കേരളത്തിൽ കോൺഗ്രസ് പരാജയപ്പെടുകയാണെങ്കിൽ അതിൻ്റെ ഒറ്റക്കാരണം സ്ഥാനാർത്ഥി നിർണയത്തിലെ അപാകതയായിരിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി. ഗ്രൂപ്പ് പാരമ്പര്യം കെട്ടിപ്പിടിച്ചിരിക്കുകയാണെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ക്രീനിംഗ് കമ്മിറ്റിക്ക് രാജ്മോഹൻ ഉണ്ണിത്താൻ നിർദ്ദേശങ്ങൾ കൈമാറി. രാഹുൽ ഗാന്ധിയുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ ഇന്ന് ഡൽഹിയില്‍ തുടങ്ങി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് മുന്നോടിയായി എച്ച് കെ പാട്ടീല്‍ അദ്ധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് യോഗം ചേർന്നു. മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
സ്ഥാനാർത്ഥി നിർണയത്തിൽ പരാതികൾ പരമാവധി ഒഴിവാക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. അതിനാൽ ഓരോ എം.പിമാരുടെയും നിർദേശങ്ങൾ പ്രത്യേകം കേൾക്കുന്നുണ്ട്. സ്ക്രീനിംഗ് കമ്മിറ്റി യോഗ ശേഷം സാമുദായിക പരിഗണനകൾ കണക്കിലെടുത്ത് 2 പേരുകൾ വീതമുള്ള അന്തിമ പട്ടിക തയ്യാറാക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് നാളെയാണ് പട്ടിക കൈമാറുക. വിജയ സാദ്ധ്യത മാത്രമാകണം മാനദണ്ഡമെന്നാണ് എംപിമാർ സ്ക്രീനിംഗ് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്.
5 തവണ മൽസരിച്ചവരെ ഒഴിവാക്കണമെന്ന് ടി. എൻ പ്രതാപൻ എം.പി ആവശ്യപ്പെട്ടു. യുവ പ്രാതിനിധ്യം സംബന്ധിച്ച് യൂത്ത് കോൺഗ്രസ് ഉയർത്തിയ ആശങ്കയും ഇന്നത്തെ യോഗം ചർച്ച ചെയ്യും. യുവാക്കൾക്കും വനിതകൾക്കും മതിയായ പരിഗണന നൽകണമെന്ന് രാഹുൽ ഗാന്ധി നിർദേശം നൽകിയിട്ടുണ്ട്.
എൽഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തി നിൽക്കെ സിപിഐയിൽ അമർഷം പുകയുന്നു. ജോസ് കെ. മാണിക്ക് 13 സീറ്റ് നൽകിയതിലും തങ്ങളാവശ്യപ്പെട്ട ചങ്ങനാശേരി സീറ്റ് ലഭിക്കാതിരുന്നതുമാണ് സിപിഐ അണികളെയും ഒരുപറ്റം സംസ്ഥാന നേതാക്കളെയും ചൊടിപ്പിച്ചത്.
കഴിഞ്ഞ തവണ 27 സീറ്റിൽ മത്സരിച്ച സിപിഐക്ക് ഇത്തവണ അതിൽ രണ്ടു സീറ്റുകളാണ് കേരള കോൺഗ്രസിന് വിട്ടു നൽകേണ്ടി വന്നത്. കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും. ഇതിൽ കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ കാലങ്ങളായി മത്സരിച്ച് പോരുന്ന സീറ്റായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മണ്ഡലവും കാഞ്ഞിരപള്ളി തന്നെ.
എന്നാൽ, ഇവിടെ സിറ്റിംഗ് എംഎൽഎ കേരള കോൺഗ്രസിന്റേതാണ് എന്നതിനാൽ അവർ ആ സീറ്റ് ആവശ്യപ്പെടുകയും സിപിഐ ഒരു പരിധിവരെ വഴങ്ങുകയും ചെയ്തു. കാഞ്ഞിരപ്പള്ളി വിട്ടു നൽകുമ്പോൾ ജില്ലയിൽ മറ്റെവിടെയെങ്കിലും ഒരു സീറ്റ് വേണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. പൂഞ്ഞാർ, ചങ്ങനാശേരി സീറ്റുകളിലായിരുന്നു സിപിഐയുടെ കണ്ണ്.
എന്നാൽ, പൂഞ്ഞാർ സീറ്റ് സിപിഎം നേരത്തെ തന്നെ ജോസ് വിഭാഗത്തിനു നൽകി. പിന്നാലെ, ചങ്ങനാശേരി കേന്ദ്രീകരിച്ചായി ചർച്ചകൾ. ഈ സീറ്റും തങ്ങൾക്ക് വേണമെന്ന് ജോസ് വിഭാഗം ആവശ്യപ്പെട്ടതോടെ കാര്യങ്ങൾ വഷളായി. കാഞ്ഞിരപ്പള്ളി വിട്ടു നൽകണമെങ്കിൽ ചങ്ങനാശേരി കിട്ടിയേ തീരൂവെന്ന് കാനം രാജേന്ദ്രൻ സിപിഎം നേതൃത്വത്തെ അറിയിച്ചു. ഒന്നിലേറെ തവണ വിഷയം ചർച്ച ചെയ്തെങ്കിലും ഇരു വിഭാഗവും വഴങ്ങാൻ കൂട്ടാക്കിയില്ല.
ഒടുവിൽ, തിങ്കളാഴ്ച കേരള കോൺഗ്രസുമായി നടന്ന ഉഭയകക്ഷി ചർച്ചകൾക്കു പിന്നാലെ സീറ്റ് അവർക്കു നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഇതിനോട് സിപിഐ നേതൃത്വം പ്രതികരിച്ചിട്ടില്ല. ചങ്ങനാശേരിയും ലഭിക്കാതെ വരുന്നതോടെ പാർട്ടി സെക്രട്ടറിയുടെ നാട്ടിൽ സിപിഐ കേവലം ഒരു സീറ്റിലേക്ക് ഒതുങ്ങി. കോട്ടയത്ത് വൈക്കത്ത് മാത്രമാണ് സിപിഐയ്ക്ക് സീറ്റുള്ളത്.
സിപിഎം കേരള കോൺഗ്രസിന് നൽകുന്ന അമിത സ്വീകാര്യതയും ഇതിനെല്ലാം സിപിഐ നേതൃത്വം വഴങ്ങുന്നതുമാണ് സിപിഐ അണികളെ ചൊടിപ്പിച്ചിരിക്കുന്നത്. പാർട്ടിയുടെയും യുവജന വിദ്യാർഥി സംഘടനകളുടെയും വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് അക്കൗണ്ടുകളിലുമെല്ലാം അണികൾ ശക്തമായ എതിർപ്പ് ഉയർത്തുന്നുണ്ട്.
ജോസ് കെ.മാണിയിൽ നിന്ന് കോടികൾ വാങ്ങിയാണ് സിപിഐയും സിപിഎമ്മിന്റെ നീക്കങ്ങളോട് മൗനം പാലിക്കുന്നത് എന്നുവരെ നീളുന്ന വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്. കഴിഞ്ഞ തവണ 27 സീറ്റിൽ 19ഉം ജയിച്ച് സിപിഐ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ്-എമ്മിന് നൽകാൻ എൽഡിഎഫിൽ ധാരണ. സിപിഐ നിലപാട് മയപ്പെടുത്തിയതോടെയാണ് സീറ്റ് കേരള കോൺഗ്രസിന് നൽകാൻ തീരുമാനമായത്.
ചങ്ങനാശേരിയിൽ ജോബ് മൈക്കിൾ ആയിരിക്കും എൽഡിഎഫ് സ്ഥാനാർത്ഥി എന്ന് ഉറപ്പായിട്ടുണ്ട്. മാണി യുഡിഎഫ് ഒപ്പം നിന്നപ്പോൾ കഴിഞ്ഞ രണ്ടു തവണയും സിഎഫ് തോമസിന് വേണ്ടി അവസാന നിമിഷം സീറ്റ് ഒഴിഞ്ഞു കൊടുക്കേണ്ട അവസ്ഥയിൽ നിന്നും എൽഡിഎഫ് ഒപ്പം നിന്നു സ്വന്തം മണ്ഡലമായ ചങ്ങനാശേരി നേടിയെടുത്തു 100 ശതമാനം വിജയപ്രതീക്ഷയിലാണ് ജോബ് മൈക്കിളും എൽഡിഎഫും.
കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റുകൾ ജോസ് കെ. മാണിക്ക് സിപിഐ വിട്ടു നൽകുകയും ചെയ്യും. 13 സീറ്റിലാണ് കേരള കോൺഗ്രസ്-എം മത്സരിക്കുക. അതേസമയം, സിപിഐ 25 സീറ്റിലായിരിക്കും രംഗത്തിറങ്ങുക.
തർക്കങ്ങളില്ലാതെ പൂർത്തിയാകുമെന്ന് കരുതിയ സീറ്റ് ചർച്ച ചങ്ങനാശേരി എന്ന ഒറ്റ സീറ്റിൽ തട്ടിയാണ് നീണ്ടുപോയിരുന്നത്. കോട്ടയത്ത് ഇനി സിപിഐക്ക് വൈക്കം മാത്രമായിരിക്കും മത്സരിക്കുന്ന മണ്ഡലം. കണ്ണൂരിൽ സിപിഐക്ക് സീറ്റില്ല.
ഭ്രമം സിനിമയിൽ അഹാനയെ അഭിനയിപ്പിക്കാത്തത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ലെന്ന് സിനിമയുടെ നിർമാതാക്കളായ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ്. അഹാനയെ സിനിമയിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത ശ്രദ്ധയിൽ പെട്ടെന്നും ഈ വാർത്തയിൽ ഉദ്ദേശിച്ച ചിത്രം ഞങ്ങൾ നിർമ്മിച്ച ‘ഭ്രമം’ എന്ന സിനിമയാണെങ്കിൽ ആ ആരോപണത്തെ ശക്തമായി എതിർക്കുന്നുവെന്നും ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസിന്റെ പ്രസ്താവനയിൽ പറയുന്നു.
ഈ തീരുമാനം തികച്ചും തൊഴിൽപരമായ തീരുമാനമാണെന്നും അതിൽ ഒരു രാഷ്ട്രീയ പ്രേരണയും കലർന്നിട്ടില്ലെന്നും നിർമാതാക്കൾ പറഞ്ഞു. സിനിമയിലെ നായകൻ പൃഥ്വിരാജ് സുകുമാരൻ അടക്കം ആർക്കും ഈ തീരുമാനത്തിൽ പങ്കില്ലെന്നും ഓപ്പൺ ബുക്ക്സ് പ്രൊഡക്ഷനു വേണ്ടി രവി കെ ചന്ദ്രൻ, സിവി സാരഥി, ബാദുഷ എൻഎം, വിവേക് രാമദേവൻ, ശരത് ബാലൻ എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പ്രസ്താവനയുടെ പൂർണ രൂപം
“ബഹുമാന്യരെ ഞങ്ങൾ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ‘ഭ്രമം’ എന്ന സിനിമയിൽ അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലോ ടെക്നിഷ്യൻമാരെ നിർണ്ണയിക്കുന്നതിലോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പരിഗണനകൾ ഇല്ല എന്ന് ആദ്യം തന്നെ ഓപ്പൺ ബുക്കിന്റെ സാരഥികൾ എന്ന രീതിയിൽ ഞങ്ങൾ വ്യക്തമാക്കുന്നു. ഇന്ന് ചില മാധ്യമങ്ങളിൽ അഹാനയെ സിനിമയിൽ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഈ വാർത്തയിൽ ഉദ്ദേശിച്ച ചിത്രം ഞങ്ങൾ നിർമ്മിച്ച ‘ഭ്രമം’ എന്ന സിനിമയാണെങ്കിൽ ആ ആരോപണത്തെ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ് ശക്തമായി എതിർക്കുന്നു.
ഒരു സിനിമയിൽ കഥാപാത്രത്തിന് അനിയോജ്യമായ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത് ആ സിനിമയുടെ സംവിധായകനും, എഴുത്തുക്കാരനും, ക്യാമറമാനും, നിർമ്മാതാക്കളും മാത്രമാണ്. അഹാനയെ ഞങ്ങൾ പരിഗണിച്ചുവെന്നത് ശരിയാണ്, പക്ഷേ അന്തിമ തീരുമാനം ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനും ശേഷം മാത്രമായിരിക്കും എന്നും ഞങ്ങൾ അഹാനയെ അറിയിച്ചിരുന്നു. അതുവരെ ഈ സിനിമയിൽ പരിഗണിച്ച കാര്യം പുറത്തു പറയരുത് എന്നും നിർമ്മാതാക്കൾ എന്ന നിലയിൽ ഞങ്ങൾ അവരെ അറിയിച്ചിരുന്നു. നിർഭാഗ്യവശാൽ അഹാനയുടെ പേര് ചില മാധ്യമങ്ങളിൽ വരുകയും ചെയ്തു.
അഹാന മറ്റൊരു സിനിമയുടെ ജോലിയിൽ ആയിരുന്നതിനാൽ ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലും ആദ്യം നിശ്ചയിച്ച ഡേറ്റിൽ നടന്നില്ല; അഹാനയ്ക്ക് കോവിഡ്-19 ബാധിച്ചതിനാൽ വീണ്ടും അത് വൈകുകയായിരുന്നു. അവർ രോഗമുക്ത ആയ ശേഷം 2021 ജനുവരി 10ന് ക്യാമറ ടെസ്റ്റും കോസ്റ്റ്യൂം ട്രയലും നടത്തി. കോസ്റ്റ്യൂം ട്രയലിന്റെ ചിത്രങ്ങൾ കണ്ട ശേഷം സംവിധായകാനും എഴുത്തുക്കാരനും നിർമ്മാതാക്കളും അഹാന ഈ കഥാപാത്രത്തതിനു അനുയോജ്യ അല്ല എന്ന നിഗമനത്തിൽ എത്തിയിരുന്നു. ഈ വിവരം അഹാനയെ വിളിച്ച് ഔദ്യോഗികമായി അറിയിക്കുകയും ക്ഷമാപണം നടത്തുകയും അടുത്ത പ്രോജക്ടിൽ ഒന്നിച്ച് പ്രവർത്തിക്കാം എന്ന് പറയുകയും ചെയ്തു.
ഈ തീരുമാനം തികച്ചും തൊഴിൽപരമായ തീരുമാനമാണെന്നും അതിൽ ഒരു രാഷ്ട്രീയ പ്രേരണയും കലർന്നിട്ടില്ലെന്നും ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. ഞങ്ങൾ 25 വർഷമായി സിനിമയിൽ പ്രവർത്തിക്കുന്നവരാണ്. സിനിമ ഞങ്ങളുടെ തൊഴിലിടമാണ്, തൊഴിൽ ഞങ്ങൾക്ക് ദൈവമാണ്. ഞങ്ങളുടെ തൊഴിലിടങ്ങളിൽ ജാതി, മതം, വംശീയം, വർണ്ണം, ലിംഗഭേദ്, കക്ഷി രാഷ്ട്രീയം എന്നീ ഒരു വിവേചനങ്ങളും ഉണ്ടാവാതിരിക്കാൻ എന്നും ശ്രദ്ധിക്കാറുണ്ട്, ഉറപ്പുവരുത്താറുണ്ട്. ഇനിയും അത് തന്നെ ആയിരിക്കും ഞങ്ങളുടെ നയം.
എന്ന് ഞങ്ങൾ താഴ്ചയായി അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു. ഈ കത്തിന്റെ അവസാനം ഒരു കാര്യം കൂടെ കൂട്ടിച്ചേർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ശ്രീ പഥ്വിരാജ് സുകുമാരനോ ഭ്രമം സിനിമ ടീമിലെ മറ്റ് അംഗങ്ങൾക്കോ ഭ്രമത്തിന്റെ കാസ്റ്റിംഗ് തീരുമാനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങൾ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു.”
കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് ടൈംസ് നൗ–സീവോട്ടര്‍ സര്‍വേ. 82 സീറ്റുകളിൽ എല്‍ഡിഎഫ് വിജയിച്ചേക്കാം. യുഡിഎഫിന് 56 സീറ്റുകള്‍ ലഭിക്കാം. അതേസമയം, ബിജെപിയുടെ നേട്ടം ഒറ്റ സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പറയുന്നു. എൽഡിഎഫിന്റെ വോട്ട് വിഹിതം 2016ലെ 43.5 ശതമാനത്തിൽ നിന്ന് 2021 ൽ 42.9 ശതമാനമാകാം. യുഡിഎഫിന്റെ വോട്ട് വിഹിതം 2016 ൽ 38.8 ശതമാനത്തിൽ നിന്ന് 37.6 ആയി കുറയാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ പ്രകടനത്തിൽ 42.34 ശതമാനം ആളുകൾ വളരെയധികം സംതൃപ്തരാണ്. സംസ്ഥാനത്ത് 36.36 ശതമാനം പേർ സർക്കാരിന്റെ പ്രകടനത്തിൽ വളരെയധികം സംതൃപ്തരാണ്. 39.66 ശതമാനം പേർ ഒരു പരിധിവരെ സംതൃപ്തരാണ്. സർവേയിൽ 55.84 ശതമാനം പേർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി അനുകൂലിച്ചപ്പോൾ 31.95 ശതമാനം പേർ നരേന്ദ്രമോദിയെ തിരഞ്ഞെടുത്തത്.
എറണാകുളം പറവൂരില്‍ മോളി എന്ന വീട്ടമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ.അസം സ്വദേശിയായ പരിമള്‍ സാഹുവിനാണ് പറവൂര്‍ സെക്ഷൻസ് കോടതി വധശിക്ഷ വിധിച്ചത്.
2018 മാര്‍ച്ച് മാസം 18 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടമ്മയുടെ ഉടമസ്ഥതയിലുളള വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതി. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു.
ഉറങ്ങിക്കിടന്ന മോളിയെ പുലര്‍ച്ചെ ഒന്നരയോടെ പ്രതി കോളിങ് ബെല്‍ അടിച്ച് ഉണര്‍ത്തുകയായിരുന്നു. ബെല്‍ അടിക്കുന്നതിനു മുൻപ് വീടിനു മുന്നിലെ ബള്‍ബ് ഇയാള്‍ ഊരിമാറ്റി. മോളി വാതില്‍ തുറന്നപ്പോള്‍ ബലംപ്രയോഗിച്ച് അകത്തു കടന്നാണു കൊല നടത്തിയത്.
ഐപിസി സെക്ഷൻ 376 എ പ്രകാരമാണ് വധശിക്ഷ വിധിച്ചത്. വകുപ്പ് 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും തെളുിവു നളിപ്പിച്ചതിന് 3 വര്‍ഷം തടവും പിഴയും വീട്ടില്‍ അതിക്രമിച്ചു കയറിയതിന് 10,000 രൂപ പിഴയും വിധിച്ചു. പിഴ തുക മോളിയുടെ മകന് നനല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകാന്‍ യോഗ്യതയുള്ള മറ്റുള്ളവരെയും ഒതുക്കി പിണറായി തന്ത്രം. മന്ത്രി കെ.കെ ശൈലജയേയും ഒതുക്കാന്‍ പിണറായിയുടെ നീക്കം. സിറ്റിങ്ങ് സീറ്റും സി.പി.എം കോട്ടയുമായ കൂത്തുപറമ്പ് ടീച്ചറമ്മ എന്ന് കേരളം വിളിക്കുന്ന കെ.കെ ശൈലജയില്‍ നിന്നും എടുത്ത് മാറ്റി ഘടക കക്ഷിക്ക് നല്‍കുകയാണ്. എന്നിട്ട് യു.ഡി.എഫിന്റെ കോട്ടയായ പേരാവൂരില്‍ മല്‍സരിപ്പിക്കാനാണ് കളം ഒരുങ്ങുന്നത്. ഒരിക്കല്‍ പേരാവൂരില്‍ നിന്ന് തോറ്റ് പോയ ഭയമാണ് കെ.കെ ശൈലജക്ക്. സര്‍ക്കാരിനു ഏറെ മൈലേജ് ഉണ്ടാക്കി തന്ന മലയാളികളുടെ ടീച്ചറമ്മക്ക് പിണറായി നല്കുന്ന പരിഗണന എത്രയാണെന്ന് ഇതോടെ വ്യക്തമാണ്. കേരളത്തില്‍ എവിടെ നിന്നാലും ജയിക്കും എന്നും മുഖ്യമന്ത്രി വരെ ആകും എന്നും ഒക്കെ മന്ത്രി കെ.കെ ശൈലജക്ക് പി ആര് തള്ള് നടത്തിയവര്‍ ഇപ്പോള്‍ എവിടെ പോയി എന്നതും ചോദ്യം ഉയരുന്നു.
തന്റെ സിറ്റിങ്ങ് സീറ്റില്‍ പോലും മല്‍സരിക്കാന്‍ പാര്‍ട്ടി സമ്മതിക്കുന്നില്ലെങ്കില്‍ സുരക്ഷിത മണ്ഡലം വേണം എന്ന് കെ.കെ ശൈലജ വാശിപിടിക്കുന്നു . ഇതോടെ മന്ത്രി കെ.കെ. ശൈലജയുടെ കടുംപിടിത്തത്തിനെതിരേ കണ്ണൂര്‍ സി.പി.എം. നേതൃത്വത്തിലും അതൃപ്തി ഉണ്ടാകുന്നു.പറയുന്നിടത്ത് മല്‍സരിച്ചാല്‍ മതി എന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം. തുടര്‍ ഭരണം ഉണ്ടായാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കാന്‍ സാധ്യത്യുള്ള പേരാണ് കെ.കെ ശൈലജയുടേത്. മറ്റൊന്ന് മന്ത്രി തോമസ് ഐസക്ക് ആയിരുന്നു. എന്നാല്‍ തോമസ് ഐസക്കിനു സീറ്റു നല്‍കാതെ നേരത്തേ തന്നെ ഒതുക്കി. ഇപ്പോള്‍ കെ.കെ ശൈലക്കെതിരേ ആണ് പിണറായി അനുകൂലികളുടെ നീക്കങ്ങള്‍.
പേരാവൂരില്‍ യു.ഡി.എഫിന്റെ ജനകീയനായ സ്ഥാനാര്‍ഥി നിലവിലെ എം.എല്‍ എ കൂടിയയ അഡ്വ സണ്ണി ജോസഫാണ്. എന്നാല്‍ മുമ്പൊരിക്കല്‍ പേരാവൂരില്‍ പരാജയമറിഞ്ഞ ശൈലജ തുടക്കത്തിലേ എതിര്‍പ്പു പ്രകടിപ്പിച്ചു. ഇ.പി. ജയരാജന്റെ മട്ടന്നൂരിലാണ് ശൈലജയെ അനുകൂലിക്കുന്നവരുടെ നോട്ടം. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ അന്തിമഘട്ടത്തില്‍ വീണ്ടും പേരാവൂര്‍ ആലോചനകള്‍ ശക്തമായെങ്കിലും ശൈലജ വഴങ്ങിയില്ല. മുതിര്‍ന്ന നേതാക്കളായ ഇ.പി. ജയരാജനെ തുടരാന്‍ അനുവദിക്കാത്തതിലും പി. ജയരാജന് സീറ്റ് നിഷേധിച്ചതിലും പൊട്ടിത്തെറിയുണ്ടായ ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇതും ചര്‍ച്ചയായത്. ഇ.പി. ജയരാജന് മട്ടന്നൂര്‍ സീറ്റ് നിഷേധിച്ചതിനെതിരേ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പി. ജയരാജനു വേണ്ടി ശബ്ദമുയര്‍ന്നത് താഴേത്തട്ടിലുള്ള അണികള്‍ക്കിടയില്‍ നിന്നാണ്.
സ്വന്തം മണ്ഡലം പാര്‍ട്ടിയിലെ മറ്റൊരു മന്ത്രിക്കായി മാറിക്കൊടുക്കണമെന്ന ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശത്തിനു പിന്നാലെയാണ് താന്‍ മത്സരിക്കാനില്ലെന്ന് ഇ.പി. ജയരാജന് പറഞ്ഞത്. തോമസ് ഐസക്കിനെപ്പോലെ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിക്കൊണ്ടുള്ള സ്ഥാനാര്‍ഥിപ്പട്ടിക പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന് കണ്ണൂര്‍ ജില്ലാ കമ്മറ്റിയിലും വിമര്‍ശനം ഉയര്‍ന്നതു ശ്രദ്ധേയമാണ്. അതു മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമെതിരായ വിമര്‍ശനമായി മാറി.
മട്ടന്നൂരിനു പകരം ശൈലജയെ പേരാവൂരില്‍ മത്സരിപ്പിച്ച് ആ സീറ്റ് പിടിച്ചെടുക്കുകയായിരുന്നു വേണ്ടതെന്ന അഭിപ്രായം കഴിഞ്ഞ ദിവസം വീണ്ടും ജില്ലാ കമ്മിറ്റിയിലുയര്‍ന്നു. മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തിയതിലും പാര്‍ട്ടിയില്‍ ജൂനിയറായ മുന്‍ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എം. വിജിനെ പാര്‍ട്ടിക്കോട്ടയായ കല്യാശേരിയില്‍ മത്സരിപ്പിക്കുന്നതിലും ജില്ലയിലെ പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. കണ്ണൂര്‍ കരുത്തായി അവതരിപ്പിക്കപ്പെടന്ന ജയരാജന്മാരില് ആരുമില്ലാതെ മൂന്നരപ്പതിറ്റാണ്ടിന് ശേഷം കണ്ണൂരില്‍ ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പോടെ പാര്‍ട്ടിയിലെ കണ്ണൂര്‍ മേധാവിത്വത്തിന് മുഖ്യമന്ത്രി തടയിടുകയാണോ അതോ മൂന്നു ജയരാജന്മാരെയും പാര്‍ട്ടിയുടെ നേതൃനിരയില്‍ സജീവമാക്കി മേധാവിത്വം ശക്തമാക്കാനാണോ നീക്കമെന്ന് കണ്ടറിയേണ്ടതാണ്.
രണ്ടു തവണ വിജയിച്ചവരെ മാറ്റിനിര്‍ത്താനുള്ള തീരുമാനം ഇ.പി. ജയരാജനും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന നിലപാട് പി. ജയരാജനും തിരിച്ചടിയായി. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ എം.വി. ജയരാജന് സ്വയം പിന്മാറുകയായിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് അദ്ദേഹം. കൃഷ്ണകുമാറിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. താരത്തിന്റെ മകള്‍ അഹാന കൃഷ്ണകുമാറും സിനിമയില്‍ തിരക്കുള്ള നായികയാണ്. തന്റെ ബിജെപി ആഭിമുഖ്യം വെളിപ്പെടുത്തിയും കൃഷ്ണ കുമാര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
ഇപ്പോള്‍ മകള്‍ക്ക് നഷ്ടപ്പെട്ട സിനിമ അവസരത്തെ കുറിച്ച് തുറന്ന് പറയുകയാണ് കൃഷ്ണകുമാര്‍. ബിജെപിക്കാരന്റെ മകളായതിനാല്‍ അഹാനയെ പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ് അദ്ദേഹം പറയുന്നത്. ഇക്കാരണത്താല്‍ മകള്‍ക്ക് സിനിമയില്‍ അവസരം നഷ്ടപ്പെട്ടതില്‍ ദുഖമില്ല എന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ഇത്തരത്തില്‍ രണ്ട് സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട് , അതില്‍ ഒരു സിനിമയിലെ കാര്യം വലിയ ചര്‍ച്ചയൊക്കെ ആയതാണെന്നും ആ ചര്‍ച്ചയില്‍ ഒരു വ്യക്തി പറഞ്ഞത് ബിജെപികാരനും അവന്റെ മക്കളും സിനിമയില്‍ കാണില്ല എന്നാണെന്നും തമാശരൂപത്തില്‍ ചിരിച്ചു കൊണ്ട് കൃഷ്ണകുമാര്‍ പറഞ്ഞു. ഈ പറഞ്ഞ വ്യക്തിയോട് തനിക്ക് ഒരു ദേഷ്യവുമില്ലെന്നും അദ്ദേഹം പറയുന്നു,.
മകളെ ഒഴിവാക്കിയത് നടന് പൃഥ്വിരാജിന്റെ സിനിമയില്‍ നിന്നാണെന്നു കൃഷ്ണകുമാര്‍ തുറന്നുപറയുന്നു. പൃഥ്വിരാജ് ഈ വിവരം അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് പൃഥ്വിരാജ് നേരിട്ട് മകളെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. മകള്‍ അഹാനയെ സിനിമയില്‍ നിന്ന് മാറ്റി എന്ന് വിളിച്ചു പറഞ്ഞത് തന്നോടാണെന്നും അതിനോട് വളരെ സാധാരണമായിത്തന്നെയാണ് പ്രതികരിച്ചതെന്നും അവരോട് നന്ദി പറഞ്ഞെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
അമിത് ഷാ പറഞ്ഞ ദുരൂഹമരണം തൻറെ സഹോദരൻറേതെങ്കിൽ അന്വേഷിക്കട്ടെയെന്ന് കാരാട്ട് റസാഖ് എം.എൽ.എ.
മരണത്തിൽ ദുരൂഹതയുണ്ടെങ്കിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾക്ക് അമിത് നിർദേശം നൽകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സഹോദരന്റെ മരണത്തെക്കുറിച്ച് കുടുംബത്തിന് സംശയങ്ങളില്ല. രണ്ടു വർഷം മുൻപാണ് സഹോദരൻ മരിച്ചത്. ഇപ്പോൾ പറയുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചാണ്.
അമിത് ഷായുടെ കൈയിൽ തെളിവുകളുണ്ടെങ്കിൽ അത് വെളിപ്പെടുത്തട്ടെ. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരാളാണല്ലോ അങ്ങനെ പറഞ്ഞതെന്നും കാരാട്ട് റസാഖ് പറഞ്ഞു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഒരു ദുരൂഹമരണത്തെക്കുറിച്ച് അന്വേഷണം നടത്തിയോ എന്ന അമിത് ഷായുടെ ചോദ്യമാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.
ഇതിനിടെ, അമിത് ഷാ പരാമർശിച്ച ദുരൂഹമരണം കൊടുവള്ളി എം.എൽ.എ. കാരാട്ട് റസാഖിന്റെ സഹോദരന്റെ അപകടമരണമാണെന്ന് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരണമുണ്ടായി. ഇതിന് മറുപടിയുമായാണ് എം.എൽ.എ രംഗത്തെത്തിയത്.
സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സംശയാസ്പദമായ മരണം നടന്നു എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണത്തെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് കെ സുരേന്ദ്രൻ. പറഞ്ഞത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. അദ്ദേഹം തന്നെ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഇതോടൊപ്പം, അമിത് ഷായുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ‘ആദ്യം പിണറായി വിജയൻ ചോദ്യങ്ങൾക്കുള്ള മറുപടി പറയട്ടെ. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കുമല്ലോ സംസാരിക്കുന്നത്. അതുകൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത്. അതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അദ്ദേഹം തന്നെ വെളിപ്പെടുത്തും’, സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ഞായറാഴ്ച സമാപിച്ച വിജയയാത്രയ്ക്കിടെയാണ് അമിത് ഷാ ദുരൂഹമരണ പരാമർശം നടത്തിയത്. കെ സുരേന്ദ്രന്റെ വിജയയാത്ര സമാപന വേദിയിൽവെച്ച് ഡോളർസ്വർണ്ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടായി അമിത് ഷാ എട്ട് ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. ‘ഇതുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ഒരു മരണത്തെ കുറിച്ച് അന്വേഷണം നടത്തിയോ’ എന്നായിരുന്നു അമിത് ഷായുടെ ചോദ്യം.