മുംബൈ ബാര്‍ജ് ദുരന്തത്തിൽ രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. തൃശൂര്‍ സ്വദേശി അര്‍ജുന്‍, കൊല്ലം ശക്തികുളങ്ങര സ്വദേശി ആന്റണി എഡ്വിന്‍ എന്നിവരുടെ മരണമാണ് സ്ഥീരികരിച്ചത്. എട്ട് വർഷത്തോളമായി ഒഎൻജിസിയിൽ ജോലി ചെയ്യുകയായിരുന്ന അർജുൻ ആറ് മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. സ്വകാര്യകമ്പനിയുടെ ജീവനക്കാരനായിരുന്നു ആന്റണി എഡ്വിന്‍.
ഇതുവരെ 50 പേരാണ് അപകടത്തിൽ മരിച്ചത്. 25 പേരെ ഇനിയും കണ്ടെത്താനുണ്ട്. ചുഴിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും അതെല്ലാം അവഗണിച്ച ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ബാർജിലുണ്ടായിരുന്ന എഞ്ചിനീയറുടെ പരാതിയിലാണ് ക്യാപ്റ്റൻ രാകേഷ് ബല്ലവിനെതിരെ മുംബൈ പൊലീസ് കേസെടുത്തത്. ഇനിയും കണ്ടെത്താനുള്ളവർക്കായി നേവിയുടെ തെരച്ചിൽ നാലാം ദിനവും തുടരുകയാണ്.
സംസ്ഥാനത്ത് ലോക്ഡൗണ്‍ മെയ് 30 വരെ നീട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ രാവിലെ മുതല്‍ മലപ്പുറം ഒഴികെഎറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളെ ട്രിപ്പിള്‍ ലോക്ക് ഡൗണിൽ നിന്നും ഒഴിവാക്കും.
സംസ്ഥാനത്ത് ഇന്ന് 29,673 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂര്‍ 1410, ഇടുക്കി 1111, പത്തനംതിട്ട 878, കാസര്‍ഗോഡ് 650, വയനാട് 392 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,85,55,023 സാമ്പിളുകളാണ് പരിശോധിച്ചത്.
പതിനഞ്ചാം നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് രാത്രിയ്‌ക്ക് മുമ്പായി സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എ ഐ സി സിയിൽ നിന്നുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. യു.ഡി.എഫ് എംഎൽഎമാരിൽ ഭൂരിപക്ഷവും വിഡി സതീശനെ പിന്തുണച്ചെങ്കിലും ഉമ്മൻ ചാണ്ടിയടക്കം ചില നേതാക്കൾ രമേശ് ചെന്നിത്തലക്കായി നിൽക്കുന്നതാണ് ഹൈക്കമാന്റിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.
കോൺഗ്രസിലെ യുവ എം.എൽ.എ.മാരിൽ നിന്ന് ഗ്രൂപ്പിനതീതമായ പിന്തുണ സതീശനുണ്ട് എന്നാണ് റിപ്പോർട്ട്. രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷനേതാവായി തുടരുന്നതാണ് പാർട്ടിക്ക് ഗുണകരമെന്നാണ് ഉമ്മൻചാണ്ടിയുടേതടക്കം ചിലരുടെ നിലപാട്. എന്നാൽ ചെന്നിത്തലയുടെ വാക്കുകൾ ജനം വിശ്വാസത്തിലെടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കിൽ ജനപിന്തുണ നഷ്ടപ്പെടുമെന്നുമാണ് സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്.
പറവൂരിൽനിന്ന് അഞ്ചാംതവണയും മികച്ച ജയം സ്വന്തമാക്കിയ സതീശൻ, നിയമസഭയ്ക്കകത്തും പുറത്തും സി പി എമ്മിന് വെല്ലുവിളി ഉയർത്തുന്ന നേതാവിന്. തെളിവുകൾ സഹിതം ഭരണപക്ഷത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും അത് സംശയങ്ങൾക്കിടയില്ലാത്ത വിധം വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യുന്നതാണ് സതീശന്‍റെ പതിവ് ശൈലി.
ഹൈക്കമാൻഡിന്റെ ഹിതപരിശോധനയിൽ എറണാകുളം ജില്ലയിൽനിന്നുള്ള രണ്ട് ഐ ഗ്രൂപ്പ് എം.എൽ.എമാർ മാത്രമാണ് സതീശനെതിരെ നിലപാട് സ്വീകരിച്ചത്. എ ഗ്രൂപ്പ് നേതാവായ ഒരു എം.എൽ.എ. സ്വന്തംപേരാണ് നിർദേശിച്ചത്. രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരട്ടെ എന്ന തീരുമാനമാണ് എ ഗ്രൂപ്പ് നേതൃത്വം അവസാനഘട്ടത്തിൽ എടുത്തത്.
എന്നാൽ, ഗ്രൂപ്പിലെ മുഴുവൻപേരും തീരുമാനത്തെ പിന്തുണച്ചില്ല. ഹൈക്കമാൻഡ് പ്രതിനിധികൾ അംഗങ്ങളെ ഒറ്റയ്ക്ക് കണ്ടപ്പോൾ എ വിഭാഗത്തിലെ മൂന്ന് എം.എൽ.എമാർ സതീശനെ പിന്തുണച്ചു. അവരുടെകൂടി പിന്തുണയോടെ 12 പേരുടെ പിന്തുണ സതീശനുണ്ടെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നത്.
എഐസിസി നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെ, വൈത്തിലിംഗം എന്നിവർ നൽകിയ റിപ്പോർട്ടിൻമേൽ തുടർചർച്ചകൾ നടക്കും. പ്രതിപക്ഷ നേതാവായി ഒരു വട്ടം കൂടി അവസരം കിട്ടാൻ രമേശ് ചെന്നിത്തലയും ഹൈക്കമാൻഡിൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഘടക കക്ഷികളുടെ നിലപാട് അനുകൂലമെന്ന് ചെന്നിത്തല വാദിക്കുമ്പോൾ ഹൈക്കമാന്റ് സ്വീകരിക്കുന്ന നിലപാടിനൊപ്പമെന്നാണ് ഘടക കക്ഷികളുടെ പ്രതികരണം.
ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ചവരില്‍ മലയാളികളുടെ ണ്ണം മൂന്നായി ഉയര്‍ന്നു. ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞതോടെയാണ് മൂന്ന് മലയാളികള്‍ മരിച്ചതായി സ്ഥിരീകരിച്ചത്.
വയനാട് വടുവഞ്ചാല്‍ സ്വദേശി സുമേഷാണ് മരിച്ചത്. സുമേഷ് മരിച്ചു എന്ന വിവരം ബന്ധുക്കള്‍ക്ക് ഫോണിലൂടെ ലഭിക്കുകയായിരുന്നു. വടുവന്‍ചാല്‍ മേലെ വെള്ളേരി സുധാകരന്റെ മകനാണ് സുമേഷ്. ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു സുമേഷ്.
വയനാട് ഏച്ചോം മുക്രമൂല പുന്നന്താനത്ത് ജോമിഷ് ജോസഫ് (35), കോട്ടയം പൊന്‍കുന്നം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മയിലിന്റെ മകന്‍ സസിന്‍ ഇസ്മയില്‍ (29) എന്നിവരാണ് മരിച്ച മറ്റു രണ്ടു മലയാളികള്‍. സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡല്‍ഹിയിലെ ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു ജോമിഷ് ജോസഫ്. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ: ജോയ്സി. മക്കള്‍: ജോന തെരേസ ജോമിഷ്, ജോല്‍ ജോണ്‍ ജോമിഷ്.
ഒ.എന്‍.ജി.സി.യുടെ പി. 305 നമ്പര്‍ ബാര്‍ജിലായിരുന്നു സസിന്‍ ഉണ്ടായിരുന്നത്. സില്‍വി ഇസ്മയിലാണ് അമ്മ. സഹോദരങ്ങള്‍: സിസിന, മിസിന. കണ്ണൂര്‍ ഏരുവേശ്ശി സ്വദേശി വലിയപറമ്പില്‍ താന്നിക്കല്‍ വീട്ടില്‍ ജോസഫിന്റെയും നിര്‍മലയുടെയും മകന്‍ സനീഷ് ജോസഫിനെ (35) കാണാതായിട്ടുമുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം നടത്തി വരികയാണ്. ഇതുവരെ 49 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. കാണാതായവരുടെ കൂട്ടത്തിലും മലയാളികളുണ്ടെന്നാണ് സംശയിക്കുന്നത്.
മാനസിക രോഗിയായ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. ആനക്കര പഞ്ചായത്തിലെ മലമല്‍ക്കാവ് പുളിക്കല്‍ വീട്ടില്‍ സിദ്ദീഖാണ് (58) കൊല ചെയ്യപ്പെട്ടത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അേന്വഷണത്തിനൊടുവിലാണ് ഭാര്യ ഫാത്തിമയെ (45) അറസ്റ്റ് ചെയ്തത്.
വര്‍ഷങ്ങളായി മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന വ്യക്തിയാണ് സിദ്ദീഖ്. എന്നാല്‍ മറ്റ് ശാരീരിക പ്രശ്നങ്ങളോ അസുഖങ്ങളോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പെട്ടെന്നുള്ള മരണത്തില്‍ നാട്ടുകാര്‍ക്ക് സംഷയം തോന്നിയിരുന്നു. പിന്നീട് ഖബറടക്കം ഉള്‍പ്പെടെയുള്ള സംസ്്കാര ചടങ്ങുകള്‍ക്ക് ബന്ധുക്കള്‍ തിടുക്കം കാട്ടിയതോടെ ഈ സംശയം ബലപ്പെട്ടു. നാട്ടുകാര്‍ക്കിടയില്‍ ഈ സംശയം ചര്‍ച്ചയായതോടെ നാട്ടുകാര്‍ ഇടപെട്ട് സംസ്‌കാര ചടങ്ങുകള്‍ നിര്‍ത്തിവെപ്പിക്കുകയും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് നിര്‍ബന്ധം പിടിക്കുകയുമായിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയത്.ഇതിനു ശേഷമാണ് കഴുത്തില്‍ തുണി പോലുള്ള വസ്തു മുറുകിയാണു മരണമെന്നു കണ്ടെത്തിയത്.
തുടര്‍ന്ന് രാത്രി തന്നെ കഴുത്തില്‍ തുണി പോലുള്ള വസ്തു മുറുകിയാണു മരണമെന്നു കണ്ടെത്തി. ഇതോടെ സിദ്ദീഖിന്റെ ഭാര്യ ഫാത്തിമ(45)യെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഫാത്തിമ കുറ്റം സമ്മതിക്കുകയായിരുന്നു. മനോദൗര്‍ബല്യമുള്ള ഭര്‍ത്താവുമൊത്തു തുടര്‍ജീവിതം സാധ്യമാകാത്തതാണ് കൊലപാതകത്തിന് കാരണം എന്നാണ് ഫാത്തിമ പൊലീസിനോട് പറഞ്ഞത്. ഫാത്തിമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സിദ്ദീഖിനെ വീടിന്റെ മുന്‍വശത്തു കിടത്താന്‍ പലതവണ ശ്രമിച്ചിട്ടും അനുസരിക്കാതെ തിണ്ണയില്‍ കയറി നിന്നപ്പോള്‍ താഴെ തള്ളിയിട്ടു കൈകൊണ്ടു മുഖം പൊത്തി കഴുത്തില്‍ പുതപ്പു മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഫാത്തിമയുടെ മൊഴി.
പുതപ്പ് വീടിനു സമീപത്തു നിന്നു കണ്ടെടുത്തു. അതേസമയം, സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായംലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
കൊല്ലം ജില്ലാ ആശുപത്രി അധികൃതർക്കെതിരെ ഗുരുതരമായ ആരോപണവുമായി െകാല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ. ഇന്നലെ മരിച്ച കോൺഗ്രസ് നേതാവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇന്ന് പ്രവർത്തകർ മൃതദേഹം ഏറ്റെടുത്ത് സംസ്ക്കരിക്കാൻ എത്തിയപ്പോൾ മൃതദേഹം കാണുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്.
മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം മാറി നൽകിയെന്നും അവർ മൃതദേഹം സംസ്ക്കരിക്കുകയും ചെയ്തെന്നും പിന്നാലെ നടത്തിയ അന്വേഷണത്തിൽ വ്യക്തമായെന്നും ബിന്ദു കൃഷ്ണ പറയുന്നു. ഫെയ്സ്ബുക്ക് ലൈവിലെത്തിയാണ് ബിന്ദു ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രി അധികൃതർ മാപ്പു ചോദിച്ചെന്നും എന്നാൽ ഈ വലിയ അനാസ്ഥ അതുകൊണ്ട് തീരുന്നതാണോ എന്നും ബിന്ദു ചോദിക്കുന്നു.
മരണാനന്തര കർമങ്ങൾ പോലും ബന്ധുക്കൾക്ക് ചെയ്യാൻ കഴിഞ്ഞെന്നും അവർ പറയുന്നു. കോൺഗ്രസ് പാർട്ടിയുടെ ബൂത്ത് പ്രസിഡന്റായ ശ്രീനിവാസന്റെ മൃതദേഹമാണ് ഇത്തരത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ബന്ധുക്കൾക്ക് ലഭിക്കാതെ പോയത്.
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കോവിഡ് ചികിത്സയില്‍ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നത് മൂലം പ്രതിരോധശേഷി കുറയുന്നതിനാല്‍ ബ്ലാക്ക് ഫംഗസ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
പ്രമേഹരോഗികള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മ്യൂക്കോര്‍മൈകോസിസ് എന്ന ബ്ലാക്ക് ഫംഗസിനെ തടയാനായി വ്യക്തി ശുചിത്വം പാലിക്കണം എന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം. പ്രമേഹമുള്ള വ്യക്തികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുക.
പല്ലുകള്‍ക്ക് പഴുപ്പ്, വായ്പുണ്ണ് എന്നിവ പെട്ടെന്നു തന്നെ ചികിത്സിക്കുക, വ്യക്തിശുചിത്വം പാലിക്കുക, ഓക്‌സിജന്‍ ഹ്യുമിഡിഫയര്‍ ദിവസവും വൃത്തിയാക്കുക, ഹ്യുമിഡിഫയറില്‍ ശുദ്ധമായ വെള്ളം ഉപയോഗിക്കുക, രോഗികള്‍ മാസ്‌ക് ധരിക്കുക എന്നിവ കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കണം.
മ്യൂക്കോര്‍മൈകോസിസ് ഒരു ഫംഗല്‍ അണുബാധ ആയതിനാല്‍ ഇതിന് ആന്റി ഫംഗല്‍ മരുന്നുകള്‍ പ്രധാനമായും ആംഫോടെറിസിന്‍-ബി എന്ന മരുന്നാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ കണ്ണില്‍ നിന്ന് തലച്ചോറിലേക്ക് പടര്‍ന്നാല്‍ അണുബാധ വന്ന കണ്ണ് ഓപ്പറേഷന്‍ ചെയ്ത് മാറ്റേണ്ടി വരും.
കേരളത്തിൽ രണ്ടാം തവണ അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയെ അനുമോദിച്ചത്.
സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണ അധികാത്തിലേറിയ പിണറായി വിജയന്‍ ആശംസകൾ നേരുന്നു’- പ്രധാനമന്ത്രി കുറിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരുടെ സത്യപ്രതിജ്ഞാ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽവച്ചാണ് നടന്നത്.
Congratulations to Shri @vijayanpinarayi Ji on taking oath as CM and commencing his second term in office.
— Narendra Modi (@narendramodi) May 20, 2021
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ പൂർത്തിയായി. മുഖ്യമന്ത്രി പിറണായി വിജയനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് ഘടകകക്ഷി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് അക്ഷരമാല ക്രമത്തിൽ മറ്റുള്ളവരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
മുഖ്യമന്ത്രി പിണറായി വിജയനടക്കം 16 മന്ത്രിമാരുടെ സത്യപ്രതിജ്ഞ “സഗൗരവം’ ആയിരുന്നു. വീണ ജോർജ്, ആന്റണി രാജു, വി അബ്ദുറഹ്മാൻ, കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ എന്നിവരാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. ഐഎൻഎല്ലിന്റെ അഹമ്മദ് ദേവര്‍കോവിൽ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലിരുന്ന അധ്യാപിക മരിച്ചു. കോട്ടയം മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ അനീഷ പ്രദീപ് കുമാര്‍(32)ആണ് മരിച്ചത്.
കന്യാകുമാരി സിഎംഐ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂളില്‍ അധ്യാപികയായിരുന്നു. ഭര്‍ത്താവ് പ്രദീപ് കുമാര്‍ ഇതേസ്കൂളില്‍ അക്കൗണ്ടന്റ് ആണ്.
മേയ് ഏഴിന് ശ്വാസം തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ചികിത്സയിലാണ് അനീഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അനീഷയും ഭര്‍ത്താവും ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ആയുര്‍വേദ ആശുപത്രിയിലാണ് പ്രദീപ് കുമാര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞത്.
തുടര്‍ന്ന് രോഗം ഭേദമായതിനെ തുടര്‍ന്ന് ഇവര്‍ വീട്ടിലേക്കു മടങ്ങി. എന്നാല്‍ അനീഷയുടെ കണ്ണിന് വേദന അനുഭവപ്പെട്ടിരുന്നു. മേയ് 16നാണ് അനീഷയ്ക്ക് ബ്ലാക്ക് ഫംഗസ് ആണെന്ന് കണ്ടെത്തിയത്.
കണ്ണിന് ശസ്ത്രക്രിയ ചെയ്യാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് അനീഷയെ മാറ്റി. എന്നാല്‍ ആരോഗ്യനില മോശായതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ അനീഷ മരിക്കുകയായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കാള്‍ പ്രകാരം സസ്കരിക്കും.