Kerala

സ്ഥിരമായി മദ്യപിച്ച് എത്തി അമ്മയെ ഉപദ്രവിച്ചു കൊണ്ടിരുന്ന അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊന്നു. തൃശൂര്‍ പുറ്റേക്കരയിലാണ് സംഭവം. തൃശൂര്‍ പുറ്റേക്കര സ്വദേശി ചിറ്റിലപ്പിള്ളി വീട്ടില്‍ തോമസ് ആണ് കൊല്ലപ്പെട്ടത് . അറുപത്തിയഞ്ച് വയസായിരുന്നു. സംഭവത്തിന് ശേഷം മകന്‍ കീഴടങ്ങി.

അച്ഛന്‍ സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചിരുന്നതാണ് കൊലയ്ക്കു കാരണമെന്ന് ഓട്ടോറിക്ഷ ഡ്രൈവറായ മകന്‍ ഷിജന്‍ പറഞ്ഞു. സ്ഥിരമായി മദ്യപിച്ചെത്തുന്ന അച്ഛന്‍ അമ്മയെ ഉപദ്രവിക്കാറുണ്ടെന്ന് മകന്‍ പൊലീസിനോട് പറഞ്ഞു. ഇതേചൊല്ലി സ്ഥിരം വഴക്കുണ്ടാകുമായിരുന്നു.

സംഭവദിവസവും വഴക്കുണ്ടായി. ഇതിനിടെയാണ്, ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് ഷിജന്‍ മൊഴി നല്‍കി. മരിച്ചെന്ന് ഉറപ്പായതോടെ നേരെ പോലീസ് സ്റ്റേഷനില്‍ എത്തി ഷിജന്‍ കീഴടങ്ങി.ഷിജന്റെ അറസ്റ്റ് പേരാമംഗലം പോലീസ് രേഖപ്പെടുത്തി.

കള്ളനോട്ട് അച്ചടിച്ച് കടയിൽ കൊണ്ടുപോയി മാറ്റാൻ ശ്രമിക്കുന്നതിനിടെ യുവതിയും സുഹൃത്തും പിടിയിൽ. 2000 രൂപയുടെ കള്ളനോട്ട് മാറാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേർ പിടിയിലായത്. കരുനാഗപ്പള്ളി ആദിനാട് തെക്ക് കാട്ടിൽകടവിൽ അമ്പലത്തിൽ വീട്ടിൽ താഹ നിയാസ് (നാസർ, 47), തഴവ കുറ്റിപ്പുറം എസ്ആർപി മാർക്കറ്റ് ജംക്ഷനിൽ ശാന്ത ഭവനിൽ ദീപ്തി (34) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ദീപ്തിയുടെ വീട്ടിൽ നിന്നും 100 രൂപയുടെ 7 കള്ളനോട്ടുകൾ പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി 8നാണ് പൂഴിക്കാട് തച്ചിരേത്ത് ജംക്ഷനിൽ വടക്കേവിളയിൽ ജോർജ്കുട്ടിയുടെ സ്റ്റേഷനറി കടയിൽ സാധനങ്ങൾ വാങ്ങാനായി താഹ നിയാസും ദീപ്തിയും എത്തിയത്. താഹ നിയാസ് നൽകിയ 2000 രൂപയുടെ നോട്ടിൽ സംശയം തോന്നിയ ജോർജ്കുട്ടി ഇയാളെ ചോദ്യം ചെയ്യുകയും ഇവർ വന്ന ബൈക്കിന്റെ താക്കോൽ ഊരിയെടുക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസിനെ വിളിച്ചുവരുത്തി ഇരുവരേയും കൈമാറി.

ദീപ്തിയുടെ വീട്ടിൽനിന്നു കള്ളനോട്ടുകളും ഇവ അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്ററും സ്‌കാനറും കണ്ടെടുത്തു. 2000, 500, 200, 100 രൂപയുടെ നോട്ടുകളാണ് ഇവർ അച്ചടിച്ചിരുന്നത്. രാത്രി സമയങ്ങളിൽ ദമ്പതികളെന്ന വ്യാജേനെ കടകളിലെത്തിയാണ് നോട്ടുകൾ മാറിയിരുന്നത്. താഹ നിയാസ് തഴവ കുറ്റിപ്പുറത്തു മെഡിക്കൽ സ്റ്റോറും ദീപ്തി കരുനാഗപ്പള്ളിയിൽ വസ്ത്രവ്യാപാരശാലയും നടത്തി വരികയായിരുന്നു.

കോവിഡ് കാലത്തിന് ശേഷം മാസ്‌ക് വിൽപനയുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയപ്പെടുന്നത്. ലോക്ഡൗൺ പ്രതിസന്ധിയിലാക്കിയ ഇരുവരും പിന്നീട് തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പ്രതികളെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനിയുടെ നിർദേശ പ്രകാരം അടൂർ ഡിവൈഎസ്പി ബി വിനോദ്, എസ്എച്ച്ഒ എസ് ശ്രീകുമാർ, എസ്‌ഐമാരായ ബി അനീഷ്, എ അജുകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ കെെപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. ഫിറോസ് കുന്നംപറമ്പിൽ കെെപ്പത്തി ചിഹ്നത്തിൽ അല്ല മത്സരിക്കുക എന്നാണ് ചെന്നിത്തല രാവിലെ പറഞ്ഞത്. മണ്ഡലത്തിലെ പ്രവർത്തകർ യുഡിഎഫ് സ്ഥാനാർഥി കെെപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഫിറോസിനെ തവനൂരിൽ സ്ഥാനാർഥിയാക്കുന്നതിനെതിരെ നേരത്തെ പ്രതിഷേധ സ്വരങ്ങൾ ഉടലെടുത്തിരുന്നു. പാർട്ടിക്കായി പ്രവർത്തിക്കുന്നവരെ തന്നെ സ്ഥാനാർഥിയാക്കൂ എന്നും താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്നും ഫിറോസും പറഞ്ഞിരുന്നു. എന്നാൽ, തവനൂരിലെ സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾ ഫിറോസിന് തന്നെയാണ് നറുക്കുവീണത്.

മന്ത്രി കെ.ടി.ജലീലിനെതിരെയാണ് ഫിറോസ് തവനൂരിൽ ജനവിധി തേടുന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 17,064 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജലീൽ തവനൂരിൽ ജയിച്ചത്. ജലീൽ 68,179 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തായ യുഡിഎഫിന് കിട്ടിയത് 51,115 വോട്ടുകൾ മാത്രമാണ്. യുഡിഎഫ് സ്ഥാനാർഥി കൈപ്പത്തി ചിഹ്നത്തിൽ തന്നെയാണ് 2016 ൽ മത്സരിച്ചത്.

 റ്റിജി തോമസ്

കേരളത്തിൽ എല്ലാ പാർട്ടികളും നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കടന്നുകഴിഞ്ഞു. ഈ അവസരത്തിൽ അമേരിക്കൻ പ്രസിഡൻറ് ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ചുക്കാൻ പിടിച്ച ഈ സൂപ്പർ താരം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ അവതരിക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്. ഇത് മറ്റാരുമല്ല , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ശക്തി പകർന്ന ചാറ്റ് റോബോർട്ടാണ്. ഇത്തരം സാങ്കേതികവിദ്യകൾ വരും കാലത്ത് പാർട്ടികളും സ്ഥാനാർഥികളും വ്യാപകമായി ഉപയോഗിക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്.

അതായത് സ്ഥാനാർത്ഥിക്ക് പകരം വോട്ടർമാരോട് സമൂഹമാധ്യമങ്ങളിലൂടെ സംവേദിക്കുന്നത് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള ഈ റോബോർട്ടുകളായിരിക്കും. സ്ഥാനാർഥിയുടെയും മുന്നണിയുടെയും പൊതു നിലപാടുകൾക്കും പ്രകടനപത്രികൾക്കും അനുസൃതമായിട്ടായിരിക്കും ഈ റോബോട്ടുകൾ സമ്മതിദായകരുമായി ആശയവിനിമയം നടത്തുന്നത്. സ്ഥാനാർഥി നേരിട്ട് തങ്ങളോട് വോട്ട് അഭ്യർത്ഥിക്കുന്നതായും തങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയുന്നതായിട്ടായിരിക്കും സമ്മതിദായകർക്ക് തോന്നുക.

ഇവിടെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ഥാനാർത്ഥിയുടെ ശൈലിയ്ക്കും മുന്നണിയുടെ പൊതു മിനിമം പരിപാടിക്കും ഒക്കെ അനുസൃതമായിട്ടായിരിക്കും റോബോർട്ടുകൾ പെരുമാറുക. സമ്മതിദായകർ ഏത് മുന്നണിയുടെ അനുഭാവി ആണെന്നോ അതോ സ്വതന്ത്ര നിലപാടുള്ള ആളോണോ എന്നൊക്കെ മനസ്സിലാക്കി ഉചിതമായ രീതിയിൽ സംഭാഷണത്തിൽ ഏർപ്പെടാൻ ഈ റോബോർട്ടുകൾക്ക് കഴിയും. മാത്രമല്ല ഇതിൽ നിന്നും ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് വരുംകാല തന്ത്രങ്ങൾ മെനയാൻ ഈ സാങ്കേതികവിദ്യ മുന്നണിയേയും സ്ഥാനാർത്ഥിയേയും സഹായിക്കുകയും ചെയ്യും.

 

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുകേഷിനൊപ്പം ധര്‍മ്മജനും കൂടി വിജയിച്ചാല്‍ നിയമസഭയില്‍ ബഡായി ബംഗ്ലാവ് നടത്താന്‍ പറ്റുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കി നടന്‍. ധര്‍മ്മജന്‍ മാത്രം പോര രമേഷ് പിഷാരടി കൂടി വേണം എന്നാണ് മുകേഷ് പറഞ്ഞത്. അങ്ങനെയെങ്കില്‍ ബഡായി ബംഗ്ലാവ് നടത്താവുന്നതേയുള്ളുവെന്നും മുകേഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തിലായിരുന്നു മുകേഷിന്റെ പ്രതികരണം.

എംഎല്‍എ മണ്ഡലത്തില്‍ ഇല്ലായെന്ന കള്ള പ്രചാരണം അല്ലാതെ കോണ്‍ഗ്രസിന് മറ്റൊന്നും ഉയര്‍ത്താന്‍ ഇല്ല. താന്‍ 1300 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. ‘കൊല്ലത്ത് ഉറപ്പാണ് മുകേഷ്’ എന്ന് പറയാമെന്നും നടന്‍ കൂട്ടിചേര്‍ത്തു.

കോണ്‍ഗ്രസും എല്‍ഡിഎഫും കൊല്ലത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് മുകേഷ് ആരോപിച്ചു. എന്നാല്‍ താന്‍ അതിനെ കുറിച്ചൊന്നും ആലോചിക്കുന്നില്ലെന്ന് നടന്‍ വ്യക്തമാക്കി.

കോൺഗ്രസിന്റെ 6 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ചു. പട്ടാമ്പിയില്‍ റിയാസ് മുക്കോളി, കല്‍പ്പറ്റയിൽ‌ ടി.സിദ്ദിഖ്, വട്ടിയൂർക്കാവിൽ വീണ.എസ്.നായർ, കുണ്ടറയിൽ പി.സി വിഷ്ണുനാഥ്, നിലമ്പൂരിൽ വി.വി.പ്രകാശ്, തവനൂരിൽ ഫിറോസ് കുന്നംപറമ്പില്‍ എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ. ഇരിക്കൂറിലെ സ്ഥാനാര്‍ഥി സജീവ് ജോസഫിനെ മാറ്റേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.

സജീവിനു വിജയസാധ്യത കുറവാണെന്നതടക്കം എ ഗ്രൂപ്പ് ഉന്നയിച്ച എതിര്‍പ്പുകള്‍ ഹൈക്കമാന്‍ഡ് തള്ളി. ഞായറാഴ്ച പ്രഖ്യാപിച്ച ആദ്യ പട്ടികയില്‍ വനിതാപ്രാതിനിധ്യം കുറവാണെന്ന വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഒരുവനിതയെ കൂടി ഉള്‍പ്പെടുത്താന്‍ നേതൃത്വം തീരുമാനിച്ചത്. ധര്‍മടത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വം കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാന്‍ ഒരുങ്ങിയിരിക്കുമ്പോള്‍ ശോഭയ്‌ക്കെതിരെ സംസ്ഥാന നേതൃത്വം

ശോഭ മത്സരിക്കുന്നത് തടയാന്‍ സംസ്ഥാന നേതൃത്വം ഊര്‍ജിതമായി ശ്രമം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. കഴക്കൂട്ടത്ത് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. തുഷാറുമായി ബിജെപി കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തി എന്നാണ് സൂചന. ചര്‍ച്ച നടന്നു എന്ന് തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്ന ശോഭയ്ക്ക് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം മത്സരിക്കാനുള്ള നറുക്ക് വീണേക്കും എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ വീണ്ടും ശോഭയെ ബിജെപി സംസ്ഥാന നേതൃത്വം തഴയുന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ബിഡിജെഎസിന്റെ മുഴുവന്‍ സീറ്റുകളിലും ഇതിനോടകം സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നു കഴിഞ്ഞിരുന്നു. എന്നാല്‍ തുഷാറിന്റെ പേര് ഒരു സീറ്റിലും ഉണ്ടായിരുന്നില്ല. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്ന തുഷാറിനെ കഴക്കൂട്ടത്ത് മത്സരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുന്നത്.

കഴക്കൂട്ടം സീറ്റില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടോയെന്ന് സംസ്ഥാന ബിജെപി നേതാക്കള്‍ തുഷാറിനോട് ചോദിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആലോചിച്ച് മറുപടി പറയാമെന്നാണ് തുഷാര്‍ ഇപ്പോള്‍ മറുപടി നല്‍കിയത്. ബിഡിജെഎസിന്റെ മുഴുവന്‍ സീറ്റുകളിളും ഇതിനോടകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും തുഷാറിന്റെ പേര് ഒരു സീറ്റിലും ഉണ്ടായിരുന്നില്ല.

ശോഭാ സുരേന്ദ്രനെ തഴയുന്നതിനൊപ്പം, കഴിഞ്ഞ തവണ എന്‍ഡിഎ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തിലാണ് ഇപ്പോള്‍ സീറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്, തുഷാറിന്റെ നിലപാട് എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അതേസമയം, കേന്ദ്രനേതൃത്വം നേരിട്ട് വാഗ്ദാനം ചെയ്ത സീറ്റ് നഷ്ടപ്പെട്ടാല്‍ ശോഭാ സുരേന്ദ്രന്റെ അടുത്ത നീക്കമെന്താരിയിരിക്കുമെന്നതും കണ്ടറിയണം. കഴക്കുട്ടം, കൊടുങ്ങല്ലൂര്‍, കുട്ടനാട് അടക്കം ഒഴിച്ചിട്ട സീറ്റുകളില്‍ ഇതുവരേയും ബിജെപി കേന്ദ്ര നേതൃത്വം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

ഏറ്റുമാനൂർ മണ്ഡലത്തിൽ സ്വതന്ത്രയായി മൽസരിക്കുമെന്ന് പ്രഖ്യാപിച്ച ലതിക സുഭാഷിനെ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർഥി പ്രിൻസ് ലൂക്കോസ് സന്ദർശിച്ചു. പ്രിൻസിനെ ഏറ്റുമാനൂരിലെ രാജകുമാരാ എന്നു വിളിച്ചാണു ലതിക കുമാരനല്ലൂരിലെ വീട്ടിലേക്കു ക്ഷണിച്ചത്. ലതികയുടെ കാൽക്കൽ വീണ് അനുഗ്രഹം ചോദിച്ച പ്രിൻസ് ലൂക്കോസ് യുഡിഎഫിനു ദോഷം ചെയ്യുന്ന സമീപനം എടുക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ വൈകിപ്പോയി, ക്ഷമിക്കണം എന്നായിരുന്നു ലതികയുടെ മറുപടി.

തദ്ദേശ തിരഞ്ഞെടുപ്പിലും ഏറ്റുമാനൂർ മണ്ഡലത്തിലെ അതിരമ്പുഴ ഡിവിഷനിൽ തർക്കം രൂക്ഷമായിരുന്നു. റിബലുമുണ്ടായിരുന്നു. എന്നിട്ടും യുഡിഎഫ് സ്ഥാനാർഥി ജയിച്ചു. ഇത് ഏറ്റുമാനൂരിന്റെ ജനാധിപത്യ മനസ്സിന്റെ വിജയമാണ്. എനിക്ക് ആശങ്കയില്ല.

ലതിക സുഭാഷ് പിൻമാറുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയിലെ അംഗമായിരുന്നു അവർ. യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന നടപടി ലതിക എടുക്കില്ല.

അനുഗ്രഹം ചോദിച്ചു. മണ്ഡലത്തിൽ സജീവമായി പ്രചാരണത്തിന് ഇറങ്ങണമെന്ന് അഭ്യർഥിച്ചു. യുഡിഎഫ് സ്ഥാനാർഥി പ്രിൻസ് പറഞ്ഞു.

വടകരയിൽ യുഡിഎഫ് പിന്തുണയോടെ കെ.കെ.രമ ആർഎംപി സ്ഥാനാർഥിയാകും. എന്‍.വേണുവാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. വടകരയുടെ രാഷ്ട്രീയ സാഹചര്യം ആര്‍എംപിഐയെ കേന്ദ്രീകരിച്ചുകൊണ്ടാണെന്ന് എന്‍.വേണു പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കടുത്ത സമ്മർദത്തെത്തുടര്‍ന്നാണ് രമയെ സ്ഥാനാർഥിയാക്കാനുളള ആര്‍എംപി തീരുമാനം. വടകര സീറ്റില്‍ കെ.കെ.രമ മത്സരിക്കുകയാണെങ്കില്‍ ആര്‍എംപിയെ പിന്തുണക്കുമെന്നും ഇല്ലെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പറഞ്ഞിരുന്നു. രമ സ്ഥാനാർഥിയായാല്‍ മാത്രം പിന്തുണ നല്‍കിയാല്‍ മതിയെന്ന് മുല്ലപ്പളളി ഉള്‍പ്പെടെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ നിലപാടെടുത്തു.

ഇതിനുപിന്നാലെ രമയ്ക്ക് മേല്‍ സമ്മര്‍ദം ശക്തമായി. രമ മത്സരിച്ചാല്‍ വിജയസാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. സ്ഥാനാർഥി ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ എന്‍.വേണുവിന്റെ പേരായിരുന്നു മണ്ഡലത്തില്‍ ഉയര്‍ന്നു കേട്ടത്. എന്നാല്‍ വേണു മത്സരിക്കുന്നതില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.

വടകരയില്‍ ആര്‍എംപി മത്സരിക്കണമെന്ന് തന്നെയാണ് എംപി മുരളീധരന്റെയടക്കം താല്‍പര്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എംപി ഒറ്റയ്ക്കായിരുന്നു വടകരയില്‍ മത്സരത്തിനിറങ്ങിയത്. കെ.കെ.രമ തന്നെയായിരുന്നു സ്ഥാനാർഥി. എല്‍ഡിഎഫിന്റെ സി.കെ.നാണുവിനായിരുന്നു ഇവിടെ വിജയം. 20504 വോട്ടുകള്‍ രമ നേടിയിരുന്നു.

‘പട്ടരുടെ മട്ടൻകറി’ എന്ന സിനിമയുടെ ടൈറ്റിൽ മാറ്റണം എന്നാവശ്യപ്പെട്ട് കേരള ബ്രാഹ്മണ സഭ സെൻസർ ബോർഡിന് കത്തയച്ചു. സിനിമയുടെ പേര് ബ്രാഹ്മണ സമൂഹത്തെ അധിക്ഷേപിക്കുന്ന ഒന്നാണെന്നാണ് ചൂണ്ടികാണിച്ചാണ് കത്തെഴുതിയിരിക്കുന്നത്.

ബ്രാഹ്മണൻമാർ സസ്യഭുക്കുകളാണ് എന്നറിഞ്ഞിട്ടും ഇത്തരമൊരു പേരു നൽകിയത് അപമാനിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണെന്നും അതിനാൽ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകരുത് എന്നാണ് കത്തിന്റെ ഉള്ളടക്കം. ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്‍റാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് കത്ത് അയച്ചിരിക്കുന്നത്.

നവാഗതനായ സുഘോഷിനെ നായകനാക്കി അർജുൻ ബാബു ആണ് പട്ടരരുടെ മട്ടണ്‍ കറി സംവിധാനം ചെയ്യുന്നത്. തിരക്കഥയും അർജുൻ ബാബു തന്നെ. രാഗേഷ് വിജയ് ആണ് ഛായാഗ്രഹണം.

 

RECENT POSTS
Copyright © . All rights reserved