നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നൂറിലധികം സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി ബിജെപി. പാര്‍ട്ടിയിലെ പ്രമുഖര്‍ക്ക് ഒപ്പം ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായി അടുപ്പമുള്ളവരെ കൂടി സ്ഥാനാര്‍ത്ഥികളാക്കാനാണ് ബിജെപിയുടെ ശ്രമം. ഘടകക്ഷികളുമായുള്ള ബിജെപിയുടെ ഉഭയകക്ഷി ചര്‍ച്ച നാളെ തിരുവനന്തപുരത്ത് നടക്കും.
അതേസമയം, ബിഡിജെഎസിന്റെ സീറ്റുകളില്‍ ഇത്തവണ കുറവുണ്ടാവും. എന്നാല്‍ 37 സീറ്റുകള്‍ വേണമെന്ന നിലപാടിലാണ് ബിഡിജെഎസ്. ബിഡിജെഎസ് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ കാര്യമായി കുറവിന് സാധ്യതയുണ്ട്. എന്നാല്‍ പിളര്‍പ്പോടെ പഴയ ശക്തി ബിഡിജെഎസിനില്ല. അതിനാല്‍ അഞ്ചിലധികം സീറ്റുകള്‍ ഏറ്റെടുക്കാനാണ് ബിജെപിയിലെ ആലോചന.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കഴിഞ്ഞ തവണ 98 സീറ്റില്‍ മത്സരിച്ച ബിജെപി ഇത്തവണ തങ്ങള്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുമെന്ന് ഘടകകക്ഷികളോട് വ്യക്തമാക്കിയിട്ടുണ്ട്. പിസി തോമസിന്റെ കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റും കാമരാജ് കോണ്‍ഗ്രസിന് രണ്ട് സീറ്റും വരെ ബിജെപി നല്‍കിയേക്കും.
ക്രൈസ്തവ വിഭാഗങ്ങളുമായി പലവട്ടം ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. അത്തരം മണ്ഡലങ്ങളില്‍ അവരുടെ കൂടി പിന്തുണ ഉറപ്പാക്കാനാകുന്ന സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയുമോയെന്നും ബിജെപി നേതൃത്വം പരിശോധിക്കുന്നു.
പ്രമുഖ നേതാക്കളോടെല്ലാം മത്സര രംഗത്തേക്ക് ഇറങ്ങാന്‍ ബിജെപി ദേശീയ നേതൃത്വം നിര്‍ദേശം നല്കി. രണ്ട് ദിവസത്തിനകം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപമാകും. ദേശീയ നേതൃത്വം രണ്ടോ മൂന്നോ ഘട്ടമായിട്ടാവും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക.
ടെലിവിഷൻ ഷോ ആങ്കറിംഗ് , മോഡലിംഗ് എന്നീ രംഗങങളിൽ നിന്നാണ് അഞ്ജലി നായർ സിനിമയിലേക്കെത്തുന്നത്. 2010 ൽ നെല്ല് എന്ന തമിഴ് സിനിമയിൽ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത് . ദൃശ്യം 2വിലും ശ്രദ്ധേയവേഷത്തിൽ താരം എത്തി. ആ ചിത്രത്തിന്റെ ആദ്യ പകുതിയിൽ ഉടനീളം നിൽക്കുന്ന കഥാപാത്രമാണ് താരത്തിന് കിട്ടിയത്. 2015 ലെ മികച്ച സ്വഭാവനടിയ്ക്കുള്ള സംസ്ഥാനസർക്കാർ പുരസ്കാരം ബെൻ എന്ന സിനിമയിലെ അഭിനയത്തിലൂടെ അഞ്ജലിക്ക് ലഭിച്ചു.
തമിഴ്നാട്ടിൽ ജനിച്ചു വളർന്ന മലയാളം സംവിധായകനായ അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ഭർത്താവ്. 2011 ലായിരുന്നു ഇരുവരുടെ വിവാഹം. 2013 ജൂണിൽ പുറത്തിറങ്ങിയ 5 സുന്ദരികൾ എന്ന മലയാള ലഘുചിത്ര സമാഹാരത്തിൽ അഞ്ജലിയുടെ മകൾ ആവണി അഭിനയിച്ചിട്ടുണ്ട്. അനീഷും അഞ്ജലിയും വിവാഹമോചിതരാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി താരം ഭർത്താവായ അനീഷ് ഉപാസനമായി വേർപിരിഞ്ഞാണ് കഴിയുന്നത്.
അഞ്ജലിയെ വിവാഹം കഴിക്കുന്നതിന് മുൻപ് തന്നെ മറ്റൊരു വിവാഹബന്ധം വേർപെടുത്തി നിൽക്കുകയായിരുന്നു അനീഷ്. ബന്ധം വേർപെടുത്തുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ അവയൊക്കെ എൻറെ വ്യക്തിപരമായ കാര്യങ്ങളാണെന്നും അത് മറ്റുള്ളവർക്ക് മുൻപിൽ ചർച്ചചെയ്യാനും സോഷ്യൽ മീഡിയയിൽ വാർത്തകൾ സൃഷ്ടിക്കാനും താൻ ആഗ്രഹിക്കുന്നില്ല ഇല്ലെന്നാണ് അഞ്ജലി വെളിപ്പെടുത്തിയത്.
മകളായ ആവണി അഞ്ജലിയോടൊപ്പം ആണ് ഇപ്പോൾ താമസിക്കുന്നത്. ഏറ്റവും വലിയ കൗതുകകരമായ കാര്യം ദൃശ്യം രണ്ടിൽ ജോർജുകുട്ടിയെ രക്ഷിക്കാനെത്തിയ വക്കീൽ തന്നെയാണ് ഇപ്പോൾ അഞ്ജലിക്ക് ജീവിതത്തിൽ വിവാഹമോചനം നേടി കൊടുക്കുന്നതിൽ അഭിഭാഷകയായി നിൽക്കുന്നത് എന്നുള്ളതാണ്.
വ്യത്യസ്ത ശൈലിയിലൂടെ മലയാളി പ്രേക്ഷകരിൽ ചിരിയും നൊമ്പരവും നിറച്ച അതുല്യ കലാകാരനാണ് കുതിരവട്ടം പപ്പു. വിടപറഞ്ഞിട്ട് 21 വര്‍ഷം പിന്നിട്ടിട്ടും കോഴിക്കോട് സ്വദേശിയായ പനങ്ങാട്ട് പത്മദളാക്ഷനെ ആരും മറന്നിട്ടില്ല. മണിച്ചിത്രത്താഴ്, വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, തേന്മാവിൻ കൊമ്പത്ത് എന്നീ ചിത്രങ്ങളിലൂടെ അവിസ്മരണീയമായ ഡയലോഗുകൾ പപ്പു മലയാളികൾക്ക് സമ്മാനിച്ചു. അദ്ദേഹത്തിന്റെ ഇരുപത്തിയൊന്നാം ചരമ വാർഷിക ദിനത്തിൽ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മകനും നടനുമായ ബിനു പപ്പു.
‘ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു ഡാഡി. നിങ്ങൾ ഇവിടെയെന്നതുപോലെ സ്വർഗത്തിലും തിളങ്ങട്ടെ. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ നിങ്ങളെ വളരെയധികം മിസ് ചെയ്യുന്നു.നിങ്ങൾ എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു..’- ബിനു പപ്പുവിന്റെ വാക്കുകൾ.
1936 ൽ കോഴിക്കോടിനടുത്തുള്ള ഫറോക്കിൽ ജനിച്ച പപ്പു നാടകകമ്പം കാരണം പതിനേഴാം വയസിൽ അഭിനയലോകത്തേക്ക് എത്തിയതാണ്. മൂടുപടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്, ഭാർഗ്ഗവീനിലയം എന്ന ചിത്രമാണ്. ആ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്നു കുതിരവട്ടം പപ്പു. പിന്നീടുള്ള ചിത്രങ്ങളും അദ്ദേഹം ആ പേരിൽ സ്വീകരിച്ചു. 1500 ലധികം ചിത്രങ്ങളിൽ വേഷമിട്ട പപ്പു, ഏറ്റവുമൊടുവിൽ അഭിനയിച്ചത് നരസിംഹത്തിലാണ്.
കോഴിക്കോട് എയര്‍ ഇന്ത്യ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ ടി.വി.രാജേഷ് എം.എല്‍.എയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസും റിമാന്‍ഡില്‍. ഹൈക്കോടതി നിര്‍ദേശപ്രകാരം കോഴിക്കോട് കോടതിയില്‍ ഹാജരായതിന് പിന്നാലെയാണ് ഉത്തരവ്. ഇരുവര്‍ക്കുമൊപ്പം കര്‍ഷകസംഘം നേതാവ് കെ.കെ.ദിനേശനും റിമാന്‍ഡിലായി.
2009 ഡിസംബറിലാണ് വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എയര്‍ ഇന്ത്യ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ടി.വി.രാജേഷ്, ജോയിന്റ് സെക്രട്ടറി പി.എ.മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറി കെ.കെ.ദിനേശന് എന്നിവരുള്‍പ്പെടെ ഇരുപതിലധികമാളുകളുടെ പേരില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് നടക്കാവ് പൊലീസ് കേസെടുത്തു.
ആദ്യഘട്ടത്തില്‍ ജാമ്യം നേടിയ മൂവരും പിന്നീട് പലപ്പോഴായി കോടതിയില്‍ ഹാജരായില്ല. കോടതി പലതവണ വാറണ്ട് പുറപ്പെടുവിച്ചു. ജാമ്യം റദ്ദായതിനെത്തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു. കോഴിക്കോട് കോടതിയില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. വിചാരണ കോടതിക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പിന്നാലെ കോടതിയില്‍ ഹാജരായ മൂന്നുപേരെയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ജാമ്യം നേടിയ മറ്റുള്ളവര്‍ പലപ്പോഴായി വിചാരണയ്ക്ക് ഹാജരായിട്ടുണ്ട്. ഡി.വൈ.എഫ്.ഐ ജില്ലാ നേതാക്കളുള്‍പ്പെടെ അഞ്ചാളുകള്‍ ഇനിയും പിടിയിലാകാനുണ്ട്. എ.പ്രദീപ്കുമാര്‍ എം.എല്‍.എ ഉള്‍പ്പെടെ സി.പി.എം നേതാക്കള്‍ കോടതിയിലെത്തിയിരുന്നു. റിമാന്‍ഡിലായ മൂവരെയും ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ജാമ്യാപേക്ഷ അടുത്തദിവസം കോഴിക്കോട് കോടതി പരിഗണിക്കും.
കൊച്ചി∙ കളമശേരി പൊലീസ് സ്റ്റേഷനിൽ ടീ വൈൻഡിങ് മെഷീൻ ഉൾപ്പടെ സ്ഥാപിച്ച് അഭിനന്ദനങ്ങൾ കൂമ്പാരമായെത്തിയതിനു പിന്നാലെ അതിനു പിന്നിൽ പ്രവർത്തിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പി.എസ്. രഘുവിന് സസ്പെൻഷൻ. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെയുടേതാണ് നടപടി. പരിപാടിയെക്കുറിച്ച് മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ മാധ്യമങ്ങൾക്ക് അഭിമുഖം കൊടുത്തു എന്ന പേരിലാണ് നടപടി. അതേസമയം, ഉദ്ഘാടന ചടങ്ങിൽ ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്റെ ദേഷ്യം തീർക്കലാണ് നടപടിക്കു പിന്നിലെന്നാണ് പൊലീസുകാർക്കിടയിലെ സംസാരം. സംഭവത്തിൽ ജില്ലാ സ്പെഷൽ ബ്രാഞ്ച് മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയിരുന്നു.
സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസ് സ്റ്റേഷൻ കൂടുതൽ ജനസൗഹൃദമാക്കാൻ സ്റ്റേഷനിൽ എത്തുന്നവർക്ക് ചായയും ബിസ്കറ്റും തണുത്ത വെള്ളവും നൽകുന്ന പദ്ധതി നടപ്പാക്കിയതിന് ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നുൾപ്പെടെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. തൊട്ടു പിന്നാലെ ഉച്ചയോടെയെത്തിയ സസ്പെൻഷൻ ഓർഡർ പൊലീസുകാരെ ഞെട്ടിച്ചിട്ടുണ്ട്. സ്വന്തം പോക്കറ്റിൽനിന്നും സഹപ്രവർത്തകരിൽനിന്നും പണം കണ്ടെത്തിയായിരുന്നു രഘു പദ്ധതി നടപ്പാക്കിയത്. മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തിരുന്നതായാണു വിവരം. പൊലീസ് പൊതുജനങ്ങളുമായി സൗഹൃദത്തിലാകണമെന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദേശം പാലിക്കുക കൂടിയാണ് ചെയ്തിരിക്കുന്നതായിരുന്നു ഇക്കാര്യത്തിൽ പൊലീസ് നിലപാട്.
നേരത്തേ കോവിഡ് ഭീതി രൂക്ഷമായിരിക്കെ തെരുവിൽ ഭക്ഷണമില്ലാതെ കഴിയുന്നവർക്കും തെരുവു നായകൾക്കും ഭക്ഷണം നൽകി കളമശേരി പൊലീസ് സ്റ്റേഷൻ മാതൃകയായിരുന്നു. ഹോട്ടലുകൾ ഇല്ലാതിരുന്നതിനാൽ നിരവധിപ്പേർക്കും മിണ്ടാപ്രാണികൾക്കും പദ്ധതി ഏറെ സഹായകമായിരുന്നു. ഈ സമയത്തു തന്നെ നെടുമ്പാശേരി വിമാനത്താവള പരിസരത്തു വച്ച് പഴ്സ് നഷ്ടപ്പെട്ട ഫ്രഞ്ച് വനിതയെ സഹായിച്ച സംഭവത്തിൽ രഘുവിന് അന്ന് കൊച്ചി ഐജിയായിരുന്ന വിജയ് സാഖറെ കാഷ് അവാർഡും പ്രശസ്തി പത്രവും നൽകിയിരുന്നു. കോവിഡ് ഉണ്ടെന്നു ഭയന്ന് ആളുകൾ അകറ്റി നിർത്തുക കൂടി ചെയ്ത ഇവർക്ക് ഭക്ഷണം വാങ്ങി നൽകുകയും വിവരം ഫ്രഞ്ച് എംബസിയെ അറിയിച്ച് സഹായമെത്തിക്കുകയുമായിരുന്നു. ഇവർ കയറിയ ഓട്ടോ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് കണ്ടെത്തി പഴ്സ് കണ്ടെത്തുകയും അത് ഇവർക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.
ജനുവരി ആദ്യ ആഴ്ചയിൽ ഡിസിപി ഐശ്വര്യ ഡോങ്റെ ചുമതലയേറ്റതിനു പിന്നാലെ എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ മഫ്തിയിൽ എത്തിയപ്പോൾ പാറാവുനിന്ന ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താൽ വിശദീകരണം ചോദിച്ചതും തുടർന്ന് ശിക്ഷാനടപടി സ്വീകരിച്ചതും വിവാദമായിരുന്നു. പാറാവു നിന്ന ഉദ്യോഗസ്ഥ ശ്രദ്ധാലുവായിരുന്നില്ല എന്നായിരുന്നു അന്ന് ശിക്ഷാ നടപടി സ്വീകരിച്ചതിനെ ന്യായീകരിച്ച് ഐശ്വര്യ ഡോങ്റെ ഐപിഎസ് പറഞ്ഞത്. ഒരു തവണ പോലും നേരിൽ കണ്ടിട്ടില്ലാത്ത ഓഫിസർ യൂണിഫോമിലല്ലാതെ സ്റ്റേഷനിൽ എത്തിയപ്പോൾ ഈ കോവിഡ് കാലത്ത് തടഞ്ഞതിന് അഭിനന്ദിക്കേണ്ടതിനു പകരം ശിക്ഷാ നടപടി സ്വീകരിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പൊലീസുകാർക്കിടയിലും ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായതോടെ കമ്മിഷണർ ഇവരെ താക്കീതു നൽകുന്ന സാഹചര്യവുമുണ്ടായി.
കോണ്‍ഗ്രസില്‍ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെ മൂവാറ്റുപുഴ ചങ്ങനാശേരി സീറ്റുകള്‍ തമ്മില്‍ വെച്ചുമാറ്റം. ചങ്ങനാശേരി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് പകരം മൂവാറ്റുപുഴ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു നല്‍കാനാണ് തീരുമാനം. ഇതോടെ, മൂവാറ്റുപുഴയില്‍ കഴിഞ്ഞ തവണ എല്‍ദോ ഏബ്രാഹാമിനോടു തോറ്റ ജോസഫ് വാഴയ്ക്കന് ചങ്ങനാശേരിയില്‍നിന്ന് വോട്ടുതേടും. അതേസമയം, 12 സീറ്റുകള്‍ വേണമെന്ന ജോസഫ് വിഭാഗത്തിന്റെ ആവശ്യം ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതൃത്വം തള്ളി. കോട്ടയത്ത് ജോസഫ് വിഭാഗത്തിന് കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്നുമാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.
ചങ്ങനാശേരി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് പകരം മൂവാറ്റുപുഴ ജോസഫ് വിഭാഗത്തിനുള്ള നല്‍കാനുള്ള തീരുമാനം ഐ ഗ്രൂപ്പിന്റെ നിര്‍ണായക നീക്കമായാണ് വിലയിരുത്തുന്നത്. മൂവാറ്റുപുഴയില്‍ കഴിഞ്ഞ തവണ എല്‍ദോ ഏബ്രാഹാമിനോട് പരാജയപ്പെട്ട ജോസഫ് വാഴയ്ക്കന് ഇക്കുറിയും അവിടെ മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന ഐഐസിസിയുടെ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. വാഴയ്ക്കന് ചങ്ങനാശേരിയില്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസിന് ജയസാധ്യതയുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ രമേശ് ചെന്നിത്തല നേരിട്ടിറങ്ങിയാണ് തന്റെ വിശ്വസ്തനായ വാഴയ്ക്കനുവേണ്ടി വാദിക്കുന്നതെന്നുമാണ് ഇതുമായി ബന്ധപ്പെട്ടവര്‍ നല്കുന്ന വിവരം.
അതിനിടെ, കോതമംഗലം, മൂവാറ്റുപുഴ, ഇടുക്കി, തൊടുപുഴ സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിനും യൂത്ത് കോണ്‍ഗ്രസിനുമുള്ള എതിര്‍പ്പ് പരസ്യമായിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍, മൂവാറ്റുപുഴയില്‍ പന്തീരായിരത്തിലധികം വോട്ടിന്റെ മേല്‍ക്കൈ യുഡിഎഫിനുണ്ടായിരുന്നു. കോണ്‍ഗ്രസ് വലിയ നേട്ടമുണ്ടാക്കിയ മണ്ഡലം കൂടിയാണ് മൂവാറ്റുപുഴ. കൂടാതെ, എല്‍ദോ ഏബ്രഹാമിന്റെ മോശം പ്രതിച്ഛായയും യുഡിഎഫിനു നേട്ടമാകുമെന്നാണ് ഇവരുടെ കണക്കുക്കൂട്ടല്‍. കോണ്‍ഗ്രസില്‍നിന്ന് മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്തിയാല്‍ വിജയിക്കാമെന്നിരിക്കെ മൂവാറ്റുപുഴ ജോസഫ് വിഭാഗത്തിന് നല്കുന്നതിനെയാണ് പ്രാദേശിക നേതൃത്വം എതിര്‍ക്കുന്നത്.
ഉഭയകക്ഷി ചര്‍ച്ചയില്‍ ജോസഫ് വിഭാഗം 12 സീറ്റുകള്‍ ചോദിച്ചെങ്കിലും ഒമ്പത് സീറ്റില്‍ ഒതുക്കാനാണ് കോണ്‍ഗ്രസ് ശ്രമം. എന്നാല്‍ ജോസഫ് വിഭാഗം വഴങ്ങുന്നില്ല. മൂവാറ്റുപുഴ ഏറ്റെടുത്ത് ചങ്ങനാശ്ശേരി വിട്ടു കൊടുക്കാന്‍ ജോസഫ് പക്ഷം തത്വത്തില്‍ ധാരണയായിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും വേണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, കോട്ടയത്ത് കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
ആര്‍എസ്പിക്ക് അഞ്ച് സീറ്റുകളാണ് ലഭിക്കുന്നത്. മുന്‍ മന്ത്രിമാരായ ഷിബുബേബി ജോണ്‍ ചവറയിലും ബാബു ദിവാകരന് ഇരവിപുരത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികളാകും. കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍ തന്നെയാവും മത്സരിക്കുക. ആറ്റിങ്ങല്‍, കയ്പമംഗലം സീറ്റുകളില്‍ ആരെ മത്സരിപ്പിക്കണമെന്ന് പിന്നീട് തീരുമാനിക്കും. കയ്പമംഗലത്തിന് പകരം കുണ്ടറ ചോദിച്ചെങ്കിലും സീറ്റ് വെച്ചുമാറാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. കുന്ദംകുളം കോണ്‍ഗ്രസ് ഏറ്റെടുത്ത് പകരം സിഎംപിക്ക് നെന്മാറ കൊടുക്കാനും നീക്കമുണ്ട്. മുതിര്‍ന്ന നേതാവായ സിപി ജോണിന് സുരക്ഷിതമണ്ഡലം എന്ന നിലക്ക് തിരുവമ്പാടി ലീഗ് അക്കൗണ്ടില്‍ കൊടുക്കാന്‍ നീക്കമുണ്ടായെങ്കിലും തീരുമാനമായില്ല.
പുതിയ പാര്‍ട്ടിയുമായി യുഡിഎഫിലേക്ക് എത്തിയ മാണി സി കാപ്പന് മൂന്ന് സീറ്റുകളാണ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം അടുത്ത യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കാമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. അഭിപ്രായ ഭിന്നതകളെല്ലാം പരിഹരിച്ച് സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ ബുധനാഴ്ചത്തെ മുന്നണി യോഗത്തോടെ അവസാനിപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുക്കൂട്ടല്‍.
നിയമസഭ തിരഞ്ഞെടുപ്പ് ആഗതമായ സാഹചര്യത്തിൽ സിപിഎമ്മിൽ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നു. കൊല്ലത്ത് സിപിഎം സാധ്യതാ പട്ടികയായി. എംഎൽഎമാരായ എം.മുകേഷ്, എം.നൗഷാദ് എന്നിവർ വീണ്ടും ജനവിധി തേടും.
കഴിഞ്ഞ തവണ കൊല്ലത്ത് നാല് സീറ്റിലാണ് സിപിഎം മത്സരിച്ചത്. എന്നാൽ ഇത്തവണ ചവറ ഉൾപ്പെടെ അഞ്ച് സീറ്റിൽ മത്സരിക്കാനാണ് തീരുമാനം. അന്തരിച്ച എംഎൽഎ വിജയൻ പിള്ളയുടെ മകൻ സുജിത് വിജയനെ ചവറയിൽ മത്സരിപ്പിക്കും. പാർട്ടി ചിഹ്നത്തിലാണോ അതോ ഇടത് സ്വതന്ത്രനായാണോ മത്സരിക്കുകയെന്നതിൽ സിപിഎം തീരുമാനമെടുക്കും.
കഴിഞ്ഞ തവണ സിഎംപി അരവിന്ദാക്ഷൻ വിഭാഗത്തിൽ ചവറ വിജയൻപിള്ളയാണ് മത്സരിച്ചത്. എന്നാൽ സിഎംപി അരവിന്ദാക്ഷൻ വിഭാഗം പൂർണമായും സിപിഎമ്മിൽ ലയിച്ചതിന് പിന്നാലെയാണ് അഞ്ച് സീറ്റിലും സിപിഎം മത്സരിക്കുന്നത്.
അതേസമയം, മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് ഒരവസരം കൂടി നൽകണമെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. മേഴ്സിക്കുട്ടിയമ്മ മത്സരിക്കുന്നില്ലെങ്കിൽ എസ്.എൽ.സജികുമാറിനെയോ ചിന്താ ജെറോമിനേയോ മത്സരിപ്പിക്കണം. കൊട്ടാരക്കരയിൽ കെ.എൻ.ബാലഗോപാലിനെ മൽസരിപ്പിക്കണമെന്നാണ് ആവശ്യം. എംഎൽഎ ഐഷ പോറ്റിയുടെ പേരും പരിഗണനയിലുണ്ട്. മൂന്നു ടേം എന്ന നിബന്ധനയിൽ ഇളവുണ്ടായാൽ അയിഷ പോറ്റിയും മേഴ്സിക്കുട്ടിയമ്മയും ഇത്തവണയും സ്ഥാനാർത്ഥിയാകും.
എന്നാൽ കുന്നത്തൂർ സിപിഎം ഏറ്റെടുക്കില്ലെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. ആർഎസ്പി ലെനിനിസ്റ്റ് പാർട്ടി അംഗമായ കോവൂർ കുഞ്ഞുമോനെ തന്നെ കുന്നത്തൂരിൽ പിന്തുണയ്ക്കും. ആർഎസ്പി ലെനിനിസ്റ്റ് പാർട്ടി അദ്ദേഹത്തെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടത് സ്വതന്ത്രനായാകും അദ്ദേഹം മത്സരിക്കുകയെന്നാണ് സൂചന.
സംവിധായകനും നടനുമായ ലാലും, മകന് ജീന്‍ പോള്‍ ലാലും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ‘Tസുനാമി’. മാര്‍ച്ച് പതിനൊന്നിനു റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ പിറവിയെക്കുറിച്ച് അഭിമുഖത്തില്‍ പങ്കു വെച്ചിരിക്കുകയാണ് ലാല്‍. ഇന്നസെന്റ് പറഞ്ഞ ഒരു തമാശ കഥയില്‍ നിന്നാണ് ഈ സിനിമ സംഭവിച്ചതെന്നാണ് ലാലിന്റെ വെളിപ്പെടുത്തല്‍.
ലാലിന്റെ വാക്കുകൾ
ഗോഡ്ഫാദറിന്റെ ചിത്രീകരണ സമയത്ത് ഇന്നസെന്റ് ചേട്ടന് പറഞ്ഞ ഒരു തമാശയില്‍ നിന്നാണ് സിനിമയുടെ പിറവി. സ്വന്തം അനുഭവം എന്ന നിലയിലാണ് അദ്ദേഹം ഇത് അവതരിപ്പിച്ചത്. അന്നീ കഥ കേട്ടവരെല്ലാം ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. പിന്നീട് വീട്ടില്‍ പറഞ്ഞപ്പോഴും കൂട്ടച്ചിരി. മരുമകനും നിര്‍മ്മാതാവുമായ അലനാണ് ‘പപ്പാ ഇതുവച്ചൊരു സിനിമ ചെയ്തൂടെ’ എന്ന് ചോദിക്കുന്നത്. ‘എഴുത് പപ്പാ’ എന്ന് പറഞ്ഞു പിന്നാലെ നടക്കാനും തുടങ്ങി. ആയിടയ്ക്ക് ഒരു തമിഴ് സിനിമയുടെ സെറ്റിലായിരുന്നപ്പോള്‍ ഒരുപാട് സമയം കിട്ടി. അങ്ങനെയാണ് എഴുതി തുടങ്ങിയത്. ഇന്നസെന്റിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും വലിയ സന്തോഷം. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഇന്നസെന്റ് വീണ്ടും വിളിച്ചു. പ്രിയദര്‍ശനും ഇതേ സംഭവം സിനിമയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നു പറഞ്ഞ കാര്യം പങ്കുവെച്ചു”.
കണ്ണൂർ പാനൂരിൽ വിദ്യാർത്ഥിയെ ഓട്ടോ ഡ്രൈവർ ക്രൂരമായി മർദ്ദിച്ചു. ഓട്ടോ ഡ്രൈവറായ ജിനീഷാണ് നടുറോട്ടിൽ വെച്ച് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചത്.
മുത്താറപ്പീടിക ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ജിനീഷാണ് കുട്ടിയെ തല്ലിയത്. ഇയാൾ വിദ്യാർത്ഥിയെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.
സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നതിനാണ് മർദ്ദനമെന്ന് വിദ്യാർത്ഥിയുടെ അച്ഛൻ പറയുന്നു. ഈ അതിക്രമത്തിനെതിരെ പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും പൊലീസ് ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്ന് വിദ്യാർത്ഥിയുടെ കുടുംബം ആരോപിക്കുന്നു.
ഇന്നലെ ഉച്ചയ്ക്ക് എസ്എസ്എൽസി മോഡൽ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകും വഴിയാണ് വിദ്യാർത്ഥിയെ ജിനീഷ് തല്ലിയത്.
ബിജെപി രാജ്യസഭാ എംപിയായ നടൻ സുരേഷ് ഗോപി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല. പ്രധാനപ്പെട്ട സ്ഥാനാർത്ഥികളുടെ പട്ടികയിൽ തന്നെ ഉൾപ്പെടുത്തി താരത്തിനെ മത്സരിപ്പിക്കാനായി പാർട്ടി ശ്രമങ്ങൾ തുടരുന്നതിനിടെയാണ് പുതിയ ട്വിസ്റ്റ്. മാർച്ച് അഞ്ചു തൊട്ട് സിനിമാ ഷൂട്ടിങ് തിരക്കിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി. അതിനാൽ തന്നെ താരത്തിന് പ്രചരണത്തിനും മറ്റും സമയമുണ്ടാകില്ലെന്നാണ് സൂചന.
എന്നാൽ തിരുവനന്തപുരം ജില്ലയിലെ പ്രധാനമണ്ഡലത്തിൽ തന്നെ സുരേഷ് ഗോപി മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം. ഇക്കാര്യത്തിൽ അദ്ദേഹത്തിനുമേൽ സമ്മർദ്ദവുണ്ടാകുമെന്നാണ് സൂചന. എന്നാൽ ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങിനായി താരം പുറപ്പെടാൻ ഒരുങ്ങുകയാണ് എന്നാണ് വിവരം. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. അങ്ങനെയെങ്കിൽ താരം മത്സരിക്കാനിടയില്ല.
കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ എന്നിവർ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന നേതാക്കൾ നൽകുന്ന സൂചന ഇരുവരും മത്സരരംഗത്തുണ്ടാകുമെന്നാണ്.അന്തിമ തീരുമാനം കേന്ദ്രതലത്തിൽ കൈക്കൊള്ളും.