻദാസ് ശവപ്പെട്ടിയുമായി വരുന്നതു കണ്ടപ്പോഴാണ് നാട്ടുകാർ മരണവിവരം അറിഞ്ഞത്. തുടർന്ന് അന്വേഷിക്കാനെത്തിയ നാട്ടുകാരെ മദ്യലഹരിയിലായിരുന്ന വിപിൻദാസ് ഓടിക്കാൻ ശ്രമിച്ചു. തുടർന്ന് മൃതദേഹം കുളിപ്പിക്കുകയും മറവുചെയ്യാൻ സ്വന്തമായി കുഴിവെട്ടുകയും ചെയ്തു. സംശയം തോന്നിയ നാട്ടുകാർ പൂവാർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോഴും വിപിൻദാസ് തടയാൻ ശ്രമിച്ചു. എന്നാൽ, കോവിഡ് പരിശോധന നടത്തിയ ശേഷമേ മൃതദേഹം മറവുചെയ്യാൻ അനുവദിക്കുകയുള്ളൂവെന്ന് പോലീസ് നിലപാടെടുത്തതോടെയാണ് മൃതദേഹം നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റാനായത്.
മരണത്തിൽ തുടക്കം തൊട്ട് സംശയം തോന്നിയതോടെ വിപിൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് മരണത്തിൽ ദുരൂഹത കണ്ടെത്തിയത്. മൃതദേഹത്തിന്റെ കഴുത്തിലും വയറ്റിലും മർദനമേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. മദ്യപാനിയായ വിപിൻദാസ്, സ്ഥിരമായി ഓമനയെ മർദിക്കാറുണ്ടെന്ന് നാട്ടുകാരും പോലീസിനു മൊഴിനൽകി. ഇയാളുടെ സുഹൃത്തുക്കളും ഇവിടെ സ്ഥിരമായി മദ്യപിക്കാനെത്താറുണ്ടെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ ഓമനയുടെ മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
മൃതദേഹം പോലീസ് സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കമുകിൻകോട് സ്‌കൂളിലെ മുൻ അധ്യാപികയാണ് ഓമന. വിപിൻദാസ് വിരമിച്ച് നാട്ടിലെത്തിയ ശേഷം അമ്മയ്‌ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അവിവാഹിതനാണ്. ആരോഗ്യവകുപ്പിലെ ജീവനക്കാരനായ ചന്ദ്രദാസാണ് മറ്റൊരു മകൻ.
ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ജയപ്രകാസ് കുട്ടന്‍ ആണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 51 വയസായിരുന്നു. ഒമാനിലെ ബുറൈമിയിലായിരുന്നു അന്ത്യം. ബുറൈമിയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്തുവരികയായിരുന്നു.
കഴിഞ്ഞ 12 വര്‍ഷമായി ഒമാനിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നിരുന്ന അദ്ദേഹം അറ്റ്‌ലസ് ഹോസ്പിറ്റല്‍, എന്‍എംസി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും സലാലയിലെ ഒരു സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്തിട്ടുണ്ട്.
കൊവിഡ് ബാധിച്ച് ബുറൈമി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒന്നര മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി തിരികെയെത്തിയത്. ഭാര്യ – സബിത, മക്കള്‍ – ജയ കൃഷ്ണന്‍, ജഗത് കൃഷ്ണന്‍ . സംസ്‌കാരം സോഹാറില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.