ബിജെപി ദേശീയ-സംസ്ഥാന തലത്തിലെ പുനഃസംഘടനയുടെ പേരിൽ വലിയ പൊട്ടിത്തെറി. ദേശീയ നിർവാഹകസമിതിയിൽനിന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയതും പികെ കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവ് മാത്രമാക്കി ഒതുക്കിയതും സംസ്ഥാന നേതാക്കൾ ഇടപെട്ടുള്ള വെട്ടിനിരത്തലാണെന്നാണ് ആക്ഷേപം.
ദേശീയ സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷിനു താത്പര്യമുള്ളവരെയാണ് സംസ്ഥാന കാര്യാലയത്തിലേക്കുപോലും പരിഗണിച്ചതെന്ന് മറുപക്ഷം പറയുന്നു. നരേന്ദ്രമോഡി ഉൾപ്പെടെയുള്ള നേതാക്കളെക്കണ്ടിട്ടും സ്ഥാനം നഷ്ടപ്പെട്ട ശോഭാ സുരേന്ദ്രന്റെ നിലപാട് ഇതിൽ നിർണായകമാകും. വിമതശബ്ദങ്ങളെ ഒട്ടും കണക്കിലെടുക്കേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിനു ലഭിച്ച കേന്ദ്രനിർദേശം.
ഗ്രൂപ്പുകൾക്ക് അതീതനായ കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രി വി മുരളീധരനൊപ്പം നിർവാഹകസമിതിയിൽ പരിഗണിച്ചപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പാർട്ടിയിലെത്തിയ ഇ ശ്രീധരനൊപ്പമാണ് മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ പികെ കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവാക്കിയത്.
കെ സുരേന്ദ്രന് കീഴിൽ പാർട്ടി പുനഃസംഘടിപ്പിച്ചപ്പോൾ സംസ്ഥാന ഘടകത്തിൽ പികെ കൃഷ്ണദാസ് പക്ഷത്തിനു വലിയ തിരിച്ചടിയാണുണ്ടായത്. അഞ്ചു ജില്ലാപ്രസിഡന്റുമാർക്ക് സ്ഥാനം തെറിച്ചിരുന്നു. ഇതിനെ ചൊല്ലി വയനാട്ടിൽനിന്നാണ് ആദ്യ അപസ്വരം ഉയർന്നത്.
ജില്ലാ പ്രസിഡന്റായിരുന്ന സജി ശങ്കറിനെ മാറ്റിയതിൽ പ്രതിഷേധിച്ച് ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് കെബി മദൽലാൽ രാജിവെച്ച് പരസ്യപ്രതികരണത്തിനു തുടക്കമിട്ടു. സികെ ജാനുവുമായി ബന്ധപ്പെട്ട കോഴക്കേസിൽ നേതൃത്വത്തോട് യോജിക്കുന്ന നിലപാട് സ്വീകരിക്കാത്ത സജി ശങ്കറിനെ ഒതുക്കിയതാണെന്നാണ് ആക്ഷേപം.
അതേസമയം, മാസങ്ങൾക്കുമുമ്പ് പികെ കൃഷ്ണദാസിനെ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മീഷൻ ചെയർമാനാക്കിയത് തന്നെ മാറ്റി നിർത്തൽ ലക്ഷ്യമിട്ടാണ്. പുനഃസംഘടനയിൽ വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണനെ ജനറൽ സെക്രട്ടറിയാക്കുമെന്നാണ് കൃഷ്ണദാസ് പക്ഷം പ്രതീക്ഷിച്ചത്. രാധാകൃഷ്ണൻ കോർകമ്മിറ്റിയിൽ ഉൾപ്പെടുന്നു എന്ന കാരണത്താലാണ് ജനറൽ സെക്രട്ടറി സ്ഥാനം നിരസിച്ചത്.
ആശുപത്രിയിൽ നിന്നും മടങ്ങുന്ന വഴിയിൽ പാതയോരത്ത് കാർ നിർത്തി മരുന്നുവാങ്ങാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ചീറിപ്പാഞ്ഞെത്തിയ ബൈക്കിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം. കൊല്ലം നോർത്ത് വിളയിൽ വീട്ടിൽ ഡെന്നീസ് ഡാനിയൽ(45), ഭാര്യ നിർമല ഡെന്നീസ്(33) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ പഴവങ്ങാടിയിലാണ് അപകടമുണ്ടായത്.
അപകടം കണ്ടുനിന്നവർ ഉടൻതന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഡെന്നീസ് അർധരാത്രിയോടെ മരിച്ചു. ബുധനാഴ്ച പുലർച്ചെയോടെ നിർമലയും മരിച്ചു.
കോട്ടയ്ക്കകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഇവർ വീട്ടിലേക്കു മടങ്ങും വഴി മേലെ പഴവങ്ങാടിയിൽ കാർ നിർത്തി റോഡിനു കുറുകേ കടക്കുമ്പോഴായിരുന്നു അപകടം. പാഞ്ഞെത്തിയ രണ്ട് ബൈക്കുകളിൽ ഒരെണ്ണം രണ്ടുപേരെയും ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു.
അപകടം നടന്ന സ്ഥലത്ത് മറിഞ്ഞുകിടന്ന ഒരു ബൈക്ക് ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ബൈക്ക് മറിഞ്ഞുവീഴുന്നതായുള്ള സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ, ദമ്പതിമാരെ ഇടിക്കുന്നതിന്റെ ദൃശ്യം ലഭിച്ചിട്ടില്ല.
ബൈക്കിലുണ്ടായിരുന്ന രണ്ടു യുവാക്കൾക്കും പരിക്കുണ്ട്. അപകടത്തിനിടയാക്കിയത് ചീറിപ്പാഞ്ഞെത്തിയ മറ്റൊരു ബൈക്കാണെന്നാണ് ഇവർ പറയുന്നത്. കസ്റ്റഡിയിലെടുത്ത ബൈക്കാണോ അപകടമുണ്ടാക്കിയതെന്നറിയാൻ പോലീസ് ഫൊറൻസിക് പരിശോധന നടത്തും. രണ്ടാമത്തെ ബൈക്കിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഡെനീല, ഡയാൻ എന്നിവരാണ് മരിച്ച ദമ്പതിമാരുടെ മക്കൾ. സംസ്‌കാരം വെള്ളിയാഴ്ച നാലിന് നോർത്ത് മൈലക്കാട് സെന്റ് ജോസഫ് ദോവാലയ സെമിത്തേരിയിൽ.
വെപ്പുപല്ല് ഇളകിപ്പോയി അന്നനാളത്തില്‍ കുടുങ്ങിയ യുവാവ് മരിച്ചു. കനകമല പാപറമ്പില്‍ തോമസിന്റെ മകന്‍ ജസ്റ്റിന്‍ ആണ് മരിച്ചത്. 35 വയസായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സെപ്റ്റംബര്‍ 30-നായിരുന്നു സംഭവം.
വെള്ളം കുടിക്കുന്നതിനൊപ്പം വെപ്പുപല്ല് ഇളകി ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് പ്രാഥമികശുശ്രൂഷയ്ക്കുശേഷം എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍വെച്ച് തിങ്കളാഴ്ച ശസ്ത്രക്രിയയിലൂടെ പല്ല് പുറത്തെടുത്തു.
ശേഷമുണ്ടായ അണുബാധയാണ് മരണത്തിലേയ്ക്ക് വഴിവെച്ചത്. ചാലക്കുടി മാര്‍ക്കറ്റിലെ ഓട്ടോ ഡ്രൈവാണ് ജസ്റ്റിന്‍. അമ്മ: എല്‍സി തോമസ്, ഭാര്യ വിന്‍ഷി, മക്കള്‍: ജെസ്വിന്‍, ബിസ്വിന്‍, ജീവന്‍.
നെടുമ്പാശ്ശേരി: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവതിക്ക് എയർ ഇന്ത്യ വിമാനത്തിൽ സുഖപ്രസവം. ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്ന് കൊച്ചിക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പാണ് പ്രസവിച്ചത്. ഏഴുമാസം ഗർഭിണിയായ മരിയയ്ക്ക് വിമാനം ലണ്ടനിൽനിന്ന് പുറപ്പെട്ട് അധികം വൈകാതെ തന്നെ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും മെഡിക്കൽ സഹായം നൽകാനായി വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക്ഫുർട് വിമാനത്താവളത്തിലിറക്കി.
വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരുടെയും നാല് നഴ്‌സുമാരുടെയും കാബിൻ ജീവനക്കാരുടെയും സഹായത്തോടെയാണ് യുവതി പ്രസവിച്ചത്. വനിത പൈലറ്റായ ഷോമ സുർ ആണ് വിമാനം നിയന്ത്രിച്ചിരുന്നത്. യുവതിയുമായി അടിയന്തരമായി ഫ്രാങ്ക്ഫുർട് വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തെ കാത്ത് അടിയന്തര മെഡിക്കൽ സംവിധാനങ്ങളൊരുക്കിയിരുന്നു. വിമാനമിറങ്ങിയ ഉടൻ അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.
ഫ്രാങ്ക്ഫുർട്ടിൽനിന്ന് തിരികെ പറന്ന വിമാനം ആറ് മണിക്കൂർ വൈകി ബുധനാഴ്ച രാവിലെ 9.45ന് കൊച്ചിയിലിറങ്ങി. 210 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യുവതിയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി ധീരവും സമയോചിതവുമായ ഇടപെടൽ നടത്തിയ എയർ ഇന്ത്യ പൈലറ്റുമാരെയും ജീവനക്കാരെയും സിയാലിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ക്വാറന്റീനിലിരിക്കെ അനുമതിയില്ലാതെ (മൂവിങ് പെർമിറ്റ്) പുറത്തുപോയ മലയാളിക്ക് 50,000 ദിർഹം (10 ലക്ഷം രൂപ) പിഴ. അബുദാബിയിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശിക്കാണ് ലക്ഷങ്ങൾ പിഴ ലഭിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ സ്മാർട് വച്ച് ധരിച്ച് ഹോം ക്വാറന്റീനിൽ ആയിരുന്നു. 4, 8 ദിവസങ്ങളിൽ വീട്ടിലെത്തി പിസിആർ ടെസ്റ്റ് എടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.
തുടർന്ന് ഒൻപതാം ദിവസം പിസിആർ ടെസ്റ്റ് എടുക്കാൻ പുറത്തുപോയതാണ് വിനയായത്. ഇതേസമയം ആരോഗ്യ വിഭാഗത്തിൽ നിന്ന് അനുമതി ലഭിച്ചതനുസരിച്ചാണു പോയതെന്ന് ഇദ്ദേഹം പറയുന്നു. തുടർന്ന് മഫ്റഖ് ആശുപത്രി, ഡ്രൈവ് ത്രൂ, മിനാ പോർട്ട് അസസ്മെന്റ് സെന്റർ എന്നിവിടങ്ങളിൽ എത്തിയെങ്കിലും അവിടെ പിസിആർ ടെസ്റ്റ് എടുക്കാനാവില്ലെന്ന് അറിയിച്ചതോടെ വീട്ടിൽ തിരിച്ചെത്തിയെന്ന് ഇദ്ദേഹം പറഞ്ഞു.
ക്വാറന്റീൻ കാലാവധി പൂർത്തിയാക്കി ട്രാക്കർ അഴിച്ചതിനുശേഷം 2 ദിവസങ്ങളിൽ നടത്തിയ 2 പിസിആർ ടെസ്റ്റുകളിലും നെഗറ്റീവായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം എസ്എംഎസ് സന്ദേശം വന്നപ്പോഴാണ് വൻതുക പിഴ ഒടുക്കിയ വിവരം അറിയുന്നത്.
യുഎഇയിലെ നിയമം അനുസരിച്ച് ക്വാറന്റീൻ കാലയളവിൽ (ഇപ്പോൾ 10 ദിവസം) പരിധി വിട്ട് പുറത്തുപോകാൻ പാടില്ല. അടിയന്തര ഘട്ടങ്ങളിൽ പുറത്തുപോകാൻ ആരോഗ്യ വിഭാഗത്തിൽ നിന്ന് മൂവിങ് പെർമിറ്റ് എടുക്കണം. നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹമാണ് പിഴ.
ക്വാറന്റീൻ സ്ഥലത്തുനിന്ന് പുറപ്പെടുന്ന സമയം മുതൽ തിരിച്ചെത്തുന്ന സമയം വരെ കണക്കാക്കി അത്രയും നേരത്തേക്കാണ് മൂവിങ് പെർമിറ്റ് എടുക്കേണ്ടത്. അനുമതി കംപ്യൂട്ടർ ഫയലിൽ രേഖപ്പെടുത്തി എന്ന് ഉറപ്പാക്കണം. അടിയന്തര ഘട്ടത്തിൽ ആശുപത്രിയിലേക്കു പോകേണ്ടിവന്നാൽ വീട്ടിൽനിന്ന് ഇറങ്ങിയ സമയം മുതൽ മൂവിങ് പെർമിറ്റിൽ രേഖപ്പെടുത്താൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടണം.
കൊല്ലം ആലപ്പാട് അഴീക്കലിനു തെക്കുപടിഞ്ഞാറ് കടലില്‍ മീന്‍പിടിത്തവലയില്‍ തിമിംഗലം കുടുങ്ങി. ആലപ്പാട്ട് നിന്ന് മീന്‍പിടിത്തത്തിനുപോയ ഓംകാരം ലൈലാന്‍ഡ് വള്ളത്തിന്റെ വലയിലാണ് തിമിംഗിലം ഇടിച്ചുകയറിയത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. 40 തൊഴിലാളികളുമായി പോയ വള്ളം കരയില്‍നിന്ന് എട്ട് നോട്ടിക്കല്‍ മൈലോളം അകലെ വെള്ളത്തില്‍ വലയിട്ടിരിക്കുകയായിരുന്നു. 71 അടി നീളമുള്ളതാണ് വള്ളം.
ഇതിനിടെയാണ് അമ്പതടിയോളം വരുന്ന തിമിംഗിലം വരുന്നതായി കണ്ടത്. ഇതോടെ വള്ളക്കാര്‍ അടുത്ത ചെറുവള്ളക്കാരുമായി ചേര്‍ന്ന് വടികൊണ്ട് വള്ളത്തിലും കടലിലും അടിച്ച് ശബ്ദമുണ്ടാക്കി തിമിംഗിലത്തെ തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ വലയിലേക്ക് തിമിംഗിലം ഇടിച്ചുകയറി. പരിഭ്രാന്തരായ മത്സ്യത്തൊഴിലാളികള്‍ തിമിംഗലത്തെ വലയില്‍ നിന്നും ഒഴിവാക്കാന്‍ ഏറെ പണിപ്പെട്ടു.
മൂന്നുമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തിമിംഗിലത്തിന് കടലിലേക്ക് കടക്കാനായത്. വല തകര്‍ത്താണ് തിമിംഗിലം രക്ഷപ്പെട്ടത്. ഇതോടെ വലയിലുണ്ടായിരുന്ന മത്സ്യം മുഴുവനും നഷ്ടപ്പെട്ടു. 25 ലക്ഷത്തോളം വിലവരുന്ന വലയുടെ ഏറിയഭാഗവും നശിച്ചു. മൂന്നുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
മംഗളുറു: (www.kvartha.com 06.10.2021) നഗരത്തിൽ ചൊവ്വാഴ്ച വൈകുന്നേരം നടന്ന വെടിവെപ്പിൽ തലക്ക് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയായിരുന്ന മകന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. വൈഷ്ണവി എക്സ്പ്രസ് കാർഗോ പ്രൈവറ്റ് ലിമിറ്റഡ് ഉടമ രാജേഷ് പ്രഭുവിന്റെ മകൻ സുധീന്ദ്ര പ്രഭു (15) ആണ് മരിച്ചത്. വിവരമറിഞ്ഞ് ഹൃദയാഘാതമുണ്ടായ രാജേഷിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ രക്ഷിതാക്കളും ആശുപത്രി അധികൃതരും തമ്മിൽ ധാരണയായിട്ടുണ്ട്.
തൊഴിലാളിക്ക് നേരെ ഉതിർത്ത വെടിയുണ്ട അബദ്ധത്തിൽ മകൻ സുധീന്ദ്രയുടെ തലക്ക് കൊള്ളുകയായിരുന്നു എന്ന് മംഗളുറു സൗത് പൊലീസ് പറഞ്ഞു. പ്രഭുവിന്റെ സ്ഥാപനത്തിന്റെ ലഗേജ് കൊണ്ടുപോവുന്ന വാഹന ഡ്രൈവർ ചന്ദ്രു, ക്ലീനർ അശ്‌റഫ് എന്നീ ചെറുപ്പക്കാർ അവർക്ക് ലഭിക്കേണ്ട 4000 രൂപ കൂലിക്കായി രണ്ടു ദിവസമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം ഇരുവരും എത്തിയപ്പോൾ രാജേഷിന്റെ ഭാര്യയാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. അവർ വിളിച്ചതനുസരിച്ച് തൊട്ടടുത്ത വീട്ടിൽ നിന്ന് മകനോടൊപ്പം എത്തിയ പ്രഭു തന്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് രണ്ടു തവണ വെടിവെച്ചതായും ഇതിലൊന്ന് മകന്റെ തലക്കാണ് കൊണ്ടതെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ രാജേഷിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. മകൻ മരിച്ചതിനാൽ കേസിന്റെ വകുപ്പുകൾ മാറ്റും.
കാടാമ്പുഴയിൽ പൂർണഗർഭിണിയെയും മകനെയും ദാരുണമായി കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. വെട്ടിച്ചിറ ചാലിയത്തൊടി മുഹമ്മദ് ഷരീഫി(42)നാണ് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കൽ ഉമ്മുസൽമ (26), മകൻ മുഹമ്മദ് ദിൽഷാദ് (ഏഴ്) എന്നിവരെയാണ് മാനഹാനി ഭയന്ന് മുഹമ്മദ് ഷരീഫ് കൊലപ്പെടുത്തിയത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പ്രതി ഇതിനിടം ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നു.
2017 ജൂണിലായിരുന്നു സംഭവം. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഉമ്മുസൽമയുമായി അടുത്ത പ്രതി യുവതി ഗർഭിണിയായതോടെയാണ് കൊലപാതകം നടത്തിയത്. ദൃക്‌സാക്ഷിയായ ഏഴുവയസുകാരൻ മകനേയും കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം, കൊല്ലണമെന്ന ലക്ഷ്യത്തോടെ വീട്ടിൽ അതിക്രമിച്ചുകയറൽ, ഗർഭസ്ഥശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പ്രതിയുടെ പേരിൽ ചുമത്തിയിരുന്നത്. ഇവയെല്ലാം പ്രോസിക്യൂഷന് തെളിയിക്കാനായി. യുവതിയും മകനും ആത്മഹത്യചെയ്തതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.
ദൃക്‌സാക്ഷികളില്ലാത്ത കേസിൽ കൽപ്പകഞ്ചേരി പോലീസ് ശേഖരിച്ച സാഹചര്യത്തെളിവുകളും ശാസ്ത്രീയ കണ്ടെത്തലുകളുമാണ് നിർണായകമായത്.
മലപ്പുറത്ത് കഴിഞ്ഞ മാസം ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതിലുള്ള മനോവിഷമത്തിലാണ് മൂസക്കുട്ടി ജീവനൊടുക്കിയതെന്ന് കണ്ടെത്തി.
കഴിഞ്ഞ മാസം 23നാണ് മൂസക്കുട്ടിയെ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൂസക്കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമായത്. മകളെ ഉപദ്രവിക്കുന്നതിലുള്ള ദുഃഖം വിഡിയോയായി ചിത്രീകരിച്ച ശേഷമായിരുന്നു മരണം.
”മകളെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് ക്രൂരമായി പീഡിപ്പിക്കുന്നു. എന്റെ വേദന കേരളം ഏറ്റെടുക്കണം. പത്ത് പവന്‍ നല്‍കാതെ മകളെ വേണ്ടെന്ന് ഭര്‍ത്താവ് പറയുന്നു” എന്നാണ് മൂസക്കുട്ടി വീഡിയോയില്‍ പറയുന്നത്. വിഡിയോ ചിത്രീകരിച്ചശേഷം വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ മൂസക്കുട്ടി തൂങ്ങിമരിക്കുകയായിരുന്നു.
മൂസക്കുട്ടിയുടെ മകള്‍ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്ദുള്‍ ഹമീദും 2020 ജനുവരി 12നാണ് വിവാഹിതരായത്. വിവാഹ സമയത്ത് നല്‍കിയ 18 പവന്റെ സ്വര്‍ണാഭരണങ്ങള്‍ പോരെന്ന് പറഞ്ഞപ്പോള്‍ ആറ് പവന്‍ വീണ്ടും മൂസക്കുട്ടി നല്‍കി.
എന്നാല്‍ പത്ത് പവന്‍ കൂടി നല്‍കിയാലെ പ്രസവിച്ചു കിടക്കുന്ന ഹിബയേയും കുഞ്ഞിനേയും കൂട്ടിക്കൊണ്ടുപോകൂ എന്ന് പറഞ്ഞ് ഹമീദ് വഴക്കുണ്ടാക്കി. ഇത് നല്‍കാന്‍ മൂസക്കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. ഹിബയുടെ പരാതിയില്‍ പൊലീസ് അബ്ദുള്‍ ഹമീദിനും മാതാപിതാക്കള്‍ക്കുമെതിരെ കേസെടുത്തു.
തെങ്ങിന് മുകളില്‍ കയറിയിരുന്ന് ഓടുന്ന ബസിനു നേരെ കരിക്ക് പറിച്ചെറിഞ്ഞ് കുരങ്ങന്മാര്‍. കരിക്കേറില്‍ ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു, പൊട്ടിയ ചില്ല് തെറിച്ച് രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇരിട്ടിയില്‍നിന്നും പൂളക്കുറ്റിക്ക് നെടുംപൊയില്‍, വാരപ്പീടിക വഴി സര്‍വീസ് നടത്തുന്ന സെയ്ന്റ് ജൂഡ് ബസാണ് കുരങ്ങുകളുടെ ആക്രമണമുണ്ടായത്.
റോഡരികിലെ തെങ്ങില്‍ നിന്നായിരുന്നു ഓടുന്ന ബസിനുനേരെ ഉന്നം തെറ്റാതെയുള്ള ഏറ്. ചില്ല് തകര്‍ന്നതിനെത്തുടര്‍ന്ന് ഒന്നരദിവസത്തെ സര്‍വീസ് മുടങ്ങുകയും ചെയ്തു. നഷ്ടപരിഹാരം നല്‍കാന്‍ വകുപ്പില്ലെന്നാണ് വനം വകുപ്പില്‍നിന്നും ലഭിച്ച മറുപടി. മുന്നിലെ ചില്ല് മാറ്റാന്‍ മാത്രം ഉടമ ചെക്കാനിക്കുന്നേല്‍ ജോണ്‍സന് 17,000 രൂപ ചെലവായി.
മൂന്ന് ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന ഈ റൂട്ടില്‍ ഇപ്പോള്‍ ഒരു ബസ് മാത്രമാണ് ഓടുന്നത്. പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമായി തുടരുകയാണ്. കാല്‍നടയാത്രക്കാര്‍ക്കും ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും നേരേ വാനരപ്പട പതിയിരുന്ന് ആക്രമണം നടത്തുകയാണ്.