Kerala

കേരളത്തിൽ ബി.ജെ.പി എന്ത് കൊണ്ട് വരുന്നില്ല എന്നതിന് മികച്ച ഉത്തരം നൽകിയത് ബി.ജെ.പി നേതാവ് ഒ. രാജ​ഗോപാൽ തന്നെയാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ പി. സായ്നാഥ്.

90 ശതമാനം ആളുകൾ സാക്ഷരരായതു കൊണ്ടാണെന്ന രാജഗോപാലിന്റെ ആ നിരീക്ഷണത്തെ ഞാൻ വളരെയധികം അംഗീകരിക്കുന്നെന്ന് മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

കർണാടകത്തെ മാറ്റി നിർത്തിയാൽ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ആർ.എസ്.എസ് അടിത്തറയുള്ള സംസ്ഥാനം കേരളമായിരുന്നു. എന്നാൽ അതിനപ്പുറം ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിലേക്ക് ആ അടിത്തറ വളർന്നിട്ടില്ല.

അതെന്തുകൊണ്ട് എന്നതിന് ഏറ്റവും മികച്ച ഉത്തരം നൽകിയത് ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ തന്നെയാണ്. കേരളത്തിലെ 90 ശതമാനം ആളുകൾ സാക്ഷരരായതു കൊണ്ടാണ് കേരളത്തിൽ ബി.ജെ.പിക്ക് വോട്ട് കിട്ടാതിരിക്കാനുള്ള കാരണമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് സായ്നാഥ് ഓർമ്മിപ്പിച്ചു.

ബിജെപി കേരളത്തിൽ ഒരു എതിരാളി പോലുമല്ല. കേരളീയ ജനതയ്ക്ക് ബിജെപിയിൽ ഒരിക്കലും താത്പര്യമുണ്ടായിട്ടില്ലെന്നും പി. സായ്നാഥ് പറഞ്ഞു.

അതേസമയം ഉത്തരേന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ബിജെപി വിരുദ്ധ വികാരം ദക്ഷിണേന്ത്യയിൽ വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ നടൻ കൃഷ്ണകുമാറിന്റെ ബീഫ് നിരോധനമെന്ന പരാമർശത്തിന് മകൾ നൽകിയ മറുപടിയെന്ന തരത്തിൽ പ്രചരിക്കുന്ന ട്രോളുകളോട് പ്രതികരിച്ച് അഹാന കൃഷ്ണ.താൻ ബീഫ് കഴിക്കാറില്ലെന്നും ബീഫ് വീട്ടിൽ കയറ്റാറില്ലെന്നുമുള്ള കൃഷ്ണകുമാറിന്റെ അഭിപ്രായപ്രകടനത്തിന് പിന്നാലെയാണ് ട്രോളുകൾ പിറന്നത്. മകളായ അഹാന വീഫ് വിഭവത്തിന്റെ ചിത്രം മുമ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത് കുത്തിപ്പൊക്കിയായിരുന്നു ട്രോളുകൾ അധികവും. ‘കൃഷ്ണകുമാറിന്റെ വാദം പൊളിച്ചടുക്കി അഹാന’ എന്ന രീതിയിലായി പിന്നത്തെ പ്രചരണം.

മീമുകളും വാർത്തകളും നല്ലതാണ് പക്ഷേ ഒരൽപം മര്യാദ വേണമെന്നാണ് അഹാന ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചത്. അന്ന് പങ്കുവെച്ച ബീഫ് വിഭവത്തെക്കുറിച്ചും അഹാന വിശദീകരിച്ചു. തന്റെ സിനിമയുടെ പ്രൊഡക്ഷൻ ടീമിലെ ഭക്ഷണമാണ് അതെന്നും അമ്മ ഉണ്ടാക്കിത്തന്ന ഭക്ഷണമല്ലെന്നും അഹാന വ്യക്തമാക്കി.

താനും തന്റെ അച്ഛനും രണ്ട് വ്യക്തികളാണെന്നും വ്യത്യസ്തമായ അഭിപ്രായങ്ങൾ വെച്ചുപുലർത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്നും പറയുന്നു. എന്നാൽ കുറച്ചു കാലമായി താനെന്ത് പറഞ്ഞാലും അത് തന്റെ കുടുംബത്തിന്റെ അഭിപ്രായമാക്കി മാറ്റുന്നു, തന്റെ അച്ഛന്റെ അഭിപ്രായം തന്റെ അഭിപ്രായം ആക്കി മാറ്റുന്നുവെന്നും ഇതെന്ത് ഭ്രാന്താണെന്നും അഹാന കുറിച്ചു.

പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ കെബി ഗണേഷ് കുമാറിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് നടന്‍ മോഹന്‍ലാല്‍. ഗണേഷ് കുമാറിന്റെ വികസനസ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ ജനങ്ങള്‍ ഒപ്പമുണ്ടാകണമെന്നും നാടിന്റെ വികസനമാണ് നമുക്ക് വേണ്ടതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ വാക്കുകള്‍

‘മറ്റുള്ളവരെ കേള്‍ക്കാനുള്ള കഴിവാണ് ഒരു ജനപ്രതിനിധിക്ക് ഉണ്ടാവേണ്ട അത്യാവശ്യ ഗുണം. ദുഃഖം കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന ശൈലിയാണ് ഗണേഷ് കുമാറിനുള്ളത്. പത്തനാപുരത്തെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്. സ്വകാര്യ സംഭാഷണങ്ങളില്‍ പോലും പത്തനാപുരം കടന്നുവരുന്നത് അതിശയത്തോടെ ഞങ്ങളും കേട്ടിരിക്കാറുണ്ട്.

പുതിയ വികസന ആശയങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കുമ്പോള്‍ അഭിനയത്തേക്കാള്‍ ഉപരി പത്തനാപുരത്തോടുള്ള വല്ലാത്ത അഭിനിവേശം ഞങ്ങള്‍ കേള്‍ക്കാറുണ്ട്, കാണാറുണ്ട്. നിങ്ങള്‍ ഇന്ന് കാണുന്ന പത്തനാപുരത്തെ, പത്തനാപുരം ആക്കിയതില്‍ ഗണേഷ്‌കുമാറിന്റെ സംഭാവന എന്നേക്കാള്‍ നന്നായി നിങ്ങള്‍ക്ക് അറിയാം. പ്രിയ സഹോദരന്‍ ഗണേഷ് കുമാറിന്റെ വികസനസ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ നിങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം. മറക്കരുത്, വികസനമാണ് നമുക്ക് വേണ്ടത്.”

രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് സ്ത്രീ വിരുദ്ധ പരാമർശം നടത്തി മുൻ എം.പി ജോയ്‌സ് ജോർജ്. രാഹുൽ ഗാന്ധി വിവാഹിതൻ അല്ലാത്തതിനാൽ അദ്ദേഹത്തോട് ഇടപെടുമ്പോൾ വിദ്യാർത്ഥിനികൾ സൂക്ഷിക്കണം എന്ന സ്ത്രീ വിരുദ്ധ പരാമർശമാണ് ജോയ്‌സ് ജോർജ് നടത്തിയത്. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്ന് ജോയ്‌സ് ജോർജ്‌ പറഞ്ഞു.

മന്ത്രി എം.എം മണിയുടെ ഇരട്ടയാറിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലായിരുന്നു ഇടുക്കി മുൻ എം.പിയുടെ പരാമർശം.‌ പ്രസ്താവനയെ കൂട്ടചിരിയിൽ സദസ്സ് പിൻതാങ്ങി.

അതേസമയം ജോയ്‌സ് ജോർജിന്റേത് തരംതാണ പ്രസ്താവന ആണെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ജോയ്സ് മ്ലേച്ഛനാണെന്ന് തെളിയിച്ചു. അവനവന്‍റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നതെന്നും ഡീന്‍ പറഞ്ഞു. ജോയ്‌സ് ജോർജിന്റെ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് അറിയിച്ചു.‌

എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാട്ട്. രാവിലെ 10.40 ന് ഇന്ദിരാഗാന്ധി മുനിസിപ്പൽ മൈതാനത്ത് ഹെലികോപ്റ്ററിലെത്തുന്ന പ്രധാനമന്ത്രിയെ ബിജെപിയുടെ സംസ്ഥാന – ജില്ലാ നേതാക്കൾ സ്വീകരിക്കും. കോട്ടമൈതാനത്താണ് സമ്മേളനവേദി. മെട്രോമാൻ ഇ ശ്രീധരൻ ഉൾപ്പെടെ ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികൾ പങ്കെടുക്കും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും, മലമ്പുഴയിലെ സ്ഥാനാർഥിയുമായ സി കൃഷ്ണകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരന്‍, കര്‍ണാടക ചീഫ് വിപ്പ് സുനില്‍കുമാര്‍ എന്നിവരുമുണ്ട്.

അരലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് രാവിലെ മുതൽ ഉച്ചവരെ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഈ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യ പ്രചാരണയോഗം കൂടിയാണിത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്ന പ്രിയങ്കഗാന്ധി ഇന്ന് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പര്യടനം നടത്തും. രാവിലെ പത്തേമുക്കാലിന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തുന്ന പ്രിയങ്ക കായംകുളത്തേക്ക് പോകും. തുടര്‍ന്ന് കരുനാഗപ്പള്ളി,കൊല്ലം,കൊട്ടാരക്കര മണ്ഡലങ്ങളില്‍ വോട്ടുചോദിച്ചെത്തുന്ന പ്രിയങ്ക നാലേകാലിന് വെഞ്ഞാറമൂട്ടിലും നാലരയ്ക്ക് കാട്ടാക്കടയിലും പ്രസംഗിക്കും. അഞ്ചരയ്ക്ക് പൂജപ്പുരയില്‍ നിന്ന് റോഡ് ഷോയില്‍ പങ്കെടുക്കും. വലിയതുറയിലാണ് സമാപനസമ്മേളനം. നാളെ തൃശൂര്‍ ജില്ലയിലാണ് പര്യടനം.

കിളിമാനൂർ നഗരൂരിൽ ബൈക്കിലെത്തിയ സംഘം മാലപൊട്ടിച്ചെടുത്ത ശേഷം വീട്ടമ്മയെ ചവിട്ടി വീഴ്ത്തി. കണ്ടുവന്ന മകൻ ഫു‍ട്ബോൾ കൊണ്ട് അക്രമികളെ നേരിട്ട് അമ്മയെ രക്ഷിച്ചു. തുടർന്ന് മാല ഉപേക്ഷിച്ച് മോഷ്ടാക്കൾ കടന്നു. ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം സജീവമാണ് പ്രദേശത്ത്. ശനി മൂന്നു മണിയോടെ നഗരൂർ തേക്കിൻകാട്ടും, തുടർന്ന് കിളിമാനൂർ മലയാമഠത്തും രണ്ടു മാല പൊട്ടിക്കലാണുണ്ടായത്. രണ്ടു സംഭവത്തിനു പിന്നിലും ഒരേ സംഘമാണെന്ന് നിഗമനം.

നഗരൂർ ശിവപുരം ശ്രീനിധിയിൽ സജീവന്റെ ഭാര്യ സീമയുടെ മൂന്നു പവന്റെ മാല പൊട്ടിച്ചെടുത്ത ശേഷം വീട്ടമ്മയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഇതേ സമയത്ത് ഫു‍ട്ബോൾ കളിക്കാനായി അതുവഴി എത്തിയ മകൻ അക്ഷയ് കാണുന്നത് അമ്മയും യുവാക്കളുമായി പിടിവലി കൂടുന്നതാണ്. മകൻ ഫു‍ട്ബോൾ കൊണ്ട് അക്രമിയെ ഇടിച്ചു. ഇടിയേറ്റപ്പോൾ പൊട്ടിച്ചെടുത്തമാല മോഷ്ടാവിന്റെ കയ്യിൽ നിന്നു തെറിച്ചു വീണു. മാല കണ്ടെടുക്കാൻ ശ്രമം നടത്തവേ മകൻ വീണ്ടും ബോൾ ഉപയോഗിച്ച് മോഷ്ടാക്കളെ നേരിടുകയായിരുന്നു. ഇതോടെ പ്രതികൾ ബൈക്കിൽ കയറി കിളിമാനൂർ ഭാഗത്തേക്ക് ഓടിച്ചു പോയി.

കിളിമാനൂർ ദേവേശ്വരം കുന്നിൽ വീട്ടിൽ ശക്തിധരന്റെ ഭാര്യ എസ്. ഷീലയുടെ അഞ്ചേമുക്കാൽ പവന്റെ താലിമാലയാണ് മേലേ മലയമഠത്ത് ബൈക്കിൽ എത്തിയ രണ്ടംഗ സംഘം പൊട്ടിച്ചെടുത്തത്. ശനി വൈകിട്ടായിരുന്നു സംഭവം. തൊളിക്കുഴിയിൽ പോയിട്ട് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു ദമ്പതികൾ. സ്കൂട്ടറിന്റെ പിറകിൽ ഇരുന്ന ഷീലയുടെ മാല പൊട്ടിച്ചെടുത്ത സംഘം ദമ്പതികളെ ചവിട്ടി തള്ളിയിടുകയും ചെയ്തു. ദമ്പതികളെ മോഷ്ടാക്കൾ കിളിമാനൂരിൽ നിന്നു പിൻതുടർന്ന് എത്തിയാണ് മാല പൊട്ടിച്ചെടുത്തത്.

23ന് വൈകിട്ട് 5.30ന് മുളയ്ക്കത്തുകാവിൽ കടയിൽ സാധനം വാങ്ങുവാൻ എന്ന വ്യാജേന ബൈക്കിൽ എത്തിയ യുവാക്കൾ കടയുടമയായ വീട്ടമ്മയുടെ രണ്ടര പവന്റെ താലിമാല പൊട്ടിച്ചെടുത്തിരുന്നു. തോപ്പിൽ ഗോവിന്ദവിലാസത്തിൽ കുഞ്ഞു കൃഷ്ണപിള്ളയുെട ഭാര്യ വിജയകുമാരിയമ്മയുടെ മാലയാണ് പൊട്ടിച്ചെടുത്ത് കടന്നത്. പൊലീസ് പട്രോളിങ് ശക്തമാക്കാത്തതിൽ ജനങ്ങൾ ആശങ്കയിലാണ്.

മൂവാറ്റുപുഴയിൽ വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശികളുടെ കുടുംബത്തിലെ നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ലക്ഷണങ്ങളോടെ മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ കുടുംബത്തിലെ മറ്റൊരു പെൺകുട്ടിയെയും വൈദ്യപരിശോധനയ്ക്കു വിധേയരാക്കാൻ ആശുപത്രി അധികൃതർ ഒരുങ്ങുന്നു.

അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ കുട്ടിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആശുപത്രി അധികൃതർ വിവരം കൈമാറി 3 ദിവസം പിന്നിട്ടിട്ടും കേസ് അന്വേഷിക്കാൻ മൂവാറ്റുപുഴ പൊലീസ് തയാറായിട്ടില്ല. അസം സ്വദേശിയായ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല എന്ന് മൂവാറ്റുപുഴ എസ്ഐ വി.കെ.ശശികുമാർ പറഞ്ഞു.

കുഞ്ഞിന്റെ പിതാവിന്റെ സഹോദരനും ഭാര്യയുമാണു കൂടെയുളളതെന്നാണു പ്രാഥമിക വിവരം. കുറ്റകൃത്യം സംബന്ധിച്ച് അറിവില്ലെന്നാണ് ഇരുവരും പറയുന്നത്. ഇവരുടെ കുടുംബം മൂവാറ്റുപുഴ, പെരുമറ്റത്താണു വാടകയ്ക്കു താമസിക്കുന്നത്.

കുഞ്ഞിനു കടുത്ത വയറുവേദനയും മറ്റും തുടങ്ങിയതോടെ കഴിഞ്ഞ വ്യാഴാഴ്ചയാണു മൂവാറ്റുപുഴ നെടുംചാലിൽ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് സന്നദ്ധ സംഘടന ഇടപെട്ടു കുട്ടിയെ മൂവാറ്റുപുഴ മെഡ‍ിക്കൽ സെന്ററിലേക്ക് മാറ്റി. മൂത്രതടസ്സം ഉണ്ടെന്നായിരുന്നു രക്ഷിതാക്കൾ ഡോക്ടറോട് പറഞ്ഞത്. വിശദമായ പരിശോധനയിൽ കുട്ടിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നു വ്യക്തമായതോടെ വിദഗ്ധ ചികിത്സയ്ക്കായി ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

സർജറി വിഭാഗം നടത്തിയ പരിശോധനയിലാണു കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവും പരുക്കും കണ്ടത്. സ്കാനിങ്ങിൽ കുഞ്ഞിന്റെ കുടൽ പൊട്ടിയതായി കണ്ടെത്തി. കുഞ്ഞു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞതോടെ ഞായറാഴ്ച പൊലീസിനെ വിവരം അറിയിച്ചു.

സർജറി വിഭാഗം ശസ്ത്രക്രിയ നടത്തിയതോടെയാണു പരുക്കുകൾ ഗുരുതരമാണെന്നു ബോധ്യപ്പെട്ടത്. ഡോക്ടർമാർ ബന്ധുക്കളോടു വിശദമായി വിവരങ്ങൾ തിരക്കിയെങ്കിലും എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നാണ് ഇവർ പറയുന്നത്. ഈ ദമ്പതികളുടെ 2 മക്കൾ കൂടി ആശുപത്രിയിലുണ്ട്. ഇതിൽ മൂത്ത പെൺകുട്ടിയും വയറു വേദനയും മറ്റ് ആരോഗ്യ പ്രശ്നങ്ങളു‌ം ഉണ്ടെന്ന് അറിയിച്ചതോടെയാണ് ഈ കുട്ടിയെയും വിശദമായ പരിശോധനയ്ക്കു വിധേയമാക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.

ഈ കുടുംബത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തി വിവരങ്ങൾ അന്വേഷിക്കാൻ പോലും തയാറാകാത്തത് എന്തുകൊണ്ടാണെന്നു വിശദമാക്കാൻ പൊലീസിനു കഴിഞ്ഞില്ല. രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയുമാണു ദമ്പതികൾക്ക് ഒപ്പമുള്ളത്. പീഡനത്തിന് ഇരയായതായി സംശയിക്കുന്ന കുട്ടി ഇയാളുടെ ആദ്യ ഭാര്യയുടെ കുട്ടിയാണെന്നും നാട്ടുകാർ പറയുന്നുണ്ട്. ഇവർ ഗുജറാത്ത് സ്വദേശികളാണെന്നും സംശയമുണ്ട്.

വീസ തട്ടിപ്പ് കേസിൽ കോയമ്പത്തൂർ സ്വദേശിനി അറസ്റ്റിൽ. അരഗൂർ ഗണപതി ഗാർഡനിൽ ശ്യാമള (32) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 5 ലക്ഷം രൂപ വരെ ശമ്പളത്തിൽ കാന‍ഡയിൽ കാറ്ററിങ് മാനേജർ തസ്തികയിൽ ജോലി നൽകാമെന്നും പറ‍ഞ്ഞ് തൃശൂർ സ്വദേശിയിൽ നിന്ന് 8 ലക്ഷം രൂപ വാങ്ങി വ്യാജ വീസ നൽകിയെന്നാണ് കേസ്. ഒന്നരവർഷം മുൻപാണ് സംഭവം.

പരാതിക്കാരനെ ഡൽഹിയിൽ കൊണ്ടുവന്നാണ് വീസ നൽകിയത്. തൊഴിൽ വീസ എന്ന വ്യാജേന വിസിറ്റിങ് വീസയാണ് ശ്യാമള പരാതിക്കാരന് നൽകിയിരുന്നത്. എംബസി അധികൃതർ വീസ നിരസിച്ചപ്പോഴാണ് ഇതു തൊഴിൽ വീസയല്ലെന്നു ഇവർ അറിയുന്നത്. പിന്നീട് ലഭിച്ച വീസയും സംശയം തോന്നിയതിനാൽ പരാതിക്കാരൻ കാനഡ എബസിയിൽ പരിശോധനയ്ക്ക് നൽകിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്.

കാനഡ, കംപോഡിയ, അർമേനിയ, അസർബൈജൻ എന്നിവിടങ്ങളിലേക്കു വീസ നൽകാമെന്നു പറ‍ഞ്ഞാണ് കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യാജ സ്ഥാപനം വഴി തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ കേസിൽ ഇനിയും പ്രതികളുണ്ടെന്നു സൂചനയുണ്ട്. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു. എസ്എച്ച് എ കെ.സുമേഷ്, ഇൻസ്പെക്ടർ സി.പി.ബിജു പൗലോസ്, എഎസ്ഐ എം.കെ.അസീസ്, വനിത സീനിയർ സിപിഒമാരായ ടി.ആർ.രജനി, ടെസ്നോ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

കമ്മ്യൂണിസ്റ്റുകാര്‍ തന്നെയും മക്കളെയും വിരട്ടി നോക്കുകയും സിനിമയില്‍ നിന്നും പുറത്താക്കാന്‍ നോക്കുകയും ചെയ്തുവെന്ന് നടനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാര്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജഗതി വാര്‍ഡില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണകുമാര്‍.

കമ്മ്യൂണിസ്റ്റുകാര്‍ വാ തുറക്കുന്നത് രണ്ട് കാര്യങ്ങള്‍ക്കാണ്, തിന്നാനും കള്ളം പറയാനും. തന്നെയും മക്കളെയും ഇവര്‍ കുറേ വിരട്ടി നോക്കി. ഒരു ചുക്കും സംഭവിച്ചില്ല. കുറച്ചു ദിവസം തന്നെ ജോലിയില്‍ നിന്നും പുറത്താക്കി. തന്റെ മക്കളെയും ചിലപ്പോള്‍ പുറത്താക്കും, അതിനപ്പുറം ഇവര്‍ ഒന്നും ചെയ്യില്ല.

ഇതെല്ലാം മോദി കാണുന്നുണ്ട്. അതിനപ്പുറത്ത് ദൈവം കാണുന്നുണ്ട്. ബിജെപിയെ കുറിച്ചും ഭാരതത്തെ കുറിച്ചും നല്ലത് താന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതാറുണ്ട്. സൈബര്‍ കമ്മികളെ തനിക്ക് കലിയാണ്. തന്റെയും മക്കളുടെയും തൊഴില്‍ ഇല്ലാതാക്കാന്‍ ഇവര്‍ നോക്കും. ഇതിനപ്പുറം ഒന്നും ചെയ്യാന്‍ ഇവന്മാര്‍ക്കാകില്ല.

കോണ്‍ഗ്രസും ഇവരുടെ ഒപ്പമാണ്. കേരളത്തില്‍ ജീവിക്കുന്ന മലയാളികളെ കുറിച്ച് വളരെ വിഷമത്തോടെയാണ് കേരളത്തിന് പുറത്തുള്ള, ബിജെപി ഭരിക്കുന്ന സ്ഥലത്തെ ആളുകള്‍ ചോദിക്കുന്നത്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഭരിക്കുന്ന നാട്ടില്‍ എങ്ങനെ ജീവിക്കുന്നുവെന്നാണ് ഇവര്‍ക്ക് അറിയേണ്ടത് എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്.

ലവ് ജി​ഹാദ്, ബീഫ് നിരോധനം എന്നീ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ബി ഇ. ശ്രീധരൻ അഭിമുഖത്തിൽ നിന്നും ഇറങ്ങിപ്പോയിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇ. ശ്രീധരൻ അഭിമുഖത്തിൽ നിന്നും ഇറങ്ങിപ്പോയി.

അനാവശ്യ ചോദ്യങ്ങളാണ് അവതാരക ചോദിക്കുന്നതെന്ന് ആരോപിച്ചാണ് ഇ ശ്രീധരൻ അഭിമുഖത്തിൽ നിന്ന് ഇറങ്ങിപ്പോയത്. ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിനിടെയാണ് ഇ ശ്രീധരൻ ഇറങ്ങിപ്പോയത്.

ലവ് ജിഹാദ്, ബീഫ് നിരോധനം, ബിജെപി നേതാക്കൾക്കെതിരെയുള്ള എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഇ ശ്രീധരനെ പ്രകോപിപ്പിച്ചത്.

തന്നോട് അനാവശ്യ ചോദ്യങ്ങളാണ് ചോദിക്കുന്നതെന്ന് ഇ ശ്രീധരൻ പറയുന്നു. നെഗറ്റീവ് ചോദ്യങ്ങൾ തന്നോട് ചോദിച്ച് സമയം കളയുകയാണെന്നും അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്നും അറിയിച്ചാണ് ഇ ശ്രീധരൻ ഇറങ്ങിപ്പോയത്.

നോർത്ത് ഇന്ത്യയിലെ ബിഫ് നിരോധനം ബിജെപി നേട്ടമായി ഉയർത്തിക്കാണിക്കുന്നു. അതുകൊണ്ടാണ് താങ്കളോട് ഈ ചോദ്യം ചോദിക്കുന്നതെന്നായിരുന്നു അവതാരക പറഞ്ഞത്. എന്നാൽ ഈ വിഷയത്തിൽ വിധി പറയാൻ താൻ ആളല്ലെന്നായിരുന്നു ശ്രീധരന്റെ മറുപടി.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പേരിലുള്ള കേസുകൾ ചൂണ്ടിക്കാണിച്ചപ്പോൾ അതല്ലൊം കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള സ്വർണക്കടത്തിനേക്കാളും വലിയ കാര്യമാണോ ഈ കേസുകളെന്നുമായിരുന്നു ശ്രീധരന്റെ മറുപടി.

Copyright © . All rights reserved