Kerala

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായത് അരിത ബാബുവാണ്.

27 വയസുള്ള അരിത, ആലപ്പുഴ ജില്ലയിലെ കായംകുളത്ത് നിന്നാണ് ജനവിധി തേടുന്നത്. എല്ലാ അര്‍ത്ഥത്തിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുടുംബത്തിലെ അംഗമാണ് അരിതയെന്നായിരുന്നു പേര് പ്രഖ്യാപിച്ചു കൊണ്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്.

അതേസമയം, അരിത ബാബുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടിവെക്കാനുള്ള തുക നടന്‍ സലീം കുമാര്‍ നല്‍കും. ഹൈബി ഈഡന്‍ എംപിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

നടന്‍ സലീം കുമാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെ പറ്റി ചോദിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അരിതയ്ക്ക് കെട്ടി വയ്ക്കാനുള്ള തുക നല്‍കാമെന്നും കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലീം കുമാര്‍ അറിയിച്ചെന്നും ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു.

പാല്‍ വിറ്റാണ് അരിതയുടെ കുടുംബം ജീവിക്കുന്നത്. അവശേഷിക്കുന്ന സമയം സാമൂഹിക രാഷ്ട്രീയത്തിന് വേണ്ടി ചെലവഴിക്കുകയും ചെയ്യുന്ന മാതൃക പെണ്‍കുട്ടിയാണ് അരിതയെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍.

തന്റെ അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലയ്ക്ക് പോയാണ് തന്നെ പഠിപ്പിച്ചതെന്നും അരിതയുടെ വാര്‍ത്ത കണ്ടപ്പോള്‍ അമ്മയെ ഓര്‍ത്തു പോയെന്നും സലീംകുമാര്‍ പറഞ്ഞു. അരിതയ്ക്ക് കെട്ടി വയ്ക്കാനുള്ള തുക നല്‍കാമെന്നും കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലീം കുമാര്‍ പറഞ്ഞു.

ബിജെപി മാനന്തവാടിയിൽ തന്നെ സ്ഥാനാർത്ഥിയാക്കിയത് ഒന്ന് ആലോചിക്കുക പോലും ചെയ്യാതെയെന്ന് മണിക്കുട്ടൻ. വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച മണികണ്ഠൻ എന്ന മണിക്കുട്ടൻ സ്ഥാനാർത്ഥിത്വം നിരസിക്കുകയും ചെയ്തു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി നിൽക്കാൻ താത്പര്യമില്ലെന്നും മണിക്കുട്ടൻ വ്യക്തമാക്കി. പണിയവിഭാഗത്തിൽനിന്നുള്ള ആദ്യ എംബിഎക്കാരനാണ് 31കാരനായ മണികണ്ഠൻ.

ജില്ലയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പണിയ വിഭാഗത്തിൽപ്പെട്ട ഒരാളെ നാമനിർദ്ദേശം ചെയ്തതിൽ അഭിമാനമുണ്ട്. ബിജെപിയുടെ പ്രഖ്യാപനം താൻ അറിയാതെയാണ്. ടിവിയിൽ വാർത്ത കണ്ടപ്പോഴാണ് വിവരം അറിഞ്ഞത്. നേതാക്കൾ ആരും അറിയിച്ചിരുന്നില്ലെന്നും മണികണ്ഠൻ പറയുന്നു.

‘സ്ഥാനാർത്ഥിയായി നിൽക്കാൻ തനിക്ക് താത്പര്യമില്ല. വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് ജോലിചെയ്ത് കുടുബമൊത്ത് ജീവിക്കാനാണ് ആഗ്രഹം’. താൻ ബിജെപി അനുഭാവി അല്ലെന്നും അതുകൊണ്ട് തന്നെ ബിജെപിയുടെ തീരുമാനം സന്തോഷത്തോടെ നിരസിക്കുകയാണെന്നും മണിക്കുട്ടൻ വ്യക്തമാക്കി.

‘ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടിലിരുന്ന് വാർത്ത കാണുമ്പോഴാണ് സ്ഥാനാർത്ഥിയായ വിവരം ഇദ്ദേഹമറിയുന്നത്. സാമൂഹികമാധ്യമങ്ങളിൽ ഉപയോഗിച്ചിരുന്ന മണിക്കുട്ടൻ എന്നപേര് കണ്ടപ്പോൾ മറ്റാരെങ്കിലുമായിരിക്കുമെന്നാണ് കരുതിയത്. പ്രഖ്യാപനം വന്നതിനുശേഷമാണ് ബിജെപി ജില്ലാകമ്മിറ്റിയംഗങ്ങൾ വിളിക്കുന്നതും സ്ഥാനാർത്ഥിത്വത്തെപ്പറ്റി സംസാരിക്കുന്നതും. ബിജെപി സ്ഥാനാർത്ഥിയായി നിയോജകമണ്ഡലത്തിൽ മത്സരിക്കണമോ എന്നകാര്യത്തിൽ ചർച്ചകൾ നടന്നിരുന്നു.ആലോചിച്ച ശേഷം സ്ഥാനാർത്ഥിയാകേണ്ട എന്നാണ് തീരുമാനം’, മണികണ്ഠൻ പറഞ്ഞു .

മണികണ്ഠൻ മാനന്തവാടി എടവക സ്വദേശിയാണ്. ചൂണ്ടനും ചീരയുമാണ് മാതാപിതാക്കൾ. ഭാര്യ: ഗ്രീഷ്മ. പാണ്ടിക്കടവ് പഴശ്ശി സ്‌കൂളിലും മാനന്തവാടി ജിയുപി സ്‌കൂളിലുമായി പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കി. കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റിയിൽ ടീച്ചിങ്ങ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്.

എംപി സ്ഥാനം രാജി വെക്കാതെയാവും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ എംപി.

കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റല്ല നേമം. ആത്മവിശ്വാസമുള്ളതുകൊണ്ടാണ് മത്സരിക്കുന്നത്. നല്ല പ്രകടനം പുറത്തെടുത്ത് വിജയിക്കുകയാണ് ലക്ഷ്യം. യുഡിഎഫ് ജയിക്കുമെന്നും ഗവണമെന്റ് ഉണ്ടാക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

വട്ടിയൂര്‍കാവിലെ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനമാണ് നേമത്തെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എത്തിച്ചതെന്നും മുരളീധരന്‍ പ്രതികരിച്ചു. വര്‍ഗീയതക്ക് എതിരായ തെരഞ്ഞെടുപ്പാകുമിത്.

നേമത്ത് സംഘടനാ പ്രവര്‍ത്തനത്തില്‍ വളര്‍ച്ചയുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തോടെ പ്രവര്‍ത്തകര്‍ ഊര്‍ജസ്വലരായെന്നും മുരളീധരന്‍ അവകാശപ്പെട്ടു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടമില്ലാത്തതില്‍ പരസ്യ പ്രതിഷേധമറിയിച്ച ലതിക സുഭാഷിന്റെ നടപടി വികാര പ്രകടനമായേ കാണുന്നുള്ളൂവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ലതിക സുഭാഷിന്റെ വികാര പ്രകടനം അതിര് കടന്ന് പോയി. അവരോട് സംസാരിക്കുന്നതിന് മടിയില്ല. ഇനിയുള്ള ആറ് സീറ്റിലേക്ക് പരിഗണിക്കുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പുതുതലമുറയ്ക്ക് വന്‍ അംഗീകാരമുള്ള സ്ഥാനാര്‍ഥി പട്ടിയാണെന്ന് ചെന്നിത്തല പറഞ്ഞു. ഇത്രയും അംഗീകാരം ലഭിച്ച മറ്റൊരു കോണ്‍ഗ്രസ് പട്ടികയില്ല. ഗ്രൂപ്പ് വൈരമോ തര്‍ക്കമോ കടുംപിടുത്തങ്ങളോ ചര്‍ച്ചകളില്‍ ഉണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

ലതിക സുഭാഷ് തല മുണ്ഡനം ചെയ്തത് സീറ്റ് ലഭിക്കാത്തതുകൊണ്ടാണെന്ന് കരുതുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സീറ്റ് ലഭിക്കാത്തതുകൊണ്ട് ആരും തല മുണ്ഡനം ചെയ്യില്ല.

ഏറ്റുമാനൂര്‍ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ സാഹചര്യം അവരെ ബോധ്യപ്പെടുത്തിയതാണെന്നും മുല്ലപ്പള്ളി ഡല്‍ഹിയില്‍ പറഞ്ഞു.

അതേസമയം, സ്ഥാനാര്‍ഥി പട്ടികയില്‍ ഇടമില്ലെന്ന് ഉറപ്പായതോടെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ വച്ച്
തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. ഒപ്പം മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും രാജിവച്ചു.

മാത്രമല്ല, സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് രമണി പി നായര്‍ കെപിസിസി സെക്രട്ടറി സ്ഥാനം രാജിവെച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവര്‍ പൊട്ടിക്കരഞ്ഞു. കോണ്‍ഗ്രസുകാരിയായി തുടരുമെന്നും രമണി പറഞ്ഞു.

നാട്ടികയിലെ സിപിഐ സ്ഥാനാർത്ഥി മരിച്ചതായി ബിജെപി മുഖപത്രം ജന്മഭൂമിയിൽ വ്യാജവാർത്ത. നാട്ടികയിലെ സിപിഐ സ്ഥാനാർത്ഥി സിസി മുകുന്ദൻ മരിച്ചതായാണ് ചരമകോളത്തിൽ ജന്മഭൂമി ഫോട്ടോ സഹിതം വാർത്ത നൽകിയിരിക്കുന്നത്.

ജന്മഭൂമിയുടെ തൃശ്ശൂർ എഡിഷനിലാണ് വാർത്ത അച്ചടിച്ചുവന്നിരിക്കുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് പത്രത്തിന്റെ ഇ-പതിപ്പ് പിൻവലിച്ചിട്ടുണ്ട്. ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ അറിയിച്ചു.

അതേസമയം, ബിജെപി മുഖപത്രത്തിന്റേത് മനഃപൂർവ്വമായ നടപടിയാണെന്ന് വിമർശനം ഉയരുന്നുണ്ട്. സാധാരണ ചരമകോളങ്ങളിൽ കാണുന്ന വാർത്തയുടെ മാതൃകയിൽ എല്ലാവ്യക്തി വിവരങ്ങളും ഉൾപ്പെടുത്തിയാണ് വാർത്ത എന്നതിനാൽ തന്നെ അച്ചടി പിശകല്ലെന്ന് വ്യക്തമാണെന്ന് സോഷ്യൽമീഡിയ ആരോപിക്കുന്നു.

കടുത്ത ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ചലച്ചിത്ര താരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ആശുപത്രിയിൽ. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ നാല് ദിവസമായി സുരേഷ് ഗോപി ചികിത്സയിൽ തുടരുകയാണ്.

ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനിൽ നിന്നാണ് സുരേഷ് ഗോപിയെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖബാധിതനായ സുരേഷ് ഗോപിയുടെ രോഗം ഭേദമായതിന് ശേഷമെ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയുള്ളൂ.

അതേസമയം, ന്യൂമോണിയ ബാധ കുറഞ്ഞുവരുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്താക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് അദ്ദേഹം ആശുപത്രിയിലായത്.

മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എൻഡിഎ സ്ഥാനാർത്ഥി എപി അബ്ദുള്ളക്കുട്ടി. ബിരിയാണി ചെമ്പിൽ കഞ്ഞിവച്ചതുപോലെയാണ് എംപി സ്ഥാനത്തുനിന്ന് മാറി എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കുന്ന പികെ കുഞ്ഞാലിക്കുട്ടിയുടെ അവസ്ഥയെന്ന് അബ്ദുള്ളക്കുട്ടി പരിഹസിച്ചു.

പഴയ മലപ്പുറമല്ല ഇപ്പോൾ. കാര്യങ്ങളൊക്കെ മാറിമറിയുകയാണ്. മലപ്പുറവും മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പ് തന്നെ അപ്രതീക്ഷിതമാണ്. എന്റെ സ്ഥാനാർത്ഥിത്വത്തേയും വേണമെങ്കിൽ അങ്ങനെ പറയാം. കുഞ്ഞാലിക്കുട്ടി കാണിച്ചത് ഒരിക്കലും ശരിയല്ല. മലപ്പുറത്ത് അനാവശ്യമായി ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കി എന്നത് പ്രധാനപ്പെട്ട ഒരു പ്രചാരണ വിഷയമാണ് അബ്ദുള്ളക്കുട്ടി പറഞ്ഞു.

നരേന്ദ്ര മോഡി രാജ്യത്ത് നടപ്പാക്കിയ വികസനമാണ് തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്നതിനുള്ള കരുത്തെന്നും അദ്ദേഹം സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. കേരളത്തിൽ ഈ പ്രധാനപ്പെട്ട ജില്ലയിൽ വികസനം ഇതുവരെ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫും യുഡിഎഫും ഭരണത്തിൽ വന്നിട്ടും കാര്യമായ വികസന പ്രവർത്തനങ്ങളൊന്നും വന്നിട്ടില്ല എന്ന് ഇവിടെ വന്നപ്പോഴാണ് മനസിലായത്. ബിജെപി വർഗീയ പാർട്ടിയാണെന്ന ആരോപണങ്ങൾക്കുള്ള മറുപടികൂടിയാണ് മലപ്പുറത്തെ തന്റെ സ്ഥാനാർത്ഥിത്വമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.

ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കഴക്കൂട്ടത്ത് സർപ്രൈസുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ആരായിരിക്കും സ്ഥാനാർത്ഥിയെന്ന് ചൂട് പിടിച്ച് ചർച്ചകൾ. ബിജെപിയുടെ ഏജന്റുമാർ കോടികൾ വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചതായി കോൺഗ്രസ് നേതാവും കഴക്കൂട്ടം മുൻ എംഎൽഎയുമായ എംഎ വാഹിദ് വെളിപ്പെടുത്തുകയും ചെയ്തതോടെ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ അപ്രതീക്ഷിതമായിരിക്കും എന്ന് തന്നെയാണ് കണക്കുകൂട്ടലുകൾ.

തന്നെ ബിജെപി സ്ഥാനാർത്ഥിയാക്കാമെന്നും സംസ്ഥാനത്തെ ഏത് മണ്ഡലത്തിൽ വേണമെങ്കിലും മത്സരിപ്പിക്കാമെന്നും ഏജന്റുമാർ വാഗ്ദാനം ചെയ്തതായി വാഹിദ് സ്വകാര്യ മാധ്യമത്തോടാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് നേതാക്കളെ വല വീശിപ്പിടിക്കാനായി ബിജെപി നേതാക്കൾ പ്രത്യക്ഷമായി രംഗത്തിറങ്ങുന്നില്ല. പകരം ഏജന്റുമാരെ നിയോഗിച്ചിരിക്കുകയാണെന്നും കോൺഗ്രസിലെ പ്രധാനപ്പെട്ട നേതാക്കളെ ബിജെപി ലക്ഷ്യമിടുന്നുവെന്നും വാഹിദ് വ്യക്തമാക്കി. താൻ ബിജെപിയിലേക്കില്ല എന്നകാര്യം അറുത്തുമുറിച്ച് പറഞ്ഞതായും വാഹിദ് വെളിപ്പെടുത്തി.

‘അതൃപ്തരായ നേതാക്കളെയാണ് പ്രധാനമായും ബിജെപി ലക്ഷ്യമിടുന്നത്. ഒരിക്കൽ മാത്രമെ താൻ പാർട്ടിയ്ക്ക് എതിരെ നിന്നിട്ടുള്ളു. അത് 2001ലാണ്. അതിൽ ഇന്നും പശ്ചാത്താപമുണ്ട്. ഒരിക്കൽ കൂടി അത്തരം ഒരു അവസ്ഥയിലേക്ക് എത്താൻ ആഗ്രഹിക്കുന്നില്ല’- വാഹിദ് വ്യക്തമാക്കി.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ച ശോഭ സുരേന്ദ്രനെ സംസ്ഥാന നേതൃത്വം തള്ളിയിരിക്കുകയാണ്. കോൺഗ്രസ് വിട്ടെത്തുന്ന പ്രമുഖനെ സ്ഥാനാർത്ഥിയാക്കാൻ കഴക്കൂട്ടം സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. നേരത്തെ കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി മുരളീധരനെ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം മത്സരിക്കേണ്ടതില്ലെന്ന തീരുമാനമാണ് കേന്ദ്രനേതൃത്വം എടുത്തത്. അതിന് പിന്നാലെയാണ് ശോഭസുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം നേതൃത്വം ഉന്നയിച്ചത്. എന്നാൽ സംസ്ഥാന നേതൃത്വം ഇക്കാര്യം തള്ളിക്കളയുകയായിരുന്നു.

ഇതിനിടെ, വാഹിദിന് പുറമെ കോൺഗ്രസ് നേതാവായ ശരത് ചന്ദ്രപ്രസാദിനെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങൾ ബിജെപി നടത്തുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ പാർട്ടി വിടുമെന്ന പ്രചാരണങ്ങൾ ഇദ്ദേഹം തള്ളിയിട്ടുണ്ട്. ”ഒരു നേതാവിന്റെയും ബഹുമാന്യരായ പിതാക്കന്‍മാരെ കണ്ട് കോണ്‍ഗ്രസായ ആളല്ല താന്‍. മഹാത്മാ ഗാന്ധി തന്റെ വികാരമാണ്. ഇന്ദിരാ ഗന്ധി പ്രചോദനവും കെ കരുണാകരന്‍ രാഷ്ട്രീയ ഗുരുവുമാണ്. അവരുടെ ചിന്തയാണ് തന്റെ ഹൃദയത്തിലുള്ളത്. ആര് പോയാലും അവസാനം വരെ തന്റെ ചോര ജീവന്‍തുടിക്കുന്ന കോണ്‍ഗ്രസാണ്. ശരീരത്തില്‍ വാരികുന്തം കുത്തിയിറക്കിയപ്പോഴും താന്‍ വിളിച്ചത് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്, കെ എസ് യു സിന്ദാബാദ്” എന്നാണെന്നും ശരത്ചന്ദ്ര പ്രസാദ്‌ പറഞ്ഞു.

നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാളയാറിൽ ദേശീയ പാതയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ചുള്ളി മടപേട്ടക്കാടാണ് സംഭവം. കുഞ്ഞിന്റെ അമ്മയെന്ന് കരുതുന്ന സ്ത്രീയെ പെരുമ്പാവൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

തൊഴിലാളികളെ എത്തിക്കുന്ന ബസ്സിലാണ് അമ്മയും സംഘവുമെത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രസവിച്ച് മണിക്കൂറുകൾക്കകമാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു. കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിൻ്റെ കരച്ചിൽ കേട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചങ്ങനാശേരിയില്‍ വി.ജെ.ലാലിയും തിരുവല്ലയില്‍ കുഞ്ഞുകോശി പോളും മൽസരിക്കും. തൃക്കരിപ്പൂരില്‍ കെ.എം.മാണിയുടെ മകളുടെ ഭര്‍ത്താവ് എം.പി.ജോസഫാണ് സ്ഥാനാർഥി. ജോസഫ് എം.പുതുശേരിക്കും സാജന്‍ ഫ്രാന്‍സിസിനും ജോണി നെല്ലൂരിനും സീറ്റില്ല. ഇരിങ്ങാലക്കുട – തോമസ് ഉണ്ണിയാ‍ടന്‍, ഇടുക്കി – ഫ്രാന്‍സിസ് ജോര്‍ജ്, കുട്ടനാട്– ജേക്കബ് ഏബ്രഹാം, കോതമംഗലം – ഷിബു തെക്കുംപുറം, തൊടുപുഴ – പി.ജെ.ജോസഫ്, കടുത്തുരുത്തി – മോന്‍സ് ജോസഫ്, ഏറ്റുമാനൂരിൽ അഡ്വ. പ്രൻസ് ലൂക്കോസ് എന്നിവരാണ് സ്ഥാനാർഥികൾ. തിരുവല്ലയില്‍ പറ‍ഞ്ഞുപറ്റിച്ചെന്ന് വിക്ടര്‍ ടി.തോമസ് പറഞ്ഞു. രാഷ്ട്രീയ ധാർമികത കാട്ടിയില്ല, കേരളാ കോൺഗ്രസിൽ നിന്നതു കൊണ്ട് നഷ്ടം മാത്രമേ ഉണ്ടായുള്ളൂ– അദ്ദേഹം പറഞ്ഞു.

RECENT POSTS
Copyright © . All rights reserved